Skip to content

രണ്ടാം ജന്മം – 8

randam janmam

ചടങ്ങുകൾ പൂർത്തിയായതും എല്ലാവരും ഭക്ഷണം കഴിക്കാനായി പോയി..

ചെറിയൊരു ഫോട്ടോ ഷൂട്ട്‌ നടത്താനായി ഡെന്നിസ് വന്നു ഞങ്ങളെ വിളിച്ചു കൊണ്ട് പോയി..

നിറയെ റോസാ പൂവുകൾ വിരിഞ്ഞു നിൽക്കുന്ന പള്ളിയുടെ തന്നെ ഗാർഡനിൽ വെച്ചായിരുന്നു ആദ്യം ഫോട്ടോ എടുത്തു തുടങ്ങിയത്..

പുറമെ ചിരിച്ചെങ്കിലും അസ്വസ്ഥമായ മനസ്സോടെ ആണ് ഞാൻ ഓരോ ഫോട്ടോക്കും പോസ് ചെയ്തത്..

ഡേവിഡിനെ ഉൾകൊള്ളാൻ എന്റെ മനസ്സ് അനുവദിക്കാത്തത് പോലെ..

ഒരുപക്ഷേ ഞാൻ അതിന് ശ്രമിക്കാത്തത് കൊണ്ടാവും..

അല്ലെങ്കിൽ എന്റെ മനസ്സിന് ഇനിയും ഉത്തരം കണ്ടെത്താനാവാത്ത ചില ചോദ്യങ്ങൾ ബാക്കി അവശേഷിക്കുന്നതു കൊണ്ടും ആവാം..

ഒരുവിധം ഫോട്ടോ ഷൂട്ട്‌ ഒക്കെ പൂർത്തിയാക്കി ഞങ്ങൾ വന്നു ഭക്ഷണം കഴിച്ചു കൈ കഴുകി വന്നപ്പോഴേക്കും

 ബന്ധുക്കൾ ഓരോരുത്തരും വന്നു കുശലം പറഞ്ഞു പോയി..

എന്റെ ഏട്ടന്റെയും ഏട്ടത്തിയുടെയും മുഖം കണ്ടപ്പോൾ അവരുടെ സന്തോഷത്തിന് അതിരുകൾ ഇല്ല എന്ന് തോന്നി പോയി..

ഞാൻ വീൽ ചെയറിൽ ഇരിക്കുന്ന ഏട്ടന്റെ അടുത്തേക്ക് ചെന്നു കാലിൽ തൊട്ടു ഒരിക്കൽ കൂടി അനുഗ്രഹം വാങ്ങി..

സന്തോഷം കൊണ്ടാവണം ഏട്ടന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..

മനസ്സ് നിറഞ്ഞ് ആ കൈകൾ കൊണ്ടു ഏട്ടൻ എന്നെ അനുഗ്രഹിച്ചു..

ഡേവിഡിന്റെ അനിയൻ ഡെന്നിസ് ആണെങ്കിൽ പൂമ്പാറ്റ കണക്കിനെ അവിടെല്ലാം പാറി പറന്നു നടക്കുന്നുണ്ടായിരുന്നു..

എല്ലാവരുടെയും മുഖത്ത് സന്തോഷം ആയിരുന്നെങ്കിൽ എനിക്ക് ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ടെൻഷൻ ആയിരുന്നു..

ഒരിക്കൽ ഒരുപാട് പ്രതീക്ഷയോടെ ആണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്..

പക്ഷേ ആ വിവാഹം കൊണ്ടു പിന്നീട് നടന്ന ദുരനുഭവങ്ങൾ ഓരോന്നും മനസ്സിൽ മായാതെ കിടക്കുന്നത് കൊണ്ടാവും ഈ ടെൻഷൻ..

ശരീരമാകെ വിയർപ്പ് പൊടിയുന്നുണ്ട്..

എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞു

ഗൃഹപ്രവേശനത്തിന്റെ സമയം ആവാറായപ്പോൾ ഞങ്ങൾ ചെത്തിമറ്റം തറവാട്ടിലേക്ക് തിരിച്ചു…..

ഇരുവശവും റബ്ബർ മരങ്ങൾ നിന്നിരുന്ന ടാറിട്ട റോഡിലൂടെ സഞ്ചരിച്ചു കാർ ചെത്തിമറ്റം തറവാട്ട് മുറ്റത്തു വന്നു നിന്നു….

രണ്ടു നിലയുള്ള തറവാട്..

മുറ്റത്തിന്റെ ഒരു ഭാഗത്തു തണൽ വിരിച്ചു നിറയെ ചില്ലകളോടെ ഒരു പടു കൂറ്റൻ മാവ് മുത്തശ്ശി ….

മുറ്റം നിറയെ ചെടി ചട്ടികളിൽ പലതരം പൂക്കളുള്ള ചെടികൾ..

ബോഗൺ വില്ല, നാലുമണി, പത്തുമണി, ആന്തൂറിയം, റോസ്, മുല്ല തുടങ്ങി പലതരം ചെടികൾ..

പിന്നെ മുറ്റത്തോട് ചേർന്നുള്ള പറമ്പ് നിറയെ പലതരം മരങ്ങൾ..

എല്ലാം കൊണ്ടും കാഴ്ചയിൽ മനോഹരമായ തറവാട്..

തറവാടിന്റെ മുറ്റത്ത് ഞങ്ങൾ നിൽക്കുമ്പോൾ അമ്മ അകത്ത് നിന്നും കുരിശുള്ള നിലവിളക്കുമായി വന്നു..

ചെറു കാറ്റിനൊപ്പം അതിലെ തിരി നാളങ്ങൾ തത്തി കളിക്കുന്നു..

അമ്മ സ്റ്റെപ്പ് ഇറങ്ങി എന്റെ കൈകളിലേക്ക് നിലവിളക്ക് തന്നു കൊണ്ട് കൊന്ത വെച്ചു എന്റെ നെറ്റി തടത്തിൽ ഒരു കുരിശും വരച്ചു..

പിന്നെ എന്നെ വലതു കാൽ വെപ്പിച്ചു അകത്തേക്ക് ആനയിച്ചു..

മനസ്സ് നിറയെ നല്ലത് വരുത്തണേ എന്ന പ്രാത്ഥനയോടെ ഞാൻ സ്റ്റെപ്പ് കേറി നടന്നു

ഹാളിൽ എത്തി ഇശോയുടെ പടത്തിനും ക്രൂശിത രൂപത്തിനും മുന്നിലായിൽ മേശയിൽ വിളക്ക് വെച്ചു ഒന്ന് കണ്ണടച്ച് പ്രാത്ഥിച്ചു..

അത് കഴിഞ്ഞതും ഡ്രസ്സ്‌ മാറി ഫ്രഷ് ആയിക്കോളാൻ പറഞ്ഞു എന്നെയും ഡേവിഡിനെയും മുകളിലത്തെ മുറിയിലേക്ക് അമ്മ പറഞ്ഞു വിട്ടു..

കോണിപ്പടികൾ കേറി ഡേവിഡിന് പിന്നാലെ ഞാൻ ചെന്നു.

മുറിയിൽ എത്തിയതും പിന്നാലെ ഏട്ടത്തി വന്നു എന്റെ ഡ്രെസ്സും മറ്റും അടങ്ങിയ ബാഗ് എന്നെ ഏൽപ്പിച്ചു പുഞ്ചിരിച്ചു കൊണ്ടു യാത്രയും പറഞ്ഞു ഇറങ്ങി ..

“”അതേ ഹിമേ എന്റെ കുറച്ചു ഫ്രണ്ട്സ് ഇപ്പോൾ വരും..

അവർക്ക് ചെറിയൊരു ട്രീറ്റ്‌ കൊടുക്കണം..

ഇത്തിരി വെള്ളമടി ഒക്കെ ആണ്..

ഇവിടുന്നു കുറച്ചു മാറി എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വെച്ചാണ് പരുപാടി സെറ്റ് ചെയ്തേക്കുന്നത് ..

അതുകൊണ്ട് ഞാൻ ആദ്യം പോയി ഫ്രഷ് ആയി വരാം….

അത് കേട്ട് ഞാൻ തലയാട്ടി..

ഡേവിഡ് കുളിമുറിയിലേക്ക് കേറി..

ഞാൻ ആ സമയം പതിയെ നടന്നു ചെന്നു തുറന്നിട്ട ജനലഴികളിൽ കൂടി പുറത്തേക്ക് നോക്കി..

മുറ്റത്തു ആരൊക്കെയോ നിൽപ്പുണ്ട്..

ചിലർ വട്ടം കൂടി നിന്ന് തമാശ പറഞ്ഞാവും ചിരിക്കുന്നുണ്ട് ..

അതെല്ലാം കണ്ട് കൊണ്ടു നിൽക്കുമ്പോളേക്കും പെട്ടെന്ന് തന്നെ കുളി കഴിഞ്ഞു ഡേവിഡ് എത്തി..

വേഗം തന്നെ മുണ്ടും ഷർട്ടുമൊക്കെ അണിഞ്ഞു മുടിയൊക്കെ ചീകി ഒതുക്കി മേശപ്പുറത്തു ഇരുന്ന ബോഡി സ്പ്രേയും എടുത്തടിച്ചു..

പിന്നെ എന്നെ നോക്കി ഒരു ചിരി പാസ്സാക്കി..

“”അതേ ഹിമ ഞാൻ പോയിട്ട് വരാം..

അവന്മാർ തന്നെ കാണണം പരിചയപ്പെടണം എന്നൊക്കെ പറഞ്ഞതാണ്..

ഞാൻ പറഞ്ഞു പിന്നീട് ഒരിക്കൽ ആവാം എന്നൊക്ക പറഞ്ഞു ഞാൻ അത് ഒഴിവാക്കി വിട്ടു..

തന്റെ മനസ്സ് ഒക്കെ ഓക്കേ ആയിട്ട് എല്ലാവരെയും ഞാൻ പരിചയപ്പെടുത്തി തരാട്ടോ..

ശെരിയെന്നാൽ താൻ പോയി ഫ്രഷ് ആയിക്കോ..

പിന്നെ തനിക്കുള്ള ഡ്രസ്സ്‌ ഒക്കെ അലമാരയിൽ ഉണ്ട്..

ഇഷ്ടമുള്ളത് എടുത്തു ഇട്ടോണം..

എന്നാൽ പിന്നെ ഞാൻ ഇറങ്ങിയേക്കുവാ താൻ ഡോർ ലോക്ക് ചെയ്തോളു എന്നും പറഞ്ഞു ഡേവിഡ് ഇറങ്ങി..

ഞാൻ ചെന്നു ഡോർ ലോക്ക് ചെയ്തു..

മുറിയാകെ ഡേവിഡ് അടിച്ച സ്പ്രേയുടെ ഗന്ധം തങ്ങി നിൽക്കുന്നു..

അത് ആസ്വദിച്ചു കൊണ്ടു ഞാൻ പതിയെ ചെന്നു അലമാര തുറന്നു നോക്കി….

ഒരു നിമിഷം ഞാൻ അമ്പരന്ന് പോയി..

അലമാരയുടെ ഒരു ഭാഗത്ത്‌ നിറയെ സാരികളും ചുരിദാറുകളും ഒക്കെ അടുക്കി വെച്ചിരിക്കുന്നു..

എല്ലാം വളരെ വില കൂടിയത് ആണെന്ന് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് തോന്നി..

കൂടാതെ അലമാരയുടെ ഒരു ഡ്രായർ തുറന്നപ്പോൾ അതിൽ കണ്മഷിയും ചാന്തും പൊട്ടും സഹിതം സകലതും ഉണ്ടായിരുന്നു..

ഇതൊക്ക എനിക്ക് വേണ്ടി വാങ്ങി വെച്ചിരുന്നത് ആണെന്ന് ഓർത്തപ്പോൾ എനിക്ക് ശെരിക്കും അത്ഭുതം തോന്നിപ്പോയി..

ഡ്രെസ്സുകളിൽ കൂടി വിരലോടിച്ചു നോക്കി മെല്ലെ ഞാൻ കുളിമുറിയിലേക്ക് പോയി..

ഡ്രസ്സ്‌ അഴിച്ചു വെച്ച് ഷവർ തുറന്നു..

ഷവറിൽ നിന്നും തണുത്ത വെള്ളം നഗന്മായ ദേഹത്തേക്ക് വീണു തുടങ്ങുമ്പോൾ ശരീരമാകെ ഒരു കുളിർ പടർന്നു….

വെള്ളത്തുള്ളികൾ നിർത്താതെ എന്നെ ചുംബിച്ചു കൊണ്ടിരുന്നു….

ദേഹമാകെ പതഞ്ഞു പൊങ്ങിയ സോപ്പിൽ വിയർപ്പിന്റെ ഗന്ധമെല്ലാം പോയി മറഞ്ഞു..

ആകെ ഒരു ഉന്മേഷം വന്നത് പോലെ തോന്നി..

കുളി കഴിഞ്ഞു പുത്തൻ സാരിയും ഉടുത്തു ഞാൻ താഴേക്ക് ചെന്നു..

അമ്മക്കൊപ്പം നിന്നിരുന്ന സ്ത്രീകൾ എനിക്ക് ചുറ്റും വട്ടം കൂടി ഓരോന്ന് പറഞ്ഞു തുടങ്ങി..

പരിചയപ്പെടുത്തലുകളും തമാശകളും ആയി സമയം കടന്നു പോയി..

തലവേദന ആണെന്ന് കള്ളം പറഞ്ഞു ഞാൻ പതിയെ അവരുടെ ഇടയിൽ നിന്നും രക്ഷപെട്ടു ബെഡ് റൂമിൽ ചെന്ന് കിടന്നു..

പരിചിതമല്ലാത്ത സ്ഥലം.. ഉള്ളിൽ ആകെ ഒരു വീർപ്പു മുട്ടൽ തോന്നി..

ഏട്ടന്റെ മുഖം മനസ്സിലേക്ക് ഓടിയെത്തി..

അത് കണ്ണുകളിൽ ചെറു നനവ് പടർത്തി..

ഓരോ ഓർമ്മകളും മനസ്സിൽ മിന്നി മാഞ്ഞു..

കുറച്ചു കഴിഞ്ഞതും ഡോർ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ ചെന്ന് വാതിൽ തുറന്നു..

കുടിച്ചു ലക്ക് കെട്ടവനെ പോലെ ആടി കുഴഞ്ഞു ഒരു ചിരി പാസ്സാക്കി കൊണ്ട് ഡേവിഡ് മുന്നിൽ നിൽക്കുന്നു..

“”ഹായ് ഹിമക്കുട്ടി നീ ഉറങ്ങിയാരുന്നോ..

സോറി മോളെ ഫ്രണ്ട്സ് നിർബന്ധിച്ചപ്പോൾ ഞാൻ രണ്ടെണ്ണം അടിച്ചു പോയി..

എന്നുവെച്ചു ഞാൻ ഫിറ്റൊന്നും അല്ല കേട്ടോ….

ഉടുമുണ്ട് അരയിൽ ഒന്നൂടി മുറുക്കി കെട്ടി കൊണ്ടു ഡേവിഡ് പറഞ്ഞു..

എനിക്കാണെങ്കിൽ ആ കോലം കണ്ട് നല്ലത് പോലെ ദേഷ്യം വന്നു..

ചുണ്ടുകൾ കൂർപ്പിച്ചു  ദേഷ്യത്തിൽ തുറിച്ചൊന്ന് നോക്കിയിട്ട് ഞാൻ ബെഡിൽ പോയിരുന്നു..

ഡേവിഡ് പതിയെ

ആടിയാടി എന്റെ അടുക്കലേക്ക് വന്നു..

“”നീ വാ നമുക്ക് കഴിക്കാം..

നാവ് കുഴഞ്ഞു കൊണ്ടു അവൻ പറഞ്ഞു.

“”എനിക്ക് വേണ്ട.. വിശപ്പില്ല..

“”അങ്ങനെ പറഞ്ഞാൽ ശെരിയാവില്ല എഴുന്നേറ്റ് വാ..

എനിക്ക് വിശക്കുന്നു..

“”നിങ്ങൾക്ക് വിശക്കുന്നു എങ്കിൽ നിങ്ങൾ പോയി കഴിക്ക്..

എനിക്ക് വേണ്ട..

ദേഷ്യത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു..

“”മര്യാദക്ക് എഴുന്നേറ്റു വാടി..

ശബ്ദം ഉയർത്തി ദേഷ്യത്തിൽ എന്നെ തുറിച്ചു നോക്കികൊണ്ട് ഡേവിഡ് അത് പറയുമ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടി പോയി..

ഇതുവരെ പുഞ്ചിരിച്ചു കണ്ടിരുന്ന ഡേവിഡിന്റെ മുഖം ആയിരുന്നില്ല അപ്പോൾ..

കണ്ണുകൾ തുറിച്ചു മീശയും പിരിച്ചു വെച്ച് ദേഷ്യത്തിൽ അടിമുടി വിറച്ചു നിൽക്കുന്നു..

അത് കണ്ട് ഭയന്ന് ഞാൻ ചാടി എഴുന്നേറ്റു..

“”വന്ന് ഭക്ഷണം കഴിക്കെടി..

“”എനിക്ക് വേണ്ട..

വിറയാർന്ന ശബ്ദത്തിൽ ഞാൻ പറഞ്ഞു..

എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….

“””നിന്റെ ഈ സൗന്ദര്യം കണ്ടിട്ടൊന്നുമല്ല ഞാൻ കെട്ടിയത്‌..

മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ ജീവിച്ചോണം ഇല്ലെങ്കിൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം….

പരുക്കൻ ശബ്ദത്തിൽ ഡേവിഡ് അത് പറയുമ്പോൾ എന്റെ കണ്ണീർ തുള്ളികൾ കവിളുകളെ ചുംബിച്ചു തുടങ്ങിയിരുന്നു ….

അത് കണ്ടതും ഡേവിഡ് പൊട്ടിച്ചിരിച്ചു.

“”അയ്യേ താൻ പേടിച്ചു പോയോ..

ഇത്രക്കും തൊട്ടാവാടി ആയിരുന്നോ..

എന്റെ പൊന്നോ താൻ പേടിക്കുകയൊന്നും വേണ്ട ഞാൻ കുടിച്ചിട്ടൊന്നുമില്ല..

തന്നെ ചുമ്മാ പറ്റിക്കാൻ വേണ്ടി ഒരു നമ്പർ ഇറക്കി നോക്കിയതാണ്..

ഡേവിഡ് അത് പറയുമ്പോഴും വിശ്വാസമാവാത്ത മട്ടിൽ ഞാൻ ഡേവിഡിനെ നോക്കി..

“”തനിക്ക് വിശ്വാസമായില്ലേ എന്നും പറഞ്ഞു എന്റെ അരുകിലേക്ക് വന്നു എന്റെ മുഖത്തേക്ക് ഡേവിഡ് ഊതി..

ഇപ്പോൾ ബോധ്യമായോ..

മദ്യത്തിന്റെ മണം ഇല്ലല്ലോ..?

ഡേവിഡ് ചിരിയോടെ ചോദിച്ചു..

ആ നിമിഷം ദേഷ്യമാണോ സന്തോഷമാണോ തോന്നിയതെന്ന് അറിയാതെ ഞാൻ നിന്നു..

ഡേവിഡ് വിരൽ നീട്ടി മെല്ലെ എന്റെ കണ്ണീർ തുടച്ചു മാറ്റി..

“”അതേ കെട്ടിയോനും കെട്ടിയോളും കൂടെ ഭക്ഷണം കഴിക്കാൻ വരാൻ അമ്മ പറഞ്ഞെന്നും പറഞ്ഞു ഡെന്നിസ് അപ്പോൾ അവിടേക്ക് വന്നു..

“”ഹാ നീ പൊക്കോ ഞങ്ങൾ ഇപ്പോൾ വരാം എന്നും പറഞ്ഞു ഡേവിഡ് അവനെ പറഞ്ഞു വിട്ടു..

“”അതേ നീ പോയി മുഖം കഴുകി വാ ഭക്ഷണം കഴിക്കാം..

“”എനിക്ക് വേണ്ട..

നേർത്ത സ്വരത്തിൽ ഞാൻ മറുപടി കൊടുത്തു.

“”അതൊന്നും പറഞ്ഞാൽ പറ്റില്ല അവിടെല്ലാവരും നമുക്ക് വേണ്ടി കാത്തിരിക്കുവാണ്….

നല്ലൊരു ദിവസം താനായിട്ട് കുളമാക്കരുത്..

കുറച്ചെങ്കിലും കഴിക്കണം..

പട്ടിണി കിടക്കരുത്..

വേഗം പോയി മുഖം കഴുകി വാ..

അത് കേട്ട് ഞാൻ പോയി മുഖം കഴുകി വന്നു.

ഞങ്ങൾ ഒരുമിച്ചു താഴേക്ക് വരുമ്പോൾ അമ്മയും അച്ഛനും ഡെന്നിസും ഒക്കെ ചെറു ചിരിയോടെ ഞങ്ങളെ നോക്കി..

“”തലവേദന മാറിയോ മോളെ..?

“”മ്മ്മം കുറവുണ്ട്..

അമ്മയുടെ ചോദ്യത്തിന് ഞാൻ മറുപടി കൊടുത്തു.

“”തലവേദനക്ക് ഉള്ള മരുന്ന് ചേട്ടൻ കൊടുത്തു കാണും..

അല്ലേ ചേട്ടാ..

ഒരാക്കി ചിരിയോടെ ഡെന്നിസ് പറഞ്ഞു.

“”ആ ഞാൻ കൊടുത്തു.. അതിന് നീ ഇങ്ങനെ കൂടുതൽ ഇളിക്കല്ലേ.. എന്നും പറഞ്ഞു ഡേവിഡ് ഊണ് മേശക്ക് അരികെ കസേരയിൽ ഇരുന്നു..

അമ്മ വന്നു എന്നെയും പിടിച്ചു അടുത്ത കസേരയിൽ ഇരുത്തി..

പിന്നെ ഞങ്ങൾക്കെല്ലാം ചോറും കറിയും വിളമ്പി അമ്മയും കഴിക്കാൻ ഇരുന്നു..

ഞാൻ വിളമ്പാൻ സഹായിക്കാൻ അമ്മ സമ്മതിച്ചും ഇല്ല.

വന്നതല്ലേ ഒള്ളൂ എന്നും പറഞ്ഞു അമ്മ എന്നെ കൊണ്ടു ഒന്നും ചെയ്യിച്ചില്ല..

എല്ലാവരും ഒരുമിച്ചു ഇരുന്നു ചെറു തമാശകളും പാസ്സാക്കി ഒരുമിച്ചിരുന്നുള്ള ഭക്ഷണം കഴിക്കൽ എനിക്ക് പുത്തൻ അനുഭവം ആയിരുന്നു..

ഒരു നിമിഷം ഞാനെന്റെ ഏട്ടനെ ഓർത്തു പോയി..

അതിനിടയിൽ അച്ഛൻ രണ്ടു മക്കൾക്കും ഓരോ ഉരുള സമ്മാനിക്കുന്നത് കണ്ടപ്പോൾ

എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി..

ഇങ്ങനെ ഒരു ഭാഗ്യം എനിക്ക് വിധിച്ചിട്ടില്ലല്ലോ എന്നോർത്ത് നെഞ്ച് ഒന്ന് പിടഞ്ഞു..

“”എന്താ മോളെ ഇങ്ങനെ നോക്കുന്നത്..

ഇവന്മാർ കുട്ടിക്കാലം തൊട്ടേ ഇങ്ങനെ ആണ്..

എന്റെ കൈയിൽ നിന്ന് രണ്ടെണ്ണത്തിനും ഒരുരുള നിർബന്ധമാണ്..

അച്ഛൻ പുഞ്ചിരിയോടെ പറഞ്ഞു..

ഇനിയിപ്പോൾ മോൾക്ക് കൂടി വേണമെങ്കിൽ തരാം എന്നും പറഞ്ഞു അച്ഛൻ എന്റെ നേർക്ക് ഉരുള നീട്ടുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണീരോടെ ഞാൻ അത് വായിലാക്കി..

“”എന്തുപറ്റി മോളെ എന്തിനാ നീ കരയുന്നത്..

എന്നും ചോദിച്ചു അച്ഛൻ ചാടി എഴുന്നേറ്റു..

പിന്നാലെ അമ്മയും ഡേവിഡും ഡെന്നിസും ഒക്കെ എഴുന്നേറ്റു.

അമ്മ എന്റെ അടുത്തേക്ക് വന്നെന്നെ ചേർത്ത് പിടിച്ചു..

“”എന്തുപറ്റി മോളെ വീട്ടുകാരെ ഒക്കെ ഓർമ്മ വന്നോ..?

ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ..

ഇനിയിപ്പോൾ ഇതല്ലേ മോളുടെ വീട്..

അതുകൊണ്ട് ഓരോന്ന് ഓർത്തു വെറുതെ കരയാതെ മോള് ഇപ്പോൾ കഴിക്കാൻ നോക്ക്..

എന്നും പറഞ്ഞു അമ്മ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

“”വേണ്ടമ്മേ എനിക്ക് മതി..

“”അവൾക്ക് മതിയെങ്കിൽ വെറുതെ നിർബന്ധിക്കേണ്ട..

നീ പോയി കൈ കഴുകിക്കോ..

എന്ന് ഡേവിഡ് ഇടക്ക് കേറി പറഞ്ഞു..

അതും കേട്ടതും ഞാൻ പോയി കൈ കഴുകി നേരെ റൂമിലേക്ക് പോയി.

റൂമിലെത്തി ജനലഴികളിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുമ്പോൾ അവഗണകളും കുത്തി നോവിക്കലും നിറഞ്ഞ പഴയ ഓർമ്മകളുടെ ലോകത്തേക്ക് മനസ്സ് സഞ്ചരിച്ചു കൊണ്ടിരുന്നു….

ആ വേദനകൾക്ക് ഇടയിൽ ഇന്ന് ഇവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ മനസ്സ് എന്തൊക്കെയോ വല്ലാതെ ആഗ്രഹിച്ചു പോവുന്നു..

ചിലപ്പോഴൊക്കെ  ഓരോരോ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസ്സിൽ കൊണ്ട് നടക്കും ഒടുവിൽ ഒരിറ്റ് കണ്ണീരിന്റെ നനവിൽ അതെല്ലാം നഷ്ടമാവുമ്പോൾ നെഞ്ച് നീറി നിസ്സഹായതയോടെ നോക്കി നിൽക്കാനേ കഴിയൂ..

എന്റെ അനുഭവങ്ങൾ എല്ലാം അങ്ങനെ ആയിരുന്നു..

അതുകൊണ്ട് തന്നെ ഓരോ ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിലേക്ക് കടന്നു വരുമ്പോൾ വല്ലാത്ത ഭയമാണ്..

എന്നിട്ടും ഇപ്പോൾ ഇവരുടെ ഒക്കെ സ്നേഹം കാണുമ്പോൾ അത് അനുഭവിക്കാൻ എന്നുമെനിക്ക് ഭാഗ്യം ഉണ്ടാവണേ എന്ന് അറിയാതെ ആഗ്രഹിച്ചു പോവുന്നു..

എന്റെ മഹാദേവ വെറുതെ ഓരോ  മോഹങ്ങൾ തന്ന് ഒടുവിൽ  നീ എന്നെ കരയിക്കരുതേ….

എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

നിറഞ്ഞു തുളുമ്പി കവിൾത്തടങ്ങളിലൂടെ ഒഴുകിയ കണ്ണീർ തുള്ളികൾ തറയിലെ ടൈൽസിലേക്ക് വീണു പരന്നു.

പെട്ടെന്ന് ആണ്  ഒരു കാൽപെരുമാറ്റവും പിന്നാലെ ഡോർ അടയുന്ന ശബ്ദവും കേട്ടത്….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!