” ഞാൻ പറഞ്ഞല്ലോ ഇത്രയൊക്കെ ആണ് ഇതിനിടയിൽ സംഭവിച്ചത്.
പക്ഷേ, നിനക്ക് കല്യാണിയെ തരാൻ, അല്ലെങ്കിൽ അങ്ങനെ ഒരു തീരുമാനത്തിൽ അയാൾ എത്താൻ കാരണം ഞാൻ അല്ല..
എനിക്കതിൽ വലിയ പങ്കൊന്നുമില്ല….
അത്….. അത് ഞാൻ അല്ല …
നിനക്ക് കല്യാണിയെ കിട്ടാൻ അവരാണ് കാരണം.. ! “
ഇവനിത് എന്തൊക്കെയാണ് ഈ പറയുന്നത് എന്നും ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗോപൻ.
” എന്റെ മഹേഷേ… നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല. നീ അല്ലെങ്കിൽ പിന്നെ ഇക്കാര്യത്തിൽ എനിക്ക് വേണ്ടി സംസാരിച്ചത് ആരാണെന്ന നീ ഈ പറയുന്നേ… ഒന്ന് തെളിച്ചു പറ ” എന്ന് പറയുന്ന ഗോപനോട് മഹേഷ് പുഞ്ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
” അതേടാ.. ഞാൻ അല്ല നിനക്ക് കല്യാണിയെ കിട്ടാൻ കാരണം… അത് നിന്റെ…. നിന്റെ അമ്മയാണ് ! “
ആ വാക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു ഗോപന്. അമ്മയാണ് തനിക്ക് കല്യാണിയെ കിട്ടാൻ കാരണം എന്ന് മഹേഷ് പറയുമ്പോൾ അതെങ്ങനെ എന്ന് ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ലായിരുന്നു അവന്..
” ടാ… പക്ഷേ…. നീ….. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല അളിയാ… അമ്മ എന്ത് ചെയ്തെന്ന നീ ഈ പറയുന്നേ. അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ അമ്മ എന്നോട് പറയേണ്ടതല്ലേ. ? അത് മാത്രമല്ല, ഇതൊക്കെ നിനക്ക് എങ്ങിനെ അറിയാം? എനിക്ക്…. എനിക്കൊന്നും മനസ്സിലാകുന്നില്ല മോനെ മഹേഷേ…. “
ഗോപൻ കാര്യം മനസ്സിലാകാതെ വട്ട് പിടിക്കുംപ്പോലെ തല ചൊറിഞ്ഞുകൊണ്ട് അവനെ നോക്കുമ്പോൾ മഹേഷ് ഒന്ന് പൊട്ടിച്ചിരിച്ചു.
” നീ ഇങ്ങനെ വെറുതെ ആലോചിച്ചു തല പുണ്ണാക്കണ്ട.. എല്ലാം ഞാൻ പറയാം…. ഏതൊരു കഥക്കും നല്ലൊരു ക്ലൈമാക്സ് ഉണ്ടാകുമല്ലോ. അതുപോലെ നിന്റെ പ്രണയകഥയ്ക്ക് ഇത്ര മനോഹരമായ ഒരു ക്ലൈമാക്‌സിലേക്ക് അടുപ്പിച്ചത് നിന്റെ അമ്മയാണ്. “
എന്നും പറഞ്ഞ് അതിയായ സന്തോഷത്തോടെ മഹേഷ് അന്ന് നടന്ന കാര്യങ്ങളിലേക്ക് തിരികെ നടക്കുമ്പോൾ ആവേശത്തോടെ അവന്റെ വാക്കുകൾക്കു ചെവിയോർത്തിരിക്കുകയായിരുന്നു ഗോപൻ !
————————————————-
രാവിലെ കുളിയും കഴിഞ്ഞ് ഈ ദിവസം തീരാൻ ഇനി എവിടെ പോണം എന്നറിയാതെ ആലോചനയിൽ ഇരിക്കുമ്പോൾ ആയിരുന്നു സോഫയിൽ കിടന്ന മൊബൈൽ റിങ് ചെയ്തുതുടങ്ങിയത്.
” ഇനി ഇതേതാണാവോ കുരിശ് ” എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് ഫോൺ എടുത്ത് നോക്കുമ്പോൾ ഡിസ്പ്ലേയിൽ തെളിഞ്ഞ പരിചയമില്ലാത്ത നമ്പർ കണ്ട് ആദ്യമൊന്ന് മടിച്ചു മഹേഷ്. പിന്നെ താല്പര്യമില്ലാത്ത പോലെ കാൾ അറ്റന്റ് ചെയ്യുമ്പോൾ അപ്പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു
” മോനെ ഞാൻ അമ്മയാടാ ” എന്ന്.
” അമ്മയോ ” എന്നും ചിന്തിച്ച് അടുക്കളയിലേക്കൊന്നു എത്തിവലിഞ്ഞുനോക്കി അമ്മ അവിടെ ഉണ്ടെന്ന് ഉറപ്പുവരുത്തികൊണ്ട് അവൻ സംശയത്തോടെ ഫോൺ ചെവിയോട് ചേർത്തു ,
” ആരാ… മനസ്സിലായില്ല “
അവന്റെ സംശയം നിറഞ്ഞ ചോദ്യത്തിന് മറുപടിയെന്നോണം അപ്പുറത്ത് നിന്ന് പറയുന്നുണ്ടായിരുന്നു,
” മോനെ. ഞാൻ ഗോപന്റെ അമ്മയാ….നീ ഇത്രിടം വരെ ഒന്ന് വരാമോ? ഗോപനോട് പറയണ്ട.. എനിക്ക് ഒരിടം വരെ പോകാനാണ് ” എന്ന്.
ഗോപന്റെ അമ്മയാണ് മറുതലക്കൽ എന്ന് മനസ്സിലായപ്പോൾ ഉള്ളിൽ നുരഞ്ഞുപൊന്തിയ സന്തോഷത്തോടെ തന്നെ മഹേഷ് ” വരാം അമ്മേ ” എന്ന് പറയുമ്പോൾ അവിടം വരെ പോയാൽ ഗായത്രിയെ ഒന്ന് കാണാമല്ലോ എന്ന ചിന്ത കൂടി ഉണ്ടായിരുന്നു മനസ്സിൽ.
അതുകൊണ്ടു തന്നെ കാൾ കട്ട് ചെയ്ത് വേഗം റെഡിയായി കാറുമായി ഗോപന്റെ വീട്ടിലെത്തുമ്പോൾ എവിടേക്കോ പോകാൻ എന്ന പോലെ റെഡിയായി കാത്തിരിക്കുകയായിരുന്നു അമ്മ.
കാർ നിർത്തി പുറത്തേക്കിറങ്ങുമ്പോൾ ആദ്യം തിരഞ്ഞത് ഗായത്രിയെ ആയിരുന്നെങ്കിലും ആ ഉദ്യമത്തെ നിരാശപ്പെടുത്തികൊണ്ട് അകത്തേക്ക് കയറാൻ പോലും സമ്മതിക്കാതെ അമ്മ കാറിനടുത്തെത്തിയിരുന്നു.
” എവിടേക്ക് ആണമ്മേ പോകുന്നത് ” എന്ന് ചോദിക്കുമ്പോൾ ” അതൊക്കെ പറയാം മോനെ നീ ആദ്യം വണ്ടി എടുക്ക് ” എന്നും പറഞ്ഞ് അമ്മ ഡോർ തുറന്നു കാറിലേക്ക് കേറാൻ തുടങ്ങുമ്പോൾ വീട്ടിലേക്ക് നോക്കികൊണ്ട് വിളിച്ചുപറയുന്നുണ്ടായിരുന്നു ” മോളെ അമ്മ ഇപ്പം വരാമേ.. നീ ഉമ്മറത്തെ കതക് അടച്ചേര് ” എന്ന്.
പിന്നെ ഡോർ അടച്ച് ” പോവാ “എന്ന് പറയുമ്പോൾ മഹേഷിന്റെ കണ്ണുകൾ വാതിൽ അടക്കാൻ ഗായത്രി വരുമെന്നുള്ള വിശ്വാസത്തിൽ വീടിലേക്ക് പ്രതീക്ഷയോടെ നോക്കുന്നുണ്ടായിരുന്നു.
” മോനെ.. വണ്ടി എടുക്ക്.. എനിക്ക് പെട്ടന്ന് വരണം. പെണ്ണിവിടെ ഒറ്റക്കാ ” എന്ന് പറയുന്ന അമ്മയുടെ സംസാരം കേട്ട് കണ്ണുകൾ പിൻവലിച്ച് കാർ എടുക്കുമ്പോൾ മഹേഷ് വീണ്ടും സംശയത്തോടെ ചോദിക്കുന്നുണ്ടായിരുന്നു
” അമ്മ എങ്ങോട്ടാണെന്ന് പറഞ്ഞില്ലല്ലോ. പിന്നെ ഞാൻ ഇവിടെ വരുന്നത് ഗോപൻ അറിയേണ്ടെന്ന് പറഞ്ഞത് എന്തിനാ ” എന്ന്..
അതിന് മറുപടിയെന്നോണം അമ്മ അവനെ ഒന്ന് നോക്കി.
” ഗോപൻ അറിയേണ്ടെന്ന് പറഞ്ഞത് വേറൊന്നും കൊണ്ടല്ല.. അവൻ മനസുകൊണ്ട് മറക്കാൻ ശ്രമിക്കുന്ന ഒരു കാര്യത്തിന് വേണ്ടിയാണ് നമ്മളിപ്പോൾ പോകുന്നത്.
കല്യാണിയുടെ വീട്ടിലേക്ക്.
നിനക്ക് അറിയാതിരിക്കില്ലല്ലോ ആ വീട്.
ഗോപന് നിന്നോട് പറയാത്ത ഒരു കാര്യവും ഇല്ലല്ലോ. അതുകൊണ്ട് ആണ് നിന്നെ തന്നെ ഞാൻ വിളിച്ചത്. എനിക്ക് നീ ആ വീടൊന്ന് കാണിച്ചു തരണം. ഗോപൻ ചോദിച്ചപ്പോൾ കൊടുക്കില്ലെന്ന് പറഞ്ഞെങ്കിലും എന്റെ മോന് വേണ്ടി ഈ അമ്മയും ഒന്ന് ചോദിച്ചുനോക്കട്ടെ ആ കുട്ടിയെ എനിക്ക് മരുമകളായി തരുമോ എന്ന്.
എന്റെ മോന് അച്ഛനല്ലേ ഇല്ലാതുള്ളൂ. അതുകൊണ്ട് ഞാൻ തന്നെ പോകാമെന്നു വെച്ചു.
നീ എനിക്ക് ആ വീടൊന്ന് കാണിച്ചുതന്നാൽ മതി ” എന്ന്.
അത് കേട്ട് അന്തം വിട്ടിരിക്കുകയായിരുന്നു മഹേഷ്.
” ഗോപൻ എന്നോട് ഈ ഒന്നും പറഞ്ഞിട്ടില്ല ” എന്ന് പറയാനാണ് ആദ്യം കരുതിയതെങ്കിലും അവൻ പറഞ്ഞില്ലെങ്കിലും എല്ലാം അറിഞ്ഞിട്ടും അറിയില്ലെന്ന് പറയുന്നത് ശരിയല്ലെന്ന് തോന്നി മഹേഷിന്. ഇനി അങ്ങനെ എങ്കിലും ആ പെണ്ണിനെ ഗോപന് കിട്ടിയാലോ… ! അത് മാത്രമല്ല, കല്യാണിയുമായുള്ള വിവാഹം മുടക്കിയിട്ട് വേണം ഗായത്രിയെ ജീവിതത്തിലേക്ക് കൂടാൻ എന്നൊക്കെ ചിന്തിച്ചപ്പോൾ അമ്മയുടെ വാക്കുകൾക്കു മറുത്തൊന്നും പറയാതെ കാർ നേരെ കല്യാണിയുടെ വീട് ലക്ഷ്യമാക്കി വിട്ടു അവൻ.
ആ വലിയ ഗേറ്റിനു മുന്നിൽ കാർ നിർത്തുമ്പോൾ അമ്മയെ നോക്കികൊണ്ട് ” ഇതാണ് വീട് ” എന്നും പറഞ്ഞ് പുറത്തേക്കിറങ്ങി അവൻ. കൂടെ അമ്മയും.
മുന്നിലെ വലിയ ഗേറ്റ് തുറന്ന് അമ്മ അകത്തേക്ക് നടക്കുമ്പോൾ പിറകെ മഹേഷും ഉള്ളിലേക്ക് നടന്നു.
പടി കടന്ന് മുറ്റത് എത്തുമ്പോൾ പുറത്ത് ആരും ഇല്ലായിരുന്നു. മഹേഷ് വേഗം ചെന്ന് കാളിങ്ബെൽ അമർത്തി പിറകോട്ട് മാറി നിൽകുമ്പോൾ വാതിൽ തുറന്ന കല്യാണിയുടെ അച്ഛൻ മഹേഷിനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു.
പിന്നെ ” ആരിത് മഹേഷോ ” എന്നും ചോദിച്ചുകൊണ്ട് മുന്നോട്ട് വന്ന അയാൾ മഹേഷിന്റെ കൂടെ നിൽക്കുന്ന ആളുടെ മുഖം കണ്ട് ഒരു ഞെട്ടലോടെ രണ്ടടി പിന്നോട്ട് വെച്ചു.
അതേ അവസ്ഥയിൽ ആയിരുന്നു അപ്പൊ ഗോപന്റെ അമ്മയും.
മുന്നിൽ നിൽക്കുന്ന ആളെ കണ്ട് വിശ്വാസം വരാത്ത പോലെ ഒന്നുകൂടി കണ്ണടച്ച് തുറക്കുമ്പോൾ മഹേഷ് ചിരിയോടെ പറയുന്നുണ്ടായിരുന്നു ” അങ്കിൾ ഇത്… ഇത് ഗോപന്റെ അമ്മയാണ്… ഗോപനെ അങ്കിളിന് അറിയാതിരിക്കില്ലല്ലോ അല്ലെ ” എന്ന്.
അത് വീണ്ടും ഒരു ഞെട്ടലുളവാക്കി അയാളിൽ.
മുന്നിൽ നിൽക്കുന്നത് ഗോപന്റെ അമ്മയാണെന്നത് മാത്രമല്ല, മകൾക്ക് വേണ്ടി കണ്ടെത്തിയ ഭാവി മരുമകൻ ആണ് മകളുടെ കാമുകന്റെ അമ്മയെ കൂട്ടി വന്നിരിക്കുന്നത് എന്നത് കൂടി അയാളിൽ വല്ലാത്തൊരു പരവേശം ഉണ്ടാക്കി.
പക്ഷേ, അവരുടെ മുഖത്തെ ഭാവമാറ്റമൊന്നും ശ്രദ്ധിക്കാതെ ഗോപന്റെ അമ്മയെ അയാൾക്ക് പരിജയപ്പെടുത്തിയ പോലെ അയാളെ അമ്മക്കും പരിചയപ്പെടുത്താൻ തുടങ്ങുമ്പോൾ അതിനെ കൈ ഉയർത്തി തടഞ്ഞുകൊണ്ട് ഒരു പുച്ഛം നിറഞ്ഞ ചിരിയോടെ അമ്മ പറയുന്നുണ്ടായിരുന്നു,
” മോനേ മഹേഷേ.. ഈ മുഖം നീ എനിക്ക് പറഞ്ഞ് പരിചയപെടുത്തണ്ട.
ഇതങ്ങനെ പെട്ടന്നു മറക്കാൻ കഴിയുന്ന ഒരു മുഖം അല്ലല്ലോ..!
നീ പറയാൻ പോകുന്നത് കല്യാണിയുടെ അച്ഛൻ എന്നല്ലേ? പക്ഷേ, ആ കല്യാണിയുടെ അച്ഛനാകും മുന്നേ വളരെ വെക്തമായി അറിയുന്ന ആളും മുഖവുമാണ് എനിക്കിത്. ”
പെട്ടന്നുള്ള അമ്മയുടെ ഭാവമാറ്റവും കല്യാണിയുടെ അച്ഛന്റെ നിൽപ്പുമെല്ലാം കണ്ട് അമ്പരന്നു നിൽക്കുകയായിരുന്നു മഹേഷ്.
” ഇപ്പോൾ എനിക്കും തോനുന്നു എന്റെ മോൻ പറഞ്ഞത് ശരിയാണെന്ന്..
ഈ വീട്ടിൽ നിന്ന് എന്റെ മോന് ഒരു പെണ്ണ് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട. സ്നേഹത്തിന്റ വിലയറിയാത്ത ഇയാൾക്ക് അന്നും ഇന്നും പണം മതി..
അത് എല്ലാവരേക്കാളും കൂടുതൽ അറിയുന്ന ആള് ആണ് ഞാൻ. “
അതും പറഞ്ഞ് അമ്മ അയാളെ ഒന്നുകൂടി പുച്ഛത്തോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു
” എന്റെ മോൻ സ്നേഹിച്ചത് നിങ്ങളുടെ മകളേ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അത് എന്നെ വേണ്ടെന്ന് പറഞ്ഞേനെ. എന്റെ ജീവിതത്തിൽ സംഭവിച്ച നഷ്ടത്തെ കുറിച്ച് അവരോട് ആയിരം വട്ടം പറയാറുണ്ട് ഞാൻ എന്റെ മക്കള്ക്ക് അങ്ങനെ ഒരു വേദന ഉണ്ടാവാതിരിക്കാൻ. പക്ഷേ, അന്നെനിക്ക് സംഭവിച്ചത് തന്നെ എന്റെ മകനും സംഭവിച്ചിരിക്കുന്നു.
നിങ്ങളുടെ വാക്ക് കേട്ട് നിങ്ങളുടെ ജീവിതത്തിലേക്ക് വരാൻ കൊതിച്ച എന്നെ പണത്തിന്റെ പേരിൽ നിങ്ങൾ ഒരു നിമിഷം തള്ളി പറയുമ്പോൾ അന്ന് ഞാൻ അനുഭവിച്ച വേദനയുണ്ടല്ലോ അതേ വേദനയാണ് നിങ്ങളുടെ മകളെ സ്നേഹിച്ച എന്റെ മകന്റെ അവസ്ഥയയും.
ഒരു പെണ്ണിന്റ മനസ്സിനെയും സ്നേഹത്തിന്റെ ആഴത്തെയും തിരിച്ചറിയാൻ കഴിയാത്ത നിങ്ങളിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചാൽ മതി.
ഒന്നോർത്തോ… അന്ന് ഇതേ അവസ്ഥയിൽ ഞാൻ ആയിരുന്നെങ്കിൽ ഇന്ന് എന്റെ സ്ഥാനത് നിങ്ങളുടെ മകളാണ്.
അന്ന് ഞാൻ അനുഭവിച്ച വേദന എന്തെന്ന് നിങ്ങൾക്ക് മനസ്സിലാക്കാൻ പോകുന്നത് ഇപ്പഴും പണത്തിന്റെയും പ്രതാപത്തിന്റെയും പേരിൽ നിങ്ങൾ കെട്ടിച്ചുവിടാൻ പോകുന്ന മകളിലൂടെ ആയിരിക്കും.
എന്റെ ജീവിതം ചവിട്ടിയരച്ചാണ് അന്ന് നിങ്ങൾ പോയത്. ഇന്നിപ്പോ അതെ വാശിയിൽ ചവിട്ടിയരക്കാൻ പോകുന്നത് സ്വന്തം മകളുടെ ജീവിതം ആണ്. ഒന്നോർത്തോ.. ആണുങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ, പെണുങ്ങൾക്ക് അങ്ങനെ അല്ല.. മനസ്സിൽ കൊണ്ട് നടന്നത് അത്ര പെട്ടന്നൊന്നും അങ്ങനെ മായ്ച്ചു കളയാൻ കഴിയില്ല.. അതിന് ഉദാഹരണമാണ് ഞാനും ഇനി മുതൽ നിങ്ങളുടെ മകളും. “
എന്നും പറഞ്ഞ് അമ്മ മഹേഷിനെ നോക്കികൊണ്ട് ” വാ മോനെ പോവാം.. ഇയാളുടെ കാല് പിടിക്കുന്നതിലും നല്ലത് എന്റെ മോൻ ഈ പെണ്ണിനെ കെട്ടാതെ ഇരിക്കുന്നതാണ്. സ്നേഹത്തിന്റെ വില അറിയാത്തവരോട് വെറുതെ വായിട്ടലച്ചിട്ട് കാര്യമില്ല. വായിലലെ വെള്ളം വറ്റിയാൽ അത്രയും നഷ്ട്ടം നമുക്കാ ” എന്നും പറഞ്ഞ് തിരികെ പോകാനായി തിരിയുമ്പോൾ എല്ലാം കേട്ട് ഒന്നും മിണ്ടാൻ കഴിയാതെ തരിച്ചു നിൽക്കുകയായിരുന്നു കല്ല്യാണിയുടെ അച്ഛൻ.
അന്ന്, സ്നേഹിച്ച പെണ്ണിനെ വേണ്ടെന്ന് വെച്ച് വീട്ടുകാരുടെ താല്പര്യത്തിനൊത്തൊരു പെണ്ണിനെ വിവാഹം ചെയ്യുമ്പോൾ വീണ്ടും അവളെ ഇങ്ങനെ ഒരു അവസ്ഥയിൽ കാണുമെന്നു കരുതിയില്ല അയാൾ.
അന്ന് താൻ നിഷ്ക്കരുണം തളിക്കളഞ്ഞവളുടെ മകനെയാണ് ഇന്ന് തന്റെ മകൾ ജീവന് തുല്യം സ്നേഹിക്കുന്നത് എന്ന്കൂടി ഓർത്തപ്പോൾ അയാൾ വല്ലാത്ത പരവേശത്തോടെ കസേരയിലേക്ക് ഇരുന്നു.
അതെല്ലാം കണ്ട് ആശ്ചര്യത്തോടെ അന്തം വിട്ട് നിൽക്കുന്ന മഹേഷിനെയും വിളിച്ച് അമ്മ പുറത്തേക്ക് നടക്കുമ്പോൾ ആ പോക്ക് കണ്ട് വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുകയായിരുന്നു കല്യാണിയുടെ അച്ഛൻ.
പണത്തിനു വേണ്ടി കളഞ്ഞ ഒരു പ്രണയകാലം അപ്പോൾ മനസ്സിനെ നോവിച്ചുകൊണ്ട് കുലംകുത്തി ഒഴുകുന്നുണ്ടായിരുന്നു.
—————————————————
മഹേഷ് പറഞ്ഞതെല്ലാം കേട്ട് വിശ്വസിക്കാൻ കഴിയാതെ വാ പൊളിച്ചിരിക്കുകയായിരുന്നു ഗോപൻ.
” ടാ…. അപ്പൊ…അപ്പോ നീ പറഞ്ഞുവരുന്നത് കല്യാണിയുടെ അച്ഛൻ…… “
” അതേ മോനെ… ഞാൻ പറഞ്ഞുവരുന്നതല്ല.. നിന്റെ അമ്മ പറഞ്ഞത് ! കല്യാണിയുടെ അച്ഛൻ മൗനത്തോടെ സമ്മതിച്ചത് !
അതേടാ.. പണ്ട് നഷ്ട്ടപ്പെട്ട ഒരു ഇഷ്ട്ടത്തെ കുറിച്ച് നിന്റെ അമ്മ പറയാറില്ലേ. ആ കഥയിലെ നായകനും വില്ലനും ആണ് കല്യാണിയുടെ അച്ഛൻ !
നേർവഴിക്ക് പറഞ്ഞാൽ.. നിന്റെ അമ്മയെ നൈസായി തേച്ചിട്ട് പോയ ആ ഓൾഡ് കാമുകൻ അയാൾ ആണെന്ന് ! “
അതിന് ശേഷം അയാൾ എന്നെ വിളിച്ചിരുന്നു.
എന്നോട് ക്ഷമ ചോദിക്കാൻ, പിന്നെ കല്യാണിയെ നിനക്ക് തരാൻ ഞാൻ പിന്മാറണമെന്ന് പറയാൻ….
അയാൾക്ക് അറിയില്ലല്ലോ.. അത് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം.. അതൊന്ന് ഒഴിവാക്കാൻ വേണ്ടി ഞാൻ പെട്ട പാട് എന്താണെന്ന് !
അതും പറഞ്ഞ് മഹേഷ് പൊട്ടിച്ചിരിക്കുമ്പോൾ
മുന്നിൽ നടക്കുന്നത് ഇത് എന്തൊക്കെയാണെന്ന് ചിന്തിച്ച് ആകെ തലകറങ്ങി ഇരിക്കുകയായിരുന്നു ഗോപൻ.
” എനിക്കിത് ആലോചിച്ചിട്ട് ആകെ മൊത്തം ഭ്രാന്താകുന്ന അവസ്ഥയാ.. അതുകൊണ്ട് നീ ഒരു രണ്ട് പെഗ്ഗ് ഓർഡർ ചെയ്തെ… ഹോ എജ്ജാതി ട്വിസ്റ്റ് ആടെ നമ്മുടെ കഥയ്ക്ക് “
അത് കേട്ട് ചിരിയോടെ തന്നെ ലാൻഡ്ഫോൺ എടുത്ത് മദ്യത്തിന് ഓർഡർ ചെയ്ത് റിസീവർ താഴെ വെക്കുമ്പോൾ മഹേഷ് പറയുന്നുണ്ടായിരുന്നു
“ശരിയാണ് പൊന്നോ…. എജ്ജാതി…… മ്യാരകം ” എന്ന് !
അതും പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മഹേഷിനോടൊപ്പം ഗോപനും പങ്ക് ചേരുമ്പോൾ
ഓർഡർ ചെയ്ത പെഗ്ഗ് വാതിൽ തുറന്ന് അകത്തേക്ക് വരുന്നുണ്ടായിരുന്നു രണ്ട് കല്യാണത്തിന്റെയും സന്തോഷം ആഘോഷമാകുവാൻ !
————————————————
അപ്പോൾ ഇനീം കല്യാണിയുടെയും ഗോപന്റെയും പ്രണയം നീട്ടിവലിച്ചു ചളമാകുന്നില്ല.
എല്ലാം ശുഭമായി അവസാനിച്ച സ്ഥിതിക്ക് ഈ വരുന്ന ചിങ്ങം പത്തിന് പത്തിനും പതിനൊന്നിനും ഇടക്കുള്ള ശുഭമുഹൂർത്തത്തിൽ ആണ് വിവാഹം.. അപ്പൊ പറഞ്ഞപോലെ എല്ലാവരും ഇതൊരു ക്ഷണമായി കണ്ട് നേരത്തെ അങ്ങ് എത്തിയേക്കണം !
എലാവരുടെയും അനുഗ്രഹവും ആശിർവാദവും കല്യാണിയുടെയും ഗോപന്റെയും ജീവിതത്തെ മനോഹരമാക്കട്ടെ…….!!!
( ശുഭം )
ദേവൻ
NB: എത്രത്തോളം ശരിയായെന്ന് അറിയില്ല… നല്ലതാണെങ്കിലും വിമർശ്ശനം ആയാലും ഈ കഥയെ കുറിച്ച് രണ്ട് വാക്ക് എഴുതുമെന്ന പ്രതീക്ഷയോടെ……
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission