Skip to content

ധ്രുവൻ – The Niyogi – 5

dhruvan

എന്റെ മാതാവേ നീ തളരാതിരിക്കുക….

അവൻ വരും…. തിരികെ വരും……..

ഈ ഇരുൾ താത്കാലികമാണ്…. പ്രകാശത്തിന്റെ രാജകുമാരന്മാർ ഒരുങ്ങുന്നു….. ഇനി ഒരിക്കലും അവസാനിക്കാത്ത യുദ്ധത്തിന് അരങ്ങൊരുന്നു….. അവർ ഒരുക്കുന്നു… കാടിന്റെ രാജകുമാരനെ സ്വീകരിക്കാൻ നിയോഗിപടയുടെ പുതിയ മിശിഹാ അങ്ങകലെ കാത്തു നിൽക്കുന്നു….

അകലെ ഒരു മരക്കൊമ്പിലിരുന്നു ഭ്രാന്തൻ കുരങ്ങൻ ജല്പനങ്ങൾ ഉയർത്തി…..

ഇതേ സമയം ധ്രുവനെയും സേനാപതിയെയും സുരക്ഷിതമായി ചന്ദ്രമുടിയുടെ അതിർത്തി കടത്തി സഹ്യാദ്രി…. ധ്രുവൻ പോകാൻ ആദ്യം സമ്മതിച്ചില്ല… എന്നാൽ അവന്റെ ജന്മ രഹസ്യം ഓതി സേനാപതിയും സഹ്യാദ്രിയും അവനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി….

ധ്രുവനും സേനാപതിയും മലയിറങ്ങി പോകുന്നത് സഹ്യാദ്രി നോക്കി നിന്നു…

അപ്പോൾ അങ്ങകലെ….. മാമല കാടുകൾക്ക് നടുവിലുള്ള ആശ്രമമുറ്റത്ത്… ആ വൈദികൻ നിന്നു…

ഇളകിയാടുന്ന പഞ്ഞികെട്ടു പോലുള്ള രോമരാജികളിൽ തലോടി കൊണ്ട് നിയോഗിപ്പടയുടെ അപ്പോസ്തലൻ….

ഫാദർ ജോൺ ബ്രിട്ടോ ഡെവിൻ കാർലോസ് അമ്പലക്കാടൻ……

അയാളുടെ പുറകിലായി പതിനാലും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളും…..

പുരി ജഗന്നാഥ് അശ്വജിത്തും…. റഷീദ് മുന്നയും….

അവർ അക്ഷമയോടെ കാത്തിരുന്നു….

കാടും മലയും പുഴയും താണ്ടി തങ്ങൾക്ക് അരികിലേക്ക് എത്തി കൊണ്ടിരിക്കുന്ന സഹ്യന്റെ രാജകുമാരനെ…..

            ***********************

ആ ആശ്രമമുറ്റത്തേക്ക് സേനാപതിയും ധ്രുവനും എത്തിച്ചേർന്നു…. ഫാദർ സ്നേഹത്തോടെ ധ്രുവന്റെ അരികിലേക്ക് എത്തി….

ധ്രുവൻ അല്പം ഭയത്തോടെ പിന്നിലേക്ക് മാറി…അവൻ ഫാദറിനെ നോക്കി മെല്ലെ ഒന്ന് മുരണ്ടു…

ഫാദറിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…. സേനാപതി ഫാദറിന്റെ കാലുകളിൽ മുട്ടിയുരുമ്മി നിൽക്കുന്നത് ധ്രുവൻ അത്ഭുതത്തോടെ നോക്കി….

ഫാദർ ചുണ്ടിൽ വിടർന്ന പുഞ്ചിരിയോടെ കൂടി തന്നെ ധ്രുവനെ വീണ്ടും സമീപിച്ചു… ഇത്തവണ അവന് ഭയം തോന്നിയെങ്കിലും  പ്രതിഷേധം തന്റെ ഒരു മുരൾച്ചയിൽ ഒതുക്കി….

സേനാപതിയെ അവന് വിശ്വാസമായിരുന്നു…. സേനാപതി ഭയക്കാത്ത മനുഷ്യനെ താൻ ഭയക്കുന്നത് എന്തിനാണ് എന്നാണ് അവൻ ചിന്തിച്ചത്?

ഫാദറിന്റെ കൈ ധ്രുവന്റെ തലയിൽ മൃദുവായി സ്പർശിച്ചു… പിന്നെ അവന്റെ പുറത്ത് അദ്ദേഹം സ്നേഹത്തോടെ തലോടി…

ധ്രുവന് താൻ മറ്റേതോ ലോകത്തേക്ക് പോകുന്നത് പോലെയാണ് തോന്നിയത്… അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു… പതിയെ പതിയെ ഗാഢമായ ഒരു നിദ്രയിലേക്ക് അവൻ വഴുതി വീണു….

           ******* ****** ****** ****

നന്ദ വീണുപോയിട്ട് കുറച്ച്  ദിവസങ്ങൾ  കഴിഞ്ഞിരിക്കുന്നു… ചന്ദ്രമുടി കാട്ടിലെ സാധു മൃഗങ്ങളുടെ അവസ്ഥ വളരെ പരിതാപകരമായി തീർന്നിരുന്നു….പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ…. ഹിരണ്യനും മായനും ചെന്നായ കൂട്ടവും… പിന്നെ ഇപ്പോൾ അവരുടെ കൂടെ കുറുക്കൻ പടയും ചേർന്നിരിക്കുന്നു…..

വിമലൻ കുറുക്കൻ കൂട്ടത്തിന്റെ പുതിയ നിലപാടിനോട് തന്റെ പ്രതിഷേധം അറിയിച്ചു….

കാട്ടിൽ ആധിപത്യം ഉള്ളത് ആർക്കാണോ… അവരോട് മാത്രമാണ് കുറുക്കൻ കൂട്ടത്തിനു വിധേയത്തം എന്ന ന്യായം പറഞ്ഞു കൊണ്ട് കാട്ടിൽ നടക്കുന്ന ക്രൂരമായ നായാട്ടിൽ അവരും ആസ്വദിച്ചു പങ്ക് ചേർന്നു…

അത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത വിമലൻ തന്റെ കൂട്ടത്തിൽ നിന്നും പൂർണ്ണമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്നു…

ചന്ദ്രമുടി കാടിന്റെ അതിർത്തിക്കും കുറച്ചപ്പുറമുള്ള മലയടിവാരത്തിലെ ഗുഹക്കുള്ളിൽ ആയിരുന്നു നന്ദ… അവളുടെ ഒപ്പം വിമലനും കൂടി….

ഹിരണ്യനുമായുള്ള ഏറ്റുമുട്ടൽ സമ്മാനിച്ച പരിക്കുകൾ നന്ദയെ വീഴ്ത്തി കളഞ്ഞിരുന്നു…. ധ്രുവനെയും സേനാപതിയെയും അതിർത്തി കടത്തി വിട്ട ശേഷം തിരിച്ചെത്തിയ സഹ്യാദ്രി ആണ് നന്ദയെ ഇവിടെ എത്തിച്ചത്…. വേട്ടനായ്ക്കൾ അതിന് സഹ്യാദ്രിയെ സഹായിച്ചു…. അതിന് ശേഷം അവരും കാടിറങ്ങി……..

നന്ദയുടെ ഗുഹ സ്ഥിതി ചെയ്യുന്ന മലയടിവാരത്തിൽ നിന്നും അര ദിവസം സഞ്ചരിച്ചാൽ മനുഷ്യ വാസമുള്ള മേഖലയിൽ എത്തും….. കാട്ടിൽ വേട്ടയാടി പരാജയപ്പെടുന്ന ദിവസം വിമലൻ നാട്ടിലേക്കിറങ്ങും……

സംഗതി കുറച്ച് അപകടം പിടിച്ച പണിയാണെങ്കിലും അവനും നന്ദക്കും അന്നന്നത്തേക്കുള്ള ആഹാരം അവൻ അങ്ങനെ സംഘടിപ്പിച്ചു കൊണ്ടുവരുമായിരുന്നു….

അന്നും പതിവ് പോലെ ആഹാരം തേടിയുള്ള യാത്ര കഴിഞ്ഞു അവൻ തിരികെയെത്തി… നേരത്തെ  ലഭിച്ച ഒരു വലിയ മുയലിന്റെ ശരീരം ഗുഹയിൽ സൂക്ഷിച്ചിരുന്ന അവൻ ഇപ്പോൾ തിരികെയെത്തിയത് അത്യാവശ്യം മുഴുപ്പുള്ള ഒരു ആട്ടിൻ കുട്ടിയുടെ ശരീരവുമായാണ്…..

അവൻ അത് വലിച്ചു നന്ദക്ക്‌ അരികിലേക്ക് ഇട്ടു… നന്ദ സ്നേഹവും നന്ദിയും കലർന്ന ഒരു നോട്ടം വിമലനു നേർക്ക് നോക്കി….

അവൻ ആട്ടിൻകുട്ടിയുടെ ശരീരം അവിടെ ഇട്ടിട്ട് മുയലിനെ സമീപിച്ചു…

ഇരുവരും ഭക്ഷണം കഴിച്ചു തുടങ്ങി…. വിമലൻ നന്നേ ക്ഷീണിച്ചിട്ടുണ്ട് എന്ന് നന്ദക്ക്‌ മനസ്സിലായി….

എന്തിനാണ് വിമലാ നീ എന്നെ ഇങ്ങനെ സംരക്ഷിക്കുന്നത്…? എനിക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നത് എന്തിന് വേണ്ടിയാണ്…

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിമലൻ തന്റെ തല ഒന്ന് ഉയർത്തി നന്ദയെ നോക്കി… ശേഷം ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുന്നത് തുടർന്നു…

നന്ദ അവനെ തന്നെ നോക്കിനിന്നു…

എന്താണ് ആ കുറുക്കന് തന്നോടുള്ള സ്നേഹം… ധ്രുവൻ… അതാണ് ഉത്തരം…. അവന്റെ സുഹൃത്താണ് വിമലൻ… അവന്റെ അമ്മയാണ്…..

അത്രേയുള്ളൂ കാര്യം… അവന്റെ ചങ്ങാതിയോടുള്ള സ്നേഹം.. അതൊന്ന് മാത്രമാണ് അവന്റെ വർഗ്ഗത്തെ പോലും വിട്ട് അവൻ ഈ ഇരുളടഞ്ഞ ഗുഹയിൽ തനിക്ക് വേണ്ടി കഷ്ടപ്പെടുന്നത്….

നന്ദയുടെ കണ്ണുകളിൽ വിമലനോടുള്ള നന്ദിയും സ്നേഹവും നിറഞ്ഞു നിന്നു….

ഇതേ സമയം ഹിരണ്യനും സംഘവും ചന്ദ്രമുടി കാട്ടിൽ ശവങ്ങളുടെ കൂമ്പാരം തീർത്തു….

അടിമുടി മാറിയ ചന്ദ്രമുടി കാട്ടിൽ ഒന്ന് ഉറക്കെ കരയാൻ പോലും എല്ലാവരും ഭയപ്പെട്ടു…

ഇത്തവണ വെള്ളം കുടിക്കാൻ പുഴക്കരയിൽ എത്തിയ മാൻ കൂട്ടത്തിനു നേരെയായിരുന്നു ആക്രമണം….

നിമിഷനേരം കൊണ്ട് പുഴയിലെ വെള്ളം ചുവപ്പ് നിറമായി.. പക്ഷികൾ ഭയന്ന് പരക്കം പാഞ്ഞു….

ഒരു വലിയ മാനിനെ ഒറ്റയടിക്ക് കൊന്ന ശേഷം അതിനെ കടിച്ചു വലിച്ചു ഒരു മരത്തിന്റെ മറവിൽ കൊണ്ട് ഉപേക്ഷിച്ച ശേഷം… ഹിരണ്യൻ ചുറ്റും നോക്കി…

അല്പം അകലെയായി ചെറു ചെടികൾ കൂട്ടമായി പടർന്നു നിൽക്കുന്ന പ്രദേശത്ത് ചെറിയൊരു അനക്കം..

ഹിരണ്യൻ തന്റെ ഇന്ദ്രിയങ്ങൾക്ക് മൂർച്ചകൂട്ടി അവിടേക്ക് തന്നെ ശ്രദ്ധിച്ചു…

ഒരു ചെറിയ മാൻകുട്ടി…. ഹിരണ്യന്റെയും കൂട്ടരുടെയും സംഘടിത ആക്രമണത്തിൽ പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും… അവിടെ നിന്നു എങ്ങനെയോ രക്ഷപ്പെട്ടു എത്തിയതാണ് അവിടെ…

ഹിരണ്യന്റെ മുഖത്ത് ഒരു ക്രൂരഭാവം തെളിഞ്ഞു… അവൻ ആ കുറ്റിക്കാട് ലക്ഷ്യമാക്കി നടന്നു…

ഹിരണ്യൻ അടുത്തേക്ക് എത്തുന്നത് കണ്ട ആ മാൻകുട്ടി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു…

എന്നാൽ പിൻകാലുകൾക്ക് പരിക്കേറ്റിരുന്നതിനാൽ അതിന് ഓടി രക്ഷപെടാൻ സാധിക്കുമായിരുന്നില്ല… അത് നിലത്ത് കിടന്ന് ഇഴയാൻ തുടങ്ങി…

ഹിരണ്യൻ… മെല്ലെ അതിന്റെ അരികിലെത്തി…. അവന്റെ കണ്ണുകളിൽ പൈശാചികത മാത്രം നിറഞ്ഞു നിന്നു…

അവൻ ആ മാൻകുട്ടിയെ തന്റെ മുൻകാലുകൾ കൊണ്ട് തട്ടി കളിക്കാൻ തുടങ്ങി… ആ മാൻ കുഞ്ഞാകട്ടെ ഭയം നിറഞ്ഞൊരു ദയനീയ നോട്ടം ഹിരണ്യന് നേരെ നോക്കി…

ഹിരണ്യൻ അത് ആസ്വദിക്കുന്നത് പോലെ മാൻകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്ന് കൊണ്ടിരുന്നു…. അതാണെങ്കിൽ രക്ഷക്കായി ചുറ്റും നോക്കി കൊണ്ടിരുന്നു…. ജീവിക്കാനുള്ള കൊതിയും… തന്നെ ആരെങ്കിലും രക്ഷിക്കാൻ വരുമെന്നുള്ള പ്രതീക്ഷയും ആ കുഞ്ഞ് കണ്ണുകളിൽ അപ്പോഴും ഉണ്ടായിരുന്നു…

ഹിരണ്യൻ….

കാടിനെ നടുക്കി കൊണ്ട് ആ അലർച്ച ഉയർന്നു….

ഹിരണ്യൻ ശബ്ദം ഉയർന്ന ഭാഗത്തേക്ക് നോക്കി…

സഹ്യാദ്രി…..

ഹിരണ്യൻ…. ഇതെന്തു നീതിയാണ്…. വിശപ്പടക്കാൻ വേണ്ടി മാത്രം വേട്ടയാടുക എന്നതാണ് ഈ കാടിന്റെ നിയമം… പക്ഷെ നീയും നിന്റെ കൂട്ടാളികളും ചേർന്ന് ഇവിടെ കാണിച്ചു കൂട്ടുന്നത് എന്തൊക്കെയാണ്…?

സഹ്യാദ്രിയുടെ ശബ്ദം ഉയർന്നതും ഹിരണ്യൻ തല ഉയർത്തി സഹ്യാദ്രിയെ ഒന്ന് നോക്കി… ശേഷം തന്റെ വലത് കാൽ ഉയർത്തി… നിലത്ത് കിടന്ന് ജീവന് വേണ്ടി പ്രതീക്ഷയോടെ സഹ്യാദ്രിയുടെ മുഖത്തേക്ക് നോക്കി കിടക്കുന്ന മാൻകുട്ടിയുടെ കഴുത്തിലേക്ക് ആ മുൻകാൽ പതിച്ചു… കൂർത്ത നഖങ്ങൾ അതിന്റെ കഴുത്തിലേക്ക് തുളഞ്ഞു ഇറങ്ങി….

ആ മാന്കുട്ടി പ്രാണവേദനയോടെ കരഞ്ഞു…. അത് പിടഞ്ഞു…. ഹിരണ്യന്റെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല…. അവൻ സഹ്യാദ്രിയെ തന്നെ നോക്കി നിന്നു….

സഹ്യാദ്രിയുടെ മുഖം കോപം കൊണ്ട് വിറച്ചു…. അവൻ ഉറക്കെ ചിന്നം വിളിച്ചു…

അപ്പോഴേക്കും മാൻകുട്ടിയുടെ പിടച്ചിൽ അവസാനിച്ചിരുന്നു… ഹിരണ്യൻ മെല്ലെ സഹ്യാദ്രിയുടെ നേർക്ക് നീങ്ങി… സഹ്യാദ്രി ഹിരണ്യന്റെ നേർക്കും…

പെട്ടെന്നാണ് മിന്നൽ പോലെ മായൻ ഇരുവർക്കും നടുവിലേക്ക് എത്തിയത്….

സഹ്യാദ്രി…. കാടിന്റെ അധികാരം കൈവശപ്പെടുത്താൻ ഒരിക്കലും ശ്രമിക്കില്ല എന്ന് തലമുറകളായി കൈ മാറി വരുന്ന ഒരു ശപഥമുണ്ട് ആനക്കൂട്ടത്തിന്റെ തലവന്…. അത് മറന്നു പോയോ…?

മായന്റെ ചോദ്യം കേട്ട് സഹ്യാദ്രി അവന്റെ നേരെ തിരിഞ്ഞു….

അനീതി കണ്ടാൽ പ്രതികരിക്കണം എന്നും ആനക്കൂട്ടത്തിന്റെ തലവന്റെ ശപഥങ്ങളിൽ ഒന്നാണ്….

ഇവിടെ എന്ത് അനീതിയാണ് നടന്നത് മാന്യമിത്രമേ…? നന്ദയെ പോരാട്ടത്തിൽ തോൽപിച്ച് ചന്ദ്രമുടികാടിന്റെ അധികാരം പിടിച്ചെടുത്തതാണ് ഹിരണ്യൻ…. അപ്പോൾ കാട്ടിൽ ഇനി ഹിരണ്യൻ പറയുന്നതാണ് നിയമം… നീതി…

സഹ്യാദ്രിക്കു മറുപടി കൊടുത്തുകൊണ്ടിരുന്ന മായൻ ഒരു നിമിഷത്തേക്ക് നിശബ്ദനായി…

ഇവിടെ ഇപ്പോൾ ഹിരണ്യന്റെ നീതിയാണ് നടപ്പിലാകുന്നത്…. അത് എങ്ങനെ അനീതിയാകും…. പിന്നെ അത് താങ്കൾക്ക് അനീതിയായി തോന്നുന്നുവെങ്കിൽ താങ്കൾക്ക് ഹിരണ്യനെ പോരാട്ടത്തിൽ തോൽപ്പിച്ച് ഈ കാടിന്റെ അധികാരം പിടിച്ചെടുക്കാം… പക്ഷെ അതിന് മുൻപ് പാലിക്കപ്പെടേണ്ട ചില  കാര്യങ്ങൾ ഉണ്ട്….

അതിൽ പ്രധാനം താങ്കൾക്ക് ആനക്കൂട്ടത്തിന്റെ തലവനായി നിന്നുകൊണ്ട് ഹിരണ്യനെ വെല്ലുവിളിക്കാൻ സാധിക്കില്ല… അതായത് താങ്കൾ ആനക്കൂട്ടത്തെ ഉപേക്ഷിച്ചു ഒറ്റയാനായി മാറണം… അതിന് ശേഷം മാത്രമേ ഹിരണ്യനുമായി പോരാടാൻ പറ്റൂ…….

പിന്നെ ഒറ്റയാനായി മാറുന്നതിനും ചില കാര്യങ്ങൾ ഉണ്ട്… താങ്കളെ താങ്കളുടെ ആനക്കൂട്ടത്തിലെ ഒരു കൊമ്പൻ വെല്ലുവിളിക്കുകയും അവനുമായുള്ള പോരാട്ടത്തിൽ താങ്കൾ പരാജയപ്പെടുകയും അങ്ങനെ ആനകൂട്ടം താങ്കളെ അവിടെ നിന്നും പുറത്താക്കുകയും ചെയ്‌താൽ മാത്രം താങ്കൾ ഒറ്റയാനാവും…. പിന്നെ താങ്കളെ വെല്ലുവിളിക്കാൻ മാത്രം കരളുറപ്പുള്ള കൊമ്പൻ എന്തായാലും ആനക്കൂട്ടത്തിൽ ഇല്ല……  പിന്നെ ഈ നിയമങ്ങൾ ഒന്നും പാലിക്കാതെ ഹിരണ്യനെ നേരിടാൻ താങ്കൾ ശ്രമിക്കുകയാണെങ്കിൽ…. ഞങ്ങൾ എല്ലാവരും എല്ലാ നിയമവും മറക്കും….

മായൻ പറഞ്ഞു നിർത്തിയതും സഹ്യാദ്രി ഒന്ന് ആലോചിച്ചു….. താൻ ഇപ്പോൾ നിയമം ലംഘിച്ചാൽ പിന്നെ കാട്ടിൽ നിയമം എന്നൊന്ന് ഉണ്ടാകില്ല…

അവൻ നിരാശയോടെ… എന്നാൽ വർധിത വീര്യത്തോടെ ഹിരണ്യനെ നോക്കി….

അന്നാദ്യമായി സഹ്യാദ്രി എന്ന കരുത്തന് കാട്ടിലെ നിയമങ്ങളോട് പുച്ഛം തോന്നി…

അധികം വാഴില്ല നീ… വാഴിക്കില്ല ഞങ്ങളുടെ കടുവകുട്ടി….. അവൻ മടങ്ങി വരും ഹിരണ്യാ…. നിന്നെ ചാമ്പലാക്കും അവൻ….

ഹിരണ്യന് നേരെ സഹ്യാദ്രി അലറി…

അവൻ വരണം… അതിന് വേണ്ടി മാത്രമാണ് ഞാനും കാത്തിരിക്കുന്നത്… എവിടെയോ ഒളിവിൽ പോയിരിക്കുന്ന ഭീരു…. ധൈര്യമുണ്ടെങ്കിൽ മറ നീക്കി പുറത്തു വരട്ടെ…. ഈ ഹിരണ്യൻ അവനായി കാത്തിരിക്കുന്നു…

കാട് വിറക്കും വിധം ഹിരണ്യൻ അലറി….. കാടും മേടും കടന്ന്… കുന്നും മലയും കടന്ന്… പുഴയും അരുവികളും തടാകങ്ങളും കടന്ന് ഹിരണ്യന്റെ അലർച്ച…. അങ്ങ് ദൂരെ ആ ആശ്രമമുറ്റത്ത് അലയടിച്ചെത്തി….

തന്റെ കാതുകളിൽ ആരുടെയോ ഗർജനം മുഴങ്ങിയതും ധ്രുവൻ ഞെട്ടി എഴുന്നേറ്റു… അവൻ മെല്ലെ അകലെ കാണുന്ന കുന്നിൻ മുകളിലേക്ക് നോക്കി… അവിടെ എവിടെയോ ആണ് ചന്ദ്രമുടി കാട്…

അവന് മനസ്സ് വല്ലാതെ വീർപ്പുമുട്ടുന്നത് പോലെ തോന്നി.. അമ്മ… വിമലൻ… സഹ്യാദ്രി… താൻ പിച്ചവെച്ചു നടന്ന വഴിത്താരകൾ… താൻ ഓടിനടന്ന പുൽമേടുകൾ.. പുഴക്കരകൾ…

തന്റെ കണ്ണ് നിറയുന്നത് ധ്രുവൻ അറിഞ്ഞു…. ധ്രുവൻ കണ്ണുകൾ ഇറുക്കി അടച്ചു… രണ്ട് മിഴിനീർ പൂക്കൾ താഴെ വീണുടഞ്ഞു…

അവൻ മെല്ലെ തിരിഞ്ഞു… അപ്പോഴാണ് തന്റെ തൊട്ടടുത്ത് നിൽക്കുന്ന സേനാപതിയെ അവൻ കണ്ടത്…

ആശ്രമത്തിൽ എത്തി ഇത്രയും ദിവസത്തിനുള്ളിൽ സേനാപതിയുമായി വല്ലാത്തൊരു ആത്മബന്ധം ധ്രുവന് ഉണ്ടായി കഴിഞ്ഞിരുന്നു… ആശ്രമത്തിലെ മറ്റുള്ളവരുമായി ആശയ വിനിമയം നടത്താനുള്ള ബുദ്ധിമുട്ട് ധ്രുവനെ വല്ലാതെ വിഷമിപ്പിച്ചിരുന്നു…

എന്നാൽ സേനാപതിക്ക് അവരുമായി നല്ല രീതിയിൽ ആശയവിനിമയം സാധ്യമാകുന്നത് കണ്ട് ധ്രുവൻ അമ്പരന്നു…

എങ്കിലും പതിയെ പതിയെ ആ രണ്ട് കുട്ടികളുമായി താൻ ചങ്ങാത്തത്തിൽ ആയി കൊണ്ടിരിക്കുകയാണ് എന്ന് ധ്രുവന് മനസിലായി തുടങ്ങിയിരുന്നു…

അശ്വജിത്തും റഷീദ്മുന്നയും…. ഇരുവരും പറയുന്നതൊക്കെ ധ്രുവന് മനസിലായി തുടങ്ങിയിരുന്നു…. അതെ പോലെ ധ്രുവന്റെ പല കാര്യങ്ങളും അവർക്കും മനസിലായി തുടങ്ങിയിരുന്നു….

സേനാപതി ധ്രുവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

എന്താണ് ധ്രുവൻ… നിന്റെ ജന്മരഹസ്യം തിരിച്ചറിഞ്ഞിട്ടും നിന്റെ മനസ്സിൽ ഇപ്പോഴും ചന്ദ്രമുടി കാട് മാത്രമാണോ….?

സേനാപതിയുടെ ചോദ്യം കേട്ട് ധ്രുവൻ അവനെ ഒന്ന് നോക്കി…

ഞാൻ പിറന്നു വീണ മണ്ണാണ് അത് സേനാപതി… ആ മണ്ണിനെയും അവിടുത്തെ മൃഗങ്ങളേയും സംരക്ഷിക്കാൻ കഴിയാത്ത ഞാൻ എങ്ങനെ ലോകപാലകനായ നിയോഗി ആകും….

ധ്രുവൻ ചോദിച്ചത് കേട്ട് സേനാപതി വിദൂരതയിലേക്ക് നോക്കി….

നിന്റെ തുടക്കം ആ മണ്ണിൽ നിന്നുമാണ് ധ്രുവൻ…. അവിടെ നീ അവസാനം കണ്ട സിംഹം… അവൻ വെറുമൊരു മൃഗമല്ല… തിന്മയുടെ ഏറ്റവും ശക്തനായ കിങ്കരൻ ആണ്… അവന്റെ നാശം നിന്റെ കൈ കൊണ്ട് തന്നെ വേണം… അത് തീരുമാനിക്കപ്പെട്ടതാണ്…

സേനാപതി അത് പറയുമ്പോൾ അവന്റെ കണ്ണുകൾക്ക് അസാമാന്യ തിളക്കമുണ്ടായിരുന്നു…

എന്നാൽ ധ്രുവന് തന്റെ കഴിവിലും കരുത്തിലും അപ്പോഴും വിശ്വാസം വന്നിരുന്നില്ല….

അങ്ങ് ദൂരെ മലഞ്ചെരുവിൽ അസ്തമയ സൂര്യൻ ചുവപ്പ് രാശി പടർത്തി മറഞ്ഞു… രാവിന്റെ വരവറിയിച്ചു കൊണ്ട് വൃക്ഷക്കൊമ്പുകളിൽ പക്ഷികൾ കൂട്ടമായി ചേക്കേറി…

അശ്വിനും റഷീദും… ഇരുവരും ധ്രുവനും സേനാപതിക്കും സമീപം വന്നു നിന്നു…

ആശ്രമത്തിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഫാദർ നിരന്നു നിൽക്കുന്ന തന്റെ കുട്ടികളെ നോക്കി…

അദ്ദേഹം കയ്യിലിരുന്ന കൊന്ത തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ആകാശത്തേക്ക് മിഴികൾ പായിച്ചു..

ലോകമെമ്പാടുമുള്ള നന്മയുടെ പോരാളികൾ അപ്പോഴും പ്രാർത്ഥനകളിലും പൂജകളിലുമായിരുന്നു…

വേദങ്ങളുടെയും ഉപനിഷത്തുകളുടെയും നാടായ ഭാരതമണ്ണിന്റെ ദക്ഷിണ ഭാഗത്ത്… ദൈവത്തിന്റെ സ്വന്തം നാട്ടിൽ തിന്മക്കെതിരെ പോരാട്ടത്തിന് തയ്യാറെടുക്കുന്ന നിയോഗിപ്പടയുടെ പുതിയ യോദ്ധാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളും പൂജകളും….

തിന്മയുടെ കഴുകൻ കണ്ണുകൾ ആ നാൽവർ സംഘത്തിന് മേൽ എപ്പോഴും ഉണ്ടായിരുന്നു… അതിൽ ഏറ്റവും പ്രധാനം ധ്രുവൻ എന്ന കരുത്തൻ തന്നെയായിരുന്നു…

സ്വന്തം കരുത്തിൽ വിശ്വാസം വരുന്നതിനു മുൻപ് ധ്രുവനെ നശിപ്പിച്ചില്ലെങ്കിൽ പിന്നെ അതിന് സാധിക്കില്ല എന്ന് തിന്മയുടെ കരങ്ങൾക്ക് വ്യക്തമായി അറിയാമായിരുന്നു….

അവർ അതിനുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു…

നിലവിൽ കുളിച്ചു നിൽക്കുന്ന ആ പാതിരാവിൽ… ആ കാനനം അതീവ സുന്ദരിയാണെന്ന് ധ്രുവന് തോന്നി… അവൻ മെല്ലെ കിടന്നിടത്ത് നിന്നും എഴുന്നേറ്റു ആശ്രമത്തിന്റെ അതിർത്തിയിലേക്ക് നടന്നു…

ഒരു ചെറിയ പാറക്കെട്ടിന്റെ മുകളിലേക്ക് നടന്നു കയറിയ ധ്രുവൻ അവിടെ ഇരുന്നുകൊണ്ട് ആകാശത്തേക്ക് നോക്കി….

വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന പൂർണ ചന്ദ്രനും… ചുറ്റും തോഴിമാരെ പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നക്ഷത്രങ്ങളും…. പാൽകടൽ പോലെ അലയുന്ന മേഘങ്ങളും…

ധ്രുവന് ആ കാഴ്ച വളരെ ഇഷ്ടപ്പെട്ടു… അവൻ കണ്ണെടുക്കാതെ അത് നോക്കി നിന്നു…പെട്ടെന്ന് എവിടെ നിന്നോ എത്തിയ മിന്നാമിനുങ്ങുകൾ അവന് ചുറ്റും പറന്നു തുടങ്ങി…

അവൻ അത്ഭുതത്തോടെ മിന്നാമിനുങ്ങുകളെ നോക്കി… ആകാശത്ത് നിന്നും മണ്ണിലേക്ക് പൊഴിഞ്ഞു വീണ നക്ഷത്രങ്ങളാണ് മിന്നാമിനുങ്ങുകൾ എന്ന് അവന് തോന്നി…

രാവിന്റെ വശ്യസൗന്ദര്യത്തിൽ മയങ്ങി നിന്ന ധ്രുവനെ നടുക്കി കൊണ്ടാണ് ആ ഒറ്റയാന്റെ ചിഹ്നം വിളി ഉയർന്നത്…

ധ്രുവൻ ഞെട്ടി തിരിഞ്ഞു താഴേക്ക് നോക്കി….

ആശ്രമമുറ്റത്ത് തുമ്പിക്കൈ ഉയർത്തി ചിന്നം വിളിച്ചു നിൽക്കുന്ന ഒറ്റയാൻ….. അവന്റെ മുൻപിൽ നിന്ന് കുരച്ചു കൊണ്ടിരിക്കുന്ന സേനാപതി…

ആശ്രമത്തിന്റെ ഉള്ളിൽ നിന്നും ഫാദറും കുട്ടികളും പുറത്തേക്ക് ഇറങ്ങി വന്നു…

തന്റെ കരുത്തുറ്റ തുമ്പികൈ ആ ഒറ്റയാൻ ആശ്രമത്തിന്റെ ഒരു തൂണിലേക്ക് നീട്ടി…

ഫാദർ കുട്ടികളെയും കൊണ്ട് മുറ്റത്തേക്ക് കുതിച്ചതും.. നിസ്സാരമായി ആ കൊമ്പൻ ആ തൂണ് ഇളക്കിയെടുത്തതും ഒരൊറ്റ നിമിഷത്തിൽ കഴിഞ്ഞു…

ആശ്രമത്തിന്റെ ഒരു വശം കൂപ്പുകുത്തി…. സേനാപതി ഒരൊറ്റ കുതിപ്പിന് ആ കൊമ്പന്റെ പിന്നിലെത്തി പിൻകാലുകളിൽ കടിച്ചു തൂങ്ങി….

ആകാശം ഇടിഞ്ഞു വരുന്നു എന്ന് പറഞ്ഞാലും ഭയം തോന്നാത്തവനാണ് സേനാപതി.. പക്ഷെ ഇപ്പോൾ അവൻ കാണിക്കുന്നത് അബദ്ധമാണെന്ന് ഫാദറിന് തോന്നി… സേനാപതിക്ക് ഒറ്റക്ക് ആ കൊമ്പനെ തടഞ്ഞു നിർത്താൻ കഴിയില്ല…..

ഇതേ തോന്നൽ പാറയുടെ മുകളിൽ നിൽക്കുന്ന ധ്രുവനും ഉണ്ടായിരുന്നു… പക്ഷെ അവന് അനങ്ങാൻ കഴിഞ്ഞില്ല…. നാല് കാലുകളും മണ്ണിൽ ഉറച്ചു പോയത് പോലെയാണ് ധ്രുവന് തോന്നിയത്…

തന്റെ പിൻകാലുകളിൽ കടിച്ചു തൂങ്ങി കിടക്കുന്നവനെ കുടഞ്ഞെറിയാൻ… പരമാവധി ശ്രമിച്ചു… അവസാനം കൊമ്പൻ വിജയിച്ചു…

സേനാപതി ദൂരേക്ക് തെറിച്ചു വീണു

ഒറ്റയാൻ സേനാപതിക്ക്  നേരെ തിരിഞ്ഞു… വീണിടത്തു നിന്നും ചാടിയെഴുന്നേറ്റ സേനാപതി കണ്ടു…

പർവതം പോലെ തന്റെ നേരെ നടന്നടുക്കുന്ന കരിവീരന്റെ കണ്ണുകളിലെ പക…

പക്ഷെ ഭയം എന്തെന്നറിയാത്ത ആ നായകുട്ടിയുടെ കണ്ണുകളിൽ തോൽക്കാൻ മനസ്സില്ലാത്തവന്റെ വീറും വാശിയും തെളിഞ്ഞു നിന്നു…

സേനാപതിക്ക് നേരെ നടന്നടുക്കുന്ന കരിവീരനെ കണ്ട് ഫാദറും കുട്ടികളും സ്തംഭിച്ചു നിന്നു… ഇനിയെന്ത് എന്ന ചോദ്യമായിരുന്നു അവരുടെ മനസ്സിൽ…

പെട്ടെന്ന് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആ കരിവീരൻ ഒരു നിമിഷം നിശ്ചലനായി…

സേനാപതിയെ മാത്രം ലക്ഷ്യം വെച്ചു കൊണ്ട് നടന്നടുത്ത ഒറ്റയാന്റെ കണ്ണുകളിലേക്ക് വളരെ സാവധാനമാണ് ആ രൂപം കടന്ന് വന്നത്…

വളരെ സാവധാനം….

സേനാപതിയെ ലക്ഷ്യമിട്ടു നീങ്ങിയ കൊമ്പന്റെ കുറുകെ വളരെ സാവധാനം ആ ആൺകടുവ നടന്നു കയറി….

അവന്റെ മുഖം അപ്പോൾ ഒരു പൂച്ചകുഞ്ഞിന്റെ മുഖം പോലെ ശാന്തമായിരുന്നു…..

                                   തുടരും…

 

 

Unnikrishnan Kulakkat Novels

ദുര്യോധന

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!