രക്തരക്ഷസ്സ് – ഭാഗം 3

5827 Views

രക്തരക്ഷസ്സ് Novel

പാലയുടെ മുകളിലിരുന്ന് ഒരു മൂങ്ങ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

പെട്ടന്ന് തറവാട്ടിലെ ഒരു വേലക്കാരി കാര്യസ്ഥനരികിലേക്ക് ഓടി വന്നു, ലക്ഷ്മിക്കുഞ്ഞ് എന്തോ കണ്ട് ഭയന്നിരിക്കുന്നു, ബോധം പോയി.ഒന്ന് വേഗം വരൂ.

ന്റെ ദേവി ചതിച്ചോ. കുമാരൻ നെഞ്ചിൽ കൈയ്യമർത്തിക്കൊണ്ട് പത്തായപ്പുരയിലേക്ക് ഓടി.പിന്നാലെ അഭിയും..

പത്തായപ്പുരയുടെ തളത്തിൽ ലക്ഷ്മിയെ കിടത്തി വീശിക്കൊടുക്കുന്ന ദേവകിയമ്മയും വാല്യക്കാരും. വല്ല്യമ്മേ വൈദ്യരെ വിളിപ്പിക്കണ്ടേ? അഭി ചോദിച്ചു.

ഹേയ് അതൊന്നും വേണ്ട കുട്ടീ. അൽപ്പം വെള്ളം കുടഞ്ഞാൽ മതി. എന്തോ കണ്ട് പേടിച്ചതാ. വാല്യക്കാരി കൊണ്ട് വന്ന വെള്ളം ദേവകിയമ്മ ലക്ഷ്മിയുടെ മുഖത്ത് തളിച്ച് തട്ടി വിളിച്ചു.

ഒരു ഉറക്കത്തിൽ നിന്നെന്നെ പോലെ ലക്ഷ്മി കണ്ണ് തുറന്നു.അവൾ ആകെ വിയർത്തിരുന്നു.അപ്പോഴും അവളുടെ മുഖത്ത് ഭയം നിഴലിച്ചു നിന്നു.

എന്താ മോളെ ഉണ്ടായത്. വല്ല്യമ്പ്രാട്ടി ഞാൻ തൊടിയിൽ കന്നിനെ കെട്ടി തിരിച്ചു വരുമ്പോൾ ഒരു പെൺകുട്ടി പടിപ്പുരയുടെ ഉള്ളിൽ തറവാട്ടിലേക്ക് നോക്കി നിൽക്കണു.

ഞാൻ ആരാ ചോദിച്ചപ്പോൾ ഒന്നും മിണ്ടിയില്ല.പിന്നേം ചോദിച്ചപ്പോൾ ആ കുട്ടി എന്റെ നേരെ ഒരു നോട്ടം. അത്രയും പറഞ്ഞുകൊണ്ട് അവൾ വാല്യക്കാരിയുടെ കൈയ്യിൽ ഇരുന്ന വെള്ളം മേടിച്ചു കുടിച്ചു.

എന്നിട്ട്? ചോദ്യം അഭിയുടെ വകയായിരുന്നു.എല്ലാ കണ്ണുകളും അവളിൽ തന്നെ ശ്രദ്ധ പതിപ്പിച്ചു.

ആ കുട്ടീടെ കണ്ണ് തീക്കട്ട പോലെ തിളയ്ക്കുന്നുണ്ടായിരുന്നു.കണ്ണിൽ നിന്ന് രക്തം ഒഴുകി ഇറങ്ങുന്നു. കൂർത്ത പല്ല് പുറത്തേക്ക് നീട്ടി അതെന്നെ തന്നെ നോക്കി. പിന്നെയൊന്നും എനിക്ക് ഓർമ്മയില്ല.

അവൾ നൽകിയ ഉത്തരം അഭിയെ ഒഴികെ ബാക്കി എല്ലാവരെയും ഭയത്തിന്റെ ഉച്ചസ്ഥായിയിൽ എത്തിച്ചു.

ഹേയ്. അതൊക്കെ കുട്ടീടെ തോന്നൽ ആവും.അല്ലാതെ.. അഭി പാതിയിൽ നിർത്തി.

ഇല്ല്യ. ഞാൻ ശരിക്കും കണ്ടതാ,സത്യം.പക്ഷേ അഭി അത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല. കുട്ടി ഇപ്പൊ കുറച്ചു റസ്റ്റ്‌ ചെയ്യൂ.നമുക്ക് പിന്നെ സംസാരിക്കാം. അവൻ തറവാട്ടിലേക്ക് നടന്നു.

കുമാരാ,ദേവകിയമ്മ കാര്യസ്ഥനെ നോക്കി.ഇപ്പൊ തന്നെ വിവരം അദ്ദേഹത്തെ അറിയിക്കാ, എനിക്കെന്തോ ആരുതാത്തത് സംഭവിക്കാൻ പോണ പോലെ തോന്നണു.

നെല്ല് കൊയ്യുന്ന സമയമായത് കൊണ്ട് കൃഷ്ണ മേനോൻ പാടത്തേക്ക് പോയിരുന്നു.കുമാരൻ അക്ഷരാർത്ഥത്തിൽ അങ്ങോട്ടേക്ക് ഓടുകയാണ് ചെയ്തത്.

കാര്യസ്ഥൻ ഓടിക്കിതച്ചു വരുന്നത് ദൂരെ നിന്ന് തന്നെ മേനോൻ കണ്ടു. എന്തോ അരുതാത്തത് സംഭവിച്ചു എന്ന് അയാളുടെ മനസ്സ് മന്ത്രിച്ചു. എന്തെ കുമാരാ എന്താ ണ്ടായേ.

അയാൾ സംഭവവികാസങ്ങൾ വള്ളി പുള്ളി വിടാതെ മേനോനെ ധരിപ്പിച്ചു. കൃഷ്ണ മേനോന്റെ മനസ്സ് കലുക്ഷിതമായി.

ദേവീ പരീക്ഷിക്കരുതേ അയാൾ മുകളിലെക്ക് നോക്കി കൈ കൂപ്പി. പക്ഷേ അടിക്കടിയുള്ള ദുർ:നിമിത്തങ്ങളും അഭി ദേവകിയമ്മയോട് പറഞ്ഞ കാര്യങ്ങളും അയാളുടെ മനസ്സിലേക്ക് ഓടിവന്നു.

എന്തോ തീരുമാനിച്ചുറപ്പിച്ച വണ്ണം അയാൾ കാര്യസ്ഥനെ നോക്കി, കുമാരാ വരിക ഇന്ന് തന്നെ ഒരു യാത്ര ഉണ്ട്.വേഗം നടക്കാ.

തറവാട്ടിൽ എത്തിയ ഉടനെ അയാൾ അഭിയോട് യാത്രയ്ക്ക് ഒരുങ്ങാൻ ആവശ്യപ്പെട്ടു.

എങ്ങോട്ടാ വല്ല്യച്ചാ ഇപ്പൊ ഒരു യാത്ര.പറയാം ആദ്യം നീ തയ്യാറാവ് ഉണ്ണീ.ആ ദേവകി നീ പത്തായപ്പുരയിൽ പോയി ലക്ഷ്മിയെ ഇങ്ങോട്ട് കൂട്ടിക്കോളു.

ഞങ്ങൾ അൽപ്പം ദൂരത്തേക്ക് ആണ്.മടക്കം എന്ന് എന്ന് പറയാൻ സാധിക്കില്ല.

എനിക്ക് ചില സംശയങ്ങൾ ഇണ്ടായിരുന്നു. ഇപ്പൊ അത് കൂടുതൽ ബലപ്പെട്ടിരിക്കുന്നു.

അയാളുടെ വാക്കുകളിൽ ഭയം നിഴലിക്കുന്നത് അഭിയെ അത്ഭുതപ്പെടുത്തി.

ആദ്യമായാണ് കൃഷ്ണ മേനോന്റെ വാക്കുകളിൽ ഭയത്തിന്റെ ലാഞ്ചന അഭി കാണുന്നത്.

ന്നാലും എങ്ങോട്ടാവും വല്ല്യച്ഛൻ പോണം ന്ന് പറയുന്നത്. ഇവരൊക്കെ ആരെയാണ് അല്ലെങ്കിൽ എന്തിനെയാണ് ഇത്ര ഭയക്കുന്നത്.

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ അഭിയുടെ മനസ്സിനെ അസ്വസ്ഥമാക്കി.

ഉണ്ണീ വണ്ടി ഇറക്കു.മേനോന്റെ കനത്ത സ്വരം അയാളെ ചിന്തയിൽ നിന്നുണർത്തി.

മൂവരും കയറിയ കാർ മംഗലത്ത് തറവാടിന്റെ പടിപ്പുര കടന്നതും പടിഞ്ഞാറൻ കാറ്റ് ആഞ്ഞു വീശി.മഴ തുള്ളിക്ക് ഒരു കുടമെന്ന പോലെ പെയ്തു തുടങ്ങി.

മംഗലത്ത് തറവാടിന്റെ കിഴക്കേ തൊടിയിലെ പാലക്കൊമ്പിലിരുന്ന മൂങ്ങയുടെ കണ്ണുകൾ ചുവന്ന് രക്തവർണ്ണമായി.പതിയെ അതിന്റെ രൂപം മാറി.

വാലിട്ടെഴുതിയ കണ്ണുകളും നിലം പറ്റുന്ന മുടിയും വശ്യമായ സൗന്ദര്യവുമുള്ള ഒരു പെണ്ണായി അത് മാറി.അവളുടെ കണ്ണുകൾ അവർ സഞ്ചരിക്കുന്ന കാറിന് നേരെ നീണ്ടു.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply