Skip to content

സ്നേഹബന്ധനം – 15 (അവസാന ഭാഗം)

snehabandanm

മീനയെ പിറകിലൂടെ ചെന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു ദേവൻ…… മീനയുടേത് ഉറച്ച തീരുമാനമാണെന്ന് ദേവന് തോന്നി…. എങ്കിലും അവൾ കരയാതെ പിടിച്ചു നിൽക്കുന്നുണ്ടല്ലോ…….. വല്ലാത്ത പെണ്ണു തന്നെ…… ഇതെല്ലാം ഒരു പേമാരിയായി തന്റെ നെഞ്ചിൽ വീഴുമെന്ന് അറിയാം……… ദേവൻ ഓർത്തു……..

അപ്പോഴും തനിക്കു ചുറ്റിനും നടക്കുന്നത് ഒന്നുമറിയാതെ തുമ്പി ദേവന്റെയും മീനയുടെയും ഇടയിലേക്ക്  നുഴഞ്ഞു കയറുന്നുണ്ടായിരുന്നു………

മീന തുമ്പിയുടെ മുഖത്തു നോക്കാതെ അവളെ വാരിയെടുത്തു..ദേവന്റെ നെഞ്ചിലേക്ക് ചേർന്നു……..

ഇനിയെന്നാ ദേവേട്ടാ ഇങ്ങനെ…. നമ്മൾ മൂന്നു പേരും….. ഒരുമിച്ച്……. വിട്ടുകൊടുക്കാൻ തോന്നുന്നില്ല……എന്റെയല്ലേ…..ഇങ്ങനെ ഒരു വേർപിരിയൽ സഹിക്കാൻ പറ്റുന്നില്ല എനിക്ക് …….

എങ്കിൽ രണ്ടു ദിവസം കഴിഞ്ഞു പോയാൽ പോരേ…… ഇന്നു തന്നെ വേണോ മീനമ്മാ….. എനിക്കും പെട്ടെന്നു ഉൾക്കൊള്ളാൻ പറ്റുന്നില്ല……..തുമ്പിയെ കണ്ടു കൊതി തീർന്നില്ല…..

വേണം…… പോകണം…….ഇനി ചിലപ്പോൾ രണ്ടു ദിവസം കൊണ്ടു എന്റെ മനസ്സു മാറിയാലോ….. വിട്ടുകൊടുക്കാൻ തോന്നിയില്ലെങ്കിലോ എനിക്കു..,…. ദേവേട്ടൻ പറയുംപോലെ ഒരു വഴക്കു വേണ്ടാ…..ഇനിയുള്ള കുറച്ചു മണിക്കൂർ എനിക്കു പിടിച്ചു നിൽക്കാനുള്ള ശക്തി തരണേന്നേ ഇപ്പോൾ പ്രാർത്ഥിക്കുന്നുള്ളു…..

തുമ്പിയെ ദേവനെ ഏൽപ്പിച്ചു വീണ്ടും പാക്ക് ചെയ്യാൻ തുടങ്ങി……. മീനയുടെ സാരി എല്ലാം എടുത്തു വെക്കുന്നത് കണ്ടപ്പോൾ തുമ്പി അവളുടെ ഉടുപ്പും പാവയും കൊണ്ടു കൊടുത്തു…… അതുമെടുത്തു മീന അടുക്കി വെച്ചു…….അവളുടെ ശ്രദ്ധ മാറുമ്പോൾ തിരിച്ചു എടുത്തു വെക്കും….. തുമ്പിയുടെ ഫ്രെയിം ചെയ്തു വച്ചിരുന്ന ഫോട്ടോയും സാരിക്കിടയിലേക്ക് എടുത്തു വെച്ചു ……

ദേവൻ മീനയെ നോക്കി കിടക്കുകയാണ് …… അവൾ എങ്ങും നോക്കുന്നില്ല…… എപ്പോൾ വേണമെങ്കിലും പെയ്യാൻ തയ്യാറായി നിൽക്കുവാണ്……

തുമ്പിയെ പിടിച്ചു കിടത്തി ഉറക്കാൻ നോക്കിയിട്ട് ജന്മം ചെയ്താൽ ഉറങ്ങുന്നില്ല…… അല്ലെങ്കിൽ ബെഡ് കണ്ടാൽ ഉറക്കം തൂങ്ങുന്നവളാ……. ഇന്നിപ്പോൾ കളിക്കുവാണ് ദേവന്റെ കൂടെ……. മീന തോളിൽ കിടത്തി തട്ടി…… എവിടെ……. അവൾ ചിരിച്ചു കണ്ണും കൊണ്ടു കളിക്കുവാ ദേവനോട്……. മീന ദേവനെ നോക്കി കണ്ണുരുട്ടി……… ദേവൻ പതിയെ കണ്ണടച്ച് കിടന്നു…… തുമ്പി മീനയുടെ കയ്യിൽ നിന്നും ചാടിയിറങ്ങി ദേവന്റെ കൂടെ പോയി കിടന്നു….. മീനയും തുമ്പിയുടെ സൈഡിൽ വന്നു കിടന്നു…….. മിണ്ടാതെ തുമ്പി കിടക്കുന്നതു കണ്ടപ്പോഴേ മീനയ്ക്ക് മനസ്സിലായി ഉറങ്ങാനാണെന്നു……….. അവളുടെ മുടിയിൽ തഴുകി…… കണ്ണു രണ്ടും നിറഞ്ഞൊഴുകി…… കുഞ്ഞിക്കൈ എടുത്തു നെഞ്ചിൽ വെച്ചു എങ്ങി കരഞ്ഞു…… ദേവന് മീനയുടെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…….. തുമ്പിയെ പതിയെ മാറ്റി കിടത്തി എണീറ്റു മീനയെ എണീപ്പിച്ചു….. കണ്ണു തുടച്ചു കൊടുത്തു……

വാ….. പോകാം….. ഇല്ലെങ്കിൽ ശരിയാവില്ല…… ഇതെനിക്ക് സഹിക്കാൻ പറ്റുന്നില്ല…… ഇങ്ങനെ ചങ്കുപൊട്ടി കരയുന്നത്…

ദേവൻ തുമ്പിയെ ഒന്നു നോക്കി…..അടുത്തു ചെന്നു നെറ്റിയിൽ ചുണ്ടു ചേർത്തു……..പതിയെ ബാഗ് എടുത്തു വെളിയിലേക്കു നടന്നു……. ഒരു കയ്യിൽ സ്വന്തം മീനമ്മയെയും പിടിച്ചു……. അവൾ ഒന്നുകൂടി തിരിഞ്ഞു നോക്കി തുമ്പിയെ …..

മീനമ്മാ…. ഞാൻ ഒരിക്കൽ കൂടി ചോദിക്കുവാ നിനക്കു ഇവിടെ തുമ്പിയുടെ കൂടെ നിൽക്കാൻ ആഗ്രഹമുണ്ടോ….. എന്നെങ്കിലും ഒരിക്കൽ നിന്റെ വായിൽ നിന്നു ഞാൻ കേൾക്കരുത് എനിക്കു വേണ്ടിയാണു തുമ്പിയെ ഉപേക്ഷിച്ചതെന്ന്…… എനിക്കു സഹിക്കാൻ പറ്റിയെന്നു വരില്ല…… ദേവൻ ചോദിച്ചു…..

മീന കണ്ണുകൾ അമർത്തി തുടച്ചു….. ഇല്ല ദേവേട്ടാ….. ഒരിക്കലും ഞാൻ അങ്ങനെ പറയില്ല……. തുമ്പിയെ അവകാശപ്പെട്ടവർക്കു തന്നെയാ കൊടുക്കുന്നത്….. ഇനിയും ഞാൻ കാരണം അവർ പിരിഞ്ഞിരിക്കാൻ പാടില്ല….. അവൾ പതിയെ എല്ലാം മറന്നോളും….. ഈ അമ്മയെയും …..

ഇല്ല മീനമ്മാ…… അവൾ നിന്നെ എന്നെങ്കിലും തേടി വരും……. എനിക്കുറപ്പുണ്ട്….. നിന്റെ സ്നേഹം സത്യമായിരുന്നു.., അത് തള്ളിക്കളയാനോ മറക്കാനോ അവൾക്കു സാധിക്കില്ല…..

മ്മ്….. പോകാം ദേവേട്ടാ….. മീന പറഞ്ഞു…..

വാ….. അവളെയും ചേർത്തു പിടിച്ചു വെളിയിൽ ഇറങ്ങി…… ഹരിയും മായയും അച്ഛനും വണ്ടിയുടെ അടുത്തു വന്നു…… അച്ഛൻ ദേവേട്ടനോട് കണ്ണുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്……. അത് മനസ്സിലാക്കിയത് പോലെ അദ്ദേഹത്തിന്റെ കയ്യിൽ അമർത്തി പിടിച്ചിട്ടുണ്ട്…….

മായേച്ചിയോട് പൊറുക്കു മോളെ….. എന്നെക്കൊണ്ട് പറ്റുന്നില്ല….. നിന്നെ വീണ്ടും വിഷമിപ്പിക്കേണ്ടി വന്നു…… ക്ഷമിക്കണം എന്നോട് ….. മീനയെ കെട്ടിപ്പിടിച്ചു മായ പറഞ്ഞു..

അതൊന്നും സാരമില്ല ചേച്ചി…… എന്നായാലും ഈയൊരു അവസ്ഥ ഞാൻ നേരിടേണ്ടതല്ലേ ……… ഇത്രയും പെട്ടെന്ന് ആയത് നന്നായി… അവൾ കുഞ്ഞല്ലേ…. മറക്കാൻ എളുപ്പമാണ്….തുമ്പി ഇടയിൽ എഴുന്നേൽക്കും മായേച്ചി …. ഒന്നു തട്ടിക്കൊടുത്താൽ മതി…… എഴുന്നേൽക്കുമ്പോൾ പാൽ നിർബന്ധം ആണ് അവൾക്ക്….. ഞാൻ അത് തിളപ്പിച്ചു വച്ചിട്ടുണ്ട്….. ഒന്നാലോചിച്ചു മീനു പറഞ്ഞു…..വേറെ…… വേറെയൊന്നുമില്ല…… പറ്റിയാൽ അച്ഛന്റെ കൂടെ വന്നു നിൽക്കണം…… നിർബന്ധിച്ചു ടാബ്ലറ്റ് ഒക്കെ കഴിപ്പിക്കണം……

അച്ഛനെ പിടിച്ചു യാത്ര പറഞ്ഞു….. കാണാൻ വരണേ അച്ഛാ.,…… മീനു ഒന്നു വിതുമ്പി…,. അച്ഛന്റെ കണ്ണു നിറഞ്ഞു തുടങ്ങിയപ്പോഴേ ആരെയുമൊന്നു തിരിഞ്ഞു നോക്കാതെ വന്നു കാറിൽ കയറി…….

തുമ്പിയുടെ അമ്മേന്നുള്ള വിളി കേട്ടു മീന….. അവൾ എഴുന്നേറ്റെന്നു തോന്നുന്നു…… മീന ചെവി രണ്ടും പൊത്തിപ്പിടിച്ചു ദേവനെ നോക്കി……. പോകാം ദേവേട്ടാ……

ദേവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു ആ വീടിന്റെ മുറ്റം കടന്നു പോയി…… കുറച്ചു മുൻപോട്ടു പോയതിനു ശേഷം വണ്ടി ഒതുക്കി നിർത്തി…… ഇപ്പോഴും മീന കണ്ണും അടച്ചു ചെവി രണ്ടും പൊത്തിപ്പിടിച്ചിരിക്കുവാണ്….. ദേവൻ അവളുടെ രണ്ടു കയ്യും പിടിച്ചു മാറ്റി……. മീന കണ്ണു തുറന്നു ചുറ്റിലും നോക്കി…….

എന്താ ഇവിടെ ദേവേട്ടാ…… എന്തിനാ നിർത്തിയെ…

നീ ഇങ്ങനെ ഇരുന്നാൽ ഞാൻ എങ്ങനെ സമാധാനത്തോടെ വണ്ടി ഓടിക്കും മീനമ്മാ ……. ഒന്നുകിൽ എന്നോട് മിണ്ടു…… ഇല്ലെങ്കിൽ കണ്ണു തുറന്നെങ്കിലും ഇരിക്ക്…… ഞാൻ പറഞ്ഞില്ലേ സാഹചര്യം ആയി പൊരുത്തപ്പെടണമെന്ന്….

മീന ദേവന്റെ തോളിലേക്ക് ചാഞ്ഞു….. കയ്യിൽ കെട്ടിപ്പിടിച്ചു…….. തുമ്പി ഇപ്പോൾ എന്നെ തേടുന്നുണ്ടാവില്ലേ ദേവേട്ടാ…….കരയുന്നുണ്ടാവുമോ..

മ്മ്…… സാരമില്ല….. മായയും ഹരിയും ഇല്ലേ അവിടെ….. അവർ നോക്കിക്കോളും……കുറച്ചു കരയും.., പിന്നെ എല്ലാം ഓക്കേ ആയിക്കോളും… അവളുടെ നെറുകയിൽ തലോടി പറഞ്ഞു….

എങ്കിലും ദേവന് ശരിക്കറിയാം തുമ്പി ഉറക്കം കഴിഞ്ഞ് എഴുന്നേൽക്കുമ്പോൾ മീനയെ തന്നെ കാണണംന്ന് … അല്ലേൽ അവൾ വീടു തിരിച്ചു വക്കും…… തനിക്കുപോലും ആ സമയത്തു അവളെ ആശ്വസിപ്പിക്കാൻ പറ്റില്ല…..  തന്റെ കൂടെ ഒരിക്കൽ കിടന്നപ്പോൾ രാത്രിയിൽ ലൈറ്റ് പോലും ഇടാതെ തനിയെ തേടിച്ചെന്നതാണ് തുമ്പി മീനയെ….. അവൾക്ക് മീനയില്ലാതെ പറ്റില്ലെന്ന് മറ്റാരേക്കാളും നന്നായി തനിക്കറിയാം…… മീനയുടെ കണ്ണുനീർ വീണു ഷർട്ടിന്റെ ഒരു ഭാഗം നനഞ്ഞു….. അവളുടെ കവിളിൽ പതിയെ തട്ടി ആശ്വസിപ്പിച്ചു…… അനക്കം ഒന്നുംതന്നെ കാണാഞ്ഞപ്പോൾ ദേവൻ തല ചെരിച്ചു നോക്കി…… ഉറങ്ങിയിരിക്കുന്നു മീന……. പാവം….. ഇന്നലെ ഉറങ്ങിയിരുന്നില്ല….. നോക്കുമ്പോളെല്ലാം തിരിഞ്ഞും മറിഞ്ഞും കിടക്കുന്നുണ്ടായിരുന്നു……. ഉറങ്ങട്ടെ……  ഇനിയും താമസിച്ചാൽ വീടെത്തുമ്പോൾ പാതിരാത്രി ആവും….. മീനയെ ഉണർത്താതെ സീറ്റിൽ കിടത്തി…. സീറ്റ് ബെൽറ്റ്‌ ഇട്ടുകൊടുത്തു….. മീനയുടെ നാടിനോട് വിട പറഞ്ഞു……

ഇടയ്ക്ക് മീനു എഴുന്നേറ്റപ്പോൾ വഴിയിൽ നിർത്തി ഒരു ചായ നിർബന്ധിപ്പിച്ചു കുടിപ്പിച്ചു….,. കാഴ്ചകൾ കണ്ടുകൊണ്ട് വെളിയിലേക്ക് നോക്കി ഇരിക്കുകയാണ്….. മനസ്സിൽ നിറയെ തുമ്പി ആണെന്ന് അറിയാം…. വീടെത്തിയപ്പോൾ ഇരുട്ടിയിരുന്നു….. ദേവൻ താക്കോൽ എടുത്തു മീനയുടെ കയ്യിൽ വെച്ചു കൊടുത്തു…..

പോയി തുറക്ക്…… എന്നിട്ട് വലതുകാൽ വെച്ചു അകത്തോട്ടു കയറിക്കോ എന്റെ മീനമ്മ…..

മീന താക്കോൽ വാങ്ങി…. പക്ഷേ അവളുടെ കണ്ണുകൾ എന്തോ തേടുവാണ്….ചുറ്റും നോക്കുന്നുണ്ട്….. അത് മനസ്സിലായതുപോലെ ദേവൻ വെളിയിലെ ലൈറ്റ് ഇട്ടു….. എന്നിട്ട് മീനയുടെ കയ്യും പിടിച്ചു വീടിന്റെ സൈഡിലേക്ക് നടന്നു….

അമ്മേ….. അപ്പായെ…… ദേ നിങ്ങളുടെ മോൾ…… ഇനി  കാണിച്ചില്ല…. കൊണ്ടുവന്നില്ല…. എന്നൊന്നും പരിഭവം പറഞ്ഞേക്കരുത്…….

മീനയെമുന്നോട്ട് പിടിച്ചു നിർത്തി ദേവൻ പറഞ്ഞു……

മീന മുട്ടുകുത്തിയിരുന്നു കെട്ടിയിട്ടിരിക്കുന്ന തറയിൽ കൈ വെച്ചു കരഞ്ഞു….. ദേവൻ അവൽക്കരികിൽ ഇരുന്നു തോളിൽ ചേർത്തു പിടിച്ചു…

എന്റെ മീനമ്മാ…. ഇതെപ്പോഴാ ഒന്നു പെയ്തു തോരുന്നത്……. എന്റെ അമ്മക്ക് പെൺകുട്ടികൾ കരയുന്നത് ഇഷ്ടമില്ല…. അറിയുമോ നിനക്ക്……. അതും സ്വന്തം മരുമകൾ……

അമ്മയുടെ മോനെ വേദനിപ്പിച്ചതിന് എന്നോട് ക്ഷമിക്കുവോ ദേവേട്ടാ…… മീനു ദേവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…

അമ്മയ്ക്കും അപ്പാക്കും ആരോടും ദേഷ്യപ്പെടാൻ അറിയില്ല മീനമ്മാ….. അത്രയും പാവങ്ങളായിരുന്നു…….. എന്നും നിന്റെ കൈകൊണ്ട് ഒരു തിരി വച്ചാൽ മതി….. അവർക്ക് അതു മതി സന്തോഷിക്കാൻ……വാ……

ദേവൻ മീനയുടെ കയ്യും പിടിച്ചു വീട്ടിലേക്കു കയറി………  വലതുകാൽ വെച്ചു ……..

വീടിന് ആകെയൊരു ഉന്മേഷം വന്നതു പോലെ…… അമ്മ പോയതിനു ശേഷം ഇങ്ങനൊരു ഫീലിംഗ് ആദ്യമായിട്ടാണ്….. ദേവന്റെ എന്തോ ഓർത്തുള്ള നിൽപ്പ് കണ്ടിട്ട് മീന വന്നു ചേർന്നു നിന്നു…..

വാ വീട് മുഴുവൻ കാണിച്ചു തരാം…….

വേണ്ട….. എന്റെ വീടല്ലേ….. ഞാൻ തനിയെ പരിചയപ്പെട്ടോളാം…….. ഇപ്പോൾ അടുക്കള കാണിച്ചു തന്നാൽ മതി…… ചുറ്റുമൊന്ന് നോക്കിയിട്ട് മീന പറഞ്ഞു….

മീന പെട്ടെന്നു കഴിക്കാൻ ഉണ്ടാക്കി….. കൂടെ ദേവനും ഉണ്ടായിരുന്നു സഹായത്തിനു…… മീന എന്തോ ചിന്തയിലാണ് എപ്പോഴും…… തുമ്പിയാണ് മനസ്സിൽ എന്നു മനസ്സിലായി ദേവന്……. അവളെ കൂടുതൽ സന്തോഷിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു ദേവൻ…….

അപ്പയുടെയും അമ്മയുടെയും ഫോട്ടോ കണ്ടപ്പോൾ മീനയ്ക്ക് മനസ്സിലായി ദേവേട്ടനു എവിടുന്ന് കിട്ടിയതാണ്  ഈ പാവത്തരംന്ന് …. ഡ്രസ്സ്‌ എടുക്കാൻ നേരം തുമ്പിയുടെ ഉടുപ്പും പാവയും കണ്ടപ്പോൾ വീണ്ടും സങ്കടം അണപൊട്ടി മീനയ്ക്ക്……. എല്ലാം കരഞ്ഞു തീർക്കട്ടെയെന്ന് ദേവനും വിചാരിച്ചു അതുകൊണ്ട് ആശ്വസിപ്പിക്കാൻ പോയില്ല ……

തുമ്പി ഉറങ്ങിക്കാണുവോ ദേവേട്ടാ…… എന്റെയോ ദേവേട്ടന്റെയോ കൂടെയല്ലാതെ അവൾ ഉറങ്ങില്ല…… കുറച്ചൊന്നു മാറിക്കിടന്നാൽ തപ്പിവരും അവളെന്നെ…… കണ്ണു തുറന്നാൽ ആദ്യം നോക്കുക ഞാനുണ്ടോന്നാ…… അത് കുഞ്ഞിലേ തുടങ്ങിയ ശീലമാണ്…… അവളില്ലാതെ എനിക്കും ഉറങ്ങാൻ പറ്റുമെന്ന്  തോന്നുന്നില്ല ദേവേട്ടാ….. നെഞ്ചിൽ വല്ലാത്ത ഭാരം……. മീന ദേവനിൽ നിന്നും എഴുന്നേറ്റിരുന്നു……..

ദേവനും തോന്നി തുമ്പിയില്ലാതെ മീന പൂർണ്ണയാവില്ലെന്ന്……

അവളിപ്പോൾ ഹരിയുടെ നെഞ്ചിൽ കിടന്നുറങ്ങിയിട്ടുണ്ടാവും മീനമ്മാ…..

അങ്ങനെ പറഞ്ഞെങ്കിലും ദേവനും ഒന്നുമങ്ങോട്ട് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല……. തുമ്പി ഹരിയുടെ നെഞ്ചിൽ കിടക്കുന്നത് ചിന്തിക്കാൻ പോലുമാവില്ല ദേവന്……ഉള്ളിലെ സ്വാർത്ഥത അതിനു അനുവദിച്ചില്ല……

ഇല്ല ദേവേട്ടാ….. അവളുറങ്ങില്ല……. കണ്ണടച്ചാൽ അമ്മേന്നു വിളിച്ചു കരയുന്ന തുമ്പിയുടെ മുഖമാണ് മനസ്സിൽ……. ഈശ്വരാ..ഞാൻ എത്ര കാലം ഈ വേദന സഹിക്കണം…..മീന മുഖം പൊത്തി…….

ദേവൻ മീനയെ പിടിച്ചു ചേർത്തു കിടത്തി…..

ഒന്നും ആലോചിക്കണ്ട……  സുഖമായി ഒന്നുറങ്ങു….. എല്ലാം ശരിയാകും….. നിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുമ്പോൾ എനിക്കു പറ്റുന്നില്ല മീനമ്മാ…..

ദേവനെ കൂടുതൽ വിഷമിപ്പിക്കാൻ വയ്യാത്തതു കൊണ്ടു മീന കണ്ണടച്ച് ദേവന്റെ നെഞ്ചിലെ താളം കേട്ടു കിടന്നു…… കൈ വയറിലെ മുറിപ്പാടിലേക്ക് ചേർത്തു വെച്ചു ദേവനെ നോക്കി……

എന്താ… ന്നുള്ള രീതിയിൽ ദേവൻ പിരികം പൊക്കി ചോദിച്ചു……

മീന എത്തി വലിഞ്ഞു ദേവന്റെ കവിളിൽ ഉമ്മ

വച്ചു…… എന്നിട്ട് അതേപടി തിരിച്ചു കിടന്നു…… ദേവന്റെ കൈക്കുള്ളിൽ മീനയെ ചേർക്കുമ്പോളും ഇടക്കു നഷ്ടപ്പെട്ട  കുഞ്ഞുചിരിയും കുഞ്ഞികൈകളും രണ്ടാൾക്കും ശരിക്കും വിഷമമുണ്ടാക്കി……… തുമ്പിയുടെ ഓർമ്മയിൽ കണ്ണടക്കാതെ രണ്ടാളും കിടന്നു………

അമ്മേന്നുള്ള വിളി കേട്ടു മീന ചാടിയെഴുന്നേറ്റു……… ചുറ്റും നോക്കി…

എന്താ മീനമ്മാ….. എന്തു പറ്റി …… ദേവൻ ചോദിച്ചു…..

ദേവേട്ടാ….. തുമ്പിയുടെ ശബ്ദം കേട്ടതു പോലെ…….

നീ അവളെത്തന്നെ ആലോചിച്ചു ഇരിക്കുന്നതു കൊണ്ടു തോന്നുന്നതാ….. നേരം വെളുത്തു ഇനി  കിടക്കേണ്ട……ഒന്ന് ഫ്രഷ് ആയി വാ… ഞാൻ ചായ ഇടാം…..

ശ്ശ്….. ദേവേട്ടാ തുമ്പി ഇവിടെ ഉള്ളതു പോലെ …… എന്റെ തോന്നലല്ല…മീന എണീറ്റു സാരി നേരെയിട്ടു……. വാതിൽ തുറന്നു മുറിക്കു വെളിയിലിറങ്ങി…… പിറകെ ദേവനും…… വെളിയിലേക്കുള്ള വാതിൽ തുറന്നു ദേവൻ……. മിറ്റത്തു നിൽക്കുന്നവരെ കണ്ടപ്പോൾ ദേവനും മീനയും ഒന്നു ഞെട്ടി……

അച്ഛനും ഹരിയും മായയും…….. മായയുടെ കയ്യിൽ ഷാളിൽ പൊതിഞ്ഞു തുമ്പിയും……..

മീന ഓടിപ്പോയി തുമ്പിയുടെ അടുത്തേക്ക്…….. കുഞ്ഞിക്കൈ എടുത്തു മുഖത്തു ചേർത്ത്…… ഒരുപാട് ഉമ്മ

കൊടുത്തു…… അവൾ ഉറക്കമാണ്…….

എല്ലാവരെയും അകത്തേക്ക് വിളിച്ചിരുത്തി ദേവൻ…….

മായയാണ് പറഞ്ഞു തുടങ്ങിയത്…….

തുമ്പിയെ ഞങ്ങൾക്ക് നന്നായി നോക്കാൻ സാധിക്കുമെന്നും ….. ഒരു നല്ല അച്ഛനും അമ്മയും ആകാൻ കഴിയുമെന്നും വിശ്വസിച്ചു…… അത് തെറ്റാണെന്ന് ഒരു രാത്രി കൊണ്ടു ഇവൾ മനസ്സിലാക്കി തന്നു…… മീനു….. നിന്നെ കാണാഞ്ഞു കരയാൻ തുടങ്ങിയതാണ്….. ഇതുവരെ നിർത്തിയിട്ടില്ല….. ആ വീട് മുഴുവൻ നിന്നെ തിരഞ്ഞു നടക്കുവായിരുന്നു……. കരഞ്ഞിട്ട് പനി കൂടി രാത്രിയിൽ ഹോസ്പിറ്റലിൽ ആയിരുന്നു…… അമ്മേന്നു വിളിച്ചു കരയുമ്പോൾ കൂടെ ഉണ്ടായിരുന്നിട്ടു കൂടി ആശ്വസിപ്പിക്കാൻ പറ്റിയില്ല എനിക്കു….. എന്റെ ആശ്വാസവാക്കുകൾ ഒന്നും തന്നെ അവൾ സ്വീകരിച്ചില്ല..     അവൾക്ക് എന്നും നീയാ അമ്മ….. ഞാൻ മായമ്മയാണ് അവൾക്ക്…. തുമ്പി ജീവനോടെ ഉണ്ടായാൽ മാത്രം മതി ഞങ്ങൾക്ക്…..അത് എവിടെ ആയാലും… ഇപ്പോൾ മരുന്നു കഴിച്ചതുകൊണ്ട് മാത്രം ഉറങ്ങുവാണു…….

തുമ്പിയെ മീനയുടെ കയ്യിലേക്ക് വെച്ചു കൊടുത്തു മായ…….. മീന ദേവനെ നോക്കി….. ആ മുഖത്തു സന്തോഷം മാത്രമാണ്…… തുമ്പിയെ നെഞ്ചിൽ ചേർത്തു പിടിച്ചു മീന …….

ഇത് ചിലപ്പോൾ ദൈവം നേരിട്ടു തന്ന ശിക്ഷ ആവും ഞങ്ങൾക്ക് …… ഇനി പിരിക്കാൻ നോക്കില്ല മീനു ഇവളെ നിന്നിൽ നിന്നും….. അവൾക്കു എന്ന് ഞങ്ങളെ തിരിച്ചറിയാൻ പറ്റുന്നുവോ അന്നറിഞ്ഞാൽ മതി……

മീന തുമ്പിയെയും എടുത്തു മുറിയിലേക്ക് പോയി…….

ആരെയും അന്ന് പോകാൻ ദേവൻ സമ്മതിച്ചില്ല……. ക്ഷീണം മാറാൻ അവരെ റൂമിൽ വിട്ടിട്ടു മീനയുടെയും തുമ്പിയുടെയും അടുത്തേക്ക് പോയി…… തുമ്പിയെ കെട്ടിപ്പിടിച്ചു കിടക്കുകയാണ് മീന…….. ആ കുഞ്ഞു ശരീരം മുഴുവനും മീനയുടെ കൈകൾ തലോടിക്കൊണ്ടിരുന്നു…….. ആദ്യമായി കാണും പോലെ….

ഞാനൊരിക്കലും ഇങ്ങനെ എന്റെ ജീവിതത്തിൽ നടക്കുമെന്ന് വിചാരിച്ചില്ല ദേവേട്ടാ….. എനിക്കിപ്പോൾ സന്തോഷം കാരണം എന്താ ചെയ്യേണ്ടതെന്നറിയില്ല ….. അടുത്തു വന്നിരുന്ന ദേവനോട് മീന പറഞ്ഞു…..

ഞാൻ പറഞ്ഞില്ലേ മീനമ്മേ നിന്റെ സ്നേഹം അവൾക്ക് തള്ളിക്കളയാനാവില്ലെന്ന്……. അവിടെ മായയും ഹരിയും ആകെ വിഷമിച്ചിരിക്കുവാ……. നമുക്ക് ഇത്രയും വിഷമം ഉണ്ടായെങ്കിൽ അവർക്കു എത്രമാത്രം ഉണ്ടാവും……. ഒന്നുമല്ലെങ്കിലും സ്വന്തം അച്ഛനും അമ്മയും അല്ലേ…,.

എനിക്കും അറിയാം….. പക്ഷേ ഞാനെന്താ ചെയ്യുക…… ഇനി ഞാൻ നഷ്ടപ്പെടുത്തില്ല ദേവേട്ടാ….. പറ്റാഞ്ഞിട്ടാ…..

തുമ്പിക്ക് അനക്കം വെച്ചു തുടങ്ങി…… കണ്ണു തിരുമ്മി തുറന്നതും ഞങ്ങളെ കണ്ടപ്പോൾ ഒന്നമ്പരന്നു…… മാറി മാറി നോക്കി..,.. പിന്നെ ചിരിച്ചു……. പെട്ടെന്ന് മീനയെ നോക്കി ചുണ്ടെല്ലാം വിതുമ്പി വന്നു…… ഒരു കരച്ചിൽ പുറത്തു ചാടും മുൻപ് മീന അവളെ ചേർത്തു പിടിച്ചു………മുഖം ഉമ്മകൾ കൊണ്ടു മൂടി…….  ദേവൻ രണ്ടാളെയും…..

കുറച്ചു നേരം മീനയുടെ ചൂടു പറ്റി കിടന്നിട്ട് ദേവന്റെ നെഞ്ചിലോട്ട് വലിഞ്ഞു കയറി…….

അമ്മ പോയി……. ഇട്ടേച്ചു പോയി….. തുമ്പി മീനുവിന് നേർക്ക് വിരൽ ചൂണ്ടി ദേവനോട് പരാതിയുടെ കെട്ടഴിച്ചു…….

നമുക്ക് അമ്മക്കിട്ടു നല്ല അടി കൊടുക്കാലോ….. ഇനി തുമ്പിയെ ഇട്ടേച്ചു പോവില്ല കേട്ടോ……

അച്ചണ്ട  ഛേ… പാവല്ലേ…മുത്തായി തൊടുത്തണ്ട ….. എന്നിട്ട് ദേവനെ പറ്റിച്ചേർന്നു………

ഞാനും കൂടി ……… മീനയും ചേർന്നു അവരുടെ കൂടെ……… മൂന്നാളുടെയും ചിരിയിൽ റൂമിന് ഒരു ഉണർവ്വ് വന്നു…

മായയും ഹരിയും പോകും വരെ തുമ്പി ദേവന്റെ കഴുത്തിൽ അള്ളിപ്പിടിച്ചിരുന്നു…… അവൾക്കു പേടിയുണ്ടായിരുന്നു ഇനിയും അവർ കൊണ്ടുപോയാലോന്നോർത്തു…….. ഒന്നു നോക്കാൻ കൂടി കൂട്ടാക്കിയില്ല അവൾ…..

മായയോട് മീനു പറഞ്ഞു….. വിഷമിക്കണ്ട മായേച്ചി…… തുമ്പി വരും നിങ്ങളുടെ അരികിൽ……. കുറച്ചു കൂടി ക്ഷമിക്കു…….. ഇങ്ങോട്ട് ഇനിയും വരണം മായേച്ചി…. ഞങ്ങൾക്ക് നിങ്ങളൊക്കെയേ ഉള്ളൂ……

ഉറപ്പായും വരും മോളെ……മായ മീനയെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു……. രണ്ടാളുടെയും കണ്ണുകൾ തുമ്പിക്ക് മേലെയായിരുന്നു……. മീനുവിന് വിഷമം വന്നെങ്കിലും മായയെ ആശ്വസിപ്പിച്ചു വിട്ടു …… അച്ഛന്റെ മുഖത്ത് പാതി സന്തോഷവും പാതി വിഷമവും നിറഞ്ഞു നിന്നു……..

സന്ധ്യക്ക്‌ മീനയും തുമ്പിയും വച്ച ദീപത്തിന് ഒരിക്കലുമില്ലാത്ത തെളിച്ചം തോന്നി ദേവന്……അപ്പയും അമ്മയും ഒരുപാട് സന്തോഷിക്കും പോലെ…… തിരികൾ കെടാൻ മടിച്ചു ശാന്തതയോടെ കത്തി നിന്നു………..തുമ്പിയുടെ കുഞ്ഞിക്കാൽ പതിയാത്ത ഒരു സ്ഥലവും ബാക്കിയില്ല ആ വീട്ടിൽ……… എല്ലാം ഓടിച്ചാടി നടന്നു കാണുകയാണ് അവൾ………. അതിനിടയിൽ ആ മണ്ണിനടിയിൽ ഉള്ളത് അച്ഛച്ചനും അച്ഛമ്മയും ആണെന്ന് മനസ്സിലാക്കിയെടുത്തു അവൾ…….. ഇടയിൽ അവരോട് വിശേഷം പറയാനും മടിക്കുന്നില്ല അവൾ …….. അത് കാണുമ്പോൾ ദേവൻ അറിയാതെ എങ്കിലും കൊതിച്ചു പോയി അവർ ഇപ്പോ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്ന്……തുമ്പിക്കൊപ്പം… എനിക്കും മീനമ്മയ്ക്കുമൊപ്പം…….. ദേവന്റെ കഴുത്തിൽ കൈ ചുറ്റി കവിളിൽ പതിയെ കടിച്ചു മീനു…….. എന്നിട്ട് ഒന്നുകൂടി ഇറുക്കി പിടിച്ചു “ഞാനില്ലേ കൂടെ ” എന്ന രീതിയിൽ……

അങ്ങുമിങ്ങും കിടന്നിരുന്ന മുല്ലവള്ളികൾ മീന  ഒതുക്കിവച്ചു…….. വീടിന്റെ അകവും പുറവും മീനയുടെ കൈകളെത്തിയപ്പോൾ ജീവൻ വച്ച പോലെ…….. തുമ്പിയും ആകെ സന്തോഷത്തിലാണ്……… ഓടിച്ചാടി നടക്കുവാണ്…… പിറകെ അവൾ വീഴാതെ നോക്കി ദേവനും ഉണ്ട്……… കൈവിട്ടു പോയ ജീവിതം തിരിച്ചു പിടിച്ചതിന്റെ സന്തോഷത്തിലാണ് മൂന്നു പേരും…….

തുമ്പിയെയും ചേർത്തുപിടിച്ചു ദേവനെ ചേർന്ന് കിടക്കുന്ന മീനയോട് ദേവൻ ചോദിച്ചു….

ഞാനൊരു കാര്യം ചോദിക്കട്ടെ നിന്നോട്…… ഒരുപക്ഷേ ഞാൻ തിരിച്ചു വന്നില്ലായിരുന്നുവെങ്കിൽ നീയെന്തു ചെയ്തേനെ മീനമ്മാ……… വേറൊരു ജീവിതം…..,.. മീന ദേവന്റെ വാ പൊത്തിപ്പിടിച്ചു……..

കുറച്ചു നേരത്തെ മൗനത്തിനു ശേഷം മീന തിരിച്ചു ചോദിച്ചു…….. അങ്ങനെയായിരുന്നെങ്കിൽ ദേവേട്ടൻ എന്തു  ചെയ്തേനെ……..

എനിക്കു വരാതിരിക്കാൻ കഴിയുമായിരുന്നില്ല…… നീയില്ലാതെ എനിക്ക് അതിൽ കൂടുതൽ ആവുമായിരുന്നില്ല……. ഒരു കാരണം തേടിയിരിക്കുവായിരുന്നു ഞാൻ…… എന്റെ ജീവിതത്തിലേക്ക് നീ  വന്നില്ലായിരുന്നുവെങ്കിൽ ഞാൻ പിടിച്ചു കെട്ടി കൊണ്ടുവന്നേനെ നിന്നെ……. അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയി മീനമ്മാ നിന്നെ…… ജീവനിൽ നിന്നും അടർത്തി മാറ്റാൻ പറ്റാത്ത വിധം…… തനിച്ചായ ദിവസങ്ങളിൽ നിന്നെ ഓർത്തതുപോലെ വേറാരെയും ഞാൻ ഓർത്തിട്ടില്ല…… അതിനു വേറാരും എന്റെ മനസ്സിൽ ഉണ്ടായിരുന്നുമില്ല …….

ഇതു തന്നെയാണ് എന്റെയും ഉത്തരം ദേവേട്ടാ……. ദേവന്റെ മുഖത്തു നോക്കി മീന പറഞ്ഞു……. എന്നെങ്കിലും വരുമെന്ന വിശ്വാസത്തിൽ ജീവിച്ചേനെ…… എത്ര കാലം ആയാലും……. കാത്തിരുന്നേനെ ഞാൻ……

അത്രയും ഇഷ്ടമുണ്ടായിരുന്നുവെങ്കിൽ ഞാൻ പോകാൻ ഇറങ്ങിയപ്പോൾ നീയെന്താ ഒന്ന് വിളിക്കാഞ്ഞത്….. പോകരുതെന്ന് പറയാഞ്ഞത്……..

ഞാൻ പറഞ്ഞിരുന്നെങ്കിൽ പോവില്ലായിരുന്നോ…….. ദേവേട്ടൻ…..

അറിയില്ല…… അന്ന് നിന്നോട് കുറച്ചു വാശിയുണ്ടായിരുന്നു……. എങ്കിലും ഞാൻ ആശിച്ചിരുന്നു ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന്…..

അന്ന് ഞാൻ പറഞ്ഞാലും ദേവേട്ടൻ നിൽക്കില്ലന്നു തോന്നി…… അറിയോ ദേവേട്ടന്…… ഞാൻ ദേവേട്ടനെ എന്നു മുതലാണ് സ്നേഹിച്ചു തുടങ്ങിയതെന്ന്….

മ്മ്…… ഞാൻ ആ വീട്ടിൽ നിന്നും പോന്നതിനു ശേഷം…… പിരിഞ്ഞു നിന്നപ്പോൾ…… നിനക്ക് ആരുമില്ലെന്ന് അറിഞ്ഞപ്പോൾ………….

അല്ല…… എനിക്കും അറിയില്ല….. എപ്പോഴെന്ന്…… പക്ഷേ.. തുമ്പിയെ സ്നേഹിക്കുന്നത് ആത്മാർത്ഥമായി ആണെന്ന് തോന്നിത്തുടങ്ങിയപ്പോൾ…… എന്റെ സ്നേഹം വേണമെന്ന് പിടിവാശി കാണിക്കാൻ തുടങ്ങിയപ്പോൾ…… മനസ്സിൽ എവിടെയോ ദേവേട്ടൻ ഉണ്ടായിരുന്നു……. ഈ നോട്ടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല….. പക്ഷേ പെട്ടെന്നു തന്നെ ഓർക്കും ചേച്ചിയുടെ ഭർത്താവ് ആണല്ലോന്ന്…. അപ്പോൾ വന്ന സ്നേഹം തിരിച്ചിറങ്ങിപ്പോകും……. അന്ന് എന്റെ കൈ കൊണ്ടു ഞാൻ വേദനിപ്പിച്ചപ്പോൾ ദേവേട്ടനെക്കാൾ എന്റെ ശരീരവും മനസ്സുമാണ് വേദനിച്ചത്……. അന്ന് ഞാൻ  ദൈവത്തിനെ വിളിച്ച പോലെ ഒരിക്കലും  വിളിച്ചിട്ടില്ല….. ചേർത്തുപിടിച്ചത് സ്നേഹത്തോടെ തന്നെയാ…..ഞാനൊഴുക്കിയ കണ്ണുനീരും സത്യമായിരുന്നു…… പിന്നെ താലി തിരിച്ചു തന്നത്…… ഞാൻ കാരണം ഇനിയും ദേവേട്ടൻ വേദനിക്കാൻ പാടില്ലെന്ന് തോന്നിയതു കൊണ്ടാണ് ……മീനയുടെ കണ്ണ് നിറഞ്ഞു…..

ഇനി ഇതിന്റെ പേരിൽ മഴ പെയ്യിക്കണ്ട……. ഇനി നമ്മുടെ ജീവിതത്തിൽ സന്തോഷവും  സ്നേഹവും മാത്രം മതി മീനമ്മാ …… ഞാൻ നിന്നെ തനിച്ചാക്കരുതായിരുന്നു…. …… എനിക്കു മാത്രം ശരിയെന്നു തോന്നിയ തെറ്റായിരുന്നു അതെന്ന് ഇപ്പോഴാണ് മനസ്സിലായത്……. ഇനി ഒരിക്കലും  തനിച്ചാക്കില്ല……. എന്നും കൂടെയുണ്ടാവും……… മീനയുടെ മുഖം സ്വന്തം മുഖത്തേക്ക് അടുപ്പിച്ചു  ദേവൻ പറഞ്ഞു……..

മീനയുടെ വയറിൽ മുഖം അമർത്തി ദേവൻ ചോദിച്ചു …….ഇനിയെന്നാണോ ഇതൊന്നു നിറഞ്ഞു കാണുന്നത്…….

മീന ചിരിയോടെ ദേവന്റെ മുഖം ഒന്നുകൂടി അമർത്തി പിടിച്ചു……..

അച്ഛേ നിച്ചും………

ദേവനും മീനയും ഞെട്ടി മാറി നോക്കി…….

ഈശ്വരാ…. ഉടുപ്പും പൊക്കിപ്പിടിച്ചു കുഞ്ഞിവയറും കാണിച്ചു നിക്കുവാ കടുക്……

ദേവൻ തുമ്പിയുടെ കുഞ്ഞി വയറിൽ മുഖം ചേർത്ത് ശബ്ദം ഉണ്ടാക്കി……. ഇക്കിളി എടുത്തു ചിരിച്ചു മടുത്തപ്പോൾ തുമ്പി വയർ പൊത്തിപ്പിടിച്ചു മീനയെ ചൂണ്ടി പറഞ്ഞു……. അച്ഛേ… ഇനി അമ്മേനെ………… അത് കേട്ടതും ദേവൻ മുണ്ടു മടക്കി കുത്തി റെഡിയായി………….

അയ്യേ…… ഈ പെണ്ണ്…… മീന തുമ്പിയെ രണ്ടു കൈകൊണ്ടും ഇറുക്കി ചേർത്തു പിടിച്ചു…….  പിന്നെ പതിയെ ഉറങ്ങുവാൻ വേണ്ടി  അവർക്കു മാത്രം സ്വന്തമായ ഇടത്തേക്ക് നീങ്ങി…….  ദേവന്റെ നെഞ്ചിലേക്ക്……..

അവസാനിപ്പിച്ചു ഞാൻ ….,..

അവർ ജീവിക്കട്ടെ…. തുമ്പിക്കും ഇനി വരാനിരിക്കുന്ന തുമ്പിയുടെ സഹോദരങ്ങൾക്കും നല്ലൊരു അച്ഛയും അമ്മയും ആയിട്ട്……… ജീവിതം എന്നാൽ നേടിയെടുക്കാൻ മാത്രമല്ല വിട്ടുകൊടുക്കുന്നതും കൂടിയാണെന്ന് തുമ്പിയെ മനസ്സിലാക്കിക്കൊടുത്തുകൊണ്ട് ……. ദേവന്റെ മീനമ്മയായും……. മീനയുടെ ദേവേട്ടൻ ആയും……

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “സ്നേഹബന്ധനം – 15 (അവസാന ഭാഗം)”

Leave a Reply

Don`t copy text!