പകർന്നാട്ടം – 1

3752 Views

പകർന്നാട്ടം malayalam novel

ആദിത്യ കിരണങ്ങൾ കത്തി ജ്വലിക്കുമ്പോഴും കിഴക്കൻ കാവ് വിഷ്ണു മൂർത്തി – ചാമുണ്ഡേശ്വരി ക്ഷേത്രത്തിലേക്കുള്ള ആളുകളുടെ ഒഴുക്ക് നിലച്ചില്ല.

വടക്കേ മലബാറിലെ ഒരു കൊച്ച് ഗ്രാമമായ കണ്ണാടിപ്പാറ നിവാസികൾക്ക് കിഴക്കൻ കാവ് ക്ഷേത്രത്തിലെ കളിയാട്ടം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നാണ്.

പേര് പോലെ തന്നെ കിഴക്കേ ദിക്കിൽ സ്ഥിതി ചെയ്യുന്ന വലിയൊരു കാവുണ്ട് ഗ്രാമത്തിൽ,അതിന് ഓരം ചേർന്ന് വിഷ്ണു മൂർത്തിയും ചാമുണ്ഡേശ്വരിയും സ്ഥാനം പിടിച്ചു.

വെയിൽ എത്ര കനത്താലും കിഴക്കൻ കാവിൽ ഇരുട്ട് തങ്ങി നിൽക്കും. എപ്പോഴും ഇളം തെന്നൽ വീശുന്ന കാവിനകം ഏത് വേനലിലും കുളിർമ്മ പകരും.

വെള്ളി കിണ്ടിയിൽ പകർന്നെടുത്ത ഇളനീർ ചുണ്ടോട് ചേർക്കുമ്പോൾ രാമൻ പണിക്കരുടെ മുഖത്ത് വല്ലാത്ത തീഷ്ണതയായിരുന്നു.

പരദേവതയുടെ തിരുമുടിയണിഞ്ഞു ദേവാംശത്തെ തന്നിലേക്ക് ആവാഹിച്ച രാമൻ പണിക്കരുടെ കൈയ്യിൽ നിന്നും കിണ്ടി വഴുതി വീണു.

കണ്ണുകൾ പിന്നിലേക്ക് മറിയുന്നു.. കണ്മുന്നിൽ ആയിരം ആദിത്യന്മാർ ഒന്നിച്ചുദിച്ച പോലെ.തെയ്യം കൂടി..ആരോ പിറുപിറുത്തു.

ഇനി രാമൻ പണിക്കരില്ല. കാലഭേദങ്ങൾക്ക് മായ്ക്കാൻ കഴിയാത്ത ശക്തി വിശേഷണം മാത്രം.

തൊട് കുറിയും മുഖത്തെഴുത്തുമായി ചെമ്പട്ടുടുത്ത് തിരുമുടിയും കുരുത്തോലയുമണിഞ്ഞ ശക്തി മാത്രം.

പാതി മനുഷ്യനും പാതി മൃഗവുമായ സംഹാര മൂർത്തി രാമൻ പണിക്കരിൽ ആവേശിച്ചു കഴിഞ്ഞു.

രാമൻ പണിക്കരെന്ന തെയ്യം കലാകാരൻ കണ്ണാടിപ്പാറക്കാരുടെ സ്വകാര്യ അഹങ്കാരമാണ്.

വയസ്സ് അൻപത് പിന്നിട്ടെങ്കിലും ഇന്നും ഇരുപതിന്റെ ചുറുചുറുക്കുണ്ട് പണിക്കർക്ക്.

ഇക്കാലമത്രയും കെട്ടിയാടിയ തെയ്യങ്ങൾക്ക് കണക്കില്ല. കതിവന്നൂർ വീരനും കണ്ടനാർ കേളനുമടക്കം അനേകം തെയ്യങ്ങൾ.

ഇരുപത്തി അഞ്ചാം വയസ്സൽ ഒറ്റക്കോലം കെട്ടി. ദേശാധികാരിയിൽ നിന്നും പട്ടും വളയും മേടിച്ച് പണിക്കർ സ്ഥാനം നേടി.

നല്ല പ്രായത്തിൽ വിവാഹം കഴിക്കാതെ സർവ്വ സുഖവും തെയ്യക്കോലങ്ങൾക്ക് ഉഴിഞ്ഞു വച്ച പണിക്കർക്ക് ആകെയുള്ളത് ശ്രീക്കുട്ടി എന്ന വളർത്ത് മകൾ മാത്രം.

പതി താളത്തിൽ തുടങ്ങി രൗദ്ര താളത്തിലേക്ക് ഗതി മാറിയ അസുര വാദ്യത്തിന്റെ മേളക്കൊഴുപ്പിൽ പരദേവത ഉറഞ്ഞാടുമ്പോൾ സംഭവിച്ചു പോയ ദുരന്തം പണിക്കർ അറിഞ്ഞില്ല.

തെയ്യത്തിന് വിളക്ക് പിടിച്ചു നിന്ന വാസു മൂത്താന്റെ ചെവിയിൽ ആരോ ആ ദുരന്ത വാർത്ത മൊഴിഞ്ഞു.

രാമൻ പണിക്കരുടെ മോള് മരിച്ചു.
മൂത്താരുടെ ഉള്ള് കിടുങ്ങി.കൈ വിറച്ചു,കുത്ത് വിളക്കിലെ തിരി കാറ്റിലുലഞ്ഞണഞ്ഞു.

ചതിച്ചൂലോ ന്റെ പരദേവതേ.ന്താ പ്പോ ചെയ്യുക.മൂത്താരുടെ വെപ്രാളം കണ്ട കാര്യക്കാർ കാരണം തിരക്കി.

വാർത്ത അയാളേയും നടുക്കി.മകൾ മരിച്ചാൽ അച്ഛന് പുലയല്ലേ ന്താ ചെയ്യാ.വളർത്ത് മകളല്ലേ രക്തബന്ധം അല്ലല്ലോ,പുലപ്പേടി വേണ്ട.

പക്ഷേ,പണിക്കർക്ക് സ്വന്തം മകളെ പോലെ തന്നെ,പുല നിശ്ചയം. മൂത്താർ കാര്യക്കാരുടെ വാദത്തെ എതിർത്തു.

ഇനിയിപ്പോ കോലം അഴിക്കും വരെയും മിണ്ടാതെ അറിയാതെ നോക്കുക.

രാമൻ കണ്ണിലെ കൃഷ്ണ മണി പോലെ നോക്കിയ പെണ്ണാ. മൂത്താരുടെ കണ്ണും നിറഞ്ഞ് തുടങ്ങി.
***************************************
കിഴക്കൻ കാവിലെ ഇരുളടഞ്ഞ വഴികളിലും പാറക്കെട്ടുകൾക്കിടയിലും ആളുകൾ തിങ്ങി നിറഞ്ഞു.

കളിയാട്ടത്തിൽ മുഴുകിയവർ മാത്രം കഥയറിഞ്ഞില്ല.

തിക്കും തിരക്കുമായി കാടിളക്കിയ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് നന്നേ പണിപ്പെട്ടു.

വളവ് തിരിഞ്ഞു വന്ന ഒരു പോലീസ് ജീപ്പ് ആളുകളെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ബ്രേക്കിട്ടു.

ജീപ്പിൽ നിന്നും പുറത്തിറങ്ങിയ സർക്കിൾ ഇൻസ്‌പെക്ടർ ജീവൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.

സിഐയെ കണ്ടതും സബ് ഇൻസ്‌പെക്ടർ ജോൺ വർഗ്ഗീസ് കർമ്മ നിരതനായി.

മാറി നിൽക്ക് നായിന്റെ മക്കളേ..അയാൾ പല്ല് ഞെരിച്ച് കൊണ്ട് ലാത്തി വീശി.ആളുകൾ ചിതറിയോടി.

തൊപ്പി ഒന്ന് കൂടി ഉറപ്പിച്ചു കൊണ്ട് എസ് ഐ സിഐക്ക് നീട്ടിയൊരു സല്യൂട്ട് നൽകി.

എന്തായെടോ.ജോൺ വർഗ്ഗീസിനെ നോക്കി മീശ തടവിക്കൊണ്ട് ജീവൻ മുൻപോട്ട് നടന്നു.

സർ,താഴേക്ക് നല്ല വഴുക്കൽ ഉള്ള പാറക്കെട്ടാണ്.അരുവി പതിക്കുന്നിടത്തെ വെള്ളക്കെട്ടിലാണ് ബോഡി കിടക്കുന്നത്.

എടുക്കാൻ ആൾക്കാർ ഇറങ്ങുന്നുണ്ട്.എസ് ഐ വിവരണം നൽകി പിന്നാലെ ചെന്നു.പ്രധമ ദൃഷ്ട്യാ കൊലപാതകമാണ് എന്നുറപ്പ്.

മ്മ്,ജീവൻ ഒന്നിരുത്തി മൂളിക്കൊണ്ട് അടുത്ത് നിന്ന മരത്തിലേക്ക് ചാരി. ഒരു വിൽസ് കൊളുത്തി.

അതേ സമയം കിഴക്കൻ കാവിന് അല്പം അകലെയുള്ള പള്ളിയറ മുറ്റത്ത് നരസിംഹ മൂർത്തിയുടെ ഉറഞ്ഞാട്ടം അതിന്റെ മൂർത്തിമത് ഭാവം പൂണ്ടിരുന്നു.

പൊയ് നഖമണിഞ്ഞ പരദേവത തിരുനടയിൽ അസുര നിഗ്രഹം കഴിക്കുമ്പോൾ കിഴക്കൻ കാവിലെ ജനക്കൂട്ടം ഒന്നിളകി.ഇടയിലാരോ വിളിച്ചു പറഞ്ഞു,കിട്ടി..കിട്ടി…

എരിഞ്ഞു തീരാറായ സിഗരറ്റ് വലിച്ചെറിഞ്ഞു കൊണ്ട് ജീവൻ ആളുകളെ വകഞ്ഞു മാറ്റി മുൻപോട്ട് നടന്നു.

ദേഹമാസകലം മുറിവുകളും രക്തവും നിറഞ്ഞ ഒരു പെൺകുട്ടിയുടെ നഗ്ന ശരീരം ആരൊക്കെയോ ചേർന്ന് മുകളിൽ കയറ്റി കിടത്തി.

ജീവൻ തൊപ്പി ഊരിക്കൊണ്ട് ആ മൃതദേഹത്തിന്റെ മുഖത്തേക്ക് നോക്കി.

ഏറിയാൽ ഒരു പതിനേഴ് വയസ്സ്.അല്പം തുറന്ന വായിൽ രക്തം കട്ട പിടിച്ചു നിൽക്കുന്നു.

പതിയടഞ്ഞ കണ്ണിൽ ഒരുപാട് വേദന അനുഭവിച്ചതിന്റെ ലക്ഷണം. ഇടതൂർന്ന മുടി പിന്നിലേക്ക് ഒഴുകി കിടക്കുന്നു.

ഒരു നിമിഷം കുഞ്ഞു പെങ്ങൾ ചാരുവിന്റെ മുഖമാണ് ജീവന്റെ മനസ്സിലേക്ക് ഓടിയെത്തിയത്.

അയാൾ കണ്ണുകൾ ഇറുക്കി അടച്ചു.മൊബൈൽ ക്യാമറകളിലെ വെള്ളി വെളിച്ചം തുടരെത്തുടരെ മിന്നിയതും ജീവന്റെ സമനില തെറ്റി.

അടുത്ത് നിന്ന് ദൃശ്യങ്ങൾ പകർത്തിയവന്റെ കാരണത്ത് ഒന്ന് പൊട്ടിച്ചു കൊണ്ട് ജീവൻ അലറി.

നിന്റെയൊക്കെ അമ്മയും പെങ്ങളും ഇങ്ങനെ നഗ്നയായി മരിച്ചു കിടന്നാൽ അപ്പോഴും എടുക്കുമോ ഫോട്ടോസ്??

വർഗ്ഗീസെ നടപടി പൂർത്തിയാക്കി ബോഡി മാറ്റാൻ നോക്ക്.ആദ്യം തന്നെ ഒരു വെള്ളത്തുണി കൊണ്ട് വന്ന് പുതപ്പിക്ക്.

മൃതദേഹത്തിനും ഉണ്ടെടോ അവകാശങ്ങൾ.മരണത്തിലും നഗ്നത മറയ്ക്കാൻ ഉള്ള ഒരു വെള്ളത്തുണിക്കുള്ള അവകാശമുണ്ട് ആ ദേഹത്തിനും.
***************************************
വളർത്ത് മകളുടെ ദാരുണാന്ത്യമറിയാതെ ദേവ ചൈതന്യം പൂണ്ട രാമൻ പണിക്കർ അപ്പോൾ മറ്റൊരു പതിനേഴ്കാരിയുടെ ശിരസ്സിൽ തൊട്ട് അനുഗ്രഹം നൽകുകയായിരുന്നു.

ഗുണം വരണം..കാകനും കഴുകനും ദൃഷ്ടി പതിക്കാതെ എന്നെന്നും ഞാനുമെന്റെ ചങ്ങാതിയും തുണയുണ്ടാകും.

അനുഗ്രഹം വാങ്ങാൻ നിന്നവരുടെ നീണ്ട നിരയെ വകഞ്ഞു മാറ്റി ആരൊക്കെയോ ഒരുക്കിയ വഴിയിലൂടെ അപ്പോൾ ഒരു ആംബുലൻസ് പാഞ്ഞു പോയി.

അത് നോക്കി നിന്ന രണ്ട് കണ്ണുകളിൽ അപ്പോഴും കാമം കത്തുന്നുണ്ടായിരുന്നു.

പൈശാചികമായ ഒരു ചിരിയോടെ ആ കണ്ണുകളുടെ ഉടമ പരദേവതയുടെ അരികിൽ അക്ഷമനായി കാത്ത് നിന്നു.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply