പുറത്ത് പത്രം വായിച്ചിരിക്കുന്ന കല്യാണിയുടെ അച്ഛന് മുന്നിൽ ഗോപനേ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് മഹേഷ് മുരടനക്കുമ്പോൾ അയാൾ പത്രത്തിൽ നിന്നും കണ്ണെടുത്ത് മുന്നിലേക്ക് നോക്കികൊണ്ട് പെട്ടന്ന് എഴുനേറ്റു.
പിന്നെ കണ്ണട ഒന്ന് നേരെ ആക്കികൊണ്ട് അവരെ ഒന്നുകൂടി ഇരുത്തി നോക്കി അയാൾ.
മകൾക്ക് വേണ്ടി താൻ കണ്ടെത്തിയ ഭാവി വരനെയും അവൾ സ്വയം കണ്ടെത്തിയ അവളുടെ കാമുകനെയും !!
പക്ഷേ, അപ്പോഴും വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ഗോപൻ.
‘മഹേഷ് ഒരിടം വരെ പോകണമെന്ന് പറഞ്ഞപ്പോൾ അത് ഇവിടേക്ക് ആകുമെന്ന് കരുതിയില്ല. അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു . പക്ഷേ.. ഇതിപ്പോ ”
മനസ്സ് പറയുന്നുണ്ട് പിൻതിരിഞ്ഞു നടക്കാൻ…
അപ്പോഴും അവിടെ പിടിച്ചുകെട്ടുംപോലെ എന്തോ ഒന്ന് അവനെ പിടിച്ചുലക്കുന്നുണ്ടായിരുന്നു.
കണ്ണുകൾ ഇടക്ക് അറിയാതെ പോലും കല്യാണിയെ തേടുന്നുണ്ടായിരുന്നു !
” രണ്ടാളും കേറി വാ “
കല്യാണിയുടെ അച്ഛനാണ്..
പുഞ്ചിരിയോടെ അയാൾ രണ്ട് പേരെയും അകത്തേക്ക് ക്ഷണിക്കുമ്പോൾ മുന്നിൽ നടക്കുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു ഗോപൻ.
അന്ന് വന്നപ്പോൾ തന്നെ വാക്കുകളിൽ ഒരു ഭീക്ഷണിയും താക്കീതും ഉണ്ടായിരുന്നു.
പിന്നെയും കേറി വരുമ്പോൾ പ്രതീക്ഷിച്ചത് ദേഷ്യത്താൽ ചുവക്കുന്ന മുഖമായിരുന്നെങ്കിൽ കാണുന്നത് സൗമ്യമായി പുഞ്ചിരിക്കുന്ന ഒരു മനുഷ്യനെ.
” ഇങ്ങനെ പുറത്ത് തന്നെ നിൽക്കാതെ കേറി വാ ” എന്ന് ഒരിക്കൽ കൂടി അവരെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു ” മോളെ കല്യാണി, പുറത്തേക്ക് രണ്ട് ചായ എടുക്കൂട്ടോ ” എന്ന്.
അച്ഛന്റെ വിളി കേട്ട് തീരെ താല്പര്യം ഇല്ലാത്ത പോലെ റൂമിൽ നിന്നും പുറത്തേക്കിറങ്ങിയ അവൾ പൂമുഖത്തിരിക്കുന്ന ഗോപനെ കണ്ട് ആശ്ചര്യത്തോടെ അവന്റ മുഖത്തേക്ക് നോക്കി. പക്ഷേ, കൂടെ ഇരിക്കുന്ന മഹേഷിനെ കൂടി കണ്ടതോടെ മുഖത്തുണ്ടായ സന്തോഷം നിറംക്കെട്ടിരുന്നു അവളിൽ.
” എന്താണ് രണ്ട് പേരും വന്നതിന്റ കാര്യം ” എന്നറിയാതെ മനസ്സൊന്നു പിടക്കുമ്പോൾ എന്തോ സംഭവിക്കാൻ പോകുന്നനെന്നു തോന്നി കല്യാണിക്ക്.
പതിയെ ആർക്കും മുഖം കൊടുക്കാതെ അകത്തേക്ക് പോയ അവളെ ഒരു നോട്ടം കണ്ടിരുന്നു ഗോപൻ. ആ ഒരു നോട്ടം മതിയായിരുന്നു അവന് അത്ര നേരം ഉണ്ടായിരുന്ന മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കാൻ. !
അപ്പോഴും ഈ വരവിന്റെ ഉദ്ദേശം എന്തെന്ന് അറിയാതെ ഉള്ള സംശയം അവന്റ നോട്ടത്തിൽ ഉണ്ടെന്ന് മനസിലായി മഹേഷിന്. അതുകൊണ്ട് തന്നെ അവനെ നോക്കി ഒന്ന് കണ്ണിറുക്കികൊണ്ട് അവൻ കല്യാണിയുടെ അച്ഛനോടായി പറയുന്നുണ്ടായിരുന്നു ” അപ്പോ അങ്കിൾ, ഇനിയും വൈകിക്കാതെ ഈ വരവിന്റെ ഉദ്ദേശം പറയാം. കണ്ടില്ലേ ഇവന്റെ മുഖത്തെ പരിഭ്രമം. ഞാൻ കൊല്ലാൻ കൊണ്ട്വന്ന പോലെയാ നോട്ടം ” എന്ന്.
അതുകേട്ട് അയാളൊന്ന് ചിരിച്ചു. പിന്നെ അകത്തു നിന്ന് ചായയുമായി വന്ന കല്യാണിയോട് രണ്ട് പേർക്കും ചായ കൊടുക്കാൻ ആവശ്യപ്പെട്ടു. അവൾ അച്ഛൻ പറഞ്ഞ പോലെ രണ്ട് പേർക്കും ചായ കൊടുത്ത് ആരുടേയും മുഖത്തേക്ക് നോക്കാതെ പോകാനായി തിരിയുമ്പോൾ അച്ഛൻ അവളുടെ കയ്യിൽ പിടിച്ച് ” മോള് ഇവിടെ ഇരി ” എന്നും പറഞ്ഞ് അയാൾക്കരികിൽ നിർബന്ധപ്പൂർവം പിടിച്ചിരുത്തി.
ഇതുവരെ ഇതുപോലെ ഒരിക്കൽ പോലും ചെയ്തിട്ടില്ലാത്ത അച്ഛന്റെ ആ പെരുമാറ്റം അവൾക്ക് അത്ഭുതമായിരുന്നു.
പതിയെ അച്ഛനരികിൽ ഇരിക്കുമ്പോൾ അവൾ അച്ഛന്റെ മുഖത്തെ ചിരി കണ്ട് അമ്പരന്നിരുന്നു, ” ഇതിപ്പോ കൊല്ലാനാണോ വളർത്താൻ ആണോ ചിരിക്കുന്നത് ” എന്ന സന്ദേഹത്തോടെ.
” അപ്പൊ ഞാൻ നിങ്ങളെ വിളിച്ചതിന്റ കാര്യം പറയാം… കാര്യം മഹേഷിന് അറിയാം.
വലിയ മുഖവുരയൊന്നും ഇല്ലാതെ എല്ലാം തുറന്നു പറയുന്നതാണ് എന്റെ ശീലം. അപ്പൊ പറഞ്ഞ് വന്നത് എന്താണെന്ന് വെച്ചാൽ എന്റെ മോളുടെ കല്യാണം ഞാൻ തീരുമാനിച്ചു “
അത്ര നേരം കാര്യം അറിയാൻ വേണ്ടി കാത്തിരുന്ന കല്യാണിയും ഗോപനും അത് കേട്ട് ഒന്ന് ഞെട്ടി.
പക്ഷേ, പിന്നീട് അയാൾ പറഞ്ഞ വാക്ക് കേട്ട് അവർ അച്ഛന്റെ വാക്കുകളെ വിശ്വസിക്കാൻ കഴിയാതെ അത്ഭുതത്തോടെ പരസ്പ്പരം നോക്കി. !
” എന്റെ മോളുടെ കല്യാണം ഞാൻ തീരുമാനിച്ചു. പക്ഷേ, അതിൽ ഒരു മാറ്റം ഉണ്ട്. ഞാൻ തീരുമാനിച്ച മഹേഷ് അല്ല, എന്റെ മകൾ അവൾക്ക് വേണ്ടി കണ്ടെത്തിയ ഗോപൻ തന്നെ ആണ് എന്റെ മകളുടെ ഭാവിവരൻ.! “
വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു രണ്ട് പേർക്കും.
കേട്ടത് സത്യമാണോ അതോ സ്വപ്നമാണോ എന്നറിയാതെ അവർ പരസ്പ്പരം നോക്കുമ്പോൾ സന്തോഷം കൊണ്ട് രണ്ട് പേരുടെയും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പക്ഷേ, അതോടൊപ്പം അവന്റെ മനസ്സിൽ പതിഞ്ഞത് വേറെ ഒരു വാക്കുണ്ടായിരുന്നു. കല്യാണിക്ക് വേണ്ടി വീട്ടുകാർ കണ്ടെത്തിയ വരൻ മഹേഷ് ആണെന്നത് !
അതൊരു പുതിയ അറിവായിരുന്നു ഗോപന്.
ആ വാക്കുകൾ മനസ്സിനെ പിടിച്ചുലക്കുമ്പോൾ ഗോപൻ വിശ്വസിക്കാൻ കഴിയാതെ മഹേഷിനെ നോക്കി.
അവന്റെ നോട്ടത്തിന്റ അർത്ഥം മനസ്സിലായപ്പോലെ ഒന്ന് കണ്ണുകൾ അടച്ച് കാണിച്ചു പുഞ്ചിരിയോടെ ” അതെ ” എന്ന അർത്ഥത്തിൽ.
സത്യത്തിൽ മുന്നിൽ നടക്കുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ലായിരുന്നു ഗോപന്.
കല്യാണിയെ പെണ്ണ് ചോദിക്കുമ്പോൾ തരില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞ ആള് ഇപ്പോൾ നിറഞ്ഞ മനസ്സോടെ സമ്മതം മൂളുന്നു.
അവൾക്ക് വേറെ കല്യാണം വീട്ടുകാർ തീരുമാനിച്ച കാര്യം അറിഞ്ഞപ്പോഴും അത് മഹേഷ് ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.
മനസ്സിൽ കൊടുമ്പിരികൊള്ളുന്ന സന്തോഷത്തോടൊപ്പം ഈ പെട്ടന്നുള്ള തീരുമാനത്തിന് പിന്നിൽ എന്തൊക്കെയോ നടന്നിട്ടുണ്ട് എന്ന് മാത്രം മനസിലായി ഗോപന്. പക്ഷേ, എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നിലായിരുന്നു അവന്.
” അപ്പോൾ ഞാൻ പറഞ്ഞത് ഗോപന് മനസിലായല്ലോ.. എന്റെ മകളെ ഗോപന്റെ കയ്യിൽ ഏൽപ്പിക്കാൻ എനിക്ക് പൂർണ്ണസമ്മതം ആണെന്ന്. എന്റെ മകളെയും അവൾക്ക് നിങ്ങളോടുള്ള സ്നേഹവും മനസിലാക്കാൻ കുറച്ചു വൈകി ഞാൻ. അതുപോലെ സ്നേഹത്തിന്റ വിലയും.
ഇനി ബാക്കി കാര്യങ്ങൾ എങ്ങനെയൊക്കെ ആണെന്ന് നിങ്ങൾ വീട്ടുകാർ ചേർന്ന് ആലോചിച്ചു തീരുമാനിച്ച് അറിയിക്കൂ. അതല്ലേ മഹേഷേ നല്ലത് “
എന്നും ചോദിച്ചുകൊണ്ട് അയാൾ മഹേഷിനെ നോക്കുമ്പോൾ ” അതേ അങ്കിൾ ” എന്നും പറഞ്ഞ് അവൻ പതിയെ തലയാട്ടി.
പിന്നെ മെല്ലെ ഗോപനെ ഒന്ന് തോണ്ടിക്കൊണ്ട് ഇറങ്ങാം എന്ന് ആംഗ്യം കാട്ടി മെല്ലെ എഴുന്നേറ്റു മഹേഷ്.
” അപ്പോ അങ്കിൾ. ഞങ്ങൾ ഇറങ്ങുകയാണ്.
ബാക്കി കാര്യങ്ങൾ വീട്ടുകാരുമായി തീരുമാനിച്ച് വൈകാതെ തന്നെ അറിയിക്കാം… കാര്യമായിട്ട് ആരോടും ചോദിക്കാനോ പറയാനോ ഇല്ല.. ഇവന് ഉള്ളത് അമ്മയും അനിയത്തിയും ആണെന്ന് അറിയാലോ അങ്കിളിനും.
പിന്നെ ഉള്ളത് വകയിൽ ഒന്ന് രണ്ട് ബന്ധുക്കൾ ആണ്. അതൊക്കെ വിളിച്ച് പറഞ്ഞാൽ തീരുന്ന കാര്യമേ ഉളളൂ.. അപ്പൊ പിന്നെ ഇനി ഒരു യാത്ര പറച്ചിൽ ഇല്ല. ” എന്നും പറഞ്ഞ് കല്ല്യാണിക്ക് ഒരു ചിരി സമ്മാനിച്ച് മഹേഷ് തിരിയുമ്പോൾ ചിരിയോടെ രണ്ട് പേരോടും യാത്ര പറഞ്ഞ് ഗോപനും അവനോടൊപ്പം പുറത്തേക്ക് നടന്നു.
അവർ പുറത്തേക്കിറങ്ങിയ ഉടനെ അച്ഛന്റെ വാക്കുകൾ നൽകിയ സന്തോഷം അയാളുടെ കവിളിൽ ഒരു ഉമ്മയായി നൽകികൊണ്ട് കല്ല്യാണി അകത്തേക്ക് ഓടുമ്പോൾ എല്ലാം കേട്ട് ചിരിയോടെ പിറകിൽ അമ്മയും ഉണ്ടായിരുന്നു. !
—————————————————
” ടാ, സത്യത്തിൽ എന്താ ഇപ്പോൾ സംഭവിച്ചത്… എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഒന്നും. എല്ലാം ഒരു സ്വപ്നം പോലെ .. പക്ഷേ അതിനേക്കാൾ എന്നെ ഷോക്കടിപ്പിച്ചത് അവൾക്ക് വേണ്ടി ആലോചിച്ച ചെക്കൻ നീയാണെന്ന് അറിഞ്ഞപ്പോൾ ആണ്.
ഇതുവരെ അങ്ങനെ ഒരു സൂചന പോലും നീ തന്നില്ലല്ലോ…. ശരിക്കും എങ്ങനാടാ ഇതൊക്കെ ഇങ്ങനെ….. !
ആകെ മൊത്തം കൺഫ്യൂഷൻ..
ഇങ്ങനെ ഒരു നിമിഷം സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ഞാൻ.. കൈവിട്ടുപോയ ഹൃദയം ആണ് നീ എനിക്ക് തിരികെ തന്നത്.. ഇതിനൊക്കെ ഞാൻ എങ്ങിനെ ആണെടാ മഹേഷേ കടം വീട്ടുക… നിന്നെ പോലെ ഒരു സുഹൃത്തിനെ കിട്ടാൻ എന്ത് മുജ്ജന്മസുകൃതമാണാവോ ഞാൻ ചെയ്തെ… “
എന്നും ചോദിച്ചുകൊണ്ട് ഗോപൻ മഹേഷിനെ കെട്ടിപിടിക്കുമ്പോൾ മഹേഷ് അവനെ അടർത്തിമാറ്റികൊണ്ട് പറയുന്നുണ്ടായിരുന്നു
” മോൻ വെറുതെ സെന്റി അടിച്ചു ഈ നിമിഷങ്ങളെ ചളകുളമാക്കാതെ ആദ്യം കാറിൽ കേറൂ.
എന്നിട്ട് ഈ സന്തോഷം രണ്ട് പെഗ്ഗ് അടിച്ചുകൊണ്ട് ആഘോഷിക്കാം നമുക്ക്.
അപ്പഴേ ഈ സന്തോഷം അതിന്റ ഒരു മൂഡിലേക്ക് എത്തൂ ” എന്നും പറഞ്ഞ് അവനോട് കാറിലേക്ക് കയറാൻ ആവശ്യപ്പെട്ടുകൊണ്ട് മഹേഷ് കാറിലേക്ക് കയറി സ്റ്റാർട്ട് ചെയ്തു. പിന്നെ നേരെ സോഡിയാക് ബാർ ലക്ഷ്യമാക്കി കാർ വിട്ടു അവൻ.
ബാറിന്റെ പാർക്കിംഗ്ഏരിയയിൽ കാർ നിർത്തി ഇറങ്ങി രണ്ട് പേരും. പിന്നെ കാർ ലോക്ക് ചെയ്ത് റിസപ്ഷനിൽ ചെന്ന് ഒരു റൂം എടുത്ത് അവിടേക്ക് നടക്കുമ്പോൾ അവന് പിന്നിലായി നടക്കുന്ന ഗോപൻ അപ്പോഴും ആലോചനയിൽ ആയിരുന്നു
അകന്നുപോയ പ്രണയം വീണ്ടും അരികിലെത്തുമ്പോൾ അതിൽ ഇവന്റെ റോൾ എന്താണെന്ന്.
എങ്ങനെയാണ് കല്യാണി വീണ്ടും തന്നിലേക്ക് എത്തിയതെന്ന്.
റൂമിന്റെ വാതിൽ തുറന്ന് ലാൻഡ്ഫോൺ എടുത്ത് നാല് പെഗ്ഗ് ഓർഡർ ചെയ്ത് മഹേഷ് ബെഡിലേക്ക് ഇരിക്കുമ്പോൾ വാതിൽ പതിയെ ചാരികൊണ്ട് ഗോപനും അവനരികിൽ ഇരുന്നു.
പിന്നെ അവന്റെ സംശയം പിന്നെയും അവന് മുന്നിൽ അവതരിപ്പിക്കുമ്പോൾ മറുപടിയെന്നോർണം ഒന്ന് പുഞ്ചിരിച്ചു മഹേഷ്.
” ശരി, നീ നിനക്ക് പറയാൻ തോന്നുമ്പോൾ പറ എന്നോട്. പക്ഷേ, ഇത്രയൊക്കെ നീ എനിക്ക് വേണ്ടി ചെയ്യുമ്പോൾ ഞാൻ… ഞാൻ നിനക്ക് എന്താടാ തരാ “
ഗോപൻ നന്ദിയോടെ അവനെ നോക്കി ചോദിക്കുമ്പോൾ ബെഡിലേക്ക് മലർന്ന് കിടന്നുകൊണ്ട് ചുണ്ടിലൂറുന്ന ചിരിയോടെ മഹേഷ് പറയുന്നുണ്ടായിരുന്നു,
” എനിക്ക് വേണ്ടത് നിനക്ക് അറിയാലോ നൻപാ… അത് ഞാൻ നിന്നോട് പറഞ്ഞിട്ടും ഉണ്ട്.
എങ്കിലും ഒരിക്കൽ കൂടി പറയാം.. ഞാൻ സ്നേഹിച്ച പെൺകുട്ടിയെ എനിക്ക് തന്നൂടെ? ! “
( തുടരും )
ദേവൻ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ദേവൻ Novels
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission