“ഞാനും ആത്മഹത്യ ചെയ്യാൻ വന്നതാണ് ചേട്ടാ, പക്ഷേ താഴേക്ക് ചാടാൻ ഭയങ്കര പേടി. ചേട്ടൻ ചാടുമ്പോൾ എന്നേം കൂട്ടോ…? പ്ലീസ്…”
കാറിൽ പോവുമ്പോൾ ലിഫ്റ്റ് ചോദിക്കുന്ന ലാഘവത്തോടെ മരിക്കാൻ കൂടെ കൂട്ടോ എന്ന് ചോദിച്ച അവളുടെ കണ്ണിലേക്ക് ഉണ്ണി നോക്കി…
“കുട്ടി എന്തിനാ മരിക്കണേ…”
അവൾ ഉണ്ണിയെ പുച്ഛത്തോടെ നോക്കി
“ആ.. ബെസ്റ്റ്, ഇപ്പൊ കഥ പറയാൻ പറ്റിയ സമയാണ്”
ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയുടെ കയ്യിൽ മുറുക്കി പിടിച്ചു
“ന്റെ പൊന്നുചേട്ടാ, ഒന്ന് വേഗം ചാട്”
അതുവരെ മരിക്കാൻ ധൈര്യം സംഭരിച്ച് ശ്വാസം പിടിച്ച് നിന്നിരുന്ന ഉണ്ണിയുടെ ധൈര്യം കാറ്റഴിച്ച് വിട്ട ബലൂൺ പോലെ ചോർന്നുപോയി. അവൾ ഉണ്ണിയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഉണ്ണി അവളുടെ കൈ തട്ടിമാറ്റി
“ഒരുവിധത്തിൽ മരിക്കാനുള്ള ധൈര്യം ഉണ്ടാക്കി വന്നതായിരുന്നു, പോയി… എല്ലാം പോയി”
ഒന്ന് നിറുത്തിയിട്ട് ഉണ്ണി അവളെ നോക്കി ദേഷ്യത്തോടെ പിറുപിറുത്തു
“ഏത് നേരത്താവോ ഈ പിശാചിന് വരാൻ കണ്ടത്”
അവൾ ഉണ്ണിയെ നോക്കി കണ്ണുരുട്ടി
“ഇപ്പൊ എനിക്കായോ കുറ്റം, ഏതായാലും ഇയാൾ ചാടാൻ പോവാണ് അതിന്റെ കൂടെ എനിക്കൊരു കൈ തരാനല്ലേ ഞാൻ പറഞ്ഞൊള്ളൂ. അതിന് ഇങ്ങനെ ചൂടാവൊന്നും വേണ്ട”
ഉണ്ണിക്ക് ദേഷ്യം അരിച്ച് കയറി
“ഞാൻ വന്നില്ലേൽ അപ്പൊ ഇയാൾ ചാടില്ലായിരുന്നോ, പിന്നെ എന്ത് ഉണ്ടാക്കാനാ ഈ മലയുടെ മുകളിലോട്ട് വലിഞ്ഞു കയറി വന്നത്”
“ചാടി ചാവാൻ തന്നെയാ ഇങ്ങോട്ട് കയറി വന്നത്, പക്ഷേ ചാടാൻ ഒരു പേടി തോന്നി. അപ്പൊ ഇയാളോട് ഒരു സഹായം ചോദിച്ചു, അത്രേ ഒള്ളൂ, ന്റെ പൊന്നോ, ഇയാളെന്നെ സഹായിക്കേണ്ട. ഞാൻ ഒറ്റക്ക് ചാടി മരിച്ചോളാം”
ഉണ്ണി അവളെ നോക്കി കണ്ണുരുട്ടി
“പിന്നെന്ത് ഇങ്ങനെ നിക്കണത്, അങ്ങോട്ട് ചാടിക്കൂടെ”
അവൾ ഉണ്ണിയെ ദേഷ്യത്തോടെ നോക്കി
“താനാരാടോ എന്നോട് ചാടാൻ പറയാൻ, എനിക്ക് സൗകര്യമില്ല ചാടാൻ, അങ്ങനെ താനെന്നെ കൊല്ലാൻ നോക്കേണ്ട”
ഉണ്ണി അവളെ അടിമുടിയൊന്ന് നോക്കി
“ഞാൻ കൊല്ലാൻ നോക്കീന്നോ, അതുശരി, ഇയാൾക്ക് സൗകര്യം ഉണ്ടേൽ ചാടിയാൽ മതി”
ഒന്ന് നിറുത്തിയിട്ട് ഒന്ന് ശ്വാസം വിട്ടിട്ട് ഉണ്ണി അവളെ നോക്കി
“ഇയാൾ ചാടേണ്ട, പക്ഷേ ദയവുചെയ്ത് എന്നെ ചാടാൻ അനുവദിക്കണം”
“എന്നോട് ചാടേണ്ട എന്ന് പറയാൻ ഇയാളാരാ. ഞാൻ ചാടും, ഞാനാ ഇങ്ങോട്ട് ആദ്യം വന്നത്. അതോണ്ട് ഞാൻ ചാടീട്ട് ഇയാൾ ചാടിയാൽ മതി”
ഉണ്ണി അവളെ നോക്കി കൈകൾ കൂപ്പി
“ഇതെന്തോന്ന് ജന്മം എന്റെ അയ്യപ്പാ, ഒരു വിധത്തിലും എന്നെ ചാവാൻ അനുവദിക്കില്ല ലേ”
ഉണ്ണി കുറച്ചുമാറി ഒരു പാറയിൽ പോയിരുന്നു. ആ സമയം അവൾ താഴേക്ക് ചാടാനുള്ള തയ്യാറെടുപ്പിലായിരുന്നു. വരുന്നു, താഴേക്ക് എത്തി നോക്കുന്നു… പേടിച്ച് വിറച്ച് പിന്മാറുന്നു. വീണ്ടും വരുന്നു, എത്തിനോക്കുന്നു പേടിച്ച് വിറച്ച് പിന്മാറുന്നു അങ്ങനെ രണ്ടുമൂന്നു പ്രാവശ്യം റിപ്പീറ്റ് ചെയ്തപ്പോൾ ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു
“എന്തേ ചാടുന്നില്ലേ…?”
അവൾ ഉണ്ണിയെ നോക്കി തന്റെ ഉണ്ടക്കണ്ണുരുട്ടി
“ഇയാൾ റെസ്റ്റെടുക്കല്ലേ, ന്നാപ്പിന്നെ കുറച്ച് സമയം ഇരുന്നിട്ട് ചാടാം”
അവളുടെ ആ നിഷ്കളങ്കമായ മറുപടി കേട്ട് ഉണ്ണി പൊട്ടിച്ചിരിച്ചു
“ഹ… ഹ… അപ്പൊ ഇനി റെസ്റ്റെടുക്കാൻ പോവാണോ…?”
അവൾ തന്റെ ചുണ്ടിൽ പുച്ഛഭാവം വരുത്തി ഉണ്ണിയുടെ അടുത്തുള്ള പാറക്കല്ലിൽ പോയിരുന്നു. ഉണ്ണി അവളെ നോക്കി
“അല്ലടോ, എന്തിനാ താൻ ആത്മഹത്യ ചെയ്യുന്നേ…? കാണാൻ നല്ല സുന്ദരികുട്ടിയാണല്ലോ”
അവൾ ഉണ്ണിയെ നോക്കി
“അതെന്താ മാഷേ, സുന്ദരികുട്ടികൾ ആത്മഹത്യ ചെയ്യാൻ പാടില്ലേ”
ഇതും പറഞ്ഞ് അവൾ ഉണ്ണിയെ നോക്കി
“മാഷും ആള് മോശമൊന്നും അല്ലല്ലോ, അതെന്താ ഇങ്ങനെയൊരു തീരുമാനം…?”
ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊക്കെ ഉണ്ണി അവളോട് പറഞ്ഞു. ഉണ്ണിയുടെ കഥ കേട്ടതും അവൾ നിറുത്താതെ പൊട്ടിച്ചിരിച്ചു
“ന്റെ മാഷേ, ഇതിനൊക്കെ ആരെങ്കിലും ആത്മഹത്യ ചെയ്യോ…? സാധാരണ തേപ്പ് കിട്ടിയാലാണ് എല്ലാവരും ഈ പരിപാടിക്ക് നിക്കാ. ഇതൊക്കെ ചീള് കേസ്”
ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി
“മാഷിന്റെ ഇപ്പോഴത്തെ പ്രശ്നങ്ങളൊക്കെ മനസ്സറിഞ്ഞ് മാഷൊന്ന് ശ്രമിച്ചാൽ മാറ്റിയെടുക്കാവുന്നതേ ഒള്ളൂ. മാഷിന്റെ വീട്ടുകാർ കാരണാണ് മാഷ് ഇങ്ങനൊയൊക്കെ ആയത് എന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ആത്മഹത്യ ചെയ്യല്ല വേണ്ടത്. മാഷിനെ കളിയാക്കിയവരുടേയും, കോമാളിയാക്കിയവരുടേയും, ഒറ്റപ്പെടുത്തിയവരുടേയും മുന്നിൽ നെഞ്ച് നിവർത്തി ആണുങ്ങളെപ്പോലെ തന്റേടത്തോടെ ജീവിച്ച് കാണിച്ച് കൊടുക്കുകയാണ് വേണ്ടത്, അതാണ് മാഷേ ഹീറോയിസം… അല്ലാതെ ചില പാൽകുപ്പികളെ പോലെ… അയ്യേ”
ഉണ്ണി അവളെ നോക്കി
“എനിക്ക് ഈ സ്വഭാവമൊക്കെ മാറ്റാൻ നല്ല താല്പര്യം ഉണ്ട്… പക്ഷേ പറ്റണില്ല… എന്തോ എല്ലാത്തിനും ഒരു പേടി, മടുപ്പ്, ആരോ എന്നെ പിടിച്ച് വലിക്കുന്ന പോലെ”
അവൾ ഉണ്ണിയെ പുച്ഛത്തോടെ നോക്കി
“മണ്ണാങ്കട്ട, ജീവിതം ഓന്നേയൊള്ളൂ മാഷേ… നമ്മളാണ് തീരുമാനിക്കേണ്ടത് ഈ ജീവിതം കോമാളിയായി ജീവിച്ച് തീർക്കണോ അതോ സൂപ്പർ ഹീറോയായി ആടിത്തിമിർക്കണോ എന്ന്”
ഒന്ന് നിറുത്തിയിട്ട് അവൾ ഉണ്ണിയെ നോക്കി
“മരിക്കാൻ കാണിച്ചതിന്റെ പകുതി ധൈര്യം മതി മാഷേ നിങ്ങൾക്ക് ജീവിതം തിരിച്ച് പിടിക്കാൻ”
അവളുടെ സംസാരം കേട്ടപ്പോൾ ഉണ്ണിയുടെ രോമമൊക്കെ എഴുന്നേറ്റ് നിന്നു. ഫുൾ ചാർജായ പോലത്തെ ഒരു ഫീൽ.
“ഇയാളെ പേരെന്താ…?”
“പാർവതി… പാറു എന്ന് വിളിക്കും”
ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി
“അതല്ല, ഇങ്ങനെയൊക്കെ വളരേ പോസിറ്റീവ് ആയി സംസാരിക്കുന്ന താനെന്തിനാടോ ആത്മഹത്യ ചെയ്യുന്നേ”
അവൾ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു
“കുട്ടിക്കാലം മുതൽ ഒരു തെണ്ടിയെ ജീവനായിരുന്നു. അവനായിരുന്നു എന്റെ ലോകം. ആ തെണ്ടി എന്നെ നന്നായൊന്ന് തേച്ചു”
ഒന്ന് നിറുത്തിയിട്ട് പാർവതി ഉണ്ണിയെ നോക്കി
“ഇന്നവന്റെ കല്യാണമായിരുന്നു, അവനിട്ട് എട്ടിന്റെ ഒരു പണിയും കൊടുത്ത് ഞാൻ നേരെ ഇങ്ങോട്ട് വന്നു. ജീവനുതുല്യം സ്നേഹിച്ചവർ നമ്മളെ വലിച്ചെറിഞ്ഞ് പോവുമ്പോൾ നെഞ്ചിനുള്ളിൽ ഒരു കത്തലുണ്ട് മാഷേ. അത്രക്ക് ഇഷ്ടായിരുന്നു എനിക്കവനെ”
പാറുവിന്റെ കണ്ണ് നിറയുന്നത് ഉണ്ണി ശ്രദ്ധിച്ചു. ഉണ്ണി അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്റെ ഷാളുകൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൾ ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു. ഉണ്ണി അവളുടെ കണ്ണീരും കരിമഷിയും കൊണ്ട് കലങ്ങിയ ഉണ്ടക്കണ്ണിലേക്ക് നോക്കി
“അറിയാൻ ഒരു ആകാംഷ അതോണ്ട് ചോദിക്കാണ്, ഇയാൾ എന്ത് പണിയാ കാമുകന് കൊടുത്തേ”
പാറു ഉണ്ണിയെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു
കാമുകനുള്ള പണിയുടെ ഫ്ലാഷ് ബാക്ക്
********************************************
“എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്”
വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു
“എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്”
“പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള്‍ ഒന്നിച്ച്, അതല്ല മരിക്കാനാണ് യോഗമെങ്കിൽ അതും നമ്മള്‍ ഒരുമിച്ചായിരിക്കും”
അയൽവാസികളായ വിനോദും പാർവതിയും വർഷങ്ങളായി തീവ്ര പ്രണയത്തിലാണ്. വിനോദിന് മുന്നില്‍ അവള്‍ എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു പാറുവിന് വിനോദിനെ.
വിനോദ് ആവശ്യപ്പെടുമ്പോഴല്ലാം പാറു അവന് മുന്നില്‍ വഴങ്ങി. അതിലെ ശരിയും തെറ്റും ഒരിക്കലും പോലും അവള്‍ ചിന്തിച്ചിരുന്നില്ല. അവനോടുള്ള പ്രണയവും, വിശ്വാസവുമായിരുന്നു പാറുവിനെ കൊണ്ട് അതെല്ലാം ചെയ്യിച്ചത്. ഇന്നല്ലങ്കിൽ നാളെ വിനോദ് തന്റെ കഴുത്തിൽ താലി കെട്ടും എന്ന വിശ്വാസം കൊണ്ട് അവൾ അവന്റെ എല്ലാ ഇഷ്ടങ്ങൾക്കും വഴങ്ങി.
പാറുവിന് ഓരോ ദിവസം കഴിയുംതോറും വിനോദിനോടുള്ള പ്രണയം ഇരട്ടിച്ചുകൊണ്ടേയിരുന്നു. പക്ഷെ വിനോദിന് നേരെ മറിച്ചായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവന് അവളോടുള്ള താല്‍പ്പര്യം കുറഞ്ഞു വന്നു. കിട്ടേണ്ടതെല്ലാം അവളിൽ നിന്നും കിട്ടിയപ്പോള്‍ അവളിലെ പുതുമ അവന് നഷ്ടപ്പെട്ടു. താന്‍ കാണാത്തതും, ആസ്വദിക്കാത്തതുമായ ഒന്നും ഇനി അവളുടെ ശരീരത്തിലില്ലല്ലോ എന്ന ചിന്ത വിനോദിനെ അവളിൽ നിന്നും അകറ്റാൻ തുടങ്ങി. വിനോദ് തന്നിൽ നിന്നും ഒരു അകൽച്ച കാണിക്കുന്നത് തിരിച്ചറിഞ്ഞ പാറു അവനോട് അതിന്റെ കാരണം തിരക്കി
“എന്റെ പാറൂ, ഞാന്‍ ആകെ സങ്കടത്തിലാണ്. വീട്ടില്‍ എനിക്ക് കല്യാണാലോചകൾ നോക്കുന്നുണ്ട്. അതില്‍ ഒന്ന് ഏതാണ്ട് ഉറപ്പിച്ചമട്ടാ”
വിനോദിന്റെ സംസാരം കേട്ട് തല കറങ്ങുന്ന പോലെ തോന്നി പാറുവിന്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു അവള്‍
“എന്റെ വിനോദ് തന്നെയാണോ ഈ പറയുന്നത്..? എന്നെ ജീവനു തുല്യം സ്നേഹിച്ച, എന്റെ കൂടെ ജീവിക്കാന്‍ സാധിച്ചില്ലെങ്കിൽ ഒന്നിച്ച് മരിക്കാം എന്ന് പറഞ്ഞ വിനോദ് തന്നെയാണോ ഇത്…?”
പാറുവിന്റെ സംസാരം കേട്ടതും വിനോദ് പൊട്ടിച്ചിരിച്ചു
“ഹ ഹ ഹ… എടീ മണ്ടൂസേ കാമുകി കാമുകൻമാർ അങ്ങനെ എന്തെല്ലാം പറയും, അതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമല്ലേ. നീ ഇങ്ങനെ പൈങ്കിളി ആവരുത് കെട്ടോ… സീരിയലിലെ ഡയലോഗും പറഞ്ഞോണ്ട് വന്നിരിക്കുന്നു അവൾ”
വിനോദിന്റെ സംസാരം അത്ഭുതത്തോടെ പാറു കേട്ടുനിന്നു. അവള്‍ പൊട്ടിക്കരഞ്ഞു
“എന്റെ മനസ്സും ശരീരവും ഞാന്‍ നിനക്ക് തന്നത് നിന്നെ എനിക്ക് അത്രമാത്രം ഇഷ്ടവും വിശ്വാസവും ഉള്ളത് കൊണ്ടാണ്. പക്ഷെ നീ എന്നെ ചതിക്കായിരുന്നു അല്ലേ..?”
“എന്റെ പൊന്നു പാറൂ, ഒന്ന് തേച്ചു കുളിച്ചാൽ തീരാവുന്ന അശുദ്ധിയെ ഞാന്‍ നിന്റെ ശരീരത്തില്‍ വരുത്തിയിട്ടൊള്ളൂ. അതല്ല ഇനി നിനക്ക് ഗർഭം വല്ലതും ഉണ്ടോ..? ഉണ്ടെങ്കില്‍ പറയണം, അതിനും വഴിയുണ്ട്”
പാറു അവനെ അറപ്പോടേയും പുച്ഛത്തോടേയും നോക്കി. യാത്ര പറഞ്ഞ് പോവാന്‍ നേരം വിനോദ് പാറുവിനെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു
“കല്യാണത്തിന്റെ തിയ്യതി ഞാന്‍ അറിയിക്കാം, നീ വരണം, വന്നേ പറ്റൂ. നീ വേണം സജീവമായി കല്യാണ പന്തലിൽ. കാരണം നീ എന്റെ നല്ലൊരു കൂട്ടുകാരിയല്ലേ..? നിന്നില്‍ നിന്നുമല്ലേ ഞാന്‍ എല്ലാം പഠിക്കുന്നത്”
ഇത്രയും പറഞ്ഞ് ഒരു കള്ള ചിരിയും ചിരിച്ച് വിനോദ് നടന്നു നീങ്ങി. നിറകണ്ണുകളോടെ പാറു അവനെ നോക്കി നിന്നു.
ദിവസങ്ങള്‍ വേഗത്തില്‍ കടന്നുപോയി. വിനോദിന്റെ കല്യാണ ദിവസം വന്നെത്തി. വിനോദിനെ ഞെട്ടിച്ചു കൊണ്ട് പാറു അവന്റെ കല്യാണത്തിന് സജീവമായി പങ്കെടുത്തു. അവന്‍ നോക്കുന്നിടത്തെല്ലാം പാറുവിനെ കണ്ടു. പെണ്ണിനെ അണിയിച്ചൊരുക്കാനും അവളായിരുന്നു മുന്നില്‍ നിന്നിരുന്നത്.
കല്യാണം ഭംഗിയായി കഴിഞ്ഞു. പെണ്ണും ചെറുക്കനും മണിയറയിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് അയൽവാസികൾ പെണ്ണിനെ നല്ലോണം ഒന്ന് കാണാന്‍ ചെന്നു. ആ കൂട്ടത്തില്‍ പാറുവും ഉണ്ടായിരുന്നു. പെണ്ണിനെ കണ്ട് കഴിഞ്ഞ് പോകാന്‍ നേരം പാറു കല്യാണ പെണ്ണിന്റെ കയ്യില്‍ ഒരു ചെറിയ പൊതി ഏല്‍പ്പിച്ചു, എന്നിട്ട് അവളുടെ കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. പാറുവിന്റെ വിവാഹ സമ്മാനമായിരുന്നു അത്.
മണിയറിയിൽ കയറിയ പുതുപ്പെണ്ണ് വേഗം പാറു സമ്മാനിച്ച ആ പൊതി തുറന്നു നോക്കി. സമ്മാനം കണ്ടതും ഞെട്ടി തരിച്ചിരുന്നു പോയി കല്യാണപ്പെണ്ണ്. ആ സമയത്താണ് വിനോദ് മണിയറയിലേക്ക് ചാടി കയറി വരുന്നത്
“പൊന്നൂസേ, ഞാന്‍ ഒന്ന് കുളിക്കട്ടെ. എന്നിട്ട് ഞാന്‍ ശരിയാക്കി തരാട്ടാ”
അവന്‍ കണ്ണിറുക്കി പറഞ്ഞു. വിനോദിന് നേരെ തന്റെ കയ്യിലിരിക്കുന്ന പൊതിയിൽ നിന്നും ഒരു ലക്സ് സോപ്പും, ചന്ദനത്തിന്റെ മണമുള്ള അത്തറും അവള്‍ നീട്ടി. അവന്‍ ശൃംഖാരത്തോടെ അവളിൽ നിന്നും അത് വാങ്ങി. സോപ്പിന്റെ കൂടെയുള്ള എഴുത്ത് കണ്ടപ്പോള്‍ വിനോദിന്റെ മുഖം ചുവന്ന് വിറച്ചു. ആ എഴുത്തിലേക്ക് അവന്റെ കണ്ണുകള്‍ വീണ്ടും പോയി
“എന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ഇപ്പോഴും വിനോദിന്റെ ശരീരത്തില്‍ കെട്ടികിടപ്പുണ്ട്. അവനെ നന്നായി തേച്ചു കുളിപ്പിച്ചതിന് ശേഷം മാത്രമേ കൂടെ കിടത്താവൂ…. അല്ലെങ്കില്‍ നാറും”
*******************************************
പാറു കാമുകന് കൊടുത്ത എട്ടിന്റെ പണി കേട്ടതും ഉണ്ണി പൊട്ടിച്ചിരിച്ചു, കൂടെ പാറുവും. രണ്ടുപേർക്കും ചിരി നിർത്താൻ സാധിച്ചില്ല
“നീയാള് കൊള്ളാലോ പാറൂ”
പാറു ഉണ്ണിയെ നോക്കി കണ്ണിറുക്കി
“അങ്ങനെ അവൻ എന്നെ തേച്ചിട്ട് മനസ്സമാധാനത്തോടെ ജീവിക്കേണ്ട. മരിക്കുന്ന വരെ ഇനി ഇതും പറഞ്ഞ് അവൾ വിനോദിനെ ടോർച്ചർ ചെയ്യും. എനിക്കത് മതി”
ഉണ്ണി പൊട്ടിച്ചിരിച്ചു. പെട്ടെന്നാണ് ആരോ ഒരാൾ താഴേക്ക് ചാടാൻ ഒരുങ്ങുന്നത് ഉണ്ണി ശ്രദ്ധിച്ചത്. ഉണ്ണി വേഗം അയാളെ പിടിച്ചുവെച്ചു, അപ്പോഴാണ് ഉണ്ണി അയാളുടെ മുഖം ശ്രദ്ധിച്ചത്
“നിങ്ങൾ ഫേസ്ബുക്കിൽ അവിഹിത കഥകൾ എഴുതുന്ന കാട്ട് കോഴി ഷാൻ കബീർ അല്ലേ…?”
ഷാൻ കബീർ ഉണ്ണിയെ നോക്കി കണ്ണുരുട്ടി
“സ്ത്രീകളുടെ കണ്ണിലുണ്ണിയായ, അവിഹിത കഥകളുടെ രാജാവായ, പാവങ്ങളുടെ സാഗർ കോട്ടപ്പുറമായ എന്നെ നിനക്ക് കണ്ടിട്ട് മനസ്സിലായില്ല അല്ലേടാ ജാഡ തെണ്ടീ”
“എന്റെ രാജാവേ, താങ്കൾ എന്താ ജീവിതം അവസാനിപ്പിക്കാൻ പോവാണോ…? എന്തുപറ്റി ഇങ്ങൾക്ക്…?”
ഉണ്ണിയുടെ ചോദ്യം കേട്ടതും ഷാൻ കബീർ വികാര നിർവ്യാകനായി. കണ്ണിൽ നിന്നും ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുള്ളികൾ ഷാൻ തന്റെ ഷർട്ടിന്റെ കോളറുകൊണ്ട് തുടച്ചു മാറ്റി
“അവൾ എന്റെ മാലാഖയായിരുന്നു. പക്ഷേ, ഇപ്പൊ അവൾക്കെന്നെ വേണ്ടാതായി. അവളില്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ സാധിക്കില്ല. എന്റെ എല്ലാമെല്ലാമായ അവളില്ലാതെ ഇനി ഞാൻ എന്തിന് ഈ ലോകത്ത് ജീവിക്കണം… ദൈവമേ…”
ഉണ്ണിനെ ഷാനിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
“ഈ സ്നേഹം എന്ന് പറയുന്ന സാധനം പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ ഷാനേ, സത്യത്തിൽ എന്താണ് സംഭവിച്ചത്…?”
ഷാനിന്റെ മുഖത്ത് ഒരു ലോഡ് പുച്ഛം
“അവളുടെ തെണ്ടി ഭർത്താവ് നാളെ ഗൾഫിൽ നിന്നും വരുമത്രേ, അതോണ്ട് എന്നോടിനി അവൻ പോവുന്നവരെ മിണ്ടരുത് എന്നാ ആ ക്രൂര ഹൃദയമുള്ളവൾ പറയുന്നത്”
ഉണ്ണി ഷാനിനെ അടിമുടിയൊന്ന് നോക്കി
“നാണമില്ലേടോ തനിക്ക്, ഇങ്ങനെ ചളി കഥകളും എഴുതി നടക്കാൻ. അവന്റെ കോപ്പിലെ അവിഹിത കഥകളുടെ രാജകുമാരൻ. താനൊക്കെ ചാവുന്നതാ നല്ലത്”
ഇതും പറഞ്ഞ് ഉണ്ണി ഷാനിനെ വിട്ടു. ഷാൻ ഉണ്ണിയെ നോക്കി കണ്ണുരുട്ടി
“ഞാൻ മരിച്ചാൽ ഈ കഥയുടെ ബാക്കി പിന്നെ നീ വന്നെഴുതോ…? അല്ലെങ്കിലേ തുടർക്കഥ മുഴുമിപ്പിക്കാത്തവൻ എന്നൊരു ചീത്തപ്പേര് എനിക്കുണ്ട്”
ഒന്ന് നിറുത്തിയിട്ട് ഷാൻ ഉണ്ണിയെ നോക്കി
“അതായത് മിസ്റ്റർ ഉണ്ണി, പത്ത് മൂന്നുറോളം കഥകൾ എഴുതിയിട്ടുള്ള ഈ പ്രശസ്തനും വിനയകുലീനനുമായ ഞാൻ ആകെ രണ്ടേരണ്ട് കഥകൾ മാത്രാണ് മുഴുമിപ്പിക്കാതെ നിർത്തിയിട്ടുള്ളത്. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. അത് എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കൾക്കും അറിയാം. എന്നിട്ടും ചിലർ എന്തിനാ ഇങ്ങനെ…”
ഉണ്ണി ഷാനിനെ നോക്കി
“ഇതൊക്കെ ഇപ്പൊ താനെന്തിനാടോ എന്നോട് പറയുന്നേ…?”
ഷാൻ ഉണ്ണിയെ അടിമുടിയൊന്ന് നോക്കി
“ആക്കിയതാണല്ലേ…?”
പെട്ടന്ന് ഷാനിന്റെ മൊബൈൽ ശബ്ദിച്ചു, മൊബൈൽ കയ്യിലെടുത്ത് ഷാൻ ഉണ്ണിയെ നോക്കി
“ഇതെന്റെ പുതിയ കാമുകിയാണ്”
ഫോണെടുത്ത് ഷാൻ തന്നിലെ പ്രണയം വാരി വിതറി
“ന്റെ മുത്തെന്താ ഇന്നലെ വിളിക്കാഞ്ഞേ, എന്റെ ഭാര്യ ഷാഹിനയേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, അത് ന്റെ പൊന്നൂന് അറിയോ…? വേറെരുത്തന്റെ ഭാര്യയെ കെയർ ചെയ്യാനും സ്നേഹിക്കാനും എനിക്ക് വല്ലാത്തൊരു ഇഷ്ടാണ്. പറ… പൊന്നൂ… പറ… എന്ത് ഡ്രസ്സാ ഇട്ടിരിക്കുന്നേ ഇപ്പൊ, ഇപ്പൊ കിടക്കാണോ, അതോ ഇരിക്കാണോ…?”
ഇതും പറഞ്ഞ് ഷാൻ അങ്ങോട്ട് നടന്നു നീങ്ങി. ഉണ്ണി പാറുവിന്റെ അടുത്ത് പോയിരുന്നു, പാറു ഉണ്ണിയെ നോക്കി
“അതാരാ…?”
ഉണ്ണിയൊന്ന് പുഞ്ചിരിച്ചു
“അതാണ് നന്മമരമായി പടർന്ന് പന്തലിക്കാൻ ആഗ്രഹിക്കാത്ത ആർക്കും പിടി തരാത്ത ഒരു കാട്ടുകോഴി”(sp)
പാറു ഒന്ന് പുഞ്ചിരിച്ചു. പെട്ടന്ന് പാറു ചാടി എഴുന്നേറ്റ് ഉണ്ണിയെ നോക്കി
“അല്ല, നമുക്ക് ആത്മഹത്യ ചെയ്യേണ്ടേ…?”
തുടരും…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





