Skip to content

സ്‌നേഹക്കൂട് – 1

shehakoodu

ഒന്ന് വേഗം നടക്ക് എന്റെ അമ്മു ……എത്രവട്ടം പറഞ്ഞാലും നീ കേൾക്കില്ല … എന്നും  താമസിച്ചാണ് സ്കൂളിൽ എത്തുന്നത് !! അഞ്ചു വയസ്സുകാരി അമ്മുവിൻറെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട്  ആരതി സ്കൂൾ ലക്ഷ്യമാക്കി വേഗത്തിൽ നടന്നു …

ആഹാ !! ഇതാര് ..അമ്മുസോ ?? ഇന്നും  സ്കൂളിൽ താമസിച്ചാണോ  പോകുന്നത് ?? ആട്ടെ ഇന്ന് താമസിച്ചതിന്റെ കാരണം എന്താണ് ?? കവലയിലെ  മുറുക്കാൻ  പീടികയിൽ ഇരുന്നു കൊണ്ട്  കണാരേട്ടൻ അമ്മുവിനോട് ഈണത്തിൽ  ഉറക്കെ ചോദിച്ചു …

ഇന്ന്  ഞാനല്ല … അമ്മയാണ്  താമസിച്ചത് !! വേഗത്തിൽ അമ്മയുടെ ഒപ്പം നടന്ന  അമ്മുസ് ഉറക്കെ വിളിച്ചു പറഞ്ഞു .. അമ്മുവിൻറെ  മറുപടി കേട്ട്  ആരതി അവളെ കണ്ണുരുട്ടി കാണിച്ചു …

കണാരേട്ടൻ  അമ്മുസിന്റെ മറുപടി കേട്ട്  തലയാട്ടി ആസ്വദിച്ചു ചിരിച്ചു …

അമ്മേ !! എന്റെ കാല്  നോവുന്നു !!! അമ്മയെപ്പോലെ  ഓടാൻ എനിക്ക് വയ്യ !! നമുക്ക്‌  ഒരു ഓട്ടോയിൽ പോകാം … ദേ ആ ഓട്ടോമാമൻ എന്നെ നോക്കി കൈ  കാണിച്ചു …

അമ്മു  കൈ ചൂണ്ടി കാണിച്ചിടത്തേക്ക്  ആരതി തല വെട്ടിച്ചു നോക്കി …ദേവൻ !! തന്റെ  ഓട്ടോയിൽ  ചാരി കൈയ്യും കെട്ടി നില്കുന്നു …

ദേവന്റെ നിൽപ്പും  മട്ടും  നോട്ടവും കണ്ടപ്പോൾ  ആരതിയുടെ  കാലുകൾക്ക് വേഗത കൂടി .. അവന്റെ  നോട്ടത്തിന്  മറുപടി കൊടുക്കാതെ  അമ്മുവിൻറെ  തലക്ക്  ഒരു കിഴുക്ക് കൊടുത്തു … നേരെ നോക്ക് നടക്ക് പെണ്ണെ … ഇനി അധിക ദൂരം ഇല്ലല്ലോ ഓട്ടോ  പിടിച്ചു  പോകാൻ …ആരതി  കിതച്ചു കൊണ്ട്  പറഞ്ഞു …

ആരതിയുടെ ഓട്ടം കണ്ട്  ദേവൻ ഒരു ദീർഘശ്വാസം എടുത്തു ..

വൈകാതെ അമ്മുവിനെ സ്കൂളിൽ കൊണ്ട് വിട്ടു ആരതി  വില്ലേജ് ഓഫീസിലേക്ക് ഓടി ..

ആരതി വില്ലജ് ഓഫീസിലെ  ക്ലാർക് ആണ് … മേശയിൽ പോയി ബാഗ്  വെച്ചിട്ട് റെജിസ്റ്ററിൽ ഒപ്പിടാനായി വില്ലേജ് ഓഫീസറിന്റെ മുറിയിലേക്ക് പോയി …

കതകിൽ തട്ടി  അനുവാദം വാങ്ങി ആരതി മുറിയിലേക്ക് ചേർന്നു ..

ഹാ  ഇതാര് !! ആരതി മാഡമൊ ?? ഇന്ന് നേരത്തെ  ആണല്ലോ ?? വില്ലേജ് ഓഫീസർ ആനന്ദ്  ക്ലോക്കിലേക്ക്  നോക്കി കൊണ്ട്  പരിഹാസ രൂപേണ ചോദിച്ചു ..

സാർ !! അത്‌ മോളെ  സ്കൂളിൽ വിട്ടിട്ട് വന്നപ്പോൾ ലേറ്റ് ആയി !! ക്ഷമിക്കണം .. ആരതി സങ്കോചത്തോടെ പറഞ്ഞു ..

സീ ആരതി !! ഇത്  ഒരു സർക്കാർ ഓഫീസ് ആണ് !! കുറച്ചൊക്കെ കൃത്യനിഷ്ഠ ആകാം !! ഇതിപ്പോൾ  എല്ലാദിവസവും  താമസിച്ചു വന്നാൽ ഞാൻ ഇത്‌  മുകളിലേക്ക് റിപ്പോർട്ട് ചെയ്യും ..അല്ലെങ്കിൽ തന്നെ സർക്കാർ ഉദ്യോഗസ്ഥർ  ചുമ്മാതിരിന്നു ശമ്പളം വാങ്ങുകയാണെന്ന്  ഒരു പൊതു സംസാരം നാട്ടിൽ ഉണ്ട് .. അതിന്  താനും  കൂടി നിറം  കൂട്ടാൻ  നിൽക്കേണ്ട …ആനന്ദിന്റെ  സംസാരത്തിന്  മറുപടി  ഇല്ലാതെ  ആരതി നിന്ന് പരുങ്ങി ..

മ്മ് !! തനിക്ക് ഒന്നും പറയാൻ ഉണ്ടാകില്ലെന്ന്  അറിയാം … ഇവിടെ നിന്ന്  സമയം കളയേണ്ട !! രെജിസ്റ്ററിൽ ഒപ്പിട്ടിട്ട് പോയാട്ടെ ..

ആരതി കയ്യിൽ ഇരുന്ന പേന എടുത്തു രെജിസ്റ്ററിൽ ഒപ്പിട്ടു …

താങ്ക്യൂ സാർ !!

മ്മ് , പോയ്ക്കോ ..:

ആരതി  നടന്ന് പോകുന്നത് കണ്ട്  ആനന്ദ് ഒന്ന് ചിരിച്ചു …

എന്താ ആരതികുട്ടി  ഇന്നും പതിവ്‌ പോലെ ലേറ്റ് ആണൊ ?? തൊട്ടടുത്ത  കസേരയിൽ ഇരുന്ന ഗീത  ചേച്ചീ തിരക്കി ..

എന്റെ ഗീതേച്ചി പുലർച്ചെ  അഞ്ചിന് തുടങ്ങുന്ന മൽപ്പിടുത്തം ആണ് … അമ്മുസിന്  ഈ ഇടയായി  മടിയും വാശിയും ഇത്തിരി കൂടുതൽ ആണ് … എങ്ങനെയൊക്കെ രാവിലത്തെ പണി ഒതുക്കിയാലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ താമസിക്കും ….ആരതി ഒന്ന് ശ്വാസം അകത്തേക്ക് വലിച്ചു

എന്റെ ആരതി !! നിന്നെ കാണാൻ തുടങ്ങിയ കാലം തൊട്ടേ  നീ ഓട്ടത്തിൽ ആണ് .. എത്ര വട്ടം ഞാൻ പറഞ്ഞു. നിന്നോട് ഒരു സ്കൂട്ടർ വാങ്ങിക്കാൻ .. സുഖമായി ലോൺ കിട്ടും … മനസ്സ് വെച്ച് പഠിച്ചാൽ  ലൈസെൻസ് ഒക്കെ പുഷ്പം പോലെ കിട്ടും മോളെ !! ഗീത പറഞ്ഞു ..

ശെരിയാ ചേച്ചീ !! ഇനി  എന്തായാലും ഈ നടപ്പ്  പറ്റില്ല .. ആനന്ദ്  സാർ  ഒരു താകീത് തന്നു ……വെഗം തന്നെ ലോൺ എടുത്തിട്ട്  ഒരു സ്കൂട്ടർ വാങ്ങണം … സ്കൂട്ടർ മുൻപ് ഓടിച്ചിട്ടിട്ടുള്ളത് കൊണ്ട് അത്‌  പേടിയില്ല .. ലൈസെൻസ്  വേഗം കിട്ടുമായിരിക്കും … ആരതി പ്രതീക്ഷയോടെ പറഞ്ഞു…

ആരതി  പതിയെ  ജോലിയിലേക്ക് കടന്നു ..

എല്ലാ ദിവസവും  പോലെ  ആരതി  ഫയലുകൾ പരിശോധിക്കുകയായിരുന്നു ..

തല കുമ്പിട്ട് ഫയലിൽ ശ്രദ്ധിച്ചു  നോക്കികൊണ്ടിരുന്ന ആരതി  മുന്നിൽ നിന്ന്  മുരടനക്കം കേട്ടാണ്  തല ഉയർത്തി നോക്കിയത് ..

ദേവൻ !!

ആരതി … ദേവനെ  നോക്കി …

മാഡം !! എനിക്ക്  ഇന്ന്  രാവിലെ ഇവിടെ നിന്ന് വന്ന  ഒരു കത്താണ്  ഇത് … ദേവൻ ഒരു പേപ്പർ ആരതിക്ക് നേരെ നീട്ടി ..

ആരതി അത്‌ തുറന്ന് വായിച്ചു … റവന്യു റിക്കവറി നോട്ടീസ് …

ഇരിക്ക് !! മുന്നിലെ കസേര  ചൂണ്ടി ആരതി ദേവനോട്  പറഞ്ഞു …

ദേവൻ  കസേര  വലിച്ചിട്ട് ഇരുന്നു ..

ഇത്  ജപ്തി നോട്ടീസ് ആണെല്ലോ !! നിങ്ങൾ മുൻപ്  സഹകരണ  ബാങ്കിൽ  നിന്ന്  ഒരു ചെറുകിട സംരംഭം തുടങ്ങാനായി  ലോൺ  എടുത്തില്ലേ ?? അതിന്റെ അടവുകൾ മുടങ്ങി .. ഇപ്പോൾ മുതലും പലിശയും  ചേർന്ന് എട്ടുലക്ഷം രൂപ  തിരിച്ചു അടക്കണം  … അല്ലാത്ത പക്ഷം ജപ്തി നടപടിയുമായി മുന്നോട്ട് പോകാൻ കഴിയും …

ഈ പേപ്പറിൽ എഴുതിയിരിക്കുന്നത്  എന്താണെന്ന് എനിക്ക് അറിയാം  മാഡം !! വലിയ പ്രതീക്ഷയോടെയാണ്  ഞാൻ ഒരു പലഹാര നിർമാണ യൂണിറ്റ്  വീട്ടിൽ തുടങ്ങിയത് … എന്നാൽ  കോവിഡ് വന്നതോടെ എല്ലാവരെയും  പോലെ  വലിയ  നഷ്ടം ആയി .. ഒരു വിധത്തിലും മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല .. മുടക്കിയ മുതൽ പോലും കിട്ടിയില്ല .. തവണകൾ  അടക്കാൻ ഒരുപാട്‌ ശ്രമിച്ചു … കഴിഞ്ഞില്ല .. ഇവിടെ നിന്ന്. എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ വന്നതാണ് .. ദേവൻ പറഞ്ഞു …

എനിക്ക് ഉറപ്പ് പറയാൻ കഴിയില്ല … വില്ലജ് ഓഫീസർ സ്ഥലത്തില്ല ..നാളെ രാവിലെ സാർ വരുമ്പോൾ  ഞാൻ  തിരക്കി നോക്കിയിട്ട്  വിവരം അറിയിക്കാം … ആരതി പറഞ്ഞു ..

ദേവൻ ആരതിയെ നോക്കിയിട്ട് കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്ക് പോയി …

ആരതി താടിക്ക് കൈയ്യും കൊടുത്തു എന്തോ ആലോചിച്ചു …

ആരതി !! അത് ദേവൻ അല്ലെ.. നിന്റെ  പിന്നാലെയുള്ള അവന്റെ  നടപ്പ് ഇതുവരെ  അവസാനിപ്പിച്ചില്ലേ ?? ഗീത  അടക്കത്തിൽ ചോദിച്ചു …

ഏയ്‌ !! ഇത്  അതൊന്നും അല്ല  ചേച്ചീ … അയാളുടെ വീട്ടിൽ  ഒരു ചെറിയ  പലഹാര യൂണിറ്റ് ഉണ്ടായിരുന്നു … സ്ഥിരം  കഥകൾ  പോലെ  നഷ്ടത്തിലായി … ഇപ്പോൾ ജപ്തി നോട്ടീസ്  വന്നിട്ടുണ്ട് .. അതിന് നമുക്ക്‌ എന്തേലും ചെയ്യാൻ കഴിയുമോ എന്ന് അറിയാൻ വന്നതാണ് … ആരതി പറഞ്ഞു …

മ്മ് ,, എന്തൊരു ജീവിതമാണ്  നിങ്ങൾ രണ്ടാളുടെയും  എന്ന്  എത്ര  ആലോചിച്ചിട്ടും  എനിക്ക് മനസ്സിലാകുന്നില്ല … ഗീത  പതിയെ പറഞ്ഞു …

ചില  ചോദ്യങ്ങൾക്ക്  ഉത്തരം ഇല്ല ഗീതേച്ചി !! ഇപ്പോൾ ഒഴുക്കിനനുസരിച്ചു  നീന്താൻ ഞാൻ പഠിച്ചു …ഞാൻ ഒറ്റക്കല്ലല്ലോ ?? എനിക്ക് എന്റെ അമ്മുസ് ഉണ്ടല്ലോ ?? ആരതി ഒന്ന് ചിരിക്കാൻ ശ്രമിച്ചു ..

ചേച്ചീ  ഞാൻ ഇന്ന് ഉച്ച  കഴിഞ്ഞു ലീവ്  ആണ് .. മോളുടെ സ്കൂളിൽ PTA ഉണ്ട് ….ആരതി പറഞ്ഞു ..

മ്മ് ,, ഗീത ഒന്ന് മൂളി ..

ആരതി വില്ലേജ് ഓഫീസിൽ നിന്നും ഇറങ്ങി റോഡിലേക്ക് കയറിയപ്പോൾ ആണ് ദേവന്റെ ഓട്ടോ മുന്നിൽ വന്ന് നിന്നത് ..

ദേവനെ കണ്ടതും ആരതി മുന്നോട്ട് നടന്നു …

ആരതി !! ഞാൻ ഒരു ഓട്ടം കഴിഞ്ഞു തിരിച്ചു കവലക്ക് പോവുകയാണ് .. കയറിക്കോ പൈസ ഒന്നും തരേണ്ട …ദേവൻ പറഞ്ഞു ..

ഇല്ല !! വേണ്ട  ദേവേട്ടാ ?? ഞാൻ നടന്നു പൊയ്ക്കൊള്ളാം …

ആരതി !! തനിക്ക് എന്നോട് എന്താ  ഇത്രയും ദേഷ്യം ?? ദേവൻ ആരതിയെ തടഞ്ഞു നിറുത്തി ചോദിച്ചു ..

എനിക്ക് ദേവേട്ടനോട് എന്ത്  ദേഷ്യം ?? ഒന്നുമില്ല … ഞാനും എന്റെ അമ്മുവും  ഞങ്ങളുടെ കൊച്ചു ലോകത്ത്‌  സന്തോഷത്തോടെ ആണ് ഇപ്പോൾ കഴിയുന്നത് ..അത്  നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല ..

എപ്പോഴാണ് ആരതി  നിന്റെ ജീവിതം ഞാൻ നശിപ്പിക്കാൻ ശ്രമിച്ചത് ?? ഓർമ്മവെച്ച കാലം മുതൽ എന്റെ മനസ്സിൽ പതിഞ്ഞ ഒരു മുഖമാണ്  നീ !! നിനക്കും അത്‌ അങ്ങനെ തന്നെയായിരുന്നു .. എപ്പോഴാണ്  എല്ലാം തകിടം മറിഞ്ഞത് ?? ദേവൻ ചോദിച്ചു ..

പഴയതൊന്നും ചികയാൻ എനിക്ക് താല്പര്യം ഇല്ല .. എനിക്ക് ദേവേട്ടനോട് ഒരു ഇഷ്ടക്കുറവും ഇല്ല .. പക്ഷേ  ഇനിയൊരു പുരുഷൻ എന്റെ ജീവിതത്തിൽ വേണ്ടന്ന് ഞാൻ തീരുമാനിച്ചതാണ് …

ദയവ് ചെയ്ത് ഈ കാര്യം പറഞ്ഞുകൊണ്ട്  ദേവേട്ടൻ എന്റെ മുന്നിൽ തരം താഴരുത് ..ആരതി അഭ്യർത്ഥനയോടെ ദേവനോട് പറഞ്ഞു ..

ഇല്ല  ആരതി !! ഇനി നിന്നെ ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ല !! ഓരോ വട്ടവും നീ എന്നെ നിരാശപ്പെടുത്തി പറഞ്ഞു വിടുമ്പോഴും  എന്റെ മനസ്സിൽ ഒരു പ്രത്യാശ ഉണ്ടായിരുന്നു .. ഇനി നിന്റെ വഴിയിൽ ഒരു തടസ്സമായി ഈ ദേവൻ വരില്ല …

എല്ലാവരുടെയും മുന്നിൽ ഞാൻ വെറും ഒരു കോമാളി ആണ് ?? സ്നേഹിച്ച  പെണ്ണ്  കൈവിട്ട് പോയപ്പോൾ  ഏറെ ദുഃഖിച്ചു .. അവൾ  ഒരു വിധവ ആയപ്പോൾ അവളെക്കാൾ  തകർന്നത് ഞാൻ ആയിരുന്നു ..

മറ്റുള്ളവർക്ക്  നീ നാടിന് വേണ്ടി വീരമൃത്യു വരിച്ച  ധീര ജവാൻ സുരേഷ് മേനോന്റെ വിധവ … പക്ഷെ എനിക്ക് നീ  എല്ലാം നഷ്ടപെട്ടവളേ പോലെ  നിന്ന എന്റെ പഴയ ആരതി ആയിരുന്നു …ദേവൻ നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു …

ദേവേട്ടാ … പ്ളീസ് എനിക്ക് ഒന്നും കേൾക്കേണ്ട  !! ഞാൻ പോകുന്നു …

ദേവനെ നോക്കാതെ ആരതി മുന്നോട്ട് നടന്നു …

ആരതി …. നീ എന്റെ ഇടനെഞ്ചിലെ കനലാണ് … ഒരിക്കൽ നീ എന്റെ സ്നേഹം മനസ്സിലാക്കും … ആരതി നടന്ന് പോകുന്നത്  നോക്കി ദേവൻ നെടുവീർപ്പോടെ നിന്നു …

(തുടരും …)

പുതിയ ഒരു കഥ എഴുതുവാൻ ഉള്ള ശ്രമത്തിലാണ് …. ഇത്രെയും നാൾ തന്ന അകമഴിഞ്ഞ പ്രോത്സാനങ്ങൾക്കും സ്നേഹത്തിനും നന്ദി ..

സ്നേഹത്തോടെ

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!