രക്തരക്ഷസ്സ് – ഭാഗം 2

6048 Views

രക്തരക്ഷസ്സ് Novel

ക്ഷേത്രത്തിൽ വിളക്ക് തെളിക്കാറില്ലെങ്കിൽ പിന്നെ എങ്ങനെയാണ് കൽവിളക്കുകൾ തെളിഞ്ഞു കത്തിയത്.അത് തോന്നൽ ആയിരുന്നോ.

ഹേയ് അല്ല..ഞാൻ കണ്ടതാണ് അഭിയുടെ മനസ്സ് അസ്വസ്ഥതമായി.

ഉണ്ണീ നീ എന്താ ഈ ആലോചിക്കണെ?എപ്പോ നോക്കിയാലും ആലോചന തന്നെ. നീ ഈ ലോകത്ത് ഒന്നുമില്ല്യാന്ന് തോന്നണു.

അല്ല വല്ല്യമ്മേ ഞാൻ അമ്മ പറഞ്ഞ കാര്യങ്ങൾ ആലോചിക്കുവാരുന്നു.ആരാണ് ആ കുട്ടി?എന്താ ഈ നാടിന്റെ ശാപം?

കുട്ടീ നിനക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല്യ. വല്ല്യച്ഛൻ അന്വേഷിക്കുന്നു,അങ്ങട് ചെല്ലൂ.

അവരിൽ നിന്നും സത്യം അറിയാൻ സാധിക്കില്ല എന്ന് അഭിമന്യുവിന് ഉറപ്പായി.അയാൾ പൂമുഖത്തേക്ക് നടന്നു.

കൃഷ്ണ മേനോൻ പൂമുഖത്തെ ചാരുകസേരയിൽ കിടക്കുന്നു. അടുത്ത് തന്നെ കാര്യസ്ഥൻ കുമാരൻ നിൽക്കുന്നുണ്ട്.

ഭാര്യ മരിച്ച കുമാരന് ഒരു മകൾ മാത്രമാണുള്ളത്.കാലങ്ങളായി കുമാരൻ കൃഷ്ണ മേനോന്റെ കൂടെയാണ്.

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത കുമാരൻ മംഗലത്ത് തറവാടിന്റെ പത്തായപ്പുരയിലാണ് താമസം.

പ്രായം 70നോട് അടുത്തു എങ്കിലും ചെറുപ്പത്തിന്റെ പ്രസരിപ്പും തെളിച്ചവും മേനോനിൽ പ്രതിഫലിച്ചിരുന്നു.

കഴുത്തിൽ സ്വർണ്ണം കെട്ടിയ 6 മുഖമുള്ള രുദ്രാക്ഷ മാല.മാലയുടെ അറ്റത്തുളള സ്വർണ്ണ ഏലസ്സിൽ “ഓം ദുർഗ്ഗ”എന്ന് സംസ്‌കൃതത്തിൽ എഴുതിയിരിക്കുന്നത് അഭി ശ്രദ്ധിച്ചു.

ഒരു കാലത്ത് വള്ളക്കടവ് എന്ന ഗ്രാമത്തിന്റെ സർവ്വാധിക്കാരം കൃഷ്ണ മേനോനിൽ നിക്ഷിപ്തമായിരുന്നു.ഇന്നും ആ പ്രതാപത്തിന് കുറവൊന്നുമില്ല.

കുമാരനോട് ഗൗരവപൂർവ്വം എന്തോ സംസാരിക്കുകയായിരുന്ന കൃഷ്ണ മേനോൻ അഭിമന്യുവിനെ കണ്ടതോടെ സംസാരം നിർത്തി.

ആ ഉണ്ണീ എന്താ ഇനി നിന്റെ പരിപാടികൾ.പ്രായം പതിനാല് അല്ല അതോർമ്മ വേണം. അതിപ്പോ വല്ല്യച്ഛൻ പറഞ്ഞു വരണത്.

ആ അതന്നെ നീ ഒരു പെണ്ണിന് പുടവ കൊടുക്കണം.അറിയാലോ ഞങ്ങൾക്ക് രണ്ടാൾക്കും പ്രായം കൂടി വരാണ്.

അച്ഛനും അമ്മയും ഇല്ലാത്ത നിന്നെ ഇത്രേം ആക്കി.ഇനിയിപ്പോ നീ ഒരു കുട്ടീടെ കൈ പിടിക്കണ കണ്ടിട്ട് വേണം എനിക്കൊന്നു കണ്ണടയ്ക്കാൻ.

അതിപ്പോ വല്ല്യച്ഛാ,ഞാൻ….
മ്മ്മ്..മേനോൻ കൈ ഉയർത്തി. അഭി പറഞ്ഞു വന്നത് പിടിച്ചു നിർത്തും പോലെ നിർത്തി.

കൂടുതൽ ഒന്നും പറയണ്ടാ. അങ്ങോട്ട്‌ പറയണേ കേട്ടാൽ മതി.ഇനിയിപ്പോ അങ്ങനെ അല്ലാന്ന് ഉണ്ടോ?

മേനോന്റെ ചോദ്യത്തിന് മുൻപിൽ അഭി ഒന്ന് പതറി.ഇല്ല്യ.വല്ല്യച്ഛൻ പറയണ പോലെ.

ഉം.മേനോൻ ഒന്ന് ഇരുത്തി മൂളി. ഇനിയിപ്പോ നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ?

ഇല്ല്യ.പക്ഷെ.അഭി പാതിയിൽ നിർത്തി.എന്താ ഒരു പക്ഷെ?അയാളുടെ വിടർന്ന നെറ്റി ചുളിഞ്ഞു.

അതിപ്പോ വല്ല്യച്ഛാ ജാതി നോക്കണ സമ്പ്രദായം ഒന്നും വേണ്ട.

അഭീ.. മേനോന്റെ കവിളുകൾ വിറച്ചു തുള്ളി.കണ്ണുകൾ ചുവന്നു.

കുമാരൻ പോലും ഞെട്ടി ഒരടി പിന്നോട്ട് മാറി.അന്യ നാട്ടിൽ പോയി നാലക്ഷരം പഠിച്ചപ്പോൾ തറവാട് മഹിമ മറന്നു ല്ലേ.

ജാതി നോക്കാതെ കണ്ട അടിയാത്തി പെണ്ണിനെ കെട്ടാൻ ആണോ നിന്റെ ഭാവം?അതോ ഏതേലും മേത്തശ്ശിയെയോ?

അഭിമന്യു ഒന്നും മിണ്ടിയില്ല. അയാൾ കൃഷ്ണ മേനോന്റെ പെട്ടന്നുള്ള ഭാവമാറ്റത്തിൽ ഭയന്ന് പോയിരുന്നു.

നിന്റെ ഇളയച്ഛനെ ചവിട്ടി താഴ്ത്തിയ കുളം ഇപ്പോഴും കിഴക്കേ തൊടിയിൽ വറ്റാതെ കിടപ്പുണ്ട് ഓർത്താൽ നന്ന്.മ്മ്മ് പൊയ്ക്കോളൂ.അയാൾ രോക്ഷം കൊണ്ട് വിറച്ചു.

അഭിമന്യു ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു.കിഴക്കേ തൊടിയിലെ അരയേക്കറിൽ പരന്നു കിടക്കുന്ന കുളം തന്നെ തുറിച്ചു നോക്കുന്ന പോലെ അയാൾക്ക്‌ തോന്നി.

കുളത്തിലെ ജലം കറുത്തിരുണ്ട് കിടക്കുന്നു.ഒതുക്കു കല്ലുകൾ പായൽ മൂടിയിരിക്കുന്നു.

പാവം,തീയ്യത്തിയെ സ്നേഹിച്ചു എന്നത് ഒരു തെറ്റായിരുന്നുവോ?എങ്കിലും സ്വന്തം മകനെ..എങ്ങനെ തോന്നി കൊല്ലാൻ.

അഭിക്കുഞ്ഞേ.. അഭി തിരിഞ്ഞു നോക്കി.ആ കുമാരേട്ടാ.
കുഞ്ഞേ എന്തോ ഒരു കരട് കുഞ്ഞിന്റെ മനസ്സിൽ കുടുങ്ങിയിട്ടുണ്ട്.

ഈ കുമാരന് അത് മനസ്സിലാക്കാൻ വല്ല്യ പഠിപ്പൊന്നും വേണ്ട.പറ എന്താ കുഞ്ഞിനെ അലട്ടുന്നേ.അത് കുമാരേട്ടാ വേറൊന്നും ല്ല്യ.

ആ ക്ഷേത്രം എന്താ അതിന്റെ ചരിത്രം.വല്ല്യമ്മ പറഞ്ഞ ആ ശാപം അത് എന്താ??

ഒന്നും അറിയില്ല എന്ന് പറയണ കുമാരേട്ടന് എല്ലാംഅറിയാം, എന്തിനാ എന്നോട് ഒളിക്കുന്നേ പറഞ്ഞോളൂ.

കുമാരൻ അൽപ്പ സമയം ദൂരേക്ക് നോക്കി നിന്നു.പിന്നെ പതിയെ അഭിയെ നോക്കി.

കുഞ്ഞേ ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത കാര്യങ്ങളാണ് അതൊക്കെ.എന്തിനാ കുഞ്ഞിപ്പോ അതൊക്കെ അറിയണേ?

വേണ്ട കുട്ടീ അത് മറന്നു കളഞ്ഞേക്കൂ.പറ്റില്ല എനിക്ക് അറിയണം.അഭിക്ക് ആകാംക്ഷ കൂടിക്കൂടി വന്നു.

കുമാരൻ വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും പത്തായപ്പുരയിൽ നിന്നും ഒരു പെൺകുട്ടിയുടെ അലറിക്കരച്ചിൽ ഉയർന്നു.

പ്രകൃതിക്ക് പെട്ടന്നാണ് മാറ്റം സംഭവിച്ചത്.സമീപത്തെ പാലക്കൊമ്പുകൾ ഉറഞ്ഞു തുള്ളി.

തൊടിയിലെ മരക്കൊമ്പുകളിൽ ഇരുന്നിരുന്ന പക്ഷികൾ വലിയ ശബ്ദത്തോടെ പറന്നകന്നു.

മംഗലത്ത് തറവാടിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ട് കൂടി. നായ്ക്കൾ നിർത്താതെ ഓരിയിടാൻ തുടങ്ങി.

അതേ സമയം പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply