Skip to content

ധ്രുവൻ – The Niyogi – 3

dhruvan

അധ്യായം – 3

***************

അകലെ ചന്ദ്രമുടി വനനിരകളിലേക്കു നോട്ടം ഉറപ്പിച്ച അവന്റെ കണ്ണുകളിൽ  പൈശാചികത നിറഞ്ഞു നിന്നു….. വീശിയടിക്കുന്ന കാറ്റിൽ തലയുടെ മുകളിലും പിന്നിലുമായി സമൃദ്ധമായി വളർന്നു നിന്ന സട പാറിപറന്നു….

ആകാശത്തു നിന്നും ശക്തമായ ഒരു മിന്നൽ ആ പാറയുടെ കീഴിൽ നിന്ന ഉണക്കമരത്തിൽ പതിച്ചു…. നിന്ന നില്പിൽ ആ മരത്തിൽ അഗ്നി ആളിപടർന്നു….

അസ്തമയസൂര്യനെയും ആളിപടരുന്ന അഗ്നിയേയും സാക്ഷിയാക്കി തിന്മയുടെ കരുത്തനായ ആ പോരാളി നിന്നു….

കരുണ എന്തെന്ന് അറിയാത്ത…. കണ്ണിൽ ചോരയില്ലാത്ത… പൈശാചികതയുടെയും ക്രൂരതയുടെയും പ്രതിരൂപമായ ആ സിംഹരാജന്റെ നാമം….

ഹിരണ്യൻ……..

നന്ദ എന്ന പെൺകടുവ അടക്കി ഭരിക്കുന്ന ചന്ദ്രമുടികാട്ടിലേക്ക് ഇനി ഇവന്റെ…… തിന്മ മാത്രം നിറഞ്ഞ കരുത്തനായ ഹിരണ്യൻ എന്ന മൃഗരാജന്റെ എഴുന്നള്ളത്ത്….

            *******************

ചന്ദ്രമുടി കാടിന്റെ അതിർത്തി പ്രദേശത്ത് വേട്ടയാടാനായി എത്തിയതായിരുന്നു മായൻ…. വളർന്നു നിൽക്കുന്ന പുൽച്ചെടികൾക്കിടയിൽ പതുങ്ങി കിടന്നു കൊണ്ട് അവൻ തന്റെ ഇരയെ ലക്ഷ്യം വെച്ചു….

അവൻ ഇരിക്കുന്നിടത്ത് നിന്നും ഏകദേശം ഇരുപത്തിയഞ്ചു അടി അകലെയായി മാൻകൂട്ടം മേയുന്നുണ്ട്… ആ കൂട്ടത്തിലെ ഇളംപ്രായത്തിലുള്ള ഒന്നിനെയാണ് മായൻ ലക്ഷ്യം വെച്ചത്….

അവൻ ആ മാൻകുട്ടിയുടെ നിൽപ്പും… പെട്ടെന്ന് ഒരാക്രമണം ഉണ്ടായാൽ അത് എങ്ങോട്ട് ഓടുമെന്നും മനസ്സിൽ കണക്ക് കൂട്ടി….

തന്നിൽ നിന്നും മാൻകുട്ടിയെലേക്കുള്ള ദൂരവും അതിന്റെ അടുത്തേക്ക് എത്താനുള്ള സമയവും മായൻ കൃത്യമായി മനസ്സിൽ ഉറപ്പിച്ചു…. അവൻ തന്റെ കണ്ണുകൾ ഇരയിൽ തന്നെ ഉറപ്പിച്ചു…. മറ്റൊന്നും മായൻ കാണുന്നുണ്ടായിരുന്നില്ല…. തന്റെ സർവ്വകരുത്തും ആവാഹിച്ച കാലുകൾ നാലും ഒരേ സമയം മണ്ണിൽ ഉറപ്പിച്ചു മായൻ കൊടുംകാറ്റിന്റെ കരുത്തോടെ മുന്പോട്ട് കുതിച്ചു…..അപകടം മണത്തതും മാനുകൾ ചിതറി ഓടി….

മായന്റെ ശ്രദ്ധ തന്റെ ഇരയിൽ മാത്രമായിരുന്നു…. അതിനും മനസ്സിലായി,  തന്നെയാണ് കരിമ്പുലി ലക്ഷ്യം വെച്ചിരിക്കുന്നതെന്നു….

പ്രാണൻ കൈയിലെടുത്ത് ആ മാൻ കുതിച്ചു… പിന്നിൽ മായനും…. ഇടംവലം വെട്ടി തിരിഞ്ഞു കൊണ്ടുള്ള മാനിന്റെ ഓട്ടം മായന് തെല്ലൊരു ബുദ്ധിമുട്ട് ഉണ്ടാക്കി…. മാൻ വെട്ടി തിരിയുന്നത്ര വേഗത്തിൽ മായന് തിരിയാൻ കഴിയുമായിരുന്നില്ല…. എങ്കിലും അവൻ അതിനെ വിടാതെ പിന്തുടർന്നു….

തുറസായ സ്ഥലം കഴിഞ്ഞു മരങ്ങൾ ഇടതൂർന്നു നിൽക്കുന്ന പ്രേദേശത്തേക്ക് തന്റെ ഇര എത്തി കഴിഞ്ഞാൽ പിന്നെ അവനെ പിടികൂടുക പ്രയാസമായിരിക്കും എന്ന് മായന് വ്യക്തമായി അറിയാമായിരുന്നു…. ഉള്ളിൽ കത്തിയാളുന്ന വിശപ്പ് അവന്റെ വേഗതയെ കൂട്ടി… സ്വന്തം ജീവനെ കുറിച്ചുള്ള ചിന്ത മാനിന്റെയും വേഗതയെ വർദ്ധിപ്പിച്ചു….

അതിവേഗം ഇരുവരും കുതിക്കുന്നതിന്റെ ഇടയിൽ പെട്ടെന്നാണ് അത് സംഭവിച്ചത്….

പുൽച്ചെടികൾക്കിടയിൽ നിന്നും ശക്തമായ ഒരു അടിയേറ്റ് മാൻകുട്ടി ഇടത് വശത്തേക്ക് തെറിച്ചു വീണു… രണ്ടേരണ്ടു നിമിഷം പിടച്ചിട്ട് ആ പാവം ജീവി കാലപുരി പൂകി….

പിന്നാലെ വന്ന മായൻ കരുത്ത് നിറഞ്ഞ ഒരു ശരീരത്തിൽ ഇടിച്ചു മറിഞ്ഞു വീണു….

അവന് തല പെരുത്ത് കയറുന്നതു പോലെയും കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെയും തോന്നി… ഒന്ന് രണ്ട് നിമിഷങ്ങൾ വേണ്ടി വന്നു മായന് ബോധമണ്ഡലത്തിലേക്ക് തിരിച്ചെത്താൻ….

കണ്ണുകളിലെ ഇരുട്ട് മാറിയപ്പോൾ തന്റെ തലക്ക് മുകളിൽ ക്രൗര്യം തിളങ്ങുന്ന രണ്ട് കണ്ണുകളാണ് മായൻ ആദ്യം കണ്ടത്….പിന്നിടാണ് ആ കണ്ണുകളുടെ ഉടമസ്ഥന്റെ മുഖം വ്യക്തമായും അവൻ തിരിച്ചറിഞ്ഞത്….

ഒരു സിംഹത്തിന്റെ മുഖമായിരുന്നു അത്…. മായൻ പിടഞ്ഞെഴുന്നേറ്റു…. അവൻ കുറച്ചു പിന്നിലേക്ക് മാറി നിന്നുകൊണ്ട് സിംഹത്തെ നോക്കി മുരണ്ടു….

സിംഹമാകട്ടെ പ്രേത്യേകിച്ചു ഭാവഭേദമൊന്നും ഇല്ലാതെ മായനെ തന്നെ നോക്കി നിന്നു….

ആരാണ് നീ…. കാടുകളുടെ അതിർത്തി ലംഘിച്ചു വേട്ടയാടുന്നത് അത്ര നല്ലതല്ല….

മായൻ വീണ്ടും അവനെ നോക്കി മുരണ്ടു…. സിംഹം ആകട്ടെ മായൻ ചോദിച്ചത് കേൾക്കാത്ത മട്ടിൽ തന്റെ വലത് കൈ ഉയർത്തി അതിൽ നക്കി….

മായൻ ഒരു പോരാട്ടത്തിന് തയ്യാറെടുത്ത് കഴിഞ്ഞു…. ഒറ്റ നോട്ടത്തിൽ തന്നെ എതിരേ നിൽക്കുന്നവൻ തന്നെക്കാൾ കരുത്തനാണെന്നു മായൻ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു… എങ്കിലും തോൽവി സമ്മതിച്ചു പിന്മാറാൻ അവന്റെ ഉള്ളിലെ പോരാളി ഒരുക്കമായിരുന്നില്ല….

പെട്ടെന്നാണ് പിന്നിൽ നിന്നും ഒരാരവം ഉയർന്നത്…. മായൻ തിരിഞ്ഞു നോക്കി… നൂറ് കണക്കിന് ചെന്നായ്ക്കൾ… നിപുണന്റെ നേതൃത്വത്തിൽ അവർ അവിടേക്ക് തിരമാല പോലെ അലയടിച്ചെത്തി….

മായന്റെ അരികിലെത്തിയതും നിപുണൻ സിംഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി… അവന്റെ കണ്ണുകളിൽ തിളങ്ങുന്ന ആരാധനഭാവം മായൻ വ്യക്തമായും തിരിച്ചറിഞ്ഞു….

ചെന്നായ്ക്കൂട്ടം മുഴുവനായി തങ്ങളുടെ മുൻകാലുകൾ മുന്നോട്ട് വെച്ചു കൊണ്ട് സിംഹത്തിന്റെ മുന്നിൽ നമസ്‌കരിക്കുന്നത് പോലെ കിടന്നു….

മായൻ ഒന്നും മനസിലാകാതെ നിന്നു…

ഇരുട്ടിന്റെ പോരാളിക്ക് ചന്ദ്രമുടി വനത്തിലേക്ക് സ്വാഗതം…. അങ്ങയുടെ വിശ്വസ്തസേവകരായി ഈ വനത്തിൽ  നിപുണനും കൂട്ടരും എന്നുമുണ്ടാകും….

നിപുണൻ പറഞ്ഞു തീർന്നതും ഹിരണ്യൻ നിവർന്നു നിന്നുകൊണ്ട് തന്റെ സട ഒന്ന് കുടഞ്ഞു…. ശേഷം തല ഉയർത്തി ചുറ്റുമൊന്നു നോക്കി….

ഞാൻ ഹിരണ്യൻ…. ഇന്ന് മുതൽ ഈ വനം എനിക്ക് സ്വന്തം….. ഞാൻ പറയുന്നതാണ് ഇവിടുത്തെ നിയമം… ഞാൻ പറയുന്നതാണ് ഇവിടെ അവസാനവാക്ക്…

പറഞ്ഞു തീർന്നതും ഹിരണ്യൻ ഉറക്കെ ഒന്ന് ഗർജ്ജിച്ചു….

ഹേയ്… ഈ വരത്തൻ സിംഹത്തിന്റെ ഭ്രാന്തൻ ജല്പങ്ങൾക്ക് ചെവികൊടുക്കുന്ന മണ്ടന്മാരെ… നിങ്ങളുടെ മസ്തിഷ്‌കം മരവിച്ചിരിക്കുന്നു….. ഇതൊന്നും സാധ്യമാകുന്ന കാര്യമല്ല…. ഇരുളിന്റെ കൈകൾ ഈ കാടിനെ ആലിംഗനം ചെയ്യില്ല…. അനുവദിക്കില്ല വെളിച്ചത്തിന്റെ പോരാളികൾ….

എവിടെ നിന്നെന്നറിയാതെ വന്ന ആ ശബ്ദം കേട്ട് എല്ലാവരും ചുറ്റും നോക്കി…. അല്പം അകലെയായി ഒരു മരത്തിൽ ഒരു വയസ്സൻ കുരങ്ങൻ ഇരിക്കുന്നത് അവർ കണ്ടു…

ഭ്രാന്തൻ കുരങ്ങൻ…

നിപുണൻ പിറുപിറുത്തു….

എന്നാൽ ഹിരണ്യൻ ആ കുരങ്ങനെ തന്നെ ശ്രദ്ധിച്ചു കൊണ്ട് നിന്നു…

അവൻ ഭ്രാന്തൻ കുരങ്ങനല്ല…. സത്യം വിളിച്ചു പറയുന്നവനാണ്… ഇവിടെ എന്റെ ദൗത്യം എത്രയും പെട്ടെന്ന് ചെയ്തു തീർക്കേണ്ടതുണ്ട്…. ധ്രുവൻ… എനിക്ക് അവനെയാണ് വേണ്ടത്…. ഇനിയൊരു നിയോഗി ഈ ഭൂമിയിൽ പിറവി കൊള്ളണ്ട… മുടിക്കണം… എന്റെ നാഥന്റെ വരവിനു തടസ്സം നിൽക്കുന്ന നിയോഗിപ്പടയെ മുച്ചൂടും മുടിക്കണം…. മുടിക്കും ഞാൻ… പൂർണമായും ഇല്ലാതെയാക്കിയിരിക്കും…. എന്റെ നാമം ഹിരണ്യൻ…..

ആ ഗർജനം ഒരു ഇടിമുഴക്കമായി ചന്ദ്രമുടിയിൽ മുഴങ്ങി.. വരാൻ പോകുന്ന ആപത്തുകളുടെ സൂചന എന്നോണം ചന്ദ്രമുടിയുടെ കിഴക്കൻമാനത്ത് കാർമേഘങ്ങൾ ഉരുണ്ട് കൂടി…..

           *********************

ചന്ദ്രമുടി കാടിന്റെ ജീവധാരയായ പുഴയ്ക്കരുകിൽ മേയുകയാണ് ആനകൂട്ടം…. വിശാലമായ പുൽപരപ്പ്  പച്ച പരവതാനി വിരിച്ച ആ പുഴക്കരയിൽ ആനക്കൂട്ടത്തിൽ നിന്നും അല്പം അകലെ മാറി സഹ്യാദ്രിക്ക് അരികിലായി നന്ദ നിന്നു….

എനിക്ക് ഉള്ളിൽ ഭയമേറുന്നു സഹ്യാദ്രി…. ധ്രുവൻ… അവൻ ജനിച്ചിട്ട് ഇന്നേക്ക് എൺപത്തിഏഴ് ദിവസം കഴിയുന്നു…. തൊണ്ണൂറാം ദിവസം അവന്റെ ജന്മരഹസ്യം ഓതിക്കൊടുക്കുവാൻ ആരോ ഒരാൾ വരുമെന്നാണ് പറഞ്ഞിരുന്നത്… അത് വരെ എന്റെ കുഞ്ഞിന് ഒരാപത്തും വരാതെ സുക്ഷിക്കണമെന്നും…

പക്ഷെ…പക്ഷെ ദിവസം കഴിയും തോറും എന്റെ ഉള്ളിൽ അഗ്നിയാണ്… എന്റെ കുഞ്ഞ്…

അത് പറയുമ്പോൾ നന്ദയുടെ മിഴികളിൽ നിർമുത്തുകൾ തിളങ്ങി….

നന്ദ… നീ വെറുമൊരു പെൺകടുവ മാത്രമല്ല… ഈ ചന്ദ്രമുടിയുടെ സർവ്വാധികാരി കൂടിയാണ്…. എത്ര ഭംഗിയായിട്ടാണ് നീ നമ്മുടെ കാടിനെ സംരക്ഷിക്കുന്നത്… നിന്റെ നാമം കേട്ടാൽ ഈ കാട് വിറക്കും…. അത്രക്ക് കരുത്തുള്ള നീയാണോ ഇങ്ങനെ ഭയപ്പെടുന്നത്…? ധ്രുവനെ ഓർത്ത് നീ വിഷമിക്കണ്ട… മൂന്ന് ദിവസം…. മൂന്നേ മൂന്ന് ദിവസം കൂടി അവനെ നമ്മൾ സംരക്ഷിച്ചാൽ മതി…. അത് കഴിഞ്ഞാൽ ധ്രുവൻ ഈ ലോകത്തിന്റെ സംരക്ഷകനായ നിയോഗി ആയി മാറും… അത് വരെ ഈ കാട്ടിൽ അവന് ആപത്തൊന്നും വരില്ല…..

സഹ്യാദ്രി അവളെ സമാധാനിപ്പിച്ചു….

അറിഞ്ഞില്ലേ…… കിഴക്കേ പുൽമേട്ടിൽ കാട്ടുപോത്തുകളുടെ തലവനും മറ്റ് നാല് പോത്തുകളും ആരാലോ ആക്രമിക്കപ്പെട്ട് മരിച്ചു കിടക്കുന്നു…..

അവരുടെ തലക്ക് മീതെ കൂടി പറന്നു പോയ തത്തകൂട്ടത്തിൽ നിന്നും ഒരു തത്ത വിളിച്ചു പറഞ്ഞു…

ഒരു നിമിഷം അത് കേട്ടതും നന്ദയും സഹ്യാദ്രിയും ഒന്നമ്പരന്നു…. തലവനടക്കം അഞ്ചു പോത്തുകൾ ഒരുപോലെ ആക്രമിക്കപ്പെട്ടിരിക്കുന്നു…അതും ചന്ദ്രമുടി കാട്ടിൽ….

സഹ്യാദ്രിയും നന്ദയും പരസ്പരം നോക്കി… പോത്തുകളെ ആക്രമിക്കാൻ കഴിവുള്ള രണ്ടേ രണ്ട് പേരെ ഈ കാട്ടിലുള്ളു…. ഒന്ന് നന്ദ… മറ്റൊന്ന് മായൻ…. കൂട്ടമായി വരുന്ന പോത്തുകളെ ആക്രമിച്ചു അതിലൊന്നിനെ കീഴ്പ്പെടുത്താൻ നന്ദക്ക്‌ കഴിയും…. മായനെ കൊണ്ട് അതിനും സാധിക്കില്ല.. ഒറ്റപ്പെടുത്തി ആക്രമിച്ചു കീഴ്പെടുത്താനെ അവന് സാധിക്കു… ഇത് ഒരേ സമയം അഞ്ചെണ്ണം….

നന്ദയുടെയും സഹ്യാദ്രിയുടെയും ഉള്ളിൽ ഒരുപോലെ അപായമണി മുഴങ്ങി…. ഇരുവരും കിഴക്കേ പുൽമേട് ലക്ഷ്യമാക്കി കുതിച്ചു….

ഇരുവരും എത്തുമ്പോഴേക്കും കുറുക്കന്മാരും ചെന്നായ്ക്കളും അടങ്ങുന്ന വലിയൊരു സംഘം അവിടെ തടിച്ചു കൂടിയിരുന്നു…. ഭക്ഷണം തന്നെ ലക്ഷ്യം… അതേ ലക്ഷ്യം വെച്ചു കഴുകന്മാരും അവിടെ വട്ടം ചുറ്റി….

കൊടുംകാറ്റിന്റെ കരുത്തോടെ കുതിച്ചു വരുന്ന നന്ദയെ കണ്ടതും എല്ലാവരും ചിതറി ഓടി…. നന്ദ ഓടി പോത്തുകളുടെ അരികിൽ എത്തി….

പുറകെ വന്ന സഹ്യാദ്രി അല്പം അകലെയായി നിന്നു…

നന്ദ ഓരോ പോത്തുകളുടെയും അരികിലായി എത്തി മുറിവുകളുടെ ആഴം വ്യക്തമായി പരിശോധിച്ചു…. കരിമ്പുലിയുടെയും ചെന്നായ്ക്കളുടെയും നഖത്തിന്റെയും പല്ലിന്റെയും അടയാളങ്ങൾ അവൾ പെട്ടന്ന് തിരിച്ചറിഞ്ഞു…. എന്നാൽ ഓരോ പോത്തിന്റെയും മുഖത്ത് ആഴത്തിൽ മുറിവുണ്ടാക്കി കടന്ന് പോയ നഖങ്ങളുടെ പാടും… കഴുത്തിൽ പതിഞ്ഞിരിക്കുന്ന പല്ലുകളുടെ അടയാളവും അവളിൽ ഒരു ഉൾക്കിടിലം ഉണ്ടാക്കി….

നന്ദ വേഗം ചുറ്റുമുള്ള ഓരോ മരങ്ങളും സൂക്ഷ്മമായി പരിശോധിച്ചു… ഒരു ഇഞ്ച് പോലും അവശേഷിപ്പിക്കാതെ അവൾ പരിശോധിച്ചു….

സഹ്യാദ്രിയും മറ്റുള്ളവരും അകലെ നിന്ന് നന്ദയുടെ പ്രവർത്തികൾ സസൂക്ഷ്മം വീക്ഷിച്ചു….

നന്ദ സഹ്യാദ്രിയുടെ അരികിലേക്ക് എത്തി….

ആരോ ഒരാൾ അതിർത്തി ലംഘിച്ചു കടന്നു കയറിരിക്കുന്നു സഹ്യാദ്രി…. അതിശക്തനായ ഒരാൾ…. പക്ഷെ അതൊരു കടുവയല്ല…

നന്ദയുടെ മുഖത്തെ ഭയാശങ്കകൾ സഹ്യാദ്രി പെട്ടെന്ന് മനസിലാക്കിയെടുത്തു….

കടുവകൾ അല്ലാതെ പിന്നെ മറ്റാരാണ് നന്ദ ഇത്രയും ശക്തിയുള്ളവർ…?

കടുവയല്ല…. അധികാരം ഉറപ്പിച്ചു എന്നെ വെല്ലുവിളിക്കുന്ന ഒരു അടയാളം പോലും എവിടെയും ഇല്ല… കടുവകളാണെങ്കിൽ തീർച്ചയായും അതിർത്തി അറിയിക്കാൻ അടയാളം ഇടുമായിരുന്നു….?

നന്ദ ഒരു നിമിഷം നിർത്തി….

ആരായാലും അവൻ ഈ കാടിന്റെ നന്മക്കായി വന്നവനല്ല…. മായനും ചെന്നായ കൂട്ടവും അവനെ സഹായിച്ചിട്ടുണ്ട്…. അവർ ഒരുമിച്ചാണ് പോത്തിൻകൂട്ടത്തെ ആക്രമിച്ചത്…

അത് പറയുമ്പോൾ നന്ദയുടെ കണ്ണുകൾ കുറുകി വന്നു…. പക്ഷെ സഹ്യാദ്രിക്ക് അതിനും അപ്പുറമുള്ള ഒരു അപായസൂചന തന്റെ തലച്ചോറിൽ മുഴങ്ങി…..

ധ്രുവൻ…. അവനെ ലക്ഷ്യം വെച്ചുള്ള കടന്നുകയറ്റമാണിത്…. അവനെ ലക്ഷ്യം വെച്ച് കൊണ്ടുള്ളത് മാത്രം…

സഹ്യാദ്രി അത്രയും ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും നന്ദയുടെ ഗർജനം അവിടെ മുഴങ്ങി കഴിഞ്ഞിരുന്നു….

അവളുടെ ഗർജ്ജനത്തിൽ ചന്ദ്രമുടി വിറച്ചു… അങ്ങ് അകലെയായി വീണു കിടക്കുന്ന പോത്തുകളെ കൊതിയോടെ നോക്കി നിൽക്കുകയായിരുന്ന ചെന്നായ കൂട്ടം നന്ദയുടെ അലർച്ച മുഴങ്ങിയതും പല വഴിക്ക് തിരിച്ചോടി…

ഈ കാടിന്റെ സർവ്വാധികാരി ഞാൻ ആണ്…. നന്ദയെന്ന ഈ പെൺകടുവ… അനുവാദമില്ലാതെ അതിർത്തി കടന്നു വേട്ടയാടിയത് ആരായാലും ചെയ്തത് തെറ്റ്…. ഇനി ഇത് ആവർത്തിച്ചാൽ ഒരു പെൺകടുവയുടെ ശൗര്യം എന്താണെന്ന് നിങ്ങൾ അനുഭവിച്ചു അറിയും….

കോപം കൊണ്ട് നന്ദ അലറി…..

പക മൂത്ത പെൺകടുവയുടെ ഗർജ്ജനത്തിന്റെ ശബ്ദം ചന്ദ്രമുടിയിൽ മുഴങ്ങിയതും സകലമാന പക്ഷിമൃഗാദികളും എവിടെയൊക്കയോ പോയി ഒളിച്ചു… ഒരാൾ മാത്രം ശാന്തനായി സൗമ്യനായി അകലെ ഒരു കുന്നിൻ മുകളിലെ പാറയുടെ മുകളിൽ വിശ്രമത്തിനുള്ള ഒരുക്കത്തിലായിരുന്നു….

ചന്ദ്രമുടിയുടെ അധികാരം കൈക്കലാക്കി… ആ ആരണ്യകത്തെ ചോരക്കളമാക്കുവാൻ അതിർത്തി കടന്നെത്തിയവൻ….

ഹിരണ്യൻ….

              *******************

മൂന്ന് ദിവസങ്ങൾക്കു ശേഷം…. കൃത്യമായി പറഞ്ഞാൽ ധ്രുവൻ ജനിച്ചു തൊണ്ണൂറാം ദിവസം…..

തനിക്ക് ചുറ്റും നടക്കുന്ന ഗൂഡാലോചനകളെ കുറിച്ചോ…. താൻ ആരാണെന്ന സത്യമോ തിരിച്ചറിയാതെ കുഞ്ഞ് ധ്രുവൻ പതിവ് പോലെ അമ്മയുടെ കണ്ണ് വെട്ടിച്ച് തന്റെ കൂട്ടുകാരനോടൊപ്പം കാട് ചുറ്റിക്കറങ്ങാനിറങ്ങി…. അവനിപ്പോൾ കുറച്ചു കൂടി വലിപ്പം വെച്ചിരുന്നു…. വിമലനെക്കാൾ വലിപ്പം തനിക്കിപ്പോൾ ഉണ്ടെന്ന് അഭിമാനപൂർവം അവൻ മനസിലാക്കി….

ഇരുവരും കാട്ടിലൂടെ വെറുതെ ചുറ്റി കറങ്ങിയും…. ചെറുമൃഗങ്ങളെ പേടിപ്പിച്ചും ഒച്ചയും ബഹളവും ഉണ്ടാക്കി മുൻപോട്ട് നീങ്ങി…

ഏറെക്കുറെ ചന്ദ്രമുടിക്കാട് ധ്രുവന് പരിചിതമായി കഴിഞ്ഞിരുന്നു… തന്റെ ജന്മസിദ്ധമായ കഴിവുകൾ ഉപയോഗിച്ചു ശത്രുവിന്റെ സാമീപ്യം തിരിച്ചറിയാനുള്ള സിദ്ധിയും അവനപ്പോഴേക്കും കൈ വന്നിരുന്നു ..

ഒരു വലിയ മൈതാനം പോലെ പരന്നു കിടക്കുന്ന വെളിമ്പ്രദേശത്തേക്ക് ധ്രുവനും വിമലനും എത്തി…. ഇരുവരും ചേർന്ന് ചെറിയ ചില പ്രാണികളെ പിടിക്കാനുള്ള ശ്രമം ആരംഭിച്ചു….

വളരെ ശ്രദ്ധയോടെ…. വലത് മുൻകാൽ ഉയർത്തി പിടിച്ചു കൊണ്ട് തന്റെ മുൻപിലെ പുൽച്ചെടികൾക്ക് ഇടയിൽ നേരിയ എന്തെങ്കിലും അനക്കമെങ്കിലും ഉണ്ടോ എന്ന് ശ്രദ്ധിച്ച് കൊണ്ട് ധ്രുവൻ അനങ്ങാതെ നിന്നു….

വിമലൻ അല്പം അകലെ മാറി നിന്നുകൊണ്ട് ധ്രുവന്റെ ചെയ്തികളെ സസൂക്ഷ്മം നീരിക്ഷിച്ചു…… അവന്റെ തല രണ്ട് സൈഡിലേക്കും ഇടക്കിടെ വെട്ടി കൊണ്ടിരുന്നു….

ധ്രുവൻ സൂക്ഷ്മതയോടെ…. അതീവശ്രദ്ധയോടെ പുല്ലുകൾക്കിടയിലെ ചെറുജീവികളുടെ ചലനം നീരീക്ഷിച്ചു കൊണ്ടിരുന്നു….

പെട്ടെന്നാണ് അകലെ ഒരു ആരവം മുഴങ്ങിയത്…. ധ്രുവനും വിമലനും ഞെട്ടി ആരവം കേട്ട ഭാഗത്തേക്ക് നോക്കി….

നൂറ് കണക്കിന് ചെന്നയ്ക്കൾ അവ ധ്രുവനും വിമലനും നിൽക്കുന്നിടം ലക്ഷ്യമാക്കി കുതിച്ചു വരുന്നു…

ചങ്ങാതി അപകടം….

വിമലൻ ധ്രുവനോട് മന്ത്രിച്ചു…

ധ്രുവൻ പേടിയോടെ ഒരു ചുവട് പിന്നിലേക്ക് വെച്ചു… പക്ഷെ വിമലൻ ധ്രുവന്റെ മുന്നിലേക്ക് കയറി നിന്നു… ധ്രുവൻ ഒരു നിമിഷം അമ്പരന്നു…

വിമലാ… എന്താ ഇത് വാ പോകാം….

ഞാൻ എന്തിന് പേടിച്ചോടണം ധ്രുവൻ… ഇത് ഞാൻ ജനിച്ചു വളർന്ന കാടാണ്… എന്റെ ഒപ്പം നിൽക്കുന്നത് ഈ കാടിന്റെ രാജകുമാരനായ കടുവകുട്ടിയാണ്… പിന്നെ ഞാൻ എന്തിന് ഭയക്കണം….

വിമലൻ പറഞ്ഞത് കേട്ടു ധ്രുവൻ എന്തോ തിരിച്ചു പറയാൻ ഒരുങ്ങി… പക്ഷെ അപ്പോഴേക്കും ചെന്നായക്കൂട്ടം അടുത്തെത്തി കഴിഞ്ഞിരുന്നു….

നിപുണന്റെ നേതൃത്വത്തിൽ ചെന്നായകൂട്ടം അവർക്ക് മുന്നിൽ നിരന്നു നിന്നു….

ധ്രുവൻ ഭയത്തോടെ പിന്നിലേക്ക് നീങ്ങി കൊണ്ടിരുന്നു…. എന്നാൽ വിമലൻ നിന്നിടത്ത് തന്നെ ഉറച്ചു നിന്നു….

ഹേയ് കടുവക്കുട്ടി… ചന്ദ്രമുടി കാട്ടിലെ കടുവകളുടെ ആധിപത്യത്തിന് ഇന്നത്തോടെ അവസാനം…. നീയും നിന്റെ അമ്മയും ഇന്ന് യമപുരിക്ക് യാത്രയാകും…. ഞങ്ങൾ നിങ്ങളെ സന്തോഷപൂർവം പറഞ്ഞു വിടും…. പിന്നെ ഈ കാട് ഞങ്ങൾക്ക് സ്വന്തം….

ധ്രുവനെ ക്രൂരമായി നോക്കി കൊണ്ട് നിപുണൻ മുരണ്ടു… മെല്ലെ മുൻപോട്ടു നടക്കാൻ തുടങ്ങി…. എന്നാൽ വിമലൻ നിപുണന്റെ വഴിക്ക് തടസ്സം കേറി നിന്നു….

നീ ചെന്നായ ആണെങ്കിൽ ആദ്യം എന്നോട് എതിർക്ക് എന്നിട്ടെ അവനെ തൊടാൻ കഴിയു….

തന്റെ മുൻപിൽ നിൽക്കുന്ന കുറുക്കനെ നിപുണൻ പുച്ഛത്തോടെ നോക്കി…

നീയോ…? നേരെ നിൽക്കാൻ ത്രാണിയില്ലല്ലോടാ ചെക്കാ….? അങ്ങോട്ട് മാറി നിൽക്ക്…

പറഞ്ഞതും വലത് മുൻകാൽ എടുത്തു വിമലിന്റെ മുഖത്തിനിട്ടു ശക്തമായ ഒരടി കൊടുത്തു നിപുണൻ…

വിമലൻ തെറിച്ചു അകലേക്ക് വീണു… ഭയന്ന് പിന്നിലേക്ക് പോയ ധ്രുവൻ പെട്ടെന്ന് ഓടി വിമലന്റെ അടുത്തേക്ക് ചെന്നു….

അവൻ സ്നേഹത്തോടെ വിമലനെ നക്കി തുടച്ചു…

രക്ഷപെടു ധ്രുവാ… ഇവരെ ഞാൻ നോക്കിക്കോളാം….

വിമലൻ പറഞ്ഞതും ധ്രുവൻ പിന്നിലേക്ക് നോക്കി…. ചോരക്കൊതി പൂണ്ട നൂറ് കണക്കിന് ചെന്നായ്ക്കൾ… അവർ തന്നെ മാത്രം നോക്കി നിൽക്കുന്നു… നിപുണൻ അപ്പോഴേക്കും ധ്രുവന്റെ അരികിലെത്തി കഴിഞ്ഞിരുന്നു…

ധ്രുവൻ ശരീരത്തിന്റെ വലിപ്പം മനസ്സിൽ കണക്ക് കൂട്ടി…. നിപുണന്റെ അത്രക്ക് വലിപ്പം വെച്ചിട്ടില്ലെങ്കിലും ഏകദേശം അത്രത്തോളം എത്തി എന്ന് പറയാറായിട്ടുണ്ട് എന്ന് അവന് തോന്നി…

കുഞ്ഞേ… മരിക്കാൻ തയ്യാറായി കൊള്ളൂ… ഇന്നത്തോട് കൂടി ഈ കഥ അവസാനിക്കുകയായാണ്….

ഞങ്ങൾ എന്ത് ദ്രോഹം ചെയ്തു നിങ്ങളോട്….. എന്തിനാണ് ഞങ്ങളെ ഉപദ്രവിക്കുന്നത്…?

ധ്രുവൻ പിന്നിലേക്ക് നീങ്ങികൊണ്ട് ചോദിച്ചു…

നീ ഒന്നും ചെയ്തിട്ടില്ല ധ്രുവൻ… പക്ഷെ അധികാരം… അത് ഇനി ഞങ്ങൾക്ക് വേണം…. നിന്റെ അമ്മ എന്നെയും എന്റെ കൂട്ടരെയും തിരക്കി കാട് മുഴുവൻ അലയുകയാണ്…. കൈയിൽ കിട്ടിയാൽ അതോടെ തീർന്നു ഞങ്ങൾ…ഞങ്ങൾക്കും ജീവിക്കണ്ടേ മോനെ… അതുകൊണ്ട് കടുവകൾ ഇനി ഈ കാട്ടിൽ വേണ്ട….

ക്രൂരമായ മുഖഭാവത്തോടെ നാവ് നുണഞ്ഞു കൊണ്ട് നിപുണൻ അത് പറഞ്ഞപ്പോൾ അവന്റെ വായിൽ നിന്നും ഉമിനീർ ഒഴുകിയിറങ്ങി….

അറപ്പും ഭയവും കാരണം ധ്രുവൻ പിന്നിലേക്ക് ചുരുണ്ടു കൂടി…. നിപുണൻ അവന്റെ അടുത്തേക്ക് തന്റെ മുഖം കൂടുതൽ അടുപ്പിച്ചു….

വേണ്ട നിപുണൻ… നീ ആവശ്യമില്ലാത്ത പ്രശ്നങ്ങൾ സൃഷ്ഠിക്കരുത്…. ധ്രുവനെ വെറുതെ വിട്ടേക്ക്….

എഴുന്നേറ്റു നിന്നുകൊണ്ട് വിമലൻ നിപുണനെ വിലക്കാൻ ശ്രമിച്ചു…

തൊട്ടടുത്ത നിമിഷം പിന്നിൽ നിന്നും മറ്റൊരു ചെന്നായയുടെ ശക്തമായ അടിയേറ്റ് ആ കുറുക്കൻ മുന്നിലേക്ക് തെറിച്ചു വീണു…

വേണ്ട… നിപുണൻ… വേണ്ട…

വീണു കിടന്നിടത്തും നിന്നും വീണ്ടും വിമലൻ വിളിച്ചു പറഞ്ഞു….

അപ്പോഴേയ്ക്കും നിപുണൻ പിന്നിലേക്ക് രണ്ടടി മാറി നിന്നുകൊണ്ട് ധ്രുവനെ സൂക്ഷിച്ചു നോക്കി…. ശേഷം അവന് നേരെ കുതിച്ചു ചാടി….

വിമലൻ ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു…. തൊട്ടടുത്ത നിമിഷം….

ഒരു ചെന്നായയുടെ ദയനീയമായ നിലവിളി വിമലന്റെ കർണ്ണപുടങ്ങളിൽ വന്ന് പതിച്ചു…

ഒപ്പം തന്നെ ഹൃദയം സ്തംഭിച്ചു പോകുമാറ് കരുത്തോടെ ഒരു ഗർജ്ജനവും….

നന്ദ എത്തിയെന്ന ആശ്വാസത്തോടെ കണ്ണ് തുറന്ന വിമലൻ മുൻപിലെ കാഴ്ച കണ്ട് അക്ഷരാർഥത്തിൽ ഞെട്ടി പോയി….

താഴെ വീണു കിടക്കുന്ന നിപുണൻ…. അവന്റെ മുൻപിൽ വേട്ടക്കാരന്റെ ശൗര്യത്തോടെ നിൽക്കുന്ന ഒരു ആൺകടുവ….

ധ്രുവൻ….

തന്റെ ശരീരം മൊത്തത്തിൽ ഒന്ന് കുലുക്കിയ ശേഷം അവൻ വീണ്ടും ഗർജ്ജിച്ചു…

രാജാവ്….. ചന്ദ്രമുടിക്കാടിന്റെ രാജാവ്….

വിമലൻ അറിയാതെ പറഞ്ഞു പോയി….

അന്നാദ്യമായി ചന്ദ്രമുടികാട്ടിൽ ആ ഗർജ്ജനം മുഴങ്ങി…. പിന്നീട് കാലാകാലങ്ങളിൽ ചന്ദ്രമുടിക്കാട് അടക്കി ഭരിച്ച ഗർജനം….

ധ്രുവൻ എന്ന രാജാവിന്റെ ഗർജ്ജനം…..

                                    തുടരും….

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!