മീനയെ കാത്തിരുന്നു മയങ്ങിപ്പോയി ദേവൻ…….നെഞ്ചിൽ എന്തോ ഭാരം തോന്നി……. കണ്ണിൽ എന്തോ കുത്തുന്നു… മീശയിൽ പിടിച്ചു വലിക്കുന്നു… മെല്ലെ കണ്ണു തുറന്ന ദേവൻ കണ്ടത് നെഞ്ചിൽ കിടക്കുന്ന തുമ്പിയെയാണ്….. സ്കൂളിൽ നിന്നും വന്ന വഴിയാണ്…… യൂണിഫോം ഇട്ട ഒരു ടെഡി ബെയർ എടുത്തു നെഞ്ചിൽ വച്ചാൽ എങ്ങനിരിക്കും…..ദേ ഇങ്ങനിരിക്കും…..
അച്ഛേടെ തുമ്പിയെ………വളരെയധികം സ്നേഹത്തോടെ വിളിച്ചു……..
അവളൊന്നു നോക്കി….. നാണിച്ചു ചിരിച്ചു…..പെട്ടെന്ന് മുഖം വാടി..ദേഷ്യം കാണിച്ചു …… പിന്നെ ഇത്രയും നാൾ കാണാതിരുന്നതിന്റെ എല്ലാ വിഷമവും കൂട്ടി ഒരു കടി തന്നു…… കവിളിൽ.. രണ്ടിനും സ്നേഹം കൂടിയാൽ ശരീരം വേദനിപ്പിക്കും…… അമ്മക്കു പറ്റിയ മോൾ തന്നെ…….
അച്ഛക്ക് വേദനിക്കുന്നു തുമ്പി കുഞ്ഞേ…….. അച്ഛ കരയുവേ…..
അവൾ പതിയെ കുഞ്ഞിക്കൈ വെച്ചു തിരുമ്മി തരുന്നുണ്ട്…… ഉണ്ടക്കണ്ണ് മുഴുമിപ്പിച്ചു മുഖത്തേക്ക് നോക്കി ചോദിച്ചു……
അച്ഛ ഇനി പോകുവോ മോളേം അമ്മേം വിട്ട് …….
ആ കുഞ്ഞിന്റെ ചോദ്യത്തിന് ഉത്തരം പറയാനായില്ല ദേവന്……. ആ ചോദ്യത്തിലുണ്ടായിരുന്നു രണ്ടാളും ഇത്രയും നാൾ തന്നെ കാണാതിരുന്നതിലുള്ള വിഷമവും പരിഭവവും എല്ലാം……..
ദേവൻ അവളെ നെഞ്ചിൽ ചേർത്തു പിടിച്ചു….. കുഞ്ഞികൈ എടുത്തു ചുണ്ടിൽ ചേർത്തു വെച്ചു മുത്തി …… ഇല്ലെന്ന് കണ്ണു ചിമ്മി കാണിച്ചു…
തുമ്പീടെ പെറന്നാളിന് എന്നാ വരാഞ്ഞേ…….മോളും അമ്മേം നോച്ചിയിരുന്നു മടുത്തു…. അച്ഛ മിട്ടായി മാങ്ങിയോ…… മോളെ നാളെ ചൂളില് കൊണ്ടുവിടുവോ….. മിന്നു എന്നും അവടെ അച്ഛേന്റെ വണ്ടിച്ചാ വരുന്നേ……അമ്മോട് ചോയിക്കുമ്പോ അച്ഛ ഒടനെ വരു ന്ന് പയഞ്ഞു മോളെ എന്നും കളിപ്പിച്ചും……. ഇനി പോവല്ലേ.,., കേത്തോ….കുഞ്ഞിക്കൈ രണ്ടും കവിളിൽ വെച്ചു പറഞ്ഞു……നൂറു ചോദ്യങ്ങൾ ചോദിച്ചു വിഷമിപ്പിച്ചു ദേവനെ തുമ്പി…….. എവിടുന്നു തുടങ്ങണമെന്നറിയാതെ ദേവനും…….
ഇനി തുമ്പിയെ എന്നും അച്ഛയാ കൊണ്ടുവിടുന്നത്….. കേട്ടോ……ഇനി അച്ഛ തുമ്പീനെ വിട്ട് പോവില്ല…. പോരേ…
മ്മ്…… തലയാട്ടി……അതിനു നന്ദിയായിട്ട് അവൾ ദേവന്റെ കവിളിൽ ഉമ്മ
കൊടുത്തു……. ദേവൻ തിരിച്ചും……. വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല തുമ്പിക്ക്….. ഏറെയും സ്കൂളിലെ കാര്യങ്ങൾ……. അവളുടെ അമ്മയുടെ കാര്യങ്ങൾ……അവൾ പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്നപ്പോഴാണ് മീന മുറിയിലേക്ക് വന്നത്………. എന്തോ ചെയ്യുവാണ്… തിരിഞ്ഞു നിന്ന്…… ശ്രദ്ധ അങ്ങോട്ട് മാറുമ്പോൾ തുമ്പി മുഖം അവളുടെ നേർക്ക് തിരിച്ചു വെപ്പിക്കും…
മീനമ്മാ……. ദേവൻ വിളിച്ചു……ചെയ്തിരുന്ന പണി നിർത്തി മീനു അനങ്ങാതെ നിന്നു….
അമ്മേ…… അച്ഛ വിച്ചുന്ന കേത്തില്ലേ….. തുമ്പിയുടെ ചോദ്യത്തിനും മറുപടി ഉണ്ടായിരുന്നില്ല…..,. ദേവൻ വീണ്ടും വിളിച്ചു….. മീനമ്മാ…..
ആ വിളിച്ചത് കേൾക്കാതിരിക്കാനായില്ല മീനയ്ക്ക്……. മ്മ്മ്…….. മൂളിക്കേട്ടു….. എന്നിട്ട് തിരിഞ്ഞു നിന്നു നോക്കി ദേവനെ……കുറച്ചു നേരം രണ്ടാളും കണ്ണു നിറയെ നോക്കി നിന്നു….
കാത്തിരുന്നത് പോലെ ദേവൻ നീട്ടിയ കൈക്കുള്ളിലേക്ക് ഓടിവന്നു ചേർന്നു മീന …….. രണ്ടുപേരെയും കൈക്കുള്ളിൽ ചേർത്ത് നെഞ്ചോരം ബന്ധിച്ചു ദേവൻ……. ഒന്നും മനസ്സിലാവാതെ തുമ്പി പൊട്ടിപ്പൊട്ടി ചിരിക്കുന്നുണ്ട്………
നെഞ്ചു നനയുന്നത് ദേവൻ അറിഞ്ഞു….പിണക്കം മാറിയോ എന്റെ മീനമ്മയുടെ…….. ദേവൻ മീനയുടെ നെറുകയിൽ ചുണ്ടമർത്തി ചോദിച്ചു…….
അതിനുള്ള മറുപടി മീന കൊടുത്തത് ദേവന്റെ രണ്ടു കവിളിലും മാറി മാറി ഉമ്മ
വച്ചുകൊണ്ടായിരുന്നു…. ദേവന്റെ മുഖം മീനയുടെ കണ്ണുനീരിനാൽ നനഞ്ഞു….. ദേവന്റെ കണ്ണും നിറഞ്ഞൊഴുകി……. മീന കരയുന്നതു കണ്ടപ്പോൾ തുമ്പിയും വിതുമ്പാൻ തുടങ്ങി….. ദേവൻ രണ്ടു മുഖങ്ങളും നെഞ്ചിൽ ചേർത്തു വെച്ചു……. മീനയുടെ ഏങ്ങലടികൾ ദേവൻ അറിഞ്ഞു…..
നന്നായി കരഞ്ഞോ…… ഇനി കണ്ണുനീർ മിച്ചം വച്ചേക്കരുത്….. ഇന്നു കൊണ്ട് തീർത്തോണം…… ഞങ്ങൾക്കിഷ്ടമില്ല മീനമ്മാ നീ കരയുന്നത്……. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല…… ദേവൻ പറഞ്ഞു…….
മീന രണ്ടു കണ്ണും അമർത്തി തുടച്ചു……. എങ്കിലും വീണ്ടും വീണ്ടും ഒഴുകിക്കൊണ്ടേയിരുന്നു……. രണ്ടാളെയും മാറി മാറി നോക്കുകയാണ് തുമ്പി……. അവളും മീനയുടെ കണ്ണു തുടച്ചു കൊടുക്കുന്നുണ്ട്…….
ഏങ്ങലടികൾ അവസാനിച്ചപ്പോൾ മീന ദേവനിൽ നിന്നും മെല്ലെ അകന്നു മാറാൻ നോക്കി…… തുമ്പിയും ദേവനും അവളെ വിടാതെ പിടിച്ചു വെച്ചു….. തുമ്പി സന്തോഷവതി ആണ്…… ഞങ്ങളുടെ കൂടെ ഇരിക്കുന്നതാണ് അവളുടെ സ്വർഗം എന്നു തോന്നും വിധത്തിലാണ് അവളുടെ ഓരോ പ്രവൃത്തിയും …… മീന ദേവന്റെ കണ്ണിലേക്കു നോക്കി…….ദേവന്റെ നോട്ടം നേരിടാനാവാതെ മുഖം ദേവന്റെ നെഞ്ചിൽ ഒളിപ്പിച്ചു കളഞ്ഞു മീനു…….അവളുടെ പരാതികളും പരിഭവങ്ങളും എല്ലാം ഒളിപ്പിച്ചു വച്ചിരിക്കുന്നത് ആ കണ്ണുകളിലാണെന്ന് തോന്നി ദേവന്………
എനിക്കെന്റെ താലി തിരിച്ചു തരുവോ ദേവേട്ടാ….. അവൾ തല താഴ്ത്തി ചോദിച്ചു……
ഒരു വർഷത്തിനു ശേഷം ആദ്യായി അവളുടെ ശബ്ദം കേട്ടു……. ഇതായിരിക്കണം മീനമ്മ ആദ്യമായ് തന്നോട് ചോദിക്കേണ്ടതെന്ന് ദേവൻ ഏറെ ആഗ്രഹിച്ചതാണ് …….. ദേവൻ രണ്ടാളെയും ചേർത്ത് പിടിച്ചു എഴുന്നേറ്റിരുന്നു ഷർട്ടിന്റെ രണ്ടു ബട്ടൺ തുറന്നു…….. നെഞ്ചിൽ ഒരു ലോക്കറ്റിന്റെ കൂടെ ചേർന്നു കിടക്കുന്ന തന്റെ താലി മീന കണ്ടു…… അവളുടെ മുഖം തിളങ്ങി..
എനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു നീയിതു ചോദിക്കുമെന്ന്…. അതുകൊണ്ട് ഊരി മാറ്റിവെക്കാൻ ഇതുവരെ തോന്നിയിട്ടില്ല….. ഇതിങ്ങനെ നെഞ്ചിൽ ചേർന്ന് കിടക്കുമ്പോൾ നീ അടുത്തുള്ളപോലെ തോന്നും……. നിന്റെ ഓർമകളിൽ നിന്നും ഓടിയൊളിക്കാൻ ശ്രമിച്ചപ്പോഴും കൂടുതൽ കൂടുതൽ നിന്നിലേക്ക് എന്നെ വലിച്ചടിപ്പിക്കുകയായിരുന്നു ഇത് ….
ദേവൻ മാലയൂരാൻ തുടങ്ങവേ മീന തടഞ്ഞു……
ഇപ്പോ വേണ്ടാ…..അമ്മയുടെ മുന്നിൽ വെച്ചു മതി ഇനിയെനിക്കതു……. ഒരിക്കലും തിരിച്ചു വാങ്ങില്ലെന്നുള്ള വാക്കും…..
അവളുടെ നിറഞ്ഞു വന്ന കണ്ണുകളിൽ ദേവൻ ചുണ്ടുകൾ ചേർത്തു……
എനിച്ചും……. തുമ്പി കണ്ണിൽ കൈവച്ചു കാണിച്ചു…..
അച്ഛേടെ തുമ്പിക്കുഞ്ഞിന് അച്ഛ ഒരുപാട് ഉമ്മ
തരാലോ…… ഇതു അമ്മക്കു മാത്രമുള്ളതല്ലേ……. മീനയെ നോക്കി ദേവൻ പറഞ്ഞു……. അവളുടെ മുഖത്തു ആദ്യമായി വിരിഞ്ഞ നാണം ദേവൻ ആസ്വദിച്ചു…….
പോകുവോ ഇനി ഞങ്ങളെ ഇട്ടേച്ചു…., മീന ദേവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു………. മറുപടി കേൾക്കാനായി മീനയും തുമ്പിയും കാത്തിരുന്നു…..
എന്റെ ജീവൻ പോകാതെ നിങ്ങളിൽ നിന്നും ഇനിയൊരു മടക്കമില്ല.,..ദേവൻ അവരെ മുറുക്കി പിടിച്ചു പറഞ്ഞു…
വെളിയിൽ ഒരു വണ്ടി വന്നു നിന്ന സൗണ്ട് കേട്ടു… ദേവന്റെ കൈ വിടുവിച്ചു മീന പറഞ്ഞു…… ഹരിയേട്ടനും മായേച്ചിയുമാണ്……. എന്നും വരും തുമ്പിയെ കാണാൻ…… വൈകിട്ട് ചിലപ്പോൾ പോകും അല്ലെങ്കിൽ പിറ്റേന്നെ പോകു………….
ദേവന്റെ മുഖത്തു കണ്ടിരുന്ന ചിരിയുടെ ഭംഗി കുറയുന്നത് മീന അറിഞ്ഞു……. അയാളുടെ കൈയ്യെടുത്തു സ്വന്തം കൈക്കുള്ളിലാക്കി നെഞ്ചിൽ ചേർത്തു വെച്ചു …….
അവരിപ്പോൾ എനിക്ക് ചേട്ടനും ചേച്ചിയുമാണ്…. തനിച്ചാക്കി പോയപ്പോൾ ഓർത്തായിരുന്നോ ഈയുള്ളവൾ ഇവിടെ തനിച്ചായിരുന്നുവെന്ന്…… ജീവിക്കാൻ പ്രേരിപ്പിച്ചതും അവരാണ്……
ദേവന്റെ മുഖം കറുത്തു……. ദേവന്റെ കവിളിൽ കൈ ചേർത്ത് വെച്ചു മീനു പറഞ്ഞു …
ദേവേട്ടാ…. പ്ലീസ്…… പിണങ്ങല്ലേ…… എന്താണെങ്കിലും എന്നോട് ആയിക്കോ…… ദേഷ്യവും പിണക്കവും എല്ലാം……. പക്ഷേ മറ്റുള്ളവരോട് അതു കാണിക്കരുതേ……
മീനയുടെ മുഖം കണ്ടപ്പോൾ ദേവന് ചിരി വന്നു……
മീന ചിരിച്ചു കൊണ്ട് പറഞ്ഞു……. പോയി അവരോടു മിണ്ടു……. ഞാൻ ഇവളെ കുളിപ്പിച്ചെടുത്തിട്ട് വരാം…….. ആ സ്കൂളിലെ മുഴുവൻ പൊടിയുമുണ്ട്………
കുളി എന്നു കേട്ടപ്പോൾ തുമ്പി ഓടാൻ തയ്യാറെടുത്തു……. മീന അടുത്ത് വന്നപ്പോഴേക്കും ഓടി കളഞ്ഞിരുന്നു അവൾ…… ദേവന്റെ ചുറ്റിലും കിടന്നു ഓടുവാ….. മീന ഓടി തളർന്നപ്പോൾ ദേവൻ വാരിയെടുത്തു തുമ്പിയെ…..
എന്റമ്മോ…. എന്നാ കനവാടി തുമ്പിപ്പെണ്ണേ നിനക്ക്…… അച്ഛേടെ കയ്യൊടിഞ്ഞു……നിന്റെ അമ്മ നിനക്കു മാത്രമേ ഈ വീട്ടിൽ ഭക്ഷണം തരുന്നുള്ളോ……അതിനുള്ള മറുപടിയും ഒരു കടിയായിരുന്നു……
മീനയുടെ കൈകളിൽ അവളെ ഏൽപ്പിച്ചു ദേവൻ വെളിയിലേക്കു പോയി…..
തുമ്പിയെയും റെഡിയാക്കി മീനു വന്നപ്പോഴേക്കും മായ ചായ ഉണ്ടാക്കിയിരുന്നു….. തുമ്പി ഓടിവന്നു ദേവന്റെ മടിയിൽ കയറി…… അവൾക്ക് പേടിയുള്ളതുപോലെ ഇനിയും ഇട്ടിട്ടു പോയാലോന്നു………. ദേവൻ ചായ ഊതിയൂതി കൊടുത്തു……അവൾ പറയുന്നതെല്ലാം അതേപടി ചെയ്തു കൊടുക്കുന്നുണ്ട്…….. ഇടയ്ക്കിടെ ദേവന് ഉമ്മയും കൊടുക്കുന്നുണ്ട്..,. അതെല്ലാം കണ്ടിരുന്ന ഹരിയുടെ മുഖം വിഷമം കൊണ്ടു നിറഞ്ഞു…… മായയെ നോക്കി…. രണ്ടാളും വിഷമത്തോടെ ചിരിച്ചു……
എല്ലവരും കൂടിയിരിക്കുന്നതു കണ്ടു അച്ഛന്റെ മുഖത്തു സന്തോഷം ആണ്……രണ്ടു പെണ്മക്കളുടെയും സന്തോഷം കണ്ണു നിറച്ചു കാണുകയായിരുന്നു അദ്ദേഹം…..അധിക നേരം നിന്നില്ല ഹരിയും മായയും…… തുമ്പിക്ക് ദേവനോടുള്ള സ്നേഹം കാണുമ്പോൾ ഹരിക്ക് എത്രയും പെട്ടെന്ന് അവിടെ നിന്നും പോയാൽ മതിയെന്നെ ഉണ്ടായിരുന്നുള്ളു……. കുറച്ചു നാളുകൾ കൊണ്ട് ഒന്ന് അടുത്തു വന്നതായിരുന്നു തന്നോടവൾ…….. എങ്കിലും അവൾ ഒരിക്കലും അച്ഛാ ന്ന് വിളിച്ചിരുന്നില്ല…… ഒന്നങ്ങനെ വിളിക്കുമോന്നു ഒരിക്കൽ ചോദിച്ചപ്പോൾ അവൾ തന്ന മറുപടി ഇന്നും കുത്തിനോവിക്കുന്നുണ്ട് മനസ്സിനെ…….. “മോൾടെ അച്ഛ ഇതല്ലാന്ന്…മോളെ കാണാൻ ഉടനെ വരുമെന്ന്”…..
ദേവിയുടെ മുന്നിൽ വച്ചു വീണ്ടും താലി മീനയുടെ കഴുത്തിലിട്ടു കൊടുത്തു ദേവൻ…. നെറ്റിയിൽ സിന്ദൂരം തൊട്ടുകൊടുത്തു…… തന്റെ മാത്രം സ്വന്തമെന്ന് ഉറപ്പിച്ചു അവിടെ ചുണ്ടും ചേർത്തു ….. ദേവീചൈതന്യം തന്റെ മീനമ്മയിലേക്കും വ്യാപിച്ചതുപോലെ തോന്നി ദേവന്……….മീനു പൂർണ്ണയായതു പോലെ….
ചന്ദനം തൊട്ടു നക്കി തിന്നുകൊണ്ടിരുന്ന തുമ്പിയെ കയ്യിലെടുത്തു മറുകയ്യിൽ മീനയുടെ കയ്യും പിടിച്ചു അമ്പലത്തിന്റെ പടിക്കെട്ടിറങ്ങി…… തിരിച്ചു പോന്നപ്പോൾ മാലയിൽ കയ്യും ചുറ്റി എന്തോ ആലോചിക്കുവാണ് മീന….. തുമ്പി മടിയിൽ ഇരുപ്പുണ്ട്……അവൾടെ കുഞ്ഞുവായ പൂട്ടാറില്ല………….. പാവം മീനമ്മ.. ഈ ആലോചിക്കുന്നതെല്ലാം നടന്നാൽ മതിയായിരുന്നു…… ദേവൻ ചിരിച്ചു കൊണ്ട് ഓർത്തു……
തുമ്പിയെ ഉറക്കിയിട്ട് ദേവന്റെ നെഞ്ചിൽ തല ചേർത്തു കിടക്കുമ്പോൾ മീനയുടെ കൈ ദേവന്റെ വയറിൽ പരതി…….. ഒരു തടിപ്പിൽ കൈയെത്തിയപ്പോഴേക്കും ദേവന്റെ നെഞ്ച് നനഞ്ഞിരുന്നു…….
ദേവന്റെ മുഖം കൈകളിൽ എടുത്തു മീന പറഞ്ഞു……. എന്നോട് ക്ഷമിക്കില്ലേ ദേവേട്ടാ…… ഞാൻ…….
മീനയുടെ വാ പൊത്തി ദേവൻ പറഞ്ഞു…… ഇനി പഴയതൊന്നും നമുക്കിടയിൽ ഇല്ല മീനമ്മാ….. തുമ്പി അല്ലാതെ…… ഒരു സ്വപ്നം പോലെ എല്ലാം മറന്നു കള……..
അരികിൽ കിടന്ന തുമ്പിയുടെ കവിളിൽ തലോടി മുടിയെല്ലാം ഒതുക്കിവെച്ചു ദേവൻ……..
എങ്കിലും എങ്ങനെ തോന്നി ദേവേട്ടാ എന്നെയും തുമ്പിയെയും തനിച്ചാക്കി ഒരു വർഷം……. ആരുമില്ലാത്തവളാണ് ഞാനെന്ന് അറിയില്ലായിരുന്നോ…..മീന കരച്ചിലിന്റെ ഇടയിൽ ചോദിച്ചു…….
മീനമ്മാ…… ദേവൻ അലിവോടെ വിളിച്ചു……
എന്തു ചെയ്താലും നീയെന്നോട് ക്ഷമിക്കും എന്നറിയാം…… അതുകൊണ്ടുതന്നെ നിനക്കു പൊറുക്കാൻ പറ്റുന്ന തെറ്റുകൾ ചെയ്യാൻ ഒരു സുഖമാണ്…….. നിന്നെ ഞാൻ തനിച്ചാക്കിയായിരുന്നില്ല പോയത്.. എന്റെ തുമ്പി നിന്നെ ഒരു നിമിഷം തനിച്ചാക്കില്ലന്നു എനിക്കു വിശ്വാസമുണ്ടായിരുന്നു…… കാരണം അവളുടെ രണ്ടാം ജന്മം നിനക്കു വേണ്ടി മാത്രമായിരുന്നു……. നിനക്കു വേണ്ടി മാത്രം മീനമ്മാ……
…… അവളെ പിരിഞ്ഞു ഒരു നിമിഷം ജീവിക്കാനും വയ്യ…….തുമ്പി എന്റെ ജീവനാണ്……ദേവേട്ടൻ എന്റെ ജീവിതവും….. രണ്ടും രണ്ടാണ് ദേവേട്ടാ………. അവളൊരിക്കലും ദേവേട്ടനു പകരം ആവുമായിരുന്നില്ല….. ഞാൻ ഉരുകി തീരുകയായിരുന്നു ഇത്രയും നാൾ…… എന്നോട് ഒന്നു ക്ഷമിച്ചു എന്നു കൂടി പറയാതെയാണ് അന്ന് പോയത്……. എനിക്ക് തിരഞ്ഞു വരാനും പേടിയായിരുന്നു…… ആട്ടിയിറക്കിയാൽ…….. പിന്നെ തുമ്പി കരയേണ്ടി വരും…. എനിക്കു വേണ്ടി…… അതാണ് ഞാൻ…… അല്ലെങ്കിൽ എന്നേ വന്നേനെ…….. ഈ മുഖമൊന്നു കാണാൻ എത്ര കൊതിച്ചുവെന്നറിയാമോ…,… മീനമ്മാ ന്നുള്ള വിളി കേൾക്കാനും..,.മീന ബാക്കി പറയാതെ ദേവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു…….
എന്റെ മീനമ്മാ ചങ്കിൽ കൊള്ളുന്ന വർത്തമാനം പറയരുത് നീ….. ഞാൻ ചെയ്തത് തെറ്റാണ്….. നിന്നെ വിട്ടിട്ടു പോകരുതായിരുന്നു……. അന്നെനിക്ക് അങ്ങനെയാണ് തോന്നിയത്…. നീയില്ലാതെ പറ്റില്ലാന്നു മനസ്സ് പറഞ്ഞപ്പോഴും ഒരുതരം വാശി ആയിരുന്നു…. എന്നോട് തന്നെ……. നിന്നെ കാണാൻ ഒരു കാരണം തേടുവായിരുന്നു ഞാൻ ഇത്രയും നാൾ …….. അപ്പോഴാണ് അച്ഛന്റെ കത്ത് വന്നത്……. സാരമില്ല..ഈ ഒരു വർഷം ദേവനും മീനക്കും തമ്മിൽ തിരിച്ചറിയാൻ അവസരം കിട്ടിയെന്നു വിചാരിച്ചാൽ മതി………. അതങ്ങനെ കാണാനാ എനിക്കിഷ്ടം……
മീനയുടെ താടി പിടിച്ചുയർത്തി ദേവൻ പറഞ്ഞു……. മതി കരഞ്ഞത് ….. ഇനി നമുക്കിടയിൽ സ്നേഹം മാത്രം മതി…….. പരാതിക്കും പരിഭവങ്ങൾക്കും ക്ഷമ പറച്ചിലിനും പടിക്കപ്പുറത്താണ് സ്ഥാനം…… കുറച്ചേറെയായി എന്റെ മീനമ്മയെ ഞാനൊന്നു സ്നേഹിച്ചിട്ട്…..
ദേവന്റെ കണ്ണുകളിലെ സ്നേഹം താങ്ങാനാവാതെ മീന മുഖം മറച്ചു……….. കൈകൾ പിടിച്ചു മാറ്റി അവളെ തന്നിലേക്ക് ചേർക്കവേ മീന പറഞ്ഞു…….
ദേവേട്ടാ……. എന്നോട് ദേഷ്യം തോന്നരുത്….. ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ……
തീർന്നില്ലേ ന്റെ മീനമ്മേ …….. ദേവൻ പരിഭവത്തോടെ ചോദിച്ചു………..
എനിക്ക് നമ്മുടെ വീട്ടിൽ പോകണം……. ഇനി അവിടെയായിരിക്കണം ബാക്കിയുള്ള കാലം ….. ഞാനും ദേവേട്ടനും തുമ്പിയും……… നമ്മുടെ അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ തിരി വച്ചു പ്രാർത്ഥിക്കണം…… അവരുടെ അനുഗ്രഹം വാങ്ങണം……. എന്നിട്ട് …….
എന്നിട്ട്………
എന്നിട്ട്…… ദേവേട്ടന്റെ മാത്രം മീനമ്മയായി മാറണം എനിക്ക് …..
അവളുടെ നെറ്റിയിൽ സ്വന്തം ചുണ്ടു മുട്ടിച്ചു ദേവൻ പറഞ്ഞു….. നിനക്കെപ്പോൾ പോകണമെന്ന് പറഞ്ഞാൽ മതി…… പോകാം….
വന്നാൽ ….. അച്ഛനെയും കൂട്ടി മറ്റന്നാൾ പോകാം ദേവേട്ടാ ……
മ്മ്…… ശരി….. എന്നാലും വലിയ ചതിയായിപ്പോയി മീനമ്മേ……. അവളുടെ കവിളിൽ വിരലോടിച്ചു പറഞ്ഞു……
വഷളൻ ദേവേട്ടൻ……. ചിരിച്ചു മീന തിരിഞ്ഞു കിടന്നു…..
എന്റെ തുമ്പി തന്നെ ശരണം……. വാടി അച്ഛേടെ തുമ്പിക്കുഞ്ഞേ…… നമുക്ക് കെട്ടിപ്പിടിച്ചു കിടക്കാം….. തുമ്പിയുടെ കയ്യെടുത്തു നെഞ്ചിൽ വക്കവേ ദേവൻ എന്തോ ഓർത്തത് പോലെ തിരിഞ്ഞു മീനയെ പിടിച്ചു തിരിച്ചു കിടത്തി ….
നീ ശരിക്കും ആലോചിച്ചിട്ടാണോ ഇങ്ങനൊരു തീരുമാനം എടുത്തത് മീനമ്മാ …… ദേവൻ ചോദിച്ചു….
എന്താ ദേവേട്ടാ….. എന്തു പറ്റി……. മീന ഒന്നും മനസ്സിലാവാതെ ചോദിച്ചു……
a…..m…y…..
തുടരും…….
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Snehabandham written by Rohini Amy
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission