പകർന്നാട്ടം – 2

3532 Views

പകർന്നാട്ടം Novel

ഏതാ ആ പുത്തൻ പണക്കാരൻ ചെക്കൻ?

അഞ്ഞൂറ് രൂപയുടെ പുതുപുത്തൻ നോട്ടുമായി അനുഗ്രഹം വാങ്ങാൻ നിന്ന ചെറുപ്പക്കാരനെ നോക്കി വാര്യത്തെ വസുന്ധരാ ദേവി ആരോടെന്നില്ലാതെ പിറുപിറുത്തു.

അത് കളപ്പുരയ്ക്കലെ ചെക്കനാ. വിദേശത്ത് ന്തോ വല്ല്യ പഠിപ്പാന്നാ കേട്ടെ.

നാട്ടിലെ പ്രധാന വാർത്താ വിതരണക്കാരി ബാലാമണി മറുപടി പറഞ്ഞു.

കേട്ടോ ദേവ്യേച്ചി,ചെക്കന്റെ കൈയ്യിലിരുപ്പ് ത്ര നന്നല്ല.ബാലാമണി തന്റെ പതിവ് ജോലിക്ക് തുടക്കം കുറിച്ചു.

വ്വോ,അത് നിനക്കെങ്ങനറിയാം. ന്താപ്പോ സംഭവം.വസുന്ധര കാത് കൂർപ്പിച്ചു.

ചെക്കൻ വന്നെന്റെ പിറ്റേന്ന് താഴെ തൊടീലെ കുളത്തിൽ കുളിച്ചോണ്ടിരുന്ന ന്റെ പടം പിടിച്ചു.

ഞാനാണെങ്കി ഒരു ചെറിയ ഒറ്റ മുണ്ട് മാറുടുത്താ നിന്നെ.പോരാത്തതിന് നനഞ്ഞും.

അത് പറയുമ്പോൾ ബാലാമണിയുടെ മുഖത്ത് നാണത്തിന്റെ ഇളം ചുവപ്പ് രാശി പരന്നു.

എന്നിട്ട്,വസുന്ധര ആകാംക്ഷ പൂണ്ടു. ന്നിട്ട് ന്റെ ച്യേ,ന്നെ നോക്കി കണ്ണ് കൊണ്ട് ഇങ്ങനെ ഒരാക്കൽ.

ബാലാമണി ഒരു കണ്ണ് ഇറുക്കി സന്ദർഭം വിവരിച്ചു.പോരാത്തതിന്…

മ്മ്,പോരാത്തതിന്…വസുന്ധരയുടെ ക്ഷമ കെട്ടു.

അല്ല നിങ്ങൾ തൊഴാൻ നിൽക്കുന്നോ അതോ വർത്താനം പറയാനോ.

ബാലാമണി അടുത്ത വിശേഷം പറയാൻ നാക്കെടുത്തപ്പോഴേക്കും പിന്നിൽ നിന്നവർ ഒച്ചയുയർത്തി. അതോടെ സംസാരം നിർത്തി ഇരുവരും മുൻപോട്ട് നീങ്ങി.

ന്താ ബാലേ ചെക്കന്റെ പേര്. വസുന്ധര അടുത്ത ചോദ്യം ഉന്നയിച്ചു.

“സൂരജ് കൃഷ്ണൻ” ബാലാമണി വസുന്ധര കേൾക്കാൻ പാകത്തിന് ശബ്ദം താഴ്ത്തി.

പേരിൽ തന്നെ ണ്ടല്ലോ കൃഷ്ണൻ പിന്നെ സ്വഭാവം അങ്ങനെ ആയില്ലെങ്കിൽ അല്ലേ അതിശയം. ഇരുവരും അടക്കി ചിരിച്ചു.

ദക്ഷിണ നൽകി മഞ്ഞൾ പ്രസാദത്തിനായി കാത്ത് നിന്ന ചെറുപ്പക്കാരന്റെ മുഖത്തേക്ക് പരദേവത ഒന്ന് സൂക്ഷിച്ചു നോക്കി.

കണ്ണിൽ ഒരുതരം വന്യത ഒളിച്ചിരിക്കുന്നു.മനുഷ്യരൂപവും മൃഗത്തിന്റെ സ്വഭാവവുമുള്ള വ്യക്തിത്വം.

അനുഗ്രഹിക്കാനുയർത്തിയ കൈ പിൻവലിച്ച പരദേവത അവന്റെ കരം ഗ്രഹിച്ചു.

കാലപാശം പിടിക്കേണ്ട കൈയ്യാവരുത്,ഈ കൈകളിൽ ഇപ്പോൾ തന്നെ രക്തത്തിന്റെ കറയുണ്ട്.തെറ്റായി നടക്കാൻ ഗതി വരാതെ നോക്കാം.ഗുണം വരട്ടെ.

അനുഗ്രഹം വാങ്ങി തൊഴുതു തിരിയുമ്പോൾ ആ ചെറുപ്പക്കാരൻ അല്പം അസ്വസ്ഥനായിരുന്നു.
*********************************************
ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടറുടെ മുറിയിൽ സിഐ ജീവനും എസ്ഐ ജോൺ വർഗ്ഗീസും അക്ഷമരായിരുന്നു.

Sorry ഇൻസ്‌പെക്ടർ ഞാൻ അല്പം ലേറ്റ് ആയിപ്പോയി.ഡോർ തുറന്ന് കടന്ന് വന്ന ഡോക്ടർ പ്രമീള ക്ഷമാപണം നടത്തിക്കൊണ്ട് തന്റെ കസേരയിലേക്ക് അമർന്നു.

It’s ok ഡോക്ടർ,ഞാനാണ് ഫോണിൽ സംസാരിച്ചത് ജീവൻ പ്രമീളയ്ക്ക് ഹസ്തദാനം നൽകി.

അപ്പോൾ നമുക്ക് കാര്യത്തിലേക്ക് വരാം.ജീവൻ മുഖത്ത് ഗൗരവം വരുത്തി.

സംഭവം കൊലപാതകം ആണെന്ന് ആ ബോഡി കിട്ടിയപ്പോൾ തന്നെ ഉറപ്പായിരുന്നു.

പിന്നെയൊരു സംശയമുള്ളത്, സംശയമല്ല ലക്ഷണം കണ്ട് ഉറപ്പ് വന്ന ഒരു കാര്യം…ജീവൻ പാതിയിൽ നിർത്തി.

യെസ്,ഇൻസ്‌പെക്ടർ ആ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.but ഒരാളല്ല,ഗ്യാങ്ങ് റേപ്പ് ആണ്.

അതി ക്രൂരമായി റേപ്പ് ചെയ്തിട്ടുണ്ട്. അതും പലതവണ.ഇതാണ് റിപ്പോർട്ട്.

പ്രമീള മുൻപിലിരുന്ന ഫയൽ ജീവന് നേരെ നീട്ടി.അയാൾ അത് വാങ്ങി മറിച്ച് നോക്കിയ ശേഷം ജോൺ വർഗ്ഗീസിന് കൈ മാറി.

തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണ കാരണം.തലയോട് പിളർന്നിരുന്നു.

ഇത് ചെയ്തിരിക്കുന്നത് ചെറുപ്പക്കാരാണ്.എസ്പെഷ്‌ലി ഇരുപതിനും ഇരുപത്തി അഞ്ച്നും ഇടയിൽ ഉള്ളവർ.

അത് ഇത്രയും കൃത്യമായി പറയാൻ കാരണം.ജീവന്റെ കണ്ണുകൾ ചുരുങ്ങി.

ആ കുട്ടിയുടെ ശരീരത്തിൽ പതിഞ്ഞ പല്ലിന്റെ പാട്,പീഡിപ്പിച്ച രീതികൾ അവയൊക്കെ ഒരു കൂട്ടം ചെറുപ്പക്കാരിലേക്കാണ് വിരൽ ചൂണ്ടുന്നത്.
********
എല്ലാവർക്കും അനുഗ്രഹം നൽകി അവസാന കർമ്മവും കഴിച്ച് തിരുമുടി താഴ്ത്തിയ രാമൻ പണിക്കർ അരിയും തിരിയും വാങ്ങി അണിയറയിലേക്ക് ഓടി.

മുഖത്തെഴുത്ത് മായ്ക്കാൻ തിരിശീല നൽകുമ്പോൾ വാസു മൂത്താരുടെ കൈ വിറച്ചു.അത് കണ്ട് ചിരി വന്ന രാമൻ പണിക്കർ ഓല പന്തിക്ക് പിന്നിലേക്ക് കൈ നീട്ടി.

പന്തിക്ക് പിന്നിലിരുന്ന ചാരായ കുപ്പി എടുത്ത് നീട്ടിക്കൊണ്ട് പണിക്കർ മൂത്താരെ കളിയാക്കി.

തന്റെ വിറ ന്താന്നൊക്കെ എനിക്കറിയാം.ഇന്നാ ഊറ്റി വീശിക്കോ,ഇനി വിറച്ചു ചാവണ്ടാ..

മുഖത്തെഴുത്ത് ഞാൻ മായ്ച്ചോളാം. ഇന്നിത്തിരി നേരത്തെ പോകണം,ചിന്നുക്കുട്ടിയെ ടൗണിൽ സിനിമ കാണാൻ കൊണ്ടോവാ പറഞ്ഞിട്ടുണ്ട്.

പോയില്ലേ ന്റെ കുട്ടിക്ക് പിണക്കാവും. അവക്ക് ഒരു സങ്കടം വരാൻ പാടില്ല. പണിക്കർ വാചാലനായി.

മൂത്താറുടെ കണ്ണ് നിറഞ്ഞൊഴുകി. വാക്കുകൾക്കായി അയാൾ പരതി.

മൂത്താരുടെ ഭാവമാറ്റം പണിക്കർ ശ്രദ്ധിച്ചു.ന്താ മൂത്താരെ ഒരു വാട്ടം.
ആവുന്നേ കുടിച്ചാ പോരെ.നോക്ക് കണ്ണൊക്കെ നിറഞ്ഞ്.

ഹേയ്,ഒന്നൂല്ല,നീ വേഗം നോക്ക്. നമുക്ക് ഒരിടം വരെയും പോകണം. വാസു കണ്ണ് തുടച്ചു കൊണ്ട് കിണ്ടിയിൽ പകർന്ന ചാരായം വായിലേക്ക് കമഴ്ത്തി.

എവിടെ പോകാൻ?ഞാനിന്നേ ദിവസം എങ്ങോട്ടും ഇല്ലാ.ചിന്നുക്കുട്ടി പിണങ്ങും.

പറഞ്ഞു പൂർത്തിയാവും മുൻപ് പുറത്ത് നിന്നുയർന്ന സ്വരം അയാളുടെ കാതിൽ തുളഞ്ഞിറങ്ങി.

സംഭവം നമ്മള് പറഞ്ഞത് തന്നെ.ചാവണ വരെയും പീഡിപ്പിച്ചു പോലും.കഷ്ട്ടം രാമൻ പണിക്കർ എങ്ങനെ താങ്ങും.വളർത്ത് മകൾ ആണേലും മകളല്ലേ…

പണിക്കരുടെ ഉള്ള് കിടുങ്ങി,കണ്ണ് കുറുകി.അയാൾ മൂത്താരുടെ മുഖത്തേക്ക് ദൃഷ്ടി തിരിച്ചു.

ആ നോട്ടം താങ്ങാൻ സാധിക്കാതെ വാസു മൂത്താർ തല താഴ്ത്തി.

രാമൻ പണിക്കർക്ക് ഭൂമി തനിക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി. ആരൊക്കെയോ ചുറ്റും നിന്ന് ചിരിക്കുന്നു.

കണ്ണിൽ ഇരുട്ട് കയറുന്നു.വായുവിൽ തുഴഞ്ഞു കൊണ്ട് പണിക്കർ പിന്നിലേക്ക് മറിഞ്ഞു.
#തുടരും.

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply