Skip to content

കണ്ടതും കേട്ടതും – 5

kandathum-kettathum

ഹോസ്പിറ്റലില്‍  പോകാനുള്ള  ഉണ്ണിയേട്ടന്‍റെ  മടി  ആയിരിക്കുമെന്നു  കരുതി നിര്‍ബന്ധിക്കാനും  പോയില്ല… ഒരാളെങ്കിലും   പോയി ടെസ്റ്റ്  ചെയ്യൊമെല്ലോന്നു  കരുതി  മാലുവിനോട്   കാര്യം  പറഞ്ഞു  ,അടുത്ത ദിവസം  ലീവും എടുത്തു…

 രാവിലെ  തന്നെ ജോലികള്‍ ഒതുക്കി  ഉണ്ണിയേട്ടനെ  പറഞ്ഞു വിടുമ്പോഴും  അകാരണമായ  ഒരു ഭയം  എന്നില്‍ നിറഞ്ഞിരുന്നു .. ഹോസ്പിറ്റലില്‍  പോകണോ  വേണ്ടയോന്നു  സംശയിച്ചു..

” ഡീ.. നിനക്ക്  പോകാന്‍ താല്‍പര്യമില്ലെങ്കില്‍ പോകേണ്ട…നമുക്ക്  കുറച്ചു  നാളുകള്‍  കൂടി നോക്കാം… ”  എന്റെ  മനസ്   വായിച്ചതു പോലെ  മാലു  അത് പറഞ്ഞപ്പോള്‍  വീണ്ടും  മടിച്ചു…  എന്തായാലും ഒന്നു  പോയി നോക്കാമെന്ന്  മനസ്സിന്റെ  ഒരു പാതിയും  കുറച്ചു കൂടി  കാത്തിരിക്കാമെന്ന്  മറ്റേപാതിയും തര്‍ക്കിച്ചു..  ഒരു തീരുമാനം എടുക്കാനാവാതെ ഞാന്‍ കുഴങ്ങി…. പക്ഷേ  കുളി  കഴിഞ്ഞിറങ്ങി  വന്നപ്പോഴേക്കൂം  ഒന്നു പോയി   വരാമെന്നു ഉറപ്പിച്ചു…

” ഡീ  നിനക്ക് താല്‍പര്യമില്ലെങ്കില്‍ പോകേണ്ട.. ” മാലു നിരുത്സാഹപെടുത്താന്‍ ശ്രമിച്ചു…

” എന്തായാലും  ലീവെടുത്തു.. പോയി  കുഴപ്പമൊന്നും  ഇല്ലെന്ന്  അറിയുമ്പോള്‍  ഒരു  സമാധാനം  കിട്ടുമെല്ലോടീ… നമുക്ക് ഒന്നു പോയി വരാം… ”

    ഏതു ഹോസ്പിറ്റലില്‍  പോകണമെന്നായിരുന്നു  അടുത്ത  സംശയം.. എനിക്ക് ആണെങ്കില്‍   അതൊന്നും അറിയുകയും  ഇല്ല..  ” നിന്റെ  ഓഫീസിലെ   ആ  കുട്ടി പോയ ഹോസ്പിറ്റലില്‍  പോയാലോ.. ?  നിനക്ക്  അറിയോ.. ? ” 

”  അതെനിക്ക്  അറിയാം.. ഞങ്ങളുടെ  ഓഫീസിന്  അടുത്താണ്…”  പിന്നെ  കൂടുതല്‍  ചിന്തിച്ചില്ല.. ഹോസ്പിറ്റലിലേക്ക്  പോയി…   അവിടെ ചെന്നു കയറുമ്പോഴും എന്റെ ടെന്‍ഷന്‍  കൂടി കൂടി വന്നു… പ്രശ്നം ഒന്നും ഉണ്ടാകില്ലെന്നു  പറഞ്ഞു  മാലു ഇടയ്ക്കിടെ  സമാധാനിപ്പിച്ചു.. ഒപി ടിക്കറ്റുമെടുത്തു  ഡോക്ടറെ  കാണാന്‍ വരാന്തയില്‍ ഇരിക്കുമ്പോള്‍  തന്നെ പോലെ ആശങ്ക നിറഞ്ഞ  ഒരുപാട്  മുഖങ്ങള്‍ ചുറ്റും കണ്ടു….

ഊര്‍മ്മിളാദേവി..  സിസ്റ്റര്‍ പേര് വിളിച്ചപ്പോള്‍  പോകാന്‍ എഴുന്നേറ്റു ..

”  നീ  കൂടി  വാ..”  കസേരയില്‍ ഇരുന്ന മാലൂനെയും പിടിച്ചു എഴുന്നേല്‍പിച്ചു  ഡോക്ടറുടെ  റൂമിലേക്ക്  കയറി…  നാല്‍പത്തഞ്ചിനടുത്ത്  പ്രായമുള്ള  ഒരു സ്ത്രി  ആയിരുന്നു  ഡോക്ടര്‍ .. .. ശാന്തമായ മുഖവും സൗമ്യമായ  ഇടപെടലും എന്റെ  ടെന്‍ഷന്‍  കുറച്ചെങ്കിലും  നെഞ്ചിലൊരു ഭാരം  എടുത്തു വെച്ച  ഫീലായിരുന്നു…  ഡോക്ടറോട്  കാര്യങ്ങള്‍  വിശദമായി  പറഞ്ഞു.. അവര്‍ കൂറച്ചു ടെസ്റ്റുകള്‍ക്ക്  കുറിച്ചു  തന്നു…. അത് ചെയ്തു റിസല്‍ട്ടുമായി   വരാന്‍   നിര്‍ദ്ദേശിച്ചു..

                        ടെസ്റ്റുകള്‍ നടത്തി  റിസള്‍ട്ടുമായി  ഡോക്ടറെ കാണാന്‍ ചെന്നപ്പോള്‍ നേരം  ഉച്ചയോട്  അടുത്തിരുന്നു.. റിസള്‍ട്ടുകള്‍  വാങ്ങി  ഡോക്ടര്‍  ഏറെ നേരം  അതിലേക്ക് നോക്കിയിരുന്നു .. കടന്നു പോകുന്ന ഓരോ നിമിഷവും   ശ്വാസ്വോച്ഛാസത്തിന്റെ  ഗതിയെ കൂട്ടികൊണ്ടിരുന്നു…

  ”  വിവാഹം  കഴിഞ്ഞിട്ടു  രണ്ടു കൊല്ലമായി  ഇല്ലേ.. ?”

”  അതേ  ഡോക്ടര്‍ .. ‘

”  മുന്‍പ്  ഏതെങ്കിലും ഹോസ്പിറ്റലില്‍   പോയിരുന്നോ..?  ”

” ഇല്ല.. ആദ്യമായാണ്…  ഞങ്ങള്‍ തല്‍ക്കാലം കുട്ടികള്‍  വേണ്ടെന്നു കരുതിയാണ്… ”

”  ഊര്‍മ്മിളാദേവിയുടെ  പീരിഡ്സൊക്കെ  കറക്ട്  ആയിരുന്നോ.. ”

ഡോക്ടറുടെ ചോദ്യങ്ങള്‍  കൂടിയപ്പോള്‍ ടെന്‍ഷനും കൂടി…

”  ഇടയ്ക്കൊക്കെ  ചെറിയ മാറ്റങ്ങള്‍  ഉണ്ടാകുമായിരുന്നു.. എന്താ ഡോക്ടര്‍ ..?   ചോദിക്കുമ്പോള്‍  സ്വരം  പതറിയിരുന്നു…

”  അത്.. പറയുമ്പോള്‍   വിഷമം  തോന്നരുത്..തനിക്കാണ്  കുഴപ്പമുള്ളത്.. അത് നേരത്തെ ശ്രദ്ധിക്കേണ്ടത്  ആയിരുന്നു ..ഇനിയിപ്പോള്‍  ശ്രമിക്കാം  എന്നു  മാത്രം.. ഉറപ്പൊന്നും  ഇല്ല… ഞാന്‍ ചില  മരുന്നുകള്‍  തരാം.. ”

.ഡോക്ടര്‍  പറയുന്നതൊക്കെ  അകലെ നിന്നെന്ന പോലെ  ഒഴുകിയെത്തി…. അവിടെ നിന്നും എഴുന്നേറ്റ്  എങ്ങോട്ടെങ്കിലും  ഓടിപ്പോകാന്‍ തോന്നി… തളര്‍ച്ചയോടെ  മാലുവിന്റെ  തോളിലേക്ക് ചാഞ്ഞു..

മരുന്നു വാങ്ങാനുള്ള  ഡിസ്ക്രിപ്ഷനും  വാങ്ങി മാലു  എന്നെയും  താങ്ങി  ഹോസ്പിറ്റലിനു വെളിയിലെത്തി…  ഒരൂ ഓട്ടോ വിളിച്ചു  വീട്ടിലേക്ക്  പോകുമ്പോള്‍  എന്റെ  കണ്ണുകള്‍ രണ്ടും അറിയാതെ നിറഞ്ഞൊഴുകി കൊണ്ടിരുന്നു .. മാലു  അവളുടെ കൈയ്യാല്‍  എന്റെ കൈ ചേര്‍ത്തു പിടിച്ചു..വീട്ടിലെത്തിയ പാടേ  കിടക്കയിലേക്ക്  വീണ എന്നെ ഭക്ഷണം  കഴിക്കാന്‍  മാലു  ആവൂന്നത്ര വിളിച്ചെങ്കിലും ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല.. ഒടുവില്‍  അവളും ഭക്ഷണം  ഉപേക്ഷിച്ചു  എന്നോടോപ്പം ഇരുന്നു..

” ഡീ  നീ  വിഷമിക്കാനും മാത്രമില്ലല്ലോ.. നമുക്ക്  ശ്രമിക്കാം  എന്നല്ലേ  ഡോക്ടര്‍   പറഞ്ഞത്.. കൃത്യമായ ഭക്ഷണവും  മെഡിസിനും എടുത്താല്‍ മതി.. നീ തല്‍ക്കാലം  ഉണ്ണിയേട്ടനോട്  ഒന്നും പറയാന്‍ നില്‍ക്കേണ്ട.. ”   മാലു  അവളെ കൊണ്ട്  ആവുന്ന പോലെയൊക്കെ  എന്നെ  ആശ്വസിപ്പിക്കാന്‍   ശ്രമിച്ചു കൊണ്ടിരുന്നു..

                 എത്രയൊക്കെ  ശ്രമിച്ചിട്ടും  എനിക്കു  അതൊക്കെ  ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല..

” എന്തു പറ്റി  പാറൂ… ”

വൈകുന്നേരം   ഉണ്ണിയേട്ടന്‍  വന്നപ്പോഴും കിടക്കുകയായിരുന്ന  എന്നെ തട്ടി വിളിച്ചു… സ്വപ്നലോകത്തില്‍ നിന്നും എന്നപോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു നോക്കിയത് ഉണ്ണിയേട്ടന്‍റെ  മുഖത്താണ്‌.. ഒരു നിമിഷം പകച്ചെങ്കിലും ഉണ്ണിയേട്ടനെ  കെട്ടിപിടിച്ചു  കരയാന്‍ തുടങ്ങി… ..

”  ഡീ..എന്തുപറ്റിയെന്നു പറയ്.. ” അമ്പരന്ന ഉണ്ണിയേട്ടന്‍ എന്റെ  രണ്ടുതോളിലും പിടിച്ചു ഉലച്ചു…

” ഉണ്ണിയേട്ടാ.. ഹോസ്പിറ്റലില്‍  പോയിട്ട്.. ”

” പോയിട്ട് എന്തുപറ്റി.. ” .അമ്പരപ്പ്  ആകാംക്ഷയ്ക്ക്  വഴിമാറി..

”  എനിക്ക്  ആണ്  കുഴപ്പമെന്നു  ഡോക്ടര്‍  പറഞ്ഞു.. ”

മുഖത്തു നോക്കാന്‍  കഴിയാതെ തുണി കൊണ്ട്  മുഖം പൊത്തി ഞാന്‍ പറഞ്ഞു…

കുറച്ചു സമയം  കഴിഞ്ഞിട്ടും   അനക്കം ഒന്നും കേള്‍ക്കാത്തത് കൊണ്ട്  മുഖത്തു നിന്നും  തുണിയെടുത്ത്  ആ മുഖത്തേക്ക്  സൂക്ഷിച്ചു  നോക്കി… വിശ്വസിക്കാനാവാതെ    പതറിയിരിക്കുകയാണ്…ഒട്ടും പ്രതീക്ഷിച്ചിട്ടില്ല..  ആ  ഇരിപ്പ് കൂടി കണ്ടപ്പോള്‍ എനിക്കും സഹിക്കാന്‍  കഴിഞ്ഞില്ല.. എന്റെ  കരച്ചില്  കണ്ടിട്ട്  ഉണ്ണിയേട്ടന്‍ എന്നെ ചേര്‍ത്തു പിടിച്ചു..

”നീ  വിഷമിക്കേണ്ട പാറൂ..നമുക്ക് മറ്റൊരു  ആശുപത്രിയില്‍  കൂടി പോകാം..ഞാനും  വരാം.. ‘ .”’

ഞാന്‍ നിഷേധിച്ചു തലയാട്ടി..

”  ഇനി  ഒരിക്കല്‍  കൂടി ഹോസ്പിറ്റലില്‍  പോയി നാണം കെടാന്‍ വയ്യ  ഉണ്ണിയേട്ടാ…  സത്യം  പറയ് ,ഉണ്ണിയേട്ടന്  എന്നോടു  ദേഷ്യം  തോന്നുന്നുണ്ടോ …?  ഉണ്ണിയേട്ടന്‍  എന്നെ  ഉപേക്ഷിച്ചു  പോകുമോ.. ”  ചങ്കു തകര്‍ന്നാണ്  ചോദിച്ചത്‌..

”  അയ്യേ.. നീ എന്തൊക്കെയാ  പാറു  പറയുന്നത്..ഞാന്‍ നിന്നെ  ഉപേക്ഷിച്ചു  പോകാനോ.. ?  എന്തിന്.. ?  എനിക്ക് ആയിരുന്നു  കുഴപ്പമെങ്കില്‍ നീ എന്നെ  ഉപേക്ഷിച്ചു പോകുമോ.. ?  

പരിഹാരം  ഇല്ലാത്ത പ്രശ്നം  എന്താ ഉള്ളത്…  നമുക്ക്  ട്രീറ്റ്മെന്‍റ് എടുക്കാം. നീ  വിഷമിക്കാതെ..” .ഉണ്ണിയേട്ടന്‍റെ  ഓരോ വാക്കും  എരിയുന്ന മനസ്സിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞുമഴ  പോലെയായിരുന്നു..

                      ദിവസങ്ങള്‍ പിന്നെയും മുന്നോട്ട്  ഓടി  തുടങ്ങി..ഡോക്ടറുടെ ശ്രമിക്കാം  എന്ന  വാക്കും  ഉണ്ണിയേട്ടന്‍റെയും മാലുവിന്റെയും  വാക്കുകളുമായിരുന്നു  ഏക ആശ്വാസം …  മാലുവിന്  ഇതിനിടയ്ക്ക്  പേയിംഗ്  ഗസ്റ്റായി ഒരു  വീട്  കിട്ടിയെങ്കിലും ഞാന്‍ വിടാന്‍ കൂട്ടാക്കിയില്ല .. ആകെ ഒരു ആശ്വാസം  അവളുമായി  സംസാരിക്കുമ്പോഴാണ്.. ഉണ്ണിയേട്ടന്  ഇപ്പൊള്‍  ആകെ തിരക്കായി..പ്രമോഷന്‍ കിട്ടിയതോടെ  ആള്‍  ഓഫീസില്‍  നിന്നും വൈകിയാണ്  എത്തുന്നത്… ഓരോ  മാസവും പ്രതീക്ഷയുടെ  കൊടുമുടി കയറുകയും നിഷ്ക്കരുണം താഴേക്ക്  പതിക്കുകയും ചെയ്യുന്നത്  പതിവായി…ഇടയ്ക്കിടെ  ഹോസ്പിറ്റലില്‍  പോയിരുന്നെങ്കിലും എന്റെ  പ്രതീക്ഷകള്‍  മങ്ങിത്തുടങ്ങിയിരുന്നു… ഒന്നിലും  ശ്രദ്ധ നില്‍ക്കാത്ത  അവസ്ഥ… അതിനേക്കാള്‍ താങ്ങാനാവാത്തത്  ഉണ്ണിയേട്ടന്റെ  രീതികള്‍ ആയിരുന്നു … ഉണ്ണിയേട്ടന്‍  മനപൂര്‍വ്വം അവഗണിക്കുന്നത്  പോലെ…എല്ലാം കൂടി  എന്നെ  മാനസികമായി തളര്‍ത്തി…  ആരോടും ഒന്നും സംസാരിക്കാന്‍  കൂട്ടാക്കാതെ എന്നിലേക്ക്  ഒതുങ്ങിയപ്പോള്‍  എന്റെയും  വീടിന്റെയും ഉണ്ണിയേട്ടന്റെയും കാര്യങ്ങള്‍ നോക്കേണ്ട  ചുമതല  മാലുവിനായി.. ഞാന്‍ ലോംങ്ങ് ലീവെടുത്തു  വീട്ടില്‍  അടച്ചു പൂട്ടിയിരുന്നു..നാട്ടിലേക്ക്  പോകാതെയായി.. അഥവാ പോയാലും വീട്ടില്‍ നിന്നും  പുറത്തേക്ക്  ഇറങ്ങില്ല.. നാട്ടുകാരുടെയും  ബന്ധുക്കളുടെയും വിശേഷം തിരക്കല്‍   ഉണ്ണിയേട്ടന്‍റെ  വീട്ടിലും തുടങ്ങുകയും  പിന്നീട്  അത് കുറ്റപെടുത്തലുകള്‍  ആയതോടെ  അങ്ങോട്ടുള്ള  പോക്കുകള്‍  പൂര്‍ണ്ണമായും    ഒഴിവാക്കി …  അത്യാവശ്യ കാര്യങ്ങള്‍ക്ക് ഉണ്ണിയേട്ടന്‍  പോകുമ്പോള്‍   മാലുവും കൂടെ പോയി  പെട്ടെന്ന് തന്നെ തിരിച്ചു വന്നിരുന്നു

                       പതിയെ പതിയെ  ഉണ്ണിയേട്ടന്‍റെ  പ്രവൃത്തികളില്‍  എനിക്കു സംശയം തോന്നി തുടങ്ങി… എന്തും ഏതും മാലുവിനോട് ചോദിക്കുന്നത്  എനിക്കു സഹിക്കാന്‍ പറ്റിയില്ല..  അത് പറഞ്ഞു  കലഹം  പതിവായി.. ആദ്യമൊക്കെ  എതിര്‍ത്തു  ,എന്നോടു  സംസാരിക്കാന്‍  ശ്രമിച്ച  ഉണ്ണിയേട്ടന്‍  പിന്നെ പിന്നെ മൗനത്തോടെ  പ്രതിരോധിക്കാന്‍ തുടങ്ങി…  കാര്യങ്ങള്‍  എന്റെ  കൈവിട്ടു  പോകുന്നത്  അറിഞ്ഞെങ്കിലും എനിക്കു ഒന്നും ചെയ്യുവാനും കഴിഞ്ഞില്ല.. മാലു  പല തവണ  ഉണ്ണിയേട്ടനുമായി  തെറ്റായ  ഒന്നും ഇല്ലെന്നു  എന്നെ  ബോധ്യപെടുത്തി കൊണ്ടിരുന്നു…  അതൊക്കെ   കേട്ടു കൊണ്ട്  ഇരിക്കുമെങ്കിലും  ഉണ്ണിയേട്ടന്‍റെ  മാറ്റം  എനിക്കു  അംഗീകരിക്കാന്‍   കഴിഞ്ഞില്ല…  കലഹങ്ങള്‍   പതിവായപ്പോള്‍  ഇതിനൊരു  തീരുമാനം  ഉണ്ടാക്കുവാന്‍  ഞാന്‍  ആലോചിച്ചു….  അങ്ങനെയാണ്  ഉണ്ണിയേട്ടനോട്  സംസാരിക്കാന്‍  തീരുമാനിച്ചത്…

  ”  എനിക്കു കുറച്ചു  സംസാരിക്കാന്‍  ഉണ്ട്.. ” .ഓഫീസില്‍  നിന്നും  വന്നു  മുറിയില്‍ ഇരുന്നു  എന്തോ പേപ്പറില്‍  കുത്തിക്കുറിക്കുകയായിരുന്ന  ഉണ്ണിയേട്ടനോട് അത്  പറഞ്ഞപ്പോള്‍   ചോദ്യഭാവത്തില്‍  ഒന്നു നോക്കി.. 

ഒരിക്കല്‍  പ്രണയത്തോടെ   മാത്രം കണ്ടിരുന്ന  ഉണ്ണിയേട്ടന്റെ  മുഖത്തേക്ക്  നിസംഗ്ഗതയോടെ നോക്കി  ഞാന്‍ നിന്നു…ഞങ്ങള്‍ക്ക്   ഇടയില്‍  വാക്കുകള്‍  അന്യമായത് ഞാന്‍  അറിഞ്ഞു…..

  ”   കാര്യം  പറയൂ….”

” ഇപ്പോഴല്ല.. നാളെ എന്നെയൊന്ന്  പുറത്തു  കൊണ്ടു പോകുമോ…  അപ്പോള്‍   പറയാം..നമ്മള്‍  രണ്ടുപേരും  മാത്രം കേള്‍ക്കേണ്ടതും  തീരുമാനിക്കേണ്ടതുമാണ്…. നാളെ  ഉണ്ണിയേട്ടന്  ലീവല്ലേ..നമുക്ക് ബീച്ചില്‍ പോകാം..  ” 

          അതേ നിസ്സംഗതയോടെയാണ്  സംസാരിച്ചത്….

  ഒരു മൂളലോടെ തിരിഞ്ഞിരുന്നു…

   അടുത്ത  ദിവസം  ഉണ്ണിയേട്ടനുമായി  പുറത്തു  പോകുകയാണെന്നു  പറഞ്ഞപ്പോള്‍   മാലുവും ഒപ്പം  വരാന്‍ ഒരുങ്ങി… 

”  എനിക്ക്  ഉണ്ണിയേട്ടനുമായി  കുറച്ചു  തനിച്ചു സംസാരിക്കണം…  ഈ  അന്തരീക്ഷത്തില്‍ നിന്നും  ഒന്നു  മാറി നില്‍ക്കണം  പെട്ടെന്നു  വരാം..  ”   മാലുവിനെ  തടഞ്ഞു കൊണ്ട്  ഞാന്‍  പറഞ്ഞു..

ഉണ്ണിയേട്ടന്‍  കാറ്  ഇറക്കിയപ്പോഴേക്കും ഞാന്‍ ചെന്നു  വണ്ടിയില്‍ കയറി…

” മാലു   വരുന്നില്ലേ…” 

”  ഇല്ല.. ”  ഉണ്ണിയേട്ടന്‍റെ ചോദ്യത്തോടുള്ള  അതൃപ്തിയോടെ ഞാന്‍  പറഞ്ഞു

             യാത്രയില്‍  രണ്ടൂപേരും മൗനത്തിലായിരുന്നു.. മുന്‍പു  ഒരുമിച്ചുള്ള  യാത്രയെ പറ്റി ഓര്‍ത്തപ്പോള്‍   അറിയാതെ  കണ്ണുകള്‍  നിറഞ്ഞു…  അവധി ദിവസം  ആയതുകൊണ്ട് ബീച്ചില്‍  അത്യാവശ്യം തിരക്ക്  ഉണ്ടായിരുന്നു … ഒഴിഞ്ഞ  ഒരൂ കോണില്‍ മാറി ഞങ്ങള്‍ ഇരുന്നു… ചെറിയ കുട്ടികള്‍  മണല്‍പ്പുറത്തു കൂടി  ഓടി നടക്കുന്നത്  കൗതുകത്തോടെ  ഞാന്‍ നോക്കിയിരിക്കുമ്പോഴാണ്  ഉണ്ണിയേട്ടന്റെ  കണ്ണുകളും  അങ്ങോട്ടേയ്ക്ക്  ആണെന്നു ഞാന്‍ ശ്രദ്ധിച്ചത്….. അത് കണ്ടപ്പോള്‍  എനിക്കു വേദന  തോന്നി…

” എന്താ പാറു  നീ  സംസാരിക്കാന്‍ ഉണ്ടെന്നു  പറഞ്ഞത്… ”  ഏറെ നാളുകള്‍ക്ക്  ശേഷമായിരുന്നു  ഉണ്ണിയേട്ടന്‍  എന്റെ  പേര്  വിളിച്ചത്…  നോട്ടം  ദൂരേയ്ക്ക് അയച്ചു  കൊണ്ട്   ഞാന്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു…..

 

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!