പുനർജ്ജന്മം ഭാഗം 6

  • by

5000 Views

പുനർജ്ജന്മം Malayalam novel

” ഇങ്ങനെ ചോദിക്കാം ചോദിക്കാം ന്ന് പറഞ്ഞു ഇവിടെ തന്നെ നിക്കാണ്ട് അമ്മുനോട് ചോദിക്ക്യാ സാവിത്രികുട്ട്യേ ”
“ഹ ഹ ചോദിക്കംട്ടോ, അമ്മുട്ടി വരട്ടെ ”
“ആ ”
സാവിത്രിയുടെ വാക്കുകൾ കിച്ചന് വിശ്വാസമാണ്. അതുകൊണ്ട് തന്നെ അവന് സന്തോഷമായി. അപ്പോഴേക്കും അമ്മു ഊട്ടുപുരയിലേക്ക് നടന്നു വരുന്നത് കണ്ടു കിച്ചൻ സാവിത്രിയോട് മെല്ലെ പറഞ്ഞു,
“ദേ വരുന്നു അമ്മു. സാവിത്രിക്കുട്ടി ചോദിക്കു ഇപ്പൊ തന്നെ ”
“മ്മ്.
അമ്മുട്ട്യേ നീയ് എന്തേ കിച്ചനോട് കൂട്ട് കൂടാത്തെ? ”
“ഹ്മ്മ്, എന്തിനെ? മണ്ണപ്പം ചുട്ട് കളിക്കാനോ പണ്ടത്തെ പോലെ.
അതിനു ആണോ ഇവനെ കൂട്ടേണ്ടെ? ”
അമ്മു ചിരി ഉള്ളിലൊതുക്കി കൊണ്ട് ചോദിച്ചു
“അല്ല കിച്ചാ എന്ത് കളിക്കാ നിന്നെ കൂട്ടേണ്ടെ? ”
അമ്മു തന്നെ കളിയാക്കുകയാണെന്നു മനസ്സിലായി കിച്ചന്. അവൻ മുഖം വീർപ്പിച്ചു.
“വേണ്ട അമ്മുനോട് കൂട്ടില്ല. ന്നെ കളിയാക്കാ അമ്മു ”
കിച്ചൻ ഊട്ടുപുരയിൽ നിന്നു സ്വന്തം മുറിയിലേക്ക് പോയി അല്പനേരം വിശ്രമിച്ചു. വൈകുന്നേരം ആയപ്പോൾ അവൻ കുളിച്ചു അമ്പലത്തിലേക്ക് പോയി നട തുറന്നു. ശ്രീകോവിലിനുള്ളിൽ കയറി ഭഗവാനെ കളഭം ചാർത്താനിരുന്നു. അപ്പോഴാണ് ശ്രീകോവിലിനു പുറത്തു നിന്നു ആരോ തന്നെ വിളിക്കുന്നത്‌ കേട്ടത്
“ഇതെന്തേ നമ്മുടെ സ്നേഹിതന്റെ മുഖത്തു കടന്നൽ കൂടു ഇളകിയ പോലെ? ”
“ആരാ അത്? ”
“നാം ആണേ ”
“ആഹാ ഹരിയോ?
തന്നെ നാം എത്ര അന്വഷിച്ചു അന്ന്, ഗുരുനാഥാ സന്നിധിയിൽ വെച്ചേ ,
എവിടാ പോയെ താൻ? അതും ആരോടും പറയാണ്ട് ”
“ഹ ഹ ഹ അതെയോ? ”
” ഹയ്യ്…. പോരാഞ്ഞിട്ട് നമ്മുടെ മറ്റു സുഹൃത്തുക്കൾ പറയാ അങ്ങനെ ഒരാൾ അവിടെ ഇല്യാന്നേ ”
“ആഹാ ആ ശുംഭന്മാർ അങ്ങനെ പറഞ്ഞുവോ? ”
“ഉവ്വെന്നെ,
പിന്നെ നാം കൂടുതൽ ഒന്നും ചോദിക്ക ഉണ്ടായില്യ ”
“അത് നന്നായി ”
“നാം ചോദിക്കാഞ്ഞതോ? ”
“ഉവ്വ്.
ഹ ഹ ഹ ”
“ഹ്മ്മ് എന്ത് പറഞ്ഞാലും ചിരിച്ചോളൂട്ടോ
ആട്ടെ എവിടായിരുന്നു താൻ? ”
“ഒഹ് ഒന്നും പറയണ്ട
അമ്മക്ക് കാണണം ന്ന് ആളെ വിട്ടു. അതാ പെട്ടെന്ന് പോകേണ്ടി വന്നു ”
“അതെയോ? ”
“അതേല്ലോ കിച്ചാ
അത് പോട്ടെ തന്റെ അമ്മു എന്ത് പറയുന്നു? സുഖാണോ? ”
“മ്മ്. സുഖം ഒക്കെ ആണ്. പക്ഷെ കിച്ചനോട് പഴയ പോലെ ഇഷ്ടം ഒന്നുല്ല്യ ”
“ഹ ഹ ഹ
ന്ന് ആരാ പറഞ്ഞെ കിച്ചനോട്? അമ്മു പറഞ്ഞുവോ? ”
“ഇല്ല്യ
നിക്ക് അറിയാം. അത് കൊണ്ടാണല്ലോ ന്നോട് കൂട്ട് കൂടാൻ വരാത്തെ ”
“ആഹാ അപ്പൊ ഇതേ ചോദ്യം അമ്മു ചോദിച്ചാലോ? കിച്ചൻ അമ്മുനോട് മിണ്ടാൻ ചെല്ലുന്നില്ല്യാന്നു അമ്മു പറഞ്ഞാലോ ”
“അല്ല…
അമ്മുവാ ന്നോട് കൂട്ട് ഇല്ല്യാണ്ട് ഇരിക്കുന്നെ ”
“ന്നാ നാം ഒരു മാർഗം പറഞ്ഞു തരാം,
ആദ്യം അമ്മുന്റെ അറയിൽ ചെല്ലുക, ന്നിട്ട് അമ്മുനോട് ചോദിക്യാ അങ്ങട് ഹ ഹ ഹ ”
“അതിനു എന്തിനെ ഇങ്ങനെ ഇളിക്കണേ?
പരിഹാസി, ഇയാൾക്ക് ഒക്കെയും തമാശയാ.
ദീപാരാധനയ്ക്കു നേരായിർക്കുന്നു. ഭക്തർ ഇപ്പോൾ എത്തും. ”
“ന്നാ പിന്നെ നാം പിന്നെ വരാം. ”
“അതെന്തേ? ”
“നില്ക്കു ഹരിയേ. ഭഗവാന് ദീപാരാധനക്ക്‌ കാലായി. അല്പം നിന്നൂച്ചാൽ തൊഴുത്തിട്ടു പോകാല്ലോ ”
” ഓ.. നാം നമ്മുടെ സുഹൃത്തിന്റെ പാട്ട് കേൾക്കാംന്നു വെച്ചാട്ടോ ഇത്രടം വന്നെ ”
“അതെയോ? അതിനെന്തേ ആവാല്ലോ. ഭഗവാന് കൊടുക്കാൻ അല്പം സോപാനസംഗീതം കരുതി വെച്ചിട്ടുണ്ടേ. ദീപാരാധന വരെ കക്കുംചാൽ ഹരിക്കും കേൾക്കാം ”
“ആയ്ക്കോട്ടെ ”
ദീപാരാധന കഴിഞ്ഞു കിച്ചൻ ഇടക്കയുമായി ഭഗവാന്റെ ശ്രീകോവിലിനു മുന്നിലേക്ക്‌ വന്നു
“മാധവ മാമവ ദേവ കൃഷ്ണ
യാദവ കൃഷ്ണ യദുകുല കൃഷ്ണ
സാധുജനധാര സാർവ്വഭൗമ
ശ്രീധര കേശവ രാധാ രമണാ
അംബുജലോചന കംബുശുഭാഗ്രീവ
ബിംബാധാരാ ചന്ദ്ര ബിംബാനന
ചാംബേയ നാസാഗ്ര രത്ന സുമൗക്തിക
ശാരദ ചന്ദ്രജ നിതമദന
മാമവ മാധവ ദേവ കൃഷ്ണ
യാദവ കൃഷ്ണ യദുകുല കൃഷ്ണ ”
അമ്പലത്തിൽ വന്ന ഭക്തർ ഒക്കെ പോയി കഴിഞ്ഞു കിച്ചൻ നടയടച്ചു. അപ്പോഴും ഹരി പടിക്കൽ തന്നെ ഇരിപ്പുണ്ടാർന്നു. കിച്ചനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
“അതേയ് കേമായിരുന്നുട്ടോ കിച്ചാ. നമുക്ക് ശെരിക്കും ബോധിച്ചു ”
“അത് ഭഗവാനുള്ള അർച്ചന ആയകൊണ്ടാ ഹരിക്കു അങ്ങനെ തോന്നിയെ ”
“അതെയോ? ”
“ആ… ”
നടയടച്ചു കിച്ചൻ കോവിലകത്തേക്കു പോകുമ്പോൾ ഒപ്പം ഹരിയും ഉണ്ടായിരുന്നു കുറച്ചു ദൂരം. അവർ സംസാരിച്ചു കൊണ്ടാണ് നടന്നത്. കിച്ചന്റെ കോവിലകം കഴിഞ്ഞു വേണം ഹരിക്കു പോകാൻ എന്ന് അവൻ പറഞ്ഞു. കിച്ചൻ പടിപ്പുര കടന്നതും ഹരി പോയി. അവൻ വീടിനുള്ളിൽ കയറാൻ തുടങ്ങുമ്പോഴാ മുറ്റത്തു നിൽക്കുന്ന ചെമ്പക മരത്തിനു പിന്നിൽ ഒരു അനക്കം കേട്ടത്. കിച്ചൻ പേടിച്ചു വിറച്ചു ആ ഭാഗത്തേക്ക്‌ മെല്ലെ ചെന്നു നോക്കിയതും പെട്ടന്ന് ആരോ തന്റെ കൈയിൽ പിടിച്ചു. കിച്ചൻ ഞെട്ടലോടെ വിളിച്ചു പോയി,
“അയ്യോ… കിച്ചനെ യക്ഷി പിടിച്ചേ … അമ്മേ ….. ”
“ടാ വായ് അടക്കെടാ ”
“ഹാ അമ്മു ആർന്നുവോ? കിച്ചൻ പേടിച്ചു പോയി. യക്ഷി പിടിച്ചു തന്ന്യാ കരുതിയെ ”
“അതേടാ ഞാൻ യക്ഷിയാ, ഈ യക്ഷിക്കുള്ളതാ നീയെന്ന ഗന്ധർവ്വൻ. വേറെ വല്ല യക്ഷിയേയും നോക്കീന്നു ഞാൻ അറിഞ്ഞാൽ….
കൊന്നു കളയും നിന്നെ ഞാൻ. മനസ്സിലായോ നിനക്ക്?

“ഉവ്വ് ”
“എന്ത് കുവ്വ്? ”
“അമ്മുനെ അല്ലാണ്ട് വേറെ യക്ഷി നോക്കരുത് ന്ന് ”
“അങ്ങനെയാണോ ഞാൻ പറഞ്ഞതിന് അർത്ഥം? ”
“അല്ല ”
“പിന്നെ എന്താ ഞാൻ പറഞ്ഞതിനർത്ഥം? ”
“അമ്മു പറയ്‌ , എന്താ അർത്ഥം ന്ന് ”
“ഇക്ക് അറിയില്യ,…. നീയ് മുന്നിൽന്നു മാറാ, അകത്തു അന്വഷിക്കിണ്ടാവും ”
എന്ന് പറഞ്ഞു കൊണ്ട് അവൾ അവനെ തള്ളിമാറ്റി പോകാൻ തുടങ്ങി
“അമ്മു നിക്കു…
നിൽക്കു അമ്മു ”
“നിന്നാൽ പറ്റില്ല്യ, അമ്മായി അന്വഷിക്കിണ്ടാവും. പിന്നെ സംസാരിക്കാട്ടോ ”
“അമ്മു… അമ്മു… നിൽക്കു, ”
കിച്ചൻ വിളിച്ചിട്ടും നിൽക്കാതെ അവൾ അകത്തേക്ക് പോയി. അവളുടെ പിന്നാലെ അവനും വീടിനുള്ളിൽ കയറി. അവനെ കണ്ടതും അമ്മ ചോദിച്ചു,
“എന്തേ ഉണ്ണ്യേ വൈകിയേ? എത്ര നേരായി അമ്മ കാത്തിരിക്കുണു ”
“കിച്ചൻ നേരത്തെ എത്തീല്ലോ അമ്മേ. ”
“ന്നിട്ട് ന്തേയ്‌ അമ്മേ വിളിക്കാത്തെ? ”
“കിച്ചനേ… പടിപ്പുര കടന്നു വരുമ്പോഴേ…., ആ ചന്ദന വൃക്ഷത്തിന് പിന്നിലേ…. എന്തോ ശബ്ദം കേട്ടു. കിച്ചനേ…. പേടിച്ചു പോയി അമ്മേ, ശെരിക്കും യക്ഷിയെന്നു തന്ന്യാ കരുതിയെ. കിച്ചൻ ഇണ്ടല്ലോ അമ്മേ… മെല്ലെ ചെന്നു നോക്കിയപ്പോ….
കിച്ചൻ അമ്മയോട് നടന്ന കാര്യങ്ങൾ പറയുമെന്ന് മനസ്സിലായ അമ്മു കിച്ചനെ തുറിച്ചു നോക്കി ആംഗ്യ ഭാഷയിൽ പറഞ്ഞു അരുതെന്നു.
കിച്ചൻ പറഞ്ഞു കൊണ്ട് ഇരുന്നത് പെട്ടെന്ന് നിർത്തിയപ്പോൾ അമ്മ ചോദിച്ചു,
“എന്നിട്ടോ? എന്തേ ഉണ്ടായേ? പറയു ഉണ്ണ്യേ ”
“കിച്ചൻ മറന്നു പോയി അമ്മേ. ഇനി ഓർക്കുമ്പോൾ പറയാട്ടോ ”
“അതെയോ? ഇതാ ഇപ്പോ നന്നായെ.
ഹ്മ്മ് വേഗം ശുദ്ധിയായി വന്നോളു അത്താഴം വിളമ്പാം ”
“ആ ”
ഉമ്മറത്ത് നിന്നും അമ്മ അകത്തേക്ക് പോയ ശേഷം കിച്ചൻ കുളത്തിലേക്ക് പോയി മുങ്ങി കുളി കഴിഞ്ഞു കയറുമ്പോൾ കൽപ്പടിയിൽ അമ്മു നിൽക്കുന്നു. അമ്മുനെ കണ്ടതും അവൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
“അമ്മു…. എന്തേ ഇവിടെ? കിച്ചന് കൂട്ട് വന്നതാണോ? കിച്ചനെ യക്ഷി പിടിക്കാണ്ടിരിക്കാൻ? ”
” യക്ഷി പിടിക്യേ? നിന്നെയൊ?
യക്ഷിക്കേ അല്പം എങ്കിലും ബുദ്ധിയുള്ളവരെ മതി. അല്ലാണ്ട് നിന്നെ അല്ല. നിന്റെ തലയ്ക്കുള്ളിൽ എന്താ പിണ്ണാക്കാണോ? അതോ ചകിരി ചോറോ? ”
“എന്തിനാ അമ്മു കിച്ചനോട് ശുണ്ഠി കാട്ടുന്നെ? കിച്ചൻ ന്തു ചെയ്തിട്ടാ? ”
“ശുണ്ഠി എടുക്ക അല്ല വേണ്ടെ നിന്നോട്.
നീയെന്തിനാ ഞാൻ നേരത്തെ നിന്നെ കാണാൻ കാത്തു നിന്ന കാര്യം അമ്മായിയോട് പറയാൻ പോയെ? ”
“കിച്ചൻ പറഞ്ഞില്ല്യാല്ലോ ”
“ഞാൻ കണ്ണ് കാട്ടിട്ടല്ലേ നീ നിർത്തിയെ? ഇല്യാച്ചാൽ നീയ് അത് അവിടെ പാടില്ല്യാർന്നുവോ? ”
“ന്നെ ഇങ്ങനെ നീ, നീ, ന്ന് വിളിക്കണ്ട. കിച്ചന് ഇഷ്ടല്ല. ന്നെ നീ ന്ന് വിളിക്കുന്നത്‌ ”
” ഇത്രയും ബുദ്ധിയും വിവേകവും ഇല്ല്യാത്ത നിന്നെ പിന്നെ നീ ന്ന് അല്ലാണ്ട് എന്താ വിളിക്യാ?
നീ ന്ന് വിളിക്കണ്ടത്രേ. ഹോ ഒരു കാർണോർ വന്നിരിക്കുണു ”
അമ്മുന്റെ സംസാരം കിച്ചന് സങ്കടമുണ്ടാക്കി. അവന്റെ മുഖം വാടി . അവന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അമ്മുന് മനസ്സിലായി അവന് വിഷമമായി എന്ന്. കുളത്തിൽ നിന്നു കയറിയ പാടേ നിൽക്കുവാണ്‌ തല പോലും തുവർത്താണ്ട്.
അമ്മു മെല്ലെ ഒരു പടിയിറങ്ങി അവന്റെ അടുത്തെത്തി അവളുടെ ദാവണിയുടെ അറ്റം എടുത്തു അവന്റെ തല തുവർത്തികൊണ്ടു പറഞ്ഞു,
“പിണങ്ങിയോ അമ്മുനോട്? ”
“മ്മ് ”
“എന്തിന്?
അങ്ങനെ പറഞ്ഞതിനാണോ?
പിന്നെ എങ്ങിന്യാ ദേഷ്യം വരാണ്ടിരിക്യ? ”
“മ്മ് ”
“ഇങ്ങനെ മ്മ് പറയാണ്ട് വായ് തുറന്നു എന്തേലും പറയാ ”
“മ്മ് ”
“അതേയ് കിച്ചാ, നമുക്കിടയിൽ ഉള്ള കാര്യങ്ങൾ ആരോടേലും പറയാൻ പാടുണ്ടോ? മോശല്ലേ അത്? ”
“ന്ത് മോശം? ”
“മോശാണ്. ഞാൻ കിച്ചനോട് പറയുന്ന കാര്യങ്ങൾ മൂന്നാമതൊരാൾ അറിയുന്നത്. അതുപോലെ തന്നെ മോശാണ് കിച്ചൻ, ന്നോട് പറയുന്ന കാര്യങ്ങൾ മറ്റൊരാൾ അറിയുന്നതും. മനസ്സിലായോ കിച്ചന്? ”
“ന്ത് മോശം? ”
“വീണ്ടും ഇതേ ചോദ്യം തന്നെ ചോദിക്യാ നീയ്?
എന്റെ കൃഷ്ണാ ഇവനെ എങ്ങിനെയാ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാ?
അതേയ്, ഞാൻ നിന്റെ ആരാ? ”
“ന്റെ അമ്മു ”
“എന്നാൽ നീയെനിക്കു കിച്ചൻ മാത്രല്ല.
എന്റെ എല്ലാമെല്ലാമാണ്.
അതുകൊണ്ട് തന്നെ ഞാൻ പറയുന്ന കാര്യങ്ങൾ നീ മറ്റൊരാളുമായി പങ്കുവെക്കുന്നത് ഇക്ക് ഇഷ്ടല്ല. അത്രന്നെ. ഇനി ഇതിൽ കൂടുതൽ പറയാൻ ഇക്ക് അറിയില്യ. ”
“ന്നെ വീണ്ടും നീ ന്ന് വിളിച്ചു ”
“ഒഹ്ഹ്ഹ് അതിനിടെ അവന് അതാ ശ്രദ്ധ.
ഞാൻ പറഞ്ഞത് വല്ലതും ശ്രദ്ധിച്ചുവോ നീയ്? ”
“മ്മ് ”
“അതൊന്നും ആരോടും പറയരുത്ട്ടോ ”
“മ്മ് ”
അമ്മു അവന്റെ തല തുവർത്തി കൊണ്ട് പറഞ്ഞു മനസ്സിലാക്കി.
“കിച്ചാ…”
“മ്മ്… ”
“ഇനി അമ്മു പൊക്കോട്ടെ ”
“വേണ്ട ”
“അതെന്തേ? ”
“പോകേണ്ട ”
“നന്നേ ഇരുട്ടി. നമുക്ക് പോകാം. ഇവിടെ അധികം അങ്ങനെ നിൽക്കാൻ പാടില്ല്യ രാത്രി. ഇന്ന് വെള്ളിയാഴ്ച്ച ആണേ ”
“ന്നാ പോവാം
അമ്മു…. കിച്ചൻ അമ്മുന്റെ അറയിൽ വന്നോട്ടെ അത്താഴം കഴിഞ്ഞു. ”
“എന്തേ? ”
“അമ്മുനോട് മിണ്ടാൻ ”
“നമ്മൾ മിണ്ടുവല്ലേ ഇപ്പോ. പിന്നെന്തേ? ”
“അറിയില്യ, കിച്ചന് വീണ്ടും വീണ്ടും അമ്മുനോട് മിണ്ടാൻ തോന്നാ ”
“അതെയോ?
അതെന്തേ ന്റെ കിച്ചന് വീണ്ടും വീണ്ടും ന്നോട് മിണ്ടാൻ തോന്നണേ?

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply