“എന്റെ പൊന്നുസാറെ, ആ പയ്യന്മാർ ഈ നിമിഷം വരെ വീടിന്റെ പുറത്തിറങ്ങിയിട്ടില്ല. അതിങ്ങളെ കൊണ്ടൊന്നും പറ്റില്ല സാറേ, കൊച്ചു പയ്യന്മാരല്ലേ”
ഉണ്ണി ദേഷ്യം കൊണ്ട് വിറച്ചു
“പിന്നെ ആരാണ് റഹീമേ നമ്മളെയൊക്കെ വെറും മണ്ടന്മാരാക്കിയിട്ട് ഈ കൊലപാതകങ്ങളൊക്കെ ചെയ്യുന്നേ…?”
റഹീം ഒന്നും മിണ്ടിയില്ല
“റഹീമേ, ഇന്നലെ കൊല്ലപ്പെട്ട കല്യാണപ്പെണ്ണിന് നമ്മൾ സംശയിക്കുന്നത് പോലെ മാനസിക വൈകൃതമുള്ള സഹോദരനുണ്ടോ…?”
“ഇല്ല സാർ, അവൾ ഒറ്റ മോളാണ്”
ഒന്ന് നിറുത്തിയിട്ട് റഹീം തുടർന്നു
“കില്ലർ ഇന്നലെ സാറിനെ വിളിച്ച നമ്പർ കല്യാണ ചെക്കന്റേതാണ്”
ഉണ്ണി ഫോൺ കട്ട് ചെയ്ത് കുറച്ച് സമയം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. വല്ലാത്ത നിരാശ തോന്നി അവന്. കുളിച്ച് ഫ്രഷായി സ്റ്റേഷനിൽ പോവാൻ റെഡി ആയപ്പോഴേക്കും ഉണ്ണിയുടെ ഫോണിലേക്ക് മേലുദ്യോഗസ്ഥന്റെ കോൾ വന്നു. ഒന്ന് ആലോചിച്ച് ഉണ്ണി ഫോണെടുത്തു
“ടോ ഉണ്ണീ, താനിത് എവിടെപ്പോയി കിടക്കാടോ…?”
“സാർ, ഞാനിതാ ഇറങ്ങാൻ നിക്കാണ്”
അപ്പുറത്ത് സാറിന്റെ ശബ്ദം മാറി
“താനൊരു കോപ്പും പറയേണ്ട. വീണ്ടും വീണ്ടും കൊലപാതകങ്ങൾ നടക്കുമ്പോൾ താനവിടെ മേക്കപ്പും ചെയ്ത് ഒരുങ്ങാണോ…? ഈ നിമിഷം വരെ താൻ കൊലനടന്ന സ്പോട്ടിൽ എത്തിയിട്ടില്ല. താൻ കണ്ട തെലുങ്ക് സിനിമയല്ലടോ റിയൽ ലൈഫ്”
“സാർ, എനിക്ക് ഇന്നലെ കില്ലർ നേരിട്ട് വിളിച്ചിരുന്നു. ഞാൻ നേരിൽ വന്നിട്ട് വിശദമായി പറയാം”
“താനൊരു കോപ്പും പറയേണ്ട. താൻ എന്തോ വല്യ സംഭവം കണ്ടുപിടിച്ചപോലെ മൂന്ന് പ്ലസ് ടു സ്റ്റുഡൻസിനെ നിരീക്ഷിക്കുന്നുണ്ടല്ലോ അതൊക്കെ മാധ്യമങ്ങൾ കണ്ടുപിടിച്ച് പോലീസ് ഡിപ്പാർട്മെന്റിനെ മൊത്തത്തിൽ കളിയാക്കാണ്. താൻ കാരണം ഡിപ്പാർട്മെന്റിന് തന്നെ നാണക്കേടായി”
ഇതും പറഞ്ഞ് സാർ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്തു. ഉണ്ണി നിരപരാധികളായ മൂന്ന് വിദ്യാർഥികളെ പ്രതികളാണ് എന്ന് സംശയിച്ച് പീഡിപ്പിക്കുന്നു എന്നും ഇതുകാരണം വിദ്യാർഥികളും കുടുംബങ്ങളും മാനസിക വിഷമത്തിലാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യഥാർത്ഥ പ്രതി ഇപ്പോഴും പിടിയിലായിട്ടില്ല എന്നും മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ജനങ്ങളുടേയും കണ്ണിൽ പൊടിയിടാൻ വേണ്ടി മുഖ്യമന്ത്രിയും പോലീസുകാരും കൂടി നാടിനെ നടുക്കിക്കൊണ്ടിരിക്കുന്ന കൊലപാതക പരമ്പരയിലെ പ്രതികളായി നിരപരാധികളായ മൂന്നുപേരെ ഉയർത്തിക്കാണിച്ച് കേസ് അവസാനിപ്പിക്കാൻ ശ്രമിക്കുകയാണെന്നും മാധ്യമങ്ങളിൽ എക്സ്ക്ലൂസീവ് വാർത്തയായി. പോലീസിനെതിരെ വീണ്ടും വിമർശനങ്ങൾ ഉയർന്നു. ഉണ്ണിയെ വാഴ്ത്തിയവർ തന്നെ സോഷ്യൽ മീഡിയയിൽ അവനെതിരെ തിരിഞ്ഞു.
മറ്റ് വാർത്തകൾ ഒന്നും കിട്ടാത്തത് കൊണ്ടുതന്നെ മാധ്യമങ്ങൾ രാവിലേയും ഉച്ചക്കും വൈകീട്ടും രാത്രിയിലും പോലിസിനേയും മന്ത്രിസഭയേയും വിമർശിച്ചുക്കൊണ്ടേയിരുന്നു. മുഖ്യമന്ത്രിക്ക് മേൽ വൻസമ്മർദ്ദം ഉയർന്നു. മുഖ്യമന്ത്രി ഡിജിപിയെ വിളിച്ച് ശകാരിച്ചു. ഓരോ ദിവസം കഴിയും തോറും സോഷ്യൽ മീഡിയായിൽ പ്രതിഷേധം കൂടി വന്നു. ഡിജിപി ഉണ്ണിയെ വിളിച്ച് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു
“താൻ പ്രതികൾ എന്നും പറഞ്ഞ് നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആ മൂന്നുപേരും സത്യത്തിൽ പ്രതികൾ തന്നെയാണോ. പ്രായപൂർത്തി പോലും ആവാത്ത ആ പിഞ്ചു പൈതങ്ങളാണോ ഈ കൊലപാതകങ്ങളൊക്കെ നടത്തുന്നത്…? താൻ എന്തെക്കെയാടോ ഈ കാണിച്ചുകൂട്ടുന്നെ…? സത്യത്തിൽ താൻ നോർമലല്ലേ…?”
ഉണ്ണി ഡിജിപിയുടെ മുന്നിൽ തലതാഴ്ത്തി നിന്നു
“അന്നേ എന്നോട് ഒരുപാടുപേർ പറഞ്ഞതാണ് തനിക്കൊന്നും പറ്റിയ പണിയല്ല ഇതെന്ന്”
ഒന്ന് നിറുത്തിയിട്ട് ഡിജിപി ഉണ്ണിയെ തറപ്പിച്ച് നോക്കി
“തനിക്ക് ഞാൻ ഒരാഴ്ച്ച സമയം തരും. അതിനുള്ളിൽ യഥാർത്ഥ പ്രതിയെ പിടിച്ചില്ലങ്കിൽ താൻ പിന്നെ സർവീസിൽ ഉണ്ടായിരിക്കില്ല”
തലയും താഴ്ത്തിയായിരുന്നു ഉണ്ണി ഡിജിപിയുടെ ഓഫീസിൽ നിന്നും ഇറങ്ങിയത്. തോറ്റുപോയവനെപ്പോലെ തോന്നി അവന്. സ്റ്റേഷനിൽ എത്തിയ ഉണ്ണി കൊലപാതക പരമ്പരകളെ കുറിച്ച് വീണ്ടും പഠിക്കാൻ തുടങ്ങി. കൊല്ലപ്പെട്ടവരെ തമ്മിൽ ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഒരു സൂചന അന്വേഷിച്ച് അവൻ തലപുകച്ചു. എത്ര അന്വേഷിച്ചിട്ടും കൊല്ലപ്പെട്ടവരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിപോലും കണ്ടെത്താൻ സാധിച്ചില്ല.
രണ്ട് ദിവസം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. നിരാശയിൽ മുഴുകി നടന്നിരുന്ന ഉണ്ണിയെ പാറു ആശ്വസിപ്പിച്ചു. ഉണ്ണി പാറുവിനെ നോക്കി
“പാറൂ, ഡിജിപി എനിക്ക് തന്ന അന്ത്യശാസനം അവസാനിക്കാൻ ഇനി അഞ്ച് ദിവസം കൂടിയേ ഒള്ളൂ. അതുകഴിഞ്ഞാൽ എന്റെ തൊപ്പി തെറിക്കും”
ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിന്റെ തോളിൽ കൈവെച്ച് അവളെ നോക്കി പുഞ്ചിരിച്ചു
“തൊപ്പി തെറിച്ചാൽ പിന്നെ, എല്ലാവരും പറയുന്നപോലെ ഒന്നിനും കൊള്ളാത്തവനായി, പേടിത്തൊണ്ടനായി, പൊട്ടനായി ഇനിയുള്ള കാലം തലയും താഴ്ത്തി ജീവിക്കാലോ”
ഒന്ന് നെടുവീർപ്പിട്ട് ഉണ്ണി പാറുവിനെ നോക്കി
“കുറേകാലം അങ്ങനെ ജീവിച്ചതല്ലേ, ഇനിയങ്ങോട്ടും അങ്ങനെ മതി എന്നാവും ദൈവത്തിന്റെ തീരുമാനം”
പാറു ഉണ്ണിയെ ചേർത്ത് പിടിച്ച് അവന്റെ കണ്ണിലേക്ക് നോക്കി
“എന്താ ഉണ്ണ്യേട്ടാ ഇങ്ങനൊക്കെ പറയുന്നേ, ന്റെ ഉണ്ണ്യേട്ടൻ പ്രതിയെ കണ്ടുപിടിക്കും. എനിക്ക് ഉറപ്പാണ്”
ഉണ്ണി പാറുവിന്റെ കണ്ണിലേക്ക് നോക്കി
“എങ്ങനെ പിടിക്കാനാടോ പ്രതിയെ…? ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് അവൻ എല്ലാ കൊലപാതകങ്ങളും നടത്തുന്നത്. കൊല്ലപ്പെടുന്നവരാണെങ്കിലോ ജീവിതത്തിൽ ഇന്നേവരെ പരസ്പരം കണ്ടിട്ടുപോലുമില്ലാത്തവരും. കൊല്ലപ്പെട്ടവർ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടായിരുന്നെങ്കിൽ നമുക്ക് ആ വഴിക്ക് കേസ് അന്വേഷിക്കാമായിരുന്നു. ഇതിപ്പോ എവിടുന്നാ ഒന്ന് തുടങ്ങാന്ന് പോലും അറിയണില്ല”
പാറു ഉണ്ണിയെ നോക്കി
“ശരിക്കും കില്ലർക്ക് ആരോടൊക്കെയോ ദേഷ്യമുണ്ട്, അതോണ്ടാണല്ലോ അവൻ ഇങ്ങനെയൊക്കെ ചെയ്യുന്നേ”
“ന്റെ പാറൂ, കില്ലറോട് ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അവൻ അത് തീർക്കേണ്ടത് ആ ചെയ്തവരോട് അല്ലേ…? അല്ലാതെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ട് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന പെൺകുട്ടികളെ മണിയറയിൽ വെച്ച് സ്വന്തം ഭർത്താവിന്റെ മുന്നിലിട്ട് മൃഗീയമായി ബലാത്സംഗം ചെയ്ത് കൊന്നിട്ടാണോ പ്രതികാരം തീർക്കുന്നത്…? ഈ കൊല്ലപ്പെട്ടവർക്കൊന്നും കില്ലറുടെ ജീവിതവുമായി ഒരു ബന്ധം ഇല്ലതാനും”
ഒന്ന് നിറുത്തിയിട്ട് ഉണ്ണി പാറുവിനെ നോക്കി
“അങ്ങനെ കൊല്ലപ്പെട്ടവരേയും കില്ലറേയും ബന്ധിപ്പിക്കുന്ന എന്തേലും ഉണ്ടേൽ നമുക്ക് ഈ കേസിൽ പ്രതിയിലേക്കെത്താൻ കച്ചിത്തുരുമ്പ് കിട്ടുമായിയിരുന്നു”
“അല്ല ഉണ്ണ്യേട്ടാ, ഒരുപക്ഷേ തന്റെ വീട്ടിലുള്ള ആരോടെങ്കിലും ചെയ്ത ക്രൂരത കണ്ട് അവൻ ഒരു സൈക്കോ ആയി മാറിയതാണെങ്കിലോ…? തന്റെ പെങ്ങൾ അല്ലങ്കിൽ ഭാര്യ അനുഭവിച്ച വേദന മറ്റുള്ളവരിൽ അനുഭവിപ്പിച്ച് അത് കണ്ട് സന്തോഷം തോന്നുന്ന ഒരു സൈക്കോ കില്ലർ”
കുറച്ച് സമയം ഉണ്ണി ഒന്നും മിണ്ടിയില്ല. തന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് ചുണ്ടിൽ വെച്ച് കത്തിച്ച് ഒരു പുക ആഞ്ഞ് ഉള്ളോട്ട് വലിച്ച് മെല്ലെ അത് പുറത്തേക്ക് ഊതി അവൻ പാറുവിനെ നോക്കി
“എന്നാലും ആരായിരിക്കും അവൻ…?”
ഇതേ സമയം മറ്റൊരിടത്ത്…
സുന്ദരമായ ഒരു കൊച്ചു ഗ്രാമം. രണ്ട് ഭാഗത്തായി പച്ചപ്പ് നിറഞ്ഞ വയലുകൾ. വയലിന് നടുവിലൂടെ പോകുന്ന റോഡ്. ചായക്കടയിൽ ആളുകൾ ഇന്നത്തെ രാഷ്ട്രീയം ചർച്ച ചെയ്യുന്നു. ഒരു ബസ് ഓലകൊണ്ട് കെട്ടിയ ബസ് സ്റ്റോപ്പിൽ വന്നുനിന്നു. കണ്ടക്ടർ സീറ്റിലിരുന്ന് ഉറങ്ങുന്ന ആളെ നോക്കി പുഞ്ചിരിച്ചു
“ന്റെ രാജീവേട്ടാ സ്ഥലമെത്തി. എന്തൊരു ഉറക്കാ ഇത്”
രാജീവ് ഉറക്കം ഞെട്ടിയുണർന്നു. എന്നിട്ട് ബസിലുള്ള എല്ലാവരേയും നോക്കി തന്റെ ബാഗും കയ്യിൽ പിടിച്ച് പെട്ടന്ന് എഴുന്നേറ്റ് പിറകിലെ ഡോറിലൂടെ പുറത്തേക്കിറങ്ങി
“ന്റെ സുനിയേ നല്ല ഉറക്ക ക്ഷീണം ഉണ്ടായിരുന്നു. ന്നാ ശരി കാണാം”
കണ്ടക്ടർ ഒന്ന് പുഞ്ചിരിച്ച് ബെല്ലടിച്ചു, ബസ് മുന്നോട്ടേക്ക് പോയി. ചായക്കടയുടെ മുന്നിലൂടെ രാജീവ് പോവുന്നത് കണ്ട് ഹസ്സനിക്ക കൈകൊണ്ട് മാടി വിളിച്ചു
“കൂയ്, രാജീവേ അനക്കൊരു മിണ്ടാട്ടം ഇല്ലല്ലോ. ബാ, ഒരു ചായ കുടിച്ചിട്ട് പോവാം”
രാജീവ് തന്റെ ബാഗിൽ നിന്നും ഒരു പൊതിയെടുത്ത് ഹസ്സനിക്കയെ ഉയർത്തി കാണിച്ചു
“ന്റെ പുന്നാര ഹസ്സനിക്കാ, ഇന്ന് മാളൂട്ടിയുടെ പിറന്നാളല്ലേ, ഭാര്യയും കുട്ടികളും എന്നെ കാത്തിരിക്കുന്നുണ്ടാവും. ഞാൻ ഈ കേക്കൊന്ന് മുറിച്ചിട്ട് ഇപ്പൊ വരാം”
ഒന്ന് നിറുത്തിയിട്ട് രാജീവ് ഹസ്സനിക്കയെ നോക്കി
“ഇപ്പൊത്തന്നെ ഒരുപാട് വൈകി, പാവങ്ങൾ എന്നേയും കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവും. അവർക്ക് ഞാനും എനിക്ക് അവരുമല്ലേ ഒള്ളൂ ഹസ്സനിക്കാ ഈ ലോകത്ത്. ഇനിയും വൈകിയാൽ അമ്മയും മക്കളും കൂടി എന്നെ വിടത്തില്ല”
രാജീവ് വേഗത്തിൽ വീട്ടിലേക്ക് നടന്നു. വീടിന്റെ മുന്നിലെത്തിയതും തന്റെ കയ്യിലുള്ള പൊതിയിൽ നിന്നും കേക്ക് പുറത്തേക്കെടുത്ത് രാജീവ് ഉച്ചത്തിൽ വിളിച്ച് പറഞ്ഞു
“മോളെ മാളൂട്ടീ, ദേ അച്ഛൻ വന്നിരിക്കുന്നു, ന്റെ മോൾക്ക് ഇഷ്ടള്ള വാനില കേക്കുമായിട്ട്”
ഇതും പറഞ്ഞ് തന്റെ മുന്നിലുള്ള അഞ്ച് ശവക്കല്ലറയിലെ ഏറ്റവും ചെറിയ കല്ലറയിലേക്ക് രാജീവ് ആ കേക്ക് വെച്ചു. എന്നിട്ട് കേക്ക് മെല്ലെ ആ കേക്ക് മുറിച്ച് അഞ്ച് കഷ്ണങ്ങൾ ഓരോ കല്ലറയിലും വെച്ച് പതുക്കെ പറഞ്ഞു
“ഹാപ്പി ബർത്ത് ഡേ മാളൂട്ടി… അച്ഛന്റെ പൊന്നൂ … ഹാപ്പി ബർത്ത് ഡേ…”
ഇതും പറഞ്ഞ് തന്റെ ഭാര്യയുടേയും നാല് പെൺകുട്ടികളുടേയും ശവക്കല്ലറയുടെ മുന്നിലിരുന്ന് അയാൾ കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു…
മനുഷ്യനെ വേട്ട മൃഗമാക്കുന്നത് ചില പേപിടിച്ച മനുഷ്യ മൃഗങ്ങളാണ്…
തുടരും…
ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission