Skip to content

ഉണ്ണ്യേട്ടൻ – 5

unniyettan

കണ്ണ് തുറന്നപ്പോൾ അവൾ കാണുന്ന കാഴ്ച്ച ഫുട്‌ബോൾ പോസ്റ്റിലേക്ക് തെറിച്ച് വീഴുന്ന സന്ദീപിനെയാണ്, അത്ഭുതത്തോടെ അവൾ തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് മുണ്ടും മടക്കികുത്തി നെഞ്ചും വിരിച്ച് നിൽക്കുന്ന ഉണ്ണിയേയാണ്.

കുറച്ച് സമയം നിശബ്ദത, പെട്ടന്ന് ഒരു ട്രെയിൻ കടന്നുപോയി. എല്ലാവരുടേയും കാതിൽ ട്രെയിനിന്റെ ശബ്ദം. നാട്ടുകാരും പാറുവും അത്ഭുതത്തോടെ ഉണ്ണിയെ നോക്കുന്നു. ട്രെയിൻ പോയി കഴിഞ്ഞതും ഉണ്ണി നിലത്ത് കിടക്കുന്ന സന്ദീപിനേയും, കൂട്ടുകാരേയും മാറിമാറി തറപ്പിച്ചൊന്ന് നോക്കി

“വാടാ”

പിന്നെ അവിടെ നടന്നത് ഒരുഗ്രൻ അടി ആയിരുന്നു. സന്ദീപിനേയും കൂട്ടുകാരേയും ഉണ്ണി ഓടിച്ചിട്ട് തല്ലി. നാട്ടുകാരേയും പാറുവിനേയും സാക്ഷിയാക്കി ഉണ്ണി താണ്ഡവമാടി. അടികൊണ്ട് ഓടാൻ ശ്രമിച്ച സന്ദീപിനെ തന്റെ കലിയടങ്ങുന്നത് വരെ ഉണ്ണി തല്ലി. സന്ദീപിന്റെ കൂട്ടുകാരെല്ലാം തിരിഞ്ഞ് നോക്കാതെ പേടിച്ചോടി. പക്ഷേ ഉണ്ണിയുടെ കലിപ്പ് മാറിയില്ല. അവിടെ കിടന്ന ഒരു വടിയെടുത്ത് സന്ദീപിന്റെ മർമ്മം നോക്കി ആഞ്ഞടിക്കാൻ ഒരുങ്ങിയപ്പോൾ പെട്ടന്ന് ഒരു വിളി കേട്ടു

“ഉണ്ണ്യേട്ടാ”

ഉണ്ണിയുടെ ആദ്യ ഭാര്യ രഞ്ജിനി ആയിരുന്നു അത്. അവൾ ഉണ്ണിയെ നോക്കി കൈകൾ കൂപ്പി സന്ദീപിനെ ഇനിയും തല്ലരുത് എന്ന് അപേക്ഷിച്ചു. ഉണ്ണി വടി താഴെയിട്ട് സന്ദീപിനെ നോക്കി

“ഈ ചങ്കൂറ്റവും കൈക്കരുത്തുമൊന്നും ആർക്കും തീറെഴുതികൊടുത്തിട്ടില്ല. നിന്നെയൊക്കെ കൂടപ്പിറപ്പിനെ പോലെ സ്നേഹിച്ച് എന്റെ വീട്ടിലെ അടുക്കളയിൽ വരെ കയറാനുള്ള സ്വാതന്ത്ര്യം തന്നപ്പോൾ അറിഞ്ഞിരുന്നില്ല, അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്തവനാണെന്ന്”

ഉണ്ണി പാറുവിന്റെ കൈപിടിച്ച് രഞ്ജിനിയെ നോക്കി

“വീട്ടിൽ കയറ്റാൻ പോലും യോഗ്യതയില്ലാത്ത ഏതെങ്കിലും നാറികൾ ഒന്ന് കണ്ണ് കാണിച്ചാൽ അവന്റെ മസിലുകണ്ട് സ്വന്തം ഭർത്താവിനെ ഉപേക്ഷിച്ച് പോവുന്നവർ മാത്രമല്ല, സ്വന്തം ഭർത്താവിനെ പ്രാണനെക്കാൾ സ്നേഹിക്കുന്ന ഭാര്യമാരും ഈ നാട്ടിലുണ്ട്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി രഞ്ജിനിയുടെ കണ്ണിലേക്ക് നോക്കി

“സമയം കിട്ടുമ്പോൾ ഭർത്താവിന് പറഞ്ഞ് കൊടുക്കണം, എല്ലാ ഭാര്യമാരും അവന്റെ ഭാര്യയെപ്പോലെയല്ല എന്ന്”

ഇതും പറഞ്ഞ് ഉണ്ണി പാറുവിന്റെ കൈപിടിച്ച് നടന്നു. രഞ്ജിനി ഒന്ന് വായപോലും തുറക്കാൻ സാധിക്കാതെ തലയും താഴ്ത്തി നിന്നു.

വീട്ടിലെത്തിയപ്പോൾ ഉണ്ണിക്ക് വൻ സ്വീകരണമായിരുന്നു കിട്ടിയത്, നാട്ടുകാരിൽ ആരോ അച്ഛനെ വിളിച്ച് അടിയുണ്ടായ കാര്യം പറഞ്ഞിരുന്നു. അമ്മ ഓടിപ്പോയി പാറുവിന്റെ കൈപിടിച്ചു

“ന്റെ മോളെ, ഇവനെ കുഞ്ഞുനാൾ തൊട്ടേ എല്ലാത്തിൽ നിന്നും മാറ്റിനിർത്തി വളർത്തി ഇങ്ങനെയൊരു പേടിത്തൊണ്ടനാക്കി മാറ്റിയതിന്റെ സങ്കടം ഇന്നാണ് തീർന്നത്”

ഒന്ന് നിറുത്തിയിട്ട് അമ്മ പാറുവിനെ കെട്ടിപിടിച്ച് ഉമ്മവെച്ചു

“ഇനി ചത്താലും വേണ്ടില്ല, എന്റെ മോനെ നീ ശരിയാക്കും, ഉറപ്പാണ്”

അച്ഛൻ അഭിമാനത്തോടെ ഉണ്ണിയെ അടിമുടിയൊന്ന് നോക്കി

“എന്റെ മോന് ദേഷ്യമൊക്കെ വരും ലേ, വല്ലാത്തൊരു അടിയായിരുന്നു എന്നാ നാട്ടുകാർ പറയുന്നേ”

ഉണ്ണി അച്ഛനെ നോക്കി

“എന്റെ പൊന്നച്ചാ, ആ സന്ദീപ് പാറുവിനെ അടിക്കാൻ കയ്യോങ്ങിയപ്പോൾ എന്റെ കയ്യീന്ന് പോയി, അല്ലാതെ പ്ലാൻ ചെയ്ത് അടിച്ചതൊന്നും അല്ല”

ഇതും പറഞ്ഞ് ഉണ്ണി മുറിയിലേക്ക് കയറി, പിന്നാലെ പാറുവും. ഷർട്ടൂരി അലക്കാനിട്ട് ഉണ്ണി കട്ടിലിൽ ഇരുന്നു. പാറു ഉണ്ണിയുടെ അടുത്തുവന്ന് പതുക്കെ  കൈകൊണ്ട് തള്ളി ബെഡിലേക്ക് കിടത്തി. അവളുടെ കണ്ണിൽ വല്ലാത്തൊരു തിളക്കം കണ്ടു ഉണ്ണി. അവൾ തന്റെ മൂക്ക് കൊണ്ട് ഉണ്ണിയുടെ മൂക്കിൽ മെല്ലെ ഉരസി

“അപ്പൊ ഈ പേടിത്തൊണ്ടന് മാസ് ആവാനും അറിയാം ലേ…?”

ഉണ്ണി അവളെ തന്നിലേക്ക് അടുപ്പിച്ചു, അവളുടെ നേർത്ത ശ്വാസം ഉണ്ണിയുടെ മൂക്കിലേക്ക് പതിയെ പതിയെ നേർത്ത കാറ്റുപ്പോലെ വീശി. ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി

“അതുപിന്നെ നിന്നെ പറഞ്ഞപ്പോൾ ഞാൻ ഞാനല്ലതായി”

പാറു ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി, അവർ പരസ്പരം മത്സരിച്ച് ചുംബനങ്ങൾ കൊണ്ട് മൂടി.

******************************************

“എറണാകുളത്ത് ആദ്യരാത്രി മണിയറയിൽ വെച്ച് നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു”

പിറ്റേദിവസം കേരള ജനത ഉണരുന്നത് ഈ വാർത്ത കേട്ടിട്ടാണ്. മാധ്യമങ്ങളിൽ വൻ പ്രാധാന്യത്തോടെ ചർച്ചകൾ നടക്കുന്നു. പ്രതിയെ പിടിക്കാൻ പോലീസ് തലങ്ങും വിലങ്ങും ഓടുന്നു. ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് പ്രതി കൃത്യം നടത്തിയിട്ടുള്ളത്.

രണ്ട് മൂന്ന് ദിവസം വൻവാർത്തയായിരുന്നു. പെട്ടെന്നാണ് മാധ്യമങ്ങൾക്ക് റേറ്റിംഗ് കൂടുതൽ കിട്ടുന്ന മറ്റൊരു വാർത്ത കിട്ടിയത്. മാധ്യമങ്ങൾ ആ വാർത്തയങ്ങ് ആഘോഷിച്ചു. വാർത്ത ഭയങ്കര കാലിക പ്രസക്തിയുള്ളതായിരുന്നു.

തേങ്ങ മോഷ്ടിക്കാൻ കയറിയ വാസു എന്ന കള്ളൻ ഒരു കുളിസീൻ കാണുന്നു. കുളിസീൻ കണ്ടപ്പോൾ തേങ്ങ മോഷ്ടിക്കാൻ വന്ന കാര്യം വാസുവങ്ങ് മറന്നു. ആവേശം മൂത്ത് തെങ്ങിൽ നിന്നും പിടിവിട്ട് വാസു നിലത്തേക്ക് പതിച്ചു. വാസുവിനെ നാട്ടുകാർ പിടികൂടി. ഇതായിരുന്നു വാർത്ത.

ഒരാഴ്ച്ച മാധ്യമങ്ങളിൽ വാസു കണ്ട കുളിസീനായിരുന്നു ചൂടുള്ള വാർത്ത. ചർച്ചയിൽ ഞരമ്പ് സുരേഷ്, വികാരം ഹംസ, കുത്തിക്കഴപ്പ് തോമസ് എന്നിവർ വാസുവിനെതിരെ ആഞ്ഞടിച്ചു.

*******************************************

ഒരുദിവസം പാറുവിന്റെ വീട്ടിൽ പോയി തിരിച്ച് വരുന്ന വഴി ബസ്സിലിരിക്കുമ്പോൾ പാറുവിന് ഒരാഗ്രഹം. അവൾ ഉണ്ണിയെ നോക്കി

“ഉണ്ണ്യേട്ടാ, നിങ്ങള് ഏത് കാലഘട്ടത്താ ജീവിക്കുന്നേ…?”

അമ്പരപ്പോടെ ഉണ്ണി പാറുവിനെ നോക്കി

“അതെന്താ പെട്ടെന്നൊരു ചോദ്യം…?”

പാറുവിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം

“ഉണ്ണ്യേട്ടന് ഒരു ബുള്ളറ്റ് മേടിച്ചൂടെ”

ഉണ്ണി അവളെ നോക്കി ചിരിച്ചു

“ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ഞാനെങ്ങനെ ബുള്ളറ്റ് ഓടിക്കും. നീ നടക്കുന്ന കാര്യം വല്ലോം പറ”

തന്റെ നീട്ടി വളർത്തിയ നഖം കൊണ്ട് പാറു ഉണ്ണിയുടെ തൊടയിൽ നുള്ളി. വേദനകൊണ്ട് ഉണ്ണി അലറി. ബസ്സിലുള്ള എല്ലാവരും ഉണ്ണിയെ നോക്കി, ഉണ്ണി അവരെ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു. എന്നിട്ട് പാറുവിനെ നോക്കി കണ്ണുരുട്ടി

“എന്ത്‌ വേദനയുണ്ട് അറിയോ…?

പാറുവിന്റെ മുഖത്ത് പുച്ഛം

“വേദനിക്കാൻ തന്നെയാണ് നുള്ളിയത്, ഇനീം നുള്ളും”

“നിനക്ക് എന്താ ന്റെ പാറൂ പറ്റിയെ…?”

പാറു ഉണ്ണിയുടെ കണ്ണിലേക്ക് ദേഷ്യത്തോടെ നോക്കി

“അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ വരെ ബുള്ളറ്റ് ഓടിക്കുന്ന കാലത്താണ് പോത്തുപോലെ വളർന്നിട്ടും പേടിച്ച് നടക്കുന്ന പേടിത്തൊണ്ടൻ”

പാറു ഒന്ന് നിറുത്തിയിട്ട് ഉണ്ണിയെ നോക്കി

“നിങ്ങക്കൊരു സംഭവം അറിയോ മനുഷ്യാ, ഞാൻ വരെ കണ്ണുംപൂട്ടി ബുള്ളറ്റ് ഓടിക്കും… അറിയോ…?”

പാറുവിന്റെ മുഖത്ത് പുച്ഛഭാവം. ഉണ്ണി ഒന്നും മിണ്ടാതെ ഇരുന്നു. പാറുവിന് ദേഷ്യം കാലിലൂടെ തലയിലേക്ക് കയറി

“ഇങ്ങനെ മിണ്ടാതിരുന്നാലൊന്നും ഈ പാറു വായടക്കില്ല. എനിക്ക് ആഗ്രഹണ്ട് ന്റെ ഭർത്താവിന്റെ കൂടെ ബുള്ളറ്റിന്റെ പിറകിലിരുന്ന് കെട്ടിപിടിച്ച് പോവാൻ”

ഒന്ന് നിറുത്തിയിട്ട് പാറു പുച്ഛത്തോടെ ഉണ്ണിയെ നോക്കി

“ഈ ബസ്സിൽ പോക്കൊക്കെ 1980 സ്റ്റൈലാണ് ന്റെ പേടിത്തൊണ്ടാ… ഇത് 2022 ആണ്, അറിയോ…? വർഷം മാറിയതൊക്കെ തമ്പുരാൻ അറിഞ്ഞോ ആവോ”

ഉണ്ണി പാറുവിനെ നോക്കി

“ബുള്ളറ്റിനൊക്കെ ഒന്നൊന്നര ലക്ഷം രൂപയാകും. ജോലിയും കൂലിയുമില്ലാത്ത ഞാൻ എവിടെപ്പോയി ഉണ്ടാക്കാനാ ഇത്രേം കാശ്…? നമ്മുടെ വിരുന്നുപോക്കും തിരക്കും എല്ലാം കഴിഞ്ഞിട്ട് വേണം നല്ലൊരു ജോലി നോക്കാൻ എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാ അവളുടെ ഒരു ബുള്ളറ്റ്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിനെ നോക്കി

“അച്ഛനോട് ചോദിച്ചാൽ തരും പക്ഷേ, ഇപ്പൊ നമ്മുടെ കാര്യങ്ങൾ ഒക്കെ നോക്കുന്നത് അച്ഛനല്ലേ… വീണ്ടും എങ്ങനെയാ നാണമില്ലാതെ ചോദിക്കാ…?”

പാറു ഉണ്ണിയെ നോക്കി

“അയ്യോ, സെന്റിയടിച്ച് ഓവറാക്കി ചളമാക്കല്ലേ മോനേ…അച്ഛനോട് പറഞ്ഞാൽ ഇന്നുതന്നെ ബുള്ളറ്റ് വീടിന്റെ മുറ്റത്ത് എത്തും എന്ന് എന്നേക്കാൾ നന്നായി ഉണ്ണ്യേട്ടന് അറിയാം. അച്ഛനോട് ചോദിക്കാൻ മടിയായിട്ടൊന്നും അല്ല ബുള്ളറ്റ് ഓടിക്കാനുള്ള പേടികൊണ്ട് തന്നെയാണ് മോൻ ഒഴിഞ്ഞ് മാറുന്നത്”

ഉണ്ണി പാറുവിനെ നോക്കി പല്ലിളിച്ചു, പാറു ഉണ്ണിയെ നോക്കി

“അച്ഛനോട് ചോദിക്കേണ്ട, എന്റെ ഗോൾഡ് പണയം വെക്കാം. ഉണ്ണിയേട്ടന് ജോലി കിട്ടിയിട്ട് എനിക്ക് തിരിച്ചെടുത്ത് തന്നാൽ മതി. അങ്ങനെയൊന്നും ഉണ്ണ്യേട്ടനെ വെറുതേ വിടൂല ഞാൻ”

“ബുള്ളറ്റ് എടുക്കാം, എന്നെ ആര് പഠിപ്പിക്കും…?”

പാറു ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി

“ഈ ഞാൻ പഠിപ്പിക്കും”

അങ്ങനെ ലോക ചരിത്രത്തിൽ ആദ്യമായി സ്വന്തം ഭർത്താവിനെ ബുള്ളറ്റ് ഡ്രൈവിംഗ് പഠിപ്പിച്ച ഭാര്യ എന്ന ക്രഡിറ്റ് പാറുവിന്റെ പേരിലാവാൻ പോവാണ്. സൈക്കിൾ ബാലൻസ് പോലും ഇല്ലാത്ത ഉണ്ണിയെ ബുള്ളറ്റ് ഓടിക്കാൻ പഠിപ്പിക്കുക എന്നത് വലിയൊരു ടാസ്ക്കായിരുന്നു പാറുവിന്റെ മുന്നിൽ.

ബുള്ളറ്റ് കയ്യിൽ കിട്ടിയ അന്നുതന്നെ പാറുവിന്റെ കയ്യിൽ നൂറ്റൊന്ന് രൂപ ദക്ഷിണ കൊടുത്തിട്ട് ഉണ്ണി പാറുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഉണ്ണി ഡ്രൈവിംഗ് പഠിക്കുന്നത് വരെ അടുക്കളയിൽ കയറേണ്ട എന്ന വമ്പൻ ഓഫർ കൂടി അമ്മ പാറുവിന് കൊടുത്തു.

********************************************

19.02.2022

അന്ന് പുലർച്ചെ കേരളം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്ത കേട്ടായിരുന്നു

“വീണ്ടും ആദ്യരാതി മണിയറയിൽ വെച്ച് നവദമ്പതികൾ മൃഗീയമായി കൊല്ലപ്പെട്ടു. ഒരു മാസത്തിനുള്ളിൽ സമാന സ്വഭാവമുള്ള രണ്ടാമത്തെ കൊലപാതകം. പ്രതി സീരിയൽ കില്ലറോ…? പ്രതിയെ തിരഞ്ഞ് പോലീസ്..”

                                                 തുടരും…

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!