Skip to content

ഒടുവിൽ ആ കാത്തിരിപ്പിന് വിരാമമാകുന്നു…

പ്രണയനിലാവ് 💞 മലയാളം നോവൽ

പ്രണയനിലാവ് 💞 – ശാരു 🦋

Children, Comedy, Love · 93 അധ്യായങ്ങൾ

📖 ഈ കഥയുടെ മുഴുവൻ അധ്യായങ്ങളും അക്ഷരത്താളുകളിൽ വായിക്കാം →

അധ്യായം 1 – പ്രണയനിലാവ് 💞 1

അവൾക്ക് ചുറ്റും വേദു എന്ന വിളി ഒരു കാറ്റുപോലെ വന്നപ്പോൾ, ആ നിശ്വാസം അവൾക്ക് ചുറ്റും ഉണ്ടായിരുന്നു!


ക്ലോക്കിൽ 6 അടിച്ചപ്പോൾ അവൾ ആലസ്യത്തോടെ മിഴികൾ വലിച്ചു തുറന്നു ..രാത്രി എപ്പോഴോ ഉറങ്ങി പോയതാണ് ..അല്ലെങ്കിലും ഉറക്കം നഷ്ടപെട്ടിട്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞു ..ഓർമകളുടെ കുത്തൊഴുക്കിൽ പെട്ട് എപ്പോഴെങ്കിലും ഉറങ്ങിയാൽ ആയി ..പഴയ തന്റെ ഒരു നിഴൽ രൂപം മാത്രമാണ് ഇപ്പോൾ ഉള്ളത് എന്നവൾക്ക് അറിയാം ..ഒരുപാട് ദുഃഖങ്ങൾ ഒരുമിച്ചു ദൈവം തന്നപ്പോൾ കൂടെ സന്തോഷിക്കാൻ ഒന്നുകൂടി തന്നിരുന്നു ..ആ ഓർമയിൽ അവളുടെ ചൊടികളിൽ ഭംഗിയുള്ള ഒരു പുഞ്ചിരി വിടർന്നു ..വർഷങ്ങൾക്ക് മുന്നേ ഉള്ള ലച്ചുവിന്റെ അതേ കുസൃതിയും കുറുമ്പും നിറഞ്ഞ പുഞ്ചിരി ..മെല്ലെ തലചെരിച്ചു നോക്കിയപ്പോൾ കണ്ടു പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി ഒരു ഇളം പുഞ്ചിരിയോടെ കിടക്കുന്ന മിഴി മോളേ ..കൈ രണ്ടും ചുരുട്ടി പിടിച്ചിട്ടുണ്ട് ..ഏതോ സ്വപ്നത്തിൽ ആണെന്ന് തോന്നുന്നു ..അതിന്റെ ബാക്കിയാണ് ആ ചുണ്ടിൽ ഉള്ള പുഞ്ചിരി ..ഉണരുമ്പോൾ ഓർമയുണ്ടെങ്കിൽ പിന്നെ ഇന്ന് മുഴുവൻ ആ കഥയും പറഞ്ഞു പുറകേ നടക്കും ..അവൾ ഒരു ചിരിയോടെ ഓർത്തു ..ആ കുഞ്ഞു നെറ്റിയിൽ വീണുകിടന്ന മുടിയിഴകളെ ഒതുക്കി വച്ചു അവൾ മെല്ലെ അവിടെ ചുംബിച്ചു ..അതറിഞ്ഞ പോലെ മിഴി ഒന്നുകൂടി ചുരുണ്ടു കൂടി കിടന്നു ..പുതപ്പ് ആ കുഞ്ഞു മേനിയിലേക്ക് ഒന്നുകൂടി വലിച്ചിട്ടു അവൾ എഴുന്നേറ്റു ..വീഴാതിരിക്കാൻ രണ്ടു സൈഡിലും പില്ലോ വച്ചു ..ഒന്നുകൂടി മോളുടെ കവിളിൽ ഉമ്മ വച്ചു അവൾ ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി ..

പല്ല് തേച്ചു മുഖമൊക്കെ കഴുകി കണ്ണാടിയിൽ നോക്കിയപ്പോൾ കണ്ടു ഇന്നലത്തെ കരച്ചിലിന്റെ അവശേഷിപ്പായി വീർത്തിരിക്കുന്നു കൺപോളകൾ ..ശക്തിയിൽ മൂന്നാലു തവണ മുഖത്തേക്ക് വെള്ളം അടിച്ചു അവൾ നിന്ന് കിതച്ചു …തന്റെ മുഖം ഒന്ന് വാടിയാൽ നീറുന്ന മൂന്ന് മനസുകൾ ഉള്ളത് കൊണ്ട് അവൾ പതിവ് പുഞ്ചിരി മുഖത്തണിഞ്ഞു ..റൂമിന്റെ ഡോർ മെല്ലെ ചാരി ഹാളിൽ എത്തി ലൈറ്റ് ഇട്ടു ..ആരും എഴുന്നേറ്റട്ടില്ല ..അടുക്കളയിൽ ചെന്നു ഒരു കട്ടൻ ഇട്ടു ഹാളിലെ ബാൽക്കണിയിൽ വന്നു നിന്നു ..ഉയർന്നു നിൽക്കുന്ന ആ കെട്ടിടത്തിന്റെ മുകളിൽ നിന്നും അവൾ ചുറ്റും നോക്കി ..വെളിച്ചം വീണു തുടങ്ങുന്നതേ ഉള്ളു ..റോഡിലൂടെ വളരെ കുറച്ചു വണ്ടികൾ പോകുന്നുണ്ട് ..ചില ഫ്ലാറ്റുകളിൽ ലൈറ്റ് കാണുന്നുണ്ട് ..അപ്പാർട്മെന്റിൽ തന്നെയുള്ള ഗാർഡനിൽ കുറച്ചു പേർ നടക്കുന്നുണ്ട് ..മോർണിംഗ് വോക്ക് എന്ന പേരിൽ ഉള്ള സൗഹൃദ സംഭാഷണങ്ങളും പൊട്ടിച്ചിരികളും ഉയർന്നു കേൾക്കാം ..സാദാരണ ആ കൂട്ടത്തിൽ അച്ഛനും ഉണ്ടാകാറുള്ളതാണ് ..ഇന്ന് മടി പിടിച്ചു കിടന്നിട്ടുണ്ടാകും ..അല്ലെങ്കിലും രാവിലെ അച്ഛനെ കുത്തിപ്പൊക്കി എഴുന്നേൽപ്പിച്ചു നടക്കാൻ വിടുന്നതാണ് അമ്മയുടെ പണി ..മല മറക്കാൻ ഇത്രയും പണിയില്ല എന്ന് ഇടക്ക് പറയുന്നത് കേൾക്കാം ..കട്ടൻ ഊതി കുടിക്കുന്നതിനിടയിൽ അവൾ ഓർത്തു ..ഒരുവേള അവളുടെ കണ്ണുകൾ ഗേറ്റിലേക്ക് നീണ്ടു ..ഒരു ബ്രൗൺ കളർ ഡസ്റ്റർ ഗേറ്റിൽ വന്നു ഹോൺ അടിക്കുന്നതും സെക്യൂരിറ്റി ആയി എന്തോ സംസാരിക്കുന്നതും കണ്ടു ..ഇത്രയും രാവിലെ ആരാണ് എന്നറിയാനുള്ള ആകാംക്ഷയിൽ അവൾ അങ്ങോട്ടേക്ക് മിഴികൾ നട്ടു ..സെക്യൂരിറ്റി തുറന്നു കൊടുത്ത ഗേറ്റിലൂടെ ആ കാർ ഉള്ളിലേക്ക് പ്രവേശിച്ചു പാർക്കിങ്ങിൽ നിർത്തി ..

” ലച്ചു …” 
ഒന്നുകൂടി താഴേക്കു നോക്കുന്നതിനിടയിൽ ആ വിളി കാതിലേക്ക് പതിച്ചു ..

അവൾ പെട്ടന്ന് തിരിഞ്ഞു നോക്കി ..മുടി വാരി കെട്ടിക്കൊണ്ട് ഒരു സ്ത്രീ റൂമിൽ നിന്നും പുറത്തേക്ക് വന്നു ..ഐശ്വര്യം ഉള്ള ആ മുഖത്തു സ്വതവേ ഉള്ള പുഞ്ചിരി ഉണ്ടായിരുന്നു ..

” ഗുഡ് മോർണിംഗ് അമ്മേ ..” ബാൽക്കണിയിൽ നിന്നും ഹാളിലേക്ക് കയറി കൊണ്ട് അവൾ പറഞ്ഞു ..

” ഗുഡ് മോർണിംഗ് മോളേ …മോളിന്ന് നേരത്തേ എഴുന്നേറ്റോ ..എന്ത്‌ പറ്റി ഉറക്കം ശരിയായില്ലേ ..” പറന്നു കിടക്കുന്ന അവളുടെ  മുടിയിഴകൾ ഒതുക്കി വച്ചു കൊണ്ട് അവർ ചോദിച്ചു ..

” ഏയ്‌ അതൊന്നും അല്ല അമ്മേ ..ഞാൻ അലാറം വച്ചു എഴുന്നേറ്റതാണ് ..ഇന്ന് അല്ലേ ഇന്റർവ്യൂ ..മോള് എഴുന്നേൽക്കുന്നതിനു മുമ്പ് പോകാം എന്ന് വിചാരിച്ചു ..അല്ലെങ്കിൽ പിന്നെ ബഹളം ആയിരിക്കും ..ഇന്ന് സാറ്റർഡേ ആയത് കൊണ്ട് പ്ലേ സ്കൂൾ ഇല്ലല്ലോ ..ഞാൻ ഇറങ്ങുമ്പോൾ കൂടെ വരണം എന്ന് പറഞ്ഞു വാശി പിടിക്കും ..” അവൾ ഒരു ചിരിയോടെ പറഞ്ഞു ..

” അതും ശരിയാണ് ..ആ കാന്താരി എഴുന്നേറ്റാൽ പിന്നെ ഈ വീട് തിരിച്ചു വക്കും ..കുറുമ്പത്തി ..” അവരുടെ വാക്കുകളിൽ മിഴി മോളോടുള്ള വാത്സല്യം നിറഞ്ഞു നിന്നിരുന്നു ..

“അമ്മ വല്യ ഡയലോഗ് ഒന്നും അടിക്കണ്ട ..അവളുടെ എല്ലാ തോന്നിവാസത്തിനും നിങ്ങള് രണ്ടും ആണ് സപ്പോർട്ട് എന്ന് എനിക്കറിയാം ..എന്നിട്ട് എന്നെ കേൾക്കലെ ചുമ്മാ വഴക്ക് പറയുന്ന പോലെ അഭിനയിക്കും ..നിങ്ങളുടെ ഒളിച്ചു കളി ഞാൻ അറിയുന്നില്ല എന്ന് വിചാരിക്കണ്ട ..” അവൾ കുറുമ്പോടെ പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് നടന്നു ..

” കുഞ്ഞല്ലേ മോളേ ..ഇപ്പോ ഒക്കെ അല്ലേ ഇങ്ങനെ വികൃതി കാണിക്കാൻ പറ്റുള്ളൂ ..കുഞ്ഞുങ്ങൾ ആയാൽ ഇത്തിരി കുസൃതിയും കുറുമ്പും ഒക്കെ വേണം എന്നാൽ ആണ് ഒരു ഓളം ഉണ്ടാകുകയുള്ളൂ ..ഈ നനഞ്ഞു ഇരിക്കണ പിള്ളേരൊന്നും കാര്യമില്ലന്നേ ..നല്ല കടുക് പൊട്ടിത്തെറിച്ച പോലത്തെ സ്വഭാവം വേണം ..” ഫ്രിഡ്ജിൽ നിന്നും പച്ചക്കറികൾ പുറത്തേക്ക് എടുത്തു കൊണ്ട് അവർ പറഞ്ഞു ..

” മ്മ് കടുക് അല്ല ..ആറ്റം ബോംബിന് കയ്യും കാലും വച്ച മുതൽ ആണ് ..3 വയസേ ആയിട്ടുള്ളു അവളുടെ ചില നേരത്തേ വർത്താനം കേട്ടാൽ ഞാൻ പോലും അന്തം വിട്ട് പോകും ..കുറുമ്പ് കുറച്ചു കുറയാൻ പ്ലേ സ്കൂളിൽ വിട്ടപ്പോൾ അവിടെ എന്നും അടിയുണ്ടാക്കും ..ആ ടീച്ചറുടെ പരാതി കേട്ട് ഞാൻ മടുത്തു ..ഇവള് ആണായിട്ട് ജനിക്കേണ്ടതായിരുന്നു ..” ഒരു നെടുവീർപ്പോടെ ലച്ചു പറഞ്ഞു ..

” അല്ലേലും അവളു ഞങ്ങളുടെ ആൺകുട്ടി ആണ് ..പെൺപിള്ളേർക്ക് അടക്കം ഒതുക്കം ഒക്കെ ഉണ്ടായിട്ട് എന്തിനാ അലമാരിയിൽ വക്കാൻ ആണോ ..അത്യാവശ്യം സാമർഥ്യം ഒക്കെ വേണം ..നിനക്ക് അത് ഇല്ലെങ്കിലും എന്റെ മോൾക്ക് അത് ധാരാളം ഉണ്ട് ..അതിൽ അസൂയപെട്ടിട്ടു കാര്യമില്ല മോളേ ..”

” ഓഹ് ആയിക്കോട്ടെ ..ഇനി സ്കൂളിൽ നിന്നും ടീച്ചർ വിളിക്കുമ്പോൾ യുവമിഥുനങ്ങൾ രണ്ടും കൂടെ പോയാൽ മതി പരാതി തീർക്കാൻ എന്നെ വിളിക്കണ്ട ..” അവൾ മുഖം കോട്ടി കൊണ്ട് പറഞ്ഞു ..

അവളുടെ മുഖഭാവം കണ്ടു അവർ ചിരിച്ചു ..വല്ലപ്പോഴും ആണ് അവളെ ഇങ്ങനെ സന്തോഷത്തോടെ കാണുന്നത് ..അതും ഒരുതരത്തിൽ അഭിനയം ആണ് ..സ്വന്തം വിഷമം ഉള്ളിൽ ഒതുക്കി കൊണ്ടുള്ള അഭിനയം ..

“അമ്മ എന്താ ആലോചിക്കുന്നേ ..ഇവിടെയൊന്നും ഇല്ലേ ..”പുറകിൽ കൂടെ കെട്ടിപിടിച്ചു  അവരുടെ തോളിൽ മുഖം വച്ചു കൊണ്ട് അവൾ ചോദിച്ചു ..

” ഒന്നുമില്ല എന്റെ ലെച്ചുവേ ..മോളു പോയി കുളിക്കാൻ നോക്ക്‌ ..ബാക്കിയൊക്കെ അമ്മ ചെയ്തോളാം ..നേരം വൈകാൻ നിക്കണ്ട ..നിന്റെ നിർബന്ധം അല്ലേ ഒരു ജോലി വേണം എന്നുള്ളത് ..ഞാനും അച്ഛനും എത്രയൊക്കെ പറഞ്ഞതാ ..കേക്കില്ലല്ലോ പെണ്ണ് ..” അവർ അവളുടെ കവിളിൽ തഴുകി കൊണ്ട് പറഞ്ഞു ..

” വേണം അമ്മേ ..ഇപ്പോ ഒരു ജോലി അത്യാവശ്യം ആണ് ..മോളു വളർന്നു വരികയല്ലേ ..ആവശ്യങ്ങൾ കൂടും ഇനിയും ..എത്രയാണെന്ന് വച്ചാണ് നിങ്ങളെ ബുദ്ധിമുട്ടിക്കുന്നത് ..” അവൾ തലകുമ്പിട്ടു കൊണ്ട് പറഞ്ഞു ..

” മതി ..നീ ഞങ്ങളെ അങ്ങനെ ആണോ കണ്ടിരിക്കുന്നെ ..നീയും മോളും ഞങ്ങൾക്ക് ഭാരം ആണോ ലെച്ചു ..ആരോരും ഇല്ലാത്ത ഞങ്ങൾ രണ്ടു വയസ്സന്മാർക്ക് സ്വന്തം എന്ന് പറയാൻ ഉള്ളത് നിങ്ങൾ രണ്ടു പേരും മാത്രമാണ് ..അതോ ഞങ്ങൾക്ക് മാത്രം ആണോ നിങ്ങൾ സ്വന്തം നിന്റെ മനസ്സിൽ ഞങ്ങൾ ഇപ്പോഴും അന്യരാണോ ..” ഇടറി കൊണ്ട് അവർ വാക്കുകൾ കൂട്ടിച്ചേർത്തു ..

” ആ തുടങ്ങി കണ്ണീർ നായിക ..എന്റെ അമ്മേ ..ഞാൻ ഒന്നും പറഞ്ഞില്ല ..എനിക്ക് ഈ ഭൂമിയിൽ സ്വന്തം എന്ന് പറയാൻ എന്റെ മോളും എന്റെ ഈ  പഞ്ചാര അമ്മയും പിന്നെ എന്റെ മടിയൻ അച്ഛനും മാത്രം ഉള്ളു ..അല്ല പറഞ്ഞ പോലെ പ്രഭാകരൻ എണീറ്റില്ലേ ആവോ ..ഇന്നും മടി പിടിച്ചു കിടന്നല്ലേ ..” അവൾ എളിയിൽ കൈ കുത്തി നിന്ന് ചോദിച്ചു ..

” അച്ഛനെ പേരെടുത്തു വിളിക്കുന്നോ കാന്താരി ..നിന്റെ ഈ കുറുമ്പ് ആണ് മോൾക്കും കിട്ടിയേക്കണേ ..” അവർ അവളുടെ ചെവിയിൽ നോവിക്കാതെ പിടിച്ചു കൊണ്ട് പറഞ്ഞു ..

” ഓഹ് സ്വീറ്റ് ഹെർട്ടിനെ പറഞ്ഞപ്പോ പിടിച്ചില്ല മായ കുട്ടിക്ക് ..നമ്മൾ ഒന്നും പറയാനില്ലേ ..വയസായി രണ്ടിനും എന്നിട്ട് പ്രേമത്തിന് ഒരു കുറവും ഇല്ല ..എന്റെ മോളിതൊക്കെ കണ്ടിട്ട് സ്കൂളിൽ ചെന്നു എത്രയെന്നതിനെ പ്രേമിക്കോ ആവോ ..” അവൾ നെഞ്ചിൽ കൈ വച്ചു മുകളിലേക്ക് നോക്കി പറഞ്ഞു ..

മായ ഒരു നാണത്തിൽ ചാലിച്ച പുഞ്ചിരി അവൾക്ക് നൽകി കൊണ്ട് തിരിഞ്ഞു നിന്നു ..ലച്ചു അത് കണ്ടു ഒരു ചിരിയോടെ മുറിയിലേക്ക് നടന്നു ..അകത്തു കേറി ഡോർ അടച്ചപ്പോൾ അത്രെയും സമയം അവൾ അണിഞ്ഞ ആ വേഷം അഴിച്ചു വച്ചിരുന്നു ..കണ്ണുകൾ ഇറുക്കിയടച്ചു മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ നിന്നു ..കട്ടിലിൽ ഒന്നും അറിയാതെ കിടക്കുന്ന മിഴി മോളിലേക്ക് ഒരു നോട്ടം വീണപ്പോൾ ആ ഉള്ളു തണുക്കുന്നത് അവൾ അറിഞ്ഞു . മോളേ ഒന്നുകൂടി നോക്കികൊണ്ട് അവൾ കുളിക്കാൻ കയറി ..

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഇതേ സമയം താഴെ വന്നു നിന്ന ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന അവന്റെ പൂച്ചക്കണ്ണുകൾ തിളങ്ങി ..സീറ്റ്‌ ബെൽറ്റ്‌ ഊരി ഒന്ന് മൂരി നിവർന്നു കൊണ്ട് അവൻ കോട്ടുവാ ഇട്ടു ..കാറിൽ നിന്നും പുറത്തേക്ക് ഇറങ്ങി കഴുത്തു രണ്ടു വശത്തേക്കും വെട്ടിച്ചു കൊണ്ട് അവൻ ചുറ്റും നോക്കി ..ആ തണുപ്പുള്ള പ്രഭാതം ശരീരത്തിൽ ഒരു ഉന്മേഷം തരുന്നത് അവൻ അറിഞ്ഞു …നീണ്ട മുടിയിഴകൾ രണ്ടു കൈകളാലും മാടി പുറകിലേക്ക് ഒതുക്കി അവൻ ആ കൈകൾ കഴുത്തിന്റെ പുറകിലൂടെ കോർത്തു ചുറ്റും നോക്കി ..അങ്ങിങ്ങായി കുറച്ചു ആളുകൾ ഉണ്ട് ..ഷിർട്ടിന്റെ തുറന്നിട്ട ബട്ടൻസിനു ഇടയിലൂടെ ഒരു കുരിശുമാല പുറത്തേക്ക് വന്നു ..വളർന്ന താടിയുടെയും മീശയുടെയും ഇടയിലൂടെ കാണുന്ന ആ ചെറിയ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി മിന്നിമാഞ്ഞു ..ഷർട്ട്‌ ഒന്നുകൂടി വലിച്ചിട്ടു അവൻ co ഡ്രൈവർ സീറ്റിലേക്ക് ചെന്നു ..ഡോർ തുറന്നു നോക്കിയപ്പോൾ ഈരേഴു പതിനാലു ലോകവും അറിയാതെ സുഖമായി കിടന്നു ഉറങ്ങുന്ന ആളിലേക്ക് നോട്ടം എത്തിയപ്പോൾ അവൻ ചെറുതായി ഒന്ന് ചിരിച്ചു ..

” ഹലോയ് ..ട്രീസ കൊച്ചേ ..എന്നാ ഉറക്കമാ ഇത് ..സ്ഥലം എത്തി ഇറങ്ങിയാട്ടെ …” അവൻ അവരെ തട്ടിവിളിച്ചു കൊണ്ട് പറഞ്ഞു ..

” എത്തിയോ ..ഞാൻ ചെറുതായി ഒന്ന് മയങ്ങി പോയി …” കണ്ണ് ചിമ്മി തുറന്നു ചുറ്റും ഒന്ന് നോക്കി കൊണ്ട് അവർ പറഞ്ഞു ..

” ചെറുതായൊന്നു മയങ്ങിയെന്നോ ..വണ്ടിയിൽ കേറിയപ്പോൾ തൊട്ട് തുടങ്ങിയ കൂർക്കം വലി ആണ് ..എന്തൊക്കെ ആയിരുന്നു നീ ധൈര്യം ആയി വണ്ടിയെടുത്തോ അവിടെ എത്തുന്ന വരെ കമ്പനി തരുന്ന കാര്യം ഞാൻ ഏറ്റു ..തള്ളുമ്പോൾ ഒരു മയത്തിൽ ഒക്കെ തള്ളണ്ടേ എന്റെ ട്രീസ കൊച്ചേ ..” അവൻ അവരെ കളിയാക്കി കൊണ്ട് പറഞ്ഞു ..

” പോടാ ..നിന്ന് വാചകം അടിക്കാതെ അങ്ങോട്ട് മാറ് ചെക്കാ ഞാൻ ഒന്ന് ഇറങ്ങട്ടെ ..” അവനെ തള്ളിമാറ്റി ഇറങ്ങികൊണ്ട് അവർ പറഞ്ഞു ..

അവൻ ഒരുചിരിയോടെ ഡിക്കിയിൽ നിന്നും സാധനങ്ങൾ ഇറക്കി ..സെക്യൂരിറ്റി ഓടി വന്നു അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങിച്ചു ..രണ്ടു ബാഗ് അവനും എടുത്തു ..ലിഫ്റ്റിൽ കയറുമ്പോഴും അവന്റെ കണ്ണുകൾ ചുറ്റും ഓടി കൊണ്ടിരുന്നു ..എന്തോ ആ മണ്ണിൽ കാലുകുത്തിയപ്പോൾ മുതൽ തന്നെ ഏതോ ഒന്ന് സ്വാധീനിക്കുന്നത് അവൻ അറിഞ്ഞു ..

11ബി എന്ന ഫ്ലാറ്റിന്റെ മുമ്പിൽ എത്തിയപ്പോൾ അവന്റെ കണ്ണുകൾ എതിർവശത്തെ ഫ്ലാറ്റിലേക്ക് നീണ്ടു ..ഒരുനിമിഷം അവന്റെ കണ്ണുകളിൽ അത്ഭുതം തെളിഞ്ഞു ..ഡോറിൽ മുഴുവൻ മണികളും ടോമും ജെറിയും ചോട്ടാ ബീമും ഡോറയും എല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു ..കാളിങ് ബെല്ലിന്റെ മുകളിൽ പോലും മിക്കി മൗസ് ..അവൻ ഒരു ചിരിയോടെ അതെല്ലാം വീക്ഷിച്ചു ..അവന്റെ ചിരി കണ്ട ട്രീസയും അത് കണ്ടു ചിരിച്ചു ..

” ഫാമിലി ആണെന്ന് തോന്നുന്നു അമ്മച്ചി ..അമ്മച്ചിക്ക് എന്തായാലും കൂട്ട് ആയി …” അവൻ ഡോർ തുറന്നു ഉള്ളിൽ കയറി കൊണ്ട് പറഞ്ഞു ..

അവന്റെ പുറകേ ട്രീസയും, ബാഗും ഒക്കെ ആയി സെക്യൂരിറ്റിയും കയറി ..ബാഗ് എല്ലാം സോഫയിൽ വച്ചു പോകാൻ തിരിഞ്ഞ അയാൾക്ക് അവൻ പഴ്സിൽ നിന്നും കുറച്ചു പണം എടുത്തു നൽകി ..ഒരു ചിരിയോടെ അത് വാങ്ങി അയാൾ പുറത്തേക്ക് നടന്നു ..

” ഇഷ്ടായോന്ന് നോക്ക്‌ ട്രീസ കൊച്ചേ ..ഫ്ലാറ്റ് എടുക്കണം എന്ന് നിർബന്ധം അല്ലായിരുന്നോ ..വീട് എടുക്കാന്ന് ഞാൻ പറഞ്ഞപ്പോ കേട്ടില്ല ..” അവൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു ..

” പിന്നേ ആകെ കൂടെ രണ്ടാൾക്ക് വേണ്ടി ഇനി ഒരു വീടെടുക്കാത്തതിന്റെ കുറവുള്ളൂ ..അത് അടിച്ചു തുടക്കാൻ എനിക്ക് വയ്യ .
ഇതാകുമ്പോൾ അപ്പുറത്തും ഇപ്പുറത്തും ഉള്ള ആളുകളോട് മിണ്ടിയും പറഞ്ഞും ഇരിക്കാലോ ..നീ പോയാൽ എനിക്ക് ബോർ അടിക്കില്ല ..” അവർ അവനെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു ..

” അടിക്കാനും തുടക്കാനും അടുക്കളയിലേക്കും ഒരാളെ നിർത്താം എന്ന് പറഞ്ഞപ്പോൾ ട്രീസ കൊച്ചിന് അഹങ്കാരം ..അനുഭവിച്ചോ ..” അവനും തിരിച്ചു പുച്ഛിച്ചു ..

” അങ്ങനെ എന്റെ അടുക്കളയിൽ വേറെ ഒരാള് കയറുന്നുണ്ടെങ്കിൽ അത് നീ മിന്നു കെട്ടിയ പെണ്ണായിരിക്കും ..കേട്ടല്ലോ ..” അവർ ബാഗ് എടുത്തു റൂമിൽ പോകുന്ന വഴി വിളിച്ചു പറഞ്ഞു ..

അത് കേട്ട് അവൻ ഒന്നും മിണ്ടാതെ തൊട്ടടുത്ത റൂമിലേക്ക് നടന്നു ..ഉള്ളിൽ നിറഞ്ഞ വേദന പുറത്തേക്ക് വന്നു കണ്ണുകൾ ചതിക്കുമോ എന്നൊരു വേള അവൻ ഭയപ്പെട്ടു ..പെട്ടന്ന് തന്നെ അതെല്ലാം മറച്ചു വച്ചു അവൻ ട്രീസയുടെ റൂമിലേക്ക് നോക്കി വിളിച്ചു പറഞ്ഞു ..

” അതേ ഇന്നിനി ഒന്നും വച്ചുണ്ടാക്കണ്ട ..ഞാൻ പുറത്തു നിന്ന് ഓർഡർ ചെയ്യാം..എനിക്ക് ഓഫീസിൽ പോണം ..ഇത്രെയും ദിവസം ആയിട്ട് അവിടെ ഒന്ന് തലകാണിച്ചിട്ടില്ല ..” 

മറുപടിയായി കനത്തിൽ ഒരു മൂളൽ കിട്ടിയപ്പോൾ അവൻ ചിരിച്ചു ..അല്ലേലും കല്യാണകാര്യം പറഞ്ഞാൽ അമ്മച്ചി ഇടയും ..അവൻ ഒരു ചിരിയോടെ റൂമിൽ കയറി ..

💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ലെച്ചു കുളിച്ചു ഇറങ്ങി കബോർഡിൽ നിന്നും ഒരു ബ്ലാക്ക് കോട്ടൺ സാരി എടുത്തു ഉടുത്തു ..മുടി നന്നായി തുവർത്തി ഒതുക്കി ഒരു ക്രാബ് ഇട്ടു ..നെറ്റിയിൽ ഒരു കുഞ്ഞി കറുത്ത പൊട്ടും തൊട്ടു ..കാതിൽ ഒരു കറുത്ത മുത്തു പോലത്തെ കമ്മലിട്ടു ..കഴുത്തിൽ എപ്പോഴും ഉള്ള ആ നേരിയ സ്വർണ മാല തന്നെ ആയിരുന്നു ..അതിന്റെ അറ്റത്തു കാണുന്ന മിന്നുന്ന  കുരിശിലേക്ക് അവളുടെ നോട്ടം പോയി ..അറിയാതെ ഒരു ഏങ്ങൽ ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു ..നിറഞ്ഞു വന്ന മിഴികൾ അവൾ തുടച്ചു ..ആ മിഴികളിൽ കരിമഷി പതിഞ്ഞിട്ട് വർഷങ്ങൾ ആകുന്നു ..ഒരുവേള വാലിട്ട് കണ്ണെഴുതി കയ്യിൽ കുപ്പിവളകളും ഇട്ടു ദാവണി ചുറ്റി ചിരിച്ചു കൊണ്ട് ഓടി മറയുന്ന പഴയ ലെച്ചുവിന്റെ രൂപം അവളിൽ മിന്നിമറഞ്ഞു ..ഓർമകൾക്ക് തിരിച്ചു വരാൻ ഉള്ള ഇടം കൊടുക്കാതെ അവൾ തലകുടഞ്ഞു ..അപ്പോഴും കാതിൽ തന്റെ പ്രിയപെട്ടവരുടെ വിളി മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു …ചുറ്റിനും ലെച്ചു എന്നുള്ള വിളികൾ മുഴങ്ങിയപ്പോൾ അവൾ രണ്ടു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചു കണ്ണുകൾ അടച്ചു നിന്നു ..ഒന്ന് ശാന്തമായപ്പോൾ മെല്ലെ കണ്ണുകൾ തുറന്നു ..ആ മിഴികൾ കലങ്ങിയിരുന്നു ..കൈകൾ പതിയെ താഴേക്ക് ചലിച്ചപ്പോൾ കാതോരം ” വേദു ” എന്ന വിളി ഒരു കാറ്റു പോലെ വന്നു .. ഒരുവേള ശരീരം തളർന്ന പോലെ തോന്നിയപ്പോൾ അവൾ കട്ടിലിൽ ഇരുന്നു ..ആ നിശ്വാസം ഇപ്പോഴും തനിക്ക് ചുറ്റും ഉള്ളത് പോലെ അവൾക്ക് തോന്നി ..കണ്ണുകൾ ഇറുക്കിയടച്ചു അവൾ മൗനമായി തേങ്ങി ..

” പാടില്ല ..ഒന്നും ആഗ്രഹിക്കാൻ ഉള്ള അർഹത എനിക്കില്ല ..ആ വിളി പോലും എനിക്ക് ഇന്ന് അന്യമാണ് ..അല്ലെങ്കിലും ഹൃദയം കൊടുത്തു ഒരു പൊട്ടി പെണ്ണ് സ്നേഹിച്ചത് ആ മനുഷ്യന് അറിയില്ലല്ലോ ..ഇനി അറിയാനും പാടില്ല ..ഒരിക്കലും ..” കണ്ണുകൾ തുറന്നപ്പോൾ അവൾ പുതിയ ലച്ചു ആയിരുന്നു ..ഉള്ളിൽ അലറി കരയുമ്പോഴും ഭ്രാന്തമായ ഓർമകളെ ചങ്ങലക്കിട്ടു കൊണ്ട് എല്ലാവരുടെ മുന്നിലും ചിരിച്ചു കാണിക്കുന്ന ആ പുതിയ ലച്ചു ..

മോളുടെ നെറ്റിയിൽ ഒന്ന് തഴുകി അവൾ ബാഗും അത്യാവശ്യം സർട്ടിഫിക്കറ്റും എല്ലാം എടുത്തു പുറത്തേക്ക് ഇറങ്ങി …

ഹാളിലെ സോഫയിൽ പത്രവുമായി ഇരിക്കുന്ന പ്രഭാകരന്റെ അടുത്തേക്ക് അവൾ ചെന്നു ..

” ഇന്നും മടി പിടിച്ചു കിടന്നല്ലേ ..കൊളെസ്ട്രോൾ ഷുഗർ എന്ന് വേണ്ട സകല അസുഖവും ഉണ്ട് ..രാവിലെ എഴുന്നേറ്റു നടക്കാൻ പറഞ്ഞാൽ കേക്കില്ല ..നാളെ മുതൽ ആകട്ടെ വെള്ളം കോരിയൊഴിച്ചു ഞാൻ എഴുന്നേല്പിക്കും നോക്കിക്കോ ..” അവൾ എളിയിൽ കൈകുത്തി പറഞ്ഞു ..

മറുപടിയായി അയാൾ അവളെ നോക്കി ഇളിച്ചു കാണിച്ചു …അത് കണ്ടു മുഖം കോട്ടി അവൾ അടുക്കളയിലേക്ക് പോയി ..നൂലപ്പവും മുട്ടക്കറിയും ഒരു പ്ലേറ്റിൽ എടുത്തു അവൾ കഴിച്ചു ..

” ഇരുന്ന് കഴിക്ക് എന്റെ ലെച്ചുവേ ..സമയം ഉണ്ടല്ലോ ..എന്തിനാ ഇത്ര ദൃതി ..” അവൾക്കുള്ള വെള്ളവുമായി വന്നു മായ പറഞ്ഞു ..

” ആ കാന്താരി എഴുന്നേൽക്കാൻ സമയം ആയിട്ടുണ്ട് ..ഇന്നലെ സ്കൂളിൽ നിന്ന് വന്നുള്ള യുദ്ധം കഴിഞ്ഞ് നേരത്തേ കിടന്നതാണ് ..എഴുന്നേറ്റാൽ പിന്നെ പോക്ക് നടക്കില്ല …അതിനു മുമ്പ് ഇറങ്ങണം ..” അവൾ കഴിക്കുന്നതിനിടയിൽ പറഞ്ഞു ..

അത് കേട്ട് അവർ രണ്ടു പേരും ചിരിച്ചു ..

” പിന്നെ ഓൾഡ് കപ്പിൾസ് കേൾക്കാൻ വേണ്ടി പറയുകയാണ് ..അവളുടെ കൂടെ കൂടി രണ്ടും കൂടി ഈ ഫ്ലാറ്റ് തിരിച്ചു വെക്കരുത് ..അല്ലെങ്കിൽ തന്നെ ഇവിടെ എപ്പോഴും ബഹളം ആണെന്ന് പറഞ്ഞു ആ സെക്രട്ടറി ഒച്ച ഉണ്ടാക്കും ..” കൈ കഴുകുന്നതിടയിൽ അവൾ പറഞ്ഞു ..

മറുപടിയായി രണ്ടു പേരുടെയും ഭാഗത്തു നിന്നും ഒരു പൊട്ടിച്ചിരി ആയിരുന്നു ..ആരോട് പറയാൻ ആര് കേൾക്കാൻ എന്ന ഭാവത്തിൽ അവൾ യാത്ര പറഞ്ഞു ഇറങ്ങി ..ഡോറിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി സുരേഷ് ഗോപി സ്റ്റൈലിൽ ഒരു വിളി ..

” പ്രഭാകരാ …” 

” പോടീ കാന്താരി ..അയാൾ അവളെ തല്ലുന്നത് പോലെ കാണിച്ചു ..അവൾ ചിരിച്ചു കൊണ്ട് വേഗം ഇറങ്ങി ..ഓപ്പോസിറ്റ് ഫ്ലാറ്റിന്റെ ഡോർ തുറന്നു കിടക്കുന്നത് കണ്ടു അവളുടെ നോട്ടം അങ്ങോട്ട് പോയി ..പുതിയ താമസക്കാരായിരിക്കും എന്നവൾ ഊഹിച്ചു ..രാവിലെ കണ്ട കാർ ഓർമ വന്നപ്പോൾ അതാണെന്ന് ഉറപ്പിച്ചു അവൾ ലിഫ്റ്റ് ലക്ഷ്യമാക്കി നടന്നു …

റോഡിൽ ഇറങ്ങി ഒരു ഓട്ടോയിൽ കയറി DK  ഗ്രൂപ്പ്‌ എന്ന് പറഞ്ഞു അവൾ പുറം കാഴ്ചകളിലേക്ക് കണ്ണ് നട്ടു ..

തുടരും  ..


📖 കഥ തുടരാം

“പ്രണയനിലാവ് 💞”ന്റെ അടുത്ത അധ്യായങ്ങൾ
അക്ഷരത്താളുകളിൽ വായിക്കൂ →

CONTINUE READING


📱 അക്ഷരത്താളുകൾ ആപ്പിൽ വായിക്കൂ

  • ✓ കൂടുതൽ സൗകര്യപ്രദമായ വായന
  • ✓ പുതിയ അധ്യായങ്ങൾ കണ്ടെത്താം
  • ✓ ഏകദേശം 7 MB മാത്രം

OPEN ANDROID APP


✍️ എഴുതി വരുമാനം നേടൂ

നിങ്ങളുടെ കഥകളും നോവലുകളും അക്ഷരത്താളുകളിൽ പ്രസിദ്ധീകരിക്കൂ. വായനക്കാരിലേക്ക് എത്തിച്ച് നിങ്ങളുടെ എഴുത്തിലൂടെ വരുമാനം നേടാം.

ഇപ്പോൾ എഴുതിത്തുടങ്ങൂ →


✍️ ശാരു 🦋-ന്റെ കൂടുതൽ കഥകൾ →

Rate this post

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!