പുനർജ്ജന്മം ഭാഗം 10

  • by

5373 Views

പുനർജ്ജന്മം Malayalam novel

കിച്ചന്റെ വാക്കുകൾ കേൾക്കാൻ വല്യമ്മാമ തയാറല്ലാർന്നു. അദ്ദേഹം ചുവരിൽ നിന്നു ചൂരൽ വടിയെടുത്തു കിച്ചനെ പൊതിരെ തല്ലി. മകനെ,വല്യമ്മാമ തല്ലുന്നത് കണ്ട് കിച്ചന്റെ അമ്മ ഉമ്മറത്തേക്ക് ഓടി എത്തി.
“എന്തേയ് ഏട്ടാ?
എന്തേയ് ൻറെ കുട്ടി ചെയ്തെ? ഏട്ടൻ ഇങ്ങനെ ശിക്ഷിക്കാനും മാത്രം ന്ത് തെറ്റാ ൻറെ കുട്ടി ചെയ്തെ? ”
“മോഷണവും തുടങ്ങിരിക്കുണു നിന്റെ സല്പുത്രൻ.
നമ്മുടെ പണപ്പെട്ടിയിൽ നിന്നു പണം മോഷ്ടിച്ചതിന് നാം അന്ന് ശിക്ഷ നൽകിയതാണ്. ഇപ്പോൾ ദേ പടിഞ്ഞാറേ പറമ്പിൽ നിന്നു നാളികേരം മോഷ്ടിച്ചിരിക്കുന്നു. സ്വന്തം മുതൽ കക്കുന്ന ഇവനെ നാം എന്താ വേണ്ടെ? ”
“ഏട്ടൻ പറഞ്ഞതിൽ ഏതേലും വാസ്തവം ഉണ്ടോ കിച്ചാ? ”
“കിച്ചൻ മോഷ്ടിച്ചിട്ടില്യ അമ്മേ, വല്യമ്മാമക്ക് കണക്കു തെറ്റിയതാവുള്ളു അമ്മേ ”
“നമുക്ക് തെറ്റിട്ടില്യാ. ”
“കിച്ചന് അറിയുല ”
“കിച്ചന് അറിയില്യാന്നു പറഞ്ഞാൽ കഴിഞ്ഞുല്ലോ എല്ലാം. നാവെടുത്താൽ നുണ അല്ലാണ്ട് പറയില്ല്യ നീയ്
നിന്നെ കൊണ്ട് എന്തേലും ഗുണം ഇണ്ടോ ഈ കോലോത്തു? ഇല്ല്യ ഒരു ഗുണവും ഇല്ല്യാന്നു മാത്രല്ല, കുടുംബത്തുള്ളത് കട്ടു മുടിക്യ അശ്രീകരം ”
നാളികേരം എടുത്തിട്ടില്ലാന്നു കിച്ചൻ പറഞ്ഞെങ്കിലും, കിച്ചൻ തന്നെയാണ് പറമ്പിൽ നിന്നു നാളികേരം മോഷ്ടിച്ചത്. നാളികേരം മാത്രമല്ല പത്തായത്തിൽ നിന്നു കുറച്ചു കുറച്ചു നെല്ലും അവൻ എടുത്തിരുന്നു. കിച്ചൻ മനസ്സിൽ ഓർത്തു,
“ഹൊ പത്തായത്തിൽ നെല്മണികൾ വല്യമ്മാമക്ക് എണ്ണി തിട്ടപ്പെടുത്താൻ തോന്നാത്തതു തന്റെ ഭാഗ്യം. ഇല്യാച്ചാൽ അതിനു തല്ലു വേറെ കൊള്ളേണ്ടി വന്നേനെ ”
പത്തായത്തിൽ നിന്നു നെല്ല് മോഷണം പോയത് വല്യമ്മാമ അറിഞ്ഞിരുന്നില്ല.
വല്യമ്മാമേടെ വക തല്ല് കഴിഞ്ഞു കിച്ചൻ അമ്പലത്തിലേക്ക് നട തുറക്കാൻ പോകാൻ തയാറെടുത്തു. അവൻ കുളത്തിലേക്ക് പോയി മുങ്ങി കുളിച്ചു കഴിഞ്ഞു, കുളത്തിൽ നിന്നു കൊണ്ട് തന്നെ, ലോകത്തിലെ സർവ്വ രോഗ സംഹാരത്തിനായി ധന്വന്തരി മന്ത്രം ഉരുവിട്ടു
“ഓം നമോ ഭഗവതേ വാസുദേവായ
ധന്വന്തരയേ അമൃതകലശഹസ്തായ
സർവ്വാമയവിനാശായ
ത്രൈലോക്യനാഥായ ഭഗവതേ നമഃ
ശംഖം ചക്രം ജളൂകാം
ദധതമമൃതകുംഭം ച ദോർഭിശ്ചതുർഭിഃ
സൂക്ഷ്മ സ്വച്ഛാതിഹൃദ്ധ്യം
ശുകപരിവിലസൻമൗലിമംഭോജനേത്രം
കാളാംഭോദോജ്വാലാഭം
കടിതടവിലാസച്ചാരു പീതാംബരാഢ്യം
വന്ദേ ധന്വന്തരിം തം
സകലാഗദവനപ്രൗഢദാവാഗ്നിലീലാ ”
മന്ത്രം ജപിച്ചു കഴിഞ്ഞു അവൻ അമ്പലത്തിലേക്ക് പോയി മണി മുഴക്കി നട തുറന്ന് പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
“ഓം ശുക്ലാം ഭരതരം വിഷ്ണും
ശശി വർണം ചാതുർ ഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വ വിഗ്‌നോഭ ശാന്തയേ
വ്യാസം വസിഷ്ഠനപ്താരം
ശാക്തേ പൗത്രമാകല്മഷം
പരാശരാത്മജം വന്ദേ
ശുകാത്തതാം തപോനിധിം
വ്യാസ വിഷ്ണു രൂപായ
വ്യാസ രൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മ വിദായ
വസിഷ്ഠായ നമോ നമഃ
അവികാരായ ശുദ്ധായ
നിത്യായ പരമാത്മനേ
സാദയ്ക രൂപ രൂപായ
വിഷ്ണവേ സർവ്വ ജിഷ്ണവേ ”
വിഷ്ണു സഹസ്രനാമ സ്തോത്രം ചൊല്ലി കഴിഞ്ഞു കിച്ചൻ ഭഗവാനോട് പറഞ്ഞു,
“അതേയ് ഞാൻ ഇന്ന് അല്പം നേരത്തേ പോകുംട്ടോ, എന്താച്ചാലേ ൻറെ അമ്മു കാവിൽ കാത്തിരിക്ക്യ ന്നെ. അതുകൊണ്ട് ഇന്ന് ഇച്ചിരി നേരത്തേ സേവിച്ചോളൂട്ടോ അത്താഴം. വൈകി ചെന്നാൽ അമ്മു പിണങ്ങില്ല്യേ കിച്ചനോട്? അത് കിച്ചന് സങ്കടല്ലേ? അതാട്ടോ
അല്ലേൽ തന്നെ ഇന്ന് അല്പം നേരത്തേ നേദ്യം ഉണ്ടന്ന് വെച്ചു ന്താ ഇപ്പോൾ സംഭവിക്യാ ല്യേ? ”
ഭഗവാന് നേരത്തേ തന്നെ നേദ്യം കൊടുത്തു അത്താഴപൂജ കഴിഞ്ഞു നടയടച്ചു കിച്ചൻ ഇറങ്ങുമ്പോഴാ ലക്ഷ്മിയുടെ വരവ് അമ്പലത്തിലേക്ക്
“ഇതെന്തേ കിച്ചാ ഇന്ന് നേരത്തേ നടയടച്ചുവോ? ”
“ലക്ഷ്മിക്കുട്ടി തൊഴാൻ വന്നതാ? ”
“ഉവ്വ് ”
“അയ്യോ.. നട അടച്ചുല്ലോ ലക്ഷ്മികുട്ട്യേ ”
“അതെന്തേ ഇന്ന് ഇത്ര നേരത്തേ? ”
“അത് പിന്നെ…
ഭഗവാൻ പറഞ്ഞേ ഇന്ന് നല്ല ക്ഷീണാ, അതുകൊണ്ട് നേരത്തേ ഉറങ്ങണംന്നു. കിച്ചനോട് പറഞ്ഞു ഇന്ന് അത്താഴപൂജ നേരത്തേ കഴിഞ്ഞു നട അടച്ചു കൊള്ളാൻ.
എന്താ ചെയ്യാ പാവം ഉറങ്ങിക്കോട്ടെ ന്ന് കരുതി കിച്ചൻ നേരത്തേ നടയടച്ചു അല്ലാണ്ട് കാവിൽ അമ്മു കാത്തിരിക്കുന്ന കൊണ്ടല്ലാട്ടോ ”
കിച്ചന്റെ സംസാരം കേട്ടു ലക്ഷ്മി ചിരിച്ചു കൊണ്ട് പറഞ്ഞു,
“ഹ്മ്മ് അപ്പൊ അതാ കാര്യം ല്യേ? അമ്മു കാവിൽ കാത്തിരിക്യാ? ”
“മ്മ്മ് ”
കിച്ചൻ ചിരിച്ചു കൊണ്ട് മൂളി
“അപ്പൊ ഞാൻ എങ്ങിനെയാ ഒന്ന് തൊഴാ? അടച്ച നാടയുടെ മുന്നിൽ നിന്നു തൊഴാൻ പാടില്ല്യല്ലോ? ”
“എയ് പാടില്ല്യ ലക്ഷ്മികുട്ട്യേ ”
“അപ്പൊ ന്താ ചെയ്യാ?
ഒരു കൂട്ടം ചെയ്യാം ”
“എന്തേയ്? ”
“ഞാനേ ഇന്ന് ഈ ദേവനെ തൊഴുതു മടങ്ങാം
എന്തേയ്?
“ഹ ഹ ഹ ഈ ലെക്ഷ്മികുട്ടിടെ ഒരു കാര്യം ”
അവർ രണ്ടാളും പൊട്ടിച്ചിരിച്ചു.
“കിച്ചൻ ഇറങ്ങായോ? ”
“ഉവ്വ് ”
“ന്നാ ഞാനും വരുന്നു. ഇല്ലം വരെ ഒരു കൂട്ടാവുല്ലോ ഇക്ക് ”
“ആ ”
അവർ അമ്പലത്തിൽ നിന്നു പുറത്തേക്കു നടന്നു. നടത്തയിലുടനീളം ലക്ഷ്മി അവനോടു സംസാരിക്കുന്നുണ്ടായിരുന്നു. ലക്ഷ്മിയെ ഇല്ലത്തു ആക്കിയ ശേഷം കിച്ചൻ നേരെ പോയത് കാവിലേക്കാണ് .
അവിടെ ആൽമരത്തിന്റെ ചുവർട്ടിൽ അമ്മു ഇരിക്കുന്നത് അവൻ നടന്നു വരുമ്പോഴേ കണ്ടു. അവൻ അടുത്തെത്തിയപ്പോഴാ അവൾ അവനെ കണ്ടത്. അവൾ മുഖം വീർപ്പിച്ചിരിക്കുകയാണെന്നു അവന് മനസ്സിലായി. അവൻ മെല്ലെ വിളിച്ചു,
” അമ്മു…. ”
“മ്മ്? എന്താ? ”
“ഇച്ചിരി അല്ലേ വൈകിയുള്ളു. അതിനു കിച്ചനോട് പിണങ്ങാണ്ടിരിക്കു. അമ്മു പിണങ്ങിയാൽ നിക്ക് സങ്കടാവില്ല്യേ? ”
“എത്ര നേരായി ഞാൻ ഇവിടെ കാത്തിരിക്കുണുന്ന് അറിയോ? ഇരുന്നിരുന്നു വേരിറങ്ങി ”
“കിച്ചൻ നേരത്തേ നടയടച്ചു ഇറങ്ങിയതാ അപ്പോഴാ ലക്ഷ്മിക്കുട്ടി വന്നതേ. ”
“മ്മ്മ് അപ്പൊ പിന്നെ അവളോട്‌ കഥ പറഞ്ഞു നിന്നൂല്ലേ? ”
“മ്മ് ”
“ഞാൻ പോവാ. ഇപ്പോ തന്നെ നന്നേ വൈകിരിക്കുന്നു ”
അവൾ പോകാൻ തുടങ്ങുമ്പോൾ കിച്ചൻ അവളുടെ കയ്യിൽ പിടിച്ചതും അവളുടെ കഴുത്തിൽ കിടന്ന മുത്തുമാല അവന്റെ കയ്യിൽ ഉടക്കി പൊട്ടി അതിലെ മുതെല്ലാം ഉതിർന്നു വീണു.
“അയ്യോ…. കിച്ചൻ കണ്ടില്ല്യാ അമ്മു
സത്യം ആയിട്ടും കിച്ചൻ അറിഞ്ഞുകൊണ്ടല്ല. അമ്മുന്റെ കയ്യിൽ പിടിച്ചപ്പോ അറിയാണ്ട് പൊട്ടി പോയതാ. കിച്ചൻ വേറെ വാങ്ങിത്തരാം അമ്മു.
ഇങ്ങനെ നോക്കല്ലേ കിച്ചനെ ”
അവൾ ഒന്നും മിണ്ടാണ്ട് അവന്റെ മുഖത്തു തന്നെ തുറിച്ചു നോക്കി നിന്നു.
“അമ്മു… ”
“മ്മ്മ്”
“പിണങ്ങല്ലേ അമ്മു
കിച്ചൻ വാങ്ങി തരാം ൻറെ അമ്മുന് ഇതിലും നല്ല മുത്തുമാല ”
“ഇക്ക് ഇതിലും നല്ലതല്ല വേണ്ടത്. ഇതാണ് വേണ്ടത്. മനസ്സിലായോ നിനക്ക്? ”
എന്ന് പറഞ്ഞിട്ടവൾ അവന്റെ അരികിൽ നിന്നു പോയി. അവൾ പോകുന്നതും നോക്കി അവൻ അവിടെ തന്നെ നിന്നു.
നിലത്തു വീണു കിടന്ന മുത്തുകൾ ഓരോന്നും അവൻ പെറുക്കി എടുത്തു കൊണ്ട് അവൻ കോവിലകത്തേക്കു പോയി. അവന്റെ മുറിയിൽ എത്തിയ ശേഷം ഓരോ മുത്തും കോർത്തു മാല പഴയ രൂപത്തിലായ ശേഷം അവൻ അതും കൊണ്ട് അമ്മുന്റെ മുറിയിൽ എത്തി.
“അമ്മു….
ഇപ്പോഴും വാഴക്കാ കിച്ചനോട്? ”
“മ്മ് ഉവ്വ് ”
“ഒരു ഉമ്മ തന്നാൽ വഴക്ക് മാറുവോ? ”
കിച്ചന്റെ ചോദ്യം കേട്ടു അമ്മു ചിരിയടക്കാൻ പാടുപെട്ടു. അവൾ കപട ദേഷ്യത്തോടെ പറഞ്ഞു,
“ഒരുമ്മ തന്നുന്നു വെച്ചു ൻറെ വഴക്കൊന്നും മാറില്ല്യ ”
“ന്നാ ആ മുത്തുമാല തന്നാൽ മാറുമോ? ”
“ഇല്ല്യ. ഇക്ക് പുതിയത് വേണ്ട. ഇക്ക് ൻറെ മാല ആണ് വേണ്ടത്. അത് തരാൻ ഇനി പറ്റില്യാല്ലോ ”
“ആര് പറഞ്ഞു പറ്റില്യാന്നു..
ദേ നോക്കു ”
അവൻ ആ കോർത്തെടുത്ത മാല അവളുടെ നേരെ നീട്ടിയതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷം അടക്കാൻ ആവാതെ അവൾ അവനെ ചേർത്ത് പിടിച്ചു അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു. അപ്പോൾ അവൻ പറഞ്ഞു,
“ഇനിയും ”
അവൾ വീണ്ടും ഒരു ഉമ്മ കൂടെ കൊടുത്തു. അപ്പോഴും അവൻ പറഞ്ഞു
“ഇനിയും വേണം ”
വീണ്ടും അവൾ അവനെ തുരുതുരെ ഉമ്മ വെച്ചു.
അവളുടെ ഉമ്മയുടെ അളവ് കൂടിയപ്പോൾ അവൻ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
അവന്റെ നെഞ്ചത്ത് മുഖം ചേർത്ത് കൊണ്ട് അവൾ പറഞ്ഞു,
“ൻറെ കിച്ചന് എപ്പോഴും ചന്ദനത്തിന്റെ വാസനയാ ”
“താമര കിളി നീ മറന്നുവോ
ആവണി പൊൻ പാടമാകെ
പൂത്തുലഞ്ഞ നാൾ
ആദ്യമായ് നിൻ പാട്ട് കേട്ടു
ഞാനണഞ്ഞ നാൾ
തെന്നി മാറുമെൻ
പൊൻ കിനാവിനെ
ഒന്ന് തൊട്ടു രോമഹർഷമാർന്നു
നിന്ന നാൾ
ഓമലേ പൊൻ നൂല് പൊട്ടി
മുത്തുതിർന്നുവോ?
ഈറനായ് നിൻ നീർമിഴി
സാരമില്ലെന്നോതി ഞാൻ
ഒന്നുമൊന്നുമോതുവാൻ
നിന്നിടാതെ പോയി നീ
കേൾപ്പതില്ലയോ ഈ ഗാനം നീ?
താമര കിളി നീ പിണങ്ങിയോ
ആവണി കിനാക്കൾ
എത്ര പൂ ചൊരിഞ്ഞു പോയ്‌
മാരി മേഘ മാലയെത്ര
മുത്തു പെയ്തു പോയ്‌
പൊൻകിനാകിളി
ഒന്ന് പാടുവാൻ
എന്റെ ചിത്ര ജാലകത്തിൽ
വന്നിരുന്നു നീ
നിന്റെ ചുണ്ടിൽ നിന്നും
എത്ര പാട്ടു കേട്ടു ഞാൻ
കോർത്തെടുത്തു വീണ്ടുമീ
മുത്തുമാല ഓമലേ
ചെമ്പകപ്പൂ പന്തലിൽ
ചന്തമേ നീ പോരുമോ
ചാർത്തുകില്ലയോ ഈ ഹാരം നീ? “

“കിച്ചാ… ”
“മ്മ്മ് ”
“നമ്മൾ ഇങ്ങനെ കെട്ടിപിടിച്ചു നിൽക്കുന്നത് ആരേലും കണ്ടുച്ചാൽ എന്താ ഇണ്ടാവാ? ”
” അതിപ്പോ നിക്ക് പറയാൻ ആവില്ല്യാ ൻറെ അമ്മുവേ, കുറച്ചുകൂടി വെക്തമായി പറഞ്ഞാൽ ന്തുണ്ടായിന്നു പറയാൻ ഞാൻ ഇണ്ടാവില്യ മിക്കവാറും ”
“ഹ ഹ
അതെന്തേ? ”
“ജീവൻ ഉണ്ടേൽ അല്ലേ അറിയൂ പിന്നീട് എന്താ ഇണ്ടാവാന്ന് ”
അമ്മുന്റെ അടുത്ത് നിന്നു കിച്ചൻ നേരെ പോയത് അമ്മയുടെ അടുത്തേക്കായിരുന്നു. അവൻ മെല്ലെ അമ്മയുടെ പിന്നിൽ എത്തി, രണ്ടു കൈകളും കൊണ്ട് അമ്മയുടെ കണ്ണുകൾ പൊത്തി
“കിച്ചാ…
അമ്മേടെ കുട്ടി വന്നുവോ? ”
“ആഹാ എങ്ങിനെയാ മനസ്സിലായെ കിച്ചനാന്ന്? ”
“അമ്മേടെ കുട്ടിയെ അമ്മക്ക് അല്ലാണ്ട് വേറെ ആർക്കാ മനസ്സിലാവാ? എപ്പോഴാ എത്തിയെ അമ്മേടെ ഉണ്ണി? ”
“കിച്ചൻ ഇപ്പോൾ എത്തിട്ടേ ഉള്ളു അമ്മേ ”
“അതെയോ? ”
“ഉവ്വ്.
അമ്മേ… കിച്ചന് പായസം വേണം. പാല്പായസം മതിട്ടോ ”
“അതെയോ? അതിനെന്താ, അമ്മ ഇണ്ടാക്കി തരാല്ലോ അമ്മേടെ കുട്ടിക്കു വയർ നിറയെ പാല്പായസം ”
“അമ്മേ… സാവിത്രികുട്ടിയെ വേളി കഴിക്കാനാണോ വൈത്തി വന്നെ?
വൈത്തി പറഞ്ഞു അങ്ങനെ ”
“മ്മ് ഒക്കെ ഏട്ടൻ അങ്ങട് തീരുമാനിച്ചു.
പിന്നെ അതിന്റെ ഒരു യോഗം അങ്ങനെ. ഏട്ടൻ പറയുന്നതിലും കാര്യം ഇണ്ടേ, ഏട്ടന്റെ കണ്ണടഞ്ഞാൽ പിന്നെ അതിനു ആരുണ്ടെന്നാ ആധി ”
“അതിപ്പോ വല്യമ്മാമേടെ കണ്ണടഞ്ഞുചാലും ഇല്യാച്ചാലും സാവിത്രികുട്ടിക്കു കിച്ചൻ ഉണ്ട് അമ്മേ. കിച്ചനും അമ്മുതും നോക്കും സാവിത്രികുട്ടിയെ.
അല്ല അമ്മേ, എപ്പോഴാ വല്യമ്മാമ്മേട കണ്ണടയാ? ”
“അടി…. പൊയ്ക്കോ അസത്തെ ”
“ഹ ഹ ഹ
അമ്മേ, കിച്ചൻ അമ്മുന്റെ അറയിൽ ഉണ്ടാവുംട്ടോ. പായസം ഉണ്ടാക്കി കഴിഞ്ഞു വിളിച്ചോളൂട്ടോ ”
അമ്മയോട് പറഞ്ഞിട്ട് അവൻ അമ്മുന്റെ മുറിയിലേക്ക് തന്നെ മടങ്ങി. കിച്ചൻ ചെല്ലുമ്പോൾ അമ്മു ജനലഴിയിലൂടെ പുറത്തു നോക്കി നിൽക്കുന്നതാ കണ്ടത്.
അവൻ പിന്നിലൂടെ ചെന്നു അവളെ ചേർത്ത് പിടിച്ചതും അവൾ ഞെട്ടി തിരിഞ്ഞു നോക്കി അവന്റെ മുഖത്തേക്ക്. അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
“എന്തേയ്? ”
അവൾ ചോദിച്ചു തീരും മുന്നേ അവളുടെ പിൻകഴുത്തിൽ അവൻ ചുണ്ടമർത്തി. അമ്മു കണ്ണുകൾ ഇറുക്കെ അടച്ചു അവനോടു അല്പം കൂടെ ചേർന്ന് നിന്നു.
“അമ്മു… ”
“എന്തോ”
“അമ്മുനെ കിച്ചന് എന്തിഷ്ടാന്നു അറിയോ? ”
“അമ്മുന് അറിയാംട്ടോ. കിച്ചന് ഈ അമ്മുനോട് ഒത്തിരി ഇഷ്ട്ടം ആണെന്ന് ”
“കിച്ചാ… ”
“എന്തേയ് അമ്മു? ”
“അമ്മുന് എന്തേലും പറ്റിയാൽ കിച്ചൻ എന്താ ചെയ്യാ? ”
“അമ്മുന് എന്തേലും പറ്റിയെന്ന വാർത്ത കേൾക്കാൻ കിച്ചൻ കിച്ചൻ ഇണ്ടാവില്യ. അതിനു മുന്നേ അവിടെ എത്തും കിച്ചൻ . എന്താന്നോ, കിച്ചൻ ഇല്ല്യാണ്ട് അമ്മുന് പറ്റില്ല്യ. അമ്മു ഇല്ല്യാണ്ട് കിച്ചനും ഇല്ല്യ. ”
അവന്റെ മറുപടി അവളുടെ കണ്ണുകളെ ഈറനണിയിച്ചു. അവൾ അവനെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
“എന്തേയ് അമ്മു കരയുന്നെ?”
“എയ് പൊടി പോയതാ കണ്ണിൽ ”
“അല്ല
കിച്ചന് അറിയാം അമ്മു കരഞ്ഞത് തന്ന്യാ ”
“ഇല്യാട്ടോ, ഇനി അമ്മു കരയില്ല്യട്ടോ. ൻറെ കിച്ചന് സങ്കടായോ? ”
“മ്മ്മ് ”
“സങ്കടപെടണ്ടാട്ടോ ”
“മ്മ്മ് ”
അവർ പരസ്പരം ചേർത്ത് പിടിച്ചു നിന്നു സംസാരിക്കുമ്പോഴാ അമ്മുന്റെ മുറിയിലേക്ക് ലക്ഷ്മിയുടെ വരവ്. അപ്രതീക്ഷിതമായി ലക്ഷ്മിയെ കണ്ടതും അവൻ പെട്ടെന്ന് അകന്നു മാറി. ലക്ഷ്മി രണ്ടാളോടുമായി ചോദിച്ചു,…
“അതേയ്, ഇക്ക് അങ്ങട് വരാമോ ആവോ? ”
അവളെ കണ്ടതും അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു,
“കയറി വാ പെണ്ണേ
നിനക്ക് എപ്പോ വേണോച്ചാലും ഇങ്ങട് വന്നൂടെ? അതിനു അനുവാദം ചോദിക്കേണ്ട കാര്യം ഇണ്ടോ? ഇങ്ങട് വരൂ കുട്ടി ”
“അല്ല, ചില പ്രത്യേക സാഹചര്യങ്ങളിൽ അനുവാദം ചോദിച്ചിട്ട് അകത്തേക്ക് കടക്കുന്നതാണ് നമ്മൾ രണ്ടു കൂട്ടർക്കും നന്ന്. ”
എന്ന് പറഞ്ഞു ലക്ഷ്മി ചിരിച്ചു
“അമ്മു…
ദാഹിക്കുന്നു, ഇച്ചിരി വെള്ളം തരൂ കുട്ടി ”
ലക്ഷ്മി അമ്മുനോട് പറഞ്ഞു. ഉടനെ തന്നെ അമ്മു വെള്ളം എടുക്കാനായി പോയി. അമ്മു മുറി വിട്ടു പോയതും, ലക്ഷ്മി കിച്ചനോട് പറഞ്ഞു,
“കിച്ചൻ പഴയ പോലെ അല്ലാട്ടോ. ഇപ്പോ ശെരിക്കും വല്യ ആളായിരിക്കുന്നു. ”
“മ്മ്
കിച്ചന്റെ അമ്മയും, സാവിത്രിക്കുട്ടിയും ഒക്കെ പറഞ്ഞു കിച്ചൻ വല്യ കുട്ടി ആയിന്നു ”
“ഉവ്വോ? ”
“ആ ”
“ആട്ടെ, കിച്ചൻ കൈ നോക്കി ഫലം പറയുമെന്ന് അമ്മു പറഞ്ഞുല്ലോ,
എന്റെ കൈ നോക്കി ഫലം പറയാമോ? ”
“ഹ ഹ
അയ്യോ ലക്ഷ്മിക്കുട്ടി, അതേ വെറുതെ കിച്ചൻ അമ്മുന്റെ കൈ നോക്കിയതാ. അല്ലാണ്ട് കിച്ചന് അറിയുകയൊന്നുല്ല്യ ”
“ആയ്ക്കോട്ടെ, ൻറെ കൈയും അങ്ങനെ വെറുതെ നോക്കിയാൽ മതി ”
“അതെയോ? ”
“ആ ”
കിച്ചന്റെ നേർക്കു ലക്ഷ്മി തന്റെ ഇടംകൈ നീട്ടി. അവൻ അവളുടെ കയ്യിൽ പിടിച്ചു നിവർത്തി വെച്ചു. കിച്ചൻ തന്റെ കയ്യിൽ പിടിച്ചതും, ലക്ഷ്മിയുടെ കണ്ണുകൾ താനേ അടഞ്ഞു. അവളുടെ കൈ നോക്കി കിച്ചൻ പറയുന്നതൊന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.
അവൾ മറ്റേതോ ലോകത്തായിരുന്നു. അപ്പോഴേക്കും ലക്ഷ്മിക്കുള്ള സംഭാരവുമായി അമ്മു അവിടെക്കു വരുന്നത് കണ്ടതും ലക്ഷ്മി പെട്ടെന്ന്, കൈ പിന്നിലേക്ക് വലിച്ചു.
“അമ്മു….
കിച്ചൻ ഇല്ലേ, ലെക്ഷ്മികുട്ടിടെ കൈ നോക്കാർന്നു. അപ്പോഴാ അമ്മു വന്നതേ ”
“അതെയോ? ”
“ആ…
രേഖയൊന്നും തെളിഞ്ഞിട്ടില്ല്യ, ല്യേ ലക്ഷ്മികുട്ട്യേ? ”
“മ്മ്, കിച്ചൻ കാണാഞ്ഞാ, ഒരു രേഖ തെളിഞ്ഞു വരുന്നുണ്ട്. കിച്ചൻ നന്നേ നോക്കാഞ്ഞിട്ടാ കാണാഞ്ഞെ” “എവിടെ?
കിച്ചൻ ഒന്നുകൂടെ നോക്കട്ടെ ലക്ഷ്മിക്കുട്ടി ”
അന്നേരം ആണ് പുറത്തു അമ്മ കിച്ചനെ വിളിക്കുന്നത്‌
“കുട്ടാ… എവിടെ…?
അമ്മ ദേ പായസം ഇണ്ടാക്കി പകർത്തി വെച്ചുട്ടോ ”
കേട്ടു തീരും മുന്നേ കിച്ചൻ പറഞ്ഞു,
“ദേ…. വരുന്നു അമ്മേ… ”
അവൻ ഉടനെ തന്നെ അമ്മേടെ അടുത്തേക്ക് പോയി. മകനെ കണ്ടതും അമ്മ വിളമ്പി വെച്ചിരുന്ന പായസം എടുത്തു കൊടുത്തു. അവൻ അത് മുഴുവൻ കഴിച്ചു കഴിഞ്ഞു എഴുന്നേൽക്കുമ്പോൾ അമ്മ ചോദിച്ചു,
“എങ്ങടാ പോണേ ഇത്ര ധിറുതി പിടിച്ചു? ”
“അമ്മേ… കിച്ചൻ ലക്ഷ്മികുട്ടീടെ കൈ നോക്കാർന്നു. അപ്പോഴാ അമ്മ പായസം കഴിക്കാൻ വിളിച്ചതെ. കിച്ചൻ പോയി ബാക്കി നോക്കട്ടെ ”
“ഹ്മ്മ്മ് ഈ കുട്ടീടെ ഒരു കാര്യം ”
അവൻ veendum അമ്മുന്റെ മുറിയിൽ തന്നെ എത്തി. അപ്പോഴേക്കും ലക്ഷ്മി പോയി കഴിഞ്ഞിരുന്നു . അവിടെ അമ്മു മാത്രേ ഉണ്ടായിരുന്നുള്ളു.
“അമ്മു…. ”
“എന്തോ… ”
“ലക്ഷ്മിക്കുട്ടി എവിടെ?
പോയോ? ”
“ഉവ്വെല്ലോ. എന്തേ?”
“കിച്ചൻ ലെക്ഷ്മികുട്ടിടെ കൈ നോക്കാർന്നില്യേ, അത് പൂർത്തി ആവും മുന്നേ ല്യേ അമ്മ പായസം കഴിക്കാൻ വിളിച്ചേ? ”
“അതെയോ? ന്നാലെ….. ലക്ഷ്മിക്കുട്ടി പോയില്ലോ, ഇനി ഇപ്പോ ൻറെ കൈ നോക്കിക്കോളൂ ”
“മ്മ്മ്…. കൈ ഒക്കെ നോക്കാം പക്ഷെ കിച്ചന് ന്ത് തരും? ”
“ൻറെ കിച്ചന് ന്താ വേണ്ടേ? ”
“കിച്ചന് ഒരു ഉമ്മ തരുമോ? ”
“മ്മ്
ആദ്യം കൈ നോക്ക് ”
അവൻ അവളുടെ കൈ പിടിച്ചു തനിക്കു നേരെ വെച്ചു കൈക്കുള്ളിൽ നോക്കി, എന്നിട്ട് അവളുടെ മുഖത്തു നോക്കി ഒന്ന് പുഞ്ചിരിച്ചു, എന്നിട്ട് ചോദിച്ചു….
“ഫലം പറയട്ടെ? ”
“മ്മ് പറയു, കേൾക്കട്ടെ ”
“ഈ ഹസ്തരേഖ അനുസരിച്ചു, വളരെ ഭാഗ്യമുള്ള കൈയാ ൻറെ അമ്മുന്റെ ”
“ഉവ്വോ?”
“മ്മ്മ് അതേന്ന് .പിന്നെ, അമ്മുന്റെ ഭാഗ്യം എന്താന്നോ? ”
“ഇല്ല്യ അറിയില്യ. എന്താ? ”
“ഈ കിച്ചൻ. അല്ലാണ്ട് ആരാ അമ്മുന്റെ ഭാഗ്യം ”
“ഹ്മ്മ്മ്
അതെയോ? ”
“ആ…
പിന്നെ വേളി ഉടനെ നടക്കുംട്ടോ ”
അവൾ അവനെ ഒന്ന് നോക്കി. അവളുടെ നോട്ടം കണ്ടു കിച്ചൻ പറഞ്ഞു,
“അയ്യോ ഇത് കിച്ചൻ പറഞ്ഞതല്ല അമ്മു. ദേ ഈ കൈ രേഖയിൽ കണ്ടതാ ”
“അതെയോ? ”
“അതേന്ന്. പിന്നെ ചില ദോഷങ്ങൾ ഒക്കെ കാണുന്നുണ്ട് ”
“അതെന്താ? ദോഷങ്ങൾ ”
“അല്ല, ഭയപ്പെടാൻ ഒന്നുല്ല്യ. ദോഷങ്ങൾക്കു പരിഹാരം ഇണ്ടേ. നാം പറഞ്ഞു തരാം കേട്ടോളു ”
“മ്മ് പറയു കേൾക്കട്ടെ ”
“ദിവസവും രാവിലെ ഉണർന്നാൽ ഉടനെ കിച്ചന്റെ അടുത്തേക്ക് വന്നു ഒരു ഉമ്മ തരണം. പിന്നെ ഉച്ചയ്ക്ക് രണ്ടു ഉമ്മ. സൂര്യൻ അസ്തമിച്ചു കഴിഞ്ഞു മൂന്നു.
പക്ഷെ അമ്മു…… ഇനി ശ്രദ്ധിക്കേണ്ട ഒരു കാര്യാ എന്താന്നോ അമ്മു…. ”
“മ്മ്മ് എന്താ കേൾക്കട്ടെ ”
“രാവിലെ ഉമ്മ വെച്ചടത്തു ആകരുത് ഉച്ചയ്ക്ക് വെക്കേണ്ടത്. ഉച്ചയ്ക്ക് വെച്ചടത്തു ആവരുത് വൈകുന്നേരം ”
” ഓഹോ,
അതെന്താണാവോ? ”
“അതെന്താന്നോ അമ്മു ….
ഹസ്തരേഖാ ശാസ്ത്രം അനുസരിച്ചു ഒരിക്കൽ വെച്ചടത്തു വെച്ചുച്ചാൽ ഫലം കിട്ടില്യാത്രേ. ”
“അതെയോ? ”
“മ്മ്മ്, അതെ അമ്മു.. ”
“ഈ ശരീരം നിറയെ ബുദ്ധിയാ ല്യേ?
വക്രബുദ്ധി “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply