Skip to content

ലാവണ്യ – 20 (അവസാന ഭാഗം)

lavanya novel

കിച്ചു ദേഷ്യത്തിൽ മാളുവിനരികിലേക്ക് വന്നു……

അമ്മയോടെല്ലാം പറഞ്ഞപ്പോൾ സമാധാനം കിട്ടിയോ   ഇപ്പോൾ……..

മ്മ്…… കുറച്ചു……. മാളു വിരലിന്റെ അറ്റം കാണിച്ചു പറഞ്ഞു………..

സിന്ദൂരപ്പാട്ടയിൽ കമഴ്ന്നു വീണോ…… നെറ്റിയിലെ സിന്ദൂരം നേരെ തുടച്ചു കൊടുക്കാനൊരുങ്ങി  കിച്ചു ചോദിച്ചു……..

കിച്ചുവിന്റെ കൈ തട്ടി മാറ്റി മാളു പറഞ്ഞു……..  അതവിടെ ഇരുന്നോട്ടെ……..

ഇരുന്നോട്ടെ……. അവിടമങ്ങിനെ എപ്പോഴും ചുവപ്പ് പടർന്നിരിക്കുന്നത് കാണാനാ എനിക്കുമിഷ്ടം………. പക്ഷേ… കുറച്ചു ഭാഗം മാത്രം വെറുതെ ഇട്ടേക്ക്……. 

അതെന്തിനാ……..

ചുമ്മാ….. ഇരുന്നോട്ടെ……. എനിക്കു വേണ്ടി……. കിച്ചു ചേന വരച്ചു കാണിച്ചു……..

അയ്യേ……. ഇതെന്താ പഞ്ചാരപ്പാട്ടയിൽ വീണോ  രാവിലെ …….. മാളു പാത്രം കഴുകിക്കൊണ്ട് തിരിച്ചു ചോദിച്ചു….    അല്ല ആകെയൊരു പഞ്ചാര മയം……. അതോണ്ട് ചോദിച്ചതാണ്  കിച്ചോ …….

എന്നെ പറഞ്ഞാൽ മതിയല്ലോ…….. കിച്ചു പൊറുപൊറുത്തുകൊണ്ട് പോയി………

ഓഫീസിൽ പോകാൻ റെഡിയായി ഇറങ്ങി നേരെ മാളുവിന്റെ അരികിലേക്ക് പോയി………. എന്തൊക്കെയോ ഇരുന്നു കുത്തിക്കുറിക്കുന്നുണ്ട്……. പിറകിലൂടെ ചെന്നു ചേർത്തു പിടിച്ചു…….. കവിളിൽ മുഖം ചേർത്ത് ചോദിച്ചു………

ഈ അകൽച്ച തുടരാനാണോ ഉദ്ദേശം ന്റെ മാളു ….. ഇനിയും ഒരുപാട്  കാത്തിരിക്കണോ  ഞാൻ……. നിന്റെ ഉള്ളിൽ എന്നോടുള്ള സ്നേഹം എന്നാണ് നീ നേരിൽ കാട്ടുക……. കിച്ചു ചോദിച്ചു……

ശ്വാസം പോലും വിടാതെ ഇരിക്കുന്ന മാളുവിന്റെ കവിളിൽ അമർത്തിയൊന്നു ചുംബിച്ചു…….. 

എന്തായാലും എനിക്കിനി അതിനു കഴിയില്ല…….നിന്റെ മനസ്സറിഞ്ഞത് കൊണ്ട് ഇനി ഒട്ടും തന്നെ പറ്റില്ല……….   ഞാൻ എന്റെ സ്നേഹം തുറന്നു തന്നെ കാട്ടും ഇനി മുതൽ ……. ഇപ്പോൾ പോകുവാ  ഞാൻ……. വൈകുന്നേരം നേരത്തെ വരാം……..

മാളുവിനെ വിട്ട് പോകാനിറങ്ങി………. പെട്ടെന്ന് നിന്നുപോയി…….. പിറകിൽ നിന്നും രണ്ടു കയ്യാൽ തന്നെ വട്ടം ചുറ്റി പിടിച്ചിരിക്കുന്നു…….. കിച്ചു ചിരിച്ചുകൊണ്ട് ആ കൈ വിടുവിച്ചു മുൻപിലേക്ക് കൊണ്ടു നിർത്തി……… കുനിച്ചു പിടിച്ചിരിക്കുന്ന മാളുവിന്റെ മുഖം കിച്ചുവിന്റെ നെഞ്ചിലേക്ക് ചേർക്കാൻ അധികം താമസം ഉണ്ടായില്ല…….. കാറ്റിന് പോലും കടക്കാൻ ഇടം കൊടുക്കാതെ കിച്ചു മാളുവിനെ ചേർത്തു പിടിച്ചു……….. നെഞ്ചു നനഞ്ഞപ്പോൾ കിച്ചുവിന് മനസ്സിലായി താൻ മാത്രമല്ല കരയുന്നതെന്ന്……

മുഖം പിടിച്ചുയർത്തി മാളുവിന്റെ കണ്ണുകളിലേക്ക് നോക്കി കിച്ചു പറഞ്ഞു……… കരയല്ലേ മാളു…….. തീർന്നില്ലേ നിന്റെ വിഷമങ്ങൾ………. ഇനിയൊരിക്കലും…… ഒരിക്കലും…..  ഈ കണ്ണുകൾ നിറയരുത്…….. സന്തോഷം വരുമ്പോളല്ലാതെ……. ഉമ്മകൾ കൊണ്ടു മാളുവിന്റെ മുഖം നിറച്ചു………. വീണ്ടും പൊതിഞ്ഞു പിടിച്ചു കിച്ചു……… സങ്കടങ്ങൾ പെയ്തൊഴിയും വരെ………

മാളു മുഖമുയർത്തി കിച്ചുവിന്റെ നിറഞൊഴുകിയ കണ്ണുകൾ തുടയ്ക്കാൻ  കൈ ഉയർത്തി…..  കിച്ചു ആ കൈ തട്ടി മാറ്റി  ……. മാളു ഒന്നു സൂക്ഷിച്ചു നോക്കി വീണ്ടും തുടയ്ക്കാൻ തുടങ്ങേ വീണ്ടും തട്ടി കിച്ചു….. കാൽ പൊന്തിച്ചു നിന്നു കിച്ചുവിന്റെ കോളറിൽ പിടിച്ചു താഴേക്കു വലിച്ചു…. കണ്ണുകളിൽ നിന്നും ഒഴുകിയ നീർതുള്ളികൾ ചുണ്ടുകൊണ്ട് ഒപ്പിയെടുത്തു മാളു……… വേർപാടിന്റെ വിഷമം ഒരുപോലെ അനുഭവിച്ചറിഞ്ഞതിനാലാവണം രണ്ടാളും പിരിയാതെ ചേർന്നു നിന്നു…….

ഇങ്ങനെ എപ്പോഴും ചേർന്നിരിക്കണമെന്നു തന്നെയാ എന്റെയും ആഗ്രഹം……… പക്ഷേ എന്റെ ഭാര്യക്ക് പഠിക്കാൻ ഫീസ് കൊടുക്കണം……..  അവൾക്കു ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കണം……  പൊന്നു പോലെ നോക്കാൻ പറ്റിയില്ലെങ്കിലും വെള്ളി പോലെയെങ്കിലും നോക്കണം…… ഇതെല്ലാം ഞാൻ  അധ്വാനിച്ചുണ്ടാക്കുന്നതു കൊണ്ടു തന്നെ വേണമെന്നാണ് എന്റെ ആഗ്രഹം  …….  ഇങ്ങനെ നിന്നാൽ അതൊന്നും നടക്കില്ല…….ഇപ്പോൾ തന്നെ സമയം വൈകി…..  ഞാൻ പൊക്കോട്ടെ……..ബാക്കി സ്നേഹം ഞാൻ വന്നിട്ട് സ്വീകരിച്ചോളാം……..  മാളുവിനെ അടർത്തി മാറ്റാൻ നോക്കി…….

ഒന്നുകൂടി മുറുക്കി പിടിച്ചു മാളു……. വിടാൻ മടിച്ചു……..

അത് അരവിന്ദൻ  വക്കീലിന്റെ ഓഫീസ് അല്ല…….. അവിടെ വക്കീലിന്റെ മോനെന്നോ ജഡ്ജിയുടെ മോനെന്നോ ഒന്നുമില്ല…….. സമയത്തിന് ചെല്ലണം……..

അച്ഛനെ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല……… മാറി നിന്നു ദേഷ്യത്തിൽ നോക്കുന്നുണ്ട്…….. എന്നിട്ട് കണ്ണുകൊണ്ടു ഷർട്ടിലേക്ക് നോക്കാൻ കാണിച്ചു………. നെറ്റിയിൽ ഉണ്ടായിരുന്ന സിന്ദൂരം മുഴുവൻ എന്റെ ഷർട്ടിൽ ഉണ്ട്……….

ഷർട്ടും മാറി പോകാനിറങ്ങിയപ്പോൾ കിച്ചു മാളുവിന്റെ കയ്യിൽ പിടിച്ചു കൂടെ കൂട്ടി…….

ഏട്ടന്റെ അടുത്തു ചെന്നു നിന്നു……….രണ്ടാളും കുറച്ചു നേരം ഹരിയെ നോക്കി നിന്നു………. കിച്ചു മാളുവിനെ ചേർത്തു പിടിച്ചു……..

ഞങ്ങൾ ഒരേ മനസ്സോടെ ജീവിക്കാൻ തുടങ്ങുവാ ഏട്ടാ…….. എപ്പോഴും ഏട്ടന്റെ അനുഗ്രഹം ഉണ്ടാവണം…….. ഉണ്ടാവുമെന്നറിയാം……… കിച്ചു മനസ്സിൽ പറഞ്ഞു………

പോയിട്ടു വരാം ….. മാളുവിന്റെ മുഖത്തു നോക്കി കിച്ചു പറഞ്ഞു …….. സമ്മതമെന്നു മാളു തലയാട്ടി……. ബൈക്ക് ഗേറ്റിൽ നിന്നു മറയും വരെ മാളു നോക്കി നിന്നു……

വൈകുന്നേരം കുറച്ചു നേരമായി മാളു ഗേറ്റിലേക്ക് നോക്കി നിൽക്കുന്നു……. രാധിക കുറെയായി കാണുന്നുണ്ട് മാളുവിന്റെ ഈ  ടെൻഷൻ……..

എന്തിനാ മോളെ നീയിങ്ങനെ ടെൻഷൻ കയറി നിൽക്കുന്നത്……… കാര്യമെന്താ……. രാധിക ചോദിച്ചു……..

കിച്ചു വന്നില്ല അമ്മേ……. ഇന്ന് നേരത്തെ വരാമെന്ന് പറഞ്ഞതാ……. സമയം ഇത്രയും ആയില്ലേ……. വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നുമില്ല……… മാളു നഖം കടിച്ചു……..

ഇതുവരെ ഇങ്ങനെ ഒരു കാഴ്ച കാണാൻ രാധികക്ക് കഴിഞ്ഞിട്ടില്ല…..  മനസ്സിൽ സന്തോഷം തോന്നി…… മാളു കിച്ചുവിനെ മനസിലാക്കാൻ തുടങ്ങിയതോർത്തു………. ഓർത്തു നിന്നപ്പോൾ കിച്ചു വന്നു…….. മാളുവിന്റെ മുഖം തെളിഞ്ഞു…….. ഒപ്പം രാധികയുടെയും……..

ഇന്ന് പഠിക്കാൻ ഒന്നുമില്ലേ……. ഉഴപ്പാൻ ആണ് ഉദ്ദേശമെങ്കിൽ നടക്കില്ല മോളേ……… അച്ഛൻ തല്ലിക്കൊല്ലുന്നത് എന്നെയാവും…….. പഠിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന മാളുവിനെ നോക്കി കിച്ചു പറഞ്ഞു……..

മാളു പഠിക്കാനിരുന്നു……. കൂടെ കിച്ചുവും……. ഇടക്കൊന്നു മാളുവിന്റെ കണ്ണുകൾ കിച്ചുവിനെ തേടിച്ചെന്നപ്പോൾ കണ്ടു തന്നെയും നോക്കിയിരിക്കുന്നത്…….. മാളു കളിയാക്കി ചിരിച്ചു…… വായിനോക്കി……

എന്റെ ഹൃദയമിടിപ്പ് കൂട്ടാൻ വേണ്ടിയാണോ ഇവളിങ്ങനെ ചിരിക്കുന്നത്…… ഈശ്വരാ……. കിച്ചു മാളുവിന്റെ അടുത്തു നിന്നും എഴുന്നേറ്റു പോയി കിടന്നു ….. കണ്ണുകൾ അടയുന്നതിനു മുന്നേ അടുത്ത് മാളുവിന്റെ സാന്നിധ്യം അറിഞ്ഞു കിച്ചു…….. കണ്ണു തുറക്കാതെ മാളുവിനെ ചേർത്തു പിടിച്ചു………ഒരു കുഞ്ഞിനെപ്പോലെ കിച്ചുവിന്റെ കൈകളിൽ ഒതുങ്ങിക്കൂടി മാളു……

ഒരുപാട് സ്നേഹിച്ചും കുറച്ചു വഴക്കിട്ടും ചിരിച്ചും കളിച്ചും മാളുവും കിച്ചുവും അവരുടെ ജീവിതം ആസ്വദിക്കുകയാണ് ……….. ഹരിയോടുള്ള വിശേഷം പറച്ചിൽ ഇന്നും മുടക്കാറില്ല രണ്ടാളും……. സന്തോഷം വന്നാലും സങ്കടം വന്നാലും അങ്ങോട്ടേക്കാവും ആദ്യം പോകുക……..

ഇതിനിടയിൽ അറിയാൻ കഴിഞ്ഞു ശ്രീനിവാസൻ മരിച്ചുവെന്ന്………. അച്ഛനും അമ്മയും കാണാൻ  പോയിരുന്നു………. കിടന്ന കിടപ്പിൽ ഒരുപാട് അനുഭവിച്ചിട്ടാണ് പോയത്…..അത്രയെങ്കിലും ഒന്ന് അനുഭവിക്കണ്ടേ അയാൾ……   അയാളുടെ മകൻ ഇന്നും അച്ഛന്റെ കൂടെയാണ്…….. മകളെ പഠിപ്പിക്കുന്നതും അച്ഛനാണ്…….. അതിനൊരു മാറ്റവും വരുത്തിയിട്ടില്ല……… അയാൾ ചെയ്തതിനു അയാൾ മാത്രം അനുഭവിച്ചാൽ മതിയെന്നാണ് അച്ഛന്റെ വാദം……..

ദീപുവേട്ടന്റെ കല്യാണം കഴിഞ്ഞതോടു കൂടി വല്യമ്മ ഒരുപാട് ഒതുങ്ങി……… ഒതുങ്ങിയതല്ല ആ ചേച്ചി ഒതുക്കി എന്നുവേണം പറയാൻ……..  പിന്നെ അപ്പുവേട്ടന്റെ കല്യാണം കൂടി കഴിഞ്ഞതോടെ വല്യച്ഛനും ഒതുങ്ങി……. ഇതെല്ലാം അറിയാൻ കഴിഞ്ഞത് ദീപുവേട്ടൻ ഒരിക്കൽ ചേച്ചിയെയും കൂട്ടി അച്ഛന്റെ അടുത്ത് എന്തോ ആവശ്യത്തിന് വന്നപ്പോളാണ്…….. വല്യമ്മ തന്നോട് ചെയ്തതിനെല്ലാം തിരിച്ചു കൊടുക്കണമെന്നൊന്നും താൻ ആഗ്രഹിച്ചിട്ടുമില്ല…….. പ്രാർത്ഥിച്ചിട്ടുമില്ല……. ഒന്നുമല്ലെങ്കിലും അവരൊക്കെ കാരണമാണ് ഇങ്ങനെ സ്വന്തമായി ഒരു കുടുംബം തനിക്കുണ്ടായത്………  എങ്കിലും സ്വന്തം വീട്ടിൽ എല്ലാം ആയിരുന്നയാളെ പെട്ടെന്ന്  ഒന്നുമല്ലാതാക്കുമ്പോൾ ഉള്ള ആ ഒരു വിഷമം…..  അതൊന്നു വല്യമ്മ അറിയണമെന്നുണ്ടായിരുന്നു…….. താൻ അനുഭവിച്ചിരുന്ന വിഷമം അപ്പോഴേ മനസ്സിലാവൂ………

                *****************-***

അങ്ങനെ ആ രാജകുമാരിയെ സ്നേഹിച്ച രാജകുമാരൻ ഒരു നക്ഷത്രം ആയിട്ട് കുറച്ചു നാൾ മുൻപ് വരെ  ആകാശത്തങ്ങനെ  മിന്നി തെളിഞ്ഞു നിൽക്കുമായിരുന്നു …….

അപ്പോൾ ആ രാജകുമാരി എന്തിയേ കിച്ചൂട്ടാ……..

ആ രാജകുമാരി ഇപ്പോൾ ഒരു ലോയർ ആണ് കുട്ടാ…….. ആരെയും നോക്കാൻ സമയം ഒന്നും കിട്ടാറില്ല ആ രാജകുമാരിക്ക്……. എന്തിനേറെ…… ഈ പാവം സേവകനെപ്പോലും……..

ആ രാജകുമാരിയെ നമുക്ക് വേണ്ട  അപ്പാ……. മോൻ  മതി  ഈ സേനവകന്…..

സേനവകൻ അല്ലെടാ കുട്ടാ……. സേവകൻ…… അങ്ങനെ ഒന്നും പറയരുത് മോനുട്ടാ ……..  ആ രാജകുമാരി ഇല്ലെങ്കിൽ അപ്പാടെ ജീവിതത്തിന്  അർത്ഥമില്ലാതാവും………. ആ രാജകുമാരിയുടെ കയ്യിലാണ് അപ്പാടെ ജീവൻ പോലും …….. അങ്ങനെ വേണ്ടാന്നു വെക്കാൻ പറ്റാഞ്ഞിട്ടല്ലേ ഇപ്പോഴും ഈ സേവകൻ കാത്തിരിക്കുന്നത്…..  ഇന്നും……..

മാളുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു……..  തിരിഞ്ഞു കിച്ചുവിനെ നോക്കി……. മോനെ നെഞ്ചിൽ കിടത്തി കഥ പറഞ്ഞു കൊടുക്കുവാണ്……… ഇടയ്ക്കിടെ ഒളികണ്ണിട്ടു തന്നെ നോക്കുന്നുണ്ട്…….. വീണ്ടും തിരിഞ്ഞു സ്വന്തം ജോലി ചെയ്തു മാളു …….

കഴുത്തിലൂടെ രണ്ടു കൈകൊണ്ടു ചേർത്തു പിടിച്ചു മാളുവിനെ കിച്ചു………. തോളിൽ മുഖം വെച്ചു ചോദിച്ചു……

ഇത് എന്തൊരു തിരക്കാ ന്റെ പെണ്ണെ………. എന്നെയൊന്നു നോക്കിയിട്ട് എത്ര ദിവസം ആയെന്നറിയുവോ നീ …….. എന്നും ഞാൻ കാത്തിരിക്കും……. നിന്റെ ജോലി എല്ലാം കഴിഞ്ഞു വരുമ്പോഴേക്കും ഞാൻ ഉറങ്ങി പോകും…….. ഇതെപ്പോൾ തീരും…….

അച്ഛൻ എനിക്ക് ആദ്യമായിട്ട് ഒരു കേസ് തന്നിരിക്കുവാ……. നാളെയാണ് അതിന്റെ വാദം…….. അച്ഛന് നാണക്കേട് ഉണ്ടാക്കി വെക്കരുതല്ലോ ഞാൻ…….. അതിന്റെ തിരക്കാ കിച്ചോ……… അല്ലാതെ മനഃപൂർവം ഞാൻ എന്റെ കിച്ചനെ മറക്കുവോ…….. ഇതിപ്പോ കഴിയും……… കുറച്ചു നേരം കൂടി…… പ്ലീസ്…… മാളു കിച്ചൂന്റെ കണ്ണിൽ നോക്കി കൊഞ്ചി …….

വർഷം എത്ര കഴിഞ്ഞാലും നിന്റെ കണ്ണിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്നേഹത്തിനു ഒരു കുറവുമില്ല………. ഇത് കാണുമ്പോളാണ്…….  പറഞ്ഞത് നിർത്തി മാളുവിന്റെ കവിളിൽ പതിയെ കടിച്ചു കിച്ചു…………. നിന്നെയും കാത്തു ഒഴിഞ്ഞ നെഞ്ചുമായി ഞാൻ കാത്തിരിക്കാം…….. കിച്ചു പറഞ്ഞു……

അയ്യേ……. കുറേ ഡയലോഗ് പഠിച്ചു വച്ചിട്ടുണ്ട്…….വേണ്ടുമ്പോൾ എടുത്തുപയോഗിക്കാൻ……..  ഇതിലൊന്നും ഈ മാളു വീഴില്ല കിച്ചോ……… പോയി കിടന്നുറങ്ങു…….. വേണേൽ പൊന്നു മോനെ പിടിച്ചു ആ ഒഴിഞ്ഞ നെഞ്ചിൽ കിടത്തിക്കോ……. അതാവുമ്പോൾ എനിക്ക് നാളെ ഈ  ബെഡ്ഷീറ്റ് കഴുകണ്ടല്ലോ….

ഈശ്വരാ….. നീ എനിക്ക് തന്നത് റൊമാൻസ് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മൂരാച്ചി കെട്ടിയോളെ ആണല്ലോ……….. എല്ലാത്തിനും കാരണം ആ അരവിന്ദൻ വക്കീൽ ആണ്…… അങ്ങേരെ പറഞ്ഞാൽ മതിയല്ലോ………. ഒരു കേസും വാദവും…….

അച്ഛനെ പേര് വിളിക്കരുതെന്ന് എത്ര പ്രാവശ്യം ഞാൻ പറഞ്ഞു കിച്ചു……. മാളു ദേഷ്യത്തിൽ പറഞ്ഞു……..

ആഹാ…. നൊന്തല്ലോ മോൾക്ക്‌….. എന്റെ അച്ഛൻ…… ഞാൻ ചിലപ്പോൾ പേര് വിളിക്കും….. ചിലപ്പോൾ വിളിച്ചില്ലെന്നും ഇരിക്കും…… നീ പോടീ ലാവണ്യേ……….. അവളൊരു വല്യ  അഡ്വക്കേറ്  വന്നേക്കുന്നു…………………… അഡ്വക്കേറ് ലാവണ്യ യദുകൃഷ്ണ………. ഹും…

മാളുവിന്റെ തലക്കിട്ടു ഒരു കൊട്ടും കൊടുത്തു കിച്ചു പോയി കിടന്നു…. …….. മാളു നോക്കിയപ്പോൾ കിച്ചു മുഖത്ത് പുച്ഛം വാരി വിതറി തിരിഞ്ഞു കിടന്നു……. കുറച്ചു നേരം കൂടി അങ്ങനിരുന്നു…….. മനസ്സിൽ കിച്ചുവിന്റെ മുഖം വല്ലാതങ്ങു ശല്യപ്പെടുത്തിയപ്പോൾ എഴുന്നേറ്റു…….

മാളു  മോനെ ഒന്നുകൂടി നന്നായി പുതപ്പിച്ചു……… മൂത്രമൊഴിച്ചു കുളമാക്കണ്ടതല്ലേ……….. ചിരിച്ചു അവന്റെ കവിളിൽ ഒരു ഉമ്മ

കൊടുത്തു പറഞ്ഞു…….. കുഞ്ഞിക്കള്ളാ ഈ രാജകുമാരിയെ വേണ്ടാ അല്ലേ………..  എന്നിട്ട് കിച്ചുവിന്റെ പുതപ്പിനുള്ളിൽ നുഴഞ്ഞു കയറി……. കയ്യെടുത്തു തന്റെ ശരീരത്തിൽ വെപ്പിച്ചു ……. കിച്ചു അത് തിരിച്ചു വലിച്ചു…….. കിച്ചുവിന്റെ നെഞ്ചിൽ തല വെച്ചു വിളിച്ചു……

കിച്ചോ……… വിളി കേൾക്കാഞ്ഞപ്പോൾ ഒന്നൂടെ വിളിച്ചു…… ലാവണ്യടെ കിച്ചോ……..

എന്നാ………

അറിയാം മാളുവിന്‌ ആ വിളിയിൽ വിളി കേൾക്കുമെന്ന്……… പിണങ്ങല്ലേ കിച്ചോ…… അച്ഛൻ അത്രയും വിശ്വസിച്ചു എന്നെ ഏൽപ്പിച്ചതാണ് …….. അതുകൊണ്ടല്ലേ……. ഇത്രയും പെട്ടെന്ന് അച്ഛൻ ആർക്കെങ്കിലും ഇങ്ങനൊരു ചാൻസ് കൊടുത്തിട്ടുണ്ടോ….. അപ്പോൾ അച്ഛന്റെ വിശ്വാസം ഞാൻ കാത്തുസൂക്ഷിക്കണ്ടേ………. കൂടാവോ കിച്ചോ….

അതിനു ഞാൻ നിന്നോട് പിണങ്ങിയില്ലല്ലോ……. പോയി പ്രിപ്പെയർ ചെയ്‌തോ…….. ഞാൻ കാത്തിരുന്നോളാം……. എന്നും ചെയ്യുന്ന പോലെ………

ആ വാക്കുകളിലെ പരിഭവം മാളുവിന്‌ മനസ്സിലായി………..

എനിക്കു വേണ്ടി എന്റെ കിച്ചൻ കാത്തിരിക്കേണ്ട…….. പറഞ്ഞാൽ മതി…….. എന്തൊക്കെ തിരക്കായാലും ഏതു നിലയിൽ ആയാലും എന്റെ കിച്ചൻ കഴിഞ്ഞേ  അതിനെല്ലാം സ്ഥാനമുള്ളൂ……     ഇതെല്ലാം എനിക്കു വെച്ചു നീട്ടിയത് എന്റെ കിച്ചൻ അല്ലേ ……. എന്തിനു….. ഈ ജീവിതം പോലും…..

കിച്ചു മാളുവിന്റെ വാ പൊത്തിപ്പിടിച്ചു………  മതി……. ഇത് ചെന്നവസാനിക്കുക ഒരു പൊട്ടിക്കരച്ചിലിൽ ആവും…….. എനിക്കതു സഹിക്കാൻ പറ്റില്ല…… നിർത്തിക്കോ……. എന്നിട്ട് ചേർത്തു പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തി…….

കിച്ചുവിന്റെ നെഞ്ചിലെ ചൂടിൽ ചേരുമ്പോൾ മാളുവിന്റെ മനസ്സിലേക്ക് പഴയ ഒരുപാട്  കാര്യങ്ങൾ തെളിഞ്ഞു  വന്നു………

          #####################

പോകെപ്പോകെ കിച്ചുവും മാളുവും അന്യോന്യം സ്നേഹിച്ചു ആ വീടൊരു സ്വർഗ്ഗമാക്കിയെന്നു വേണം പറയാൻ……… കിച്ചുവിന്റെ ദേഷ്യം ഒക്കെ ഒരുപാട് കുറഞ്ഞു വന്നു ……..

കിച്ചോ…… എന്നൊരു വിളിയിൽ തന്റെ ദേഷ്യം അലിഞ്ഞു ഇല്ലാതാകുന്നത് കിച്ചു സ്വയം അറിഞ്ഞു…………. അച്ഛൻ കണ്ടുപിടിച്ചു കൊടുത്ത ജോബ് കിച്ചു ഇഷ്ടപ്പെട്ടു തുടങ്ങി……..

ഒരു ദിവസം കിച്ചു വന്നപ്പോൾ മാളു അമ്മയുടെ മുറിയിൽ കിടക്കുന്നതാണ് കണ്ടത്…….  സാധാരണ കിച്ചു വന്നാൽ ഓടി അടുത്തു വരുന്ന ആളാണ്‌……അല്ലെങ്കിൽ വെളിയിൽ വന്നു കാത്തു നിൽപ്പുണ്ടാവും……. ഇപ്പോഴും ചെറിയ  ഒരു ഭയം ഉണ്ട് മാളുവിന്‌ ഉള്ളിൽ ………. അത് കിച്ചുവിനും അറിയാം……. അതുകൊണ്ട് മനഃപൂർവം താമസിച്ചു വരാറില്ല വീട്ടിൽ…….. 

കിച്ചുവിനെ കണ്ടതും മാളു എഴുന്നേറ്റു കിച്ചുവിനെ പിടിച്ചു അടുത്തിരുത്തി….. കെട്ടിപ്പിടിച്ചു………. എന്താ മാളൂ…… ന്റെ പെണ്ണിന് എന്തു പറ്റി……നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്ത് ……

അതിനുള്ള മറുപടി മാളു കൊടുത്തത്  കിച്ചുവിന്റെ കയ്യെടുത്തു വയറിൽ ചേർത്തു വച്ചാണ്……… കുറച്ചു നേരം അങ്ങനെ ആലോചിച്ചു ഇരുന്നു പോയി കിച്ചു……… മാളുവിനെ തന്റെ കൈകൊണ്ടു പൊതിഞ്ഞു പിടിച്ചു……. കിച്ചുവിന്റെ  തേങ്ങൽ കേട്ടു മാളു ചെവിയിൽ പറഞ്ഞു…….

ഇത് സന്തോഷിക്കാനുള്ള വാർത്ത അല്ലേ കിച്ചോ………ഇങ്ങനെ  കരയല്ലേ…….. എനിക്കു വിഷമം വരും……  ഞാനും കരയും……..

മുട്ടിൽ കുത്തി നിന്നു കിച്ചു………. കണ്ണു നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു കിച്ചുവിന്റെ…… ഇത് സന്തോഷം കൊണ്ടുള്ള കണ്ണുനീരാണോ അതോ വിഷമം കൊണ്ടാണോ…… മാളുവിന്‌ മനസ്സിലൊരു വിഷമം തോന്നി……. ഇനി കിച്ചു ആഗ്രഹിക്കുന്നില്ലേ ഒരു കുഞ്ഞിനെ…….  ഇല്ല…. അങ്ങനെയൊന്നും ആയിരിക്കില്ല……. തന്റെ ചിന്തകൾ കാടു കയറുന്നുവെന്ന് മാളുവിന്‌ തന്നെ തോന്നി…… മാളുവിന്റെ വയറിലൊരു ഉമ്മ

കൊടുത്തിട്ട് അവളുടെ മുഖത്തേക്ക് നോക്കി കിച്ചു …….

താങ്ക്സ് മാളു…….. എന്ത് സന്തോഷം ആയെന്നറിയുവോ നിന്റെ കിച്ചന് ……… അറിയുമോ ഇതാരാണെന്ന്……… കിച്ചു മാളുവിന്റെ വയറിൽ തലോടി ചോദിച്ചു……… മാളു മനസ്സിലാകാത്തത് പോലെ കിച്ചൂനെ നോക്കി……..

എനിക്കറിയാം മാളു……. ഇതെന്റെ ഏട്ടൻ ആണ് …….. എനിക്കുറപ്പുണ്ട്…… എന്നെയോ നിന്നെയോ അച്ഛനെയോ  അമ്മയെയോ പിരിഞ്ഞിരിക്കാൻ ഏട്ടനെക്കൊണ്ടാവില്ല……..  എത്ര നാളായി ഞാൻ കാത്തിരിക്കുന്നുവെന്ന് അറിയോ…….. ഈയൊരു കാര്യം കേൾക്കാൻ…..

മാളുവിന്‌ കിച്ചുവിനെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാൻ വയ്യാതായി….. എന്റെ കിച്ചൻ ഇത്രയും ആഗ്രഹിച്ചിരുന്നോ ഒരു കുഞ്ഞിനെ  ഉള്ളിന്റെ  ഉള്ളിൽ………. ഒന്നും ഇതേവരെ തന്നോട് പറഞ്ഞിട്ടില്ല…….. ഇങ്ങനെ ഒരാഗ്രഹം ഉണ്ടെന്നും………   കിച്ചു പറയും പോലെ ഹരിയേട്ടൻ ആവുമോ ഇത്…….. സ്നേഹിച്ചു കൊതി തീരാത്തതുകൊണ്ട് ഞങ്ങളുടെ മകനായി ഒരു പുനർജ്ജന്മം………

തന്റെ വയറിൽ വച്ചിരുന്ന കിച്ചുവിന്റെ കൈകൾക്ക് മുകളിലൂടെ ഒന്നു തലോടി……. കിച്ചുവിന്റെ മുഖം ഒന്നുകൂടി ചേർത്തു പിടിച്ചു……… മുറിയിലേക്ക് അമ്മയും അച്ഛനും വന്നത് അറിഞ്ഞില്ല…….. ഞാനും കിച്ചനും  വേറേതോ ലോകത്തായിരുന്നു……. മൂന്നാൾ മാത്രമുള്ള വേറൊരു ലോകത്ത്………. ഞങ്ങളുടെ നടുവിൽ….. വിരലിൽ വിരൽ കോർത്തു നടക്കുന്ന ഒരു അദൃശ്യ ശക്തിയുടെ കൂടെ…..

അച്ഛന്റെയും അമ്മയുടെയും കണ്ണു നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ മനസ്സിലായി കിച്ചു പറഞ്ഞതെല്ലാം കേട്ടെന്ന്……… അച്ഛൻ കിച്ചുവിനെ പിടിച്ചെഴുന്നേല്പിച്ചു കെട്ടിപ്പിടിച്ചു……..

അച്ഛന് ഒരുപാട് അഭിമാനം തോന്നുന്നുണ്ട് മോനെ നിന്നെക്കുറിച്ചോർത്തു……….  ഇതുപോലെ സഹോദരനെ സ്നേഹിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല….. വർഷം ഇത്രയും കഴിഞ്ഞിട്ടും നിന്റെ  മനസ്സിൽ ഹരിക്കുട്ടൻ  ഇപ്പോഴും ജീവിക്കുന്നുണ്ടല്ലോ …….  നീ പറഞ്ഞതാവും സത്യം…….. അതു തന്നെ ആവട്ടേന്നു ഞാനും കൊതിക്കുകയാണ് ഇപ്പോൾ…….. എന്റെ ഹരിക്കുട്ടൻ ആവട്ടെ ഈ  കുഞ്ഞ്……

കണ്ണുനീരിനും വിഷമങ്ങൾക്കും കുറച്ചു നേരത്തേക്ക് വിട പറഞ്ഞു എല്ലാവരും……..  അച്ഛൻ മാളുവിനെ ചേർത്തു പിടിച്ചു……. അപ്പോഴേക്കും അമ്മ ഒരു ഗ്ലാസ്സിൽ പായസം എടുത്തുകൊണ്ടു വന്നു……. ആദ്യം കിച്ചു ഒരു സ്പൂൺ പായസം മാളുവിന്‌ കൊടുത്തു……. കൂടെ നെറുകയിൽ ഒരു സമ്മാനവും…… പിന്നെ അച്ഛൻ കൊടുത്തു…….. കൂടെ കുറേ ചോക്ലേറ്റ്സും……അച്ഛൻ  സ്ഥിരം  വാങ്ങിത്തരാറുള്ളത്……… അമ്മയുടെ വക ചേർത്ത് പിടിച്ചു കവിളിൽ………

സ്നേഹപ്രകടനത്തിനു ശേഷം കിച്ചു മാളുവിന്റെ വിരലുകളിൽ വിരൽ ചേർത്തു നടന്നു……. അറിയാം…. എങ്ങോട്ടേക്കാവുമെന്ന്……… ഹരിയേട്ടന്റെ അടുത്ത് പോയി നിന്നു…….. മൗനം ആണ് എപ്പോഴും ഞങ്ങളുടെ മൂന്നുപേരുടെയും ഭാഷ എന്നു തോന്നാറുണ്ട്…….. ഒരാളെ മറ്റൊരാൾക്ക്‌ മനസ്സിലാക്കാൻ അതിലും നല്ലൊരു ഭാഷ വേറെയില്ല……സന്തോഷവാർത്ത  കേട്ടപ്പോൾ ഉള്ള ഹരിയേട്ടന്റെ സന്തോഷം ആ പനിനീർ പൂക്കളിലൂടെ  തിരിച്ചു കാണിച്ചു തന്നു………

പിന്നീടുള്ള ദിവസങ്ങൾ എല്ലാം കിച്ചുവെന്ന ഭർത്താവിനെയും പാതി അച്ഛനെയും തിരിച്ചറിയാൻ നല്ലൊരു അവസരം ആയിരുന്നു മാളുവിന്…….. വയ്യായ്ക നല്ലതുപോലെ ഉണ്ടായിരുന്നുവെങ്കിലും പഠിത്തം ഉപേക്ഷിക്കാൻ  തയ്യാറായില്ല മാളു……. കൂടെ പൂർണ്ണ പിന്തുണയുമായി അച്ഛനും അമ്മയും…..  താഴെ ഒരു റൂമിലേക്ക്‌ കിച്ചുവും മാളുവും മാറി…. 

രാത്രി സമയങ്ങളിൽ കാലു തടവിയും…….. സമയം നോക്കാതെ മാളു പറയുന്ന ഭക്ഷണക്കൊതി തീർത്തു കൊടുത്തും ……….. കൊഞ്ചലിനു കൂടെ കൊഞ്ചിയും…… പിടിവാശികൾ എല്ലാം സാധിപ്പിച്ചു കൊടുത്തും…….  പറയാൻ സമയം കിട്ടും മുൻപ് വരുന്ന ശർദി രണ്ടു കൈകളിൽ ഏറ്റുവാങ്ങിയും കിച്ചുവെന്ന ഭർത്താവ്  നാൾക്കു നാൾ  മാളുവിനെ അമ്പരപ്പിച്ചുകൊണ്ടേയിരുന്നു……..

മാളുവിന്റെ മടിയിൽ കിടന്നു സ്വന്തം കുഞ്ഞിന്റെ ചവിട്ടും തൊഴിയും ഏറ്റുവാങ്ങുമ്പോൾ ഒരിക്കൽ  മാളു ചോദിച്ചു കിച്ചുവിനോട് ……..

കിച്ചോ…….. ഈ കുഞ്ഞു ചിലപ്പോൾ ഒരു പെൺകുഞ്ഞു ആയാലോ…….. കിച്ചന് അതിനോടുള്ള ഇഷ്ടം കുറയുമോ…….

ഒരുപാട് ദിവസത്തെ സംശയം ആണിത് മാളുവിന്റെ……. ചെറിയ ഒരു പേടിയുമുണ്ട് അതോർക്കുമ്പോൾ …..

ഇത് പെൺകുഞ്ഞാണെങ്കിലും ആൺകുഞ്ഞാണെങ്കിലും  എന്റെ ഏട്ടൻ   തന്നെയാവും……….. അതേ സ്വഭാവം ആവും….. നല്ല ശാന്തത ആവും സ്വഭാവത്തിൽ നോക്കിക്കോ………. പിന്നെ മാളുവിന്റെ ചെവിയിൽ ഒരു രഹസ്യം പോലെ പറഞ്ഞു…….. ഇത് ആൺകുട്ടിയാണ് മാളു…….. എനിക്കുറപ്പുണ്ട് ……… എന്റെ ഏട്ടൻ തന്നെയാണിത്………..

കിച്ചു പറഞ്ഞത് സത്യമാണെന്നു മാളുവിനോട് പറയുംപോലെ ആ കുഞ്ഞ് രണ്ടു ചവിട്ട് കൂടുതൽ ചവിട്ടി……. അല്ലെങ്കിലും കിച്ചുവിന്റെ സാമീപ്യം അറിയുമ്പോഴേ  ചവിട്ടുനാടകം തുടങ്ങാനുള്ള ബെല്ലടിക്കും ……… ചില നേരം മാളുവിനും അത്ഭുതം തോന്നാറുണ്ട്……. അത്രയും നേരം ശാന്തമായി കിടക്കുന്ന ആള് കിച്ചന്റെ ശബ്ദം കേൾക്കുമ്പോൾ സ്വന്തം കാലും തലയും വയറിൽ അടയാളമായി കാട്ടും…….. കിച്ചൻ തലോടുമ്പോൾ അടങ്ങി കിടക്കും………

ലേബർ റൂമിലേക്ക്‌ കൊണ്ടുപോകുമ്പോൾ കിച്ചുവിന്റെ മുഖത്തേക്ക് നോക്കാൻ മാളുവിന്‌ ധൈര്യം ഉണ്ടായിരുന്നില്ല …….. ആ മുഖത്തിൽ എന്തു ഭാവം ആയിരിക്കുമെന്ന് തനിക്കറിയാം………. അതാ വിരലുകളുടെ ശക്തിയിൽ നിന്നും അറിയാൻ കഴിയുന്നുണ്ട്…….. തന്റെ വിരലുകളിൽ മുറുക്കി പിടിച്ചിരുന്നു……… അകത്തേക്ക് കടക്കാൻ നേരം ധൈര്യമായിട്ടിരിക്കണം എന്ന് പറയാതെ പറഞ്ഞു ഒരു ചിരി കൊടുത്തു മാളു…………

കിച്ചു പറഞ്ഞതു പോലെ…….. എല്ലാവരും ആഗ്രഹിച്ചത് പോലെ ഒരാൺകുഞ്ഞു…….. ഡോക്ടർ പറഞ്ഞപ്പോൾ പാതി മയക്കത്തിലും ആ വേദനയിലും മാളു  ഒന്നു ചിരിച്ചു…….. കുറച്ചു നാൾ ഹരിയേട്ടന്റെ കൂട്ടുകാരി ആയി…….. ഇടയിൽ അമ്മയായി…….. ഇപ്പോൾ ശരിക്കും ആ ആഗ്രഹം സാധിച്ചിരിക്കുന്നു………

കിച്ചുവിനായിരുന്നു സന്തോഷം കൂടുതൽ…….  കുഞ്ഞിനെ കയ്യിൽ വാങ്ങുമ്പോൾ കിച്ചു കരയുകയായിരുന്നു കൂടെ അരവിന്ദനും രാധുവും……… ആ കുഞ്ഞിക്കണ്ണു തുറന്ന്  ആദ്യം നോക്കിയതും  കിച്ചുവിനെയാണ്…….   കണ്ണുനീർ കൊണ്ട് മൂന്നാളും അവനെ കുളിപ്പിച്ചെന്നു വേണം പറയാൻ……… കിച്ചു ആ ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന ഷുഗർ പേഷ്യന്റ്‌സിന് വരെ മധുരം കൊണ്ടുനടന്നു കൊടുത്തു……..  ഒരു നുള്ളെടുത്തു മാളുവിന്റെ വായിൽ വെച്ചു കൊടുത്തു കണ്ണുകളിൽ സ്നേഹം നിറച്ചു നെറ്റിയിൽ ഒരുമ്മ കൊടുത്തു…….  അതിലുണ്ടായിരുന്നു മാളുവിനോടുള്ള സ്നേഹവും നന്ദിയും……….

ഡിസ്ചാർജ് ആയി വീട്ടിൽ വന്നപ്പോൾ അമ്മയുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി മാളുവിന്റെ കയ്യും പിടിച്ചു നേരെ പോയത് ഏട്ടന്റെ അടുത്തേക്കാണ്………. പ്രസവ ശുശ്രുഷക്ക് വന്ന ആയമ്മ അതു കണ്ടിട്ട് കിച്ചുവിനോട് പറഞ്ഞു………. കൊച്ചു കുഞ്ഞല്ലേ…… അങ്ങോട്ടേക്കൊന്നും കൊണ്ടുപോകരുതെന്ന്………. കുറച്ചു കഴിഞ്ഞു പോകാമെന്നു………

എന്റെ ഏട്ടൻ ജീവിച്ചിരുന്നപ്പോൾ ആർക്കും മനസ്സുകൊണ്ട് പോലും ദ്രോഹം ചെയ്തിട്ടില്ല…….   പിന്നെയാണോ ഇപ്പോൾ……… കിച്ചു ദേഷ്യത്തിൽ അവരെ നോക്കി പറഞ്ഞു……..

മാളുവിന്റെ കണ്ണു നിറഞ്ഞൊഴുകിയപ്പോൾ കിച്ചു ആശ്വസിപ്പിച്ചു ചേർത്തു പിടിച്ചു ……….

ഇനിയെന്തിനാ വിഷമിക്കുന്നത്……… രൂപം മാറിയെന്നേ ഉള്ളൂ……. സ്ഥാനവും…… ഏട്ടന് കൊടുക്കാൻ ബാക്കി വെച്ചിരുന്ന സ്നേഹം മുഴുവൻ നമുക്ക് ഇവന് കൊടുക്കാം……..

മോന് പേരിട്ടതും ഹരി കൃഷ്ണ എന്നാണ്……..  അച്ഛനും അമ്മയ്ക്കും ഹരിക്കുട്ടൻ ആണ്…… എനിക്കും കിച്ചുവിനും മോനു ആണ്……. ഹരി എന്ന പേര് അങ്ങനെ വെറുതെ വിളിക്കാൻ തോന്നിയില്ല……..

മോന് ഓരോ വയസ്സ് കൂടുമ്പോഴും മാളുവിനും തോന്നിത്തുടങ്ങി ആ ചിരിയും ശാന്തമായുള്ള സ്വഭാവവും ….. അതെല്ലാം ഹരിയേട്ടന്റേതാണെന്ന്……….  കിച്ചു വഴക്ക് പറയില്ല മോനുനെ……എന്ത് കാട്ടിയാലും ചിരിച്ചു കൊണ്ട് അവനെ രക്ഷിക്കും……… കടം വീട്ടും പോലെ…………. പിന്നെ മാളു മാത്രമേ ചെറുതായിട്ടെങ്കിലും വഴക്ക് പറയൂ…… അവനറിയാം എന്തെങ്കിലും കുരുത്തക്കേട് കാണിച്ചാൽ അടി വാങ്ങാതെ ഒളിച്ചിരിക്കേണ്ടത് എവിടെയാണെന്ന്……..നേരെ ഹരിയേട്ടന് അടുത്തേക്ക് ഓടും…… അവിടെ ഹരിയേട്ടന്  ചുറ്റും കിടന്നു ഓടും……. കൂടെ മാളുവിനെയും തന്റെ  പിറകെ ഓടിക്കും………  ഇതിലും നല്ലൊരു സുരക്ഷിതമായ ഇടം ഈ വീട്ടിൽ വേറെ ഇല്ലെന്ന് ആ കുഞ്ഞിനറിയാം……

പഴയ ഓർമ്മകൾ കൂടിയതുകൊണ്ടാവും മാളുവിന്റെ കണ്ണുകൾ കൂടെ തുളുമ്പിയത് ……….. അപ്പോഴേക്കും കിച്ചുവിന്റെ കൈകൾ ഒന്നുകൂടി തന്നെ ചേർത്തു പിടിക്കുന്നത് മാളു അറിഞ്ഞു……………. തന്റെ തൊട്ടടുത്ത്  കണ്ണീരൊപ്പാനും ആശ്വസിപ്പിക്കാനും തന്റെ കിച്ചൻ ഉള്ളപ്പോൾ വിഷമിക്കാൻ ഒരു സുഖമാണ്………

കിച്ചോ……. എനിക്ക് കഥ പറഞ്ഞു താ……… മോനു വീണ്ടും  എഴുന്നേറ്റു കിച്ചുവിന്റെ നെഞ്ചിൽ തല വെച്ചു കിടന്നു……..

മാളു വിളിക്കുന്നത് കേട്ട് വിളിക്കുന്നതാണ് കിച്ചോ ന്ന്……… ഇടയ്ക്കിടെ കിച്ചു പറഞ്ഞുകൊടുത്തു മോനുവിനെക്കൊണ്ട് കിച്ചൂട്ടാ ന്നു വിളിപ്പിക്കാറുണ്ട്…….ഹരിയേട്ടൻ വിളിക്കും പോലെ…,.അത് കേൾക്കുമ്പോൾ കിച്ചുവിന് വല്ലാത്തൊരു സന്തോഷം ആണ്………

അപ്പാടെ  മോനു ഉറങ്ങിയില്ലേ …….. അപ്പാടെ കഥയുടെ സ്റ്റോക്ക് തീർന്നു…….. ഇനി മാളുവിനോട് പറഞ്ഞു തരാൻ പറ………

പറയുവോ മാളു കഥ………. മാളുവിന്റെ കവിളിൽ കുഞ്ഞിക്കൈ ചേർത്തു വെച്ചു ചോദിച്ചു…….  

പറയാലോ…..   എന്റെ മോനുനു എത്ര കഥ വേണമെങ്കിലും മാളു പറഞ്ഞു തരാലോ…….. അനാഥ പെണ്ണ്  രാജകുമാരി ആയ കഥ…………അവളെ ഒരാൾ രാജകുമാരി ആക്കിയ കഥ……. 

കിച്ചുവിന്റെ മുഖത്തു തലോടി മാളു പറഞ്ഞു………. മുഖം എത്തിച്ചു കിച്ചുവിന്റെ കവിളിൽ ഒരുമ്മ കൊടുത്തു………

എനിച്ചും മാനം …….. കുഞ്ഞിക്കവിളിൽ വിരൽ ചൂണ്ടി  മോനു പറഞ്ഞു……

മാളുവിന്റെ സ്നേഹസമ്മാനവും വാങ്ങി കിച്ചുവും മോനുവും മാളുവിന്റെ മുഖത്തേക്ക് നോക്കി കഥ കേൾക്കാൻ തയ്യാറായി കിടന്നു…..

അങ്ങു ദൂരെ….. കഥ കേട്ട് മാത്രം ഉറങ്ങാറുണ്ടായിരുന്ന ആ നക്ഷത്രം ഇന്ന് ആകാശത്തിൽ നിന്ന് കണ്ണുചിമ്മാറില്ല…….. ആ നക്ഷത്രം ഇന്ന് കിച്ചുവിന്റെ നെഞ്ചിലെ ചൂടേറ്റ് ……. മാളുവിന്റെ തലോടലും ഏറ്റു ഭൂമിയിലാണുള്ളത്…….. ഇനിയൊരു ജന്മം കൂടി കിച്ചുവിനും മാളുവിനും നടുക്ക് കൈ കോർത്തു നടക്കാൻ……….അവരുടെ സ്നേഹം അനുഭവിച്ചു  കൊതി തീരാതെ…….

                  ശുഭം  

 

 

💕💕💕..a…….m…..y…..💕💕💕

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rohini Amy Novels

 

4.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ലാവണ്യ – 20 (അവസാന ഭാഗം)”

  1. Kadha kollam. But Hari ente മനസ്സിൽ ഒരു നോവായി അവശേഷിക്കുന്നുണ്ട്. അത് എന്താണെന്ന് അറിയില്ല..

Leave a Reply

Don`t copy text!