Skip to content

സ്‌നേഹക്കൂട് – 7

shehakoodu

ദേവേട്ടൻ !!

ആരതി മനസ്സിൽ മന്ത്രിച്ചു ..

ആരതിയെ കണ്ടതും ദേവൻ ആരതിയുടെ അടുക്കലേക്ക് ചെന്നു …

സുഖമാണോ ആരതി ?? ദേവൻ തിരക്കി ..

മ്മ് ,, ആരതി ഒന്ന് മൂളുക മാത്രം ചെയ്തു …

ദേവേട്ടൻ എന്നാണ് വന്നത് ?? ആരതി ചോദിച്ചു ..

ഞാൻ വന്നിട്ട് രണ്ട് ദിവസം ആയി ..

ഒരു മാസത്തെ ലീവ് ഉണ്ടോ ?? ആരതി ചോദിച്ചു …

ഞാൻ ആ ജോലി മതിയാക്കി വന്നതാണ് ആരതി !! വിസ പുതുക്കിയില്ല … എനിക്ക് നാട് തന്നെയാണ് നല്ലത് !! ഞാൻ ഒരു ലോൺ  എടുത്തു ചെറിയ  എന്തേലും പരുപാടി വീട്ടിൽ തന്നെ നോക്കിയാലോ എന്ന് ആലോചിക്കുവാ ..ദേവൻ പറഞ്ഞു ..

ആരതിയുടെ തോളിൽ കിടക്കുന്ന  അമ്മുവിനെ  നോക്കി ദേവൻ ചിരിച്ചു !!

എന്താ  മോളുടെ  പേര് ??

പരിചയം ഇല്ലാത്ത  ആളെ കണ്ടത് കൊണ്ട് അമ്മു മുഖം വെട്ടിച്ചു .

ശിവാനി … അമ്മു എന്ന് വീട്ടിൽ വിളിക്കും ..

ശെരി ദേവേട്ടാ  ഞാൻ പോകുന്നു ..

ആരതി മോളെയും കൊണ്ട് മുന്നോട്ട് നടന്നു ..

ആരതി !! എനിക്ക് തന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട് … ദേവൻ പറഞ്ഞു ..

എന്താ  ദേവേട്ടാ ??ആരതി  പുരികം ഉയർത്തി ചോദിച്ചു ..

അത്‌ .. പിന്നെ !! അല്ലെങ്കിൽ ഇപ്പോൾ വേണ്ട ..പിന്നീട്  എപ്പോഴെങ്കിലും കാണുമ്പോൾ  ഞാൻ പറയാം .. ദേവൻ പറഞ്ഞു ..

ദേവന്റെ നോട്ടത്തിലും സംസാരത്തിലും  ആദ്യമായി എന്തോ വീർപ്പുമുട്ടുന്നത് പോലെ ആരതിക്ക് തോന്നി ..

ദേവനെ ഒന്ന് നോക്കിയതിന് ശേഷം ആരതി മോളെയും കൊണ്ട് പോയി ..

ദേവൻ  ആരതി പോകുന്നത് നോക്കി നിന്നു ..

അമ്മുവിൻറെ ഒന്നാം പിറന്നാൾ ഇരുവീട്ടുകാരും ചേർന്ന് ലളിതമായി നടത്തി … സുരേഷിന്റെ വിടവ്  ആർക്കും ഒരിക്കലും നികത്താൻ പറ്റില്ലെന്ന് ആരതിക്ക് തോന്നി ..

എല്ലാവരും മോളെ കളിപ്പിച്ചു കൊണ്ട്  ഇരിക്കുന്നതും നോക്കിയിട്ട്  ആരതി മുറിയിലേക്ക് കയറി  വാതിൽ അടച്ചു …

മേശപ്പുറത്തു  സുരേഷിന്റെ ഒപ്പം മേഘാലയിൽ വെച്ച് എടുത്ത ഒരു കൊച്ചു ഫോട്ടോ ഫ്രെയിം ചെയ്‌തു വെച്ചിട്ടുണ്ടായിരുന്നു .. രണ്ടാൾക്കും ഏറെ പ്രീയപ്പെട്ട  ഫോട്ടോസിൽ  ഒന്നായത് കൊണ്ട് തന്നെ  സുരേഷ് ആണ് അത്‌ ഫ്രെയിം ചെയ്ത് മേശപ്പുറത്തു വെച്ചിരുന്നത് …

സുരേഷേട്ടാ !! ഏട്ടൻ എല്ലാവേരയും വിട്ടു പിരിഞ്ഞു പോയിട്ട് ഒരു വർഷം ആകുന്നു …

എനിക്ക് മാത്രം എന്താണ്  ഇപ്പോഴും ഒന്നും ഉൾകൊള്ളാൻ കഴിയാത്തത് ??

ഇന്നും കൂടി നമ്മുടെ ഭഗവതിയോട് ഞാൻ മനസ്സർപ്പിച്ചു പ്രാത്ഥിച്ചു സുരേഷേട്ടാ !! അത്‌ എന്റെ ഏട്ടന്റെ ആത്മാവിന് മോക്ഷം കിട്ടാൻ അല്ല എവിടെയെങ്കിലും ജീവനോടെ  ….ഒരു ശ്വാസം എങ്കിലും നീ ബാക്കി  വെച്ചിട്ടുണ്ടെങ്കിൽ എന്റെ കയ്യിൽ തിരികെ തന്നേക്കണേ എന്റെ ഭഗവതി എന്ന് !!

എന്റെ ആയുസ്സ് തീരും വരെയും ഞാൻ കാത്തിരിക്കും … മറ്റുള്ളവരോട് ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞാൽ അവർ കരുതും എന്റെ മനോനില  തെറ്റിയതാണെന്ന് ….അതുകൊണ്ട് എല്ലാം ഉള്ളിലൊതുക്കി കഴിയുവാ ഏട്ടാ !! ഏട്ടന് എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ എനിക്ക് ഇങ്ങനെ ജീവിക്കാൻ കഴിയില്ല .. ഓരോ  ദിവസവും കഴിയും തോറും  എന്റെ പ്രതീക്ഷ കൂടി വരുന്നു ഏട്ടാ …

ആരതി ഫോട്ടോയിലേക്ക് നോക്കി !! ചിരിച്ചുകൊണ്ട് നിൽക്കുന്ന  സുരേഷിന്റെ മുഖത്തു ഏറെ  സ്നേഹത്തോടെ അവൾ ചുംബിച്ചു …

അമ്മേ !! എനിക്ക് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട് ..

ചായ കൊണ്ട് കൊടുത്ത ദേവകിയോട് ദേവൻ  പറഞ്ഞു …

ദർശനയുടെ കല്യാണം കഴിഞ്ഞു … ദീപ്തിയുടെ ബാധ്യതകൾ എല്ലാം തീർത്തു .. അമ്മക്ക് അറിയാമല്ലോ  ഇനി  തിരിച്ചു  ദുബായിക്ക് ഒരു പോക്കില്ല ….ഒരു ലോൺ എടുത്തു നമുക്ക്‌ ഒരു പലഹാര യൂണിറ്റ് തുടങ്ങാം  ഒപ്പം കുറച്ചു പൈസ ഇട്ട് ഒരു ഓട്ടോ കൂടി വാങ്ങിയാൽ നമ്മുടെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞുകൂടും ..

ദേവകി തലയാട്ടി …

അമ്മേ … ഞാൻ ഇന്നലെ  ആരതിയെ കണ്ടു !! അവൾക്ക് ഒരു മാറ്റവും ഇല്ല !! പണ്ടത്തേതിലും ചെറുപ്പം ആയി ..

അമ്മക്ക് വിരോധം ഒന്നുമില്ലെങ്കിൽ നമുക്ക്‌ ആരതിയെ ഇങ്ങോട്ട് കൂട്ടികൊണ്ട് വരാം ..

ദേവകിയിൽ ഒരു ഞെട്ടൽ ഉണ്ടായി …

അത്‌ നടക്കില്ല ദേവാ !!

ദേവകി വെട്ടിമുറിച്ച പോലെ പറഞ്ഞു ..

നീ കാണുമ്പോൾ അവൾക്ക് വലിയ മാറ്റം ഒന്നും കാണില്ലായിരിക്കും ..നീ അവളെ  നോക്കുന്നതും ആഗ്രഹിക്കുന്നതും ഇപ്പോൾ  എങ്ങനെയും നിന്റെ സ്വന്തം ആക്കണം എന്ന മോഹത്തോടെയാണ് …

അവൾ പഴയ ആരതി അല്ല .. വിധവയാണ് … ഒരു കുഞ്ഞിന്റെ അമ്മയാണ് .. ഇതൊന്നും അമ്മക്ക് ഒരു കുറവുകൾ ആയിട്ട് തോന്നുന്നില്ല .. ആരതിയുടെ കുഴപ്പം കൊണ്ട് സംഭവിച്ചതല്ലലോ  ഇത് … വിധി ആണ് ..

പക്ഷെ ആരതിയെ കല്യാണം കഴിച്ച  ആ പയ്യൻ ഉണ്ടല്ലോ !! അവൻ ഒരുപാട്‌ നന്മ ഉള്ളവൻ ആണ് ..നീ അവളുടെ അച്ഛനോട് കയർത്തു സംസാരിച്ചതിന്റെ അടുത്ത ദിവസം രണ്ടാളും എന്നെ കാണാൻ ഇവിടെ വന്നിരുന്നു ..ആ പയ്യനും കൂടി പറഞ്ഞിട്ടാണ്  നിന്നെ വിളിച്ചത് എന്ന് അറിഞ്ഞപ്പോൾ എനിക്ക് ആ കുട്ടിയോട് സ്നേഹവും ബഹുമാനവും തോന്നി ..അവളുടെ മനസ്സിലെ  ആഗ്രഹം എന്തുതന്നെ  ആയാലും അത്‌ നടത്തി കൊടുക്കാനുള്ള സന്നദ്ധത ആ പയ്യൻ കാണിച്ചു ..

എന്നിട്ട്  നീ എന്താടാ ചെയ്തത് ?? നിഷ്‌കരുണം  ആ പെണ്ണിനെ തള്ളിപറഞ്ഞില്ലേ ?? നിനക്ക് പറയാൻ ഒരുപാട്‌  ന്യായങ്ങൾ ഉണ്ടാകും !! നിന്റെ ബാധ്യതയുടെ നീണ്ട  ലിസ്റ്റ്  കാണിച്ചിട്ടുണ്ടാകും !! പക്ഷെ ഒന്ന് ഞാൻ ചോദിച്ചോട്ടേ ? ആ കൊച്ചു നിന്നെ ഇഷ്ടപെട്ടത് നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെയല്ലേ മാത്രവുമല്ല മാധവേട്ടൻ വിവാഹത്തിന് സമ്മതം ആണെന്ന് അറിയിച്ചപ്പോൾ  നീ മനുഷ്യരെ  കണ്ടിട്ടില്ലാത്ത സ്വഭാവം കാണിച്ചില്ലേ !! ഇപ്പോൾ നിനക്ക് തോന്നുന്നുണ്ടാവാം നീ അന്ന് അങ്ങനെ കാണിച്ചത് കൊണ്ടാണ് ആരതിക്ക് ഈ വിധി വന്നത്  എന്ന് .

ആരതിമോളെ ഞാൻ എപ്പോഴും കാണാറുണ്ട് .. ഇപ്പോഴും അവൾക്ക് എന്നോട് സ്നേഹമാണ് .. പക്ഷെ ഈ രണ്ടുവർഷത്തിനിടയിൽ ഒരിക്കൽ പോലും നീ എന്തിയേ ??നിനക്ക്  സുഖമാണോ  ??എന്ന് പോലും അവൾ ചോദിച്ചിട്ടില്ല..അവളുടെ മനസ്സിൽ നീ ഇല്ല  ദേവാ !!

ആരെകൊണ്ടും ഒന്നും പറയിക്കാതെ ആ കുഞ്ഞിനെക്കൊണ്ട് അന്തസ്സായി അവൾ ജോലി  ചെയ്തു ജീവിക്കുന്നുണ്ട് .. ആരതി എന്റെയും കൂടി മോളാണ് …ഇനി അതിന്റെ പിന്നാലെ നടന്ന് അതിന്റെ മനസമാധാനം കളയാൻ നോക്കിയാൽ  നിന്നെ ഞാൻ വെച്ചേക്കത്തില്ല  !!! പറഞ്ഞേക്കാം … ദേവകിയുടെ മറുപടി കേട്ട്  ദേവൻ അന്ധിച്ചിരുന്നു …

ചായ ഗ്ലാസ്സുമായി ദേവകി അടുക്കളയിലേക്ക് പോയി ..

കുറച്ചു നേരം ആയല്ലോ ദേവേട്ടാ  ഈ ഇരിപ്പ് തുടങ്ങിയിട്ട് ?? എനിക്ക് അല്പം തിരക്കുണ്ട്  !! പറയാനുള്ളത് എന്താണേലും പറഞ്ഞോളൂ ..

ആരതി തനിക്ക് അഭിമുഖമായി ഇരുന്ന ദേവനോട് പറഞ്ഞു ..

എനിക്ക് പറയുവാനുള്ളത്  നീ സമാധാനത്തോടെ കേൾക്കണം ..

നീ  എനിക്ക് ഇപ്പോഴും എന്റെ പഴയ  ആരതി ആണ് .. വിവാഹം കഴിച്ചതോ ഒരു മകൾ ഉള്ളതോ  ഒന്നും എനിക്ക് ഒരു കുറവായി തോന്നുന്നില്ല … ഞാൻ വേണ്ടന്ന് പറഞ്ഞു  ഉപേക്ഷിച്ചു പോയപ്പോൾ മാത്രമല്ലേ നീ ഒരു ജീവിതത്തെ പറ്റി ചിന്തിച്ചതും അത്‌ തിരഞ്ഞെടുത്തതും ..

കഴിഞ്ഞത് കഴിഞ്ഞു … നമുക്ക്‌ രണ്ടാൾക്കും മറക്കാം  !! നിന്നെയും അമ്മു മോളെയും പൂർണ്ണ മനസ്സോടെയും  സ്നേഹത്തോടെയുമാണ്  ഞാൻ എന്റെ ജീവിതത്തിലേക്ക് വിളിക്കുന്നത് .. നീ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി ..ദേവൻ പറഞ്ഞു ..

ദേവേട്ടന് പറയാനുള്ളത് എല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ എനിക്ക് പറയാൻ ഉള്ളത് ദേവേട്ടൻ കേൾക്കണം !!

ഞാൻ നിങ്ങൾ പറഞ്ഞത് പോലെ പഴയ ആരതി അല്ല !! ചിലപ്പോൾ എന്റെ ബാഹ്യമായ രൂപത്തിന്  നിങ്ങൾ പറഞ്ഞത് പോലെ ഉടവൊന്നും സംഭവിച്ചിട്ടില്ല … എന്നാൽ മാറ്റം വന്ന ഒന്നുണ്ട്  എന്റെ മനസ്സ് !!

അവിടെ ദേവേട്ടന് ഒരു സ്ഥാനവും ഇല്ല … ദേവേട്ടന് എന്നല്ല  ഒരു പുരുഷന്മാർക്കും സ്ഥാനം ഇല്ല ..

എനിക്ക് ഒരു ആൺ തുണ  ഉണ്ടായിരുന്നു !! എന്നെ പൊന്നുപോലെ നോക്കിയ എന്റെ സുരേഷേട്ടൻ !! ദൗർഭാഗ്യമോ  വിധിയോ  ഇങ്ങനെ ഒരു അവസ്ഥ  എനിക്ക്  ഉണ്ടായി … പക്ഷെ ആരൊക്കെ ആ സ്ഥാനത് വന്ന് നിലയുറപ്പിക്കാൻ നോക്കിയാലും  താരതമ്യപ്പെടുത്തിയാലും  എന്റെ സുരേഷേട്ടൻ എനിക്ക് തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും തട്ട് താണ് തന്നെ ഇരിക്കും …

ആരതി പറയുന്നത് കേട്ടപ്പോൾ ദേവന് ദേഷ്യം തോന്നി ..

നീ എന്തൊക്കെ പൊട്ടത്തരം ആണ് വിളിച്ചു പറയുന്നത് ആരതി !! ഒരു സുരേഷേട്ടൻ വന്നിരിക്കുന്നു ..എടീ നിന്നെ കെട്ടിക്കൊണ്ട്  നമ്മളെ സഹായിക്കാം എന്ന് പറഞ്ഞത് കേട്ടപ്പോഴേ ഞാൻ അവനെ മനസ്സ് കൊണ്ട് അളന്നതാണ് .. കെട്ടിയ പെണ്ണിനെ  ആരെങ്കിലും വേറൊരുആളുടെ കൂടെ പറഞ്ഞു വിടാൻ മനസ്സ് കാണിക്കുമോ ?? അതുമല്ല  നീയും അവനും  കുറച്ചു മാസങ്ങൾ അല്ലേ കൂടെ ജീവിച്ചതൊള്ളൂ  !! അതിലും എത്രയോ മുൻപ് തുടങ്ങിയതാണ് നമ്മുടെ ബന്ധം ?? അത്‌ മാത്രം എന്താ  നീ ഓർക്കാത്തത് ആരതി … ദേവൻ അമർഷത്തോടെ ചോദിച്ചു …

ദേവന്റെ  സംസാരം ആരതിയെ ചൊടിപ്പിച്ചു … ആരതിയുടെ മുഖം വലിഞ്ഞു മുറുകി ..

(തുടരും ..)

SHEROON4S

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Sheroon Thomas Novels

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!