നിങ്ങള് മലയാളിയാണോ ?
ഒന്ന് മയങ്ങി ഉണർന്നപ്പോൾ
കാറിൻ്റെ ഡാഷ് ബോർഡിന് മുകളിൽ ചോറ്റാനിക്കര ദേവിയുടെ ചെറിയൊരു ഫോട്ടോയും അതിന് താഴെ “അമ്മേ നാരായണ “
എന്ന് എഴുതിയിരിക്കുന്നതും കണ്ടിട്ടാണ് ഗീത ഡ്രൈവറോട് ജിജ്ഞാസയോടെ ചോദിച്ചത്
അതെ ചേച്ചീ ,, എനിക്ക് ചേച്ചിയെ കണ്ടപ്പോൾ ചെറിയ ഡൗട്ടുണ്ടായിരുന്നു ,പിന്നെ ചോദിക്കാൻ ഒരു മടി ,ഇനി മറാഠി വല്ലതുമാണെങ്കിൽ ഞാൻ കുടുങ്ങിപ്പോകും ,ഹിന്ദി തന്നെ ഒരു വിധം ഒപ്പിച്ചാണ് പറയുന്നത് ,,,
ങ്ഹേ, അപ്പോൾ താനിവിടെ പുതിയ ആളാണോ?
എന്ന് ചോദിച്ചാൽ ഞാനിവിടെ വന്നിട്ട് ഒരു മാസമേ ആയിട്ടുള്ളു ,ഇതെൻ്റെ അമ്മാവൻ്റെ വണ്ടിയാണ് ,
അദ്ദേഹം ഇവിടെ 87 ൽ വന്നതാണ് ,പുള്ളിക്കാരൻ ഫാമിലി യോടൊപ്പം ഇവിടെ കൂടിയിട്ട് പത്തിരുപത് കൊല്ലമായി ,കുറച്ച് ദിവസമായി അമ്മാവൻ പനിയടിച്ച് കിടപ്പിലായത് കൊണ്ട് കാറിന് ഓട്ടമൊന്നുമില്ലായിരുന്നു ,
അപ്പോൾ ഞാൻ അമ്മാവനോട് വെറുതെയൊന്ന് ചോദിച്ചതാണ് ,കാറുമായി സ്റ്റാൻ്റിലേയ്ക്ക് പൊയ്ക്കോട്ടെയെന്ന് ,ആദ്യമൊന്ന് മടിച്ചെങ്കിലും എൻ്റെ നിർബന്ധം കണ്ടപ്പോൾ അദ്ദേഹം സമ്മതിച്ച് തന്നു, ‘
കക്ഷി വലിയ സംസാര പ്രിയനാണെന്നും നിഷ്കളങ്കനാണെന്നും
ഗീതയ്ക്ക് തോന്നി.
അല്ല ,എന്താ തൻ്റെ പേര്?
ഹരി ,,
ഹരികൃഷ്ണൻ എന്നാണ് മുഴുവൻ പേര് ,,,ചേച്ചീടെ പേരെന്തുവാ?
എൻ്റെ പേര് ,,,
ഗീത എന്ന യഥാർത്ഥ പേര് പറയണോ എന്നവൾ ഒരു നിമിഷം ആലോചിച്ചു, തത്ക്കാലം അത് വേണ്ടെന്ന് ഉറപ്പിച്ച് കൊണ്ടവൾ ലീന എന്ന് പറഞ്ഞു
അപ്പോൾ, ഹരി, നാട്ടിൽ ഡ്രൈവറായിരുന്നോ ?
അതേ ചേച്ചി ,,
ഗൾഫിൽ ,ഒരു ഡ്രൈവർ വേക്കൻസിയുണ്ടെന്നറിഞ്ഞ്,
നാട്ടീന്ന് കടംവാങ്ങി വിസയ്ക്കും ടിക്കറ്റിനുമൊക്കെ ഏജൻറ് പറഞ്ഞ കാശ് കൊടുത്തിട്ട് ,സൗദിക്ക് പോകാനായിട്ട് ഇങ്ങോട്ട് വന്നതാണ് ഞാൻ,, പക്ഷേ, മാസം ഒന്നായിട്ടും എൻ്റെ പോക്ക് ഇത് വരെ ശരിയായില്ല, ഏജൻ്റിനെ വിളിക്കുമ്പോഴൊക്കെ അയാള് ഓരോരോ അവധികൾ പറഞ്ഞോണ്ടിരിക്കുവാണ് ,ആഹ് എന്തായാലും വിസ വരുമ്പോൾ വരട്ടെ,, ഇനിയെന്തായാലും ഞാൻ നാട്ടിലേയ്ക്ക് പോകുന്നില്ല ,,,
അത് ശരി അപ്പാൾ ഹരിയും തന്നെ പോലൊരു കുരുക്കിൽ പെട്ട് കിടക്കുവാണ്
അവൾ മനസ്സിൽ പറഞ്ഞു
അല്ല ,,,
ചേച്ചി പൂനെയിലാണോ താമസിക്കുന്നത്? ഇവിടെയെന്തിനാണ് വന്നത്?
ആ ചോദ്യം അവള് പ്രതീക്ഷിച്ചത് തന്നെയായിരുന്നു.
ഇല്ല ഞാൻ കുറച്ച് പർച്ചേസിനായി വന്നതാണ്, നാട്ടിൽ എനിക്ക് ഗാർമെൻ്റ്സിൻ്റെ ബിസിനസ്സാണ്
ഇവിടെ അന്ധേരിയിൽ നിന്നുമാണ് സാധാരണ എടുക്കാറുള്ളത് ,
അവിടെ ഓർഡർ കൊടുത്ത് നില്ക്കുമ്പോഴാണ് ,പൂനെയിലെ
എൻ്റെ ഒരു ഫ്രണ്ട് വിളിക്കുന്നത്,
എന്നാൽ പിന്നെ, അവളെ കൂടെ കണ്ടിട്ട് തിരിച്ച് പോകാമെന്ന് കരുതി,,
നേരത്തെ കരുതിവച്ചിരുന്ന തിരക്കഥയാണ്, ഹരിയെ അവൾ ധരിപ്പിച്ചത്.
ഓഹ് അത് ശരി, ചേച്ചിയൊരു ബിസിനസ്സ് വുമൺ ആണല്ലേ?
പക്ഷേ കണ്ടാൽ തോന്നില്ല കെട്ടോ? മനുഷ്യരായാൽ ഇങ്ങനെ വേണം, എത്ര ഉയരത്തിലെത്തിയാലും ‘
എളിമ ഒരിക്കലും കൈവിടരുത്, അങ്ങനെയുള്ളവർക്ക് വിജയമേ ഉണ്ടാവൂ ,,,
അത് കേട്ടപ്പോഴാണ്, ഗീത തൻ്റെ ശരീരത്തിലേയ്ക്ക് നോക്കിയത്
ശരിയാണ് ഹരി പറഞ്ഞത്,
ഒരു സാധാരണ വീട്ടമ്മയുടെ
ഒട്ടും തിളക്കമില്ലാത്ത മങ്ങി മുഷിഞ്ഞൊരു വേഷമാണ് തൻ്റേത് ,
ഈ ലുക്കിൽ തന്നെ കണ്ടാൽ ‘
ഒരു ദരിദ്രയാണെന്നേ എല്ലാവർക്കും തോന്നു ,
മാറണം ,വേഷവും ഭാവവുമൊക്കെ മാറണം ,താൻ ഇനി മുതൽ പഴയ ഗീതയല്ല, ആ ഐഡൻ്റിറ്റിയിൽ തനിക്ക് ഇനി മുന്നോട്ട് പോകാനാവില്ല ,ഈ നിമിഷം മുതൽ താൻ ലീനയാണ് ,മുംബെയിലും കൽക്കട്ടയിലും കേരളത്തിലുമൊക്കെയായി വസ്ത്രവ്യാപാരം നടത്തുന്ന തിരക്കുള്ളൊരു വലിയ ബിസ്നസുകാരി.
ഗീതയെന്ന നാട്ടിൻ പുറത്ത് കാരിയിൽ നിന്നും ലീനയെന്ന ബോൾഡായ സ്ത്രീയിലേയ്ക്ക് അവൾ പതിയെ മാറാൻ ശ്രമിക്കുകയായിരുന്നു,
ഇനിയെത്ര ദൂരമുണ്ടാവും പൂനെയിലേയ്ക്ക് ?
ഗീതയുടെ ചോദ്യം കേട്ട് അയാൾ മൊബൈലിൽ സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ലൊക്കേഷൻ മാപ്പിലേയ്ക്ക് നോക്കി.
ഇനി കുറച്ച് ദൂരമേയുള്ളു ചേച്ചി,,, ഒരു അര മണിക്കൂർ ഓട്ടമുണ്ടാവും ,ഇനിയങ്ങോട്ട് നാല് വരി പാതയാണ്, അത് കൊണ്ട് പെട്ടെന്നെത്തും ,,
അല്ല, അതൊക്കെ തനിക്കെങ്ങനെ അറിയാം, മുംബെയിൽ താൻ വന്നിട്ട് ഇങ്ങോട്ടൊക്കെ വന്നിട്ടുണ്ടോ?
അവൾ അത്ഭുതത്തോടെ ചോദിച്ചു.
ഒരു രണ്ട് മൂന്ന് കൊല്ലം മുൻപ്,
ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ Dop പഠിക്കാൻ വന്നിരുന്നു, അങ്ങനെയുള്ള പരിചയമാണ് ‘,
അയാൾ ചെറുചിരിയോടെ പറഞ്ഞു.
അതെന്താ സിനിമയിൽ വല്ല മോഹവുമുണ്ടായിരുന്നോ ?
ങ്ഹാ ,അങ്ങനെ വന്നതാണ്,
പക്ഷേ ഇവിടെയെത്തി രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ, നാട്ടീന്ന് ഒരു കോള് വന്നു, അച്ഛൻ ,,,,
ഹരി അത് മുഴുമിക്കാതെയിരുന്നപ്പോൾ ഗീതയ്ക്ക് കാര്യം മനസ്സിലായി, ഏതാനും നിമിഷത്തേയ്ക്ക് അവളും നിശബ്ദയായി പോയി.
അച്ഛനായിരുന്നു അത് വരെ കുടുംബത്തിലെ ഏക വരുമാനം,
അച്ഛൻ പോയതോടെ ,രണ്ട് പെങ്ങൻമാരെയും, അമ്മയേയും അമ്മൂമ്മയെയും നോക്കേണ്ട ചുമതല ഞാൻ സ്വയമേറ്റെടുത്തു,
ബാല്യം മുതൽ മനസ്സിൽ കൊണ്ട് നടന്ന വലിയൊരു സ്വപ്നം, അതോടെ എന്നേയ്ക്കുമായി ഉപേക്ഷിക്കേണ്ടി വന്നു ,ഇപ്പോൾ പക്ഷേ, എനിക്കൊട്ടും നിരാശയില്ല,
കാരണം ,സ്വപ്നങ്ങളെക്കാൾ പ്രധാനം, കുടുംബത്തിൻ്റെ നിലനില്പാണെന്ന് എനിക്ക് മനസ്സിലായി ചേച്ചി ,അത് കൊണ്ട് തന്നെയാണ്, നാട്ടിലേയ്ക്ക് തിരിച്ച് പോകാതെ, ഇവിടെ നിന്ന് തന്നെ കുറച്ച് കാശുണ്ടാക്കി രക്ഷപെടണമെന്ന് ഞാൻ തീരുമാനിച്ചത്,,
ഉം എല്ലാം ശരിയാകും ഹരീ ,, ഇറങ്ങുമ്പോൾ എനിക്ക് നിൻ്റെ നമ്പരൊന്ന് തരണം,, ഞാൻ വിളിക്കാം ,, ചിലപ്പോൾ കുറച്ച് ദിവസം ഞാൻ മുംബെയിലുണ്ടാവും എനിക്ക് നിൻ്റെ കുറച്ച് സഹായം വേണ്ടിവരും,,, നിൻ്റെ കടം വീട്ടാനുള്ള കാശൊക്കെ ഞാൻ തരാം ,,,
അത് കേട്ടപ്പോൾ അവൻ്റെ മുഖത്ത് സന്തോഷം വിരിയുന്നത് റിയർവ്യൂ മീറ്റിലൂടെ ഗീത കണ്ടു .
ഏതെങ്കിലുമൊരു മൊബൈൽ ഷോപ്പിലൊന്ന് നിർത്തി തരണേ ഹരി ,,, എൻ്റെ ഫോൺ എവിടെയോ മിസ്സായി ,പുതിയതൊന്ന് വാങ്ങാനാണ് ,,,
നാട്ടിലെ വിവരങ്ങൾ അറിയാൻ അവളുടെ മനസ്സ് വെമ്പൽ കൊണ്ടു,
മക്കൾ രണ്ട് പേരുടെയും അമ്മയുടെയും മുഖം മനസ്സിൽ തെളിഞ്ഞപ്പോൾ, അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.
കണ്ണീർ കണങ്ങൾക്കിടയിലൂടെ കാറിൻ്റെ ഏതാനും മീറ്ററുകൾ മുന്നിലായി ,റോഡരികിൽ കണ്ട കാഴ്ച, അവളെഅക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു .
തുടരും
സജി തൈപ്പറമ്പ്.
സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക
Novels
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission