Skip to content

പകർന്നാട്ടം: ഭാഗം-18

പകർന്നാട്ടം Novel

ജീവനും ബാലമുരളിയും ഡോർ തുറന്ന് പുറത്തിറങ്ങി.

ജീവൻ ചുറ്റുമോന്ന് കണ്ണോടിച്ചു.ഒരു കരിയിലപോലും അവശേഷിക്കാതെ ചുറ്റും വൃത്തിയാക്കിയിരിക്കുന്നു.

ബാലമുരളിയുടെ മുഖത്ത് പതിവ് ഗൗരവം തന്നെ.

ജർമ്മൻ ഷെപ്പേർഡുകൾ ഇരുവരേയും ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം തല ഒന്ന് കൂടി ഉയർത്തിപ്പിടിച്ചു.

സർ,ആരെ കാണാൻ ആണ് നമ്മളിവിടെ….

ജീവന്റെ ചോദ്യത്തിന് ഉത്തരമെന്ന പോലെ റെയ്ഞ്ച് റോവറിന്റെ ഡോർ തുറക്കപ്പെട്ടു.

ഡ്രൈവിംഗ് സീറ്റിൽ നിന്നും ഗ്രേ കളർ ടീ ഷർട്ടും നീല ജീൻസും ധരിച്ച ഒരു ചെറുപ്പക്കാരൻ പുറത്തിറങ്ങി.

ഷേവ് ചെയ്ത് മിനുക്കിയ മുഖം, ഒതുക്കി വെട്ടിയ മീശ,മുഖത്തേക്ക് ചിതറിക്കിടക്കുന്ന തലമുടി,ഉറച്ച ശരീരം,വലത് കൈത്തണ്ടയിൽ ഒരു പഞ്ചാബി വള,ദേഹത്ത് പിടിച്ച് കിടക്കുന്ന ടീഷർട്ടിൽ മസിൽ തുളുമ്പി നിൽക്കുന്നു.

അയാളെ കണ്ടതും ജർമ്മൻ ഷെപ്പേർഡുകൾ യജമാന ഭക്തിയോടെ ഒതുങ്ങി നിന്നു

കണ്ണുകളെ മറച്ച് നിന്നിരുന്ന റെയ്ബാൻ ഗ്ലാസ്‌ ഊരിക്കൊണ്ട് അയാൾ അവർക്കരികിലേക്ക് നടന്നു.

**********
ജില്ലാ ആശുപത്രിയിലെ ഐസിയു എന്നെഴുതിയ ഗ്ലാസ്‌ വാതിലിന് മുൻപിൽ ശില്പ ജീവച്ഛവം പോലെയിരുന്നു.

വോണിന്റെ മരണവും ഭർത്താവിന്റെ അവസ്ഥയും അവളെ അത്രമേൽ തകർത്തു.

മാഡം ഇവിടിങ്ങനെ ഇരിക്കണ്ടാ, ഞങ്ങളൊക്കെ ഉണ്ടല്ലോ, വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആകൂ…

ട്രാഫിക് എസ്.ഐ സഞ്ജീവിന്റെ വാക്കുകൾക്ക് വിളറിയ ഒരു നോട്ടം മാത്രമായിരുന്നു ശില്പയുടെ മറുപടി.

മാഡം,പ്ലീസ്…

ഇല്ല സർ,ഞാൻ…ഞാനിവിടെ ഇരുന്നോളാ…പ്ലീസ്..പ്ലീസ് leave me alone..

മറിച്ചൊന്നും പറയാതെ സഞ്ജീവ് അവിടെ നിന്നും പിൻവാങ്ങി.

പിന്നിൽ മുള ചീന്തും പോലെ ശില്പ കരയുന്നത് കേൾക്കാം…

ഒരു സൈഡിൽ മരണത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ട ജോൺ വർഗ്ഗീസ്‌ ജീവിതത്തിലേക്ക് തിരിച്ച് കയറാൻ മരുന്നുകളുടെ ദയ തേടി കിടക്കുമ്പോൾ വോണിന്റെ തണുത്തുറഞ്ഞ ശരീരം ആശുപത്രിയിലെ മോർച്ചറിയിൽ നീണ്ട് നിവർന്ന് കിടന്നു.

**************
രാമൻ പണിക്കരുടെ വീട്…

പൊളിഞ്ഞു വീഴാറായ വേലിപ്പടർപ്പിൽ പടർന്ന് കയറിയ കുടമുല്ലയുടെ പൂക്കൾ ശേഖരിക്കാൻ കുട്ടികൾ മത്സരമാണ്….

നാടെങ്ങും ഓണം ആഘോഷിക്കാൻ ഉള്ള ഓട്ടത്തിലാ അല്ലേ മൂത്താരെ…

കുഴിയിലായ കണ്ണുകളുയർത്തി രാമൻ പണിക്കർ മൂത്താരെ നോക്കി….

ന്റെ ചിന്നുക്കുട്ടിയും ഇപ്പോൾ ഇത് പോലെ പൂവൊക്കെ പറിച്ച് നടക്കേണ്ടതായിരുന്നു…അല്ലേ…

പുത്തനൊക്കെ ഇട്ട് ന്റെ കുട്ടി ഇവിടൊക്കെ പാറി നടക്കുമായിരുന്നു…ല്ലേ മൂത്താരെ…

പണിക്കരുടെ കണ്ണുകൾ കണ്ണീർ തടാകമായി…പിന്നെ അണപൊട്ടിയ പോലെ കണ്ണീർ കവിളിലൂടെ ചാലിട്ടൊഴുകി.

വാസു മൂത്താർക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു…എന്ത് പറഞ്ഞാലാണ് ആ കണ്ണുകൾ തോരുക…

തെക്കേ തൊടിയിലെ ശ്രീക്കുട്ടിയുടെ ചുടലയിലേക്ക് അയാൾ കണ്ണോടിച്ചു…

കുടമുല്ലയും തെച്ചിയും അവിടേയും തഴച്ച് വളർന്നിട്ടുണ്ട്… അവയ്ക്കിടയിൽ തല ഉയർത്തി നിൽക്കുന്ന തെങ്ങും,മാറാൻ ചേമ്പും…വാഴ കുമ്പടച്ച് മുരടിച്ച് പോയിരിക്കുന്നു…

ഒരു ദീർഘനിശ്വാസത്തോടെ അയാൾ കണ്ണുകളടച്ചു…അവയ്ക്കിടയിലൂടെ രണ്ട് തുള്ളി കണ്ണീർ ഉതിർന്ന് വീണു.

ആ രാമ,ഞാൻ പറയാൻ മറന്നു… വിച്ചു വരണുണ്ട്…ഇന്നോ നാളെയോ എത്തും…

വിഷയം മാറ്റാനെന്ന പോലെ മൂത്താർ മകന്റെ കാര്യമെടുത്തിട്ടു.

വാസു മൂത്താരുടെ ഇളയ സന്താനമാണ് വിച്ചു എന്ന് വിളിക്കുന്ന വിഷ്ണു…

ITBP യിൽ എസ്.ഐ ആണ് വിഷ്ണു..

ശ്രീക്കുട്ടിയുടെ മരണം അറിഞ്ഞെങ്കിലും അന്ന് വരാൻ സാധിക്കാത്തതിന്റെ വിഷമം അവനെ വല്ലാതെ അലട്ടിയിരുന്നു,അപ്പോഴാണ് സ്പെഷ്യൽ ലീവ് അനുവദിച്ച് കിട്ടുന്നത്.

അവനൊന്ന് ഇങ്ങെത്തട്ടെ രാമാ, പിന്നെ നമ്മുടെ കൊച്ചിനെ ദ്രോഹിച്ച എല്ലാത്തിനെയും അകത്താക്കും…

എനിക്കും തനിക്കും ഇല്ലാത്ത ഒന്ന് അവനുണ്ട്…അധികാരം…

ആ അത് ശരിയാ,രാമനച്ഛാ, അവനാകുമ്പോ നിയമവശങ്ങൾ ഒക്കെ അറിയാലോ…

ഇരുവരുടേയും സംസാരം കേട്ടുകൊണ്ട് അകത്ത് നിന്നിറങ്ങി വന്ന മൂത്താരുടെ മകൾ വിദ്യ അച്ഛനെ പിന്താങ്ങി.

കൈയ്യിൽ കരുതിയിരുന്ന കട്ടൻ ചായ ഇരുവർക്കും നൽകിയ ശേഷം വിദ്യ രാമൻ പണിക്കരുടെ അടുത്ത് ചെന്ന് അയാളുടെ കണ്ണുകൾ തുടച്ചു.

ഇങ്ങനെ കരയല്ലേ രാമനച്ഛാ, രാമനച്ഛൻ കരഞ്ഞാ വിദ്യക്കൊച്ചും കരയും,അത് വേണോ??

ആ ചോദ്യത്തിന് മുൻപിൽ രാമൻ പണിക്കരുടെ കണ്ണുകൾ ഉറവ വറ്റിയ പോലെ നിന്നു.

വിഷ്ണുവിനും വിദ്യയ്ക്കും രാമൻ പണിക്കർ രാമനച്ഛനാണ്.വാസു മൂത്താർ പറഞ്ഞാൽ അനുസരിക്കുന്നതിലും കൂടുതൽ രാമൻ പണിക്കർ പറഞ്ഞാലാണ് ഇരുവരും അനുസരിക്കുക.

രാമനച്ഛൻ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കരുത്…പുറത്തൊക്കെ പോകണം…

നാളെ നമ്മൾ എല്ലാവരും കൂടി പറശ്ശിനി മടപ്പുരയിൽ പോകുന്നു…ന്താ ഏറ്റോ??

അവളുടെ ചോദ്യത്തിന് അനുകൂലമായി തല കുലുക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും പണിക്കർക്ക് ഉണ്ടായിരുന്നില്ല…

വിദ്യ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

എല്ലാം കേൾക്കുന്നുണ്ട് എന്ന മട്ടിൽ ചൂട് ചായ ഊതിക്കുടിച്ചു കൊണ്ട് അയാൾ വിദൂരതയിലേക്ക് കണ്ണോടിച്ചുകൊണ്ടിരുന്നു…

*************
മല്ലിയോടൻ കാവിലെ ബംഗ്ലാവിനുള്ളിൽ നരിമറ്റം സ്കറിയയും സ്റ്റീഫനും സ്കറിയയുടെ മകൻ ആൽബിനും അതീവ സന്തോഷത്തിലായിരുന്നു.

കൊച്ചി ടീം പുറത്ത് കാവൽ നിൽക്കുന്നു.

ജോണിവാക്കർ ബ്ലാക്കിന്റെ അടപ്പ് തുറന്ന് കൃത്യമായ അളവിൽ ഗ്ലാസിലേക്ക് പകരുമ്പോൾ ആൽബിയുടെ ചുണ്ടിൽ ഒരു വിജയിയുടെ ചിരിയുണ്ടായിരുന്നു.

സിഐ ജീവൻ…അവന്റെ അമ്മേടെ അന്വേഷണം…അമ്പും വില്ലും…. ഒടുവിൽ പവനായി ശവമായി….

തുല്യ അളവിൽ പകർന്ന മദ്യത്തിലേക്ക് ഒരു പിടി ഐസ് ക്യൂബ് വാരി ഇട്ടുകൊണ്ട് അവൻ പൊട്ടിച്ചിരിച്ചു…

സ്കറിയയും സ്റ്റീഫനും ഓരോ ഗ്ലാസ് കൈ മാറിയ ശേഷം മൂന്നാമത്തെ ഗ്ലാസ്‌ കൈയ്യിലെടുത്ത് ആൽബി മുകളിലേക്ക് ഉയർത്തി….

ഞങ്ങളുടെ കർത്താവായ ദൈവമേ… സർക്കിൾ ഇൻസ്‌പെക്ടർ ജീവന്റെ ആത്മാവിന് നീ നിത്യശാന്തി നൽകേണമേ…ആമേൻ…

അകാലത്തിൽ മൃത്യു വരിച്ച സർക്കിൾ ഇൻസ്‌പെക്ടർ ജീവന്റെ വിയോഗത്തിൽ നമുക്കും പങ്ക് ചേരാം…

മൂവരും ഉറക്കെ ചിരിച്ചു കൊണ്ട് ഗ്ലാസ്‌ കൂട്ടി മുട്ടിച്ചു…ചിയേഴ്സ്…..

ഒറ്റ വലിക്ക് ഗ്ലാസ്‌ കാലി ആക്കിക്കൊണ്ട് മേശയിലിരുന്ന പ്ലെയ്‌റ്റിൽ വരട്ടി വച്ചിരുന്ന വെടിയിറച്ചി വാരി വായിലിട്ടു കൊണ്ട് സ്റ്റീഫൻ തല വെട്ടിച്ചു.

പാവം കൊച്ചൻ നരിമടയിൽ കയറി കബഡി കളിക്കാൻ നോക്കിയതാ… എന്ത് ചെയ്യാം…

അല്ലടാ ഈ വെടി ഇറച്ചിയും ജോണിവാക്കറും മാത്രേ ഉള്ളൂ…ടച്ചിങ്ങിന് ഒന്നും ഇല്ലേ…

സ്റ്റീഫൻ ഒരു വഷളൻ ചിരിയോടെ ആൽബിയെ നോക്കി കണ്ണിറുക്കി…

എന്റെ പാപ്പാ അതൊക്കെ സെറ്റല്ലേ….
ഒഴിഞ്ഞ ഗ്ലാസ് നിറച്ചെടുത്തു കൊണ്ട് ആൽബി അയാൾക്ക് നേരെ തിരിഞ്ഞു…

ആ എന്നിട്ട് എവിടെടാ…സ്റ്റീഫൻ കാമം നിറഞ്ഞ കണ്ണുകളോടെ ചുറ്റും നോക്കി…

അതൊക്കെ പറയാം…ആദ്യം ഇതങ്ങോട്ട് പിടിപ്പിക്ക്,ആൽബി വച്ച് നീട്ടിയ ഗ്ലാസ്സിലെ മദ്യം ഒറ്റ വലിക്ക് സ്റ്റീഫൻ അകത്താക്കി…

ഇതിനോടകം നാല് പെഗ് തീർത്ത സ്കറിയ സോഫയിൽ ചാരി ഉറക്കം പിടിച്ചിരുന്നു…

ആണ്ടെ ആ റൂമിലോട്ട് കയറിക്കോ അവിടെ ണ്ട്…എരിവും പുളിയും…

ഒരു ഗ്ലാസ് മദ്യം കൂടി അകത്താക്കിയ ശേഷം ചുണ്ട് തുടച്ചു കൊണ്ട് ആൽബി ചൂണ്ടിക്കാണിച്ച മുറിയിലേക്ക് അയാൾ വേച്ച് വേച്ച് നടന്നു…

“മരണം വരുമൊരു നാൾ ഓർക്കുക മർത്യാ നീ,കൂടെ പോരും നിൻ ജീവിത ചെയ്തികളും,സക്കൃത്യങ്ങൾ ചെയ്യുക നീ അലസത കൂടാതെ”…

കുഴഞ്ഞ ശബ്ദത്തിൽ ഉറക്കെ പാടിക്കൊണ്ട് അയാൾ റൂമിൽ കയറി വാതിലടച്ചു…

*************
CM OFFICE

ബാല മുരളിയും ജീവനും മടങ്ങിയ ശേഷം മുഖ്യമന്ത്രി സഞ്ജയൻ ആകെ അസ്വസ്ഥനായിരുന്നു.

കൊടുംകുറ്റവാളികൾ കേരളത്തിലേക്ക് കടന്നു എന്ന വസ്തുത അദ്ദേഹത്തിന്റെ മനസ്സിൽ ഒരു കരടായി കിടന്നു.

കണ്ണാടിപ്പാറ സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നത് എന്ന പ്രതിപക്ഷത്തിന്റെ ആരോപണം ജനങ്ങളും അംഗീകരിക്കാൻ തുടങ്ങിയോ എന്ന് സംശയം.

സോഷ്യൽ മീഡിയകളിൽ സർക്കാരിന്റെ കെടുകാര്യസ്ഥത എന്നും പറഞ്ഞുള്ള പോസ്റ്റുകൾ തിങ്ങി നിറയുകയാണ്…

എല്ലാം കൊണ്ടും പിടിച്ചു നിൽക്കാൻ പെടാപ്പാട് പെടുമ്പോൾ ആണ് പുതിയ അധോലോക നായകന്റെ ആവിർഭാവം…

ചിന്തിക്കും തോറും തലയ്ക്ക് പെരുപ്പ് കയറുന്നത് പോലെ സഞ്ജയന് തോന്നി…

ജീവനെ വിളിച്ച് ചില നിർദ്ദേശങ്ങൾ നൽകണം..ആവശ്യമെങ്കിൽ അയാളെ അസ്സിസ്റ്റ്‌ ചെയ്യാൻ പുതിയ ടീമിനെ തന്നെ നൽകണം…

എല്ലാം സ്വയം തീരുമാനിച്ച് ഉറപ്പിച്ച ശേഷം സിഎം ഫോണെടുത്ത് ജീവന്റെ നമ്പറിലേക്ക് കാൾ ചെയ്തു..

എന്നാൽ സ്വിച്ച് ഓഫ്‌ എന്ന മറുപടി മാത്രമാണ് അദ്ദേഹത്തിന് കിട്ടിയത്…
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “പകർന്നാട്ടം: ഭാഗം-18”

Leave a Reply

Don`t copy text!