പുനർജ്ജന്മം ഭാഗം 2

  • by

6015 Views

പുനർജ്ജന്മം 2 Malayalam novel

കിച്ചൻ വളരെ വേഗത്തിൽ നടക്കുകയായിരുന്നു. അമ്മുന് കൂടെ ഓടിയെത്താൻ കഴിയുന്നതേയില്ല. അവൾ ഒരു വിധം ഓടിയെത്തി കിച്ചനെ പിടിച്ചു നിർത്തി .
“ഒന്നു നിൽക്കു ന്റെ കിച്ചാ.
എന്തൊരു വേഗാ? ”
“നിൽക്കേ? ഇപ്പൊ തന്നെ നന്നേ വൈകിർക്കുന്നു. ആശാന്റെ കയ്യിൽ നിന്നു ചൂരൽ കഷായം ഉറപ്പാ”
“ഞാൻ അങ്ങുറങ്ങി പോയി ”
“ഉറങ്ങിയോ പോയത് മാത്രോ? ഉണ്ടക്കണ്ണനോക്കെ നീട്ടി എഴുതി തമ്പുരാട്ടി ഇറങ്ങുമ്പോഴേക്കും നേരം ഉച്ചയോടടുക്കും ”
“ഇതാ ഇപ്പൊ നന്നായെ, കിച്ചൻ അല്ലേ പറയാ കണ്ണെഴുതിയില്ല്യച്ചാൽ അമ്മുനെ കാണാൻ ഒരു ചേലും ഉണ്ടാവില്യാന്നു ”
അമ്മുന്റെ മറുപടി കെട്ടു അവൻ ഒന്നു ചിരിച്ചു. അവർ എത്തുമ്പോഴേക്കും ആശാൻ പഠിപ്പിച്ചു തുടങ്ങിയിരുന്നു. രണ്ടുപേരും ചെന്നു വാതിൽക്കൽ നിന്നു. അവരെ കണ്ടതും ആശാൻ ചോദിച്ചു,
” എന്തേ രണ്ടാളും വൈകിയേ?
ഇങ്ങട് നീങ്ങി നിന്നോളും രണ്ടും ”
രണ്ടുപേരും ആശാന്റെ അടുത്തേക്ക് നീങ്ങി. ആശാൻ ചൂരൽ എടുത്തു അതിന്റെ വടിവൊക്കെ ഒന്നും നിവർത്തി. അത് കണ്ടതും കിച്ചൻ ഇടംകണ്ണിട്ടു അമ്മുനെ ഒന്നും നോക്കി. അവളുടെ മുഖത്തു ഭയം നന്നായി നിഴലിച്ചിട്ടുണ്ട്.
കിച്ചൻ വേഗത്തിൽ പറഞ്ഞു…….
“അത് ആശാനെ കിച്ചൻ ഉറങ്ങി പോയി. ന്നെ കാത്തു നിന്നിട്ടു അമ്മു വൈകിയേ ”
“ആഹാ അപ്പൊ നീയാ വീരൻ? പഠിക്കാൻ കുട്ട്യോൾ സൂര്യനുദിക്കും മുൻപ് എഴുന്നേൽക്കണംന്ന് എത്ര പറഞ്ഞിരിക്കുന്നു നാം. ആ കൈ ഇങ്ങട് നീട്ടാ ”
കിച്ചൻ കൈ പതിയെ നീട്ടി. ആശാന്റെ ചൂരൽ ആട്ടെ കിച്ചന്റെ കയ്യിൽ പൊങ്ങിയമർന്നു. അന്ന് ആശാൻ അക്ഷരം പഠിപ്പിച്ചപ്പോഴൊക്കെ അമ്മു ഇടംകണ്ണാൽ കിച്ചന്റെ കയ്യിൽ നോക്കി ഇരിപ്പാർന്നു.
വൈകുന്നേരം പഠിപ്പു കഴിഞ്ഞു വീട്ടിലെകള് മടങ്ങുമ്പോൾ കിച്ചൻ പല തമാശകൾ പറഞ്ഞു അവളെ ചിരിപ്പിക്കാൻ നോക്കിയെങ്കിലും അവൾ ഒന്നും ഉരിയാടിയില്ല. വഴിവക്കിൽ കണ്ട തൊട്ടാവാടി ചെടിയുടെ ഇലകൾ പൊട്ടിച്ചെടുത്തു കല്ലുകൊണ്ട് തിരുമ്മി ഒരു തുള്ളി കണ്ണുനീരും ചേർത്ത് കിച്ചന്റെ കയ്യിൽ വെച്ചു കൊടുത്തു.
“അയ്യേ നീയെന്തിനെ അമ്മു കരയുന്നെ?
കിച്ചന്റെ കൈക്കു ശക്തിയുള്ളതുകൊണ്ടു ചെറിയ പാടല്ലേ ഇണ്ടായുള്ളു, ന്റെ അമ്മുന്റെ കൈ ആർന്നുചാലോ ഇപ്പൊ പപ്പടം പോലെ ആയേനെ… അറിയോ? ”
അത് കേട്ടപ്പോൾ അമ്മുന്റെ മുഖത്തു ഒരു പുഞ്ചിരി വിടർന്നു. അത് കണ്ടു കിച്ചനും ചിരിച്ചുകൊണ്ട് അവളുടെ തോളത്തു കയ്യും വെച്ചു അവർ വീട്ടിലേക്കു നടന്നു…

പടിപ്പുര കടന്നു വരുന്ന കിച്ചനേയും അമ്മുനെയും കാത്തു മുറ്റത്തു കിച്ചന്റെ അമ്മ നിൽക്കുന്നുണ്ടായിരുന്നു. അമ്മയെ കണ്ടതും കിച്ചൻ ഓടി വന്നു വട്ടം പിടിച്ചു
“അമ്മേ….
കിച്ചന് അമ്മയെ എത്ര ഇഷ്ടാണ് ന്നു അറിയോ? ”
“ഇല്ല്യല്ലോ കുട്ടാ
എത്ര ഇഷ്ടം ഉണ്ട് അമ്മേടെ കുട്ടിക്ക് അമ്മയോട്? പറയു കേൾക്കട്ടെ ”
“ഒരു മനുഷ്യായുസ്സിൽ നാവിൽ നിന്നു വീഴുന്ന വാക്കുകളെത്രയോ അത്രയും ”
“ഉവ്വോ? അമ്മക്ക് അറിയാല്ലോ അമ്മേടെ കുട്ടിക്ക് അമ്മയോട് എത്ര ഇഷ്ടം ഉണ്ടെന്നു ”
അമ്മ പറഞ്ഞതു കേട്ടപ്പോൾ കിച്ചന് സന്തോഷമായി.
“രണ്ടാളും മേൽ കഴുകി വന്നോളു. അടയുണ്ടാക്കി വെച്ചിട്ടുണ്ട് അമ്മ. ”
അമ്മുന്റെ അച്ഛൻ ദേവദത്തൻ നമ്പൂതിരി കാഴ്ച്ചയിൽ തന്നെ ആട്ട്യത്വം നിറഞ്ഞു നിൽക്കുന്ന മനുഷ്യനാണ്. നാട്ടിൽ എല്ലാപേർക്കും അദ്ദേഹം ആദരണീയനുമാണ്. അദ്ദേഹത്തിന് ചില ചിട്ടകളൊക്കെ ഉണ്ട്. കുട്ടികൾ ആയാലും മുതിർന്നവരായാലും അദേഹത്തിന്റെ ചൊൽപ്പടിക്ക് നിന്നുകൊള്ളണം എന്നാണ് പുള്ളിക്കാരന്റെ സിദ്ധാന്തം. അദ്ദേഹത്തിന് ശെരിയായി തോന്നുന്നല്ലോ കാര്യങ്ങൾ മാത്രേ ഈ ലോകത്തു ശെരിയായിട്ടുള്ളു.
ദിവസങ്ങൾ കടന്നു കിച്ചനും അമ്മുവും സാവിത്രിയുമൊക്കെ കൗമാരത്തിലേക്ക് കാലെടുത്തു വെച്ചു. കൗമാരത്തിൽ എത്തിയതോടെ അമ്മുവും സാവിത്രിയും വിദ്യാഭ്യാസത്തിനു ആശാന്റെ അടുത്ത് പോക്ക് നിർത്തി. കിച്ചൻ മാത്രമായി പോയി വിദ്യ അഭ്യസിക്കൽ. സാവിത്രിയേയും അമ്മുനെയും വിദ്യ പകർന്നു നൽകാൻ ഒരു പണ്ഡിതയെ കോവിലകത്തേക്കു വിളിപ്പിച്ചു.
സാവിത്രികുട്ടി എന്നും കിച്ചന് നല്ലൊരു സുഹൃത്തായിരുന്നു. എന്നാലും അവനു കൂടുതൽ ഇഷ്ടം അമ്മുനോട് തന്നെയാണ്.
ഒരു മയിൽ‌പീലി തുണ്ട് കിട്ടിയാൽ പോലും അവൻ അത് അമ്മുവിനായി മാറ്റി വെക്കും. അത് എന്തുകൊണ്ടാണ് എന്ന് അവനും അറിയില്ല. അവൾ അത്ര പ്രിയപ്പെട്ടതായിരുന്നു അവന്. എന്നാൽ അമ്മുന് ആട്ടെ ദിവസങ്ങൾ കഴിയുംതോറും കിച്ചൻ അവളുടെ കളിക്കൂട്ടുകാരൻ മാത്രമായിരുന്നില്ല. അവൾക്കു അവനോടു പ്രണയം തോന്നിത്തുടങ്ങി. അവൾ ചിന്തിച്ചു,
“അതിൽ എന്താ തെറ്റ്‌? തനിക്കു അവകാശപ്പെട്ട ആൾ അല്ലേ കിച്ചൻ, തനിക്കു അവനോടുള്ള ഇഷ്ടം അവന്റെ മനസ്സിൽ തന്നോടുണ്ടോ എന്ന് എങ്ങിനെ അറിയും. കിച്ചന്റെ മനസ്സിൽ താൻ ഉണ്ടോന്നു ആദ്യം അറിയണം ”
അവൾ മനസ്സിൽ ഉറപ്പിച്ചു.
” അമ്മു…
അമ്മു …. എന്തേ അമ്മു കിച്ചനോട് മിണ്ടണ്ട നടക്കണേ? കിച്ചന് എത്ര സങ്കടാന്നു അറിയോ അമ്മു ഇങ്ങനെ മിണ്ടാണ്ട് ഇരിക്കുമ്പോ”
” ഞാൻ മിണ്ടാണ്ട് നടന്നുച്ചാൽ നിനക്കെന്താ? നിനക്ക് കൂട്ട് കൂടാൻ ഒരുപാടുപേർ ഉണ്ടെല്ലോ. പിന്നെ എന്തിനാ എന്റെ കൂട്ട് ”
” അമ്മു കിച്ചനോട് മിണ്ടാണ്ട് ഇരുന്നാൽ കിച്ചന് സങ്കടാ. കിച്ചൻ കരയും. എന്തിനാ അമ്മു കിച്ചനെ ഇങ്ങനെ സങ്കടപെടുത്തുന്നെ? ന്റെ അമ്മു അല്ലേ? ന്നോട് ഇങ്ങനെ മിണ്ടാണ്ട് ഇരിക്കല്ലേ. കിച്ചന് അമ്മു അല്ലാണ്ട് വേറെ ആരാ ഉള്ളെ കൂട്ടുകൂടാൻ?”
കിച്ചന്റെ നാവിൽ നിന്നു ഇത്രയും കേട്ടപ്പോഴേക്കും അമ്മുന് സന്തോഷമായി. പക്ഷെ അത് പുറത്തു കാട്ടിയില്ല. അവൾ മെല്ലെ അവന്റെ അടുത്തേക്ക് വന്നു ചോദിച്ചു,
“ശെരിക്കും ഞാൻ മിണ്ടിയില്ല്യച്ചാൽ കിച്ചന് സങ്കടവോ? ”
“മ്മ്. ആവും ”
“അപ്പൊ ഞാൻ മിണ്ടണംച്ചാൽ ഇക്ക് എന്താ തരുക? ”
” മിണ്ടാൻ വേണ്ടി എന്തേലും തരണംന്നുണ്ടോ? ”
” ഇക്ക് നിന്നോട് മിണ്ടാൻ തോന്നുന്നില്ല്യല്ലോ. നിനക്കല്ലേ ഞാൻ മിണ്ടിയില്ല്യച്ചാൽ സങ്കടംന്നു പറഞ്ഞെ. അപ്പൊ ഞാൻ മിണ്ടണംച്ചാൽ ഇക്ക് എന്തേലും ലാഭം വേണ്ടേ? ”
“മ്മ്. അമ്മുന് എന്താ വേണ്ടെ. എന്ത് വേണോച്ചാലും പറയാ, കിച്ചൻ വാങ്ങി തരാം. ”
“എന്ത് ചോദിച്ചാലും തരുമോ? ”
“മ്മ്. അമ്മു മിണ്ടിയാൽ മതി കിച്ചനോട്. എന്തും വാങ്ങി തരാം കിച്ചൻ ”
“എന്താ ഇപ്പൊ ചോദിക്യാ? ഞാനേ ഒന്ന് ആലോചിക്കട്ടെ “

തുടരും

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply