Skip to content

ഭാഗ്യരേഖ – 6

  • by
bhagyarekha

ഏലത്തൂർ ഇല്ലത്തെ കാര്യസ്ഥൻ കേശവൻ ചേട്ടനും പിന്നിലായി എന്റെ മുത്തശ്ശനും….

ഏലത്തൂർ ഇല്ലത്തെ മാധവൻ നായർ..

ജരാനരകൾ ബാധിച്ചെങ്കിലും ഒരു ഗ്രാമം അടക്കി വാണിരുന്ന മുൻ തലമുറക്കാരുടെ     പ്രൗഡി ഇപ്പോഴും ആ മുഖത്ത് നിന്നും വായിച്ചെടുക്കാം..

കണ്ണുകൾക്ക് പോലും ആജ്ഞാ ശക്തി ഉണ്ടെന്ന് തോന്നി പോവുന്നു..

മുണ്ടുടുത്തു മേൽമുണ്ട് ധരിച്ചിരിക്കുന്നു ..

നെറ്റിയിൽ ചന്ദനക്കുറി..

നരച്ച രോമങ്ങൾക്കൊപ്പം നെഞ്ചിലായി വിയർപ്പിൽ പറ്റിച്ചേർന്നൊരു രുദ്രാക്ഷ മാല കിടക്കുന്നു..

ഒരൽപ്പം ഭയത്തോടെ ആണ് ഞാനും അമ്മയും ഉമ്മറത്തേക്ക് വന്നു നിന്നത്..

“”മീനാക്ഷി.. മാധവനദ്ദേഹം നിങ്ങളെ കാണാൻ വന്നതാണ്..

കാര്യസ്ഥൻ ഞങ്ങളെ നോക്കി കൊണ്ട് പറഞ്ഞു..

ഞാൻ മുത്തശ്ശന്റെ മുഖത്തേക്ക് നോക്കി..

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ ആ കണ്ണുകൾ വിതുമ്പാൻ വെമ്പുന്ന പോലെ തോന്നി..

അകൽച്ചയുടെ വലിയൊരു മഞ്ഞ് കട്ട ഉരുകി തുടങ്ങിയിരിക്കുന്നു..

ഞങ്ങൾ മൂവർക്കും ഇടയിൽ മൗനം അലയടിച്ചു..

എന്ത്‌ പറയണം എന്നറിയാതെ ഞാനും അമ്മയും പരിഭ്രമിച്ചു..

ആ പരിഭ്രമം മുത്തശ്ശനിലേക്കും പടർന്നെന്ന് തോന്നി..

ആ മുഖത്തൊരു സങ്കടം നിഴലിച്ചു കണ്ടു ..

ഒരു പക്ഷേ കുറ്റബോധം കൊണ്ടാവണം..

“”ഇങ്ങോട്ട് കേറി ഇരിക്കാം..

നിശബ്ദതയെ ഭേദിച്ചു കൊണ്ട് ശബ്ദം താഴ്ത്തി അമ്മ പറഞ്ഞു..

“”വേണ്ട.. ഞാൻ ഒരു കാര്യം പറയാൻ വന്നതാണ്..

കാവിൽ വെച്ചൊരു പൂജയുണ്ട്.. ബന്ധുക്കൾ എല്ലാവരും അതിൽ പങ്കെടുക്കണം..

വസുമതിയും മക്കളും ഇന്നെത്തും..

നിങ്ങളും വരണം..

എടുക്കാൻ വല്ലതും ഉണ്ടെങ്കിൽ എടുത്തു കൊണ്ട് പറ്റുമെങ്കിൽ ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് പോന്നോളൂ..

സഹായത്തിനു വേണണെങ്കിൽ കേശുവിനോട് പറഞ്ഞാൽ മതി..

മുത്തശ്ശന്റെ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ ചെറിയൊരു ഇടർച്ചയും ഉണ്ടായിരുന്നു..

മുത്തശ്ശൻ പറഞ്ഞത് കേട്ട് ഇത് സ്വപ്നമോ യാഥാർഥ്യമോ എന്നറിയാതെ  ഞാനും അമ്മയും ഒരു നിമിഷം അന്തം വിട്ടു നിന്നു..

“”ശെരിയെന്നാൽ ഞാൻ ഇറങ്ങട്ടെ..

“”മുത്തശ്ശാ..

ഒരൽപ്പം പരിഭ്രമത്തോടെ ഞാൻ നീട്ടി വിളിച്ചു..

ആ വിളി കാതിൽ പതിച്ചതും മുത്തശ്ശന്റെ മുഖത്ത് വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി..

ആള് എന്റെ അടുക്കലേക്ക് നടന്നു വന്നെന്റെ നെറുകയിൽ മെല്ലെ തലോടി..

ആ മിഴികൾ നിറഞ്ഞു തുളുമ്പി….

പൊടുന്നനെ ഞാൻ മുത്തശ്ശനെ കെട്ടിപിടിച്ചു കൊണ്ട് പൊട്ടി കരഞ്ഞു..

മുത്തശ്ശൻ എന്നെ മെല്ലെ കരവലയത്തിൽ ഒതുക്കി കൊണ്ട് വിങ്ങി പൊട്ടി..

ആ നെഞ്ച് പിടക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു..

മനസ്സ് കൊണ്ടൊരായിരം വട്ടം മുത്തശ്ശനപ്പോൾ മാപ്പ് ചോദിക്കുമ്പോലെ എനിക്ക് തോന്നി….

അൽപ്പം കഴിഞ്ഞതും പതുക്കെ കരവലയം അയച്ചു കൊണ്ട് മുത്തശ്ശൻ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ നടന്നു നീങ്ങി..

എന്റെയും അമ്മയുടെയും സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു..

സന്തോഷം കൊണ്ട് ഞങ്ങളുടെ മിഴികളും നിറഞ്ഞൊഴുകി..

കാലം മായ്ക്കാത്ത മുറിപ്പാടില്ല എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശെരിയായിരിക്കുന്നു..

———————————————————

രാവിലെ തന്നെ ജോലികൾ ഒക്കെ ഒതുക്കി തീർത്തു വീട് പൂട്ടി ഇല്ലത്തേക്ക് നടന്നു..

എന്റെ അച്ഛൻ ജനിച്ചു വളർന്ന തറവാട്ടിലേക്ക്.. ഒരിക്കലെങ്കിലും കേറണമെന്ന് കൊതിച്ച മണ്ണിലേക്ക് ഉള്ള യാത്ര മനസ്സ് നിറയെ സന്തോഷത്തിന്റെ പൂക്കാലം തീർത്തു..

ഞങ്ങൾക്കൊപ്പം കൂട്ടായി കുറിഞ്ഞി പൂച്ചയും അവൾക്ക് അപരിചിതമായ വഴിയിലൂടെ നടന്നു..

നടന്നു നടന്നു ഞങ്ങൾ ഇല്ലത്തിന്റെ പടിപ്പുരക്ക് മുന്നിലെത്തി..

വെട്ടുകല്ലിൽ തീർത്ത ചവിട്ടു പടികൾ ചവിട്ടി കയറി പടിപ്പുര വാതിലിൽ നിന്ന് കൊണ്ട് ഏലത്തൂർ ഇല്ലം ഞാൻ നോക്കി കണ്ടു..

ആദ്യം കണ്ണിൽ പെട്ടത് മുറ്റത്തെ തുളസിത്തറ ആയിരുന്നു….

പിന്നിലായി പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ഓട് പാകിയ ഏലത്തൂർ ഇല്ലം..

കൺകുളിർക്കേ ഒരു നിമിഷം ഞാനത് നോക്കി നിന്നു.

പിന്നെ പതിയെ ആ മുറ്റത്തേക്ക് കാൽ വെച്ചതും കുളിർമയുള്ളൊരു കാറ്റെന്നെ തഴുകി കടന്നു പോയി..

ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..

അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു..

അച്ഛന്റെ കൈപിടിച്ച് കേറാൻ കൊതിച്ച വീട്..

ഇന്ന് അച്ഛനില്ലാതെ കേറുമ്പോൾ അച്ഛന്റെ ഓർമ്മകൾ അമ്മയുടെ കണ്ണുകളെ ഈറനണിയിച്ചതാവും..

ഞങ്ങളെ കണ്ടതും മുത്തശ്ശി ഓടി വന്നു കെട്ടിപിടിച്ചു ഒന്ന് വിതുമ്പി..

പിന്നെ ഞങ്ങളെ വിളിച്ചു അകത്തേക്ക് കൊണ്ടു പോയി..

മുത്തശ്ശൻ കാവ് വൃത്തിയാക്കുന്നതിനും മറ്റുമായി പണിക്കാരുമായി കാവിലേക്ക് പോയിരുന്നു..

മുത്തശ്ശി ഞങ്ങളെ തറവാട് മുഴുവൻ നടന്നു കാണിച്ചു തന്നു..

കൂട്ടത്തിൽ അച്ഛന്റെ മുറിയും..

അവിടാണ് ഞങ്ങൾക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയത്..

മുറിയിലേക്ക് കേറുമ്പോൾ അച്ഛൻ കൂടെയുള്ള ഫീൽ ആയിരുന്നു മനസ്സിൽ..

അച്ഛന്റെ ആത്മാവ് അവിടുള്ളത് പോലൊരു തോന്നൽ..

ഒരു നിമിഷം എല്ലാവരും മൗനത്തിലായി.. കണ്ണുകൾ നിറഞ്ഞു പരസ്പരം നോക്കി..

“””മുത്തശ്ശി അപ്പച്ചി ഒക്കെ എപ്പോഴാണ് വരുക..

നിശബ്ദത ഭേദിച്ചു കൊണ്ട് ഞാൻ ചോദിച്ചു..

“”അവർ വൈകുന്നേരം എത്തും മോളെ..

സുകുമാരൻ വരുന്നില്ല.. അവളും മക്കളും മാത്രമേ ഒള്ളൂ എന്നാണ് പറഞ്ഞത്..

അവനെന്തോ തിരക്ക് ആണത്രേ..

അപ്പച്ചിയുടെ ഭർത്താവ് ആണ് സുകുമാരൻ..

————————————————————

വൈകുന്നേരത്തോടെ പടിപ്പുരക്ക് മുന്നിലായി ഒരു കാർ വന്നു നിന്നു..

അതിൽ നിന്നും ഒരു പെൺകുട്ടി ആദ്യം പടിപ്പുര കയറി വന്നു..

മുത്തശ്ശാ.. മുത്തശ്ശി.. എന്നെ മനസ്സിലായോ.. ഞാനാ ശ്രീക്കുട്ടി..

അവൾ അവരെ നോക്കി പറയുമ്പോൾ കണ്ട് നിന്ന എന്റെ കണ്ണുകൾ വിടർന്നു..

അവൾ വളർന്നു വലിയൊരു പെണ്ണായിരിക്കുന്നു..

അവൾ ഓടിവന്നു അവരെ മാറി മാറി കെട്ടിപിടിച്ചു..

അവർ ചുംബനങ്ങൾ കൊണ്ടവളെ പൊതിഞ്ഞു..

അപ്പോഴേക്കും പിന്നാലെ അപ്പച്ചിയും അവിടേക്ക് വന്നു..

പിന്നെ അവരുടെ സ്നേഹപ്രകടനം കണ്ടു നിന്ന എന്റെ കണ്ണുകൾ അതിനിടയിൽ തിരഞ്ഞത് ശ്രീയേട്ടനെ ആയിരുന്നു….

അപ്പോഴേക്കും ശ്രീക്കുട്ടിയും അപ്പച്ചിയും കൂടെ എന്റെയും അമ്മയുടെയും അരികിലേക്ക് വന്നു..

ചേച്ചി എന്ന് വിളിച്ചവളെന്നെ കെട്ടിപിടിച്ചു..

പിന്നാലെ അപ്പച്ചി മോളെ എന്നും വിളിച്ചെന്റെ കവിളിൽ തലോടി..

“”അല്ല വസുമതി ചേച്ചി ശ്രീ എന്തിയെ.. അവൻ വന്നില്ലേ..?

എന്റെ മനസ്സ് വായിച്ചെന്നോണം ആണമ്മയുടെ ആ ചോദ്യമെന്നെനിക്ക് തോന്നി പോയി..

“”ഇല്ല നാത്തൂനെ അവൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ..

അവനെന്തോ അത്യാവശ്യമായി ചെയ്യേണ്ട വർക്ക്‌ ഉണ്ടത്രേ…..

ഇറങ്ങാൻ നേരമാണ് ചെക്കനത് പറഞ്ഞത്..

പിന്നെ ടിക്കറ്റ് ബുക്ക്‌ ചെയ്തത് കൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു..

അപ്പച്ചി അത് പറയുമ്പോളും ശ്രീയേട്ടൻ വരാത്തതിന്റെ ഒരു നിരാശ എന്റെ ഉള്ളിൽ പൊട്ടി മുളച്ചിരുന്നു..

“”ഇവളും വളർന്നു വലിയ ആളായല്ലോ.. ഇവളുടെ കല്യാണം ഒന്നുമായില്ലേ..

എന്റെ കവിളത്തു തലോടി കൊണ്ട് അപ്പച്ചി അമ്മയോടായി ചോദിച്ചു..

“”ആലോചനകൾ ഓരോന്നും വരുന്നുണ്ട് ചേച്ചി പക്ഷേ ഒന്നും അങ്ങോട്ട് ഒക്കുന്നില്ല..

അമ്മയുടെ വാക്കുകളിൽ നിരാശ നിറഞ്ഞിരുന്നു..

“”ഓരോന്നിനും അതിന്റെതായ സമയമില്ലേ നാത്തൂനെ.. എല്ലാം ശെരിയാവുമെന്നെ..

“”അതേ ബാക്കി സംസാരം ഒക്കെ ഭക്ഷണം കഴിച്ച ശേഷം ആവാം..ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ ക്ഷീണം കാണും….

മുത്തശ്ശി ഞങ്ങൾക്ക് അരുകിലേക്ക് വന്നു പറഞ്ഞു..

“”ശെരിയാ.. ചേച്ചിയും ശ്രീക്കുട്ടിയും പോയി കുളിച്ചു വാ..

ഞങ്ങൾ ഭക്ഷണം എടുത്തു വെക്കാം എന്നമ്മ കൂടി പറഞ്ഞതും അപ്പച്ചിയും ശ്രീക്കുട്ടിയും ബാഗും മറ്റുമായി അകത്തേക്ക് നടന്നു…..

അവർ കുളി കഴിഞ്ഞു എത്തുമ്പോഴേക്കും ഊണ് മേശയിൽ ചോറും കറികളും നിരന്നിരുന്നു..

ഞങ്ങൾ എല്ലാവരും കൂടെ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ച ശേഷം നടുത്തളത്തിൽ വന്നിരുന്നു..

അപ്പച്ചി ബാംഗ്ലൂർ വിശേഷങ്ങൾ ഓരോന്നായി പറഞ്ഞു തുടങ്ങി.

അതിനിടയിൽ ശ്രീക്കുട്ടി ഫോണിൽ ശ്രീയേട്ടന്റെ ഫോട്ടോ ഞങ്ങളെ ഒക്കെ കൊണ്ട് വന്നു കാണിച്ചു..

താടിയും മീശയുമായി ചുണ്ടിൽ കുസൃതി നിറഞ്ഞൊരു പുഞ്ചിരിയും നിറച്ചു

ജീൻസും ഷർട്ടും ഒക്കെ ഇട്ടു പലവിധ പോസിൽ ഉള്ള ഫോട്ടോസ്..

ആളൊരു സുന്ദരൻ തന്നെ..

“”ശ്രീക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ മോളെ..

അപ്പച്ചിയോടുള്ള മുത്തശ്ശിയുടെ  ചോദ്യം കേട്ടാണ് ഞാൻ ഫോട്ടോയിൽ നിന്ന് കണ്ണെടുത്തത്..

“”മ്മം.. ഈ വർഷം തന്നെ നടത്തണം എന്നുണ്ട് അമ്മേ..

അവനോട് പറഞ്ഞിട്ടുണ്ട്.. പക്ഷേ അവനിതുവരെ മറുപടി ഒന്നും തന്നിട്ടില്ല..

ഇനി മനസ്സിൽ വല്ല ഇഷ്ടവും മറ്റും ഉണ്ടോന്ന് ആർക്കറിയാം..

ഇന്നത്തെ കാലത്തെ കുട്ട്യോൾ അല്ലേ പറയാൻ പറ്റില്ല..

ചെറിയൊരു നെടുവീർപ്പ് ഇട്ടു കൊണ്ട് അപ്പച്ചി പറഞ്ഞു.

“”ഹേയ് ഏട്ടന് അങ്ങനെ ഒന്നുല്ല.. ഉണ്ടെങ്കിൽ ഏട്ടനെന്നോട് പറയാതെ ഇരിക്കില്ല….

ശ്രീക്കുട്ടി ചാടി കേറി പറഞ്ഞു.

“”അത് ശെരിയാ.. ഇവർ ഏട്ടനും അനിയത്തിയും തമ്മിൽ ഭയങ്കര കൂട്ടാണ്.. അവന്റെ കാര്യങ്ങൾ ഒക്കെ എന്നേക്കാൾ നന്നായി ഇവൾക്ക് അറിയാം..

എല്ലാം ഇവളോടാണ് പറയാറുള്ളത്..

അപ്പച്ചി അത് പറയുമ്പോൾ ശ്രീക്കുട്ടി ഇരുന്നു ചിരിക്കുന്നുണ്ടായിരുന്നു….

“”ഞാൻ ഏട്ടനെ വിളിച്ചു നോക്കിയിട്ട്  കിട്ടുന്നില്ല അമ്മേ .. ഔട്ട്‌ ഓഫ് കവറേജ് എന്നാണ് പറയുന്നത്..

അവൾ ഫോണിൽ വീണ്ടും വീണ്ടും ട്രൈ ചെയ്തു നോക്കി കൊണ്ട് പറഞ്ഞു..

അപ്പോഴേക്കും എന്റെ മനസ്സ് ശ്രീയേട്ടനെ കുറിച്ചുള്ള ചിന്തകളാൽ നിറഞ്ഞിരുന്നു..

ആ പുഞ്ചിരിക്കുന്ന മുഖം മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞു പോയി..

ചരട് പൊട്ടിയ പട്ടം കണക്കിന് മനസ്സ് ഏതോ ലോകത്തേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു..

ചുറ്റും കൂട്ട ചിരികളുടെ ശബ്ദം മാത്രം കേട്ടു..

അവരെന്തൊക്കെയോ പറഞ്ഞു ചിരിക്കുകയാണ്..

പറഞ്ഞതൊന്നും കേട്ടില്ലെങ്കിലും ഞാനും വെറുതെ ചിരിച്ചു..

ഒരു വിഡ്ഢിയെ പോലെ..

രണ്ടു ദിവസം കൊണ്ട് തന്നെ ഞാനും ശ്രീക്കുട്ടിയും നല്ല സൗഹൃദത്തിലായി..

അവൾക്കൊപ്പം നാട് മുഴുവൻ ചുറ്റി കണ്ടു..

കുട്ടിക്കാലത്തെ ഓർമ്മകൾ വാക്കുകൾ കൊണ്ട്  ഞങ്ങൾ നെയ്തെടുത്തു..

ഇടക്കൊക്കെ ശ്രീയേട്ടൻ ശ്രീക്കുട്ടിയെ വിളിച്ചു സംസാരിക്കുമെങ്കിലും എന്നോട് സംസാരിക്കാൻ മാത്രം ആള് കൂട്ടാക്കിയില്ല..

തിരക്ക് ഉണ്ട്‌ എന്ന് പറഞ്ഞു ആള് ഒഴിഞ്ഞു മാറി..

അതെന്റെ ഉള്ളിൽ തെല്ലൊരു വേദന പടർത്തി..

————————————————————-

അങ്ങനെ ശ്രീയേട്ടൻ എത്തുമെന്ന് പറഞ്ഞിരുന്ന ദിവസം വന്നെത്തി..

പകൽ മുഴുവൻ ഞങ്ങൾ ഏട്ടന് വേണ്ടി കാത്തിരുന്നെങ്കിലും ആളെത്തിയില്ല..

ഫോൺ വിളിച്ചിട്ടൊട്ട് കിട്ടിയുമില്ല..

അതോടെ ആള് ഇന്നും വരില്ല എന്ന് തന്നെ ഞങ്ങൾ ഉറപ്പിച്ചു….

അന്ന് സന്ധ്യക്ക് ശ്രീകുട്ടിക്ക് വിളക്ക് വെക്കാൻ പറ്റാത്ത സമയമായത് കൊണ്ട് കാവിലേക്ക്  ഞാൻ ഒറ്റക്കാണ് വിളക്ക് വെക്കാൻ പോയത്..

നേർത്ത നിലാവെട്ടം വീണു കിടന്നിരുന്ന കാവിനെ മഞ്ഞ് പൊതിഞ്ഞിരുന്നു..

ഇരുളിനെ കീറി മുറിച്ചു കൈയിലെ വിളക്കിൽ ജ്വലിക്കുന്ന ദീപവുമായി ഞാൻ കാവിലെത്തി നാഗത്തറയിൽ വിളക്ക് തെളിയിച്ചു  നിൽക്കുമ്പോൾ ആണ് നാഗത്തറയിൽ നിന്നൽപ്പം മാറിയുള്ള പാലമര ചുവട്ടിൽ നിന്നൊരു കാൽപെരുമാറ്റം കേട്ടത്..

ഒരൽപ്പം ഭയത്തോടെ ഞാൻ അവിടേക്ക് നോക്കി..

ഒരിക്കൽ സ്വപ്നത്തിൽ കണ്ടത് പോലൊരു രൂപം അവിടെ നിന്നും എന്റെ നേർക്ക് നടന്നു വരുന്നു..

മഞ്ഞിലൂടെ ആ രൂപം എന്നെ തന്നെ ലക്ഷ്യം വെച്ച് വരുകയായിരുന്നു..

ഇടയിൽ വീണ നിലാവെളിച്ചത്തിൽ അതൊരു മനുഷ്യനാണെന്ന് മനസ്സിലായി..

അതോടെ ശ്വാസം ഒന്ന് നേരെ വീണു..

പതിയെ അയാൾ എന്റെ അടുത്തെത്തിയതും നാഗത്തറയിലെ ദീപങ്ങളുടെ വെളിച്ചത്തിൽ ഞാൻ ആ മുഖം വ്യക്തമായി കണ്ടു.

“”ശ്രീയേട്ടൻ..

ആ കണ്ണുകളിൽ എന്റെ കൈയിലിരുന്ന വിളക്കിലെ ദീപം തെളിഞ്ഞു നിന്നു..

ചുണ്ടിൽ ഒരു കുസൃതി ചിരിയും.

“”താൻ മനുഷ്യനെ പേടിപ്പിച്ചു കൊല്ലാൻ ഇറങ്ങിയതാണോ..

മനുഷ്യന്റെ നല്ല ജീവനങ്ങു പോയി..

ആളെ മനസ്സിലാവാത്ത മട്ടിൽ ഞാൻ പറഞ്ഞു.

“”ഹഹഹ ഇത്രക്ക് പേടിയുള്ളവർ എന്തിനാ കാവിൽ വിളക്ക് വെക്കാൻ വരുന്നത്.. വീട്ടിൽ ഇരുന്നൂടെ..

“”അതൊക്കെ എന്റെ ഇഷ്ടം.. താൻ തന്റെ കാര്യം നോക്കിയാൽ മതി..

“”നിനക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോടി കാന്താരി..

എന്ന് പറഞ്ഞു ശ്രീയേട്ടൻ ചിരിച്ചു..

ശ്രീയേട്ടന് എന്നെ മനസ്സിലായോ.. എങ്ങനെ..

ഞാൻ മനസ്സിൽ ചിന്തിച്ചു കൊണ്ട് അത്ഭുതത്തോടെ ആ മുഖത്തേക്ക് നോക്കി..

“”എന്താടി ഇങ്ങനെ നോക്കുന്നത്.. എന്നെ മനസ്സിലായില്ലേ..

ഞാനാണ് നിന്റെ നെറ്റിയിലെ ഈ മുറിപ്പാടിന്റെ ഒരേ ഒരവകാശി..

എന്നും പറഞ്ഞു ശ്രീയേട്ടൻ പുഞ്ചിരിച്ചു..

“”ഓ അറിയാം.. ശ്രീക്കുട്ടി ഫോട്ടോ കാണിച്ചിരുന്നു..

അല്ല ട്രെയിൻ കാവിൽ കൂടെ ആയിരുന്നോ   വന്നത്..

ഒരൽപ്പം ദേഷ്യം നടിച്ചു ഞാൻ ചോദിച്ചു..

“”ഹഹഹ അല്ലേ.. റെയിൽവേ സ്റ്റേഷനിൽ നിന്നും ഗ്രാമാതിർത്തി വരെ ഞാൻ കാറിൽ വന്നു..

പിന്നെ അവിടുന്നു ഇങ്ങോട്ട് ഈ ബാഗും തൂക്കി ഒരൊറ്റ നടത്തമായിരുന്നു..

ഇവിടെത്താറായപ്പോൾ ആണ് കാവിനുള്ളിലേക്ക് ഒരു തിരി വെട്ടം നീങ്ങി പോവുന്നത് കണ്ടത്..

അപ്പോഴാണ് പണ്ട് മുത്തശ്ശി പറഞ്ഞു തന്നിരുന്ന കാവിലെ പാലയിൽ തറച്ചിരുന്ന സുന്ദരിയായ യക്ഷിയെ ഓർമ്മ വന്നത് ..

യക്ഷി ആവുമെന്ന് കരുതി യക്ഷിയെ ഒന്ന് കണ്ടു കളയമെന്ന് വിചാരിച്ചു വന്നതാണ്….

എന്തായാലും വന്നത് വെറുതെ ആയില്ല….

സുന്ദരിയായൊരു യക്ഷിയെ തന്നെ കണ്ടു….

കാവിലെ ജ്വലിച്ചു നിൽക്കുന്ന ഈ ദീപങ്ങളുടെ വെളിച്ചത്തിൽ കുഞ്ഞു നക്ഷത്രം പോൽ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തി അണിഞ്ഞൊരു  യക്ഷിയെ..

ശ്രീയേട്ടൻ അത് പറയുമ്പോൾ ഒരൽപ്പം ദേഷ്യത്തോടെ ചുണ്ടുകൾ കൂർപ്പിച്ചു ഞാൻ ഏട്ടനെ നോക്കി…

അത് കണ്ട് കാവിലെ ദീപങ്ങൾ പൊട്ടിച്ചിരിച്ചത് പോലെ കാറ്റിലൊന്ന് ഇളകിയാടി എന്തോ സ്വകാര്യം പറഞ്ഞു കൊണ്ടിരുന്നു…

(തുടരും…)

(സ്നേഹപൂർവ്വം… ശിവ)

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!