പുനർജ്ജന്മം ഭാഗം 12

4417 Views

പുനർജ്ജന്മം Malayalam novel

അമ്മുനോട് പിണങ്ങി, കിച്ചൻ കടവിൽ നിന്നു പോയതിനു പിന്നാലെ അമ്മുഉം അലക്കു നിർത്തി. അമ്മുന് അറിയാമായിരുന്നു അവൻ എന്തേലും അബദ്ധം കാട്ടുമെന്നു. ആരോടെങ്കിലും ഒക്കെ പറഞ്ഞാൽ ആകെ കുഴപ്പം ആവുമെന്ന്. അതുകൊണ്ടാ അവൾ അവന്റെ പിന്നാലെ ചെന്നതും. അവൾ തറവാട്ടിൽ എത്തുമ്പോൾ അവൻ ഉമ്മറത്ത് അമ്മയോട് സംസാരിച്ചു നിൽക്കുന്നുണ്ടായിരുന്നു. അവൾ ധിറുതിയിൽ അവരുടെ അടുത്തേക്ക് ചെന്ന്‌ ചോദിച്ചു,
“എന്തേ അമ്മായി കിച്ചൻ പറയുന്നേ? ”
“അമ്മു പറ്റിച്ചുത്രെ.
അത് ചോദിക്ക്യാർന്നേ ഞാൻ. അപ്പോഴാ അമ്മുട്ടി വന്നതേ ”
“അമ്മായിയെ അച്ഛ അന്വഷിച്ചു. ഇവനോട് ഞാൻ ചോദിച്ചു കൊള്ളാം. അമ്മായി പൊയ്ക്കോളൂ,
പൊയ്ക്കോളൂ… ”
എന്ന് പറഞ്ഞു അവൾ അവനെ ഒന്ന് സൂക്ഷിച്ചു നോക്കി.
“അമ്മേ… കിച്ചൻ പറഞ്ഞു കഴിഞ്ഞില്ല്യ
അമ്മേ…. ”
“ഏട്ടൻ അന്വഷിക്കുന്നുത്രേ കുട്ടാ. അമ്മ അങ്ങട് ചെല്ലട്ടെട്ടോ. കുട്ടൻ അമ്മുനോട് പറയാ. ”
കിച്ചനോട് പറഞ്ഞിട്ട് പെട്ടെന്ന് തന്നെ ഗായത്രി അകത്തേക്ക് കയറി പോയി. അപ്പോഴും അമ്മു അവനെ തന്നെ നോക്കി നിൽപ്പുണ്ട്.
“ടാ… നീയെന്താ അമ്മായിയോട് പറയാൻ പോയെ? ”
“പോടി ”
“പോടി ന്നോ? ”
“ആ ടി.
പോടി ”
“അല്ല, ഇക്ക് അറിയാഞ്ഞിട്ടു ചോദിക്ക്യാ നീ എന്തിനാ ഇത്ര ശുണ്ഠി എടുക്കുന്നെ? നീയെന്താ തന്നേൽപ്പിച്ചിട്ടുണ്ടോ? നീയ് ചോദിക്കുമ്പോ ചോദിക്കുമ്പോ എടുത്തു തരാൻ.
ഇല്ല്യല്ലോ? ”
“ന്നോട് മിണ്ടണ്ട”
“അല്ലേൽ തന്നെ ആര് വരുന്നു ഇയാളോട് മിണ്ടാൻ? ഇത്രയും ബോധം ഇല്ല്യാത്ത നിന്നോട് മിണ്ടുന്നില്യ ഇനി. അമ്മായിയോട് മാത്രം ആക്കണ്ട. ഈ ദേശക്കാരോട് മുഴുവൻ ചെന്ന്‌ പറയാ അമ്മു ഉമ്മ വെച്ചൂന്നു. ആ മാരാരുടെ കൈയിൽ നിന്നു ഒരു ചെണ്ട കൂടെ കടം എടുത്തോളൂട്ടോ,
നിന്റെ തലക്കുള്ളിൽ എന്താ പിണ്ണാക്കാണോ? ഇത്ര വിശേഷബുദ്ധി ഇല്ല്യേ നിനക്ക്? ”
“നീയ് ന്നോട് മിണ്ടണ്ട ”
“അല്ലേലും മിണ്ടുന്നില്യ നിന്നോട് ഇനി. നിർത്തി ”
“പോടി ”
“നീ പോടാ ”
“ന്നെ നീ ന്ന് വിളിച്ചാലുണ്ടല്ലോ ”
“നിനക്ക് ന്നെ പോടി ന്ന് വിളിക്കാം ല്യേ? നിക്ക് നീ ന്ന് വിളിച്ചൂടാ.
ഇതെന്തു ന്യായാ? ”
“കിച്ചൻ പോവാ ”
“ഇങ്ങട്? രാമേശ്വരത്തോ?
നീയ് പോയാലും എവിടെ വരെ പോകും? ഈ കോലോത്തെ മച്ച് വരെ ഇല്ലേൽ ഏതേലും അറയിലെ കട്ടിലിനു കീഴിൽ. അതിനപ്പുറം പോകില്യാല്ലോ നീയ് ”
“ഞാൻ പോവാ ”
“ആ പൊക്കോ.
ഒന്ന് നിന്നെ, ആരോടേലും എന്തേലും പാടിനടന്നുച്ചാൽ പിന്നെ ന്നെ കാണില്ല്യ നീയ്.
മനസ്സിലായോ? ”
അതിനു മറുപടി പറയാൻ നിൽക്കാതെ കോണിപ്പടി കയറി അവൻ മച്ചിലേക്ക് പോയി.
ഓരോന്ന് ആലോചിച്ചു അവിടെ കിടന്നു അവൻ ഉറങ്ങിപ്പോയി. ഒരുപാടു നേരം കഴിഞ്ഞു ഗായത്രി വന്നു വിളിച്ചപ്പോഴാണ് അവൻ കണ്ണ് തുറന്നത്.
“കിച്ചാ….
എഴുന്നേൽക്കു കുട്ടാ. ആരാ വന്നേ എന്ന് നോക്കു ”
ഉറക്കച്ചടവോടെ അവൻ ചോദിച്ചു,
“ആരാ അമ്മേ…? ”
“കിടന്ന കിടപ്പിൽ ചോദിക്കാണ്ട് ആദ്യം എഴുന്നേൽക്കാ ൻറെ കുട്ട്യേ. ന്നിട്ട് താഴേക്കു വന്നു നോക്കാ ആരാന്നു ”
കിച്ചൻ മെല്ലെ കിടക്കയിൽ നിന്നു എഴുന്നേറ്റു പുറത്തിറങ്ങി കോണിപ്പടി ഇറങ്ങി താഴേക്കു എത്തിയപ്പോൾ ഉമ്മറത്ത് വല്യമ്മാമയോടൊപ്പം സംസാരിച്ചിരിക്കുന്ന ആളെ കണ്ടതും അവന് സന്തോഷമടക്കാനായില്ല. അവൻ ഓടി ചെന്ന്‌ അദ്ദേഹത്തെ കെട്ടിപിടിച്ചു,
“അച്ചേ….
എത്ര ആയിരിക്കുണു ൻറെ അച്ചയെ കണ്ടിട്ട്”
“ആഹാ
അതല്ലേ കുട്ടാ അച്ഛ ഓടി വന്നെ. അച്ചേട ഉണ്ണി പഠിപ്പൊക്കെ പൂർത്തിയാക്കി എത്തിന്ന് അറിഞ്ഞു അച്ഛ. അതാ അച്ഛ ഓടി വന്നതേ, അച്ചേട കുട്ടനെ കാണാനേ ”
“അതെയോ? ”
“ഉവ്വെല്ലോ ”
“അച്ഛ ന്താ കിച്ചന് കൊണ്ട് വന്നെ? ”
“ഉണ്ണിക്ക് ന്താ വേണ്ടെ? അച്ഛ വാങ്ങി തരാല്ലോ ”
“ന്നാലേ… അച്ചേ…. ”
“മ്മ്… പറയാ,
ന്താ അച്ചേട ഉണ്ണിക്ക്‌ വേണ്ടെ? ”
“അതേയ് ., അച്ചേ…
കിച്ചന് ഒരു കുതിര വാങ്ങി തരോ?
ഒരു വെളുത്ത കുതിര ”
“കുതിരയോ?
ന്തേ ഇപ്പോൾ ഇങ്ങനെ ഒരു മോഹം? ”
“നിക്ക് കുതിര വേണം ”
“വാങ്ങി തരില്ല്യാന്നു പറഞ്ഞില്ല്യാല്ലോ അച്ഛ. എന്തേ ഇപ്പോ അതിന്റെ ആവശ്യംന്നല്ലേ ചോദിച്ചുള്ളൂ ”
“അച്ഛ പറഞ്ഞിട്ടില്ല്യേ, കിച്ചൻ വല്യ കുട്ടി ആവുമ്പോ വാങ്ങി തരാംന്ന്.
ഇപ്പോ കിച്ചൻ വല്യ കുട്ടി ആയില്യേ? നിക്ക് കുതിര വേണം ”
“ആ വാങ്ങാം ”
“അച്ചേ … അതേ…., വാങ്ങുമ്പോഴേ… , വെളുത്ത കുതിര ആയ്ക്കോട്ടെട്ടോ. കിച്ചന് വെള്ള കുതിരയാ ഇഷ്ടം.
കിച്ചൻ ഇപ്പോ വാരാംട്ടോ അച്ചേ, ഞാനേ… അമ്മയോടും, അമ്മുനോടും, സാവിത്രികുട്ടിയോടും ഒക്കെ പറയട്ടെട്ടോ ”
അവൻ സന്തോഷം അടക്കാനാവാതെ അകത്തേക്ക് ഓടി. കുഞ്ഞുനാൾ മുതൽ ഉള്ള സ്വപ്നമാണ് സ്വന്തമായി ഒരു കുതിര വേണമെന്നുള്ളത്. ആ സ്വപ്നമാണ് ഇപ്പോൾ യാഥാർഥ്യമാവാൻ പോകുന്നത്.
“സാവിത്രികുട്ടീ..
കിച്ചന്റെ അച്ഛ വന്നിരിക്കുണു ”
“ഉവ്വോ? ”
“ആ…”
“ആഹാ അപ്പൊ കിച്ചന് ഇനി ഭയങ്കര ഗമ ആവുല്ലോ ”
“ഹ ഹ
നിക്ക് കുതിര വാങ്ങി തരാനാ അച്ഛ വന്നതേ ”
“ആഹാ അതെയോ? ”
“ആഹാ ”
“വെളുത്ത കുതിരയാ നിക്ക് അച്ഛ വാങ്ങി തരാ. നിക്ക് അതാ ഇഷ്ടം ”
“ആഹാ കേമായല്ലോ,
സാവിത്രികുട്ടിയെ കയറ്റുമോ കിച്ചന്റെ വെളുത്ത കുതിരയിൽ? ”
“മ്മ്. പക്ഷെ… ”
“ന്തേ ഒരു പക്ഷെ? ”
“ആദ്യം അമ്മുനെ. പിന്നെ സാവിത്രികുട്ടിയെ ”
“ഹ്മ്മ്മ് ”
സാവിത്രി ചിരിച്ചു കൊണ്ട് മൂളി
“കിച്ചനേ… അമ്മുനോട് പറഞ്ഞിട്ട് വാരാംട്ടോ ”
സാവിത്രിയുടെ അടുത്ത് നിന്നും അവൻ അമ്മുന്റെ മുറിയിലേക്ക് ഓടി
“അമ്മു…..
അമ്മു…. എവിട്യാ? ”
“മ്മ്മ്? എന്തേ? ”
“ൻറെ അച്ഛ വന്നു ”
“അതിനു? ഞാൻ ന്താ തല കീഴായി നിൽക്കണോ? ”
“നിക്ക് കുതിര വാങ്ങി തരാനാ അച്ഛ വന്നത് ”
“കുതിര വെണ്ടാർന്നു,
കഴുത ആർന്നു നിനക്ക് ചേർച്ച ”
“കിച്ചന് വഴക്കൊന്നും ഇല്ല്യ ”
“ഉവ്വോ?
ന്നാ ഇക്ക് നന്നേ ഉണ്ട് ന്ന് കൂട്ടിക്കോളൂ ”
“നിക്ക് ഇല്ല്യ ”
“ഇക്ക് ഇണ്ടേ,
നീയ് ഉച്ചയ്ക്ക് എന്തൊക്കെയാ പ്രസംഗിച്ചിട്ടു പോയെ? ”
“കിച്ചന് ഓർമയില്യ. മറന്നു ”
“ഉവ്വോ? ന്നാ ഇക്ക് നല്ല ഓർമയുണ്ട് ”
“നിക്ക് വെളുത്ത കുതിരയാ അച്ഛ വാങ്ങി തരാ ”
“ഞാൻ ചോദിച്ചുവോ നിന്നോട്? ”
ചിരി അടക്കി പിടിച്ചു കൊണ്ട് അവൾ ചോദിച്ചു
“നിക്ക് വഴക്കില്ല്യ അമ്മുനോട് ”
“ന്നാ ഇക്ക് ഇണ്ട്
ആട്ടെ നിന്റെ വെളുത്ത കുതിരയിൽ ആരെയാ ആദ്യം കയറ്റാ? ”
അവൻ കൈ ഉയർത്തി അവൾക്കു നേരെ ചൂണ്ടി.
“ഹ്മ്മ്
ഇനി ന്നെ പോടിന്നു വിളിക്യോ? ”
“ഇല്ല്യ ”
“ഇനി ഞാൻ ഉമ്മ തരുന്ന കാര്യം ആരോടേലും പറയോ?
“ഇല്ല്യ ”
“ന്നാ പൊയ്ക്കോ
മിണ്ടണോ വേണ്ടെ ന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ ”
“മ്മ്മ്
അമ്മു…. ”
“മ്മ്മ്? ന്തേയ്‌?
“മ്മ് മ്മ് ഒന്നുല്ല്യ ”
എന്ന് പറഞ്ഞ് അവൻ മുറി വിട്ടിറങ്ങി. അമ്മുന് ചിരിയടക്കാനായില്ല. അവൾ വിളിച്ചു
“അതേയ്, ഒന്ന് നിൽക്കാ “

“എന്തേ അമ്മു? ”
“എയ് ഒന്നുല്ല്യ
വെറുതെ വിളിച്ചതാ ”
“കിച്ചൻ കരുതി,.. ”
“മ്മ് കരുതി…..?
ന്നോട് വഴക്കില്ല്യാന്നു പറയാനാവും അമ്മു വിളിച്ചേ ന്ന് ”
“ഉവ്വോ? ”
“മ്മ്മ് ”
“ന്നാലേ…. അമ്മുന് വഴക്കില്ല്യാട്ടോ ”
“അല്ലേലും നിക്ക് അറിയാം ”
“ന്ത്? ”
“അമ്മുന് ഒരിക്കലും കിച്ചനോട് വഴക്കില്ല്യാ ന്ന് ”
“അതെയോ? ന്ന് ആര് പറഞ്ഞു? ”
“ആരും പറഞ്ഞില്ല്യ
അമ്മു പറയാണ്ട് പറയുന്നത്,ഞാൻ കേൾക്കാണ്ട് കേൾക്കുമ്പോഴാ നിക്ക് അമ്മു ഉം അമ്മുന് ഞാനും സ്വന്തമാകുന്നത് ”
കിച്ചൻ പറഞ്ഞ മറുപടിക്ക് അമ്മു നൽകിയത് ഒരു പുഞ്ചിരിയാണ്.
“അതേയ് കിച്ചൻ അച്ചേട അടുത്ത് പോട്ടെട്ടോ. എപ്പോഴാ കുതിര വാങ്ങാൻ പോവാന്ന് ചോദിക്കട്ടെ ”
“മ്മ്. ശെരി ”
“ആ ”
“കിച്ചാ… ”
“എന്തേ അമ്മു? ”
“എന്തേ ഇപ്പോ ഉമ്മ ചോദിക്കാഞ്ഞെ? ”
“ഉമ്മ ചോദിച്ചതിനല്ല്യേ അമ്മു പിണങ്ങിയെ? അതുകൊണ്ട് ഇനി കിച്ചൻ ചോദിക്കില്ല്യ. നിക്ക് ഉമ്മ വേണ്ട അമ്മു മതി. അമ്മു ന്നോട് പിണങ്ങാണ്ട് ഇരുന്നാൽ മതി ”
“ഉമ്മ ചോദിച്ചതിനല്ല കിച്ചാ അമ്മു പിണങ്ങിയെ. പാടില്ല്യാത്ത നേരത്തു ഉമ്മ ചോദിക്ക്യാൻ പാടില്ല്യ.
അല്ലാണ്ട് ൻറെ കിച്ചന് ഉമ്മ തരാൻ മടിച്ചിട്ടല്ല അമ്മു താരാണ്ടിരുന്നെ ”
“മ്മ് ”
“അതുകൊണ്ട് ൻറെ കിച്ചൻ ഉമ്മ ചോദിക്കാണ്ടിരിക്കണ്ട. അതാ അമ്മുന് ഇഷ്ടം
പക്ഷെ ഇപ്പോ അല്ലാട്ടോ, രണ്ടിസം കഴിഞ്ഞു
മ്മ് ഇനി പൊയ്ക്കോ ”
“മ്മ്മ് ”
അമ്മുന്റെ വാക്കുകൾ കിച്ചന് ഒരുപാട് സന്തോഷമുണ്ടാക്കി. അവന് ഒരുപാട് സന്തോഷം തോന്നുമ്പോഴാ അടുത്ത് നിൽക്കുന്നവരെ നോക്കി രണ്ടു കണ്ണും അടച്ചു തുറക്കുക. അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് കണ്ണടച്ച് കാട്ടിയിട്ടു ഉമ്മറത്തേക്ക് പോയി
“അച്ചേ…. നമ്മൾ എപ്പോഴാ കുതിര വാങ്ങാൻ പോവാ? ”
“പോകാം ഉണ്ണ്യേ. വെയിൽ ഒന്ന് ആറട്ടെ ”
“ആ
വേഗം ഒന്ന് വൈകുന്നേരം ആയാൽ മതിയാർന്നെ ”
കിച്ചന്റെ സന്തോഷം കണ്ടു അദ്ദേഹം പുഞ്ചിരിച്ചു. എന്നാൽ അദേഹത്തിന്റെ മനസ്സിൽ ആധി മറ്റൊന്നാർന്നു.
“തന്റെ മകന് ഇതുവരെ ഒന്നും വാങ്ങി കൊടുക്കാൻ കഴിഞ്ഞിട്ടില്ല്യ തനിക്ക്. അവന്റെ അമ്മാവനോളം ധനികൻ അല്ല താൻ. എന്നാൽ അമ്മാവൻ ആട്ടെ ഈ ദേശം ഭരിക്കുന്ന നാടുവാഴി. താനോ വെറുമൊരു വൈദ്യൻ. അദ്ദേഹത്തിൻറെ സഹോദരിയെ തനിക്കു വേളി കഴിച്ചു തന്നത് തന്നെ ഒരു സർപ്പദോഷമാണ് കാരണമാണ്. സർപ്പദോഷകാരിയായ പെങ്ങൾക്കു നാടൊട്ടും വരനെ അന്വഷിച്ചപ്പോൾ കുറി വീണതോ ഈ വൈദ്യനും. സർപ്പദോഷം ഒന്ന് കൊണ്ട് മാത്രമാണ് ഗായത്രി അന്തർജ്ജനം ബ്രഹ്മദത്തൻ വൈദ്യരുടെ വേളി ആകേണ്ടി വന്നത്. അതിൽ തനിക്കു ഇന്നാൾ അത്രയും ഒരു ദോഷവും വന്നിട്ടുമില്ല്യ. മാത്രമല്ല സൂര്യൻ ഉദിച്ചത് പോലെ ഒരു ഉണ്ണിയെ തനിക്കു മകനായി കിട്ടിയതും. ”
ഓരോന്ന് ആലോചിച്ചു ബ്രഹ്മദത്തൻ നെടുവീർപ്പിട്ടപ്പോഴാ കിച്ചൻ വീണ്ടും കുതിരക്കാര്യം ആവർത്തിച്ചത്
“അച്ചേ ഇപ്പോ ഇച്ചിരി വെയിൽ കുറഞ്ഞു ല്യേ? ദേ നോക്കിയേ ഇപ്പോ കിഴക്ക് മാറി പടിഞ്ഞാറായിരിക്കുണു. നമുക്ക് പുറപ്പെട്ടാലോ? ”
“പോകാം ഉണ്ണ്യേ. ധിറുതി കൂട്ടാതിരിക്കു ”
“വേഗം പുറപ്പെടാം അച്ചേ ”
“ആ പുറപ്പെടാം,
അതേയ് ഞങ്ങൾ ഒന്ന് പുറത്തേക്കു പോവാട്ടോ ”
അദ്ദേഹം അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു. അപ്പോഴേക്കും കിച്ചന്റെ അമ്മ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.
“എങ്ങടാ? ”
“നമ്മുടെ ഉണ്ണിക്കു ഒരു അശ്വത്തെ വാങ്ങാൻ പോവാ ”
“സ്വൈര്യക്കേട്‌ ഉണ്ടാക്കിട്ടുണ്ടാവുംല്യേ? ”
ഗായത്രി ചിരിച്ചു കൊണ്ട് ചോദിച്ചു
“എയ്…
ൻറെ ഉണ്ണിക്കു ഒരു അശ്വത്തെ വാങ്ങി കൊടുക്കാൻ കഴിയില്ല്യാച്ചാൽ നാം പിന്നെ ന്തിനാ ജീവിക്കുന്നെ ”
“അത് വെയിൽ കുറഞ്ഞിട്ടു പോരെ? ”
“വെയിൽ ഒക്കെ മാറി അമ്മേ. ഇനി നാളെ വരൂ ”
“ആര്? ”
“വെയിൽ ”
“ഹ്മ്മ്
ഈ ഉണ്ണീടെ ഒരു കാര്യേ ”
“അച്ചേ വായോ,
നമുക്ക് ഇറങ്ങാം ”
“ആ ഇറങ്ങാം ഇറങ്ങാം ”
കിച്ചനും അച്ഛയും കുതിരയെ വാങ്ങാനായി പുറപ്പെട്ടിറങ്ങുമ്പോഴാ കാര്യസ്ഥൻ നാരായണൻ പടിപ്പുര കടന്നു വന്നത്. കാര്യസ്ഥനെ കണ്ടതും കിച്ചൻ അദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്ന്‌ പറഞ്ഞു,
“നാരായണാ…
കിച്ചന്റെ അച്ഛ കിച്ചന് കുതിര വാങ്ങി തരാൻ പോവാ. ”
“ആഹാ അതെയോ? ”
“മ്മ്മ്. ഉവ്വ് നാരായണാ. ഇപ്പോ അങ്ങട് പോവാ വാങ്ങാനേ,
പിന്നില്ല്യേ….,വെളുത്ത കുതിരയാ ൻറെ അച്ഛ നിക്ക് വാങ്ങാൻ പോണെ ”
“ഉവ്വോ? അപ്പൊ കേമായി.
അതാപ്പോ ഉണ്ണി നമ്പൂരിക്ക് ഇത്ര ഗമ ”
“ഹ ഹ ഹ ”
“ആട്ടെ ഉണ്ണി നമ്പൂരിടെ കുതിരപ്പുറത്തു ഈ നാരായണനെ കയറ്റുമോ? ”
“ആ കയറ്റും
നാരായണനെ കയറ്റും. പക്ഷെ വല്യമ്മാമേ കയറ്റില്ല്യ ”
“യ്യോ അങ്ങനെ പറയാൻ പാടുണ്ടോ? ”
“അങ്ങനെ പറയും ”
നാരായണനോട് യാത്ര പറഞ്ഞു അവർ നടന്നു. യാത്രയിലുടനീളം വഴിയിൽ കണ്ട പരിചയക്കാരോടെല്ലാം കിച്ചൻ പറഞ്ഞു കുതിര വാങ്ങുന്ന കാര്യം. അങ്ങനെ നടക്കുമ്പോഴാ വായിൽ വെച്ചു ചെറുമനെയും അയാളുടെ മകൾ ചിരുതയേയും കണ്ടത്.
“ചെറുമാ…. കണ്ടുവോ ഇത് ൻറെ അച്ഛയാ,
നിക്ക് കുതിര വാങ്ങി തരാൻ ആണേ ൻറെ അച്ഛ വന്നെ. വെളുത്ത കുതിരയാ വാങ്ങാ”
” ഇനി ഇക്കാര്യം അറിയിക്കാൻ ആരേലും ബാക്കിയുണ്ടോ ൻറെ ഉണ്ണ്യേ ഈ ദേശത്തു? ”
“ഹ ഹ പിന്നെ എല്ലാപേരോടും പറയണ്ടേ നിക്ക് കുതിര വാങ്ങുന്ന കാര്യം ”
“പിന്നേ …. ”
“വേഗം നടക്കാം അച്ചേ നമുക്ക് ഇല്യാച്ചാൽ ചിലപ്പോൾ ൻറെ വെളുത്ത കുതിര ആരേലും കൊണ്ട് പോയാലോ ”
സന്ധ്യയോടെ അവർ കുതിരക്കച്ചവടം നടക്കുന്നടത്തു എത്തി. അവിടെ കണ്ട ഒരു കച്ചവടക്കാരനോട് താങ്കളുടെ ആവശ്യം അറിയിച്ചു. ഉടനെ തന്നെ അയാൾ അവരെ കൂട്ടി കുതിരകളെ തളച്ചിരിക്കുന്നടത്തേക്കു പോയി. അവിടെ ആകെ ഒരു വെള്ള കുതിരയും മറ്റെല്ലാം പല നിറത്തിലുള്ള കുതിരകളുമാണ് ഉണ്ടായിരുന്നത്.
വെളുത്ത കുതിരയുടെ അടുത്തേക്ക് ചെന്ന്‌ നിന്നിട്ടു കിച്ചൻ പറഞ്ഞു,
“അച്ചേ… നിക്ക് ഈ കുതിര മതി. കിച്ചന് ഇത് മതി അച്ചേ. ”
ഉടൻ തന്നെ അദ്ദേഹം കച്ചവടക്കാരന് പണം നൽകി മകന് ഇഷ്ടപ്പെട്ട കുതിരയെ വാങ്ങി കൊടുത്തു. അവർ കുതിരയുമായി കോവിലകത്തേക്കു മടങ്ങി. രാത്രിയോടെ അവർ കോവിലകത്തെത്തി.
“അമ്മേ………
ദേ നോക്കിയേ കിച്ചന്റെ വെള്ള കുതിര ”
പടിപ്പുര എത്തിയ പാടേ കിച്ചൻ വിളിച്ചു കൂവി കൊണ്ടാ അകത്തേക്ക് കയറിയത്. അവരുടെ വരവും കാത്തു കോലോത്തെല്ലാപേരും പൂമുഖത്തു തന്നെ ഉണ്ടായിരുന്നു.
“ആഹാ എത്തിയോ? എന്തേ ഇത്ര വൈകിയേ? ”
“അമ്മേ…. ഇത് കണ്ടുവോ?
സാവിത്രിക്കുട്ടി കണ്ടുവോ ൻറെ കുതിര?
അമ്മു… ദേ നോക്കിയേ നമ്മുടെ കുതിര ”
“ആഹാ കേമായിരിക്കുന്നുല്ലോ ”
അമ്മ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി വന്നു പറഞ്ഞു.
കിച്ചൻ കുതിരയെ തളച്ചിട്ടു എല്ലാപേരും അകത്തേക്ക് പോയി കിച്ചനും അച്ഛയും കുളി കഴിഞ്ഞു ഊട്ടുപുരയിലേക്കു വന്നു അത്താഴം കഴിച്ചു എല്ലാപേരും അവരവരുടെ മുറിയിലേക്ക് പോയി.
എല്ലാപേരും ഉറങ്ങിയെന്നു ഉറപ്പ് വരുത്തിയ ശേഷം കിച്ചൻ മെല്ലെ എഴുന്നേറ്റു അമ്മുന്റെ മുറിയുടെ ജനാലയുടെ അടുത്ത് നിന്നു അകത്തേക്ക് നോക്കി ചൊല്ലി,
“വർഷം കുളിരിടും തല്പമേ
ഹർഷം തളിരിടും ശില്പമേ
സ്വപ്നം മലരിടും വർണ്ണമേ
സ്വർഗം മിഴി തൊടും പുണ്യമേ
വിളിച്ചാലെന്റെ വിളക്കിൽ
തങ്കമൊരുക്കാൻ പോരുമോ? ”
“ആഹാ
പിന്നെന്താ പോരാല്ലോ. പക്ഷേ….. അവിടെ നിന്നു തങ്കമൊരുക്കികോളൂട്ടോ. ”
“പാട്ടില്ല്യാ……. ”
“പറ്റണം….. ഇന്നുടെ കഴിഞ്ഞു അകത്തു കയറാംട്ടോ. ന്നിട്ട് സൗകര്യം പോലെ വിളക്കിൽ തങ്കമോ, വെള്ളിയോ, അതും അല്ലാച്ചാൽ ചെമ്പോ ഒക്കെ ഒരുക്കാം നമുക്കേ.
എന്തേ? ”
അമ്മു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
“അമ്മു…. ”
“മ്മ്മ് ”
“അമ്മുന് ഇഷ്ടായോ കുതിരയെ? ”
“ഉവ്വെല്ലോ
ഒരുപാടിഷ്ടായി. ൻറെ കിച്ചന്റെ ല്യേ ”
“അതേയ് നാളെ അമ്പലത്തിൽ കൊണ്ട് പോകും അതിനെ ഞാൻ. ഭഗവാനെ കാട്ടാൻ ”
“ഉവ്വോ?
നന്നായി ”
“അമ്മു….”
“എന്തോ…. ”
“ചഞ്ചല പദലയ വിലസിതയാകുമൊരജ്ഞാന
മിഴി കളമെഴുതും തിരുനടയിൽ
ഹൃദയ മധുരം മുരളിയിനിയും
പൊഴിയുമളവിൽ വിരിയുമുദയം
മതിമുഖ കലയുടെ കതിരൊളിയടിയന്
മൊഴികളിലരുളണമൊരു വര ദീപം
ഒരു യുഗം നിന്റെ തിരുവടി തൊഴുതാൽ
കനിയുമോ സുകൃതിനി
വരം തരും സുഖം? ”
“ഒരു രക്ഷയുമില്ല്യാട്ടോ
ഈ ദേവി ഇന്ന് ഈ നട തുറക്കുകയുമില്ല്യ വരം ഒട്ടു തരുകയുമില്ല്യ ഹ ഹ ”
“ന്നാ പിന്നെ കിച്ചൻ അങ്ങട് പോകാം ല്യേ? ”
“മ്മ്മ് അതെ
അതാ നല്ലത്‌ “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “പുനർജ്ജന്മം ഭാഗം 12”

Leave a Reply