” എന്താ പാറു നീ സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞത്…” ഏറെ നാളുകള്‍ക്ക് ശേഷമായിരുന്നു ഉണ്ണിയേട്ടന്‍ എന്റെ പേര് വിളിച്ചത്…നോട്ടം ദൂരേയ്ക്ക് അയച്ചു കൊണ്ട് ഞാനൊരു ദീര്‍ഘ നിശ്വാസമെടുത്തു….
” നമ്മളൊന്നു അടുത്തിരുന്നു സംസാരിച്ചിട്ട് ഒരുപാട് നാളുകളായി ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടന്റെ തിരക്കുകള്‍… എന്റെ വട്ടുകള്‍ .. ” ഞാന്‍ ആ മുഖത്തേക്ക് പാളിയൊന്നു നോക്കി…
വിവിധഭാവങ്ങള്‍ അവിടെ മിന്നിമാഞ്ഞു പോയി… ഉണ്ണിയേട്ടന്‍ ഒരുപാട് മാറിപ്പോയതുപോലെ…. അതോ താന്‍ കുറേനാളായി ആ മുഖത്തേക്ക് ശ്രദ്ധിക്കാത്തത് കൊണ്ട് തോന്നുന്നതാണോ…. കുട്ടിക്കാലം മുതല്‍ ഉള്ളിലുള്ള ആ രൂപം മാറുമോ.. മനസ്സാകുന്ന ചിലന്തി ചിന്തകളുടെ വലകള്‍ നെയ്തു കൊണ്ടിരുന്നു …
” നീയെന്താ പാറൂ ഇങ്ങനെ നോക്കുന്നത്…” .എന്റെ കൈകളില്‍ കൈ കോര്‍ത്തു കൊണ്ടാണ് ഉണ്ണിയേട്ടന്‍ ചോദിച്ചത്…
” ഉണ്ണിയേട്ടന്‍ ഒരുപാട് മാറിപ്പോയി… ചിലപ്പോള്‍ എന്റെ തോന്നലായിരിക്കും.. അല്ലേ ഉണ്ണിയേട്ടാ… ”.പ്രതീക്ഷയോടെ നോക്കി…
” നിന്റെ തോന്നല് ,മാത്രമല്ല പാറൂ.. എനിക്കും മാറ്റം വന്നു.. തിരക്കുകളും വീട്ടിലെ കലഹവും എല്ലാം എന്നെ മാറ്റി എന്നതാണ് ശരി.. ”ഉണ്ണിയേട്ടന്‍ എങ്ങോട്ടാണ് പറഞ്ഞു കയറുന്നതെന്ന് ഒരു നിമിഷം ഞാന്‍ ആശങ്കപെട്ടു… ഒരുപക്ഷേ ഞാന്‍ പറയാന്‍ വന്നതും ഉണ്ണിയേട്ടന്‍ പറയാന്‍ പോകുന്നതും ഒന്നായിരിക്കാം… എങ്കിലും ഉണ്ണിയേട്ടന്റേ നാവില്‍ നിന്നും അത് കേള്‍ക്കാന്‍ വയ്യ…
” ഉണ്ണിയേട്ടാ.. ഞാന്‍ പറയുന്നത് ഒന്നു കേള്‍ക്കൂ… ” കണ്ണുകള്‍ ഇറുകി അടച്ചു കൊണ്ട് ഇടറിയ ശബ്ദത്തില്‍ എന്നാലോ ഉറപ്പോടെ പറഞ്ഞു..
” നീ പറയ് പാറൂ… അതിനല്ലെ നമ്മള്‍ ഇവിടേയ്ക്ക് വന്നത്.. ”
” കാര്യങ്ങള്‍ ഉണ്ണിയേട്ടനു അറിയാമല്ലോ… കല്യാണം കഴിഞ്ഞു ഇപ്പോള്‍ നാല് വര്‍ഷത്തോളമായി … ഇനി കുഞ്ഞ് എന്നൊരു പ്രതീക്ഷ എനിക്കില്ല.. ചികിത്സകള്‍ ചെയ്തിട്ടും ഇതുവരെയും പ്രയോജനവുമില്ലല്ലോ… ”’ കണ്ണീരിന്റെ നനവോടെയാണ് പറഞ്ഞത്…
” പാറൂ.. നമുക്ക് മറ്റൊരു ഹോസ്പിറ്റലില്‍ പോകാമെന്നു എത്ര തവണ പറഞ്ഞു.. നീയല്ലേ സമ്മതിക്കാത്തത്…. നീ അത് മാത്രം ഓര്‍ത്തു വിഷമിച്ചു നമ്മുടെ എത്ര നല്ല സമയങ്ങളാണ് പാഴാക്കുന്നത്… എന്റെ തിരക്കുകളില്‍ നിന്നെ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ലായിരിക്കാം… എന്നു കരുതി നിന്നെ വേണ്ട എന്നാണോ അതിന് അര്‍ത്ഥം… നീ എന്തൊക്കെയാണ് പാറൂ ചിന്തിച്ചു കൂട്ടുന്നത്… ” ഉണ്ണിയേട്ടന്റെ വാക്കുകള്‍ എന്റെയുള്ളിലെ കനലിനെ ഒന്നു കൂടി ഊതിക്കത്തിച്ചതേയുള്ളു…
” മറ്റൊരു ഹോസ്പിറ്റലില്‍ പോകാമെന്ന് ഉണ്ണിയേട്ടന്‍ പറഞ്ഞു .. ശരിയാണ്.. പക്ഷേ ഒരു സ്ത്രീയുടെ മുഖത്തു നോക്കി കുഞ്ഞുങ്ങള്‍ ഉണ്ടാകില്ലെന്നു പറയുന്നത് സഹിക്കേണ്ടി വരുന്ന അവരുടെ മാനസികാവസ്ഥ എന്തായിരിക്കുമെന്ന് ഉണ്ണിയേട്ടന് ഊഹിക്കാന്‍ കഴിയുമോ..
ഞാന്‍ ഇനിയും മറ്റൊരു ഡോക്ടറിന് മുന്നിലൂം പോയി അപമാനിതയായി തല കുനിച്ചു ഇരിക്കണമെന്നാണോ ഉണ്ണിയേട്ടന്‍ പറയുന്നത്… എനിക്കു അതിന് കഴിയില്ല… ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടറെ പറ്റി എല്ലാവര്‍ക്കും നല്ല അഭിപ്രായം ആണെല്ലോ.. അപ്പോള്‍ ഹോസ്പിറ്റലിനെയോ ഡോക്ടറെയോ കുറ്റം പറയേണ്ട..
കുറ്റം എന്റെ തന്നെയാണ്.. അതുകൊണ്ട് ഞാന്‍ ചില കാര്യങ്ങള്‍ തീരുമാനിച്ചു… ”
ഉണ്ണിയേട്ടന്‍ ചോദ്യഭാവത്തില്‍ എന്നെയൊന്നു നോക്കി… എന്റെ നോട്ടം കടലിലേക്ക് ആയിരുന്നു … വളരെ ശക്തമായി ആര്‍ത്തലച്ചു വരുന്ന ഓരോ തിരയും തീരത്തേക്ക് അലറിപ്പാഞ്ഞൂ കയറി നിരാശയോടെ മടങ്ങുന്നു… വീണ്ടും ശക്തമായി തിരികെ വരുന്നു…
വീണ്ടും നിരാശ… ഇതുപോലെ ഒരു കടല്‍ നെഞ്ചിലേറിയിട്ട് വര്‍ഷങ്ങളായി.. നിരാശയോടെ മടങ്ങാന്‍ വെമ്പി നില്‍ക്കുന്ന ഒരു വസന്തകാലവും…
” എനിക്കു ഡിവോഴ്സ് വേണം… എന്റെ കുറ്റത്തിന് ഉണ്ണിയേട്ടന്‍ ശിക്ഷ അനുഭവിക്കേണ്ട കാര്യമില്ലല്ലോ… ഉണ്ണിയേട്ടന്‍ മാലുവിനെ കല്യാണം കഴിക്കണം… ഒരിക്കല്‍ അവള്‍ ആഗ്രഹിച്ചത് ഞാന്‍ പിടിച്ചെടുത്തതിന്റെ ശിക്ഷ ആയിരിക്കാം ഇപ്പോള്‍ അനുഭവിക്കുന്നത്. .. അവളും വിവാഹം കഴിക്കാതെ നില്‍ക്കുകയല്ലേ… എനിക്കു ആരുടെയും ജീവിതം തകര്‍ക്കാന്‍ വയ്യ.. എന്റെ ജീവിതം ഇനി ഒറ്റയ്ക്ക് മതിയെന്നാണ് തീരുമാനം … ഞാന്‍ അച്ഛനോടും അമ്മയോടും കാര്യങ്ങള്‍ പറഞ്ഞു.. അവര്‍ എതിരൊന്നും പറഞ്ഞില്ല.. ഞാന്‍ മാറി താമസിക്കാം.. മാലുവിന്റെ വീട്ടിലും സംസാരിക്കാം… ”
തിടുക്കത്തിലാണ് പറഞ്ഞത്.. പറയുന്നതിനിടയില്‍ എവിടെയെങ്കിലും നിലവിളി വാക്കുകളെ വിഴുങ്ങുമോയെന്നു ഞാന്‍ വല്ലാതെ ഭയപെട്ടു…. ഒരുവിധം പറഞ്ഞു അവസാനിപ്പിച്ചു ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോട്ടം അയച്ചു…
” ഇതു മാത്രമാണോ ഇതിനൂള്ള പരിഹാരം… ? ”
ഞാന്‍ മൗനം പാലിച്ചു…
” ഇത് നീ നന്നായി ആലോചിച്ചു എടുത്ത അവസാന തീരുമാനം ആണോ.. ? ”
ആ വാക്കുകളുടെ തീക്ഷ്ണത എന്നെ ഭയപെടുത്തുവാന്‍ പോരുന്നതായിരുന്നു…
” അതേ… ”
” ശരി.. വാ പോകാം.. ”
ഉണ്ണിയേട്ടന്റെ ആ പ്രതികരണം എന്നില്‍ വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കി… ഉണ്ണിയേട്ടന്‍ ഇതിനെ എതിര്‍ക്കുമെന്നും എന്നെ ചേര്‍ത്തു പിടിക്കുമെന്നും വെറുതെ ആശിച്ചിരുന്നു.. മടക്കയാത്ര വളരെ വേഗതയില്‍ ആയിരുന്നു .. ഉണ്ണിയേട്ടന് വല്ലാത്ത തിടുക്കം അനുഭവപെട്ടു…
മടങ്ങിയെത്തിയ ഉടനെ കിടക്കയിലേക്ക് വീണു… മാലു പിന്നാലെ എത്തിയെങ്കിലും മറുപടി പറയാന്‍ പോയില്ല… ഒന്നു രണ്ടുദിവസം കൂടി ഉണ്ണിയേട്ടന്റെ പ്രതികരണം പ്രതീക്ഷിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം…. ഒടുവില്‍ മാലുവിനോട് സംസാരിക്കാന്‍ തീരുമാനിച്ചു…
” എനിക്കു നിന്നോട് സംസാരിക്കാന്‍ ഉണ്ട്. ” അടുക്കളയില്‍ ധൃതിയില്‍ എന്തോ ചെയ്യുകയായിരുന്ന മാലുവിനോട് പിന്നിലൂടെ ചെന്നു പറഞ്ഞു
” നീ പറയെടീ.. ”
” ഞാനും ഉണ്ണിയേട്ടനും ഡിവോഴ്സ് ചെയ്യാന്‍ തീരുമാനിച്ചു … ” അവള്‍ ഞെട്ടലോടെ നോക്കി.
” ഒരു കുഞ്ഞ് എന്ന പ്രതീക്ഷയില്ലാതെ ഉണ്ണിയേട്ടന്റെ ജീവിതം എന്നിലേക്ക് തളച്ചിടാന്‍ വയ്യ… അതുകൊണ്ട് എത്രയും നേരത്തെ വേര്‍പിരിയാമെന്നു കരുതുന്നു… ”
” നീ നന്നായി ആലോചിച്ചോ.. ” അവള്‍ തോളേല്‍ കൈ വെച്ചു.
” ആലോചിച്ചു .. ഉണ്ണിയേട്ടനോടും സംസാരിച്ചു.. അദ്ദേഹത്തിനും സമ്മതമാണ്…
നിന്നോട് പറയാനുള്ളത്… ” ബാക്കി പറയാതെ ഒരു നിമിഷം മടിച്ചു…
”എന്താടീ.. എന്ത് ആണെങ്കിലും നീ ധൈര്യായി പറഞ്ഞോളൂ… ”
” അത്..നിനക്ക് ഉണ്ണിയേട്ടനെ ഇഷ്ടമായിരുന്നില്ലേ… ഇപ്പോള്‍ വരുന്ന കല്യാണാലോചനകള്‍ ഒന്നും നിനക്ക് ഇഷ്ടപെടുന്നുമില്ല. അതുകൊണ്ട് ഉണ്ണിയേട്ടനെ നിനക്ക് കല്യാണം കഴിച്ചു കൂടെ…. നീ പറഞ്ഞാല്‍ നിന്റെ അച്ഛനും അമ്മയും ഏട്ടനും കേള്‍ക്കും .. ഉണ്ണിയേട്ടനെയും അവര്‍ക്ക് ചെറുപ്പം മുതല്‍ അറിയുന്നതല്ലേ. ” താഴേക്ക് നോക്കിയാണ് അത്രയും സംസാരിച്ചത്..
” നീ ഒന്നും പറഞ്ഞില്ലല്ലോ.. ”
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ഞാന്‍ തന്നെ സംസാരിച്ചു…..
” നീ എന്തൊക്കെയാ പാറു പറയുന്നത്…. ഉണ്ണിയേട്ടനെ മുന്‍പ് ഇഷ്ടമായിരുന്നു….
അതിന്.. ?
അതൊക്കെ ഞാന്‍ അന്നെ മറന്നതാണ്… നീ വെറുതെ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട… ” എതിര്‍പ്പാണെങ്കിലും ദുര്‍ബലമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു…
” നീ മറന്നെങ്കില്‍ മറ്റൊരു വിവാഹം കഴിക്കു… ഞാനൊന്നു കാണട്ടെ… ” എന്റെ വെല്ലുവിളി കേട്ട് അവള്‍ താഴേക്ക് നോട്ടം മാറ്റി കളഞ്ഞു….
മണിക്കൂറും ദിവസങ്ങളും കടന്നു പോയി… അപരിചിതായ മൂന്നു പേര്‍ ഒരു മേല്‍ക്കൂരയ്ക്ക് താഴേ…..
ഒരു ദിവസം ഓഫീസില്‍ പോകാന്‍ ഇറങ്ങിയ ഉണ്ണിയേട്ടന്റെ പിന്നാലെ ചെന്നു ഒന്നു മുരടനക്കി..
ഉണ്ണിയേട്ടന്‍ തിരിഞ്ഞു നിന്നെങ്കിലും മുഖത്ത് നോക്കിയില്ല..
” വക്കീലിനെ കാണണം… ” പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞതു കേട്ട് തിരിഞ്ഞു നടന്നു..
ആ ആഴ്ച തന്നെ വക്കീലിനെ കണ്ടു ജോയിന്റ് പെറ്റീഷന്‍ കൊടുത്തു… അടുത്ത ദിവസം തന്നെ ഞാനും മാലുവും മറ്റൊരു വീട്ടിലേക്ക് താമസം മാറി… പക്ഷേ പിന്നീടുള്ള കാര്യങ്ങള്‍ വിചാരിച്ചതു പോലെ എളുപ്പം ആയിരുന്നില്ല…. മനസ് വല്ലാതെ കൈവിട്ടു പോകുന്നത് പോലെ ജീവിതം നിരാശയില്‍ മുങ്ങി… തിരിച്ചു വരാനാകാത്ത ഇരുളിലേക്ക് മനസ് യാത്ര തുടങ്ങിയപ്പോഴാണ് ലീവ് ക്യാന്‍സല്‍ ചെയ്തു വീണ്ടും ജോലിക്ക് പോകാന്‍ തുടങ്ങിയത്… ഇതിനിടയ്ക്ക് മാലു വീട്ടുകാരോട് സംസാരിച്ചു കാര്യങ്ങള്‍ ശരിയാക്കുന്നുണ്ടായിരുന്നു.. ഞാനതൊന്നും ശ്രദ്ധിക്കാന്‍ പോയില്ല.. അമ്മയ്ക്ക് ഈ വിവരം അറിഞ്ഞതില്‍ പിന്നെ തീരെ വയ്യാതെയായി… ആ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ മനസ് മടിച്ചു.. എന്റെ നിര്‍ബന്ധപ്രകാരം അമ്മയെ ഇവിടുത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.. ജോലിയും ഹോസ്പിറ്റലിലും എല്ലാമായി എന്റെ ചിന്തകളെ ഒതുക്കി നിര്‍ത്തി…
ഒടുവില്‍ കോടതി മുറിയില്‍ ഡിവോഴ്സിന് സമ്മതമാണെന്നു പറയുമ്പോള്‍ ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കി.. എന്റെ നോട്ടം എത്തിയതും പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി കളഞ്ഞു… എന്നോട് ഇത്രയധികം വെറുപ്പായോ എന്ന് ഓര്‍ത്തു നെഞ്ചു വിങ്ങി..
മാലുവിന്റെ വീട്ടുകാര്‍ക്ക് പ്രത്യേകിച്ചും എതിര്‍പ്പ് ഒന്നും ഇല്ലാത്തത് കൊണ്ട് ഉണ്ണിയേട്ടനും മാലുവുമായുള്ള കല്യാണം തീരുമാനം ആയി.. അതോടു കൂടി ലോംങ്ങ് ലീവെടുത്തു മാലു നാട്ടിലേക്ക് മടങ്ങി….. തുടര്‍ന്നുള്ള ദിനങ്ങള്‍ പരീക്ഷണങ്ങളുടേതായിരുന്നു… നഷ്ടങ്ങള്‍ മനോഹരമാക്കുന്ന ഇഷ്ടങ്ങളുടെ തീവ്രത അറിഞ്ഞ ദിനങ്ങള്‍ .. മറ്റൊന്നും പ്രതീക്ഷിക്കാനില്ലാത്ത ജീവിതത്തില്‍ അവസാന കച്ചിത്തുരുമ്പും തല്ലിക്കൊഴിച്ചവളുടെ നൊമ്പരം .. അതിനിടയ്ക്ക് വേദനകള്‍ കൂടുതല്‍ താങ്ങാനാവാതെ അമ്മ ഞങ്ങളെ വിട്ടു പോയി… അമ്മയുടെ അവസാന ചടങ്ങുകള്‍ എത്തിയ ഉണ്ണിയേട്ടന്‍ വെറുതെ എങ്കിലും എന്റെ അടുത്തേക്ക് വരുമെന്ന് ഞാന്‍ ആശിച്ചു..ചടങ്ങുകള്‍ക്ക് ആദ്യാവസാനം നിന്ന ശേഷം ഒരു നോട്ടം പോലും തരാതെ പോയപ്പോള്‍ ഉണ്ണിയേട്ടന്‍ ഒരു അന്യ വ്യക്തി ആണെന്നു ഞാന്‍ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. നാട്ടിലെ വീടും വസ്തുക്കളും വിറ്റു കിട്ടിയ തുക അച്ഛന്‍ ബാങ്കിലിട്ടു എന്നോടൊപ്പം പോന്നു… ആ നാട്ടിലേക്ക് ഇനിയൊരിക്കലും മടങ്ങില്ലെന്നു ഞാന്‍ മനസ്സാല്‍ ഉറപ്പിച്ചു…
മാലുവിന്റെയും ഉണ്ണിയേട്ടന്റെയും കല്യാണദിവസം കുറിച്ചെന്ന് അവള്‍ വിളിച്ചു പറഞ്ഞു…… ചെല്ലാനാകാത്തവളെ കല്യാണം വിളിക്കേണ്ട കാര്യമില്ലല്ലോ….. ആ ദിവസത്തേക്കുള്ള നീളം വളരെ കൂടുതല്‍ പോലെ തോന്നി… ക്ലോക്കിലെ സൂചികള്‍ മുന്നോട്ട് പോകുമ്പോള്‍ ഭയമെന്നെ പൊതിഞ്ഞു… സ്വന്തമല്ലെങ്കിലും സ്വന്തമായതോന്ന് എന്നെന്നേക്കുമായി കൈ വിട്ടു പോകുന്നത് പോലെ…. മനസ് ഒരിടത്തും ഉറയ്ക്കുന്നില്ല… ചെയ്ത ജോലികള്‍ തന്നെ വീണ്ടും വീണ്ടും ചെയ്തു..ഒരേ കാര്യങ്ങള്‍ അച്ഛനോട് പല തവണ പറഞ്ഞു.. അച്ഛന്‍ ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു… അല്ലെങ്കിലും എനിക്കു ആശ്വാസം തരാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു….
ആ ദിവസത്തോട് അടുക്കുമ്പോള്‍ എനിക്കു ചുറ്റുമുള്ള അഗ്നി കൂടി വന്നു..എന്നെ ദഹിപ്പിക്കാനുള്ള ചൂട്..ഒരു വേള ആ ദിവസം അറിയേണ്ടിയിരുന്നില്ലെന്ന് തോന്നി.. ഒന്നും അറിയാതെ അതങ്ങ് കഴിഞ്ഞു പോയാല്‍ മതിയാരുന്നു …
വിവാഹത്തിന്റെ തലേന്ന് സന്ധ്യ മുതല്‍ സ്വസ്ഥത ഇല്ലാതെ വീട്ടിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി…
ഇടയ്ക്ക് അച്ഛന്‍ അങ്ങോട്ടു വന്നു…
” മോളേ നിന്നെ കാണാന്‍ വന്നിരിക്കുന്നു…”
” ആരാ അച്ഛാ.,. ” അസ്വസ്ഥതയോടെ ആണ് ചോദിച്ചത്….
” നീ ചെന്നു നോക്കിയേ… ”
അച്ഛന്‍ അകത്തേക്ക് പോയി…
ഞാന്‍ വരാന്തയിലേക്ക് ചെന്നപ്പോള്‍ അവിടെ ഉണ്ണിയേട്ടന് …
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Adipoli story…