Skip to content

ലാവണ്യ – 18

lavanya novel

രാവിലെ മാളു അമ്മക്കരികിലേക്ക് പോകാൻ മുറിയിൽ നിന്നും വെളിയിലേക്ക് വരവേ കണ്ടു പാട കെട്ടി ഇരിക്കുന്ന പാൽ ഗ്ലാസ്സ്……… അതെടുത്തു വാഷ്‌ബേസിനിൽ ഒഴിച്ചു കളഞ്ഞു………. ഇന്നലെ ഇതുമെടുത്തു വന്നു കിച്ചുവിന്റെ മുറിയുടെ മുന്നിൽ കുറച്ചു നേരം നിന്നു…….. അകത്തേക്കു കയറാൻ മനസ്സനുവദിച്ചില്ല…….. നേരെ സ്വന്തം റൂമിലേക്ക്‌ പോന്നു………. കുറച്ചു നേരം ചിന്തിച്ചു കിടന്നപ്പോഴേക്കും ഉറക്കം വന്നു കണ്ണടഞ്ഞു……..  പിറ്റേന്ന് ആണ് ആരോ  പുതപ്പെല്ലാം പുതപ്പിച്ചത് അറിഞ്ഞത്……. അമ്മ ആവും…….

മുറിവിട്ടു വെളിയിൽ വന്നപ്പോൾ കണ്ടു കിച്ചു സ്വന്തം മുറിക്കു മുന്നിൽ കൈകെട്ടി ചാരി നിൽക്കുന്നത്………. മാളു വീണ്ടും താഴേക്കു നടക്കാൻ പോകവേ കിച്ചു കയ്യിൽ പിടിച്ചു മാളുവിന്റെ റൂമിലേക്ക്‌ കൊണ്ടുപോയി…….

വിട് കിച്ചൂ……… ഇത് എന്തെടുക്കാൻ പോവാ……. വിട്……… കൈ കുടഞ്ഞു മാളു പറഞ്ഞു കൊണ്ടേയിരുന്നു……. കിച്ചു വിടാതെ പിടിച്ചുകൊണ്ടുപോയി കണ്ണാടിക്കു മുന്നിൽ നിർത്തി….. മാളു കിച്ചുവിനെ നോക്കി…….

ഡ്രസ്സിങ് ടേബിളിൽ ഇരിക്കുന്ന താലി കണ്ണു കൊണ്ടു കാണിച്ചു…………

കുളിക്കാൻ കയറിയപ്പോൾ ഊരി വച്ചതാ……..  മറന്നു പോയി എടുത്തിടാൻ…….. കുറച്ചു വലിയ മാലയാണ്……. ഇടാൻ മടിയാണ്…….. അമ്മയോട് പറഞ്ഞു ചെറിയൊരു മാല വാങ്ങണമെന്ന് വിചാരിച്ചിരിക്കുവായിരുന്നു……..

അതെടുത്തു കഴുത്തിലിട്ടു……… പോകാൻ നേരം വീണ്ടും കിച്ചു മുന്നിൽ നിന്നു……..

ഇനിയെന്താ……. മാളു ചോദിച്ചു……..

സിന്ദൂരം കണ്ണു കൊണ്ടു കാണിച്ചു……. അതും എടുത്തു തൊട്ടു മാളു………

ഇനി പൊയ്ക്കോട്ടേ ഞാൻ……. മാളു കുറച്ചു ദേഷ്യത്തിൽ ചോദിച്ചു………

മാളുവിനെ വീണ്ടും കണ്ണാടിക്കു നേരെ തിരിച്ചു നിർത്തി………. കുറച്ചു അടുത്തു വന്നു നിന്ന് കിച്ചു പറഞ്ഞു………

മാളുവിനെയും നോക്കി താഴെ രണ്ടാൾ ഇരുപ്പുണ്ടാവും എപ്പോഴും ……. നിന്റെ മുഖത്തു വിരിയുന്ന സന്തോഷം കാണാൻ…….. അവർക്കു വേണ്ടിയെങ്കിലും മുഖത്തെ ഈ വിഷമം കളഞ്ഞുകൂടേ മാളു….. നമുക്കിടയിൽ ഉള്ള ഈ അകൽച്ച നമ്മൾ രണ്ടാളും മാത്രം അറിഞ്ഞാൽ മതി………… അവരെ അറിയിക്കരുത്…….. സഹിക്കാൻ കഴിയില്ല അവർക്കു………. ഇതൊന്നും ഇല്ലാതെ അവർക്കു മുന്നിൽ പോകരുത്…… പോയാൽ  പിടിക്കപ്പെടും……… അവർ സന്തോഷിക്കട്ടെടോ…….. കിച്ചു കണ്ണടച്ചു കാണിച്ചു…….

മാളു ഒന്നും മിണ്ടാതെ മുറിവിട്ട് പുറത്തേക്കു പോയി…….. താഴെ എത്തിയിട്ട് ഒന്നു തിരിഞ്ഞു നോക്കി……. കിച്ചു ഇപ്പോഴും അവിടെ നിൽപ്പുണ്ടോന്നറിയാൻ…………. ഇല്ല………. അപ്പോളിന്നലെ കിച്ചുവാണ് തന്നെ പുതപ്പിച്ചത്…….

മുഖത്തു കുറച്ചു സന്തോഷം നിറച്ചു നേരെ അമ്മയുടെ അടുത്തേക്ക് പോയി……..

നീയെങ്ങോട്ടാ കിച്ചു……… റെഡിയായി വന്ന കിച്ചുവിനെ നോക്കി അമ്മ ചോദിച്ചു……..

എനിക്കിന്ന് ഓഫീസിൽ പോണം…….. കുറച്ചു ചെയ്തു തീർക്കാനുണ്ട്…….. കിച്ചു കഴിക്കാനിരുന്നു പറഞ്ഞു……

നിന്നോട് രണ്ടു മൂന്നു ദിവസം പോകേണ്ടന്നല്ലേ അച്ഛൻ പറഞ്ഞത്…… മാളുവിനെ കൂട്ടി ഒന്നു പുറത്തൊക്കെ പോകണമെന്ന് പറഞ്ഞേൽപ്പിച്ചത് മറന്നോ നീ……. അമ്മ ചോദിച്ചു………

അച്ഛൻ കണ്ടുപിടിച്ചു തന്ന ജോബ് അല്ലേ……..  തുടക്കത്തിൽ ഇങ്ങനെ ആയാൽ ശരിയാവില്ല….  നൂറുകൂട്ടം പണിയുണ്ട് എനിക്ക്……. അച്ഛന്റെ അഭിമാനത്തിന് കോട്ടം തട്ടുന്ന ഒന്നും ചെയ്യാൻ പാടില്ലല്ലോ…….. കിച്ചു പുച്ഛത്തോടെ  പറഞ്ഞു……..

മാളു കിച്ചുവിന് കഴിക്കാൻ പ്ലേറ്റിൽ എടുത്തു കൊടുത്തു  ഒന്നും മിണ്ടാതെ നിന്നു……..

ഇങ്ങനെ ഒന്നും പറയരുത് കിച്ചു……… നിന്റെ നല്ലതിന് വേണ്ടിയാണു അച്ഛൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്…….. ഒരു ജോലിയിലും നീ ഉറച്ചു നിൽക്കില്ല……. എന്തെങ്കിലും പ്രശ്നം ഉണ്ടാക്കും…….. നിന്റെ ഇഷ്ടത്തിന് നടക്കണമെങ്കിൽ അത് നിന്റെ സ്വന്തം ഓഫീസ് ആയിരിക്കണം……..

കഴിപ്പു നിർത്തി കിച്ചു അമ്മയുടെ മുഖത്തേക്ക് നോക്കി……… അതു തന്നെയല്ലേ ഞാൻ ചെയ്യാൻ ശ്രമിച്ചതും……… കൂടെ എന്റെ ഫ്രണ്ട്‌സ് ഉള്ളതുകൊണ്ടല്ലേ അച്ഛൻ സമ്മതിക്കാഞ്ഞത്……….

അങ്ങനെ അല്ല മോനേ…….. ഇത്രയും പേര് ചേർന്നുള്ള ഒരു ബിസിനസ്…. അത് ശരിയാവില്ല……. തുടക്കത്തിൽ ഉള്ള വിശ്വാസവും ക്ഷമയും ഒന്നും പോകെപ്പോകെ ഉണ്ടാവില്ല……….അത് നിങ്ങളുടെ കൂട്ടുകെട്ടിനെ ആവും ബാധിക്കുക……. അച്ഛൻ പറയുന്നത് കുറച്ചൊക്കെ മനസ്സിലാക്കാനും അംഗീകരിക്കാനും പഠിക്ക് നീ………

ഞാൻ അച്ഛൻ പറയുന്നത് അംഗീകരിച്ചു…….. അതുകൊണ്ടല്ലേ അമ്മേ ഞാൻ എനിക്ക് ഇഷ്ടമല്ലെങ്കിൽ കൂടി ഈ ജോബിന് പോകുന്നത്…….. കിച്ചു കഴിക്കാതെ എണീറ്റു പോയി കൈ കഴുകി……….

പോകാനിറങ്ങാൻ നേരം കിച്ചു മാളുവിന്റെ അടുത്തു ചെന്നു പറഞ്ഞു…….. അച്ഛൻ വരുന്നതിനു മുൻപ് ഞാൻ വരാം……. റെഡിയായി ഇരിക്കണം……. ഇനി ഞാൻ കാരണം അച്ഛൻ വിഷമിക്കണ്ട……. ഞാൻ പോകുവാ……… മറുപടിക്ക് കാത്തു നിൽക്കാതെ കിച്ചു പോയി………. മാളു അമ്മയ്ക്കു പിറകെയും…….

പക്ഷേ കിച്ചുവിനെക്കാൾ മുന്നേ അച്ഛൻ വന്നു വീട്ടിൽ……… അച്ഛൻ കിച്ചുവിന്റെ വരവിനു വേണ്ടി  കാത്തിരിക്കും പോലെ തോന്നി മാളുവിന്‌…… അമ്മ അച്ഛന്റെ പിറകെയും കൂടിയിട്ടുണ്ട്…. തണുപ്പിക്കാൻ……… കിച്ചു വന്നു പെട്ടത്  അച്ഛന്റെ മുന്നിലേക്കാണ്……. ദേഷ്യത്തിൽ അച്ഛനൊന്നു നോക്കി കിച്ചുവിനെ …….

ഞാൻ പറയുന്നത് എന്തെങ്കിലും നീയൊന്നു കേൾക്കാറുണ്ടോ കിച്ചു……. അരവിന്ദൻ എന്തോ പറയാൻ വീണ്ടും തുടങ്ങവേ……… മാളു ചാടി പറഞ്ഞു…….

അച്ഛാ……. എന്നോട് ചോദിച്ചിട്ടാണ് കിച്ചു പോയത്…… അതും ഞാൻ സമ്മതിച്ചത് കൊണ്ട്……. വൈകുന്നേരം വെളിയിൽ  പോയാൽ മതിയെന്ന് പറഞ്ഞതും ഞാനാണ്……..

അച്ഛൻ ഒന്നു കിച്ചുവിനെ നോക്കി അമർത്തി മൂളി…… അകത്തേക്ക് നടന്നു…….. കിച്ചു നേരെ ഏട്ടന്റെ അടുത്തേക്കും……..

മാളൂട്ടിക്ക് ഹരിയേട്ടനെ മിസ്സ് ചെയ്യുന്നതിലും കൂടുതൽ കിച്ചുവിന് സ്വന്തം ഏട്ടനെ മിസ്സ് ചെയ്യുന്നുണ്ടെന്ന് മാളുവിന്‌ തോന്നി……..  കിച്ചുവിന്  വിഷമം വന്നാലും സന്തോഷം വന്നാലും ഓടും ഹരിയേട്ടനരുകിലേക്ക്…… തന്നേക്കാൾ കിച്ചുവിനായിരുന്നു ഹരിയേട്ടന്റെ ആവശ്യം…….. കിച്ചുവിന്റെ ഉള്ളിൽ എന്തൊക്കെയോ ഉണ്ട്…….. അത് ഹരിയേട്ടന് മാത്രേ മനസ്സിലാവൂ എന്ന് കിച്ചൂനറിയാം…….  കാരണം അറിവ് വച്ചപ്പോൾ മുതൽ ഹരിയായിരുന്നു കിച്ചൂന് എല്ലാം എന്ന് അമ്മ പറഞ്ഞിട്ടുണ്ട്……… തന്നേക്കാൾ കിച്ചുവിനാണ് ഹരിയേട്ടൻ മരിച്ചുവെന്ന സത്യം അംഗീകരിക്കാൻ  ബുദ്ധിമുട്ട് ന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്………..

മാളു കിച്ചുവിനരികിൽ ചെന്നു…….. ഹരിയേട്ടന്റെ മടിയിൽ തലവെച്ചു കിച്ചു  കിടക്കും പോലെ തോന്നി മാളുവിന്‌…….

കിച്ചൂ………

മ്മ്…… കിച്ചു കണ്ണു തുറന്നു നോക്കി……

പോകാം…….

എങ്ങോട്ട്………

വൈകുന്നേരം റെഡിയായി നിൽക്കാൻ പറഞ്ഞിട്ട്……. ഞാൻ റെഡി ആണ്……

കിച്ചു അന്തംവിട്ടു മാളുവിനെ നോക്കി……. താൻ രാവിലെ പോയപ്പോൾ ഉണ്ടായിരുന്ന മാളു അല്ല തിരിച്ചു വന്നപ്പോൾ…….. എന്തായാലും കുഴപ്പമില്ല……. മിണ്ടാൻ തുടങ്ങിയല്ലോ……..

വാ പോകാം……. കിച്ചു എഴുന്നേറ്റു….. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു……..

ഇതിൽ ഞാൻ വരില്ല……എനിക്ക് പേടിയാ…….  കിച്ചു പൊക്കോ…… ഞാൻ ബസ്സിൽ വന്നോളാം…… മാളു അടുത്തേക്ക് വരാതെ രണ്ടു സ്റ്റെപ് പിറകോട്ടു നിന്നു……..

കിച്ചു തലക്കിട്ടു അടിച്ചു ഏട്ടനെ നോക്കി……  ഇനി വരാവോ……. കാറിന്റെ കീ എടുത്തു വന്നു ചോദിച്ചു…….. മാളു തലയാട്ടി…….

എങ്ങോട്ടാ പോകേണ്ടത് മാളൂന്……

അറിയില്ല…… എങ്ങോട്ടെങ്കിലും…… കിച്ചുവിന്റെ ഇഷ്ടം…….

അറിയാമായിരുന്നു ഇങ്ങോട്ടേക്കു ആവുമെന്ന്……. ഹരിയേട്ടന്റെ ഇഷ്ടസ്ഥലം…… ബീച്ച്…….. അന്ന് ഹരിയേട്ടനൊപ്പം ഇരുന്ന അതേ സ്ഥലം തന്നെ…..

കിച്ചു മാളുവിനരികിൽ വന്നിരുന്നു……….. താങ്ക്സ് മാളു……. അച്ഛനരികിൽ നിന്നും രക്ഷിച്ചതിന്….. സാധാരണ ഏട്ടന്റെ പണിയാണ് അതൊക്കെ……. എനിക്ക് ദേഷ്യം വരും മുൻപ് ഏട്ടൻ പ്രശ്നം പരിഹരിച്ചിരിക്കും……..

കിച്ചുവിന്റെ മൗനം അത് ഏട്ടനെ ഓർത്തപ്പോൾ വന്നതാണെന്ന് മാളുവിന്‌ മനസ്സിലായി……..

അച്ഛന്റെ ഇഷ്ടം അറിഞ്ഞു ചെയ്യാൻ ഏട്ടന് മാത്രേ സാധിച്ചിട്ടുള്ളു…….. എന്നെയും ഒരു വക്കീൽ ആക്കാൻ ആഗ്രഹിച്ചതാണ് അച്ഛൻ …….. അതിനുള്ള ക്ഷമയോ മനസ്സോ ഉണ്ടായിരുന്നില്ല എനിക്ക്……….. എന്റെ ദേഷ്യം എന്നെ അതിനു അനുവദിച്ചിട്ടില്ല….. എന്റെ ഇഷ്ടമനുസരിച്ചു പഠിക്കാൻ അച്ഛനെക്കൊണ്ട് സമ്മതിപ്പിച്ചത് ഏട്ടനാണ്……. മാളുവിന്‌ അറിയുമോ ഏട്ടന് ഐ എ  എസ് എടുക്കാനായിരുന്നു ഇഷ്ടം…….. അച്ഛന്റെ ആഗ്രഹം അറിഞ്ഞപ്പോൾ അത് വേണ്ടാന്നു വെച്ചു……. ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട് ആ ഇഷ്ടം വേണ്ടാന്നു വച്ചത് എനിക്കും കൂടി വേണ്ടിയിട്ടാണെന്ന് ……. ഏതെങ്കിലും ഒരു മകൻ വേണ്ടേ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ…….. ഇന്നും അച്ഛൻ വിചാരിച്ചു വച്ചിരിക്കുന്നത് ഏട്ടന്റെ ഇഷ്ടത്തിനാണ് ഏട്ടൻ അച്ഛന്റെ പാത തിരഞ്ഞെടുത്തത് എന്നാണ്………

മാളു എല്ലാം കേട്ടിരുന്നു…….. കിച്ചുവിന്റെ അടുത്തു നിന്നും ഹരിയേട്ടനെക്കുറിച്ചു കേൾക്കാൻ നല്ല രസമാണ്……… കിച്ചു വല്ലാത്തൊരു ഇഷ്ടത്തോടെ ആവും ഏട്ടന്റെ കാര്യം പറയുക……. ശരിയാണ് കിച്ചുവിന്റെ ഫ്രണ്ട് പറഞ്ഞത്……… ഏട്ടനോടുള്ള സ്നേഹത്തിന്റെ കാര്യത്തിൽ കിച്ചുവിന് ഏഴ് അയൽവക്കത്തു വരില്ല താനെന്നു ഓർത്തു മാളു ……

അച്ഛൻ പറയുന്നതൊന്നും മനഃപൂർവം അനുസരിക്കാത്തതല്ല ഞാൻ……. എന്റെ ഇഷ്ടവും ലക്ഷ്യവും വേറെയാണ്…….. പക്ഷേ ഇപ്പോൾ…….. അച്ഛൻ പറയുന്നത് അനുസരിക്കാതെ വയ്യ…… ഇപ്പോൾ ചെയ്യുന്ന ജോബ് പോലും അച്ഛന് വേണ്ടി മാത്രമാണ്…… എനിക്കറിയാം അച്ഛൻ ആഗ്രഹിക്കുന്ന ഒരു മകൻ ആകാൻ എനിക്കു കഴിയില്ലെന്ന്…….. ശരിക്കും ഏട്ടൻ പോയതിനു ശേഷം ഞാൻ എന്റെ ദേഷ്യം എത്ര കണ്ട്രോൾ ചെയ്യുന്നുവെന്ന് അറിയുവോ……. ഏട്ടനൊന്നു ചേർത്തു പിടിച്ചാൽ എന്റെ ദേഷ്യമൊക്ക അലിഞ്ഞു പോകും ………. എന്നെ ഇത്രയും വഷളാക്കിയത് ഏട്ടനാണ്…….  കിച്ചു ചിരിച്ചു……

ഞാനൊന്ന് ചോദിക്കട്ടെ…….. മാളുവിനെക്കൊണ്ട് കഴിയില്ലേ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാൻ……. ഏട്ടനും ഒരുപാട് ആഗ്രഹിച്ചിരുന്നതാണ് മാളുവിനെ പഠിപ്പിക്കണം എന്നുള്ളത്……. ഒന്നു ശ്രമിച്ചു നോക്കിക്കൂടെ…….. വർഷങ്ങൾ പലതു പിടിക്കുമെങ്കിലും അച്ഛന് ഒരു പ്രതീക്ഷ നൽകാൻ മാളുവിന്‌ കഴിയും………. അച്ഛന്റെ ഇഷ്ടം മാളു നടത്തിക്കൊടുത്താലും അച്ഛനതു മതി സന്തോഷിക്കാൻ……. കിച്ചു മാളുവിന്റെ മുഖത്തേക്ക് നോക്കി……

മാളു തിരയിലേക്കു നോക്കിയിരുന്നു…….. പഠിപ്പൊക്കെ ഹരിയേട്ടൻ പോയതോടു കൂടി ഉപേക്ഷിച്ചു താൻ…… കഴിയില്ല…… മനസ്സ് അത്രയും മടുത്തു…….

ഞാൻ എന്തൊക്കെയോ പറയുന്നുണ്ട്…….. മാളു ഒന്നും മിണ്ടുന്നില്ല…….. എന്തെങ്കിലും ഒന്ന് പറഞ്ഞുകൂടേ തനിക്ക്……. എന്നെ ഒരു ഫ്രണ്ട് ആയിട്ടെങ്കിലും കാണെടോ……… ആ താലി കഴുത്തിൽ ഉണ്ടെന്ന് വിചാരിക്കുകയെ വേണ്ടാ……. പണ്ടത്തെ പോലെ ഫ്രണ്ട്‌സ് ആയിട്ടിരുന്നു കൂടെ……. ഇതിപ്പോൾ മാളു ഒരുപാട് ദൂരെയാണ് എന്നിൽ നിന്നും……… കിച്ചു മുഖം തിരിച്ചു പറഞ്ഞു…..

മാളു എഴുന്നേറ്റു……… കിച്ചുവിന് നേരെ കൈ നീട്ടി……. വാ….. പോകാം ……..

കിച്ചു ആ കയ്യിൽ നോക്കി പിന്നെ മാളുവിന്റെ മുഖത്തേക്കും…….. പിന്നെയാ കയ്യിൽ പിടിച്ചു  എഴുന്നേറ്റു…….. ഒരുമിച്ചു നടക്കുമ്പോൾ കിച്ചു പറഞ്ഞു…….. ഞാൻ പറഞ്ഞത് ഒന്നാലോചിക്ക് മാളു……. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും എന്റെ………

എനിക്കൊന്നു ശരിക്കും ആലോചിക്കണം കിച്ചോ……….. നോക്കാം……

പേര് തെറ്റിച്ചു വിളിച്ചതാണോ അതോ അങ്ങനെ വിളിച്ചതാണോ മാളു……. കിച്ചു ആലോചിച്ചു….. എന്തായാലും കേൾക്കാൻ സുഖമുണ്ട്…….

വണ്ടിയിൽ വെച്ചു കിച്ചു ചോദിച്ചു…….. എന്താ ദീപുവിന്റെ വൈഫ്‌ അന്നങ്ങനെ പറഞ്ഞത്…….  മാളു കാരണമാണ് ദീപുവിന് ഇന്നത്തെ ജീവിതം കിട്ടിയെന്നോ ഒക്കെ……..

അതോ……. അത്……. എന്നെ ഹരിയേട്ടന് കെട്ടിച്ചു കൊടുത്തപ്പോൾ  അതിനുള്ള പ്രതിഫലം  ആയിട്ടാ ദീപുവേട്ടൻ അച്ഛന്റെ ജൂനിയർ ആയത്…… ഞാനൊരു വിൽപ്പന വസ്തു ആയിരുന്നു അന്ന്……

നിനക്ക് സ്വന്തമായി ഒരു അഭിപ്രായമോ ഇഷ്ടമോ ഒന്നുമില്ലേ മാളു……… സ്വന്തം ജീവിതത്തിന്റെ കാര്യം വന്നപ്പോളെങ്കിലും…….. അത് പറയാമായിരുന്നു……

നമ്മളെ ചുറ്റിപ്പറ്റി നിൽക്കുന്നവർക്ക് നമ്മൾ കാരണം ഒരു സന്തോഷം കിട്ടുവാണെങ്കിൽ എന്തിനാ അത് വേണ്ടെന്നു വക്കുന്നത്…… കിച്ചുവല്ലേ രാവിലെ പറഞ്ഞത്…… മാളു ചിരിച്ച് പറഞ്ഞു…..

സ്നേഹം ഉള്ളവർ ആണെങ്കിൽ ഓക്കേ……. ഇതിപ്പോൾ……. തന്റെ വല്യമ്മക്കിട്ടൊരു പണി എന്നെങ്കിലും ഞാൻ കൊടുക്കും……. എന്റെ പെണ്ണിനെ വേദനിപ്പിച്ചതിന്……. നോക്കിക്കോ…..

മാളു കിച്ചുവിനെ ഒന്നു നോക്കിയിട്ട് വെളിയിലേക്ക് നോക്കിയിരുന്നു………

വീട്ടിൽ എത്തും വരെ രണ്ടാളും സംസാരിച്ചു……. പഴയത് പോലെ………. കുറച്ചൊന്നു മനസ്സ് തണുത്തതു പോലെ തോന്നി കിച്ചൂന് ……. ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഒന്നിച്ചു ഒരു മുറിയിൽ തങ്ങാൻ രണ്ടാളും തയ്യാറായില്ല……..അത് അരവിന്ദനോ രാധികയോ അറിയാതെ രണ്ടുപേരും സൂക്ഷിച്ചു കൊണ്ടു നടന്നു……. 

ഒരു ഞായറാഴ്ച അവധി ദിവസം കിച്ചു ബൈക്ക് കഴുകിക്കൊണ്ടിരുന്നപ്പോൾ മാളു അടുത്ത് വന്നു ചോദിച്ചു…….. ഈ ബൈക്കിനോടെന്താ കിച്ചൂന് ഇത്രയും ഇഷ്ടം…..  വേറൊരു വണ്ടിയും ഇത്രയും കാര്യമായി നോക്കുന്നത് ഞാൻ കണ്ടിട്ടില്ലല്ലോ……….

ഇതെനിക്ക് ഏട്ടൻ വാങ്ങിത്തന്നതാണ്……  ഒരു ബർത്ത് ഡേയ്ക്ക്……. അതുകൊണ്ടാണ് അവന്മാർ ചോദിച്ചാൽ പോലും ഞാനിത് കൊടുക്കാത്തത്……

കിച്ചു എന്തു സംസാരിച്ചാലും അതൊടുവിൽ ചെന്നെത്തുക ഹരിയേട്ടനിലാവും….. മാളു ഓർത്തു……. ഏട്ടന്റെ അനിയൻ……..

പഠിക്കാൻ തയ്യാറാണെന്ന് മാളു കിച്ചുവിനെ അറിയിച്ചു……. അതും കിച്ചു തന്റെ കൂടെ  എന്തിനും ഏതിനും കൂടെയുണ്ടെന്നുള്ള ഉറപ്പിന്മേൽ………. തോറ്റാലും ജയിച്ചാലും….. അച്ഛനോട് ഈ സന്തോഷം പറയട്ടെ ന്നു കിച്ചു പറഞ്ഞപ്പോൾ മാളു പറഞ്ഞു അതൊക്കെ ഞാൻ ആദ്യമേ പറഞ്ഞുവെന്ന്…..

ഓഹോ…. അപ്പോൾ നമുക്ക് മൂന്നാം സ്ഥാനമാണുള്ളത്….. കിച്ചു ഓർത്തു……. എന്തെങ്കിലും ആകട്ടെ……..ഒന്ന് സമ്മതിച്ചല്ലോ……

                                 *******

മാളു വീണ്ടും പഠിക്കാൻ തുടങ്ങി……. കിച്ചു ഇടയ്ക്കിടെ പോയി കൂട്ടിരിക്കും……….നാളുകൾ കഴിയും തോറും അവരുടെ ബന്ധം ഒന്നിനൊന്നു മെച്ചമായി വന്നു……. മാളു ഇപ്പോൾ  എന്തും കിച്ചുവിനോട് തുറന്നു പറയും…… മാളുവിന്റെ പോയ സന്തോഷം തിരിച്ചു വന്ന പോലെ തോന്നി…..  അതുപോലെ വീട്ടിൽ  എല്ലാവർക്കും…… മാളുവിന്റെ പഴയ കുറുമ്പും കുസൃതിയും തിരിച്ചു വന്നു…… അതെല്ലാം അച്ഛനും അമ്മയും ശരിക്കുമാസ്വദിക്കുന്നുണ്ട് ഇപ്പോൾ……..

ഭർത്താവിന്റെ യാതൊരധികാരവും എടുക്കാൻ കിച്ചു മുതിർന്നില്ല………. മാളുവിന്‌ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു….. അങ്ങനെ ഒരു താലിബന്ധം തങ്ങൾക്കിടയിൽ ഉണ്ടെന്ന് മാളു മനഃപൂർവം മറന്നുവെന്നു കിച്ചൂന് തോന്നി ……….തോന്നൽ മാത്രം ആയിരിക്കട്ടെ തന്റെ……. കിച്ചു ഓർത്തു……..

പക്ഷേ….. കിച്ചുവിന് മാളു ഇല്ലാതെ പറ്റില്ലെന്ന് തോന്നിത്തുടങ്ങി…… സമയം എത്ര കൂടെയിരുന്നാലും മതിയാവാത്തതു പോലെ…..  പക്ഷേ അതൊന്നു പ്രകടിപ്പിക്കാൻ ഭയമാണ് കിച്ചൂന്…….. മാളു പഴയ പോലെ ആയാലോ….. പഠിക്കാൻ കൂട്ടിരിക്കുമ്പോൾ പലപ്പോഴും മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നാറില്ല……. മനസ്സ് കൈവിട്ടു പോകുമെന്ന് തോന്നുമ്പോൾ അടുത്തു നിന്നും എഴുന്നേറ്റു പോരും……..മനസ്സിനുള്ളിൽ ഒരുപാട് ആഗ്രഹങ്ങളുമായി കിച്ചു കാത്തിരിക്കുവാണ് മാളുവിന്‌ വേണ്ടി…….. തന്നെ മനസ്സിലാക്കി എന്നെങ്കിലും അരികിൽ  വരുമെന്ന് വിശ്വസിച്ചു ഒരു കാത്തിരിപ്പ് ………. അതിന്റെ നീളം എത്രയെന്നു അറിയാതെ……..

കളിച്ചു ചിരിച്ചു എല്ലാവരും രാത്രിയിൽ ഭക്ഷണം കഴിച്ചുകൊണ്ട്  ഇരുന്നപ്പോൾ അമ്മ പറഞ്ഞു…….  

മോളേ ……. ഇനിയെത്ര നാൾ കാത്തിരിക്കണം ഞങ്ങൾ…….. നമ്മുടെ ഇടയിലേക്ക് ഒരാൾ കൂടി വരാൻ വേണ്ടി……..

എന്റെ രാധൂ അതിനൊക്കെ ഇനിയും സമയം ഉണ്ട്……. മോൾ ഇപ്പോൾ പഠിക്കട്ടെ……. അവളെ ഇങ്ങനെ ശല്യം ചെയ്യല്ലേ നീ……. അച്ഛൻ അമ്മയെ ശാസിച്ചു……..

മാളു ഒന്നും മനസ്സിലാവാതെ അവരെ നോക്കിയിരിക്കുവാണ്……. ആര് വരുന്ന കാര്യമാ അമ്മ പറയുന്നത്……… മാളു ഓർത്തു….

കൊതി കൊണ്ടു പറഞ്ഞതാ ഞാൻ അരവിന്ദേട്ടാ……. ഇനിയും എത്ര നാൾ ഞാൻ ഉണ്ടാവുമെന്നറിയില്ല………. അതിനു മുൻപ്…… രാധു പറഞ്ഞു…….

അമ്മ വിഷമിക്കാതെ………..അമ്മയുടെ കൊതി എന്നോട്  പറ…….. ഞാൻ കൊണ്ടുവരാം ആരെയാണെങ്കിലും…….. മാളു കഴിച്ചു കൊണ്ടു പറഞ്ഞു……. കിച്ചു സൈഡിൽ നിന്നും കയ്യിൽ നുള്ളി…….. എന്താന്ന് കണ്ണുകൊണ്ടു ചോദിച്ചു മാളു……… കിച്ചു കണ്ണടച്ച് കാണിച്ചു…..

ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് എനിക്കു മനസ്സിലായി ഏട്ടാ…….. രണ്ടാളുടെയും കണ്ണുകൊണ്ടുള്ള കളി കണ്ടപ്പോൾ അമ്മ ആരെയും നോക്കാതെ എഴുന്നേറ്റു പോയി…….. കൂടെ അച്ഛനും……

അമ്മ പിണങ്ങിയോ….. സാധാരണ താനും കൂടി കഴിച്ചു കഴിഞ്ഞാണ് അമ്മ എണീക്കാറ്……. പ്ലേറ്റിൽ ബാക്കി വച്ചാൽ അതുമുഴുവൻ കൂടെയിരുന്നു തീറ്റിക്കും…… എന്തോ വിഷമം ഉണ്ട് പാവത്തിന്……..മാളു ഒന്നും മനസ്സിലാവാതെ കിച്ചുവിനെ നോക്കി……. പാവം തലയ്ക്കു കയ്യും കൊടുത്തിരിക്കുവാ…….

എന്റെ പൊട്ടീ…….. അമ്മ ആരുടെ കാര്യമാ പറഞ്ഞതെന്ന് മനസ്സിലായോ…….. ഒന്നും മനസ്സിലാക്കാതെ ഓരോന്ന് പറഞ്ഞുകൊള്ളും…….. കിച്ചു ദേഷ്യത്തിൽ പറഞ്ഞു …….

പറഞ്ഞാലല്ലേ അറിയൂ  കിച്ചോ…… മാളു കഴിച്ചുകൊണ്ട് തന്നെ പറഞ്ഞു……..

ഈശ്വരാ……. ഇതിനെയൊക്കെ എന്താ ചെയ്യേണ്ടത്……..ബോധോം പൊക്കണോമില്ലാത്ത പെണ്ണ്…….  നമുക്കൊരു കുഞ്ഞ് ഉണ്ടാകുന്ന കാര്യമാ പെണ്ണേ അമ്മ പറഞ്ഞത്……

അത്രേ ഉള്ളോ……. മാളു പറഞ്ഞിട്ട് വായിൽ ചോറെടുത്തു വച്ചതും ചുമച്ചുകൊണ്ട് ചാടിയെഴുന്നേറ്റു…….. കയ്യിലിരുന്ന പപ്പടം പൊടിഞ്ഞു പോയി……. കിച്ചു തലയിൽ തട്ടി വെള്ളം എടുത്തു കുടിപ്പിച്ചു……..

കിച്ചോ……. കുഞ്ഞോ……. ഞാനോ…….മാളു വിക്കി….. കണ്ണു മിഴിച്ചു കിച്ചുവിനെ നോക്കി…..

അത്രേ ഉള്ളൂ…… സിമ്പിൾ………. കിച്ചുവും കൈ മലർത്തി കാണിച്ചു……..

മാളുവിന്‌ ഓടണോ വേണ്ടയോ…… എന്തൊക്കെയോ ചെയ്യുന്നുണ്ട്…… മാളു കാണിച്ചു കൂട്ടുന്നത് കണ്ടിട്ട് കിച്ചുവിന് ചിരി വന്നു……. മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകി……

അമ്മക്ക് എന്നോട് ദേഷ്യം തോന്നുവോ കിച്ചു…… എന്തിനാ അമ്മ അങ്ങനെ……..ഞാൻ അങ്ങനെ ഒന്നും…….. മാളു ഒരു പൊട്ടിക്കരച്ചിലിലേക്ക് എത്താറായി……..

മാളൂ…… കരയണ്ട…… അവരെ തെറ്റു പറയാൻ കഴിയില്ല……. നമ്മൾ ഫ്രീയായി പെരുമാറുന്നത് കണ്ടപ്പോൾ അമ്മയ്ക്കു തോന്നിയിരിക്കും…….. മാത്രമല്ല ഇത്രയും നാളായില്ലേ……..സാരമില്ല……. പോട്ടേ……..

ഇനി അമ്മയുടെ അടുത്ത് പോയി ഒന്നും പൊളിക്കാൻ നിൽക്കണ്ട…….. ഞാൻ പറഞ്ഞോളാം അമ്മയോട്……… പഠിത്തം കഴിയട്ടെ എന്നു………

കിച്ചുവിന്റെ വാക്കുകൾ ഒന്നും തന്നെ മാളുവിന്  ആശ്വാസം തന്നില്ല……..

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!