മുടിയൊന്നു ഒതുക്കി താഴെക്കിറങ്ങുമ്പോൾ എന്നെ കാത്തിരിക്കുന്നവരെ കണ്ടു കാലുകൾ അവിടെ തന്നെ തറഞ്ഞു നിന്നു…
“ദേവേട്ടന്റെ അമ്മയും അച്ചു ചേച്ചിയും എന്റെ അമ്മുവും…
ഞാൻ അവിടെ തന്നെ നിന്നതുകൊണ്ടാവും അമ്മ എണീറ്റു എന്റെ അടുക്കലേക്കു നടന്നു..
അറിഞ്ഞിരുന്നില്ല മോളെ അമ്മ ഒന്നും.. എന്റെ ആദിയുടെ ജീവിതത്തിൽ ഇത്രയേറെ നടന്നിട്ടുണ്ടെന്നു ആരും എന്നോട് പറഞ്ഞിരുന്നില്ല… അറിഞ്ഞിരുന്നെങ്കിൽ നിന്നെ ചേർത്തു പിടിച്ചേനെ…
നിന്റെ മോളെ നിന്നിലേക്ക് തന്നെ ചേർത്തു വച്ചേനെ …
ഇതിൽ ഇപ്പൊ അമ്മ എന്താ ചെയ്യുക മോളെ നിനക്ക് വേണ്ടി.. അമ്മയ്ക്ക് അറിയില്ല ഒന്നും…
അമ്മയുടെ നെഞ്ചോട് ചേർന്നു നിന്നു ഉള്ളിലുള്ള സങ്കടം ഒഴുക്കി കളയുമ്പോൾ.. വർഷങ്ങൾക്കു ശേഷം ഒരമ്മയുടെ കരുതൽ അറിയുകയായിരുന്നു.
അച്ചുവേച്ചി വന്നു അമ്മയിൽ നിന്നും അടർത്തി മാറ്റിയപ്പോളാണ് മാറിയത്..
മാളു.. അജു പറഞ്ഞു.. നീ ഹോസ്പിറ്റലിൽ നിന്നും വന്നതിനു ശേഷം ആ മുറിയിൽ നിന്നും പുറത്തിറങ്ങാറില്ലന്ന്.. നീ വീണ്ടും പഴയതു പോലെ ആവാനാണോ ഉദ്ദേശം..
ജീവിതം പലപ്പോഴും ഇങ്ങനെയാണ്… നമ്മൾ അതുമായി പൊരുത്തപ്പെട്ടെ പറ്റുള്ളൂ.. അമ്മുനെ കുറിച്ച് ഓർക്കാറില്ലേ മോളെ നീ. ആ കുഞ്ഞു എന്തു തെറ്റാ ചെയ്തെ… ആദി ചെയ്തത് തെറ്റാണു പക്ഷെ അവൻ ഒന്നും അറിഞ്ഞോണ്ടല്ലല്ലോ മോളെ..നീ അവനെ ശപിക്കരുത്. അവനു വേണ്ടി ഈ ചേച്ചി നിന്നോട് ക്ഷമ ചോദിക്കുന്നു…
“അരുത് ചേച്ചി.. ഞാൻ. ഞാൻ അങ്ങനെ ഒരിക്കലും ദേവേട്ടനെ കുറ്റപെടുത്തിയിട്ടില്ല… ശപിച്ചിട്ടില്ല.. അതിനൊരിക്കലും കഴിയേം ഇല്ല … എന്നെങ്കിലും എന്നെ തിരിച്ചറിയുന്ന ആ നിമിഷത്തിനായാണ് ഞാൻ കാത്തിരിക്കുന്നതു …
എല്ലാം ശെരിയാവും മോളെ.. ഈശ്വൻ എന്റെ കുട്ടികളെ കൈവിടില്ല…
അജുവേട്ടനോടൊപ്പം പുറത്തായിരുന്ന അമ്മു മോള് അകത്തേക്ക് വന്നതും അവളെ വാരിയെടുത്തു നെഞ്ചോടു ചേർത്തു ഉമ്മകൾ കൊണ്ട് മൂടിയിരുന്നു…
മാളൂട്ടി.. മാളൂട്ടി എന്റെ അമ്മയാണോ….
അവളുടെ നിഷ്കളങ്കമായ ചോദ്യം കേട്ടതും അതെന്റെ ഹൃദയത്തിലായിരുന്നു കൊണ്ടത്..
എന്റെ പൊന്നുമോളെ…….
അവളെ എന്റെ നെഞ്ചോട് ചേർത്തുപിടിക്കുമ്പോൾ അവൾക്കായി എന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു… ഞാൻ അറിയാതെ തന്നെ എന്നിൽ അമൃതു ചുരത്തുന്നുണ്ടായിരുന്നു…
****************************************
ടാ ആദി… ഇന്ന് നീ മടങ്ങുവാണു നിന്റെ ജീവിതത്തിലേക്കു…. നിന്നെ സ്നേഹിക്കുന്നവർക്കിടയിലേക്ക്..
ശ്യാമിന്റെ മുന്നിൽ ഇരുന്നു അവന്റെ വാക്കുകൾക്ക് ചെവിയോർക്കുമ്പോൾ.. കൗൺസിലിംഗ് സമയത്തു ഡോക്ടർ എന്നോട് പറഞ്ഞ കാര്യങ്ങൾ എന്റെ മനസിൽ അലയടിക്കുന്നുണ്ടായിരുന്നു…
ടാ… ആദി നീ കേൾക്കുന്നുണ്ടോ, ഞാൻ പറയുന്നത്…
ആ… ശ്യാം പറഞ്ഞോ കേൾക്കുന്നുണ്ട്…
നീ കഴിഞ്ഞതൊന്നും ഓർത്തു വിഷമിക്കണ്ട.. ഒന്നും നിന്റെ തെറ്റുകൊണ്ടല്ല.. എല്ലാരും പറഞ്ഞു ആശ്വാസം കണ്ടെത്തുന്ന ആ രണ്ടുവാക്കിൽ തന്നെ നമുക്ക് ഇവിടെയും ആശ്വാസം കണ്ടെത്താം … വിധി.. അതെ എല്ലാം വിധിയാണ് ആദി…
അജുവും ജിത്തുവും ഇപ്പോ വരും നിന്നെ കൂട്ടാൻ… ഇനിയും നീ കാരണം ആരും വിഷമിക്കേണ്ടി വരരുത് … നിന്റെ പ്രണയത്തെ നിന്നോട് ചേർത്തു
സന്തോഷായിട്ട് ജീവിക്കു…
മ്….
ദൂരെ നിന്നു വരുന്ന ജിത്തൂനെയും അജുനെയും കണ്ടു എന്റെ കാഴ്ച മങ്ങുന്നുണ്ട്. കണ്ണുകൾ നിറഞ്ഞു അവരുടെ രൂപത്തെ എന്നിൽ നിന്നും മറയ്ക്കുന്നുണ്ട്…
ആദി…
അജുന്റെ ഇടറിയ വിളി കേട്ടതും…. അവനു നേരെ കൈകൾ കൂപ്പി നിന്നു…
എന്നോട്.. എന്നോട് ക്ഷമിക്കട.. ഞാൻ ഒന്നും അറിഞ്ഞോണ്ടല്ല.. .
അയ്യേ എന്താടാ ഇത്…. എനിക്ക് നിന്നെ അറിയില്ലേ…. എന്നോട് എന്തിനാ ക്ഷമ ചോദിക്കുന്നെ….
എന്തിനാടാ നീയൊക്കെ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്.. നിങ്ങളെ പോലെ രണ്ടുപേരെ കിട്ടാനുള്ള പുണ്യം ഞാൻ ജീവിതത്തിൽ ചെയ്തിട്ടുണ്ടാവോ…
അയ്യേ ദേ അജു ഇവൻ സെന്റി അടിക്കുന്നു… ഒന്ന് പോടാ കോപ്പേ..
അത് പറയുന്ന ജിത്തൂനെ ചെന്നു കെട്ടിപിടിക്കുമ്പോളേക്കും അജുവും വന്നു കെട്ടിപിടിച്ചിരുന്നു… വീണ്ടും ഞങ്ങൾ ആ ബാല്യത്തിലെ കുരുന്നുകളാവാൻ മോഹിച്ചു..
സൗഹൃദം… അത്രമേൽ കളങ്കമില്ലാത്ത ഒന്ന് ലോകത്ത് വേറെ ഉണ്ടാവില്ല…
പ്രണയവും രക്തബന്ധങ്ങളും എല്ലാം പലപ്പോഴും പലതിനും അതിർവരമ്പുകൾ നിശ്ചയിക്കുമ്പോൾ ..
അതിർവരമ്പുകൾ ഒന്നുമില്ലാതെ, ഒന്നും പ്രതീക്ഷിക്കാതെയുള്ള കറകളഞ്ഞ സൗഹൃദങ്ങൾ എന്നും അനുഗ്രഹമാണ്….
അജുവിനും ജിത്തുവിനും ഒപ്പം വീട്ടിലേക്കു കേറുമ്പോൾ എനിക്കായി കാത്തു നിൽക്കുന്ന അമ്മു മോളെ കണ്ടു നെഞ്ച് പിടഞ്ഞുപോയി…
ഇത്രയും വർഷം കണ്ണു മുന്നിൽ ഉണ്ടായിട്ടും തിരിച്ചറിയാതെ പോയ നിധി..
മോളെ വാരിയെടുത്തു മുത്തങ്ങൾ കൊണ്ട് മൂടുമ്പോൾ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ കവിളിലോട്ട് ഒഴുകുകയായിരുന്നു…
അറിയാതെ അച്ഛനാവുക. കണ്ണുമുന്നിൽ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ തിരിച്ചറിയാതെ പോവുക..
ഓർക്കുമ്പോൾ തന്നെ നെഞ്ചോക്കെ കുത്തി കീറുന്നുണ്ട്.. ഇടനെഞ്ചു പൊട്ടുന്നുണ്ട്…
അച്ഛാ.. എന്തിനാ കരയണേ.. ഉവ്വാവ് മാറിയില്ലേ… അമ്മുട്ടി അമ്പോട്ടിയോട് പാർഥിച്ചല്ലോ.. ഉവ്വാവ് മാറാൻ…
“അച്ചയ്ക്ക് ഒന്നുല്ലടാ.. ഉവ്വാവെല്ലം മാറീട്ടോ.. കണ്ണുനീർ തുടച്ചുകൊണ്ട് മോളുടെ കവിളിൽ ചുണ്ടുകൾ അമർത്തി.
അച്ഛേ മാളൂട്ടി ആണോ എന്റെ അമ്മ.. അമ്മൂമ്മ പറഞ്ഞല്ലോ.. അച്ചുവമ്മേം പറഞ്ഞല്ലോ… ആണോ അച്ഛേ…
മോളുടെ ചോദ്യങ്ങൾക്കു അവളെ ചേർത്തു പിടിച്ചു കരയാൻ മാത്രമേ കഴിഞ്ഞുള്ളു…
മോനെ ആദി. എന്താ ഇത് മോളെ കൂടി വിഷമിപ്പിക്കല്ലേടാ…
അമ്മ വന്നു തോളിൽ പിടിച്ചതും അമ്മയുടെ നെഞ്ചിൽ ചേർന്നു കരയുമ്പോൾ ഞാൻ വെറും പത്തുവയസുകാരൻ ആയതുപോലെ തോന്നി…
അമ്മയുടെ കൈകൾ മുടിയിലായി തഴുകുന്നുണ്ടായിരുന്നു…
ഞാൻ കരയുന്നത് കണ്ടാവും മോളും കരഞ്ഞു തുടങ്ങി…
അച്ഛേ കരയല്ലേ അച്ഛേ…..
ഇല്ലടാ പൊന്നെ അച്ഛൻ കരയുന്നില്ലല്ലോ.. നോക്കിയേ…
കണ്ണുനീർ തുടച്ചു മോളെ എടുത്തു അവളുടെ നെറുകയിലായി ചുണ്ടമർത്തി അമ്മയുടെ കൈയിൽ കൊടുത്തിട്ട് മുകളിലേക്കു കേറി പോയി…
റൂമിൽ കേറിയതും അവസാനം അതിനകത്തു നടന്ന സംഭവങ്ങൾ ഓരോന്നായി മനസിലേക്ക് ഓടി കയറി.. എന്റെ ശരീരത്തിൽ ഒരു പോറൽ ഏൽക്കുന്നതും സഹിക്കാൻ വയ്യാതെ എന്നിലേക്ക് ഓടി വന്നവൾ…. എന്റെ ഹൃദയത്തോട് ചേർക്കേണ്ടവൾ… എനിക്കായി വേദനകളുടെ പർവം ഏറ്റെടുത്തവൾ….
ഞാൻ അറിയാതെ എന്നിൽ നിന്നും ഏറെ അകന്നവൾ…
എന്താ ആദി നീ എന്താലോചിച്ചു കൂട്ടുന്നത് …
അജു എനിക്ക് മാളൂനെ ഒന്ന് കാണണം.. അവൾക്കു എന്നോട് വെറുപ്പാവും അല്ലേടാ…
വെറുപ്പോ എന്തൊക്കയാടാ നീ പറയുന്നത്.. അവള് സ്നേഹിച്ചിട്ടേ ഉള്ളു എപ്പോഴും…
അവളെ നീ നാളെ.. കാണു.. ഇനി ഇറങ്ങേണ്ട പുറത്തേക്കു.. ഇപ്പൊ നീ ഒന്ന് വിശ്രമിക്കു….
നാളെ ജിത്തു കൊണ്ടുവരും നിന്നെ അങ്ങടെക്ക്…
അജുവിന്റെ വാക്കുകൾക്ക് മൗനമായി സമ്മതം മൂളി…
*****************************************
വീട്ടിൽ കേറി ചെല്ലുമ്പോൾ മാളു പഴയതുപോലെ മുറിയിൽ തന്നെയായിരുന്നു…
മാളൂട്ടി.. നീ ഇങ്ങനെ ഇരിക്കാൻ തന്നെ തീരുമാനിച്ചോ..
ഇല്ല കണ്ണേട്ടാ… ഞാൻ ഇപ്പൊ ഒക്കെ ആണ്…
ആദി ഡിസ്ചാർജ് ആയി വന്നു…
കണ്ണേട്ടൻ ഇനിയും എന്താ പറയുന്നതെന്ന് അറിയാൻ ആ മുഖത്തേക്ക് തന്നെ നോക്കി..
അവനിപ്പോ എല്ലാം അറിയാം..
എന്റെ കണ്ണിലെ പിടച്ചിൽ കണ്ടാവും..
നീ പേടിക്കണ്ട ഒന്നും ഇല്ല ഡോക്ടർ ആണ് പറഞ്ഞത്..
അമ്മു.. അമ്മുനെ കുറിച്ച്… അത് ചോദിക്കുമ്പോൾ എന്റെ ഹൃദയം വേദനിക്കുന്നുണ്ടായിരുന്നു. വാക്കുകൾ നെഞ്ചിൽ കിടന്നു പിടയ്ക്കുന്നുണ്ട്… ലോകത്തു ഏറ്റവും ഗതികെട്ട ഒരമ്മ ..
അറിഞ്ഞു.. വീട്ടിൽ വന്നപ്പോൾ അവളെയും എടുത്തു വച്ചു ഒരുപാട് കരഞ്ഞു അവൻ…
ഇനിയും എന്തെങ്കിലും ദേവേട്ടൻ ചോദിച്ചോന്നറിയാൻ വേണ്ടി… അതിലുപരി ഞാൻ ആ മനസിന്റെ ഏതേലും കോണിൽ ഉണ്ടോ എന്നറിയാൻ മനസ്സ് വെമ്പുന്നുണ്ട്…
“മോളു കിടന്നോ ഞാൻ താഴോട്ട് പോകുവാ. മുത്തശ്ശിയോട് ഒന്നും പറയാതെയാ ഇങ്ങോട്ട് കേറിയത്…
മ്…..
കണ്ണേട്ടൻ വാതിൽക്കൽ എത്തിയതും എന്റെ സ്വപ്നങ്ങൾ വീണ്ടും നിരാശയിലേക്ക് കൂപ്പു കുത്തുന്നത് ഞാൻ അറിയുന്നുണ്ട്…
വാതിൽക്കൽ എത്തിയിട്ട് തിരിഞ്ഞു നിന്നു മാളുവിനോടായി പറഞ്ഞു..
ആദിക്കു നിന്നെ ഒന്ന് കാണണം എന്നു പറഞ്ഞു അവനോട് നാളെ ഇങ്ങോട്ട് വരാൻ ഞാൻ പറഞ്ഞിട്ടുണ്ട്…
കണ്ണേട്ടന്റെ വാക്ക് കേട്ടു മനസ്സ് മരവിച്ചുപോയി.. ഇനിയും എന്തു പരീക്ഷണങ്ങളാണ് എന്റെ ജീവിതത്തിൽ ബാക്കി ഉള്ളത് എന്നറിയാതെ വീണ്ടും ചിന്തകൾ എന്നെ വിഴുങ്ങാൻ തുടങ്ങിയിരുന്നു..
**************************************
അജുന്റെ വീട്ടിലേക്കു നടന്നടുക്കുമ്പോൾ അവളെ എങ്ങനെ നേരിടും എന്ന ചിന്തയായിരുന്നു മനസിൽ… ജീവിതത്തിൽ സ്വബോധത്തിലും അല്ലാതെയും പ്രണയിച്ചവൾ…. എന്റെ കുഞ്ഞിന്റെ അമ്മയായവൾ…. എനിക്ക് വേണ്ടി ഭ്രാന്തിന്റെ പടികൾ കേറിയവൾ…
എന്നോടുള്ള പ്രണയത്തിൽ അവളിലെ അമ്മയെ തന്നെ മറന്നവൾ.. ഈ ലോകത്തുള്ള എന്തു തന്നെ കൊടുത്തലാണ് അവളോടുള്ള കടം വീട്ടാൻ കഴിയുക.. എനിക്കായി ജനിച്ച എൻെറ പെണ്ണ്… പക്ഷെ അവളെ നന്ദൂട്ടിയായി കാണാൻ ഉള്ള മനസു എനിക്ക് ഇനിയും വന്നിട്ടില്ല… മാളുവിനെ പ്രണയിച്ചു അവൾക്കു അവളുടെ ദേവേട്ടനോടുള്ള പ്രണയത്തെ താഴ്ത്തിക്കാണാനും മനസു വരുന്നില്ല…
ഒരിക്കലും അഴിയാത്ത കുരുക്കിലേക്ക് വീണ്ടും വീണ്ടും മനസു കൂപ്പു കുത്തികൊണ്ടിരുന്നു…
താഴെ മുത്തശ്ശി എനിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടായിരുന്നു… മുത്തശ്ശിയുടെ നേരെ കൈകൾ കൂപ്പി ക്ഷമ ചോദിക്കാൻ തുടങ്ങും മുന്നേ തന്നെ എന്നെ വരിപ്പുണർന്നിരുന്നു..
എന്റെ കുഞ്ഞു ക്ഷമ ചോദിക്കേണ്ട കാര്യം ഒന്നുല്ല. ഒന്നും നിന്റെ തെറ്റു കൊണ്ടല്ലലോ.. വിധിയാണ്. എന്റെ കുട്ടികളുടെ വിധി.. ഇനി എങ്കിലും ആ സർവേശ്വരൻ നന്നായി ജീവിക്കാൻ അനുഗ്രഹിക്കട്ടെ..
മുത്തശ്ശി എന്റെ നെറുകയിലായി കൈ വച്ചു…. ആ നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു പടികൾ കേറി അവളുടെ മുറിയിലേക്ക് നടക്കുമ്പോൾ കാലുകൾ ഇടറുന്നുണ്ടായിരുന്നു…
അവളുടെ മുറിയിൽ അകത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ജനാല വഴി പുറത്തോട്ട് കണ്ണുനട്ടിരിക്കുന്ന മാളൂനെയാണ് കണ്ടത്…
എന്തു പറയണം എന്നറിയില്ല അവളോട്. എങ്ങനെ ക്ഷമ ചോദിക്കണം എന്നും എനിക്കറിയില്ല… ഒരായുസിന്റെ വേദനകൾ മുഴുവൻ ഒറ്റയ്ക്കനുഭവിച്ചവൾ…അവളോട് ഇനിയും എന്നെ സ്നേഹിക്കുന്നതിനു, വെറുക്കാത്തതിന് എങ്ങനെയാ ഞാൻ നന്ദിപ്പറയുക…
“കുറച്ചു സമയം അവളെ നോക്കി നിന്നതിനു ശേഷം ഞാൻ വിളിച്ചു…
“മാളൂട്ടി….
എന്റെ വിളികേട്ടു എനിക്ക് നേരെ തിരിഞ്ഞു നിന്ന അവളുടെ കണ്ണുകൾ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു…
ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു…
അവളുടെ മുന്നിൽ കൈ കൂപ്പി നിൽക്കുമ്പോൾ മനസു കൊണ്ട് അവളോട് ഞാൻ മാപ്പ് ചോദിക്കുന്നുണ്ടായിരുന്നു… എന്റെ കണ്ണുകളും പെയ്യുന്നുണ്ടായിരുന്നു.. എനിക്ക് മുന്നിൽ മുഖം പൊത്തി കരയുന്ന അവളുടെ കാലുകളിൽ വീണു മാപ്പ് ചോദിക്കുമ്പോൾ ഒരു നാണക്കേടും തോന്നിയിരുന്നില്ല. പകരം എന്റെ ഏഴു ജന്മത്തിനും കൂടി ഉള്ള പുണ്യമാണ് ഈ പെണ്ണെന്നു തോന്നിപോയി..
അയ്യോ ദേവേട്ടാ എന്താ ഇത്… അവൾ പെട്ടന്ന് പിന്നിലേക്ക് മാറിയിരുന്നു…
എണീറ്റു നിന്നു വീണ്ടും മുഖം പൊത്തി കരയുന്ന അവളെ നെഞ്ചോട് ചേർക്കുമ്പോൾ രണ്ടുപേരും മനസു തുറന്നു കരയുന്നുണ്ടായിരുന്നു..
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല…
അവളെ പതിയെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി…
ഒന്നും പറയാൻ കഴിയാത്ത വിധം വാക്കുകൾ എന്നിൽ അവസാനിച്ചിരുന്നു.. അല്ലങ്കിൽ ഞാൻ അവളോട് എന്തു പറയാനാണ്…
പക്ഷെ പറഞ്ഞെ പറ്റുള്ളൂ വാക്കുകൾക്ക് ജീവൻ നല്കി ഞാൻ അവളോട് സംസാരിക്കാൻ തീരുമാനിച്ചു…
മാളു…..
ഒരു പകപ്പോടെ അവളെന്നെ നോക്കുന്നുണ്ടായിരുന്നു..
എനിക്കറിയാം ഞാൻ മാളുന്നു വിളിക്കുന്നത് നിനക്ക് നോവാണെന്നു..
എല്ലാ സത്യങ്ങളും ഇപ്പൊ എനിക്കറിയാം… ഞാൻ..ഞാനിപ്പോ നിന്റെ ദേവേട്ടൻ അല്ല.. നിന്റെ ദേവന്റെ ഒരു കണം പോലും എന്റെ ഓർമയിൽ ഒരിടവും കാണാൻ കഴിയുന്നില്ല…
എന്റെ ഈ ഓർമയിൽ ആദിയായി ഞാൻ ഈ മാളൂനെയാണ് പ്രണയിക്കുന്നതു.. പക്ഷെ എന്റെ പ്രണയം ഞാൻ നിന്നോട് സ്വീകരിക്കാൻ പറയില്ല…
ദേവന്റെയും അവന്റെ നന്ദുന്റെയും പ്രണയത്തിനായി ആണ് ഞാൻ കാത്തിരിക്കുന്നത്….
എനിക്ക് ഒരു അപേക്ഷയെ ഉള്ളൂ…. നിന്നോട് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല…
ഞാനും നീയും ആയുള്ള വിവാഹം പെട്ടന്നു നടക്കണം.. അതുകൊണ്ട് നിനക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല.. ഇനിയും അമ്മു നിന്നിൽ നിന്നും അകന്നു കഴിയാൻ പാടില്ല… നമ്മുടെ മോളു ഇനിയെങ്കിലും അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിഞ്ഞു വളരണം… ഞാൻ കാരണം പാതി വഴിയിൽ കൊഴിഞ്ഞു പോയ നിന്റെ സ്വപ്നങ്ങൾ വീണ്ടും തളിർക്കണം…
ഒന്നും മനസിലാകാത്ത പോലെ അവളെന്നെ നോക്കുന്നുണ്ട്… നീ ആലോചിക്ക് ഒന്നും നിർബന്ധിക്കുന്നില്ല.. ഇനിയും നിന്നെ വേദനിപ്പിക്കാൻ തയ്യാറല്ല മാളു… ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ പോലും…
അതും പറഞ്ഞു അവിടെ നിന്നു ഇറങ്ങുമ്പോൾ അവളുടെ മുഖഭാവം കണ്ടു പ്രതീക്ഷയുടെ നുറുങ്ങുവെട്ടം പോലും എന്നിൽ ഇല്ലായിരുന്നു..
താഴെ ഇറങ്ങി അജുനോടും ജിത്തുവിനോടും അവിടെ നടന്നത് മുഴുവൻ പറയുമ്പോൾ അവര് ധൈര്യം പകരുന്നുണ്ടായിരുന്നു…
**********************************-
ഒരു മാസത്തിനു ശേഷം ദേവേട്ടന്റെ താലിക്കു മുന്നിൽ തലകുനിക്കുമ്പോൾ മനസിൽ എന്റെ മുന്നിൽ കരയുന്ന അജുവേട്ടന്റെയും മുത്തശ്ശിയുടെയും പിന്നെ എന്റെ മോളുടെ മുഖവും മാത്രമേ ഉണ്ടായിരുന്നുള്ളു…
ഒരുപാട് ആഗ്രഹിച്ച നിമിഷം.. പക്ഷെ ഇന്നെന്നിൽ സന്തോഷം ഉണ്ടോ അറിയില്ല വെറും നിർവികരതമാത്രം ആയിരുന്നു അപ്പോളെന്നിൽ..
കല്യാണം കഴിഞ്ഞു ദിവസങ്ങൾ കഴിഞ്ഞിട്ടും ദേവേട്ടൻ വാക്ക് പാലിച്ചു ഒരിക്കൽ പോലും വേറെ ഒരു രീതിയിൽ ഉള്ള ഒരു നോട്ടം പോലും എന്നെ തേടി വന്നില്ല..
രണ്ടു മാസങ്ങൾക്കു ശേഷം അജുവേട്ടനും ജിത്തൂവേട്ടനും ദേവേട്ടനും കൂടി എന്റെ കൈയിൽ ഒരു സമ്മാനം വച്ചു തന്നു.. അത് തുറന്നു നോക്കുമ്പോളേക്കും എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.. ഞാൻ ഒരുപാട് ആഗ്രഹിച്ച സ്വപ്നം കാനഡയിലെ ഏറ്റവും ബെസ്റ്റ് യൂണിവേഴ്സിറ്റിയിൽ പിജി ക്ക് അഡ്മിഷൻ എടുത്തിരിക്കുന്നു…
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. വാക്കുകൾ ഇടറുന്നുണ്ട്.. എനിക്ക് ഇനി പഠിക്കാൻ കഴിയും എന്നു തോന്നുന്നില്ല… ഇനിയും മോളെ പിരിഞ്ഞിരിക്കാൻ എനിക്ക് കഴിയില്ല….
ഞാൻ ഇത് പറഞ്ഞതും ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചുകൊണ്ട് ദേവേട്ടൻ പുറത്തേക്കിറങ്ങി..
ടി മാളൂട്ടി നിങ്ങൾ ഫാമിലി ആയിട്ടാണ് പോകുന്നെ അവൻ അവിടെ ഒരു ജോലി ശെരിയാക്കിട്ടുണ്ട്… കണ്ണേട്ടന്റെ വാക്കുകൾക്ക് മറുപടി ഒന്നും പറയാതെ ദേവേട്ടന്റെ അടുത്തേക്ക് ഓടിയിരുന്നു..
ആ മുഖത്തു നോക്കി നന്ദി പറയുമ്പോൾ…
എന്റെ കൈകൾ പിടിച്ചു എന്റെ കണ്ണുകളിലായി നോക്കി പുഞ്ചിരിക്കുമ്പോൾ ആ പുഞ്ചിരിയിൽ എല്ലാം ഉണ്ടായിരുന്നു..
സന്തോഷം കൊണ്ട് ആ നെഞ്ചോട് ചേരുമ്പോൾ ആ ചുണ്ടുകൾ എന്റെ ചെവികളിലായി തന്റെ പ്രണയം മന്ത്രിക്കുന്നുണ്ടായിരുന്നു.. ആ വാക്കുകൾക്കായി ഞാൻ കാതോർത്തിരുന്നു…
നന്ദൂട്ടി നിന്റെ സ്വപ്നങ്ങൾ ഞാൻ എന്നിലാണ് ആവാഹിച്ചത്… ഞാൻ കാരണം നിന്നിലുണ്ടായ നഷ്ടങ്ങൾ എന്നിലൂടെ തന്നെ ഞാൻ പൂവണിയിക്കും… എന്റെ ഓർമ്മകളിൽ പാതിവഴിയിൽ എവിടയോ നീ കൊഴിഞ്ഞു പോയെങ്കിലും… നീ എന്നിൽ അലിഞ്ഞവളാണ്.. എന്റെ പ്രണയം… നിഴൽപോലെ എന്നിലായ് അലിഞ്ഞവളാണ് നീ… ഇനിയും നമ്മൾ പ്രണയിക്കും ഋതുക്കൾ മാറിമറിഞ്ഞാലും അവസാനമില്ലാത്ത എന്റെ പ്രണയം നിന്നിലായി ഒഴുകികൊണ്ടിരിക്കും…
തിരിച്ചറിയാതെ പോയെങ്കിലും എന്റെ പ്രണയം എന്നെങ്കിലും ഓർമ്മകളുടെ താഴ്‌വരയിൽ നിന്നും മറനീക്കി പുറത്തു വരും …എന്റെ പ്രണയത്തിന്റെ വസന്തം നിന്നിൽ പൊഴിയും … നിനക്കായി എന്നിൽ സ്വപ്നങ്ങളുടെ പുതു നാമ്പുകൾ പൊട്ടിവിടരും .. വർണ്ണങ്ങളുടെ, പ്രണയത്തിന്റെ പ്രകാശം ചുറ്റിലും നിറയും … ഞാൻ എപ്പോഴും നിന്നെ പ്രണയിക്കുന്നു നന്ദാ.. അവസാനങ്ങളില്ലാതെ.. അതിർവരമ്പുകൾ ഇല്ലാതെ…
****************************************
എന്റെ ഈ കുഞ്ഞു കഥ ഇവിടെ അവസാനിക്കുകയാണ്.. കൂടെ നിന്നു സപ്പോർട്ട് ചെയ്ത എല്ലാപേർക്കും ഒരുപാട് ഒരുപാട് നന്ദി…സമയക്കുറവ് കൊണ്ടാണ് ആരുടെയും കമന്റ്റിനു റിപ്ലൈ തരാത്തത്.. സോറി..കഥയെ കുറിച്ചുള്ള വിശദമായ അഭിപ്രായം പോന്നോട്ടെ…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Other Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission