Skip to content

രണ്ടാം ജന്മം – 6

randam janmam

എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യ ചിഹ്നമായി ഡേവിഡ് ഹിമയുടെ മനസ്സിനെ പിടിച്ചു കുലുക്കി..

ചിന്തകൾ കൊണ്ട് കുഴഞ്ഞു മറിഞ്ഞ മനസ്സുമായി ഹിമ സമയം തള്ളി നീക്കി..

ഉച്ചയോടു അടുത്ത് വീണ്ടും ഡേവിഡിന്റെ കോൾ എത്തി..

“”ഹലോ ഹിമ.. ഡോക്ടർ എന്നോട് എല്ലാം പറഞ്ഞു..

കാശിന്റെ കാര്യം ഓർത്തൊന്നും നിങ്ങൾ ആരും ടെൻഷൻ ആവണ്ട..

ഒരു രൂപ പോലും നിങ്ങൾക്ക് ചിലവ് വരില്ല..

പിന്നെ ചികിത്സക്കായി കുറച്ചു നാൾ ഇവിടെ ഹോസ്പിറ്റലിൽ നിക്കേണ്ടി വരും പിന്നീട് ഉള്ള ചികിത്സയും കാര്യങ്ങളുമൊക്കെ  വീട്ടിൽ വന്നു നടത്താനുള്ള ഏർപ്പാട് ഞാൻ ഉണ്ടാക്കിക്കോളാം….

ഇയാൾ അതോർത്തു ഒന്നും ടെൻഷൻ  ആവണ്ട..

നമുക്ക് ഹരിയെ പഴയത് പോലെ എഴുന്നേൽപ്പിച്ചു നടത്താമെന്നേ..

“”അല്ല സത്യത്തിൽ നിങ്ങൾക്ക് ഭ്രാന്തുണ്ടോ..

കല്യാണത്തിന് എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞിട്ടും പിന്നെ നിങ്ങൾ  എന്തിനാണ് ഞങ്ങളെ ഇങ്ങനെ സഹായിക്കുന്നത്..?

ഹിമ സംശയത്തോടെ  ചോദിച്ചു..

“”ഹഹഹ കുറച്ചു ഭ്രാന്ത് ഉണ്ടെന്ന് കൂട്ടിക്കോ..

വേറൊന്നും അല്ല തന്നോടുള്ള പ്രണയമെന്ന ഭ്രാന്ത് ..

“”പ്രണയം.. കോപ്പ്.. അത് നടക്കില്ല എന്ന് ഞാൻ തീർത്തു പറഞ്ഞതല്ലേ….

“””മ്മ്മം പറഞ്ഞിരുന്നു പക്ഷേ തന്റെ തീരുമാനം മാറുമെന്ന് എനിക്കിപ്പോഴും നല്ല പ്രതീക്ഷ ഉണ്ട്..

കാരണം എനിക്കെന്റെ പ്രണയത്തെ അത്രയേറെ വിശ്വാസമാണ് ..

പിന്നെ ഇപ്പോഴത്തെ തന്റെ അവസ്ഥ ഒക്കെ എനിക്ക് മനസ്സിലാവും..

ഞാൻ നായകനാണോ വില്ലാനാണോ എന്നൊരു കൺഫ്യൂഷനിൽ ആയിരിക്കും താൻ അല്ലേ..

എന്തായാലും ഒന്ന് പറയാം ഞാൻ പാതി നായകനും പാതി വില്ലനുമാണ്..

എന്നുകരുതി  താൻ പേടിക്കുകയൊന്നും വേണ്ട ഈ ഇഷ്ടത്തിന്റെ പേരും പറഞ്ഞു തന്നെ വേദനിപ്പിക്കാനൊന്നും ഞാൻ വരില്ല..

“”നിങ്ങൾ ഞാൻ പറയുന്നത് ഒന്ന് മനസ്സിലാക്ക്..

വെറുതെ എന്റെ പിന്നാലെ നടന്നു സമയം കളയണ്ട….

ഈ വിവാഹം നടക്കില്ല..

“”ആയിക്കോട്ടെ  മാഡം.. പക്ഷേ തന്റെ സ്നേഹത്തിന് വേണ്ടി കാത്തിരിക്കുന്നതിന് എനിക്ക് തന്റെ സമ്മതമൊന്നും വേണ്ടല്ലോ..

എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ഉറപ്പായും താൻ തന്നെ ആയിരിക്കും..

ഞാൻ വെറും വാക്ക് പറയാറില്ല..

ശെരി എന്നാൽ ബൈ..

എന്നും പറഞ്ഞവൻ കോൾ കട്ട്‌ ആക്കി പോയി..

ഇയാളെന്താ ഇങ്ങനെ എന്ന് തുടങ്ങി ഒരായിരം ചോദ്യങ്ങൾ പിന്നെയും അവളുടെ മനസ്സിൽ  ഉയർന്നു വന്നു..

ഇത്രയും കാശും സ്വത്തും ഉള്ളൊരാൾ ഒരു രണ്ടാം കെട്ടുകാരിയായ എന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞു വരുക

അതും എന്റെ ജാതകാദോഷം ഉൾപ്പെടെ എല്ലാം അറിഞ്ഞു വരുക എന്നൊക്ക പറഞ്ഞാൽ എന്തോ എന്റെ മനസ്സിന് അതൊന്നും ഉൾക്കൊള്ളാൻ ആവുന്നുണ്ടായിരുന്നില്ല..

ഇനി അയാൾക്ക് വല്ല കിറുക്കും ഉണ്ടാവുമോ..?

പണക്കാരല്ലേ ചിലപ്പോൾ ഇങ്ങനെയും ചില വട്ടുകൾ കാണും..

അവളുടെ മനസ്സ് പല ഉത്തരങ്ങൾ നെയ്തെടുത്തു കൊണ്ടിരുന്നു..

വൈകുന്നേരം ഏട്ടത്തി വന്നതും സകല കാര്യങ്ങളും ഏട്ടത്തിയോട് പറഞ്ഞതും ഒരുപാട് നാളുകൾക്ക് ശേഷം ആ മുഖത്തൊരു സന്തോഷം കണ്ടു..

ഏട്ടത്തി ആദ്യമായി എന്നെ സ്നേഹത്തോടെ നോക്കുന്നത് പോലെ തോന്നി..

“”ഡി പിന്നെ..ഡേവിഡ് ഇന്ന് എന്നെ വന്നു കണ്ട് സംസാരിച്ചിരുന്നു..

എന്റെ പൊന്നു മോളെ നീ ഈ വിവാഹത്തിന് സമ്മതിച്ചാൽ നമ്മുടെ കുടുംബം തന്നെ രക്ഷപെടും..

വന്ന് കേറിയ ഭാഗ്യത്തെ നീയായിട്ട് തട്ടി തെറുപ്പിക്കല്ലേ..

സ്നേഹത്തോടെ എന്റെ കവിളിൽ തലോടി കൊണ്ട് ഏട്ടത്തി പറഞ്ഞു..

എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല അയാളുടെ സ്വത്ത്‌ കണ്ടിട്ട് തന്നെയാണ് ഈ സ്നേഹ പ്രകടനം എന്നെനിക്ക് മനസ്സിലായി….

പക്ഷേ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..

ദിവസങ്ങൾ പിന്നെയും മുന്നോട്ട് പോയി..

ഡേവിഡ്  ഓരോരോ കാരണങ്ങൾ പറഞ്ഞു എന്നും മുടങ്ങാതെ  വിളിച്ചു കൊണ്ടിരുന്നു….

അതിനിടയിൽ ഡേവിഡ് അച്ഛനെയും അമ്മയെയും കൂട്ടി എന്നെ കാണാൻ വരുന്നുണ്ടെന്ന് വിളിച്ചു പറഞ്ഞു..

ഞാൻ ആ വിവരം ഏട്ടനെ അറിയിക്കാൻ ചെന്നു..

“”ഏട്ടാ ആ ഡേവിഡ് അച്ഛനെയും അമ്മയെയും കൂട്ടി നാളെ വരുന്നുണ്ടെന്നു പറഞ്ഞു..

ഞാൻ വേണ്ടാന്ന് പറഞ്ഞിട്ട് അയാൾ കേൾക്കുന്നില്ല..

ഞാനിനി എന്ത്‌ ചെയ്യണം ഏട്ടാ..

നിസ്സഹായതയോടെ ഹിമ ഹരിയോട് ചോദിച്ചു..

“”നീ പേടിക്കണ്ട മോളെ..അവർ വന്നൊന്ന്  കണ്ടിട്ട് പോട്ടെ ..

എന്തായാലും നിന്റെ സമ്മതം ഇല്ലാതെ ഇവിടെ ഒന്നും നടക്കാൻ പോണില്ല..

നീ ധൈര്യമായി ഇരിക്ക്..

ഏട്ടനല്ലേ പറയുന്നത്..

അവളെ ആശ്വസിപ്പിച്ചു കൊണ്ട് ഹരി പറഞ്ഞു.

പിറ്റേന്ന് നേരം പുലർന്നപ്പോൾ മുതൽ എന്റെ ഉള്ളിലൊരു ആധിയായിരുന്നു..

ഏട്ടത്തി ആണെങ്കിൽ സന്തോഷം കൊണ്ട് നിലത്തും താഴെയും ഒന്നുമല്ലായിരുന്നു..

അടുക്കളയിൽ എനിക്കൊപ്പം വന്നു ഭക്ഷണം ഉണ്ടാക്കുന്നതിലും പിന്നെ വീട് വൃത്തിയാക്കുന്നതിലും ഒക്കെ സഹായിച്ചു….

അതുകൊണ്ട് തന്നെ രാവിലെ തന്നെ ഏറെക്കുറെ പണികൾ ഒക്കെ വേഗം ഒതുക്കാനായി….

ഏകദേശം പതിനൊന്നു മണി കഴിഞ്ഞതും മുറ്റത്തൊരു കാർ വന്നു നിന്നു..

ഞാൻ ജനലഴികളിൽ കൂടി കർട്ടൻ മാറ്റി നോക്കി..

ഡ്രൈവർ സീറ്റിൽ നിന്നും ഡേവിഡ് ഇറങ്ങി….

നീല ഷർട്ടും വെള്ളമുണ്ടും ആയിരുന്നു ഡേവിഡിന്റെ വേഷം..

ചെറിയൊരു പുഞ്ചിരി അവന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു..

പുരിക കൊടി തെല്ലൊന്ന് ഉയർത്തി അവൻ ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി..

അപ്പോഴേക്കും ബാക്ക് സീറ്റിൽ നിന്നും മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും ഇറങ്ങി….

ഡേവിഡിന്റെ അച്ഛനും അമ്മയും..

അമ്മ സാരിയാണ് ഉടുത്തിരിക്കുന്നത്..

കഴുത്തിൽ കൊന്തയും വെന്തിങ്ങയും..

ഒപ്പം ഒരു കുഞ്ഞു സ്വർണ്ണ മാലയും അതിൽ ഇഴുകി ചേർന്നു കിടക്കുന്നു..

തുടുത്ത കവിളുകളിൽ പുഞ്ചിരി വിരിഞ്ഞു നിൽക്കുന്നു..

ആ അമ്മയെ കാണാൻ തന്നെ ഒരു ഐശ്വര്യം തോന്നും..

താടി ഷേവ് ചെയ്തു കട്ടി മീശ പിരിച്ചു വെച്ച് തനി അച്ചായൻ ലുക്കിൽ മുണ്ടും വെള്ള ജുബ്ബയും അണിഞ്ഞു  കുഞ്ഞി കുടവയറും മുഖത്ത് പ്രായത്തിന്റെ ചില ചുളുവുകളുമായി ആരോഗ്യ ദൃഡഗാത്രനായ ഒരാളായിരുന്നു കാഴ്ചയിൽ അച്ഛൻ..

അവരെ കണ്ടതും ഏട്ടത്തി ഓടി എന്റെ അടുത്തേക്ക് വന്നു..

“”ഡി പെണ്ണേ ദേ അവരൊക്കെ എത്തിയിട്ടുണ്ട്..

നീ വേഗം വൃത്തിക്കും മെനയ്ക്കും ഒക്കെ ഒന്നൊരുങ്ങി അങ്ങോട്ടേക്ക് വാ….

അവരൊക്കെ വലിയ ആളുകളാണ്..

അതുകൊണ്ട് തന്നെ നല്ലപോലെ ഒന്ന് ഒരുങ്ങിയേക്കണേ ..

എന്നും പറഞ്ഞു എന്റെ കീഴ്ത്താടിയിൽ പിടിച്ചു ചെറുതായി വലിച്ചു കൊണ്ട് ഏട്ടത്തി പോയി….

നടക്കുന്ന കാര്യങ്ങൾ ഒന്നും ഉൾക്കൊള്ളാൻ മനസ്സ് അനുവദിക്കാത്ത കൊണ്ടാവാം ഒരുങ്ങാൻ ഒന്നും ഞാൻ മെനകെട്ടില്ല….

വീട്ടിൽ ഇടുന്ന ചുരിദാറും അണിഞ്ഞു മുടിയൊക്കെ അഴിച്ചിട്ടു സാധാരണ പോലെ ഞാൻ അടുക്കളയിലേക്ക് ചെന്നു..

എന്നെ ആ കോലത്തിൽ കണ്ടതും ഏട്ടത്തിയുടെ മുഖം ആകെ വാടി..

ഉള്ളിൽ നല്ല ദേഷ്യം വന്നെങ്കിലും അവരുള്ളത് കൊണ്ടാവും ഏട്ടത്തി അത് പുറമെ പ്രകടിപ്പിച്ചില്ല..

എന്തായാലും എന്നെ ഒന്ന് തുറിച്ചു നോക്കിയിട്ട് എന്റെ കൈയിലേക്ക് ട്രേയില് അവർക്കുള്ള ചായ ഏട്ടത്തി എടുത്തു തന്നു….

ഞാൻ അതുമായി ഹാളിലേക്ക് ചെല്ലുമ്പോൾ അവർ ഹരിയേട്ടന്റെ റൂമിൽ നിന്നും ഇറങ്ങി ഹാളിലേക്ക് വന്നു ..

എന്നെ കണ്ടതും ഡേവിഡ് ചെറുതായൊന്നു പുഞ്ചിരിച്ചു..

അപ്പോഴേക്കും അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു സോഫയിൽ ഇരുന്നു..

ഞാൻ അവർക്കരികിലേക്ക് ചായയുമായി ചെന്നു കൊടുത്തു..

“”മോളെ ചെറുക്കനല്ലേ ആദ്യം കൊടുക്കേണ്ടത്..

ചെറു ചിരിയോടെ ആ അമ്മ പറഞ്ഞു..

“”അങ്ങനെ നിയമം ഒന്നുമില്ലമേ.. ആദ്യം കിട്ടിയാലും അവസാനം കിട്ടിയാലും ചായ ചായയല്ലാതെ ആവുമോ..?

ഡേവിഡ് ഇടക്ക് കേറി പറഞ്ഞു..

ഞാൻ മെല്ലെ നടന്നു ചെന്നു ഡേവിഡിന് നേരെ ചായ നീട്ടി..

കുസൃതി നിറഞ്ഞൊരു നോട്ടം എന്റെ നേർക്ക് പായിച്ചു ചെറു പുഞ്ചിരിയോടെ ഡേവിഡ് അത് വാങ്ങി..

എനിക്കുള്ളിൽ ദേഷ്യമാണ് തോന്നിയത്..

അപ്പോഴേക്കും ഡേവിഡിന്റെ അമ്മ എഴുന്നേറ്റു എന്റെ അരുകിലേക്ക് വന്നു..

“”മോളെ ഞങ്ങൾക്ക് ഇഷ്ടായി..

ഇവൻ മോളെ കുറിച്ച് പറഞ്ഞു കേട്ടപ്പോൾ മുതൽ നീ ഞങ്ങളുടെ മനസ്സിൽ കേറി പറ്റിയതാണ്….

ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ ഒരുപാട് ഇഷ്ടായി..

ജാതിയും മതവും സാമ്പത്തികവും ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ല..

ഇവന്റെ ഇഷ്ടമാണ് ഞങ്ങൾക്ക് വലുത്..

മോളെ ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം എന്നും പറഞ്ഞു ആ അമ്മ എന്റെ നെറുകയിലൂടെ തഴുകി….

ഞാൻ അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

“”ഹരിയുടെ കാര്യം ഓർത്തു നിങ്ങൾ ആരും ഇനി വിഷമിക്കണ്ട നാളെ തന്നെ നമുക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി ചികിത്സ തുടങ്ങാം..

അതിനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്തിട്ടുണ്ട്..

പിന്നെ നിങ്ങൾക്ക് അവിടെ ഒരു റൂം സ്പെഷ്യൽ ആയി ഒരുക്കിയിട്ട് ഉണ്ട് ചികിത്സ കഴിയും വരെ നിങ്ങൾക്കും അവിടെ കഴിയാം….

പരുക്കൻ ശബ്ദത്തോടെ അച്ഛൻ അത് പറയുമ്പോൾ ഞാനും ഏട്ടത്തിയും തലയാട്ടി….

“”ശെരി എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വേറെ കുറച്ചു തിരക്കുകൾ ഉണ്ട്..

അതിനിടയിൽ മോളെ ഒന്ന് വന്നു കണ്ടിട്ട് പോവാം എന്ന് കരുതി കേറിയതാണ് എന്നും പറഞ്ഞു അച്ഛൻ  എനിക്കൊരു ചിരി സമ്മാനിച്ചു കൊണ്ടു ആദ്യം ഇറങ്ങി..

“”ഡാ നിനക്കെന്തെങ്കിലും മോളോട് പറയാൻ ഉണ്ടെങ്കിൽ വേഗം പറഞ്ഞിട്ട് വാ എന്നും പറഞ്ഞു ചിരിച്ചു കൊണ്ടാണ്  പിന്നാലെ അമ്മ ഉമ്മറത്തേക്ക് പോയത് ….

അച്ഛന്റെയും അമ്മയുടെയും പിന്നാലെ ഏട്ടത്തിയും ഇറങ്ങി..

ഞാൻ ഡേവിഡിനെ തറപ്പിച്ചു ഒന്ന് നോക്കി..

ഡേവിഡ് മെല്ലെ എന്റെ അരുകിലേക്ക് വന്നു..

“”എന്താടോ മുഖത്തൊരു സന്തോഷം ഇല്ലാത്തത്..?

“”നിങ്ങളോട്  ഞാൻ എത്ര തവണ പറഞ്ഞു എനിക്ക് ഈ വിവാഹത്തിൽ താല്പര്യമില്ല എന്ന്..

പിന്നെ എന്തിനാണ് വെറുതെ ആ അച്ഛനെയും അമ്മയെയും വിഡ്ഢി വേഷം കെട്ടിച്ചു കൊണ്ട് ഇവിടേക്ക്  വന്നത്..

അത് വരെ ഉള്ളിൽ തോന്നിയ ദേഷ്യം മുഴുവനും ഹിമയുടെ മുഖത്ത് പ്രകടമായിരുന്നു..

“”ഡോ താൻ ഇന്നല്ലെങ്കിൽ നാളെ കല്യാണത്തിന് സമ്മതിക്കും എന്നൊരു ഓവർ കോൺഫിഡൻസ് എനിക്കുണ്ടെന്ന്  കൂട്ടിക്കോ..

“”അതൊക്കെ തന്റെ സ്വപ്നം മാത്രം..

തന്റെ അച്ഛനെയും അമ്മയെയും വെറുതെ നാണം കെടുത്തണ്ട എന്ന് കരുതിയാണ് ഞാൻ ഇപ്പോൾ ഇങ്ങനെ നിന്ന് തന്നത്..

അല്ലാതെ തന്നോട് ഇഷ്ടം തോന്നിയിട്ടല്ല..

വാക്കുകളിൽ ദേഷ്യം കലർത്തി ഹിമ അത് പറയുമ്പോൾ ഡേവിഡിന്റെ മുഖത്തൊരു ചിരിയായിരുന്നു മറുപടി..

“”അതേ അപ്പോൾ നാളെ ഹോസ്പിറ്റലിൽ വെച്ച് കാണാം ഇപ്പോൾ ഞാൻ പോവാ..

പിന്നെ എന്നോടുള്ള ദേഷ്യത്തിന് ഹരിയെയും കൊണ്ട് ഹോസ്പിറ്റലിൽ വരാതെ ഒന്നും ഇരിക്കരുത് കേട്ടോ..

എന്നും പറഞ്ഞു കൊണ്ട് ഡേവിഡ് ഉമ്മറത്തേക്ക് ഇറങ്ങി..

കുറച്ചു കഴിഞ്ഞതും വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോവുന്നു ശബ്ദം കേട്ടു..

പിന്നാലെ നൂറു വോൾട്ട് ബൾബിന്റെ പ്രകാശം പോലെ ചിരിച്ചു കൊണ്ട് ഏട്ടത്തി അകത്തേക്ക് വന്നു..

“”എന്റെ പൊന്നു മോളെ അവർക്ക് നിന്നെ ഇഷ്ടായടി..

നമ്മൾ രക്ഷപെട്ടു..

ഞാൻ ആകെ ടെൻഷൻ ആയി ഇരിക്കുവായിരുന്നു..

ഇനി എത്രയും പെട്ടെന്ന് ഈ കല്യാണം ഒന്ന് നടന്നാൽ മതിയായിരുന്നു….

“”അത് നടക്കില്ല ഏട്ടത്തി..

എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല..

“”നിനക്ക് ഭ്രാന്തുണ്ടോ..

എത്ര വലിയ ഭാഗ്യമാണ് നിന്നെ തേടി വന്നതെന്ന് നിനക്കറിയുമോ..?

“”എത്ര വലിയ ഭാഗ്യം ആണെങ്കിലും എനിക്ക് അത് വേണ്ട..

“”ഓ ഈ നാശം പിടിച്ചവൾ മനുഷ്യനെ രക്ഷപ്പെടാൻ സമ്മതിക്കില്ല..

സ്വപ്നത്തിൽ പോലും നടക്കാത്ത ഭാഗ്യം തേടി വന്നപ്പോൾ അവൾ തട്ടി കളയുന്നു..

അല്ലെങ്കിലും ഈ ശാപം പിടിച്ചവളെ  കൊണ്ട്  ഈ കുടുംബത്തിന് ഒരു ഗുണവും ഉണ്ടാവാൻ പോവുന്നില്ല….

കണ്ടില്ലേ ഏട്ടൻ ആണെങ്കിൽ അരക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്നു ..

കെട്ടിയവൻ ആണെങ്കിൽ ആക്‌സിഡന്റിൽ തീർന്നു..

എല്ലാം നീ ഒരൊറ്റ ഒരുത്തി കാരണമാണ്..

ശാപം കിട്ടിയ ജന്മം..

എനിക്ക് എന്തോ ദൈവാനുഗ്രഹം ഉള്ളത് കൊണ്ട്  ഞാൻ എങ്ങനെ ഒക്കെയോ ജീവിച്ചു പോവുന്നു എന്നേ ഒള്ളൂ..

ഇനി നാളെ നീ കാരണം എനിക്കെന്തു വരുമെന്ന് കണ്ടറിയാം..

ദേവികയുടെ പതിവ് ശകാര വർഷങ്ങളും കുത്തി നോവിക്കലും ആരംഭിച്ചു..

തിരിച്ചൊന്നും പറയാനാവാതെ  നിറമിഴികളോടെ ഹിമ മൗനം പാലിച്ചു നിന്നു ..

“”ദേവൂ .. നീ എന്തൊക്കെ പറഞ്ഞാലും അവളുടെ ഇഷ്ടം ഇല്ലാതെ ഈ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല..

മുൻപും നീ ഇങ്ങനൊക്കെ പറഞ്ഞത് കേട്ടിട്ട് ആണ് ഞാനെന്റെ കൊച്ചിനെ ഒന്നും ചിന്തിക്കാതെ ഒരുത്തന് കെട്ടിച്ചു കൊടുത്തത്….

അതിന് എന്റെ കുട്ടി അനുഭവിച്ച സങ്കടങ്ങൾക്ക് കൈയ്യും കണക്കുമില്ല..

ഇനിയൊരു ദുരന്തത്തിലേക്ക് അവളെ തള്ളി വിടാൻ ഞാൻ സമ്മതിക്കില്ല..

ഏട്ടന്റെ ശബ്ദം മുറിക്കുള്ളിൽ നിന്നും ഉയർന്നു വന്നു ..

“”ഓ നിങ്ങളെന്നാൽ പുന്നാര പെങ്ങളെയും കെട്ടിപിടിച്ചു ഇരുന്നോ..

ഫ്രീ ആയിട്ട് ചികിത്സ തരാമെന്ന്  പറഞ്ഞതല്ലേ അവർ അതും കൂടി ഇല്ലാതാവും..

നിങ്ങൾക്ക് താല്പര്യമില്ലെന്ന് ഞാൻ വിളിച്ചു പറഞ്ഞോളാം അവരോട്..

എന്നും പറഞ്ഞു  തറ ചവിട്ടി മെതിച്ചു കൊണ്ടു ഏട്ടത്തി പുറത്തേക്ക് ഇറങ്ങി പോയി..

ഏട്ടത്തി പറഞ്ഞ വാക്കുകൾ എന്നെ വല്ലാതെ പൊള്ളിച്ചിരുന്നു..

എന്റെ മിഴിനീർ തറയിലേക്ക് ഇറ്റിറ്റു വീണു കൊണ്ടിരുന്നു.

“”മോള് അവള് പറയുന്നത് കേട്ടൊന്നും വിഷമിക്കാൻ നിൽക്കേണ്ട..

ഏട്ടന് ചികിത്സ കിട്ടിയില്ലെങ്കിലും വേണ്ടില്ല നിന്റെ സമ്മതം ഇല്ലാതെ ഈ കല്യാണം നടത്താൻ ഞാൻ സമ്മതിക്കില്ല..

എന്റെ സങ്കടം കണ്ടാവണം ഏട്ടൻ എന്നോട് പറഞ്ഞു..

മറുപടി ഒന്നും പറയാതെ ഞാൻ അവിടെ നിന്നും എന്റെ മുറിയിലേക്ക് പോയി..

പകൽ രാത്രിക്ക് വഴിമാറി..

രാത്രി കിടക്കാൻ നേരം  എന്റെ ചിന്ത മുഴുവൻ ഏട്ടനെ കുറിച്ചായിരുന്നു….

ഏട്ടത്തി പറഞ്ഞ വാക്കുകളെക്കാൾ എന്നെ വേദനിപ്പിച്ചത് ഏട്ടന്റെ അവസ്ഥ ആയിരുന്നു..

പാവത്തിന് ഒന്ന് പഴയത് പോലെ ഒന്ന് എഴുന്നേറ്റു നടക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ..

ഞാൻ കാരണം ഇനി അതിനുള്ള അവസരം ഏട്ടന് നഷ്ടപ്പെടരുത്..

അങ്ങനെ ഒരുപാട് ചിന്തകൾക്ക് ഒടുവിൽ ഞാനൊരു തീരുമാനത്തിൽ എത്തി..

എന്റെ ഈ വിവാഹം  കൊണ്ട്   ഏട്ടൻ രക്ഷപെടും എങ്കിൽ പിന്നെ ഒന്നും ആലോചിക്കാതെ ഈ വിവാഹത്തിന് സമ്മതം മൂളുക..

ഒരായുഷ്കാലം മുഴുവൻ കൊണ്ടു അനുഭവിക്കേണ്ട ദുഃഖങ്ങൾ ഇപ്പോഴേ താൻ അനുഭവിച്ചു കഴിഞ്ഞു..

ഇനി ഇതിൽ കൂടുതൽ തനിക്കിനി എന്ത് വരാനാണ്..

അതുകൊണ്ട് ഈ ശാപം പിടിച്ച ജന്മം കൊണ്ട് എന്റെ ഏട്ടന് ഒരു നന്മ ഉണ്ടാവുമെങ്കിൽ ഉണ്ടാവട്ടെ..

ഹിമയുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു ..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!