Skip to content

കണ്ടതും കേട്ടതും – 4

kandathum-kettathum

ഒരു  ദിവസം  ഓഫീസിലെ തിരക്കില്‍  ഇരിക്കുമ്പോഴാണ്  മാലുവിന്റെ ഫോണ്‍ വരുന്നത്. അവള്‍ക്ക്  ജോലി ശരിയായി.. താമസസൗകര്യം  ശരിയാക്കി  കൊടുക്കുമോ   എന്നറിയാനാണ്  വിളിച്ചത്‌… സന്തോഷത്തോടെ   ഞാനത് ഏറ്റു..  ഇനി  എന്നും  അവളെ  കാണാമെല്ലോയെന്ന സന്തോഷമായിരുന്നു… വൈകുന്നേരം  വീട്ടിലെത്തി  ജോലികള്‍  തീര്‍ക്കുമ്പോഴാണ്  ഉണ്ണിയേട്ടന്‍ വന്നത്…

”ഉണ്ണിയേട്ടാ  മാലൂന്  ജോലി ശരിയായി… അവള്‍ക്ക് താമസിക്കാന്‍   ഹോസ്റ്റല്  വല്ലതും  ശരിയാക്കി  കൊടുക്കണം…  ” അടക്കാനാവാത്ത സന്തോഷത്തോടെയാണ്  പറഞ്ഞത്‌..

”  ഞാനൊന്നു  നോക്കട്ടെ  പാറു .. ”    ഉണ്ണിയേട്ടന്‍   സമ്മതിച്ചതോടെ  അടുക്കളയിലെ ബാക്കി  ജോലികളിലേക്ക് പോയി…

    രാത്രി  ആഹാരം  കഴിച്ചു കൊണ്ടിരിക്കെയാണ്  മനസില്‍ തലപൊക്കിയ  ചിന്ത വീണ്ടും  അവതരിപ്പിക്കാന്‍  തോന്നിയത്..

” ഉണ്ണിയേട്ടാ… ഉണ്ണിയേട്ടന്  ബുദ്ധിമുട്ട് ഇല്ലെങ്കില്‍   മാലൂനെ  നമ്മുടെ വീട്ടില്‍  നിര്‍ത്തിയാലോ..  ”’

   ഒരു നിമിഷം  കഴിക്കുന്നത് നിര്‍ത്തി    ഉണ്ണിയേട്ടന്‍  എന്റെ  മുഖത്തേക്ക്  സൂക്ഷിച്ചു  നോക്കി….

       ”  അത്  വേണ്ട  പാറു…  കല്യാണം  കഴിയാത്ത  ഒരു  പെണ്ണിനെ  അന്യവീട്ടില്‍  നിര്‍ത്തുന്നതേ ശരിയല്ല.. പ്രത്യേകിച്ചും നമ്മള്‍  മാത്രം  താമസിക്കുന്നിടത്ത്… നമുക്കു  ഒരു  ഹോസ്റ്റല്‍ ശരിയാക്കി  കൊടുക്കാം.. പിന്നെ   എന്തെങ്കിലും  ആവശ്യമുണ്ടെങ്കില്‍   നമ്മള്‍  ഇവിടെയുണ്ടെല്ലോ…

          ആലോചിച്ചു  നോക്കിയപ്പോള്‍  അത് ശരിയാണെന്നു  എനിക്കും തോന്നി..  പിറ്റേന്ന്  തന്നെ   മാലു വരുന്നത്  കൊണ്ട് ഞങ്ങള്‍  ലീവെടുത്തു… ഉച്ചയ്ക്ക്  ശേഷമേ  അവര്‍  എത്തുകയുള്ളു… ഞാനും ഉണ്ണിയേട്ടനും  കൂടി  രാവിലെ തന്നെ  ജോലികള്‍  തീര്‍ത്തു  ഹോസ്റ്റല്‍  തിരഞ്ഞു.. ഉണ്ണീയേട്ടന്റെ  രണ്ടുമൂന്ന്  കൂട്ടുകാര്‍  പറഞ്ഞ   ഹോസ്റ്റലുകള്‍ നോക്കി     സാമാന്യം  നല്ലതും  അവള്‍ക്ക്  പോയി വരുവാന്‍ സൗകര്യമുള്ളതുമായ  ഒരെണ്ണം  തിരഞ്ഞെടുത്തു… 

  ഉച്ചയോടെ അവരെത്തി… ഭക്ഷണം  കഴിച്ചു  ഒരുമിച്ചാണ്  ഹോസ്റ്റലിലേക്ക് പോയത്….  അവളെ ഹോസ്റ്റലിലാക്കിയ  ശേഷം  അവളുടെ അച്ഛനും  അമ്മയും മടങ്ങി…

”  മോളേ.. ജോലി  കിട്ടട്ടെന്നു  പറഞ്ഞാണ്  അവള്‍  ഇതുവരെ   വിവാഹത്തിന്  സമ്മതിക്കാതെ  ഇരുന്നത്…  ഇനി മോള്   പറഞ്ഞു  കാര്യങ്ങള്‍ എല്ലാം ഒന്നു ശരിയാക്കണം… ”  പോകുന്നതിന്  മുന്‍പ്  അവളുടെ അമ്മ  എന്നോട്  അടക്കം  പറയാന്‍  മറന്നില്ല…    ഞാന്‍ സമ്മതത്തോടെ  തലയാട്ടി…  അല്ലെങ്കിലും   അവളോട്  അതേ പറ്റി  സംസാരിക്കണമെന്നു  ഞാന്‍  ഉറച്ചിരുന്നു….

  ” ഇവിടുത്തെ  ആദ്യത്തെ  ദിവസമല്ലേ.. നീ  ഇന്നു  ഞങ്ങളോടൊപ്പം  താമസിച്ചാല്‍ മതി..നമുക്ക്  പുറത്തു നിന്നും ഫുഡ്  കഴിച്ചു  ഒന്നു കറങ്ങിയിട്ട്  വീട്ടില്‍ പോകാം.. നാളെ  ഒരുമിച്ചു  ഓഫീസിലേക്ക്  ഇറങ്ങിയ ശേഷം  വൈകുന്നേരം നീ  ഹോസ്റ്റലിലേക്ക്  പോരേ.. ” 

 ഉണ്ണിയേട്ടനുമായി നേരത്തെ  തീരുമാനിച്ച പ്ലാന്‍  അവളോട്  പറയുമ്പോള്‍  ആദ്യം  ഒന്നു  മടിച്ചെങ്കിലും  അവള്‍  സമ്മതിച്ചു..      അടുത്ത ദിവസത്തേക്കുള്ള  ഡ്രസ്   ഹാന്‍ഡ്  ബാഗില്‍ വെച്ചു  ഞങ്ങളോടൊപ്പം  അവള്‍ ഇറങ്ങി…   പാര്‍ക്കിലും  ബീച്ചിലുമായി    കറങ്ങി നടക്കുമ്പോള്‍  ഞങ്ങള്‍ ആ ബാല്യകാലത്തേക്ക്  മടങ്ങിപ്പോകൂകയായിരുന്നു..  സമയം പോയത്  അറിഞ്ഞതേയില്ല.. ഒടുവില്‍  നടന്നും ഓടിയും അവശരായപ്പോള്‍  ആദ്യം  കണ്ട റസ്റ്റൊറന്‍റില്‍   കഴിക്കാന്‍  കയറി…  എല്ലാം  കഴിഞ്ഞു  വീട്ടിലെത്തിയപ്പോള്‍ നേരമേറേ  വൈകിയിരുന്നു… കുളിച്ചിട്ടു വന്ന  ഉണ്ണിയേട്ടനെ  ഉന്തിതള്ളി  റൂമിലാക്കി  ഞാനും മാലുവും ഒരു റൂമില്‍   കിടന്നു  കഥകള്‍  പറഞ്ഞു..  വര്‍ഷങ്ങള്‍ക്ക് ശേഷം  പഴയ കാലം  ഓര്‍ത്തെടുക്കുമ്പോള്‍ ,അതിന്റെ മനോഹാരിത  കൂടുമെന്നു  തോന്നി…

   ” ഡീ  കഴിഞ്ഞ  മാസം ഞാന്‍ റോഷനെ  കണ്ടിരുന്നു .. ”  മാലു  കൈയ്യില്‍ തട്ടി കൊണ്ടു പറഞ്ഞു..

”ആണോ…എന്നിട്ട്  എന്തു  പറഞ്ഞു.. അവന്‍  എന്തു ചെയ്യുന്നു…  വേണമെങ്കില്‍  നമുക്കു റോഷനെ  നിനക്ക് വേണ്ടി  ആലോചിച്ചാലോ.. ”  ആകാംക്ഷ  അടക്കാന്‍  വയ്യാതെ  കുറേചോദ്യങ്ങള്‍  ഒരുമിച്ചു  ചോദിച്ചു…

” നീയും   തുടങ്ങിയോ.. ” കുറച്ചു  ഈര്‍ഷ്യയോടെയാണ്  അവള്‍  പ്രതികരിച്ചത്….

എന്താണെന്ന്  അറിയാതെ  ചോദ്യഭാവത്തില്‍  ഞാന്‍   അവളെയൊന്നു നോക്കി….

‘ വീട്ടില്‍ നിന്നാല്‍  എപ്പോഴും  കല്യാണം  കല്യാണമെന്നു പറഞ്ഞു  സ്വസ്ഥത തരാത്തത് കൊണ്ടാണ്  എങ്ങനെയെങ്കിലും  ജോലി  വാങ്ങിയെടുത്തത്… അപ്പോള്‍  ദേ നീയും… ”

” ഓ… അതാണോ.. നീയല്ലേ  ജോലി കീട്ടിയിട്ട്  കെട്ടാമെന്നു  പറഞ്ഞത്… അതല്ലേ  ഞാന്‍ ചോദിച്ചത്.. ”അവളെ മയപെടുത്താന്‍ നോക്കികൊണ്ടു ഞാന്‍   പറഞ്ഞു…

” ഡീ  ജോലി കിട്ടിയിട്ട് ഞാന്‍ കെട്ടും… അതിന് കൊള്ളാവുന്ന ഒരുത്ത നെ കണ്ടുപിടിക്കട്ടെ…  അതിന്  ഇത്തിരി  സാവകാശം താ… ” കുസൃതിയോടെ  അവള്‍ ചിരിക്കുന്നത് കണ്ട് ഞാനും ഒപ്പം ചിരിച്ചു..

” അപ്പോള്‍   റോഷന്‍…”

      അപ്പോഴാണ്  അവന്റെ  കാര്യം ഓര്‍ത്തത്…

” റോഷനല്ല.. അവന്റെ  അപ്പൂപ്പന്‍ .. അവന്‍  കല്യാണം കഴിച്ചു  ഒരു  കുട്ടിയുമായി… 

ഹാ… അതുപറഞ്ഞപ്പോഴാ  ഓര്‍ത്തത്.. നിങ്ങള്‍ക്ക്   കുഞ്ഞുകുട്ടികളൊന്നും  വേണ്ടേ…. ”

    അവളുടെ  ചോദ്യം  കേട്ടു  നാണം കൊണ്ട്  എന്റെ മുഖം ചുവന്നു….

 ”  ഇപ്പോഴേ  വേണ്ടെന്നാണ്  കരുതുന്നത്…കുറച്ചു കൂടി  കഴിയട്ടെ.. ”

 ”  അതും ശരിയാ കേട്ടോ.. …  കുടുംബവും പ്രാരാബ്ധവുമായാല്‍  അടിച്ചു പൊളിച്ചു നടക്കാന്‍  പറ്റില്ല… കല്യാണം  കഴിഞ്ഞിട്ടു ഒരു വര്‍ഷമല്ലേ ,ആയിട്ടുള്ളു.. കുറച്ചു   കഴിയട്ടെ .. ” .അവളുടെ  സപ്പോര്‍ട്ട്  എനിക്കു കുറച്ചു കൂടി  സമാധാനം തന്നു.. ..  കുട്ടികളെ  തല്‍ക്കാലം വേണ്ടെന്നു വെയ്ക്കുന്നവര്‍  പിന്നീട്  കുട്ടികളില്ലാതെ  വിഷമിക്കുമെന്നാണ്  ഭൂരിഭാഗം   ആളുകളും   പറയുന്നത്… അത് കേള്‍ക്കുമ്പോള്‍  ഒരു ഭയം  ഉണ്ടാകാറുണ്ട്…

 സംസാരിച്ചു  സംസാരിച്ചു  എപ്പോഴോ ഞങ്ങള്‍  ഉറങ്ങി

           അടുത്ത ദിവസം ഞങ്ങള്‍  ഒരുമിച്ച് ആണ്  ഓഫീസില്‍ പോകാന്‍ ഇറങ്ങിയത്‌…..  അവള്‍ അവിടെ നിന്നും ഹോസ്റ്റലിലേക്കും  പോയി…  എല്ലാ വീക്കെന്‍ഡിലും  അവള്‍ വീട്ടിലേക്ക് വരും..അന്ന്  അവിടെ കൂടി  അടുത്ത ദിവസമാണ്  മടങ്ങിപ്പോകുക… നാട്ടിലേക്ക്  പോകുമ്പോള്‍  അവളും ഞങ്ങളോടൊപ്പം  കൂടും…

” നമ്മള്‍  മാത്രമുള്ള  യാത്രകള്‍ക്ക്  കുറച്ചു  കൂടി  സ്വകാര്യതയുള്ളതാണ്  എനിക്കു ഇഷ്ടം .. ”

ഉണ്ണിയേട്ടന്‍   ഇടയ്ക്കിടെ  അതൃപ്തി  അറിയിച്ചു…

”   അവള്‍  വരുമ്പോള്‍  എങ്ങനെയാ  ഉണ്ണിയേട്ടാ വരേണ്ടെന്നു  പറയുന്നത്.. ” ഞാന്‍  നിസ്സഹായാവസ്ഥ വെളിപ്പെടുത്തി…

ശരിയാണ്… ഞങ്ങള്‍ ഒരുമിച്ചു  പോകുമ്പോള്‍  കളിയും ചിരിയുമായി  വേറൊരു ലോകമാണ്‌. മാലൂ  കൂടെയുള്ളപ്പോള്‍  അത്രയും അടുത്തു ഇടപെടാന്‍ മടിയാണ്…

”  എത്രയും പെട്ടെന്ന്  അവളോട്   കല്യാണം  കഴിക്കാന്‍ പറയ്.. ”  എന്നെ  ചേര്‍ത്തുപിടിച്ചു  ഉണ്ണിയേട്ടന്‍  പറഞ്ഞു..

 ”  അവള്‍ ഇഷ്ടമുള്ള  ആളെ  അവള്‍ കണ്ടെത്തി കൊള്ളാമെന്നാണ്  പറഞ്ഞത്…  ”

” ആരെങ്കിലും   അവള്‍  കണ്ടുവെച്ചിട്ടുണ്ടോ…”  ഉണ്ണിയേട്ടന്‍റെ  അതേ  ആകാംക്ഷ എനിക്കും  ഉണ്ടായിരുന്നു …

” ഒന്നും  വിട്ടു പറയുന്നില്ല.. ഉണ്ടായിരിക്കണം… ”’

  ഒന്നു  രണ്ടു  പ്രാവശ്യം  വീട്ടിലേക്ക്  വന്നപ്പോള്‍  ഹോസ്റ്റലില്‍  താമസിക്കുന്നതിന്റെ  ബുദ്ധിമുട്ടുകള്‍  മാലു പറഞ്ഞിരുന്നു   അത് കേട്ടഭാവം നടിക്കാതെ  ഞാന്‍  വിഷയം മാറ്റി  വിട്ടു…

”പാറു  , ഞാന്‍  ആ  ഹോസ്റ്റല്  മാറാമെന്നു  കരുതി  വേറേ  രണ്ടുമൂന്ന്  ഹോസ്റ്റലും  പോയി  നോക്കി.. ഒന്നും ശരിയാകുന്നില്ല… ഹോസ്റ്റല്‍  ശരിയാകുന്നത്  വരെ ഞാന്‍ നിങ്ങളുടെ  കൂടെ  നിന്നോട്ടെ.. ”  ഒരു വീക്കെന്‍റില്‍  ഭക്ഷണം  കഴിച്ചു കൊണ്ടിരിക്കെയാണ്  എന്നോടും  ഉണ്ണിയേട്ടനോടും  അവള്‍  ചോദിച്ചത്…  പെട്ടെന്ന്  എന്തു മറുപടി  പറയണമെന്ന്  ആലോചിച്ചു  ഞങ്ങളൊന്നു  പകച്ചു…

”വേഗം  ഹോസ്റ്റല്‍ കണ്ടെത്തി ഞാന്‍ മാറിക്കോളാം..  അല്ലെങ്കില്‍  പേയിംഗ്  ഗസ്റ്റായി  നോക്കുന്നുണ്ട്.. ”.

 അവസാനം  ഉണ്ണിയേട്ടന്‍  അര്‍ദ്ധസമ്മതം മൂളി..  അതോടുകൂടി  അവള്‍ ഞങ്ങളോടൊപ്പം താമസം  ആരംഭിച്ചു…

            അവള്‍ ഞങ്ങളുടെ  സ്വകാര്യതയില്‍ കടന്നു വരാതെ ഇരിക്കാന്‍  ശ്രമിച്ചിരുന്നു  എങ്കിലും  ഒറ്റയ്ക്ക് താമസിച്ച  ശേഷം മറ്റൊരാളിന്റെ  സാന്നിധ്യം ഞങ്ങള്‍ക്ക്  അലോസരം തന്നെയായിരുന്നു….   അടുക്കളയിലെ   ജോലികള്‍ എല്ലാം  അവള്‍  എന്നോടൊപ്പം  ഷെയര്‍  ചെയ്തിരുന്നു…  ചിലപ്പോഴൊക്കെ  എന്നേക്കാള്‍ മുന്നെ  ഓഫീസില്‍  നിന്നും  ,വന്നു  ജോലികള്‍ തീര്‍ത്തു വെയ്ക്കുകയും ചെയ്തു…

  എങ്കിലും  ഇടയ്ക്ക്  ഒന്നു  രണ്ടൂ  ഹോസ്റ്റലുകള്‍ ഞാനും  മാലുവും കൂടി പോയി നോക്കിയിരുന്നു ..  മാലുവിന്  ഒന്നും  അങ്ങോട്ടു  ഇഷ്ടപെടുന്നില്ലായിരുന്നു..

   ” ഡീ.. ഞങ്ങളുടെ  ഓഫീസിലെ    രാഖി  ഇന്നു  ഹോസ്പിറ്റലില്‍  പോയി.. വിവാഹം  കഴിഞ്ഞു  നാല്  വര്‍ഷത്തോളമായി.. ആദ്യം  കുട്ടികള്‍  വേണ്ടെന്നു  വെച്ചു.. ഇപ്പോള്‍  കുട്ടികള്‍  ആകാമെന്നു  ആയപ്പോള്‍   പ്രെഗ്നെന്റാകുന്നില്ല… അപ്പോഴാ  നിന്റെ  കാര്യം ഞാന്‍ ഓര്‍ത്തത്‌..  അവര്‍ക്ക് ഇനി  എന്തൊക്കെയോ  ചികിത്സ  ചെയ്യണമെന്നു  പറഞ്ഞു.. നീയും  ഇനി  വൈകിപ്പിക്കേണ്ട  കേട്ടോ..  ”   ഒരു  ദിവസം  ജോലി  കഴിഞ്ഞു  വന്നപ്പോള്‍   മാലു പറഞ്ഞതു കേട്ട്  ഞാനൊന്നു  ഞെട്ടി..  പലപ്പോഴും  പലരും  ഉപദേശിച്ചതാണ്  ഇക്കാര്യം….എങ്കിലും  മുഖത്ത്    ഭാവവ്യത്യാസം  വരുത്താതെ  ഞാനൊന്നു  ചിരിച്ചു… എങ്കിലും  അവള്‍  പറഞ്ഞത്  എന്റെയുള്ളില്‍   കിടന്നു  നീറി.. വര്‍ഷം  രണ്ടു കഴിഞ്ഞു… 

         ” നീയെന്തിനാ  പാറു  മറ്റുള്ളവരുടെ  കാര്യം  ആലോചിച്ചു വിഷമിക്കുന്നത്…  അവര്‍ക്ക്  അവരുടേതായ  എന്തെങ്കിലും  തകരാര്‍  ഉണ്ടാകും… അതുകൊണ്ട്  നമ്മള്‍ക്കും  അങ്ങനെയാകണമെന്നുണ്ടോ… ? .നമ്മള്‍  ഇപ്പോഴേ  വേണ്ടെന്നു  വെച്ചിട്ടല്ലേ  കുട്ടികള്‍  ഉണ്ടാകാത്തത്…  ആ  തീരുമാനം നമ്മളൊന്നു  മാറ്റിയാല്‍ പോരെ  മോളേ  ..”

        അന്നു  രാത്രിയില്‍  ആവലാതി  പറഞ്ഞപ്പോള്‍  ഉണ്ണിയേട്ടന്‍  ആശ്വസിപ്പിച്ചു…   അത്  മനസ്സിനെ  വിശ്വസിപ്പിച്ചു…  അടൂത്ത  മാസം മുതല്‍  കാത്തിരിപ്പും തുടങ്ങി…

       മാസങ്ങള്‍ മുന്നോട്ട് പോയെങ്കിലും പ്രതീക്ഷിച്ചതു പോലെ  ഒന്നും സംഭവിക്കാത്തത് കൊണ്ട് ടെന്‍ഷന്‍  കൂടി.

”നീ  ഇങ്ങനെ വിഷമിക്കാതെ.. ഇതൊക്കെ എടീപിടീന്ന് നടക്കുന്ന കാര്യമൊന്നും  അല്ലല്ലോ… ”  ഉണ്ണിയേട്ടനും മാലുവും മാറിമാറി  ആശ്വസിപ്പിച്ചെങ്കിലും  എനിക്കു സമാധാനിക്കാന്‍  കഴിഞ്ഞില്ല.. ഓരോ ദിവസവും  തള്ളി നീക്കാന്‍ പാടുപെട്ടു… ആശുപത്രിയില്‍  പോകാന്‍  ഉണ്ണിയേട്ടന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും  ഉണ്ണിയേട്ടന്‍ വഴങ്ങിയില്ല…

”  എന്റെ  പൊന്നു  പാറൂ… വിവാഹം  കഴിഞ്ഞു വര്‍ഷങ്ങളോളം  കുട്ടികള്‍  ഉണ്ടാകാത്തവരാണ്  ഹോസ്പിറ്റലുകളില്‍  കയറിയിറങ്ങുന്നത്… നീയൊന്ന്  അടങ്ങിയേ..”

ഉണ്ണിയേട്ടന്‍  ആദ്യമായി  മുഖം  കറുത്തു  സംസാരിച്ചു…

” നമ്മുടെ വിവാഹം കഴിഞ്ഞിട്ടും  രണ്ടുവര്‍ഷം കഴിഞ്ഞില്ലേ.. ”

 ഉള്ളിലുള്ള  സങ്കടത്തോടൊപ്പം   ഉണ്ണിയേട്ടന്‍  വഴക്കു പറഞ്ഞ സങ്കടം  കൂടിയിയപ്പോള്‍  വിതുമ്പിപ്പോയിരുന്നു…

” പാറൂ.. നമ്മള്‍  ഇപ്പോഴേ  കുഞ്ഞുങ്ങള്‍  വേണ്ടേന്നു  കരുതിയിട്ടല്ലേ…  ഇതിനൊക്കെ  ഓരോ സമയം  ഉണ്ട്..  ഒരു കാര്യം ചെയ്യു.. നിന്റെ  ഒരു  സമാധാനത്തിന് നീ  ഹോസ്പിറ്റലില്‍  പോയി നോക്കു..   മാലൂവിനെയും  കൂട്ടിക്കോ…. ”  വിതുമ്പികൊണ്ടിരുന്ന ,എന്നെ   ചേര്‍ത്തു പിടിച്ചു  ഉണ്ണിയേട്ടന്‍  അത് പറഞ്ഞപ്പോള്‍  പകുതി സമാധാനം  ആയി.. എങ്കിലും

”  അപ്പോള്‍  ഉണ്ണിയേട്ടനോ..  ”

”എന്റെ പൊന്നു പെണ്ണേ.. ഒരാഴ്ചത്തേക്ക്  എനിക്കു  നിന്നു തിരിയാന്‍  പറ്റില്ല….  ഇപ്പോള്‍  നിനക്കല്ലേ  സംശയം..  അത് തീരട്ടെ.. എനിക്കു  സംശയം  വരുമ്പോള്‍  ഞാന്‍ പോയിക്കൊള്ളാം.. ”

ഹോസ്പിറ്റലില്‍  പോകാനുള്ള  ഉണ്ണിയേട്ടന്‍റെ  മടി  ആയിരിക്കുമെന്നു കരുതി  നിര്‍ബന്ധിക്കാനും പോയില്ല.. ഒരാളെങ്കിലും   പോയി ടെസ്റ്റ് ചെയ്യാമെല്ലോന്നു  കരുതി  മാലുവിനോട് കാര്യം പറഞ്ഞു  അടുത്ത ദിവസം ലീവും  എടുത്തു..

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!