Skip to content

നിഴൽ – 1

nizhal-novel

മോളേ.. അമ്മ പറയുന്നത്

നീയൊന്ന് കേൾക്ക് ,മാധവൻ നല്ലവനാണ് ,ആകെയൊരു മകളുണ്ടായിരുന്നതിനെ കല്യാണം കഴിച്ച് വിട്ടു ,ഭാര്യ മരിച്ചിട്ട് അഞ്ചാറ് കൊല്ലം കഴിഞ്ഞെങ്കിലും വേറൊരു വിവാഹം വേണ്ടെന്ന് വച്ചിരുന്നത് ആ മകൾക്ക് വേണ്ടിയായിരുന്നു ഇപ്പോൾ മകള്  ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിലായപ്പോൾ അയാൾക്കൊരു കൂട്ട് വേണമെന്ന് തോന്നി ,നിന്നെയും മക്കളെയും അയാള് പൊന്ന് പോലെ നോക്കിക്കൊള്ളും ,നീയിങ്ങനെ ദേവൻ്റെ ഓർമ്മകളുമായിട്ടിരുന്നാൽ പ്രായപൂർത്തിയായ നിൻ്റെ രണ്ട് പെൺമക്കളുടെ കാര്യം ആര് നോക്കും,? അതെങ്കിലും നീയൊന്ന് ആലോചിച്ച് നോക്കിക്കൂടെ ?

സരോജിനി തൻ്റെ മകളോട് നയത്തിൽ കാര്യങ്ങൾ ബോധിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

അമ്മേ ..ഒന്ന് നിർത്തുന്നുണ്ടോ? ദേവേട്ടൻ മരിച്ചിട്ട് വർഷമൊന്നല്ലേ ആയുള്ളു? ,ആ വേർപാടുണ്ടാക്കിയ മുറിവിൻ്റെ വേദന, ഇപ്പാഴും എൻ്റെ നെഞ്ചിൽ ഉണങ്ങാതെ നീറിക്കൊണ്ടിരിക്കുവാണ്, ഒരു പക്ഷേ നിങ്ങൾക്കൊക്കെ അദ്ദേഹത്തെ വേഗം മറക്കാൻ കഴിയുമായിരിക്കും, എന്നാൽ എനിക്കത് ഒരിക്കലും കഴിയില്ലമ്മേ ..

അല്ലാതെ  പിന്നെ, നീയും മക്കളും എങ്ങനെ ജീവിക്കുമെന്ന് പറയ്? ഇത്രയും നാളും ഞാൻ തൊഴിലുറപ്പിന് പോയി കിട്ടിയതും പിന്നെ നാട്ടുകാരും ബന്ധുക്കളുമൊക്കെ കുറേശ്ശെ സഹായിച്ചത് കൊണ്ടും ഇത് വരെ കഴിഞ്ഞ് കൂടി, അതൊക്കെ ഇനി  എത്ര നാള് കിട്ടാനാണ്, പതിയെ പതിയെ സഹായിച്ചവരൊക്കെ പുറകോട്ട് വലിയാൻ തുടങ്ങും ,

ഞാനെവിടെയെങ്കിലും ജോലിക്ക് പോകാമെന്ന് പറഞ്ഞതല്ലേ? അപ്പോൾ അമ്മയല്ലേ സമ്മതിക്കാതിരുന്നത്?

അവൾ നീരസത്തോടെ ചോദിച്ചു

ഗീതേ .. ഞാനെന്ത് കൊണ്ടാണ് അതിന് സമ്മതിക്കാതിരുന്നതെന്ന് നിനക്കറിയാമല്ലോ ? നിന്നെ ഞാൻ കഷ്ടപ്പെട്ട്  എം എ വരെ പഠിപ്പിച്ചത് കണ്ടവൻ്റെയൊക്കെ ആട്ടും തുപ്പും കേട്ട് നക്കാപ്പിച്ച ശബ്ബളത്തിന് വേണ്ടി ജൗളികടയിലും ,സൂപ്പർ മാർക്കറ്റിലും ,പെട്രോൾ

പമ്പിലുമൊക്കെ രാവും പകലും കിടന്ന് കഷ്ടപ്പെടാനല്ല ,നിനക്ക് നല്ലൊരു ഉദ്യോഗം കിട്ടട്ടേന്ന് വച്ചാണ്, നീയതിന് വേണ്ടി കുറേ ടെസ്റ്റുകളും എഴുതിയതല്ലേ ,? ഇന്നല്ലെങ്കിൽ നാളെ എന്തേലുമൊരു സർക്കാർ ജോലി കിട്ടട്ടെ, അപ്പോൾ നീ പൊയ്ക്കോള്ളു,,

ആ ലിസ്റ്റുകളുടെയൊക്കെ കാലാവധി കഴിയാറായമ്മേ …

ഇനി പുതിയ ടെസ്റ്റുകൾ എഴുതാമെന്ന് വച്ചാൽ എനിക്കതിൻ്റെ പ്രായവും കഴിഞ്ഞു അത് കൊണ്ട് ഞാനൊരു സർക്കാർ ജീവനക്കാരിയാകുമെന്ന് അമ്മ ദിവാസ്വപ്നം കാണേണ്ട

എന്നാൽ പിന്നെ ,നമുക്ക് നാല് പേർക്കും കൂടി കുറച്ച് വിഷം വാങ്ങിച്ച് കഴിച്ച് നിൻ്റെ ദേവേട്ടൻ ചെയ്തത് പോലെ ആത്മഹത്യ ചെയ്യാം, അല്ലാതെ ഇനിയും ഇങ്ങനെ കണ്ടവരുടെ ഔദാര്യത്തിൽ ജീവിക്കാൻ എനിക്ക് വയ്യ ,

അസഹനീയതയോടെ അവർ പറഞ്ഞു

അമ്മ പറയുന്നതിലും കാര്യമുണ്ടെന്ന് ഗീതയ്ക്ക് തോന്നി.

അല്ലലെന്തെന്നറിയാതെ ജീവിച്ചവരായിരുന്നു കന്നിപ്പറയിലെ രാഘവേന്ദ്രനും ഭാര്യ സരോജിനിയും

അവരുടെ ഏകമകൾ അനാഥനായൊരു യുവാവിനെ പ്രണയിച്ചപ്പോൾ തുടങ്ങിയതാണ് അവരുടെ കഷ്ടകാലം

ഊരും പേരുമറിയാത്ത കുലമേതെന്നോ, ജാതിയേതെന്നോ ഉറപ്പില്ലാത്ത ഒരുത്തനെ വിവാഹം കഴിക്കാൻ അച്ഛനും അമ്മയും സമ്മതിക്കാതെ വന്നപ്പോൾ താൻ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മറ്റ് മാർഗ്ഗമില്ലാതെ അവർ വഴങ്ങിയത്

തന്നെ വിവാഹം ചെയ്യുമ്പോൾ ദേവേട്ടൻ ഒരു ഹോട്ടലിലെ റിസപ്ഷനിസ്റ്റായിരുന്നു

ആ ജോലിക്ക് ഒരു മഹിമയില്ലെന്ന് പറഞ്ഞാണ് ,ദേവേട്ടൻ സ്വന്തമായി എന്തേലും ബിസിനസ്സ് ചെയ്യാൻ അച്ഛൻ നിർദ്ദേശിച്ചത്

അതിനായ് ടൗണിൽ അച്ഛൻ്റെ പേരിലുള്ള പത്ത് സെൻ്റ് വസ്തു ദേവേട്ടൻ്റെ പേരിൽ എഴുതി കൊടുത്തു ,അദ്ദേഹം  അതിൻ്റെ ആധാരം ,സ്വകാര്യ വ്യക്തിക്ക് പണയം വച്ച് കിട്ടിയ മുപ്പത് ലക്ഷം രൂപ കൊണ്ട് ഒരു ചെറിയ സർവ്വീസ് സ്റ്റേഷൻ തുടങ്ങി,

ആദ്യമൊക്കെ വലിയ തരക്കേടില്ലാതെ കാര്യങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു, ഇതിനിടയിൽ ആദ്യത്തെ മകൾ ഗോപിക പിറന്നു, അവൾക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് ദേവികയും വന്നപ്പോൾ ഒരാൺകുട്ടിയെ കൂടി വേണമെന്നായിരുന്നു തൻ്റെയും ദേവേട്ടൻ്റെയും ആഗ്രഹം

പക്ഷേ അതിന് ദൈവം കൂടി കനിയണമല്ലോ ?രണ്ടാമത്തെ മകൾക്ക് ഒരു വയസ്സ് കഴിഞ്ഞപ്പോഴാണ് ,തുടർച്ചയായി വരുന്ന അസഹനീയമായ വയറ് വേദനയ്ക്കും അമിത രക്ത സ്രാവത്തിനും ചികിത്സ തേടി ഡോക്ടറെ സമീപിക്കുന്നത്

കാത്ത് കാത്തിരുന്ന അവസാനത്തെ ലാബ് ടെസ്റ്റിലാണ് ക്യാൻസർ യൂട്രസ്സിൽ പിടിമുറുക്കി കഴിഞ്ഞുവെന്ന് മനസ്സിലാകുന്നത്

അന്നാ വാർത്ത ഡോക്ടറുടെ വായിൽ നിന്നും കേൾക്കുമ്പോൾ താനും

ദേവേട്ടനും ആകെ തകർന്ന് പോയിരുന്നു.

ഇനിയൊരിക്കലും തനിക്ക് പ്രസവിക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ  മാസങ്ങളോളം വേണ്ടി വന്നു.

എല്ലാം മറന്ന് തുടങ്ങിയപ്പോഴേയ്ക്കും ദേവേട്ടൻ്റെ ബിസിനസ്സ് കുറയാൻ തുടങ്ങി ,അത് വീണ്ടും പച്ച പിടിപ്പിക്കാൻ വേറെ മാർഗ്ഗമില്ലാതെ വന്നപ്പോൾ ദേഹത്തുണ്ടായിരുന്ന താലിമാല ഒഴിച്ചുള്ള ബാക്കി ആഭരണങ്ങളെല്ലാം പണയം വയ്ക്കേണ്ടിവന്നു,

അങ്ങനെ ജീവിതം വീണ്ടും പച്ചപിടിച്ച് കൊണ്ടിരിക്കുമ്പോഴായിരുന്നു

പെട്ടെന്നൊരു ദിവസം അച്ഛന് സുഖമില്ലാതാകുന്നത്, വിശദമായ പരിശോധനകൾക്ക് ശേഷം എത്രയും വേഗം അച്ഛന് ബൈപാസ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു

വലിയൊരു തുക ആ സമയത്ത് വേണ്ടി വന്നപ്പോൾ, മുൻപ് ആധാരം കൊടുത്തയാളോട് ,അഞ്ച് ലക്ഷം രൂപ കൂടി ചോദിച്ച് വാങ്ങിച്ചിട്ടാണ് അച്ഛൻ്റെ സർജറി നടത്തിയത്

പക്ഷേ ,നിർഭാഗ്യവശാൽ ഓപറേഷൻ കഴിഞ്ഞതിൻ്റെ മൂന്നാം ദിവസം അച്ഛൻ മരണത്തിന് കീഴടങ്ങി.

അവിടെ തുടങ്ങിയതാണ് തങ്ങളുടെ കുടുംബത്തിൻ്റെ കഷ്ടകാലം ,ബിസിനസ്സ് വീണ്ടും ഡള്ളായപ്പോൾ മുപ്പത്തിയഞ്ച് ലക്ഷത്തിൻ്റെ പലിശ എല്ലാ മാസവും കൊടുക്കാൻ പറ്റാതെ വന്നു

ഇതിനിടയിൽ മക്കൾ വളർന്ന് കൊണ്ടിരുന്നു, പക്ഷേ അപ്പോഴേയ്ക്കും ദേവേട്ടൻ്റെ ബിസിനസ്സിൻ്റെ വളർച്ച മുരടിച്ച് പോയിരുന്നു

പലിശയും കൂട്ട് പലിശയും ചേർത്ത് മുതലിനൊപ്പമായപ്പോൾ കൊടുക്കാൻ നിർവ്വാഹമില്ലാതെ അവസാനം ആധാരം അയാളുടെ പേരിലാക്കി കൊടുക്കേണ്ടി വന്നു.

ഒടുവിൽ ജോലിയും കൂലിയുമില്ലാതെ ദേവേട്ടൻ വീട്ടിലിരിപ്പ് തുടങ്ങിയപ്പോൾ ,അമ്മയാണ് തറവാടിൻ്റെ ആധാരം എടുത്ത് ദേവേട്ടന് കൊടുത്തത്

ഇനി ഇത് മാത്രമേ മിച്ചമുള്ളു ദേവാ … ഇതെവിടെയെങ്കിലും കൊണ്ട് വച്ചിട്ട് സൂക്ഷിച്ചും കണ്ടും എന്തേലും ബിസിനസ്സ് ചെയ്യ്, ഇതും നഷ്ടപ്പെട്ടാൽ പിന്നെ നമ്മളൊന്നാകെ തെരുവിലിറങ്ങേണ്ടി വരുമെന്ന കാര്യം എപ്പോഴും ഓർമ്മ വേണം

ദേവേട്ടൻ, മന:പ്പൂർവ്വം   നഷ്ടം വരുന്ന ബിസിനസ്സല്ല ചെയ്തതെന്ന് അമ്മയ്ക്കും അറിയാമെങ്കിലും  അന്നങ്ങനെ ഒരു മുന്നറിയിപ്പ് കൊടുത്തിരുന്നു

അത് കൊണ്ട് തന്നെ അദ്ദേഹത്തിന് പരിചയമുണ്ടായിരുന്ന ഹോട്ടൽ ബിസിനസ്സാണ് പിന്നീട് ചെയ്തത്

പക്ഷേ, കഷ്ടകാലം, കൊണ്ടേ പോകു, എന്ന് പറഞ്ഞത് പോലെ,

ഹോട്ടലിൽ തിരക്കുള്ളൊരു ദിവസം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ കടയിൽ പരിശോധനയ്ക്ക് കയറി

മീനും ഇറച്ചിയുമൊക്കെ പഴകിയതാണെന്നും, ഭക്ഷ്യയോഗ്യമല്ലെന്നുമൊക്കെ പറഞ്ഞ് നോട്ടീസ് കൊടുത്തിട്ട് പോയപ്പോൾ ഏതോ സാമൂഹ്യ ദ്രോഹികൾ അതൊരു ആഘോഷമാക്കി വീഡിയോ ഇറക്കി

ഒരാളുടെ അധ:പതനം കണ്ട് രസിക്കാൻ വ്യൂവേഴ്സ് കൂടിയപ്പോൾ വീഡിയോ വൈറലാകുകയും

ദേവന് ഹോട്ടലടച്ച് വീട്ടിലിരിക്കേണ്ടിയും വന്നു

ഉണ്ടായിരുന്ന തറവാട് കൂടി കണ്ടവര് കൊണ്ട് പോയപ്പോൾ നിനക്ക് സമാധാനമായില്ലേടാ എന്ന് അരിശം കൊണ്ട് അമ്മ ചോദിച്ചതാണ് ,

അന്ന് രാത്രിയിൽ ദേവേട്ടൻ  ജീവനൊടുക്കാൻ കാരണം,,,,

കഥ തുടരുന്നതാണ്……

NB :- ഈ കഥ വായിക്കുന്നവർ

കമൻ്റ് ചെയ്തില്ലെങ്കിലും, ഒരു ലൈക്കെങ്കിലും ചെയ്ത് പോകണേ,, എത്ര പേര് കഥ വായിച്ചെന്നറിയാനൊരു ആഗ്രഹം, അത് കൊണ്ടാണ്

രചന

സജി തൈപ്പറമ്പ് .

4.4/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!