രണ്ടാം ജന്മം – 9

1501 Views

randam janmam

എന്റെ അടുത്തേക്ക് നടന്നു വരുന്ന കാൽപെരുമാറ്റം കേട്ട് ഞാൻ തല പിന്നിലേക്ക് വെട്ടിച്ചു നോക്കി..

ഡേവിഡ് ആയിരുന്നു..

“”എന്താടോ മുഖം വല്ലാതെ ഇരിക്കുന്നത്‌.. താൻ കരഞ്ഞോ..?

ഡേവിഡിന്റെ ചോദ്യത്തിന് മുന്നിൽ ഞാൻ തല താഴ്ത്തി മൗനം പാലിച്ചു നിന്നു ..

എന്റെ കീഴ്ത്താടി പിടിച്ചു മുകളിലേക്ക് ഉയർത്തി കൊണ്ടു ഡേവിഡ് എന്റെ കണ്ണുകളിലേക്ക് നോക്കി..

എന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു..

“”എന്താടോ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത്..

ഏട്ടനെ ഓർത്തിട്ടാണോ..?

തനിക്ക് ഏട്ടനെ വിളിച്ചൊന്നു സംസാരിച്ചൂടായിരുന്നോ….

അതോ തനിക്ക് ഇപ്പോൾ അങ്ങോട്ട് പോണമെന്നുണ്ടോ ..?

എന്റെ സങ്കടം കണ്ടാവണം ഡേവിഡ് ആകെ ഒരു പരിഭ്രമത്തോടെ ചോദിച്ചു…

“”വേണ്ട എനിക്കെന്തോ പെട്ടെന്ന്  വല്ലാതായി പോയി..

ഞാൻ ഒന്ന് കിടന്നോട്ടെ ചെറിയൊരു തലവേദന പോലെ….

“”അതിനെന്താ താൻ കിടന്നോളു..

മരുന്ന് വല്ലതും വേണോ..?

“”ഒന്നും വേണ്ട ഒന്നുറങ്ങിയാൽ ശെരിയാവും..

“”ശെരി എന്നാൽ താൻ കട്ടിലിൽ കിടന്നോളു..

ഞാൻ ഈ സോഫയിൽ കിടന്നോളാം..

“”ഹേ അതുവേണ്ട ഞാൻ അവിടെ കിടന്നോളാം..

“”വേണ്ടടോ തനിക്ക് വയ്യാത്തത് അല്ലേ അതുകൊണ്ട് കട്ടിലിൽ താൻ തന്നെ കിടന്നോളു..

പിന്നെ എനിക്ക് നന്നായിട്ട് അറിയാടോ  തനിക്കെന്നോട് ഇപ്പോഴും പൂർണ്ണമായും അടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ..

അതുകൊണ്ട് തന്നെ മനസ്സ് കൊണ്ട് താൻ എന്നെയെന്ന് പൂർണ്ണമായും ഇഷ്ടപ്പെടുന്നോ അത് വരെ ഈ സോഫ ആണെന്റെ കിടക്ക….

അതേയ് ..പിന്നൊരു കാര്യം ഒരുപാട് വൈകല്ലേ പെട്ടെന്ന് തന്നെ അങ്ങോട്ട് ഇഷ്ടപ്പെട്ടോണം..

ഇല്ലെങ്കിൽ എന്റെ ജീവിതം ഈ സോഫയിൽ തന്നെ അവസാനിക്കേണ്ടി വരും..

ഒരു കുസൃതി ചിരിയോടെ അവനത് പറയുമ്പോൾ നേർത്ത ഒരു പുഞ്ചിരി അവളും പാസ്സാക്കി..

ശേഷം അവൾ ചെന്നു കട്ടിലിൽ കിടന്നു പുതപ്പെടുത്തു അരയോളം ഭാഗം മൂടി..

ലൈറ്റ് കെടുത്തി ഫാനും ഇട്ടു  ഒരു പുതപ്പും എടുത്തു കൊണ്ട് ഡേവിഡ് പോയി സോഫയിൽ കിടന്നു..

സമയം പോയി കൊണ്ടിരുന്നു..

ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും ഞാൻ കിടന്നു ..

തലവേദന ആണെന്ന് ഡേവിഡിനോട് കള്ളം പറഞ്ഞതാണ്..

മനസ്സിലിപ്പോഴും ഏതോ ചങ്ങല കണ്ണികൾ അകന്നു തന്നെ കിടക്കുന്നു..

ഒരുപക്ഷേ എല്ലാം വഴിയേ ശെരിയാവുമായിരിക്കും..

അങ്ങനെ ഓരോന്ന് ചിന്തിച്ചു ഞാൻ മെല്ലെ എഴുന്നേറ്റു പുതപ്പ് മാറ്റി തല ഉയർത്തി നോക്കി..

തുറന്നിട്ട ജനലഴികളിൽ കൂടി എത്തി നോക്കുന്ന നിലാവെട്ടം ഉറങ്ങി കിടക്കുന്ന ഡേവിഡിന്റെ മുഖത്ത് പതിക്കുന്നുണ്ട്..

അതൊന്നും അറിയാതെ ശാന്തമായ ഉറക്കത്തിലാണ് ആള്….

കൊച്ചു കുട്ടികളുടെ നിഷ്കളങ്കത ആ മുഖത്ത് പ്രതിഫലിക്കുന്നത് പോലെ എനിക്ക് തോന്നി..

സ്നേഹം പ്രതീക്ഷിച്ചവരിൽ നിന്നും എന്നും വേദന മാത്രം ആണ് എനിക്ക് കിട്ടിയിട്ടുള്ളത്..

പക്ഷേ ഇവിടെ ഒന്നും ആഗ്രഹിക്കാഞ്ഞിട്ടും ഞാൻ  അവഗണിച്ചിട്ടും എനിക്ക് സ്നേഹം തരാൻ ഇയാൾക്ക് എങ്ങനെ കഴിയുന്നു..

ഒരു പരാതിയും പറയാതെ പുഞ്ചിരി കൊണ്ടെന്നെ അത്ഭുതപ്പെടുത്തുക ആണ് എപ്പോഴും ഡേവിഡ്..

പക്ഷേ എന്നോട് കാണിക്കുന്ന ഈ സ്നേഹം തിരിച്ചു കൊടുക്കാൻ എനിക്ക് എന്തുകൊണ്ടോ കഴിയുന്നില്ല….

ഒരുപക്ഷേ മറക്കാനാവാത്ത മുറിപ്പാടുകൾ നെഞ്ചിൽ വീഴ്ത്തിയ വേദനകൾ ആവാം എന്നിലെ പ്രണയമെന്ന വികാരത്തെയും ഇല്ലാതാക്കിയത്….

ഞാൻ പതിയെ എഴുന്നേറ്റു ചെന്ന് ജനലരുകിൽ നിന്നു..

മുറ്റത്താകെ നിലാവെട്ടം പരന്നു കിടക്കുന്നു..

രാത്രിയുടെ നിശബ്ദത തളം കെട്ടി നിൽക്കുന്നു..

തണുപ്പിന്റെ നേർത്ത സ്പർശവുമായി ഇളം കാറ്റ് വീശുന്നുണ്ട്..

കാറ്റിൽ നിശാഗന്ധി പൂക്കളുടെ സുഗന്ധം..

നിലാവിന്റെ കരസ്പർശമേറ്റ് മുറ്റത്തെ നിശാഗന്ധി പൂക്കൾ വിരിഞ്ഞിട്ടുണ്ടാവും..

അവയുടെ സുഗന്ധം മനസ്സിനെ മറ്റേതോ ലോകത്ത് എത്തിക്കും..

രാത്രിയെ ചേർത്തണച്ച് നിറയെ നിശാഗന്ധി പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലം..

നീലാകാശം നിറയെ ആ പൂക്കളെ നോക്കി അസൂയയോടെ കണ്ണ് ചിമ്മി നിൽക്കുന്ന നക്ഷത്രങ്ങൾ..

ഓരോ നിശാഗന്ധി പൂക്കളെയും പ്രണയത്തോടെ തലോടി കൊണ്ടു രാത്രിയുടെ രാജകുമാരൻ പൂർണ്ണതയോടെ  പുഞ്ചിരിച്ചു നിൽക്കുന്നു..

രാത്രിയുടെ നിശബ്ദ സംഗീതത്തിന് താളം പിടിച്ചു കൊണ്ടാവണം ഇളം കാറ്റു വീശുന്നു..

ആ മനോഹരമായ സ്ഥലത്തു ഒരു രാജകുമാരിയെ പോലെ ഞാനും..

സങ്കടങ്ങളും കുത്തിനോവിക്കലും ഒന്നുമില്ലാത്ത മറ്റാരും തന്നെ ഇല്ലാത്ത എന്റേത് മാത്രമായൊരു ലോകം..

എന്റെ ചിന്തകൾ കാട് കേറി തുടങ്ങിരുന്നു..

ഏതോ സ്വപ്നലോകത്തേക്ക് മനസ്സ് സഞ്ചരിച്ചു തുടങ്ങിയതും ഉറക്കം എന്നിലേക്ക് പിടി മുറുക്കി തുടങ്ങി..

പതിയെ പതിയെ  ഉറക്കത്തിലേക്ക് ഞാൻ പൂർണ്ണമായും വഴുതി വീണു..

രാവിലെ ഞാൻ ഉണർന്നു നോക്കുമ്പോൾ ഡേവിഡ് അവിടില്ലായിരുന്നു..

മുറിയിലെ ക്ലോക്കിൽ സമയം നോക്കി ഏഴുമണി ആവുന്നു..

ഈശ്വരാ സമയം ഇത്രയായോ…. വല്ലാത്തൊരു ഉറക്കം ആയി പോയല്ലോ..

ഇനിയിപ്പോ അമ്മയൊക്കെ എന്ത്‌ വിചാരിക്കും..

വേഗം തന്നെ ഫ്രഷ് ആയി താഴെ ചെല്ലാം എന്നും പറഞ്ഞു ഞാൻ എഴുന്നേറ്റു പോയി ബാത്‌റൂമിൽ കേറി ഫ്രഷ് ആയി താഴേക്ക് ചെന്നു..

ഹാളിൽ ആരും ഉണ്ടായിരുന്നില്ല..

ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു..

അമ്മ അവിടെന്തൊക്കെയോ പണികളുമായി നിൽപ്പുണ്ടായിരുന്നു….

“”ഹാ മോള് എഴുന്നേറ്റോ..

തലവേദന മാറിയോ മോളെ..

അവൻ രാവിലെ പറഞ്ഞിരുന്നു മോള് തലവേദന ആയിട്ട് വയ്യാതെ കിടക്കുവായിരുന്നെന്ന്….

“”മാറി അമ്മേ..

ഇപ്പോൾ കുഴപ്പമൊന്നുമില്ല…

“”കല്യാണത്തിന്റെ ടെൻഷൻ ഒക്കെ കാരണം ഉറക്കമൊന്നും നേരെ ചൊവ്വേ നടന്നു കാണില്ലായിരിക്കും….

അതിന്റെ ക്ഷീണം കൊണ്ടൊക്കെ ആയിരിക്കും..

അമ്മ പറഞ്ഞതിന് അതേ എന്ന മട്ടിൽ ഞാൻ തലയാട്ടി..

“”മ്മ്മം മോൾക്ക് ചായ ആണോ അതോ കാപ്പി ആണോ വേണ്ടത് ..?

“”ഏതായാലും മതിയമ്മേ.. ഞാൻ ഇട്ടു കുടിച്ചോളാം..

“”വേണ്ട മോളെ ഞാൻ ഇട്ടിട്ടുണ്ട്..

ചായ ആ കാണുന്ന ചുവന്ന ഫ്ലാസ്കിൽ ഉണ്ട്.

നീല ഫ്ലാസ്കിൽ കാപ്പി ആണ്..

ഡേവിഡ് ഭയങ്കര കാപ്പി പ്രിയനാണ്..

കട്ടൻ കാപ്പി എപ്പോൾ കിട്ടിയാലും ആശാൻ കുടിക്കും..

അതുകൊണ്ട് മോള് കാപ്പി ഇട്ടു കൊടുത്തു ഒരു പരുവം ആവും..

അതുകേട്ടു ഞാൻ അമ്മയെ നോക്കി ചെറുതായൊന്നു പുഞ്ചിരിച്ചു..

“”സാമ്പാർ ഉണ്ടാക്കാൻ ആണോ അമ്മേ ഈ പച്ചക്കറി അരിയുന്നത്..

ഇങ്ങ് താ ഞാൻ അരിയാം..

“”വേണ്ട മോളെ ഞാൻ അരിഞ്ഞോളാം..

മോള് ആ ചായ കുടിക്ക്..

അമ്മ പറയുന്നതും കേട്ട് ചായ കുടിച്ചു കൊണ്ടുരിക്കുമ്പോൾ ആണ് ഡേവിഡ് അമ്മേ എന്ന് നീട്ടി ഉമ്മറത്തു നിന്നും വിളിക്കുന്നത്..

“”ഓ അവൻ കസർത്തും കഴിഞ്ഞു വന്നെന്ന് തോന്നുന്നു..

കാപ്പിക്ക് വേണ്ടിയുള്ള വിളിയാണ്..

മോള് ഒരു കപ്പ്‌ കാപ്പി അവന് കൊണ്ടു പോയി കൊടുക്ക്..

പിന്നെ അവന് മധുരം അധികം ഇടല്ലേ..

അമ്മ പറയുന്നതും കേട്ട് ഞാൻ ഒരു കപ്പിലേക്ക് കാപ്പി പകർന്നു അൽപ്പം പഞ്ചാരസാരയും ഇട്ടു കലക്കി  അതുമായി ഉമ്മറത്തേക്ക് ചെന്നു..

“”ഹാ താൻ എഴുന്നേറ്റായിരുന്നോ.. ഞാൻ പോവുമ്പോൾ താൻ നല്ല ഉറക്കമായിരുന്നു അതാണ് വിളിക്കാഞ്ഞത്..

വിയർപ്പിൽ കുളിച്ചിരുന്നു കൊണ്ടാണ് ഡേവിഡ് അത് പറഞ്ഞത്..

ഞാൻ ഒന്നും മിണ്ടാതെ കാപ്പി ഡേവിഡിന് നേരെ നീട്ടി..

പുഞ്ചിരിയോടെ അത് വാങ്ങി ഡേവിഡ് കുസൃതി നിറച്ചൊരു നോട്ടം എന്റെ മേൽ പായിച്ചു..

“”ഞാൻ എന്നും രാവിലെ എഴുന്നേറ്റു ഷട്ടിൽ കളിക്കാൻ പോവും..

അതും കഴിഞ്ഞുള്ള വരവാണ്..

അതാണ് ഇങ്ങനെ വിയർത്ത് ഇരിക്കുന്നത്..

അല്ല താൻ ചായ കുടിച്ചോ..?

“”മ്മം കുടിച്ചു..

ഞാൻ എന്നാൽ അടുക്കളയിലേക്ക് ചെല്ലട്ടെ എന്നും പറഞ്ഞു ഞാൻ പെട്ടെന്ന് തന്നെ അവിടെ നിന്നും അകത്തേക്ക് പോയി….

ഡേവിഡിന്റെ മുഖത്തേക്ക് നോക്കുമ്പോൾ അറിയാതെന്നിൽ നാണം വിടരുന്നോ എന്ന് തോന്നി പോവുന്നു..

അടുക്കളയിൽ എത്തിയതും അമ്മ വേണ്ടെന്ന് പറഞ്ഞിട്ടും ഞാൻ അമ്മയെ സഹായിക്കാൻ കൂടി..

അപ്പോഴാണ് ഉറക്കം എഴുന്നേറ്റു ഡെന്നിസ് അവിടേക്ക് വന്നത്..

“”ഓ തമ്പുരാൻ എഴുന്നേറ്റോ..

അവനെ കണ്ടുകൊണ്ട് അമ്മ ചോദിച്ചു..

അത് കേട്ടവൻ ഒരു വളിച്ച ചിരി പാസ്സാക്കി.

“”കേട്ടോ മോളെ ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഇങ്ങനെ കറങ്ങി നടക്കുന്ന ഈ കുടുംബത്തിലെ തല തിരിഞ്ഞ ഒരേ ഒരെണ്ണം ആണ് ദേ ഈ നിൽക്കുന്നത്..

“”എന്റെ അമ്മേ.. രാവിലെ തന്നെ ചേട്ടത്തിയുടെ മുന്നിൽ എന്റെ വില കളയാൻ ഉള്ള പ്ലാൻ ആണോ..

“”അതിന് അല്ലെങ്കിലും നിനക്കെന്ത് വിലയാടാ ഉള്ളത്….

“”ഓ നിങ്ങൾക്ക് ഒക്കെ ആ ഹിറ്റ്ലർ ആണല്ലോ പുന്നാര മോൻ..

പാവം നമ്മളെ ഒന്നും അല്ലെങ്കിലും ഒരു വിലയും ഇല്ല..

“”ഹാ അതേടാ.. അവന് തന്നെയാണ് വില..

ഈ കുടുംബത്തിന് വേണ്ടി അവൻ അത്രയേറെ കഷ്ടപ്പെടുന്നുണ്ട് ..

ഒരിക്കൽ കടം കേറി നശിക്കാൻ പോയ ഈ തറവാടിനെ അവൻ സ്വന്തം അധ്വാനം കൊണ്ടാണ് ഇന്ന് ഈ നിലയിൽ എത്തിച്ചത്..

“”തുടങ്ങി പഴംപുരാണം.. കേട്ട് കേട്ട് മടുത്തു..

ഞാൻ പോണ് ഇല്ലെങ്കിൽ എന്റെ ചെവിയുടെ ഫിലമെന്റ്  വരെ അടിച്ചു പോവും..

അവരുടെ സംസാരം  കേട്ട് ചെറു ചിരിയോടെ നിൽക്കുവായിരുന്നു ഞാൻ..

“”അല്ല ചേട്ടത്തി നിങ്ങൾ എങ്ങോട്ടാണ് ഹണി മൂൺ പ്ലാൻ ചെയ്തേക്കുന്നത്..?

പെട്ടെന്ന് ആയിരുന്നു എടുത്തടിച്ച പോലെ അവന്റെ ചോദ്യം എന്റെ നേർക്ക് വന്നത് ..

“”ഹണിമൂണോ..?

ഞാൻ അമ്പരപ്പോടെ ചോദിച്ചു..

“”ആഹാ ബെസ്റ്റ്..  ചേട്ടത്തിയുടെ ഭാവം കണ്ടാൽ തോന്നും ഹണിമൂൺ എന്നത് ആദ്യമായി കേൾക്കുന്ന വാക്കാനാണെന്ന്….

അതോ ഞങ്ങളോട് പറയാതെ രണ്ടും എങ്ങോട്ടെങ്കിലും മുങ്ങാൻ പ്ലാൻ ഇട്ടിട്ടുണ്ടോ..

“”ഹേയ് ഇല്ല.. ഒന്നും തീരുമാനിച്ചില്ല..

“”ബെസ്റ്റ്….അല്ലെങ്കിലും ആ ഹിറ്റ്ലർ ഒട്ടും റൊമാന്റിക് അല്ല…

അൺ റൊമാന്റിക് മൂരാച്ചി..

അതുകൊണ്ട്  തന്നെ പറഞ്ഞിട്ട് കാര്യമില്ല..

ഇങ്ങനൊക്കെ വരൂ..

“”എന്താടാ എന്നെ കുറിച്ച് ഒരു കുറ്റം പറച്ചിൽ എന്നും ചോദിച്ചു കൊണ്ടു ഡേവിഡ് അപ്പോൾ അവിടേക്ക് വന്നു..

“”ഓ ഹിറ്റ്ലർ വന്നോ..

ഞാൻ കുറ്റം പറഞ്ഞതൊന്നുമല്ല..

നിങ്ങൾ ഹണി മൂൺ പ്ലാൻ ചെയ്തില്ലേ എന്ന് ചോദിച്ചതാണ്..

“”ഹാ ഞങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാം..

നീ ആദ്യം നിന്റെ കാര്യങ്ങൾ ഒക്കെ മര്യാദക്ക് ചെയ്യാൻ നോക്ക്..

പിന്നെ നിനക്ക് ഈ ഇടയായി കറക്കം കുറച്ചു കൂടുന്നുണ്ട്..

ഞാൻ ഒന്നും അറിയുന്നില്ല എന്ന് വിചാരിക്കരുത്..

ഒരൽപ്പം ഗൗരവം കലർത്തിയാണ് ഡേവിഡ് സംസാരിച്ചത്.

“”ഓ ഹിറ്റ്ലർ ഇപ്പോൾ ഉപദേശം തുടങ്ങും ..

എന്നും പറഞ്ഞു ഡെന്നിസ് നിന്ന് പൊറു പൊറുത്തു.

“”എന്താടാ നിന്ന് പൊറു പൊറുക്കുന്നത്.. മുഖത്ത് നോക്കി സംസാരിക്കടാ..

“”എന്റെ പൊന്നു ചേട്ടായി നിങ്ങൾ ഹണി മൂണിന് പോവുകയോ പോവാതെ ഇരിക്കുകയോ ചെയ്യ്..

അല്ലെങ്കിൽ തന്നെ കാട്ടു പോത്തിനൊക്കെ എന്തോന്നു പ്രണയം..

അവൻ സ്വരം താഴ്ത്തി പറഞ്ഞു.

എല്ലാം കണ്ടും കേട്ടും എനിക്ക് ചിരി വന്നെങ്കിലും ആ ചിരി പുറത്തു വരാതെ ഒരുവിധം കടിച്ചു പിടിച്ചു ഞാൻ നിന്നു.

“”മോനെ ഡേവിഡേ കാര്യം എന്തൊക്ക ആയാലും അവൻ ഇപ്പോൾ പറഞ്ഞതിൽ കാര്യം ഉണ്ട്..

ബന്ധുക്കളുടെ അടുത്തൊന്നും എന്തായാലും ഇപ്പോൾ നിങ്ങൾ പോവുന്നില്ല എന്നാൽ പിന്നെ നീ ഇവളെയും കൊണ്ട് പുറത്തൊക്കെ ഒന്ന് പോയി വാ..

“”അതമ്മേ ഞാൻ ഇപ്പോൾ മാറി നിന്നാൽ ശെരിയാവില്ല ഓഫീസ് കാര്യങ്ങൾ ഒക്കെ കുഴഞ്ഞു മറിയും..

“”ഓരോന്ന് പറഞ്ഞു നീ ഒഴിയാൻ നിൽക്കേണ്ട..

ഓഫീസ് കാര്യം ഒക്കെ നോക്കാനൊക്ക ആളുകൾ ഉണ്ടല്ലോ..

മോനെ അവൾക്കും കാണും നിന്റെ ഒപ്പം പുറത്തൊക്കെ പോവാൻ ആഗ്രഹം..

അത് നീ മനസ്സിലാക്കണം..

പണ്ടത്തെ പോലെ തിരക്കെന്നും പറഞ്ഞു വീട്ടിൽ വല്ലപ്പോഴും വരുന്ന പരുപാടി ഇനി നടക്കില്ല..

ഇപ്പോൾ നിനക്കൊരു ഭാര്യയുണ്ട്..

അവളുടെ ആഗ്രഹങ്ങൾക്ക് വില കൊടുക്കണം..

അല്ലാതെ ഏത് സമയവും ഓരോരോ തിരക്കെന്നും പറഞ്ഞു പറഞ്ഞു നടന്നേക്കരുത്…..

“”അത് തന്നെ ആണ് ഞാനും പറഞ്ഞത് പാവം ചേട്ടത്തിയുടെ മുഖം കണ്ടാൽ തന്നെ അറിയാം യാത്ര പോവാൻ ആഗ്രഹിച്ചു നിൽക്കുവാണെന്നു..

അതുകൊണ്ട് നാളെ തന്നെ രണ്ടും കൂടി വിട്ടോ..

ഡെന്നിസ് ഇടക്ക് കേറി പറഞ്ഞു..

ഡേവിഡ് എന്നെയൊന്നു പാളി നോക്കി..

ഡെന്നിസ് പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ട് നിൽക്കുകയാണ്..

കാരണം ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ് അവൻ പറഞ്ഞത്.

“”നാളെയോ.. നാളെ ഒന്നും പറ്റില്ല..

കുറച്ചു ദിവസം കഴിയട്ടെ..

എന്റെ മനസ്സറിഞ്ഞെന്നോണം ഡേവിഡ് പറഞ്ഞു.

“”പിന്നെ കെട്ടി ഒരു കുട്ടിയും ആവുമ്പോൾ ആണല്ലോ ഹണിമൂൺ പോവുന്നത്..

മുട്ടാപ്പോക്ക് പറയാതെ ചേട്ടാ..

“”ഓ ഇവന്റെ നാക്കിനു ലൈസൻസ് ഇല്ലേ അമ്മേ..

ഇവനെന്റെ ചേട്ടനാണോന്നാണ് എനിക്കിപ്പോൾ സംശയം..

“”ഈ കാര്യത്തിൽ ഞാൻ അവന്റെ കൂടെയാണ് മോനെ.

അമ്മയും കൂടെ ഡെന്നിസിനെ സപ്പോർട്ട് ചെയ്തതോടെ നിസ്സഹായതയോടെ ഡേവിഡ് എന്നെ നോക്കി..

എന്ത്‌ പറഞ്ഞു ഒഴിവാകും എന്നെന്നിക്കും അറിയില്ലായിരുന്നു ..

“”അതേ ചേട്ടന് തിരക്കാണ് എന്നല്ലേ പറഞ്ഞത് അതുകൊണ്ട് ഒരുപാട് ദൂരേക്ക് ഒന്നും പോവണ്ട മൂന്നാർ പൊക്കോ..

അതാവുമ്പോൾ ഹണി മൂൺ ആഘോഷിക്കാൻ പറ്റിയ കിടിലൻ പ്ലേസ് അല്ലേ..

ഡെന്നിസ് തന്നെ സ്ഥലവും നിർദ്ദേശിച്ചു..

അമ്മയും അപ്പോൾ അവിടേക്ക് വന്ന അച്ഛനുംകൂടെ മൂന്നാർ യാത്രയെ പിന്തുണച്ചതോടെ ഞങ്ങൾക്ക് സമ്മതിക്കാതെ വേറെ തരം ഇല്ലായിരുന്നു..

ഡേവിഡുമായി മനസ്സ് കൊണ്ടു ഒന്ന് പൊരുത്തപ്പെടാതെ ഉള്ള ഈ യാത്രയോട് എനിക്ക് തീരെ താല്പര്യം തോന്നിയില്ല..

പക്ഷേ എല്ലാവരുടെയും ആഗ്രഹത്തിന് മുന്നിൽ  എതിർപ്പ് തുറന്നു പറയാനാവാതെ എനിക്ക് കീഴടങ്ങേണ്ടി വന്നു…

രാത്രി തന്നെ മൂന്നു ദിവസത്തേ മൂന്നാർ യാത്രക്കുള്ള ഡ്രെസ്സും മറ്റും ഡേവിഡ് തന്നെ പായ്ക്ക് ചെയ്തു വെച്ചു.

എനിക്ക് ഈ യാത്രയോട് താല്പര്യമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ആവണം യാത്രയെ കുറിച്ച് കൂടുതൽ ആയൊന്നും ഡേവിഡ് എന്നോട് സംസാരിച്ചില്ല..

ഒന്നും മിണ്ടാതെ വെറും കണ്ട് പരിചയമുള്ള രണ്ട് അപരിചിതരെ പോലെ ഞങ്ങൾ പരസ്പരം പുഞ്ചിരി കൈമാറി  മുറിയിൽ കിടന്നു ഉറങ്ങി..

പിറ്റേന്ന് ഉച്ചയോടു അടുത്താണ് ഞങ്ങൾ യാത്ര പുറപ്പെട്ടത്..

മൂന്നാറിലെ മഞ്ഞിന്റെ മൂടുപടം ചാർത്തുന്ന സായാഹ്ന കാഴ്ച കാണുന്നത് ആണ് ഏറ്റവും ഭംഗി എന്നും പറഞ്ഞു ഡേവിഡ് തന്നെ ആണ് യാത്ര താമസിപ്പിച്ചത്..

അതിനിടയിൽ യാത്ര ഒഴിവാക്കാൻ ഡേവിഡ് ഒരിക്കൽ കൂടി വിഫല ശ്രമം നടത്തി നോക്കി….

പക്ഷേ വിജയിച്ചില്ല….

അങ്ങനെ  അവരോട് ഒക്കെ യാത്ര പറഞ്ഞു ഞങ്ങൾ രണ്ടും കാറിൽ കേറി മൂന്നാർ ലക്ഷ്യമാക്കി യാത്ര തുടങ്ങി..

മനസ്സ് കൊണ്ടു പരസ്പരം പൂർണ്ണമായും  ഒത്തു ചേരാത്ത രണ്ടു പേരുടെ ഹണിമൂൺ യാത്ര..പ്രകൃതി വിസ്മയം ഒരുക്കി കാത്തിരിക്കുന്ന

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക്…..

(തുടരും…)

രണ്ടിനെയും ഹണിമൂണിന് പറഞ്ഞു വിട്ടിട്ടുണ്ട്..

ഇനി എന്താവുമോ എന്തോ..

(സ്നേഹപൂർവ്വം… ശിവ )

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Janmam written by Shiva

4.7/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply