പതിവ് പോലെ രാവിലെ എഴുന്നേറ്റു കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് കിച്ചൻ അമ്പലത്തിലേക്ക് പോകാൻ ഇറങ്ങി. അവൻ കുതിരയെ തളച്ചിരുന്നടത്തു നിന്നു അഴിച്ചു അമ്പലത്തിലേക്ക് കൊണ്ട് പോയി ശ്രീകോവിലിനു മുന്നിൽ നിർത്തി എന്നിട്ട് കിച്ചൻ നട തുറന്ന് ഭഗവാനെ കാട്ടി.
“അതേയ്… കണ്ടുവോ?
ന്റെ അച്ഛ വാങ്ങി തന്നതാട്ടോ ”
ഭഗവാനോട് സംസാരിച്ചു നിൽക്കുമ്പോഴാ പിന്നിൽ നിന്നു ഒരു ചോദ്യം
“ആഹാ കിച്ചൻ ആരോടാ ഈ സംസാരിക്കുന്നേ? ”
ചോദ്യം കേട്ടു അവൻ തിരിഞ്ഞു നോക്കിയപ്പോൾ ദേ നിൽക്കുന്നു ഹരി
“ആ
ഹരി, നാം ഭഗവാനോട് പറയാർന്നെ, നമുക്ക് അച്ഛ കുതിര വാങ്ങി തന്ന കാര്യേ ”
“ഉവ്വോ?
ന്നിട്ട് നമ്മോട് പറഞ്ഞില്ല്യാല്ലോ കിച്ചൻ ”
“ഹാ.. നാം ഇപ്പോൾ ല്യേ ഹരിയെ കണ്ടെ.
ദേ നോക്കു ഹരി, ഇതാ നമ്മുടെ കുതിര. കുട്ടികാലം മുതൽ നമ്മുടെ സ്വപ്നം ആർന്നേ, ഒരു വെളുത്ത കുതിര. നമ്മുടെ സ്വപ്നം പോലെ തന്നെ കിട്ടിരിക്കുണു. നമുക്ക് ഒരുപാടു ഇഷ്ടായി ഇതിനെ. ”
“ആഹാ..
കിച്ചൻ അതിയായ സന്തോഷത്തിലാണു്ല്ലോ ”
“ഉവ്വ്.
നമുക്ക് ഒത്തിരി സന്തോഷാ ”
“കിച്ചന്റെ സന്തോഷത്തിൽ നാം ഉം പങ്കുചേരുന്നു. പിന്നെ വാരാംട്ടോ ഇല്ലത്തു അന്വഷിക്കിണ്ടാവും. ”
കിച്ചനോട് യാത്ര പറഞ്ഞിട്ട് ഹരി പോയി.
ശ്രീകോവിലിനുള്ളിൽ അഭിഷേകം കഴിഞ്ഞ് പ്രസാദവുമായി പുറത്തിറങ്ങുമ്പോഴാ തൊഴുതു നിൽക്കുന്ന ലക്ഷ്മിയെ കണ്ടത്.
“ആഹാ ലക്ഷ്മിക്കുട്ടി ഇണ്ടാർന്നുവോ? നാം കണ്ടില്ലാർന്നുല്ലോ ”
“കിച്ചൻ ലക്ഷ്മികുട്ടിയെ കാണാറേഇല്ല്യല്ലോ ”
ലക്ഷ്മി പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു.
“ലക്ഷ്മിക്കുട്ടി…. അത് കണ്ടുവോ?”
“എന്താ കിച്ചാ? ”
” കിച്ചന്റെ കുതിരയാ ആ നിൽക്കുന്നെ ”
“ഉവ്വോ?
കേമായല്ലോ ”
“അതെയോ ലക്ഷ്മികുട്ടീ? ”
“അതേല്ലോ ”
“നടയടച്ചു പോരുമ്പോൾ ലക്ഷ്മികുട്ട്യേ കാട്ടാൻ വരാൻ നിന്നതാ. ഇനി ഇപ്പോ അത്രടം വരണ്ടല്ലോ ”
“അതിനെന്തേ കിച്ചൻ വന്നോളൂ. ”
“ലക്ഷ്മികുട്ടി കണ്ടുല്ലോ കുതിര. പിന്നെ എന്തിനെ കിച്ചൻ വരുന്നേ? ”
“അപ്പൊ ഞാൻ വിളിച്ചാൽ വരില്ല്യാ? ഞാൻ പിണങ്ങുംട്ടോ കിച്ചനോട് ”
“അയ്യോ പിണങ്ങല്ലേ ലക്ഷ്മികുട്ട്യേ,
കിച്ചൻ വാരാംട്ടോ. ”
“എപ്പോ? ”
“നടയടച്ചു ഇറങ്ങുമ്പോൾ അതുവഴി വരാം ”
“മ്മ്മ്. ശെരി
മറക്കരുത്ട്ടോ ”
“ആ ”
തൊഴുതു മടങ്ങുമ്പോൾ ലക്ഷ്മിയുടെ മനസ്സിൽ അതിയായ സന്തോഷമായിരുന്നു. അവൾ മനസ്സിൽ കണക്കുകൂട്ടിയ പോലെ കാര്യങ്ങൾ ഒക്കെ നടക്കുമെന്ന് തോന്നി അവൾക്കു.
ഉച്ച പൂജ കഴിഞ്ഞ് നടയടച്ചു കിച്ചൻ കുതിരയുമായി കോവിലകത്തേക്കു മടങ്ങാൻ തുടങ്ങി. വഴിയിൽ കാണുന്നവരോടെല്ലാം അവൻ കുതിര വാങ്ങിയ കാര്യം വിസ്തരിച്ചു വരുമ്പോഴാണ് കിച്ചന്റെ കൂട്ടുകാരായ കുറച്ചു കുട്ട്യോളെ കണ്ടത്. അവൻ അവരോടും പറഞ്ഞു,
“ആഹാ നിങ്ങളെ അന്വഷിച്ചു വരാർന്നേ നാം ”
“എന്തേ കിച്ചൻ നമ്പൂരി? ”
“നിങ്ങൾ അന്ന് എന്താ നമ്മോട് പറഞ്ഞെ? നമുക്ക് കുതിര വാങ്ങി തരില്ല്യാന്നു ല്യേ? ദേ നോക്കു നമ്മുടെ അച്ഛ വാങ്ങി തന്നതാ. കൺ നിറയേ കണ്ടോളുട്ടോ ശുംഭന്മാരെ ”
“കേമായിരിക്കുന്നുല്ലോ കിച്ചൻ നമ്പൂരിയേ ”
“കേമം ആവാണ്ട് പിന്നെ? കിച്ചന്റെ കുതിര ല്യേ?
ഇവനേ നന്നേ വേഗത്തിലാ ഓടാ, ഭയങ്കര ശക്തിയാ”
“അതിനു കിച്ചൻ ഇതിന്റെ പുറത്തു സവാരി ചെയ്തുവോ? ”
“ഇല്ല്യാ…..
ന്നാലും അറിയാല്ലോ ഇവനെ കാണുമ്പോ ”
കുട്ടികൾ ഓരോരുത്തരും കുതിരയുടെ അടുത്തേക്ക് വന്നു അതിനെ നന്നേ ഒന്ന് നിരീക്ഷിച്ചു. എന്നിട്ട് അവർ പരസ്പരം അടക്കം പറഞ്ഞു പൊട്ടിച്ചിരിച്ചു
“ഹ ഹ ഹ ”
“ന്തേയ്? ചിരിക്കൂന്നേ നിങ്ങൾ?
“ഹ ഹ അയ്യേ… കിച്ചൻ നമ്പൂരി…..
ഈ കുതിര പെണ്ണാ. പെൺകുതിരയെ ആ കിച്ചൻ നമ്പൂരി ഈ എഴുന്നള്ളിച്ചു നടക്കുന്നെ ”
“അല്ല
വേണ്ടാട്ടോ കുട്ട്യോളെ വെറുതെ നമ്മോട് നുണ പറയണ്ട
നിങ്ങൾക്കേ അസൂയയാ നമ്മോട് ”
“ന്തിന് ഈ പെൺകുതിരയെ കിട്ടാഞ്ഞിട്ടോ? ഹ ഹ അയ്യേ കിച്ചൻ നമ്പൂരി മണ്ടനാ
അതുകൊണ്ടാ കിച്ചൻ നമ്പൂരിയേ അച്ഛൻ നമ്പൂരി പറ്റിച്ചെ.
ആൺ കുതിരയാ വേഗത കൂടിയത്. പെൺകുതിര പതിയെ പോകു.
ഇത് പെൺകുതിരയാ അയ്യേ…. ”
“അല്ല
ഇത് ആണ് തന്ന്യാ ”
കുട്ടികൾ അവനെ വീണ്ടും കളിയാക്കി.
“നമ്മോട് മിണ്ടണ്ട. ശുംഭന്മാർ. ”
കിച്ചന്റെ മനസ്സിലും സംശയം തോന്നി.
“ഇനി ഇത് പെൺകുതിര ആവോ അവർ പറഞ്ഞത് പോലെ.എങ്ങിനെയാ അതൊന്നു അറിയാ ”
കുട്ടികളെ ആട്ടിയോടിച്ചിട്ടു നടക്കുമ്പോൾ അവന്റെ ചിന്ത അതാർന്നു. ലക്ഷ്മിയുടെ ഇല്ലത്തിന്റെ അടുത്തെത്തിയപ്പോഴാ രാവിലെ ലക്ഷ്മിയെ കണ്ട കാര്യം മനസ്സിലോർത്തത്. അവൻ പടിപ്പുര കടന്നു ചെല്ലുമ്പോൾ ലക്ഷ്മി മുറ്റത്തു തന്നെ നിൽപ്പുണ്ടായിരുന്നു. അവനെ കണ്ടതും അവൾ ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു
“എന്തേ കിച്ചന്റെ മുഖം വാടിയിരിക്കുന്നെ? രാവിലെ കണ്ടത് പോലെ അല്ലല്ലോ ഇപ്പോൾ. എന്തേയ്? ”
“ലക്ഷ്മികുട്ടീ…. ഈ കുതിര ആണല്ലേ? ”
“എന്തേയ് ഇപ്പോ അങ്ങനെ ഒരു ചോദ്യം? എന്തേയ് ഉണ്ടായേ? ”
“ഞാൻ എല്ലാപേരെയും കാട്ടി ഇതിനെ. ഇപ്പോ വരുംവഴി അവർ ഇല്ല്യേ അവർ പറഞ്ഞു ഇത് പെൺകുതിര യാണെന്ന് ”
“ആര്? ”
“വ്യാസനും കൂട്ടരും ”
“ആ ഇച്ചിരി ഇല്ലാത്ത കുട്ട്യോളോ? കിച്ചൻ എന്തിനെ അവറ്റോൾടെ കൂട്ട് കൂടുന്നെ? ”
“ഇനി മിണ്ടില്ല്യ നാം അവരോടു ”
“മ്മ് അതാ നല്ലത് ”
“ന്നാലും ലക്ഷ്മികുട്ട്യേ…
ഇത് പെണ്ണാവോ ഇനി? ”
“അതെന്തേ പെൺകുതിരയെ ഇഷ്ടല്ലേ കിച്ചന്? ”
“അല്ല ”
“അതെന്തേ? ”
“പെൺകുതിര വേഗത്തിൽ ഓടില്യ. ആൺകുതിരക്കാ വേഗത ”
“ന്ന് ആരാ പറഞ്ഞെ?
പെൺകുതിരയും വേഗത്തിലാ ഓടാ ”
“അതെയോ ലക്ഷ്മികുട്ട്യേ? ”
“അതേല്ലോ ”
ലക്ഷ്മിയുടെ മറുപടി കിച്ചനുണ്ടായിരുന്ന സങ്കടവും ദേഷ്യവും ഒക്കെ കുറച്ചു.
“ഇത് ന്താന്നു നോക്കിയേ? ”
“ന്താ ലക്ഷ്മികുട്ട്യേ?
ഹായ് … ഉണ്ണിയപ്പം
നിക്കാണോ ലക്ഷ്മികുട്ട്യേ ഇത്? ”
“അതേല്ലോ “.
“ഇത് മുഴുവനും? ”
“മ്മ് മുഴുവനും കിച്ചനുള്ളതാ ”
അവളുടെ കയ്യിൽ ഉണ്ടായിരുന്ന ഉണ്ണിയപ്പം മുഴുവനും അവൻ കഴിച്ചു.
“ഇഷ്ടായോ? ”
“ആ… ഒരുപാട്
നിക്ക് ഒത്തിരി ഇഷ്ടാ ഉണ്ണിയപ്പം ”
“അതല്ലേ ലക്ഷ്മിക്കുട്ടി ഉണ്ടാക്കി വെച്ചിട്ട് വിളിച്ചത് ”
“അതെയോ? ”
“അതേല്ലോ ”
അല്ലാ ലക്ഷ്മിക്കുട്ടി ക്ക് എങ്ങിനെ അറിയാം നിക്ക് ഉണ്ണിയപ്പം ജീവനാ ന്ന്? ”
“അതൊക്കെ അറിഞ്ഞു ”
“ആ… നിക്ക് അറിയാം
ന്റെ അമ്മു പറഞ്ഞിട്ടുണ്ടാവുംല്യേ ”
“മ്മ് ”
ലക്ഷ്മിയുടെ മുഖം വാടി. എന്നാൽ കിച്ചന്റെ ശ്രദ്ധ മുഴുവൻ ആ ഉണ്ണിയപ്പം തീർക്കുന്നതിലായിരുന്നു. ഉണ്ണിയപ്പം കഴിഞ്ഞപ്പോൾ കിച്ചന്റെ വക ഒരു ചോദ്യം കൂടെ
“ഇനി കിച്ചൻ പൊയ്ക്കോട്ടേ ലക്ഷ്മിക്കുട്ടി? ”
“ഇത്ര പെട്ടെന്നോ? അതെന്തേ? ”
“ഉണ്ണിയപ്പം തരാൻ അല്ലേ ലക്ഷ്മിക്കുട്ടി ന്നെ വിളിച്ചത്? ദേ നോക്കിയേ അത് കഴിഞ്ഞു.
ഇനി കിച്ചൻ പൊയ്ക്കോട്ടേ? ന്റെ അമ്മു കാത്തിരിക്കിണ്ടാവും ”
“മ്മ്
ന്തിനേ അമ്മു കാത്തിരിക്കുന്നെ കിച്ചനെ? ”
“നിക്ക് ഉമ്മ തരാൻ
യ്യോ ”
“ന്തേയ്? ”
“കിച്ചൻ അറിയാണ്ട് പറഞ്ഞു പോയതാ. അമ്മുനോട് പറയരുത്ട്ടോ
ന്നോട് പിണങ്ങും. അതൊന്നു ആരോടും പറയാൻ പാടില്ല്യാത്രേ. പക്ഷേ ഇപ്പോ അറിയാണ്ട് പറഞ്ഞു പോയതാ ലക്ഷ്മികുട്ടിയോട് ”
“മ്മ്മ്
സാരല്ല്യാ. ഞാൻ ആരോടും പറയില്ല്യ
ആട്ടെ കിച്ചന് അത്ര ഇഷ്ടാണോ ഉമ്മ? ”
“ഹ ഹ ഹ ”
“പറയ്.. അത്ര ഇഷ്ടാണോ ഉമ്മ? ”
“ആ ”
അവൾ കുറച്ചു കൂടെ അവന്റെ അടുത്തേക്ക് ചേർന്ന് നിന്നു ചോദിച്ചു,
“ഞാൻ തന്നാൽ മതിയോ ഒരുമ്മ?
“കിച്ചന് അമ്മുന്റെ ഉമ്മയാ ഇഷ്ടം
നിക്ക് അമ്മുന്റെ ഉമ്മ മതി.
കിച്ചൻ പോവാട്ടോ ലക്ഷ്മിക്കുട്ടി, അമ്മു അന്വഷിക്കിണ്ടാവും ”
എന്ന് പറഞ്ഞു അവൻ നടന്നു. ലക്ഷ്മി ഒരു ദീർഘ നിശ്വാസത്തോടെ അത് നോക്കി നിന്നു.
കോവിലകത്തെ പടിപ്പുര കടന്നു ചെല്ലുമ്പോഴേ കിച്ചൻ അമ്മേ വിളിച്ചു
“അമ്മേ …. അമ്മേ ”
“എന്തേയ് ഉണ്ണ്യേ? എന്തിനെ ഇങ്ങനെ നിലവിളിക്കുന്നെ? ”
“അച്ഛ എവിടെ? ”
“എന്തേയ്? ”
“എവിടെ? ”
“അറയിൽ ഉണ്ട്. എന്തേയ്?
കുതിരയെ തളച്ചിട്ടു അവൻ നേരെ പോയത് അച്ഛയുടെ മുറിയിലേക്കാണ്. ചെന്ന പാടേ ഒരു ചോദ്യം ആയിരുന്നു.
“അച്ഛ ന്നെ പറ്റിച്ചു ല്യേ? ”
“ന്തേയ് ഉണ്ണ്യേ? ന്താ ഈ പറയുന്നേ?
നമ്മുടെ ഉണ്ണ്യേ നാം പറ്റിച്ചുന്നോ? ”
“ഉവ്വ്. അച്ഛ ന്നെ പറ്റിച്ചു. ന്റെ കൂട്ടുകാരൊക്കെ ന്താ പറഞ്ഞെന്നു അച്ചക്കു അറിയോ?
കിച്ചൻ മണ്ടനായിട്ടാത്രേ അച്ഛ ന്നെ പറ്റിച്ചേന്ന് ”
“ന്തൊക്കെയാ ന്റെ ഉണ്ണ്യേ ഈ പറയുന്നേ?
അച്ഛേട കുട്ടനെ അച്ഛ പറ്റിക്യേ? ”
“അച്ഛ നിക്ക് വാങ്ങി തന്നത് പെൺകുതിരയാന്ന് വ്യാസനും കൂട്ടരും ഒക്കെ പറഞ്ഞുല്ലോ ”
“ഹാ.. അതാണോ കാര്യം? ”
“ഉവ്വ് ”
“കുട്ടൻ തന്നെയല്ലേ പറഞ്ഞത് വെളുത്ത കുതിര മതീന്ന് ”
“ഉവ്വ് ”
“നമ്മൾ ഇത് അല്ലാണ്ട് വേറെ വെള്ള കുതിര അവിടെ കണ്ടുവോ അവിടെ? ”
“ഇല്ല്യ ”
“അപ്പൊ ന്റെ ഉണ്ണിക്കു ഇഷ്ടായ കുതിര ല്യേ അച്ഛ വാങ്ങി തന്നെ.
പിന്നെ, കുട്ടന്റെ വല്യമ്മാമേ പോലെ അച്ഛ ധനികനോ നാടുവഴിയോ അല്ല. അച്ഛക്ക് കൂട്ടിയാൽ കൂടില്ല്യാർന്നു ആൺകുതിര. അതാ പെൺകുതിര വാങ്ങി തന്നെ ”
അത് പറയുമ്പോൾ അദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. അത് കിച്ചനും സങ്കടമുണ്ടാക്കി. അവൻ അദ്ദേഹത്തോട് പറഞ്ഞു,
“അച്ഛ വിഷമിക്കണ്ടാട്ടോ. കിച്ചന് ഇഷ്ടായി ആ കുതിരയെ. അച്ഛ വിശ്രമിച്ചോളൂട്ടോ കിച്ചൻ പിന്നെ വരാം ”
എന്ന് പറഞ്ഞു അവൻ അച്ഛയുടെ അടുത്ത് നിന്നു പോയി.
അമ്മുന്റെ മുറിയുടെ പുറത്തു നിന്നു വിളിച്ചു,
“അമ്മു…. ”
“ആഹാ എത്തിയോ? എവിടാർന്നു? എന്തേയ് മുഖം വല്ലാണ്ട്? ”
“അമ്മു…. ”
“എന്തോ………. ”
“കിച്ചന്റെ കുതിര ല്യേ പെണ്ണാ ”
“അതിനെന്തേ? അമ്മു പെണ്ണല്ലേ? അമ്മായി പെണ്ണല്ലേ? ഓപ്പോൾ പെണ്ണല്ലേ? ”
“ഉവ്വ് ”
“പിന്നെന്തേ? ”
“വ്യാസനോക്കെ പറയാ ആൺ കുതിരയാ വേഗത കൂടുതൽ. പെൺകുതിര പതിയെ പോകുന്ന് ”
“ന്റെ കിച്ചാ…
ആദ്യം ആ തലതിരിഞ്ഞ കുട്ട്യോളുമായുള്ള ചങ്ങാത്തം നിർത്താ.
ന്തൊക്കെ കുരുത്തക്കേടാ അവറ്റോൾ ചെയ്തു കൂട്ടുന്നെന്ന് അറിയോ കിച്ചന്? പലരും കിച്ചനേയും പറയുന്നുണ്ട്. അവറ്റോളുടെ കൂട്ട് കൂടി വെറുതെ പഴി കേൾക്കണ്ടാട്ടൊ കിച്ചാ ”
“ആ
കിച്ചൻ കൂട്ട് നിർത്തി ഇന്നോടെ. ന്നെ എത്രയാ കളിയാക്കിയേന്ന് അറിയോ അമ്മുന്? ”
“ഉവ്വോ? ”
“ആ ”
“സാരല്യാട്ടോ
അവറ്റോളെ കാണട്ടെ ഞാൻ. നല്ല ശകാരം വെച്ചു കൊടുക്കിണ്ട്, ന്റെ കിച്ചനെ കളിയാക്കിയതിനു. ”
“ആ
അമ്മു കിച്ചൻ ലെക്ഷ്മികുട്ടിടെ ഇല്ലത്തു പോയി? ”
“അതെയോ? ”
“ആ
ലക്ഷ്മികുട്ടി നിർമാല്യത്തിന് വന്നപ്പോൾ ന്നെ ക്ഷണിച്ചിരുന്നെ ”
“ഉവ്വോ? ന്തിനേ? ”
“ഉണ്ണിയപ്പം തരാൻ ”
“ഉണ്ണിയപ്പം തരാനോ? ”
“ആ
ന്നോട് പറഞ്ഞുല്ലോ ഇത് കിച്ചന് തരാനാ വിളിച്ചേന്ന് ”
“അതെയോ?
ന്റെ കിച്ചനോട് അവൾക്കു നന്നേ ഇഷ്ടായകൊണ്ടല്ലേ ഉണ്ണിയപ്പം ഒക്കെ കരുതി വെച്ചു തന്നെ? അവൾക്കു അനിയനും ഏട്ടനും ഒന്നും ഇല്ല്യല്ലോ അതാ ”
“അതെയോ അമ്മു ”
“മ്മ്മ് അതേല്ലോ ”
“ആ ”
“അതേയ് ഇന്ന് സന്ധ്യക്ക് അമ്പലത്തിൽ ന്റെ നിർത്താർച്ചന ഇണ്ട്ട്ടോ. കിച്ചൻ വേണം പാടി തരാൻട്ടോ ”
“ആ
കിച്ചൻ പാടി തരാംട്ടോ.
അമ്മു…. ”
“എന്തോ… ”
“ഒരു കൂട്ടം ചോദിച്ചോട്ടെ? ”
“എന്തേയ്? ”
“ഇപ്പൊ അമ്മുന്റെ ഉവ്വാവ് മാറിയോ? ”
കിച്ചന്റെ ചോദ്യം കേട്ടപ്പോഴേ അമ്മുന് കാര്യം മനസ്സിലായി. അവൾ ചിരി കൊണ്ട് പറഞ്ഞു,
“ഉവ്വെല്ലോ
ഇപ്പൊ അമ്മുന്റെ ഉവ്വാവ് ഒക്കെ മാറിയിരിക്കുന്നു. എന്തേയ്? ”
“എയ് വെറുതെ ചോദിച്ചതാ ”
“അല്ലല്ലോ
കാര്യം എന്താന്ന് പറയ് ”
“ഒന്നുല്ല്യ ”
“ഉണ്ടെല്ലോ
ഇക്ക് അറിയാല്ലോ ന്താ കാര്യംന്നു ”
“ന്താ? ”
“ന്റെ കിച്ചന് ഉമ്മ വേണം. കുറച്ചീസം ആയിരിക്കുണു അമ്മു ഉമ്മ തന്നിട്ട്. അതല്ലേ കാര്യം? ”
“ഹ ഹ ”
“ചിരിക്കാണ്ട് പറയ് ”
“ന്ത്? ”
“ഉമ്മ വേണമെന്ന് ”
“അമ്മുന് അറിയാല്ലോ, പിന്നെ ന്തേ തന്നാൽ? ”
“അമ്മുന് അറിയാം.
ങ്കിലും ന്റെ കിച്ചൻ ചോദിച്ചു വാങ്ങുന്നതാ അമ്മുന് ഇഷ്ടം ”
“അതെന്തേ അമ്മു? ”
“അതേ അങ്ങനെയാ ”
“ന്നാ തായോ കിച്ചന്
തായോ തായോ ”
“ന്ത്? ”
“ഹാ ! ഉമ്മ തായോന്ന് ”
“ഹ ഹ അതെയോ? ”
“ആ ”
“ഇങ്ങട് വായോ,
ന്റെ കിച്ചനെ ഇങ്ങനെ ചേർത്ത് പിടിച്ചു അമർത്തി ഒരുമ്മ.
ഇനി വേഗം പോയി തയാറായിക്കൊളൂട്ടോ അമ്പലത്തിൽ പോകണ്ടേ നിർത്താർച്ചനക്ക് ”
“ആ ”
കിച്ചൻ വേഗം തന്നെ ഒരുങ്ങി ഇറങ്ങി. അമ്മുന്റെ നൃത്തം കാണാൻ കോവിലകത്തെ എല്ലാപേരും പുറപ്പെട്ടു. നൃത്ത മണ്ഡപത്തിൽ അമ്മു, ശ്രീകോവിലിനുള്ളിൽ കുടിയിരിക്കുന്ന ദേവിയെ പോലെ ആണ് കിച്ചന് തോന്നിയത്. അവളുടെ ചിലങ്കയിൽ നിന്നുണരുന്ന ഓരോ ധ്വനിയും അവനോടുള്ള പ്രണയമായിരുന്നു. അവൻ പാടി തുടങ്ങി,
“മാമവ മാധവ മധുമാതി
ഗീതാ മധുര സുധാവാധി
കോമള പിഞ്ച വിലോലം കേശം
ശ്യാമ മനോഹര ഘനസംകാശം
നിർജിത ഭുവന സുമോഹന ഹാസം
വന്ദേ ശ്രിതജന പാലകമനിശം
പരകേദാരം ഗോപിജാരം
നമാമി ദാമോദരം ശ്രീധരം
നതമുനി നികരം നന്ദകിഷോരം
വിശ്വാധാരം ധൃതസുമഹാരം “
നൃത്തം കഴിഞ്ഞ് നമസ്കരിച്ച ശേഷം അമ്മു, മണ്ഡപത്തിൽ നിന്നു ഇറങ്ങി വേഷം മാറുന്ന മുറിയിലേക്ക് പോയി. മുഖത്ത് തേയ്ച്ചിരുന്ന ഛായങ്ങളൊക്കെ ഓരോന്നായി അഴിച്ചു കൊണ്ടിരുന്നപ്പോഴാണ് കിച്ചൻ അവിടേക്കു ഓടി വന്നത്.
“അമ്മു….
കേമായിരുന്നുട്ടോ ”
“അതെയോ കിച്ചാ? ”
“മ്മ് അതേന്ന് ”
“അതേയ്….. ന്റെ കിച്ചൻ അല്ലേ ഇക്ക് പാടി തന്നേ, ആ താളവും, ലയവും മറ്റാര് പാടി തന്നാലാ ഇക്ക് കിട്ടുക? അതാ നൃത്തം കേമായേ ”
“എവിടെ നോക്കട്ടെ,
ന്റെ അമ്മുന്റെ കാൽ വേദനിക്കിണ്ടോന്നു, കിച്ചൻ നോക്കട്ടെ ”
എന്ന് പറഞ്ഞു കൊണ്ടവൻ അവളുടെ കാൽ കീഴിൽ ചെന്ന് മുട്ടിൽ ഇരുന്നു അവളുടെ കാല്പാദം എടുത്തു തന്റെ മടിയിൽ വെച്ചു.
“എയ് ഇല്ല്യ കിച്ചാ,
ഇക്ക് വേദനിക്കുന്നൊന്നുല്ല്യ. കാൽ വിടു കിച്ചാ ആരേലും കാണും ”
“നിക്ക് അറിയാം വേദനിക്കിണ്ടെന്ന്. മിണ്ടാണ്ട് ഇരുന്നോളു അവിടെ.
നിക്ക് അറിയാം ന്താ വേണ്ടേന്ന് ”
ഒരു പനിനീർ പൂവെടുക്കുന്ന പോലെ അവളുടെ കാല്പാദം അവന്റെ കൈകളിൽ എടുത്തു അവന്റെ മടിയിൽ വെച്ചു മെല്ലെ തലോടിക്കൊണ്ടിരുന്നു.
“ഇക്ക് ഒരു കുഴപ്പോം ഇല്ല്യാ ന്റെ കിച്ചാ
ആ കാൽ ഒന്ന് വിടു. ആരേലും കണ്ടു കൊണ്ട് വരും ”
“വന്നോട്ടെ, അതിനെന്താ?
ന്റെ അമ്മുന്റെ കാൽ അല്ലേ കിച്ചൻ ഉഴിയുന്നെ? അതിനു കാണുന്നോർക്കു ന്താ? ”
“ഹ്മ്മ്മ് ഈ കിച്ചൻ !
അപ്പോഴാണ് അവിടേക്കു ലക്ഷ്മി കടന്നു വന്നത്.
“ഇക്ക് അങ്ങട് വരാമോ? ”
“വായോ ”
“അമ്മുട്ട്യേ… കേമായിരുന്നുട്ടോ,
കിച്ചനും അസാദ്ധ്യർന്നുട്ടോ ”
ലക്ഷ്മി അമ്മുനോട് സംസാരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ അമ്മുന്റെ കാൽ ഉഴിയുന്ന കിച്ചനിൽ ആയിരുന്നു. അവൾ പറഞ്ഞു,
“അതേയ് കിച്ചാ, ഞാനും അത്യാവശ്യം നൃത്തം ചവിട്ടാറുണ്ട്, എന്റെ കാൽ ആരും ഉഴിഞ്ഞു തരാറില്ല്യാട്ടോ ”
ലക്ഷ്മിയുടെ തമാശക്ക് അമ്മു മറുപടി നൽകി,
“ഞാൻ പറഞ്ഞതാ ലക്ഷ്മിയേ, ഈ കിച്ചൻ കേൾക്കണ്ടേ ”
എന്നാൽ കിച്ചൻ ആകട്ടെ ഇതൊന്നും ശ്രദ്ധിക്ക്കാതെ ഇരുന്നു അമ്മുന്റെ കാലുകൾ ഉഴിയുവാണ്.
“ലക്ഷ്മികുട്ടീ…. ”
“എന്തോ…. ”
“ന്റെ അമ്മുന് നന്നേ വേദനിക്കിണ്ടാവും, ഒരുപാടു നൃത്തം ചവിട്ടിയതല്ലേ, അതാട്ടോ കിച്ചൻ അമ്മുന്റെ കാൽ ഉഴിയുന്നെ ”
“ഹ്മ്മ്
ബാക്കി കോലോത്തു എത്തീട്ടു ഉഴിഞ്ഞോളു രണ്ടാളും. നേരം ഒരുപാടു വൈകിരിക്കുന്നു ”
ലക്ഷ്മിയുടെ മറുപടി കേട്ടു അമ്മുന് ചിരിയടക്കാനായില്ല. അവൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു. അവർ മൂന്നു പേരും അമ്പലത്തിൽ നിന്നു ഇറങ്ങി.
നടക്കുമ്പോൾ ഇടയ്ക്കിടെ അവൻ ആ ചോദ്യം ആവർത്തിച്ചു കൊണ്ടിരുന്നു
“അമ്മു…
കാൽ വേദനിക്കിണ്ടോ ന്റെ അമ്മുന്? ”
“ഇല്ല്യാ കിച്ചാ ”
“ഇണ്ടേ പറയണംട്ടോ
കിച്ചൻ എടുത്തു കൊണ്ട് പോകാം അമ്മുനെ ”
“ഇക്ക് ഒരിടവും വേദനിക്കുന്നില്ല്യ ന്റെ കിച്ചാ. ഒന്ന് വേഗം നടക്കാ ഇല്യാച്ചാൽ അച്ഛേട വക നൂറു ചോദ്യങ്ങൾ ആവും. ഇക്ക് വയ്യ ഒക്കേത്തിനും മറുപടി പറയാനും, നീയ് തല്ല് കൊള്ളുന്നത് കാണാനും. അതുകൊണ്ട് വേഗം നടക്കാ ”
“ആ
ന്നാ വേഗം നടക്കാംട്ടോ ”
ലക്ഷ്മിയെ അവളുടെ ഇല്ലത്തെ പടിപ്പുര കടത്തി വിട്ട ശേഷം അമ്മു ഉം കിച്ചനും നടന്നു. അവൾ അല്പം കൂടെ അവനിലേക്ക് ചേർന്ന് നടന്നു. അവന്റെ കൈ വിരലുകളിൽ അവളുടെ വിരലുകൾ കോർത്തു പിടിച്ചു കൊണ്ട് ചോദിച്ചു,
“കിച്ചാ…
“മ്മ്മ് ”
“കിച്ചന് ന്നോട് എത്ര സ്നേഹമുണ്ട്? ”
“അമ്മു പറയു
നിക്ക് അമ്മുനോട് എത്ര സ്നേഹമുണ്ടെന്നു ”
“അത് തന്നെയല്ലേ ഞാനും അങ്ങട് ചോദിച്ചേ ”
“ആ അതെ.
നിക്ക് അമ്മുനോട് എത്ര സ്നേഹം ഇണ്ടെന്ന് ഞാൻ പറയുമ്പോഴല്ല, പറയാണ്ട് തന്നെ അമ്മു അത് അറിയുമ്പോഴാ അമ്മുനോടുള്ള ന്റെ സ്നേഹം സത്യമാവുന്നതു. അതുകൊണ്ട് അമ്മു പറയു നിക്ക് അമ്മുനോട് എത്ര സ്നേഹം ഇണ്ടെന്ന് ”
അവൾ അവൻറെ വെള്ളാരം കണ്ണുകളിലേക്കു നോക്കി നിന്നു അൽപനേരം. എന്നിട്ട് പറഞ്ഞു,
“ഒരുപാടു
ഒരുപാടൊരുപാട്
“ചോദ്യവും ഉത്തരവും നമ്മിൽ തന്നെയുള്ളപ്പോൾ നാം എന്തിന് ഉത്തരം അന്വഷിച്ചു അലയുന്നു ”
“കിച്ചാ…. ”
“ആ… ”
“അമ്മു ന്ത് പറഞ്ഞുച്ചാലും ന്റെ കിച്ചൻ കേൾക്കുമോ? ”
“മ്മ് കേൾക്കാം ”
അവൾ അല്പം കൂടെ അവനിലേക്ക് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു,
“നമുക്ക് വേളി കഴിക്കാമോ? ”
കിച്ചൻ ഞെട്ടലോടെ അവന്റെ നെഞ്ചിൽ നിന്നു അവളെ പിടിച്ചു മാറ്റി
“എന്തേയ്? ”
അവൾ അമ്പരപ്പോടെ അവനോടു ചോദിച്ചു
“അമ്മു…
വേളി ന്താ കുട്ടികളിയാണോ? ”
“അല്ല
കുട്ടിക്കളി അല്ലാ ന്ന് ഇക്കും അറിയാം. ഇക്ക് കിച്ചനെ വേണം. കിച്ചൻ ഇല്ല്യാണ്ട് പറ്റില്ല്യ ”
“അമ്മു…
നിക്കും അങ്ങനെ തന്നെ
അമ്മു ഇല്ല്യാണ്ട് നിക്കും പറ്റില്ല്യ.
ന്ന് കരുതി ഇപ്പോൾ നമ്മൾ വേളിയെ പറ്റി ചിന്തിക്കാൻ പറ്റുമോ? സ്വന്തമായി സമ്പാദിക്കാൻ ഒന്നും അറിയില്യ കിച്ചന്. നിക്ക് ഒന്നും അറിയില്യ അമ്മു അപ്പൊ നമ്മൾ എങ്ങിനെയാ വേളി കഴിക്കാ? ”
“ഇക്ക് അതൊന്നും അറിയില്യ ”
“അറിയില്യാന്നാ? ”
“അതെ ”
“ഇക്കാര്യം പറഞ്ഞു അങ്ങട് ചെന്നൂച്ചാൽ വല്യമ്മാമ സമ്മതിക്കുംന്നു തോന്നിണ്ടോ ന്റെ മോൾക്ക്? മാത്രവുമല്ല കിച്ചനെ തല്ലി കൊല്ലും വല്യമ്മാമ ”
“ഇക്ക് കേൾക്കണ്ട അതൊന്നും.
ഇക്ക് കിച്ചൻ വേണം. അത്രന്ന്യേ ”
“അപ്പൊ കിച്ചനെ വല്യമ്മാമ തല്ലി കൊന്നോട്ടെന്നോ? ”
“അതേയ്,
ഞാൻ ഒരു ഉപായം പറഞ്ഞു തരാം.
അങ്ങനെ ആവുമ്പോ അച്ഛ തല്ലില്ല്യ ”
“ന്ത് ഉപായാ അമ്മു? ”
“ആരും അറിയാണ്ടേ, നമുക്ക് വേളി കഴിക്കാം ”
“ങേ ന്നിട്ട്? ”
“ഹാ നമ്മൾ മാത്രം അറിഞ്ഞാൽ മതി. നമുക്ക് രണ്ടാൾക്കും ആ കൃഷ്ണന്റെ അമ്പലത്തിൽ പോയി ആരും അറിയാണ്ട് വേളി നടത്താം. ന്തേയ്? ”
“ന്റെ അമ്മു…
നീയിത് ന്ത് ഭാവിച്ചാ?
ന്റെ കൃഷ്ണാ …… വല്യമ്മാമ എങ്ങാനും അറിഞ്ഞാൽ കൊന്നു കളയും
നിന്റെ അച്ഛ ആയകൊണ്ടു പറയാന്ന് കരുതരുത്ട്ടോ,
ബോധം തീരെ ഇല്ല്യാത്ത മനുഷ്യനാണെ. ”
“ഇക്ക് കേൾക്കണ്ടാ അതൊന്നും.
ന്നോട് സ്നേഹം ഇണ്ട്ച്ചാൽ ഞാൻ പറഞ്ഞതനുസരിക്കും.
ഞാൻ പോവാ ”
“അമ്മു… പോവല്ലേ നിൽക്കു
കിച്ചൻ ഒന്ന് പറഞ്ഞോട്ടേ, കിച്ചൻ പറയുന്നതൊന്നു കേൾക്കു ന്റെ അമ്മുവേ…
ന്റെ കൃഷ്ണാ….. ഇവൾ ഇത് ന്ത് ഭാവിച്ചാ…..? ”
അവൻ മുകളിലേക്കു നോക്കി ആരോടെന്നില്ലാതെ പറഞ്ഞു.
( തുടരും )
Read complete പുനർജ്ജന്മം Malayalam novel online here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission