പകർന്നാട്ടം – ഭാഗം:3

3382 Views

പകർന്നാട്ടം Novel

കണ്ണാടിപ്പാറ ഗ്രാമം ഒന്നടങ്കം രാമൻ പണിക്കരുടെ വീട്ടിലേക്ക് ഒഴുകി.

പനിനീർ ചെടികളും മുല്ല വള്ളികളും നിറഞ്ഞ തൊടിയോട് ചേർന്ന് ഒരു കൊച്ച് വീട്,അതിന്റെ പൂമുഖത്ത് വാടിയ താമരത്തണ്ട് പോലെ ശ്രീക്കുട്ടിയുടെ ശരീരം വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു.

കരഞ്ഞു തളർന്ന രാമൻ പണിക്കർ നിർജ്ജീവമായ കണ്ണുകളോടെ മകളുടെ മുഖത്ത് നോക്കിയിരുന്നു.

കാതിൽ ചെണ്ട മേളത്തിന്റെ പെരുക്കം.കണ്ണുകൾ അടയുന്നു. പതിയെ അയാളുടെ മനസ്സ് കാതങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.

ഗുരു കാരണവന്മാരെ കതിവന്നൂർ വീരാ കാത്ത് കൊള്ളണേ.തെറ്റും കുറ്റവും പൊറുക്കണേ.

പടിക്കകത്ത് കതിവന്നൂർ വീരൻ നടയിൽ തൊഴുത് നിൽക്കുമ്പോൾ രാമൻ പണിക്കരുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

പണിക്കരെ കണ്ണൊക്കെ നിറഞ്ഞൂലോ…ദക്ഷിണ പോരാന്നുണ്ടോ?

ചോദ്യം കേട്ടതും പണിക്കർ ഞെട്ടി കണ്ണ് തുറന്നു.ഒരു ചെറു ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ക്ഷേത്രത്തിന്റെ അധികാരി മാധവൻ നായർ.

ഹാ..മാധവേട്ടനോ,ന്താ മാധവേട്ടാ ഈ ചോദിക്കണേ,ഒരിക്കലും ദക്ഷിണ പോരാന്നൊന്നും ഞാൻ പറയില്ല.ഇന്ന് വരെ ദക്ഷിണ പ്രതീക്ഷിച്ച് ഒരു കോലവും കെട്ടിയിട്ടില്ല.

ഇത് ഒരു അനുഗ്രഹം അല്ലേ,ദേവ ദേവന്മാരുടെ തിരുമുടി അണിയാൻ ഭാഗ്യം കിട്ട്വാച്ചാ അതിലും വലിയ ദക്ഷിണ വേറെ ഉണ്ടോ?

ആ,ഞാൻ ചോദിച്ചൂന്നെ ഉള്ളൂ.ല്ലാ താനിത് വരെയും വിവാഹം കഴിച്ചില്ല്യ ല്ല്യെ?

ന്താടോ ഒരു കൂട്ട് വേണം ന്ന് തോന്നലൊന്നും ഇല്ല്യേ?എക്കാലവും ഇങ്ങനെ പോവാനാ നിശ്ചയം?

ഒന്ന്,ചിരിച്ചു രാമൻ പണിക്കർ, വിവാഹം,അങ്ങനെയൊരു മോഹമില്ല.

ന്റെ ലോകം അതീ കാവും ക്ഷേത്രവുമൊക്കെയാ..ഇക്കാലം കൊണ്ട് അനേകം കോലങ്ങൾ കെട്ടി. ഇനിയിപ്പോ ഒരേയൊരു ആഗ്രഹം മാത്രം…ഒരിക്കൽ കൂടി ഒറ്റക്കോലം കെട്ടിയാടണം.ശേഷം മുടിയിറങ്ങി വിശ്രമിക്കുമ്പോൾ…

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു രാമൻ പണിക്കർ.

ആ ചിരിയിൽ നിന്ന് തന്നെ പണിക്കരുടെ ഉള്ളെന്ത് എന്ന് മാധവൻ നായർക്ക് മനസ്സിലായി.

മടങ്ങുന്നു മാധവേട്ടാ,സംസാരിച്ചു നിന്നാൽ നേരം വൈകും.ഇപ്പോൾ പുറപ്പെട്ടാൽ വെളുക്കുമ്പോൾ വീട്ടിലെത്തും.

മാധവൻ നായരോട് യാത്ര പറഞ്ഞ് തന്റെ ഭാണ്ഡക്കെട്ടെടുത്ത് നിവരുമ്പോഴാണ് പണിക്കർ അത് ശ്രദ്ധിച്ചത്.

അല്പം മാറിയുള്ള അണിയറപ്പുരയുടെ പുറത്ത് ഒരു കൊച്ച് പെൺകുട്ടി തന്നെ നോക്കി നിൽക്കുന്നു.

പാറിപ്പറന്ന മുടി,വിടർന്ന കണ്ണുകൾ,വെളുത്ത് മെലിഞ്ഞ ശരീരം.ഏറിയാൽ ഒരു മൂന്ന് മൂന്നര വയസ്സ്.മുഷിഞ്ഞ ഒരു ഉടുപ്പാണ് വേഷം.

ആ കുട്ടി ഏതാ മാധവേട്ടാ?പണിക്കർ ഭാണ്ഡക്കെട്ട് താഴ്ത്തി വച്ചു കൊണ്ട് മാധവൻ നായരെ നോക്കി.

ഓ അതിവിടെ അടിച്ച് തളിക്ക് നിന്നവളുടെ കൊച്ചാ.ആ തേവിടിശ്ശി ഇതിനെ ഇവിടെ ഇട്ടേച്ച് ആരാന്റെ കൂടെ ഒളിച്ചോടി.

അപ്പോ അതിന്റെ അച്ഛൻ. പണിക്കർ അടുത്ത ചോദ്യം ഉന്നയിച്ചു.

അത് പറയാതിരിക്കുന്നതാ നല്ലത്,അവൻ ഒരു പാവം ആയിരുന്നു.ഇവിടെ കല്ല് കൊത്തുന്ന പണി ആയിരുന്നു.

ഒരീസം അവൻ വീട്ടിൽ ഇല്ലാത്തപ്പോൾ അവള് ഏതോ ഒരുത്തനെ വിളിച്ചു കയറ്റി.

അതിന്റെ പേരിൽ വീട്ടിൽ കലഹം ആയിരുന്നു.പിറ്റേന്ന് നേരം വെളുത്തപ്പോഴേക്കും അവൻ വിഷം കഴിച്ച് മരിച്ചു.അവള് കൊന്നതാ എന്നും പറഞ്ഞ് കേൾക്കുന്നു.

ആർക്കറിയാം ന്താ സത്യംന്ന്. ഓരോരുത്തരുടെ വിധി.ആ കുഞ്ഞിന്റെ കാര്യാ കഷ്ട്ടം.

പൂന്താനം പറഞ്ഞത് എത്രയോ ശരി,”കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നതും ഭവാൻ”
മാധവൻ നായർ പതിയെ മുൻപോട്ട് നീങ്ങി.

രാമൻ പണിക്കർ ചുറ്റും നോക്കി,ഒട്ടു മിക്ക ആളുകളും പോയ്ക്കഴിഞ്ഞു.വച്ച് വാണിഭക്കാർ എല്ലാം ഒരുക്കൂട്ടുന്ന തിരക്കിലാണ്.

സമയം വൈകുന്നു.പണിക്കർ ഭാണ്ഡമെടുത്ത് തോളിൽ തൂക്കി. അണയാൻ മടിച്ച് മങ്ങി നിൽക്കുന്ന കൽവിളക്കിന്റെ തിരിയിൽ നിന്നും കൈയ്യിൽ കരുതിയ ചൂട്ട് കറ്റയ്ക്ക് തീ പിടിപ്പിച്ചു.

അടച്ച നടയിലേക്ക് ഒരിക്കൽ കൂടി നോക്കിയിട്ട് പണിക്കർ തിരിഞ്ഞു നടന്നു.

“അച്ഛാ…”അച്ഛന് മോളെ വേണ്ടേ?പെട്ടെന്നുയർന്ന ആ കുഞ്ഞു സ്വരം പണിക്കരുടെ കാതിൽ ആഴ്ന്നിറങ്ങി.

എന്ത് ചെയ്യണമെന്നറിയാതെ അയാൾ തറഞ്ഞു നിന്നു.തിരിഞ്ഞു നോക്കാൻ മനസ്സ് വെമ്പിയെങ്കിലും പണിക്കർ മുൻപോട്ട് തന്നെ നടന്നു.

അച്ഛാ,ചിന്നൂട്ടിയോട് പിണക്കാണോ?പണിക്കരുടെ കാലുകൾ മണ്ണിലുറച്ച പോലെ നിശ്ചലമായി.

ഒരു നിമിഷം അയാൾ തിരിഞ്ഞു നോക്കി.ദേവന്റെ നടയിൽ നിന്ന് തന്നെ നോക്കി ചിരിക്കുന്ന ആ കുരുന്നിന്റെ മുഖം അയാളുടെ കണ്ണുകളെ ഈറനണിയിച്ചു.

നല്ല പ്രായത്തിൽ വിവാഹം കഴിച്ചിരുന്നെങ്കിൽ തനിക്ക് ഇതേ പ്രായത്തിൽ ഒരു മകൾ ഉണ്ടാവുമായിരുന്നു.

ന്റെ പരദേവതേ,ഇതെന്ത് പരീക്ഷണം, പണിക്കരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അയാൾ ആ കുഞ്ഞിന് മുൻപിൽ മുട്ട് കുത്തിയിരുന്ന് അവളെ വാരിപ്പുണർന്നു.

ആരോരുമില്ലാത്ത തനിക്ക് പരദേവത നൽകിയ വര പ്രസാദമാണ് ആ കുഞ്ഞെന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു.

പടിക്കകത്ത് ക്ഷേത്രത്തിന്റെ പടിപ്പുര താണ്ടുമ്പോൾ രാമൻ പണിക്കരുടെ കൈയ്യിൽ തൂങ്ങി ആ മൂന്ന് വയസ്സുകാരിയുമുണ്ടായിരുന്നു.

പണിക്കരെ,തോളിൽ ഒരു കൈ അമർന്നതും രാമൻ പണിക്കർ ഞെട്ടി കണ്ണ് തുറന്നു.

വാസു മൂത്താരെ കണ്ടതും അയാളുടെ സങ്കടം വീണ്ടും അണ പൊട്ടിയൊഴുകി.ഒരു പിഞ്ച് കുഞ്ഞിനെപ്പോലെ രാമൻ പണിക്കർ പൊട്ടിക്കരഞ്ഞു.

എന്ത് ചെയ്യണമെന്ന് മൂത്താർക്കും വ്യക്തമായില്ല.അയാളുടെ കണ്ണുകളും നിറഞ്ഞു തുടങ്ങി.
***********
ശ്രീക്കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പഠിക്കുന്ന തിരക്കിലായിരുന്നു സി.ഐ. ജീവൻ.

സിഐക്ക് എതിർ വശത്ത് എസ്.ഐ ജോൺ വർഗ്ഗീസ് അക്ഷമനായി കാത്തിരുന്നു.

പെട്ടന്ന് മേശപ്പുറത്തിരുന്ന ജീവന്റെ ഫോൺ വൈബ്രേറ്റ് ചെയ്തു. ഹലോ..സിഐ ജീവൻ.ആരാണ് സംസാരിക്കുന്നത്.

മറുവശത്ത് നിന്നും കേട്ട വാക്കുകൾ സിഐക്ക് പ്രതീക്ഷ ഉളവാക്കുന്നവയായിരുന്നു.ജീവന്റെ മുഖത്ത് സന്തോഷ ഭാവങ്ങൾ മിന്നി മാഞ്ഞു.

Ok.ഞാനുടനെ എത്താം.അത്രയും പറഞ്ഞ് ജീവൻ കാൾ കട്ട്‌ ചെയ്തു. ജോൺ നമുക്ക് ഉടനെ തന്നെ ഒരിടം വരെയും പോകണം.

നാം അവർക്കരികിൽ എത്തിക്കഴിഞ്ഞു.വളരെ സുപ്രധാനമായ ഒരു വിവരമാണ് ഇപ്പോൾ കിട്ടിയത്.

സിഐ വളരെയധികം സന്തോഷവാനായി.അപ്പോൾ എലി കുടുങ്ങും ല്ലേ സർ.ജോൺ വർഗ്ഗീസും സന്തോഷം മറച്ച് വച്ചില്ല.

Yes,പക്ഷെ അറിഞ്ഞത് വച്ച് ഇത് എലി അല്ല ഒരു പുലിയാണ്. മ്മ്,സാരമില്ല കടുവയെ പിടിക്കുന്ന കിടുവ അല്ലേ നമ്മൾ.

ഇരുവരും ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു.പൊലീസ് ജീപ്പ്‍ ഒഴിവാക്കി ജീവന്റെ കാറിലാണ് ഇരുവരും യാത്ര തിരിച്ചത്.

കാർ സ്റ്റേഷന്റെ ഗേറ്റ് കടന്നതും ജീവന്റെ ഓഫീസ് മുറിയുടെ സൈഡിൽ നിന്ന ഒരു കോൺസ്റ്റബിൾ ”നരി” എന്ന് സേവ് ചെയ്ത നമ്പറിലേക്ക് കാൾ ചെയ്തു.

അങ്ങേ തലയ്ക്കൽ കാൾ എടുത്തതും അയാൾ ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു.

ആ സിഐക്ക് ന്തോ സൂചന കിട്ടിയിട്ടുണ്ട്.ഇപ്പോൾ ഇവിടെ നിന്നും പുറത്തേക്ക് പോയി.

ഇല്ലാ,എന്നെ കണ്ടില്ല.അതെ,പക്ഷെ ജീപ്പിൽ അല്ല അയാളുടെ കാറിൽ ആണ്.ഒരു white i.20.KL-14 1010 നമ്പർ.

അതേ സമയം ജീവന്റെ കാർ ഹൈവേയിൽ നിന്ന് മാറി ഒരു ഇടവഴിയിലൂടെ കുതിക്കുകയായിരുന്നു.

ചുറ്റും തെങ്ങുകൾ നിറഞ്ഞ വഴിയിലൂടെ അല്പ ദൂരം കൂടി ഓടിയ ശേഷം “വൃന്ദാവൻ” എന്നെഴുതിയ കൂറ്റൻ ഗെയ്റ്റിന് മുൻപിൽ വണ്ടി നിന്നു.

ജീവൻ ഹോൺ മുഴക്കിയതും സെക്യൂരിറ്റി ഓടിയെത്തി ഗേറ്റ് തുറന്ന് നൽകി.

ജീവന്റെ കാർ അകത്തേക്ക് കയറിയതും ഗേറ്റ് അടച്ച് സെക്യൂരിറ്റിയും മടങ്ങി.

എന്നാൽ അല്പം മാറി മറ്റൊരു വണ്ടിയിൽ ചിലർ തങ്ങളെ നിരീക്ഷിക്കുന്നത് അവർ അറിഞ്ഞില്ല.
#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply