പുനർജ്ജന്മം ഭാഗം 8

  • by

5084 Views

പുനർജ്ജന്മം Malayalam novel

വല്യമ്മാമേടെ കയ്യിൽ നിന്നു കിട്ടിയ തല്ലിന്റെ ക്ഷീണം കൊണ്ടാവാം കിച്ചൻ വൈകുന്നേരം വരെയും ഉറങ്ങിയോ പോയി. അവൻ അമ്പലത്തിൽ പോകാൻ നേരം എന്നും അമ്മയോട് പറഞ്ഞിട്ട് പോകാറാണ് പതിവ്. ഈ നേരം വരെയും കിച്ചനെ കാണാത്തതു കൊണ്ട് അമ്മ ഗായത്രി മകന്റെ മുറിയിലേക്ക് ചെന്നു നോക്കി. അപ്പോഴാ കിച്ചൻ കിടന്നു ഉറങ്ങുന്നത് കണ്ടത്. അവർ അവന്റെ അടുത്തേക്ക് ചെന്നു,
“കുട്ടാ….
അമ്പലത്തിൽ പോകണ്ടേ അമ്മേടെ ഉണ്ണിക്കു? ”
കിച്ചൻ ഉറക്കച്ചടവോടെ ഒന്ന് മൂളി.
“മ്മ്മ് ”
“പതിവിലും വൈകിട്ടോ കിച്ചാ,
എഴുന്നേൽക്കു അമ്മേടെ കുട്ട്യേ, നട തുറക്കണ്ടേ? ”
“കിച്ചന് ഉറക്കം വരുന്നു അമ്മേ,
കിച്ചൻ ഇച്ചിരി നേരം കൂടെ ഉറങ്ങിക്കോട്ടെ ”
“അപ്പൊ നട തുറക്കണ്ടേ കുട്ടാ?
അമ്മേടെ കുട്ടി എഴുന്നേറ്റു ദേഹം ശുദ്ധിയായി പോയി നട തുറന്നേ.
അമ്പലത്തിൽ നിന്നു വന്നിട്ട് ഉറങ്ങാം ഇനി.
എഴുന്നേറ്റേ അമ്മേടെ കുട്ടി ”
കിച്ചൻ മനസ്സില്ലാമനസ്സോടെ കിടക്കയിൽ നിന്നു എഴുന്നേറ്റു. എന്നിട്ട് അവൻ ചോദിച്ചു,
“അമ്മേ….
വല്യമ്മാമ പോയോ? ”
“ഇല്ല്യ, ഏട്ടൻ ഉമ്മറത്തുണ്ട്. എന്തേ? ”
“കിച്ചൻ മിണ്ടില്ല്യ ഇനി വല്യമ്മാമയോട്. ന്നെ ഒത്തിരി തല്ലി വല്യമ്മാമ ”
“എന്തിനാ അമ്മേടെ കുട്ടിയെ വല്യമ്മാമ തല്ലിയെ? ”
“അത്….
നിക്ക് ഓർമയില്യ, മറന്നു പോയി എന്തിനാന്നു”
“എന്നാലേ അമ്മക്ക് ഓർമയുണ്ട്ട്ടോ, അമ്മ ഓർമിപ്പിക്കാം”
കിച്ചന്റെ മുഖം വാടി. അവൻ മുഖം താഴ്ത്തി
“അമ്മേടെ കുട്ടി ആണ് തെറ്റു ചെയ്തത്. ആ തെറ്റു ആവർത്തികാണ്ടിരിക്കാനാ വല്യമ്മാമ ശിക്ഷിച്ചത്. ”
“മ്മ് ”
“ഇനി അതൊന്നും ആലോചിക്കണ്ട അമ്മേടെ കുട്ടി.
വേഗം പോയി ദേഹം ശുദ്ധിയായി നട തുറക്കാ ഉണ്ണ്യേ ”
“മ്മ് ”
കിച്ചൻ കിടക്കയിൽ നിന്നു എഴുന്നേറ്റു
കുളി കഴിഞ്ഞു അമ്പലത്തിലേക്ക് പോയി. നട തുറന്നു പൂജക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
ദീപാരാധന കഴിഞ്ഞു ശ്രീകോവിലിനുള്ളിൽ നിന്നു പ്രസാദവുമായി ഇറങ്ങി വരുമ്പോഴാണ് അവൻ, തൊഴുതു നിൽക്കുന്ന അവളെ കണ്ടത്.
“ആഹാ, ഇതാരാ ലെക്ഷ്മികുട്ടിയോ? എത്ര നാളായി കണ്ടിട്ട്? ”
“കിച്ചൻ ആണോ ഇവിടെ ശാന്തി? ”
“ഉവ്വ് ലക്ഷ്മി കുട്ട്യേ. ഇപ്പോ കിച്ചനാ ഇവിടെ ഭഗവാനെ സേവിക്കുന്നെ ”
“അതെയോ? ഞാൻ അറിഞ്ഞില്ല്യ. അമ്മുനെ കണ്ടിട്ടും കുറച്ചു ദിവസായി. അതാവും ഞാൻ അറിയാതെ കിച്ചൻ മടങ്ങിയെത്തിയതും ഇവിടെ ശാന്തി ആയതും. ”
അമ്മുന്റെ അടുത്ത സുഹൃത്താണ് ലക്ഷ്മി. ലക്ഷ്മി അറിയാത്ത ഒരു രഹസ്യവും അമ്മുന് ഇല്ല. കുഞ്ഞു നാൾ മുതൽ അമ്മുന്റെ മനസാക്ഷി സൂക്ഷിപ്പുകാരിയാണ് ലക്ഷ്മി. ലക്ഷ്മിക്കും അമ്മുനോട് അതുപോലെ തന്നെ.
“ലക്ഷ്മി കുട്ട്യേ, നട അടക്കുംവരെ കാക്കാമെങ്കിൽ കിച്ചൻ കൂടെ വരാം ”
“എന്തേ? കിച്ചന് പേടിയുണ്ടോ ഒറ്റയ്ക്ക് പോകാൻ? ”
“പേടിയില്ല്യ, പക്ഷെ ലക്ഷ്മിക്കുട്ടി ക്ക്‌ പേടി ആവൂല്ലൊന്ന് ഓർത്തിട്ടാ ”
“ഉവ്വോ? ഇക്ക് ഒരു പേടിയും ഇല്യാട്ടോ
ന്നാലും കിച്ചൻ പറഞ്ഞ സ്ഥിതിക്ക് കാത്തു നിൽക്കാംട്ടോ ”
“ആ ”
അത്താഴപൂജ കഴിഞ്ഞു നടയടച്ചു കിച്ചൻ ലെക്ഷ്മിയോടൊപ്പം നടന്നു.
“ലക്ഷ്മിക്കുട്ടി…. ”
“എന്തോ കിച്ചാ… ”
“ലക്ഷ്മി കുട്ടി എന്തേ കോലോത്തെക്ക്‌ കാണാത്തെ? ”
“മുത്തശ്ശിക്ക് തീരെ വയ്യാണ്ടിരിക്ക്യ അല്ലേ കിച്ചാ, അപ്പൊ പിന്നെ എങ്ങിനെയാ ഒന്ന് പുറത്തിറങ്ങാ? ”
“മുത്തശ്ശിക്ക് വേഗം ഭേദാവുംട്ടോ ”
ലക്ഷ്മിക്ക്‌ അച്ഛനും അമ്മയും ഇല്ല. മുത്തശ്ശി മാത്രേ ഉള്ളു. അവളുടെ ചെറുപ്പത്തിൽ തന്നെ അവളുടെ അച്ഛൻ മരിച്ചു. അദ്ദേഹം മരിച്ചു കുറച്ചു നാൾ കഴിഞ്ഞു അമ്മയും മരിച്ചു. അന്ന് മുതൽ അവളെ വളർത്തി വലുതാക്കിയത് അവളുടെ മുത്തശ്ശിയാണ്.
“കിച്ചൻ പഠിപ്പൊക്കെ കഴിഞ്ഞു എപ്പോഴാ എത്തിയെ? ”
“ഒരു വാരം ആയിർക്കുന്നു ”
“അതെയോ? ”
“മ്മ്, അതേല്ലോ ലക്ഷ്മി കുട്ട്യേ ”
” നേരം നന്നേ വൈകി, വേഗം നടക്കാ കിച്ചാ
മുത്തശ്ശി ഒറ്റയ്ക്കേ ഉള്ളേ.. ”
” ആ.. ”
ലക്ഷ്മിയുടെ ഇല്ലം കഴിഞ്ഞു വേണം കിച്ചന് കൊലോത്തേക്കു പോകാൻ. അവൻ അവളെ പടിപ്പുര കടത്തി വിട്ടിട്ടു കൊലോത്തേക്കു നടന്നു. കോവിലകത്തേക്കു എത്തിയ പാടേ അമ്മുനോട് പറഞ്ഞു,
“അമ്മു….
കിച്ചനെ, ലക്ഷ്മികുട്ടീടെ കൂടെയാ വന്നെ. ലക്ഷ്മികുട്ടിയെ ഇല്ലത്തു ആക്കിട്ട കിച്ചൻ ഇവിടെ എത്തിയെ. ”
“ഉവ്വോ? ”
“ആ .. ”
“ന്നിട്ട് അവൾ ന്താ പറഞ്ഞെ? ”
“മുത്തശ്ശിക്ക് സുഖം ഇല്ല്യാത്രേ. അതാ അമ്മുനെ കാണാൻ വരാഞ്ഞെ ”
” അതെയോ? ന്നിട്ട് ഇപ്പോൾ എങ്ങിനെയുണ്ട് മുത്തശ്ശിക്ക്? കുറവുണ്ടോ? ”
“അത് ചോദിച്ചില്ല്യ കിച്ചൻ. ഇപ്പോ പോയി ചോദിച്ചിട്ട് വരട്ടേ ലക്ഷ്മികുട്ടിയോട്? ”
“ഇനിയൊ?
ഇത് ചോദിക്കാൻ തിരിച്ചു പോവേ? ”
“ആ.. ”
“വേണ്ട വേണ്ട,
ഇനി കാണുമ്പോൾ ചോദിച്ചാൽ മതിട്ടോ ”
“ആ ”
“കിച്ചാ… ”
“ഇപ്പോ അമ്മുനോട് പിണക്കം മാറിയോ? ”
“ഇച്ചിരി ”
“ഇച്ചിരിയെ മാറിയുള്ളൂ? മുഴുവൻ ആയും മാറിയില്ലാ? ”
“മ്മ്മ് ”
“ന്നാലേ…. പിണക്കം മാറാൻ ഒരു സൂത്രം ഉണ്ടെല്ലോ ”
“ന്ത് സൂത്രാ അമ്മു? ”
“അതൊക്കെ ഉണ്ട് ”
“ഹാ പറയ്‌ അമ്മു,
എന്ത് സൂത്രാ? ”
“അതൊക്കെ ഉണ്ട് ”
എന്ന് പറഞ്ഞു കൊണ്ട് അവൾ വിളക്കിലെ വെളിച്ചം ഊതി കെടുത്തി കൊണ്ട് അവൾ അവന്റെ മാറിലേക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞു,
“നിലാവെഴും നീല രാവിൽ
കിനാവുകൾ പൂത്ത രാവിൽ
മനോജ്ഞമീ വിളക്ക് പൂക്കൾ
തിളങ്ങുമീ പൂർണ്ണ രാവിൽ
ഞാനെൻ പ്രേമമിന്നു
നിന്റെ കാതിലോതിടാം
നീയെൻ പ്രേമമൊന്നു കേൾക്കുമോ
അഗാധമെൻ പ്രേമ രാഗം
അറിഞ്ഞുവോ രാഗം ദേവാ
അതാകുമോ എൻ കിനാവിൽ
കടമ്പുകൾ പൂത്തു നിന്നു “

അവന്റെ മാറോട് തല ചായ്ച്ചു നിൽക്കുമ്പോൾ അവൾ അവളെ തന്നെ മറന്നു. എന്നാൽ അവൻ അസ്വസ്ഥനായിരുന്നു. ഇതുവരെ താൻ അനുഭവിച്ചിട്ടില്ലാത്ത, എന്നാൽ പറഞ്ഞറിയിക്കാൻ അറിയാത്ത എന്തോ ഒരു വികാരം. അവൻ മെല്ലെ വിളിച്ചു,
“അമ്മു…. ”
“മ്മ്മ്…. ”
“കിച്ചനെ,…. ”
“മ്മ്… കിച്ചന്…..”
“കിച്ചന്… അറിയൂല ”
“പറയ്‌,
കിച്ചന്….. ”
“അമ്മു ഇങ്ങനെ കിച്ചനെ ചേർന്ന് നിൽക്കുമ്പോ… ”
“ചേർന്ന് നിൽക്കുമ്പോ….?
ബാക്കി പറയ്‌ കിച്ചാ, ചേർന്ന് നിൽക്കുമ്പോ എന്താ? ”
അവൾ കുറച്ചു കൂടെ അവനിലേക്ക്‌ ചേർന്ന് നിന്നു. എന്നിട്ട് മെല്ലെ അവന്റെ ചെവിയിൽ അവളുടെ ചുണ്ടുകൾ ചേർത്ത് കൊണ്ട് ചോദിച്ചു.
“ഇതെന്തേ ന്റെ കിച്ചന്റെ നെഞ്ച് ഇങ്ങനെ വേഗത്തിൽ മിടിക്കുന്നെ? മ്മ്? ”
“കിച്ചന് അറിയില്യ അമ്മു.
കിച്ചനും കേൾക്കിണ്ടു അത് ”
“എന്ത്? ”
“കിച്ചന്റെ നെഞ്ചത്ത് വേഗത്തിൽ മിടിക്കുന്നതു ”
“ഉവ്വോ? അതെന്തേ അങ്ങനെ? ”
“മഞ്ഞു വീണതാണോ
പൂവമ്പു കൊണ്ടതാണോ
നീ വരുമ്പോളെന്റെ ഉള്ളിൽ
മയിലാടും പോലെ
നിന്റെ വാക്ക് കേൾകെയുള്ളിൽ
മഴ വീഴും പോലെ ”
“ഉവ്വോ ”
“മ്മ് ”
വീണ്ടും അവൾ അവന്റെ ചെവിയോട് ചേർന്ന് പ്രണയാർദ്രമായി ചോദിച്ചു. അവളുടെ ചുടു ശ്വാസം അവന്റെ കാതിൽ തട്ടുമ്പോൾ അവന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. എന്നാൽ അവന് എന്താ സംഭവിക്കുന്നതെന്ന് അവന് തന്നെ അറിയുന്നില്ല. ഇതുവരെ അനുഭവപെട്ടിട്ടില്ലാത്ത, പറയാനറിയാത്ത എന്തോ ഒന്ന്.
“കിച്ചാ… ”
“മ്മ്മ്… ”
“എന്തേ ഒന്നും മിണ്ടാത്തെ? ”
“അറിയില്യ
കിച്ചന് ഇപ്പോ ഒന്നും പറയാൻ അറിയില്യ ”
“എങ്കിൽ ഞാൻ പറയട്ടെ? ”
“എന്താ അമ്മു? ”
“ഇക്ക് കിച്ചനെ എത്ര ഇഷ്ടാന്ന് അറിയോ? ”
“എത്ര ഇഷ്ടാ? ”
“മഞ്ചാടിമുത്തിന് മയില്പീലിത്തുണ്ടിനോട് എത്ര ഇഷ്ടം ഉണ്ടോ അത്രയും ഇഷ്ടം ഉണ്ട് ”
“അത് എത്രയാ അമ്മു? ”
“അത് എത്രയെന്നു പറയണോച്ചാൽ…..
ഇക്ക് എന്താ തരുക? വെറുതെ പറയാൻ ഒന്നും പറ്റില്ല്യേ…
ഇക്ക് ന്ത് തരും? ”
“അമ്മുന്….
ആകാശം കാണാണ്ട് പുസ്തകത്താളിൽ ഒളിപ്പിച്ചു വെച്ച മയിൽ‌പീലി തുണ്ട് തരാം ഞാൻ ”
“ഇക്ക് വേണ്ട ”
“എങ്കിൽ ഞാൻ കൈ നിറയെ കുപ്പിവള വാങ്ങി തരാം ”
“വേണ്ടന്നെ ”
“പിന്നെ, ന്താ വേണ്ടെ അമ്മുന്? ”
” ഇക്ക്…. ഇക്ക് അഞ്ച് ഉമ്മ തന്നാൽ പറഞ്ഞു തരാം മഞ്ചാടിമുത്തിന് മയില്പീലിതുണ്ടിനോട് എത്ര ഇഷ്ടമുണ്ടെന്നു ”
“ഉമ്മ തന്നാൽ പറയുവോ അമ്മു ”
“മ്മ് പറയാം. പക്ഷെ…
ഒരു നിബന്ധനയുണ്ട് ”
“എന്തേ അമ്മു? ”
“ഒരുമ്മ വെച്ചെടുത്തു വീണ്ടും പാടില്ല്യ ”
“അയ്യോ ”
“മ്മ്? എന്തേ? ”
“ആ.. ”
“ന്നാ തായോ ”
അവൻ അവളുടെ മുഖം അവന്റെ കൈകൾക്കുള്ളിൽ എടുത്തു നെറ്റിക്ക് ഒരു ഉമ്മ കൊടുത്തു. അവൾ എണ്ണി തുടങ്ങി.
“ഒന്നേ….. ”
രണ്ടാമത്തേയും മൂന്നാമത്തെയും ഉമ്മ, അവളുടെ രണ്ടു കവിളുകളിലും കൊടുത്തു. ഓരോ പ്രാവശ്യം അവന്റെ അധരം അവളുടെ മുഖത്തു അമരുമ്പോഴും അവളുടെ കണ്ണുകൾ താനേ അടഞ്ഞു പോകുന്നുണ്ടായിരുന്നു.
“അമ്മു …..
മൂന്നു ഉമ്മ ആയിട്ടോ. അവസാനം കിട്ടിയില്ല്യാന്നു പറഞ്ഞു കിച്ചനെ കള്ളം കൂറരുത്ട്ടോ. ഇനി രണ്ടു ഉമ്മ കൂടെ ഉള്ളൂട്ടോ ബാക്കി. ”
“മ്മ്മ് ”
“ബാക്കിയുള്ള രണ്ടു ഉമ്മ എവിടെയാ ഇപ്പോ തരാ? ”
അവൻ സ്വയം ചോദിച്ചു കൊണ്ട് ആലോചിച്ചു നിൽക്കുമ്പോഴേക്കും അമ്മു പെട്ടെന്ന് തന്നെ അവന്റെ ശരീരത്തിൽ നിന്നു പിന്നിലേക്ക് മാറി നിന്നു.
അവൻ അവളുടെ രണ്ടു കൈകളും പിടിച്ചു, കൈക്കുള്ളിൽ ഓരോ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു,
“ദേ അമ്മു, അഞ്ച് ഉമ്മയും തന്നൂട്ടോ,
ഇനി പറയ്‌ മഞ്ചാടിമുത്തിന് മയിൽ‌പീലിതുണ്ടിനോട് എത്ര ഇഷ്ടം ഉണ്ടെന്നു ”
“മ്മ്മ് ”
“പറയ്‌ അമ്മു…. ”
അവന്റെ ഓരോ ചുംബനവും അവളിലെ സ്ത്രീത്വത്തെ ഉണർത്തി. അതുകൊണ്ട് തന്നെ അവന്റെ ചോദ്യങ്ങൾ ഒന്നും തന്നെ അവൾ കേൾക്കുന്നുണ്ടായിരുന്നില്ല
“അമ്മു…
പറയ്‌,
ന്റെ ഉമ്മ അത്രയും വാങ്ങിട്ടു നിക്ക് പറഞ്ഞു തരുന്നില്യ അമ്മു ”
അവൻ പരിഭവം പറഞ്ഞു തുടങ്ങിയപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു,
“ആകാശത്തിൽ എത്ര നക്ഷത്രങ്ങളുണ്ട്? ”
“നിക്ക് അറിയില്യ ”
“സമുദ്രത്തിൽ എത്ര ജലമുണ്ട്? ”
“നിക്ക് അറിയില്യ ”
“72 മേളകർത്താരാഗങ്ങൾക്കും കൂടെ എത്ര ജന്യരാഗങ്ങൾ ഉണ്ട്?
“ഹ! കിച്ചന് അറിയില്യാന്നു ”
“അതുപോലെയാ ഇതും.
ഞാനെന്ന മഞ്ചാടിമുത്തിന് നീയെന്ന മയില്പീലിതുണ്ടിനോട് എത്ര ഇഷ്ടം ഉണ്ടെന്നു ഇക്കും അറിയില്യ. ഇതുപോലെ അതും എണ്ണി തിട്ടപ്പെടുത്താൻ ആവില്യ ”
എന്ന് പറഞ്ഞിട്ടവൾ അവനെ തള്ളി മാറ്റിയിട്ടു ഇടനാഴിയിൽ നിന്നു അവളുടെ മുറിയിലേക്ക് ഓടി.
“അമ്മു നിൽക്കു…. പോവല്ലേ അമ്മു.. ”
അവന്റെ വിളി കേൾക്കാൻ നിൽക്കാണ്ട് അവൾ പോയി കഴിഞ്ഞിരുന്നു. അവൻ അവൾ പറഞ്ഞത് ഒക്കെയും വീണ്ടും ആലോചിച്ചു അങ്ങനെ നിന്നു.
പിറ്റേന്ന് രാവിലെ കിച്ചൻ പതിവ് പോലെ കുളി കഴിഞ്ഞു അമ്പലത്തിലേക്ക് പോയി.
നട തുറന്ന്, പൂജയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ഒക്കെ ഭഗവാനോട് പറഞ്ഞു കൊണ്ടിരുന്നാണ് കളഭം ചാർത്തൽ. അന്നേരമാണ് വല്യമ്മാമ നിർമാല്യ ദർശനത്തിനു വരുന്നതു കണ്ടത്. കണ്ട പാടെ അവൻ ഭഗവാന്റെ ചെവിയോട് ചേർന്ന് പറഞ്ഞു,
“ദേ വരുന്നുണ്ട്ട്ടോ, ഇനി ഇവിടെ ഇട്ടു തല്ലാനുള്ള പുറപ്പാടാണോ ആവോ”
വല്യമ്മാമ ശ്രീകോവിലിന് മുന്നിൽ എത്തി ഭഗവാനെ തൊഴുതു നിൽക്കുമ്പോൾ കിച്ചൻ ശ്രീകോവിലിനുള്ളിൽ ഇരുന്നു ചോദിച്ചു,
“പുഷ്പാഞ്ജലി കഴിക്കണോ വല്യമ്മാമേ? ”
അവന്റെ ചോദ്യം കേട്ടു അദ്ദേഹം അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയതല്ലാണ്ട് മറുപടി ഒന്നും പറഞ്ഞില്ല. അദേഹത്തിന്റെ നോട്ടം കണ്ടു കിച്ചൻ ആരോടെന്നില്ലാതെ ശബ്ദം താഴ്ത്തി പറഞ്ഞു,
“പുഷ്പാഞ്ജലി കഴിപ്പിക്കണോന്ന് ചോദിച്ചതിന് ഈ ദുശ്ശാസനൻ എന്തേ നമ്മെ ഇങ്ങനെ തുറിച്ചു നോക്കുന്നു. പുഷ്പാഞ്ജലി കഴിപ്പിക്കണോ ന്ന് തന്നെയല്ലേ ഭഗവാനെ ഞാൻ ചോദിച്ചതു. ”
“സോപാനം പാടാറില്ലേ ഇവിടെ? ”
“ഉവ്വ് വല്യമ്മാമേ ”
“ആര്? ”
“കിച്ചൻ
കിച്ചനാ എല്ലാ പണിയും എടുക്ക ഇവിടെ. പൂജയും, സോപാനം പാടലും, ചന്ദനം അരക്കലും ഒക്കെ. ”
“അത് നന്നായി. അങ്ങനെ എങ്കിലും നിന്റെ മേൽ ഒന്ന് അനങ്ങുല്ലോ ”
വല്യമ്മാമേ കേൾപ്പിക്കാനെന്നോണം കിച്ചൻ ഇടക്കയുമെടുത്തു ശ്രീകോവിലിനു പുറത്തു വന്നു ഭഗവാന് അഭിമുഖമായി നിന്നു സോപാന സംഗീതം പാടി തുടങ്ങി.
“കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ
ചത്തുപോം നേരം വസ്ത്രമതുപോലും
ഒത്തിടാ കൊണ്ടുപോകാനൊരുത്തർക്കും
ദേവ തവ നാമം ചൊല്ലീട്ടാരാധന
ചെയ്‌തും കൊണ്ടൊരു
ലോകോപകാരിയാതാവുകയാണെന്നുടെ
സ്വപ്നമതെന്നും
ഞാനാകും ജീവാത്മാവിനെ
നീയാകും പരമാത്മാവിൽ
ചേർക്കാനൊരു മാർഗ്ഗമെനിക്കീ
ഗാനാർച്ചന അഖിലം കണ്ണാ
ചെയ്യുന്നവയെല്ലാം എന്നുടെ
ധർമ്മം അത് മാത്രമറിഞ്ഞാൽ
ചെമ്മേ നിൻ പാദസരോജം
ശൗരേ ഹൃദി നർത്തനമാടും
ദേവ തവ നാമം ചൊല്ലീട്ടാരാധന
ചെയ്‌തും കൊണ്ടൊരു
ലോകോപകാരിയാതാവുകയാണെന്നുടെ
സ്വപ്നമതെന്നും
ദേവ…. ദേവ ദേവ……
ദേവകിനന്ദനാ… കൃഷ്ണാ…
കൃഷ്ണാ…………..

(തുടരും)

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply