പുനർജ്ജന്മം ഭാഗം 9

  • by

4832 Views

പുനർജ്ജന്മം Malayalam novel

ഉച്ച പൂജ കഴിഞ്ഞു നടയടച്ചു കിച്ചൻ കൊലോത്തേക്കു മടങ്ങി. വഴിയിൽ കാണുന്നവരോടെല്ലാം ലോഹ്യം കൂടിയിട്ടേ എന്നും കൊലോത്തേക്കു എത്താറുള്ളു. അവന് ജാതിയും, മതവും ഒന്നും ബാധകമല്ല. അതുകൊണ്ട് തന്നെ അവനോടു നാട്ടുകാർക്കെല്ലാം ഒരു പ്രത്യേക വാത്സല്യത്തോട് കൂടിയ മതിപ്പ് ആണ്.
“ആഹാ കിച്ചൻ നമ്പൂരിയോ? എങ്ങടാ ഇത്രയും ധിറുതിയിൽ? ”
“കൊലോത്തേക്ക ചെറുമ.
ചെറുമൻ ഇന്ന് പാടത്തു പോയില്യേ? ”
“ഇല്ല തമ്പുരാനേ, അടിയന് തീരെ വയ്യ ”
“അയ്യോ, എന്തേ ചെറുമാ? ”
കിച്ചൻ, കയ്യിൽ ഉണ്ടായിരുന്ന നിവേദ്യ ഉരുളി വേഗം താഴെ വെച്ചിട്ട് ചെറുമന്റെ അടുത്തേക്ക് ചെന്നു
“എവിടെയാ ചെറുമാ വയ്യായി? കിച്ചനെ…. വൈദ്യം അല്പം ഒക്കെ അറിയും. അതുകൊണ്ട് ധൈര്യായി പറഞ്ഞോളൂ ”
“അയ്യോ വേണ്ട തമ്പുരാനേ,
തീണ്ടയ്ക ആവും തമ്പുരാന് ”
“എന്ത് തീണ്ടയ്കയാ ചെറുമാ? തീണ്ടലും, വാലായ്മയും ഒക്കെ മനുഷ്യർ അവരുടെ സൗകര്യത്തിനു ഉണ്ടാക്കിട്ടുള്ളതാണ്. ”
“അടിയന് ഇങ്ങനെ ഒന്നും കേട്ടാലും അറിയില്ല തമ്പുരാനേ. അവിടുത്തെ അത്ര പഠിപ്പോ, ബുദ്ധിയോ ഒന്നും അടിയങ്ങൾക്കില്ല. ഒന്ന് അറിയാം വല്യതമ്പുരാന് ശേഷം അടിയങ്ങൾടെ തമ്പുരാനാ ഈ ഉണ്ണി നമ്പൂതിരി എന്ന്. ”
“അതേയ്, ചെറുമാ…
ഇങ്ങട് നോക്കാ, കിച്ചൻ മനസ്സിലാക്കി തരാം ചെറുമന് വെക്തമായി തന്നെ.
ചെറുമാ.., കിച്ചൻ നമ്പൂരി ആയാലും, ചെറുമൻ കീഴ്ജാതി ആയാലും നമുക്ക് രണ്ടാൾക്കും ഉള്ളിൽ ഒഴുകുന്ന ചോരയുടെ നിറം ചുവപ്പ് തന്നെയാണ്.
മനുഷ്യന്റെ ശരീരത്തിലെ അവയവങ്ങളും, ഉള്ളിലൊഴുകുന്ന ചോരയും വരെ കൈമാറുന്ന ഒരു കാലം വരും. അന്ന് പറയില്ല്യ ഞാൻ തമ്പുരാനാണ്. ഒരു കീഴ്ജാതിയിൽ പെട്ട ആളുടെ സഹായം നമുക്ക് വേണ്ട. നമ്മുടെ ജീവൻ പോയാലും ഒരു മ്ലേച്ഛന്റെയോ പുലയന്റെയോ ചോരയോ മറ്റു അവയവങ്ങളോ സൂര്യവംശത്തിൽ പെട്ട ഉന്നത കുലത്തിൽ ഉള്ള നമുക്ക് ആവശ്യമില്ല എന്ന് പറയുമോ? ഒരിക്കലും ഇല്ല്യ. കാരണം ജീവനാണ് ഏറ്റവും വലുത്. അത് നിലനിർത്താൻ കഴിയുന്ന ഒരു കച്ചിത്തുരുമ്പു ലഭിച്ചുച്ചാൽ അത് സ്വീകരിക്യ തന്നെ ഉള്ളു. അതുകൊണ്ട് വയ്യായ്ക എവിടെച്ചാൽ പറയാ ”
“വല്യ കാര്യങ്ങളൊന്നും അടിയന് അറിയില്ല. ഇങ്ങനെ ഒക്കെ വർത്തമാനം പറയാനും അറിയില്ല.
അടിയങ്ങൾടെ തമ്പുരാൻ ആണ് ഞങ്ങൾക്ക് ദൈവം. അത്രയും അറിയാം അടിയന് ”
“ഹ ഹ ഹ ന്നാ പിന്നെ ഈ ദൈവം പറയുന്നതു അനുസരിക്യാ ആദ്യം. ഈ ചെറുമന്റെ ഒരു കാര്യം ”
എന്ന് പറഞ്ഞു കിച്ചൻ ചെറുമന്റെ കാൽ പിടിച്ചു നോക്കി.
“വല്ലാണ്ട് മുറിവാണല്ലോ ചെറുമാ. എങ്ങിനെയാ ഈ മുറിവ് ഉണ്ടായേ? ”
“അടിയന് അറിയില്ല തമ്പുരാനേ . പാടത്തുന്നു പറ്റിയതാവും. ”
“ഹ്മ്മ് ഇതാ ഇപ്പോൾ നന്നായെ. സ്വന്തം കാലിൽ എങ്ങിനെയാ മുറിവുണ്ടായെന്നു അറിയില്യാച്ചാൽ എന്താ ചെയ്യാ ”
മുറിവ് വ്യതിയാക്കി മരുന്ന് വെച്ചു കെട്ടി കൊടുത്തു കിച്ചൻ. എന്നിട്ട് പറഞ്ഞു,
“അതേ… വേഗം ഭേദാവുംട്ടോ. കുറച്ചു ദിവസം പാടത്തൊന്നും പോകണ്ടട്ടോ ചെറുമാ. കാൽ അനങ്ങിയാൽ മുറിവ് ഉണങ്ങില്ല്യ ”
“അയ്യോ തമ്പുരാനേ.., അടിയൻ വേലയ്ക്ക് പോയില്ലേൽ അടിയന്റെ കുടിലിൽ അടുപ്പ് പുകയില്ല. അടിയന്റെ കിടാങ്ങൾ പട്ടിണിയാകും.”
“അതൊക്കെ കിച്ചൻ വഴിയുണ്ടാക്കാം.
മുറിവ് ഉണങ്ങുംവരെ ചെറുമൻ പടത്തിറങ്ങേണ്ട. മനസ്സിലായോ ചെറുമന് കിച്ചൻ പറഞ്ഞതു ”
“അടിയൻ ”
“എവിടെ ചെറുമന്റെ കുട്ട്യോൾ? വിളിക്യാ കിച്ചൻ കാണട്ടെ അവരെ ”
തമ്പുരാൻ തന്റെ മക്കളെ അന്വഷിച്ച സന്തോഷം ചെറുമന്റെ മുഖത്തു കാണാൻ ഉണ്ട് വേണ്ടുവോളം. അയാൾ കുടിലിനകത്തേക്കു നോക്കി മക്കളെ വിളിച്ചു.
ചെറുമന് ഏഴു മക്കളാണ്. നാലു പെൺകുട്ടികളും മൂന്നു ആൺകുട്ടികളും. മൂത്തവൾ വിവാഹപ്രായം കഴിഞ്ഞു. ചെറുമന്റെ മക്കളെ കണ്ടപാടെ കിച്ചൻ ചോദിച്ചു,
“ഇവരെല്ലാം ചെറുമന്റെ കുട്ട്യോളാണോ? ”
“അതേ തമ്പുരാനേ ”
കിച്ചന് ആശ്ചര്യമായി. ഇത്രയും കുട്ട്യോൾ ഉള്ള ചെറുമന്റെ കുടിൽ സന്തോഷം നിറഞ്ഞതായിരിക്കുമെന്നു അവൻ മനസ്സിൽ ഓർത്തു. അവൻ മനസ്സിൽ ഉറപ്പിച്ചു. ഇന്ന് തന്നെ അമ്മയോട് പറയണം കോലോത്തും ഇതുപോലെ ഒത്തിരി കുട്ട്യോൾ വേണമെന്ന്.
“തമ്പുരാനേ.. ”
ചെറുമന്റെ വിളി കേട്ടാണ് ഓർമയിൽ നിന്നു ഉണർന്നത് കിച്ചൻ.
ഉള്ളതിൽ ഏറ്റവും ഇളയത്തിനെ അടുത്ത് വിളിച്ചു അമ്പലത്തിലെ പടച്ചോറും പായസനിവേദ്യവും കയ്യിൽ വെച്ചു കൊടുത്തു കിച്ചൻ. എന്നിട്ട് പറഞ്ഞു,
“എല്ലാപേർക്കും കൊടുത്തു കഴിച്ചോളൂ ”
വിശന്നു വലഞ്ഞിരുന്ന കുട്ടികൾക്ക് അത് കിട്ടിയപ്പോൾ അതിയായ സന്തോഷമായി. അവർ അതും കൊണ്ട് അകത്തേക്ക് ഓടി. കിച്ചൻ കോലോത്തെക്കും മടങ്ങി. പടിപ്പുര കടന്നു ചെല്ലുമ്പോൾ അമ്മു മുറ്റത്തു നിൽപ്പുണ്ട്. അവൻ കണ്ട പാടേ അവൾ ചോദിച്ചു,
“എവിടാർന്നു നീയ്? ഉച്ച പൂജ കഴിഞ്ഞു നടയടച്ചിട്ടു നേരം എത്ര ആയി? എന്തേ നീയ് വൈകിയേ? ”
“അതേയ് അമ്മു….. കിച്ചൻ നടന്നു നടന്നു വരും വഴി നമ്മുടെ ചെറുമൻ ഇല്ലേ…. അവിടെ നില്ക്കാ. ഇന്ന് ആൾ പാടത്തു പോയിട്ടില്ല്യേ. ഞാൻ ചോദിച്ചേ, അപ്പോഴാ അറിയണേ ചെറുമന്റെ കാലിൽ വയ്യായി ആണേ.അതാത്രേ പൊകാത്തെ ”
“ഹ്മ്മ് അപ്പൊ ഇത്രയും നേരം ചെറുമനോട് കിന്നാരം പറഞ്ഞു നിന്നുന്നു സാരം. അച്ഛ അറിയണ്ടാട്ടോ കിച്ചാ ചെറുമനോട് മിണ്ടാൻ നിന്നുന്നൊക്കെ. ആട്ടെ ന്നിട്ട് ചെറുമന് ഔഷധം കൊടുത്തുവോ? ”
“ആ കൊടുത്തു. വിശ്രമം ആവശ്യാ ന്നാലെ മുറിവ് ഉണങ്ങു. കിച്ചൻ പറഞ്ഞു അത്. അപ്പൊ ചോദിക്ക്യാ ആൾ ജോലിക്ക് പോയില്ലേൽ ചേരുമക്കിടാങ്ങൾ പട്ടിണി ആവുമെന്ന്.
പിന്നെ ഇണ്ടല്ലോ അമ്മു… ചെറുമന്റെ കുടിലിൽ നിറയെ കുട്ട്യോൾ ഇണ്ട്. ന്ത് രസാ ല്ല്യേ അമ്മു…
കിച്ചൻ അമ്മയോട് പറയാൻ പോവാ ”
“ന്ത്? ”
“ചെറുമന്റെ കുടിലിലെ പോലെ കോലോത്തും ഒത്തിരി കുട്ട്യോൾ വേണമെന്ന് ”
“അതിനു? ”
“അമ്മയോട് പറയും. അത്രന്നെ ”
“അയ്യയ്യേ… ഇതൊക്കെ അമ്മമാരോട് പറയ്യേ? അയ്യേ… ”
“ന്ത് അയ്യേ?
എല്ലാപേർക്കും ഇണ്ട്. നിക്ക് മാത്രം ഇല്ല്യ. ”
“ന്ത് കുട്ട്യോളോ?
പിന്നേ…. ഇയാൾക്ക് മാത്രം ഇല്ല്യ പോലും. ഒന്ന് പോടാ ചെക്കാ ”
“ന്നാ ഞാൻ ചെറുമനോട് ഒന്നിനെ ചോദിക്കും. ”
“ന്ത് കുട്ട്യോ? ”
“ആ ”
“പിന്നേ….ചോദിച്ചാൽ ഉടനെ എടുത്തു തരാൻ അത് കളിപ്പാട്ടം അല്ലാട്ടോ. ഇച്ചിരി കഷ്ടപ്പെട്ട് ഇണ്ടാക്കി വെച്ചിട്ടുള്ളതാ. അത് നിനക്ക് കളിക്കാൻ തരാനല്ല. ”
“ഞാൻ മിണ്ടില്ല്യ ”
“സാരല്ല്യ മാസത്തിൽ മുപ്പതു നാൾ ഉണ്ടുച്ചാൽ ഇരുപത്തിയഞ്ചു നാളും നിനക്ക് അത് പതിവാണല്ലോ ”
എന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് നടന്നു. മുറിയിൽ എത്തി അല്പം ഒന്നും വിശ്രമിക്കാൻ തുടങ്ങുമ്പോഴാ ലക്ഷ്മിയുടെ വരവ്.
“അമ്മു തമ്പുരാട്ടി അകത്തുണ്ടോ…..? ”
“ആഹാ ആരാ ഇത്? ഇങ്ങാടേക്കുള്ള വഴി ഒക്കെ അറിയോ ലക്ഷ്മി തമ്പുരാട്ടിക്കു? ”
“ഉവ്വെല്ലോ,
അതുകൊണ്ടല്ലേ വഴി തെറ്റാണ്ട് ഇവിടെ തന്നെ എത്തിയെ ”
“ഉവ്വോ? ”
“ഉവ്വെടി പെണ്ണേ ”
“കിച്ചൻ പറഞ്ഞിരിക്കുണു, നിന്നെ അമ്പലത്തിൽ കണ്ടുന്നു ”
“ഉവ്വ്
ശെരിക്കും ആൾ അറിഞ്ഞില്ല്യാട്ടോ കിച്ചനെ കണ്ടിട്ട്. വല്യ ആളായിരിക്കുണു. ആൾ ഇങ്ങട് മിണ്ടിയിരുന്നില്യാച്ചാൽ അറിയില്യാർന്നു ഞാൻ അത് കിച്ചനാണെന്നു.
സുന്ദരനാണുട്ടോ.. ഏത് പെണ്ണ് കണ്ടാലും മോഹിക്കും ഇപ്പോ ആളെ കണ്ടാൽ ”
“ഇനി അങ്ങനെ ഒരു പെണ്ണും മോഹിക്കില്യ മോളേ…”
“അതെന്തേ? കിച്ചന് എന്താ ഒരു കുറവ്?
കാണണോ സുന്ദരൻ,സൽസ്വഭാവി, കലാകാരൻ, സംഗീതജ്ഞൻ, വിദ്യാസമ്പന്നൻ, പിന്നെന്താ കുറവെന്ന് വെച്ചാൽ ആൾക്ക് കുട്ടിത്തം മാറീട്ടില്യ. അതൊക്കെ കിച്ചന്റെ വേളി ആയിരുന്നു വരുന്ന കുട്ടി മാറ്റിയെടുത്തോളും. ”
അമ്മുന്റെ മുഖം പെട്ടെന്ന് വാടി. അവൾ അൽപനേരം മൗനം പാലിച്ചു. പെട്ടെന്നുള്ള അമ്മുന്റെ മൗനം ലക്ഷ്മി ശ്രദ്ധിച്ചു . അവൾ അമ്മുനോട് ചോദിച്ചു,
“എന്തേ അമ്മുട്ട്യേ? എന്തേ നിന്റെ മുഖം വാടിയെ? ”
“എയ് ഒന്നുല്ല്യ. ”
“ഇക്ക് അറിയില്ല്യേ നിന്നെ,
കുട്ടികാലം മുതൽ കാണുന്നതല്ലേ അമ്മുവേ നിന്നെ ഞാൻ? നീയ് കാര്യം പറയു കുട്ട്യേ ”
“ഇക്ക് കിച്ചനെ ഇഷ്ടാ ”
അപ്രതീക്ഷിതമായുള്ള അമ്മുന്റെ മറുപടി ലക്ഷ്മിക്ക് വിശ്വസിക്കാനായില്ല. അവൾ അമ്മുന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവൾക്കുണ്ടായ ഞെട്ടൽ മറച്ചുകൊണ്ട് പറഞ്ഞു,
“അതിപ്പോ ആർക്കാ കിച്ചനെ ഇഷ്ടല്ലാത്തെ? ഇക്കും ഇഷ്ടണല്ലോ കിച്ചനെ. കുട്ട്യോൾടെ കണക്കെ അല്ലേ ആൾടെ പ്രാകൃതം. അതുകൊണ്ട് തന്നെ എല്ലാപേർക്കും ഇഷ്ടാവും കിച്ചനെ ”
“ഇത് ആ ഇഷ്ടം അല്ലാ ”
“പിന്നെ?
പിന്നെ ഏത് ഇഷ്ടാ? ”
“ഇക്ക് ഇഷ്ടാ കിച്ചനെ. കിച്ചന് ന്നെയും ഇഷ്ടാ ”
“കിച്ചൻ പറഞ്ഞുവോ അങ്ങനെ? ”
“എന്തിനാ ഇപ്പോൾ പറയുന്നെ? ഇക്ക് അറിയാം ന്നെ ഇഷ്ടാ ന്ന് ”
“അമ്മു….
നീയ് കരുതുംപോലെ അത്ര എളുപ്പം അല്ല ഇതൊന്നും. കിച്ചൻ ഇപ്പോഴും കുട്ടിത്തം മാറീട്ടില്യ. നിനക്ക് കിച്ചനോടുള്ള ഇഷ്ടവും, കിച്ചന് നിന്നോടുള്ള ഇഷ്ടവും രണ്ടും രണ്ടാ ”
“ഇക്ക് അതൊന്നും അറിയണ്ട
ന്നെ ഇഷ്ടപെട്ടേ പറ്റു”
“ന്തോന്നു? ”
“ന്നെ ഇഷ്ടപെട്ടേ പറ്റുന്നു ”
“ഹ്മ്മ്. ”
“ന്നെ ഇഷ്ടാ കിച്ചന് ഇക്ക് അറിയാം ”
“ന്റെ കുട്ട്യേ..
കിച്ചന് ആരെയാ ഇഷ്ടല്ലാത്തെ? എന്നാൽ നീ ഈ മനസ്സിൽ വെച്ചേക്കുന്ന ഇഷ്ടം ആവില്യ ആൾക്ക് ”
“അല്ലാ
ഇക്ക് അങ്ങടുള്ള ഇഷ്ടം തന്ന്യാ കിച്ചന് ഇങ്ങടും ഉള്ളത്. ”
“എന്ന് കിച്ചൻ പറഞ്ഞുവോ നിന്നോട് എപ്പോഴേലും? ഇല്ല്യല്ലോ? ”
“പറയണ്ട.
ഞാൻ ഒരു കൂട്ടം കാട്ടാം, അപ്പൊ നിനക്ക് മനസ്സിലാവും ”
“എന്ത്? ”
“നിൽക്കാ
എടുക്കട്ടെ ”
“മ്മ് ”
അമ്മു, എഴുന്നേറ്റു പോയി കിച്ചൻ അവൾക്കായി എഴുതി നൽകിയ കവിത എടുത്തു കൊണ്ട് ലക്ഷ്മികുട്ടിയുടെ കയ്യിൽ കൊടുത്തു.
അമ്മുന് കിച്ചൻ എഴുതിയ കവിത വായിക്കുമ്പോൾ അതുവരെയും കിച്ചനോട് തോന്നിട്ടില്ലാത്ത ഒരു ഇഷ്ടം അവളുടെ മനസ്സിൽ ഉടലെടുത്തു. കുട്ടികാലം മുതൽക്കേ അവനെ അറിയുന്നതാണ്. ഇതുവരെ ആരോടും തോന്നിട്ടില്ലാത്ത ഒരു ഇഷ്ടം ആ കവിതകളോടും അത് എഴുതിയ കിച്ചനോടും തോന്നിതുടങ്ങി ലക്ഷ്മിക്ക്.
ലക്ഷ്മിയുടെ നിൽപ്പ് കണ്ടു അമ്മു ചോദിച്ചു,
“ഇപ്പോ നിനക്ക് ബോധ്യായില്യേ?
കിച്ചൻ ഈ അമ്മുന്റെയാണെന്നു “

അമ്മു കാട്ടിയ കിച്ചന്റെ കവിത ലക്ഷ്മി വായിച്ചു തുടങ്ങി,
“രാത്രിയിൽ മുഴുവനും അരികിലിരുന്നിട്ടും
നിലവിളക്കിൻ തിരി താഴ്ത്തിയിട്ടും
മഴയുടെ ശ്രുതി കേട്ടു പാടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു
താമര വിരലിനാൽ മെല്ലെ നീ തൊട്ടിട്ടും
ചുരുൾ മുടി കൊണ്ടെന്നെ മൂടിയിട്ടും
മാറിലെ മണിമുത്തു നീട്ടിയിട്ടും
എന്റെ പ്രണയം മുഴുവനും
അഴകേ നിന്നോട് പറയാൻ ഞാൻ മറന്നു ”
കിച്ചൻ എഴുതിയ വരികൾ വായിക്കുമ്പോൾ ലക്ഷ്മിയുടെ മനസ്സിൽ അവനോടുള്ള ഇഷ്ടത്തിന് അവൾ പോലും അറിയാതെ നിറം പടർന്നു.
“കുട്ടികാലം മുതൽ കിച്ചനെ അറിയുന്നതാണ്. ഒരു കുട്ടിയോടെന്നപോലെ അല്ലാതെ തെറ്റായ രീതിയിൽ ഒരു വാക്കോ, നോക്കോ കൊണ്ട് പോലും തനിക്കു അവനോടോ അവന് തന്നോടോ തോന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം കിച്ചനെ അമ്പലത്തിൽ കണ്ടത് മുതൽ അവനോടു മറ്റൊരു തരത്തിൽ മോഹം തോന്നി തുടങ്ങിയിരിക്കുന്നു ”
ലക്ഷ്മിയുടെ ചിന്തകൾ അതിരു കടന്നു.
തനിക്കു ആകെയുള്ള സുഹൃത്താണ് അമ്മു. കിച്ചനെ അവൾക്കു ഇഷ്ടാണെന്നു തന്നോട് അവൾ പറഞ്ഞു. അവൻ അവൾക്കെഴുതിയ വരികളിലുണ്ട് അവന് അവളെയും ഇഷ്ടാണെന്നു, ഒക്കെ അറിഞ്ഞിരുന്നിട്ടും കിച്ചനെ താൻ ആഗ്രഹിക്കുന്നത് തെറ്റല്ലേ,
ലക്ഷ്മിയുടെ മനസ്സിൽ ഇങ്ങനെ കുറച്ചു ചോദ്യങ്ങൾക്കു ചോദ്യങ്ങൾക്കു ഉത്തരം തിരയുമ്പോഴാണ് അവൾക്കുള്ള സംഭരവുമായി അമ്മു വന്നത്.
“ഇതാ കുടിച്ചോളൂട്ടോ
സംഭാരാ ”
“അമ്മു…. ”
“എന്തേ? ”
“ഒരു കൂട്ടം ചോദിച്ചോട്ടെ? ”
“ഇതാ ഇപ്പോ നന്നായെ
നിനക്ക് എന്നോട് എന്താലും ചോദിക്കണോച്ചാൽ ഈ മുഖവുര വേണോ ൻറെ ലക്ഷ്മികുട്ട്യേ?
അതങ്ങട് ചോദിച്ചാൽ പോരെ? ”
“നിനക്ക് മറ്റൊരു വേളി തരപ്പെട്ടുന്നു വെക്കു, കിച്ചനെക്കാൾ കേമനായ ഒരാൾ,
അങ്ങനെ ആയല്ലോ കിച്ചനെ വേണ്ടാന്ന് വെക്കുമോ? ”
“കിച്ചനെക്കാൾ കേമൻ ആയി മറ്റൊരാൾ ഇണ്ടാവില്യ ൻറെ മനസ്സിൽ.
പിന്നെ, ൻറെ കഴുത്തിൽ കിച്ചൻ താലി കെട്ടിയില്ല്യാന്നേ ഉള്ളു. മനസ്സുകൊണ്ട് ഞാൻ എന്നോ കിച്ചന്റെ വേളി തന്ന്യാ.
കിച്ചനെ അമ്മു മറക്കണൊച്ചാൽ ൻറെ നെഞ്ചിലെ പെടപ്പ് നിലയ്ക്കണം ”
“മ്മ്,
കിച്ചൻ മറ്റൊരു പെൺകുട്ടിയെ സ്വീകരിച്ചുച്ചാലോ? ”
“ഇല്ല്യ, ഞാൻ സമ്മതിക്കില്യ.
ഇക്ക് അറിയാം കിച്ചനെ. ആ മനസ്സിൽ ഈ അമ്മുന് മാത്രേ സ്ഥാനമുള്ളൂ.
എന്തേ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ? ”
“എയ്.. വെറുതെ
വെറുതെ ചോദിച്ചതാ ”
“ഹ്മ്മ്… വെറുതെ ചോദിക്കാൻ കണ്ട ഓരോ കാര്യങ്ങളേ…
വെറുതെ ചോദിക്കാനാണുച്ചാൽ വേറെ എന്തെല്ലാം നല്ല കാര്യങ്ങളുണ്ട്. മനുഷ്യനെ നീറ്റുന്ന കാര്യങ്ങളെ കിട്ടിയുള്ളൂ അവൾക്കു ”
അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ പോട്ടെ അമ്മുവേ? ”
“ഇതെന്തേ?
കുറച്ചു നേരം ഇരിക്കേടോ. ഇപ്പോൾ വന്നതല്ലേ ഉള്ളു നീയ് ”
“ഇപ്പോഴാ ഓർത്തെ. അല്പം പണിയുണ്ട് പിന്നെ വരാംട്ടോ”
“ഹ്മ്മ്മ് ”
എന്ന് പറഞ്ഞു ലക്ഷ്മി പോയി. അവൾ പോയ പാടേ അമ്മു, ഒന്ന് മയങ്ങാമെന്നു കരുതി കിച്ചനെ കുറിച്ച് ഓർത്തു കൊണ്ട് കിടക്കുമ്പോഴാ പുറത്തു കുതിരക്കുളമ്പടി കേട്ടത്. അവൾ വേഗം കട്ടിലിൽ നിന്നു എഴുന്നേറ്റു ജനലഴികളിലൂടെ പുറത്തേക്കു നോക്കി. കുതിരപ്പുറത്തു നിന്നു ഇറങ്ങിയ ആളെ കണ്ടു ഞെട്ടി. അവൾ ഉടനെ തന്നെ സാവിത്രിയുടെ മുറിയിലേക്കു ചെന്നു.
“ഓപ്പോളേ…
അയാൾ എത്തിയിരിക്കുണു ”
“ആര്? ”
“ആ വൈത്തി ”
ചൊവ്വദോഷക്കാരിയായ സാവിത്രിയെ വിവാഹം കഴിച്ചോളാമെന്നു വൈത്തി സമ്മതം അറിയിച്ചിട്ടുണ്ട് വല്യമ്മാമയോട്. എന്നാൽ ഒരു വ്യവസ്ഥയുണ്ട്,
സാവിത്രി എന്ന ചൊവ്വദോഷക്കാരിയെ വേൾക്കണമെങ്കിൽ വല്യമ്മാമയുടെ സ്വത്തു മുഴുവൻ വൈത്തിക്കു ഇഷ്ടദാനം നൽകണം.
അന്ന് മരുമക്കത്തായം നിലനിന്നിരുന്ന കാലമാണ്. അന്നത്തെ നിയമപ്രകാരം വല്യമ്മാമയുടെ സ്വത്തിന്റെയെല്ലാം അവകാശി കിച്ചൻ മാത്രാണ്. അത് അറിയുന്ന വൈത്തി ബുദ്ധിപൂർവമാണ് ഇങ്ങനെ ഒരു നിബന്ധന വെച്ചതും.
സാവിത്രി അമ്മുനോട് ചോദിച്ചു,
“എന്താണാവോ എഴുന്നള്ളത്തിന്റെ ഉദ്ദേശം? ”
“ആർക്കാ അറിയാ ഓപ്പോളേ,
ആ വഷളനെ കണ്ട പാടേ ഞാൻ ഇങ്ങട് പോന്നതാ ഓപ്പോളേ അറിയിക്കാനേ ”
“മ്മ് വരട്ടേ ആ അസുരൻ.
ചൂലെടുത്തു ആട്ടും ഞാൻ “

(തുടരും )

Read complete പുനർജ്ജന്മം Malayalam novel online here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply