Skip to content

ഭാഗ്യരേഖ – 3

  • by
bhagyarekha

“”ഡി അയാൾ കുറച്ചു ദിവസമായി നമ്മുടെ പിന്നാലെ ഉണ്ടായിരുന്നു ..

ഞാൻ അയാളെ കാണാറുണ്ട്..

“”ങ്ങേ.. നമ്മുടെ പിന്നാലെയോ.. എന്നിട്ട് ഞാൻ ഇതുവരെ അയാളെ കണ്ടിട്ടില്ലല്ലോ..

“”അതെങ്ങനെ കാണും.. ചുറ്റും നോക്കാൻ നിനക്ക് നേരമില്ലല്ലോ.. വീട് വിട്ടാൽ കട.. കട വിട്ടാൽ വീട് എന്നൊരു ഒറ്റ ചിന്തയിൽ ഉള്ള നടപ്പല്ലേ അതിനിടയിൽ ചുറ്റുമുള്ളതൊന്നും നിന്റെ കണ്ണിൽ പിടിക്കില്ല..

അഞ്ജലി പറഞ്ഞത് സത്യം തന്നെ ആണ്..

ഞാൻ ആരെയും മൈൻഡ് ചെയ്യാറില്ല..

എന്റെ ലോകം എന്റെ വീടും അമ്മയും മാത്രമാണ്..

ആ ഒരു ചിന്തയിൽ മുഴുകി ജീവിക്കുന്നത് കൊണ്ടാവും ചുറ്റും നടക്കുന്നതൊന്നും ഞാനങ്ങനെ ശ്രദ്ധിക്കാറേയില്ല..

“” ഇന്നലെ ജോലി കഴിഞ്ഞ് ബസ് കാത്ത് നിന്നപ്പോൾ  അയാൾ എന്റെ അടുത്ത് വന്നു ഓരോന്ന് സംസാരിച്ചിരുന്നു..

അയാൾക്ക് ഇഷ്ടമാണ് കൂടെ പോരുന്നോ എന്നൊക്കെ ചോദിച്ചു..

അപ്പോൾ ഞാൻ അയാളോട് ഒന്ന് ദേഷ്യപ്പെട്ടിരുന്നു..

പക്ഷേ എന്നിട്ടും അയാൾ പോവാൻ കൂട്ടാക്കാത്ത കൊണ്ട് എനിക്കെന്തോ പേടി തോന്നി….

പോരാത്തതിന് ഇന്നലെ എന്റെ കൂടെ നീയും ഇല്ലായിരുന്നല്ലോ..

പക്ഷേ ഭാഗ്യത്തിന് അപ്പോഴേക്കും നമ്മുടെ ബസ് വന്നു ഞാൻ അതിൽ ചാടി കേറി പോന്നു….

അഞ്ജലി പറഞ്ഞു നിർത്തി..

“”ഓ കഷ്ടം തന്നെ നിന്റെ കാര്യം.. ഇങ്ങനെ ഒരു പേടിത്തൊണ്ടി..

എന്റെ പൊന്ന് മോളെ പ്രതികരിക്കേണ്ടിടത്തു പ്രതികരിക്കണം….

ഇല്ലെങ്കിൽ ഇതുപോലെയുള്ള ഞരമ്പന്മാർ പിന്നാലെ കൂടും….

നമ്മൾ പ്രതികരിക്കാത്തത് ആണ് ഇവന്മാർക്ക് ഇത്ര ധൈര്യം വരാൻ കാരണം….

പിന്നെ നീ ഇനി എന്തായാലും പേടിക്കണ്ട..

അയാൾ നമ്മുടെ പിന്നാലെ വരുമെന്ന് തോന്നുന്നില്ല..

എന്റെ സ്വഭാവം പിടികിട്ടി കാണും..

വന്നാൽ അവന്റെ കാര്യം ഞാൻ ഏറ്റു..

ചെറു ചിരിയോടെ ഞാനത് പറയുമ്പോൾ അവളുടെ മുഖത്തും പുഞ്ചിരി പടർന്നു.

“”ഡി പിന്നെ നീ ഈ കാര്യം

വിനുവേട്ടനോട് പറഞ്ഞേക്കരുത്..

പിന്നെ അതുമതി അങ്ങേര് അടുത്ത പൊല്ലാപ്പ് ഉണ്ടാക്കാൻ..

പണ്ടൊരുത്തൻ ശല്യം ചെയ്തതിനു അവന്റെ വീട്ടിൽ കേറി തല്ലി അവസാനം കേസും കൂട്ടവുമായി നടന്നതാണ്..

ഇനി ഇതറിഞ്ഞാൽ എന്ത്‌ നടക്കുമെന്ന് പറയാൻ പറ്റില്ല..

അതുകൊണ്ട് ഒരു കാരണവശാലും നീ പറയല്ലേ..

അഞ്ജലി എന്റെ അടുത്ത് വന്നു നിന്നു കൊണ്ട് സ്വകാര്യമായി പറഞ്ഞു..

“”ഇല്ലേ.. ഞാനൊന്നും പറയാൻ നിക്കുന്നില്ല..

കാമുകനോട് പറയാൻ തോന്നുമ്പോൾ കാമുകി തന്നങ്ങു പറഞ്ഞാൽ മതി..

എന്നൊരു മറുപടിയും പറഞ്ഞു ഞാൻ വീണ്ടും പുതിയ സ്റ്റോക്ക് ഒക്കെ അടുക്കി പെറുക്കി വെക്കുന്നതിലേക്ക് തിരിഞ്ഞു….

വൈകുന്നേരത്തെ തിരക്കൊഴിഞ്ഞു ആറരയോടെ കടയിൽ നിന്നിറങ്ങിയതും ബസ് കിട്ടി….

അത് കൊണ്ട് തന്നെ ഏഴുമണി കഴിഞ്ഞതും വീട്ടിൽ എത്താനായി..

ചെന്നപാടെ തന്നെ കുളിയും കഴിഞ്ഞ് ചായയും കുടിച്ചു അടുത്ത പണിയിലേക്ക് കടന്നു..

തയ്യൽ പഠിച്ചു തയ്യൽ മെഷിൻ വാങ്ങി വെച്ചത് കൊണ്ട് നാട്ടിലെ കുറച്ചു സ്ത്രീകളുടെ തുണികൾ തയ്ക്കാൻ കിട്ടാറുണ്ട്..

അതും ഇപ്പോൾ ഒരു കുഞ്ഞു വരുമാന മാർഗ്ഗമായി മാറി..

അത്യാവശ്യമായി കൊടുക്കേണ്ട രണ്ടു പേരുടെ വസ്ത്രങ്ങൾ തയ്ച്ചു വെച്ച ശേഷം അവശതയോടെ ഞാൻ കട്ടിലിലേക്ക് ചാഞ്ഞു..

ക്ഷീണം കൊണ്ടു തെല്ലൊന്നു മയങ്ങിയപ്പോഴേക്കും ഭക്ഷണം കഴിക്കാനായി അമ്മ വന്നു വിളിച്ചെഴുന്നേൽപ്പിച്ചു..

ചെറിയൊരു ഉറക്കച്ചടവോടെ ഞാൻ

എഴുന്നേറ്റു ചെന്നു..

അമ്മക്കൊപ്പം ആവി പറക്കുന്ന നല്ല ചൂട് കുത്തരി കഞ്ഞി അച്ചാറും പപ്പടവും ചെറുപയർ തോരനും കൂട്ടി കഴിച്ചപ്പോഴേക്കും സകല ക്ഷീണവും പമ്പ കടന്നു….

അതിനിടയിൽ ദിവസത്തെ ഓരോരോ വിശേഷങ്ങൾ പങ്കു വെച്ചു..

ഭക്ഷണം കഴിച്ചു കഴിഞ്ഞതും പിന്നെ ബാക്കി ഭക്ഷണം കുറിഞ്ഞി പൂച്ചക്കും കൊടുത്തു ഞാൻ നേരെ ഉമ്മറത്ത് വന്നിരുന്നു..

രാത്രി ഇരുട്ടിന്റെ കമ്പളം പുതച്ചു കഴിഞ്ഞിരിക്കുന്നു..

പറമ്പിൽ മരങ്ങൾ ഇരുളിന്റെ നിഴൽ വീഴ്ത്തിയിരിക്കുന്നു..

മിന്നാമിനുങ്ങുകൾ ആ ഇരുളിനെ ചുംബിച്ചു പാറി കളിക്കുന്നു..

ചീവിടുകളുടെ ശബ്ദം ഇടക്ക് ഇടെ ഉച്ചത്തിൽ ആവുന്നുണ്ട്..

പാടത്തുള്ള തവളകളുടെ കൂട്ട കരച്ചിലും കൂട്ടത്തിൽ കേൾക്കുന്നുണ്ട്..

തെളിഞ്ഞ നീലാകാശത്ത് വെള്ളി മേഘങ്ങൾ എങ്ങോട്ടെന്നറിയാതെ കാറ്റത്തു പാറി പറക്കുന്ന അപ്പൂപ്പൻ താടി പോലെ ഒഴുകി നീങ്ങുന്നു..

ആകാശത്താരോ കുടമുല്ല പൂക്കൾ വാരി വിതറിയ പോലെ നക്ഷത്രങ്ങൾ പൂവിട്ടു നിൽക്കുന്നു..

ചന്ദ്രൻ ഇടയ്ക്കിടെ മേഘങ്ങൾക്ക് ഇടയിൽ ഒളിച്ചു കളിക്കുന്നു..

ഉമ്മറത്തു രാത്രിയുടെ തണുപ്പേറുന്ന കാറ്റേറ്റ് ഇരിക്കുമ്പോൾ അകലെ എവിടെയോ പൂത്ത പാല പൂക്കളുടെ ഗന്ധം അവിടമാകെ പരന്നു തുടങ്ങി..

അപ്പോഴേക്കും അമ്മയും ഉമ്മറത്ത് വന്നിരുന്നു..

അമ്മയുടെ മടിയിലേക്ക് പതുക്കെ തല വെച്ചു ഞാൻ കിടന്നു..

അമ്മ മെല്ലെ എന്റെ തലമുടിയിലൂടെ വിരലോടിച്ചു തഴുകി കൊണ്ടിരുന്നു..

“”എന്തൊരു സുഗന്ധമാണ് ഈ പാലപ്പൂക്കൾക്ക് അല്ലേ അമ്മേ….

അതിൽ ഇങ്ങനെ അലിഞ്ഞു ചേരാൻ തോന്നും..

“””മ്മ്മം.. ഇങ്ങനെ നിലാവുദിച്ചു പാല പൂക്കുന്ന രാവുകളിൽ ഗന്ധർവ്വനും യക്ഷിയും ഒക്കെ ഇറങ്ങുമെന്നാണ് പണ്ടുള്ളവർ പറയുന്നത്…..

“”ഈ ഗന്ധർവ്വൻമ്മാർ എന്ന് പറഞ്ഞാൽ നല്ല സുന്ദരന്മാരായ ടീംസ് അല്ലേ..

“””മ്മ്മ്മം അതേ.. അതിസുന്ദരന്മാർ..

ദേവേന്ദ്രന്റെ സദസ്സിലെ പാട്ടുകാർ ആണ് അവർ..

പിന്നെ അപ്സരസ്സുകളുടെ ഭർത്താക്കന്മാരായും അവർ അറിയപ്പെടുന്നുണ്ട് ..

പിന്നവർ അറുപത്തി നാല് കലകളും വശത്താക്കിയ വിധ്വാന്മാരാണെന്നാണ് പറയുന്നത്….

പച്ചപ്പട്ടു ഞൊറിഞ്ഞുടുത്തു തിളങ്ങുന്ന നക്ഷത്രക്കല്ലുകൾ ആഭരണങ്ങളാക്കി ധരിച്ചു സുമുഖ സുന്ദരനായി വരുന്ന ഗന്ധർവ്വനെ കുറിച്ച്  എന്നെ എടുത്തു വളർത്തിയ മുത്തശ്ശി പണ്ടെനിക്ക്  പറഞ്ഞു തരുമായിരുന്നു….

മനുഷ്യനെ അനുഗ്രഹിക്കാനും ശപിക്കാനും കഴിവുള്ള ഗന്ധർവ്വ കഥകൾ മുത്തശ്ശി പറഞ്ഞു തരുമ്പോൾ

അന്നൊക്കെ ഞാൻ മനസ്സിൽ വെറുതെ ഗന്ധർവ്വന്റെ രൂപം സങ്കൽപ്പിച്ചു കൂട്ടും..

പല രാത്രികളിലും അവ്യക്തമായ ഒരു ഗന്ധർവ്വരൂപം സ്വപ്നത്തിൽ ഞാൻ കാണാറുണ്ടായിരുന്നു…..

അങ്ങനെ ഇരിക്കെ ഒരിക്കൽ എന്റെ മുന്നിൽ ഒരു ഗന്ധർവ്വൻ പ്രത്യക്ഷപ്പെട്ടു..

ദീപാരാധന തൊഴുതു വരും വഴി വയലിനടുത്തുള്ള ഒറ്റയടി പാതയിൽ വെച്ചാണ് ഞാൻ ആ ഗന്ധർവ്വനെ ആദ്യം കാണുന്നത്….

പിന്നീട് പലപ്പോഴും കണ്ടു..

ഒടുവിൽ ഞങ്ങൾ തമ്മിൽ പ്രണയത്തിലായി….

സ്വന്തമെന്ന് പറയാൻ ആകെ ഉണ്ടായിരുന്ന മുത്തശ്ശി കൂടെ മരിച്ചതോടെ തീർത്തും അനാഥയായി തീർന്ന എന്നെ എതിർപ്പുകൾ അവഗണിച്ചു ആ ഗന്ധർവ്വൻ കല്യാണം കഴിച്ചു….

പിന്നെ നിന്നെ എനിക്ക് സമ്മാനിച്ചു അകലങ്ങളിലുള്ള ഗന്ധർവ്വ ലോകത്തേക്ക് നമ്മളെ തനിച്ചാക്കി മടങ്ങി പോയി..

അത് പറയുമ്പോൾ അമ്മയുടെ നിറഞ്ഞു തുളുമ്പിയ മിഴിനീർ തുള്ളികൾ എന്റെ മുഖത്തേക്ക് ഇറ്റിറ്റു വീണു..

പെട്ടെന്ന് ഞാൻ ചാടി എഴുന്നേറ്റിരുന്നു..

അമ്മ പറഞ്ഞത് എന്റെ അച്ഛൻ വാസുദേവനെ കുറിച്ചായിരുന്നു….

അച്ഛനെ കുറിച്ച് ഓർത്താൽ പിന്നെ അമ്മ ഇങ്ങനെ ആണ്….

കരഞ്ഞു കൊണ്ടിരിക്കും..

ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്  ഒടുക്കം ജീവിച്ചു കൊതി തീരും മുൻപേ അച്ഛൻ മരിച്ചു..

അതോടെ അമ്മ ആകെ തകർന്നെങ്കിലും

എന്നെ ഓർത്താവും അമ്മ ഇന്നും ജീവനോടെ ഇരിക്കുന്നത്..

“”ഓ എന്റെ പൊന്ന് അമ്മേ.. ഈ കരച്ചിൽ ഒന്ന് നിർത്താമോ..

ഞാൻ ഗന്ധർവന്മാരെ കുറിച്ചാണ് ചോദിച്ചത്..

അമ്മ അവസാനം അത് അച്ഛനിൽ കൊണ്ട് ചെന്ന് എത്തിച്ചല്ലേ….

അല്ല എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാണ് എന്നും ഇങ്ങനെ എന്തെങ്കിലും ഒക്കെ പറഞ്ഞു കരഞ്ഞില്ലെങ്കിൽ അമ്മക്ക് ഉറക്കം വരില്ലേ….?

വാ നമുക്ക് കിടക്കാം എന്നും പറഞ്ഞു ഞാൻ ഉമ്മറത്ത് നിന്നും എഴുന്നേറ്റ് അമ്മയുമായി അകത്തേക്ക് പോയി..

അമ്മയെ  മുറിയിൽ കിടത്തി ഞാനെന്റെ മുറിയിൽ എത്തി ലൈറ്റ് കെടുത്തി.. പിന്നെ മെല്ലെ കട്ടിലിൽ കിടന്നു..തുറന്നിട്ടിരുന്ന ജനലിൽ കൂടി നിലാവെട്ടം മുറിയിലേക്ക് എത്തി നോക്കി കൊണ്ടിരുന്നു..

പാലപ്പൂവിന്റെ സുഗന്ധം പേറുന്ന കാറ്റ് ഇടക്കിടെ എന്നെ ചുംബിച്ചു കടന്നു പോയി കൊണ്ടിരുന്നു..

എന്റെ ചിന്തകളിൽ ഗന്ധർവ്വൻ നിറഞ്ഞു തുടങ്ങി..

അമ്മ പറഞ്ഞ ഗന്ധർവ്വ രൂപത്തിലേക്ക് പതിയെ എന്റെ മനസ്സും സഞ്ചരിച്ചു തുടങ്ങി..

ആകാശ മേഘങ്ങളിൽ നിന്നും ഭൂമിയിലേക്ക് പതിച്ച പച്ച വെളിച്ചം

പാലമരത്തിന്റെ നിഴൽ വീഴ്ത്തിയ ഇരുളിന് പിന്നിലായി ഒളിച്ചു..

പിന്നെ കുറച്ചു പുക പടലങ്ങൾ അവിടാകെ വ്യാപിച്ചു..

ഒരു കൊച്ച് കുട്ടിയുടെ കൗതുകത്തോടെ അത് നോക്കി നിന്ന എനിക്ക് ചുറ്റും  നിറയെ വർണ്ണശലഭങ്ങൾ പാറി പറന്നു….

ചിലതെന്റെ നെറ്റിയിലും തലമുടിയിലും കവിളത്തും വന്നിരുന്നു..

നിലാവെളിച്ചം പൂർണ്ണമായും അവിടാകെ പരന്നിരുന്നു..

വടക്കൻ കാറ്റിൽ ആടിയുലഞ്ഞ പാലയുടെ ശിഖരങ്ങളിൽ നിന്നും പാലപ്പൂവുകൾ പറവകളെ പോലെ പാറി പറന്നെന്നെ മൂടി കൊണ്ടിരിന്നു..

ഇതുവരെ തോന്നാത്തൊരനുഭൂതി മനസ്സിൽ നിറയുമ്പോലെ തോന്നി..

ഹൃദയമിടിപ്പുകൾ വേഗത്തിലായി..

ആരെയോ കാണാനായി മനസ്സ് വെമ്പൽ കൊണ്ടു..

പാലയുടെ പിന്നിൽ നിന്നും അവ്യക്തമായ ഒരു മനുഷ്യരൂപം എന്നെ തന്നെ നോക്കി നിൽക്കും പോലെ തോന്നി..

എന്റെ മനസ്സെന്നെ അങ്ങോട്ടേക്ക് യാന്ത്രികമായി അടുപ്പിച്ചു കൊണ്ടിരുന്നു..

കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു തുടങ്ങി….

ആ രൂപത്തിന് അടുത്തെത്താറായതും പൊടുന്നനെ അത് വായുവിൽ അലിഞ്ഞു ചേർന്നു….

നിരാശയോടെ ഞാനത് നോക്കി നിന്നു..

“”ഡി പെണ്ണേ എന്തൊരു ഉറക്കമാണിത്..

എഴുന്നേറ്റേ..

ദച്ചു ഡി എഴുന്നേൽക്കാൻ….

നീ ഇന്ന് അമ്പലത്തിൽ പോവുന്നില്ലേ..

എന്നും പറഞ്ഞു അമ്മ രാവിലേ തട്ടി വിളിച്ചുണർത്തുമ്പോൾ ആണ് ഞാൻ  കണ്ണ് തുറന്നു ചുറ്റും നോക്കിയത്..

“””ശ്ശെ..അപ്പോൾ കണ്ടത് സ്വപ്നമായിരുന്നോ..

“”എന്താടി ഇരുന്നു പൊറു പൊറുക്കുന്നത്..

“”ഹേ ഒന്നുല്ല.. അല്ല അമ്മേ ഇന്ന് ഇത്രയും പെട്ടെന്ന് നേരം വെളുത്തോ..?

“”ആഹാ ബെസ്റ്റ്..സമയം എന്തായെന്നാണ് വിചാരം..

ഡി പെണ്ണേ  നിനക്ക് രാവിലെ തൊഴാൻ പോവണ്ടേ….

“”ശ്ശോ ഞാൻ ആ കാര്യം വിട്ടു..

ഗന്ധർവ്വനെയും സ്വപ്നം കണ്ടങ്ങു ഉറങ്ങി പോയി..

എഴുന്നേറ്റിരുന്നു തലമുടി വാരികെട്ടി കൊണ്ട് ദക്ഷ പറഞ്ഞത് കേട്ട് അമ്മ അന്തം വിട്ട് നിന്നു..

“”ഗന്ധർവ്വനെ സ്വപ്നം കണ്ടെന്നോ..?

അമ്മ അത്ഭുതത്തോടെ ചോദിച്ചു.

“”ഓ ഒരു ഗന്ധർവ്വനെ തന്നെ.. പക്ഷേ മൂപ്പരുടെ മുഖം കാണാൻ എനിക്ക് പറ്റിയില്ല..

അടുത്തെത്താറായതും എന്റെ മുഖം കണ്ടു മൂപ്പര് സ്ഥലം വിട്ടു..

പറഞ്ഞിട്ട് കാര്യമില്ല അവർക്കും വെളുത്തു സുന്ദരികൾ ആയവരെ മതിയല്ലോ..

അതും പറഞ്ഞു ചെറു ചിരിയോടെ  ഞാൻ എഴുന്നേറ്റു ഫ്രഷ് ആവാനായി പോയി..

വേഗം തന്നെ കുളി കഴിഞ്ഞെത്തി ഒരുങ്ങി ഞാൻ അമ്പലത്തിലേക്ക് നടന്നു..

റോഡരുകിൽ പൂവിട്ടു നിൽക്കുന്ന പേരറിയാ ചെടികളെയും തൊട്ടു തലോടി  പുലർച്ചെ കണ്ട സ്വപ്നത്തേയും ഓർത്തു നടക്കുമ്പോൾ ദക്ഷയുടെ ചുണ്ടിലും പുഞ്ചിരിയുടെ പൂ വിടർന്നിരുന്നു….

അമ്മയുടെ ജീവിതത്തിലെ പോലെ തന്റെ ജീവിതത്തിലും ഒരു ഗന്ധർവ്വൻ വരുമോ..

നിറവും കാശും ഒന്നും നോക്കാതെ തന്നെ സ്നേഹിക്കാൻ കഴിവുള്ളൊരാൾ….

അവൾ മനസ്സിൽ ചിന്തിച്ചത് മനസ്സിലാക്കി എന്നോണം കാലിലെ പാദസ്വര മണികളും എന്തോ പറഞ്ഞു പൊട്ടി ചിരിച്ചു കൊണ്ടിരുന്നു….

മനസ്സ് ചിലപ്പോഴൊക്കെ വർണ്ണങ്ങൾ വാരി വിതറുന്ന സ്വപ്നങ്ങൾ കാട്ടി നമ്മളെ കൊതിപ്പിക്കാറുണ്ട്…. സന്തോഷിപ്പിക്കാറുണ്ട്….

പക്ഷേ ഉറക്കമുണരും വരെയേ അതിന് ആയുസ്സുള്ളൂ എന്ന തിരിച്ചറിവ് അവളിൽ തെല്ലൊരു നിരാശയും പിന്നാലെ പടർത്താതെ ഇരുന്നില്ല….

സങ്കടത്തോടെ ഓടിയണയുന്ന ഭക്തർക്ക് അനുഗ്രഹമേകി പുത്തേടത്തു ക്ഷേത്രം ഗ്രാമത്തിന്റെ ഐശ്വര്യമായി തലയെടുപ്പോടെ നിൽക്കുന്നു ….

ദേവിക്കൊപ്പം ശിവനും ഗണപതിയും നാഗത്താന്മാരും ഉപദേവതകളായി ഇവിടെ വാണരുളുന്നു..

കൊത്തുപണികൾ കൊണ്ടും സുന്ദരമാണ് പുത്തേടത്തു ക്ഷേത്രം..

വഴിയോര കാഴ്ചകൾ കണ്ടു ഞാൻ അമ്പലത്തിനടുത്തെത്തി പടിപ്പുര കടന്ന്  നടവഴിയിലേക്കു കാലെടുത്തു വെച്ചപ്പോൾ തന്നെ അമ്മയുടെ തലോടൽ പോലെ എണ്ണത്തിരികളുടെ ഗന്ധം പേറുന്ന കാറ്റ് എന്നെ തഴുകി കടന്ന് പോയി….

മുടിയിഴകളിൽ കാറ്റു തൊടുമ്പോൾ അമ്മയുടെ വിരലുകളാൽ തലോടുന്ന പോലെ തോന്നും..

പുഞ്ചിരിയോടെ ഞാൻ ദേവിയുടെ നടക്ക് മുന്നിൽ ചെന്നു നിന്നു..

ദേവി രൂപം കൺനിറയെ കണ്ട് തൊഴുതു പ്രാത്ഥിക്കുമ്പോൾ  സങ്കടങ്ങൾ എല്ലാം അലിഞ്ഞ് ഇല്ലാതായി മനസ്സിൽ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ നിറയുന്നത് പോലവൾക്ക് തോന്നി..

അറിയാതവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി മിഴിനീർ തുള്ളികൾ താഴേക്ക് വീണു കൊണ്ടിരുന്നു..

പെട്ടെന്നൊരു കൈ പിന്നിൽ നിന്നും അവളുടെ തോളിൽ വന്നു പതിച്ചു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!