അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി.പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു.
നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്.അഭിമന്യു കൃഷ്ണ മേനോനെ നോക്കി.
നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെ ശങ്കര നാരായണ തന്ത്രിയുടെ അടുത്തേക്ക്.
ആരാണ് അദ്ദേഹം. നമ്മൾ ഇപ്പോൾ അങ്ങോട്ട് പോകുന്നതിന്റെ കാരണം.ഇവിടെ എല്ലാവരും എന്തിനെയൊക്കെയോ ഭയക്കുന്നു.എന്തൊക്കെയോ എന്നിൽ നിന്നും ഒളിക്കുന്നു എന്ത് കൊണ്ടാണ് അങ്ങനെ.
ഉണ്ണീ കാളകെട്ടി ഇല്ലത്തെ മഹാമാന്ത്രികന്മാരിൽ ഒരാളാണ് ശങ്കര നാരായണ തന്ത്രി.അടിക്കടി ഉണ്ടാവുന്ന ഈ ദുർനിമിത്തങ്ങൾ വരാൻ പോകുന്ന എന്തോ വലിയ വിപത്തിന്റെ സൂചനയാണ്.
ചില സംശയങ്ങൾ നിന്റെ മനസ്സിലും കടന്ന് കൂടിയിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു.
ഈ നാട്ടിൽ ആദ്യമായി വരുന്ന നിനക്ക് ഇവിടെയുള്ള പല കാര്യങ്ങളും വിശ്വസിക്കാൻ പ്രയാസമുണ്ടാവും.
അതിൽ ഒന്നാണ് ഈ നാടിന്റെ ശാപം അതൊരു യക്ഷിയുടെ ശാപമാണ്.നീ പറഞ്ഞ ക്ഷേത്രത്തിൽ വച്ച് കൊല്ലപ്പെട്ട ഒരു കന്യകയുടെ ആത്മാവ്, അതിന്റെ ശാപം.
അവളെ ദ്രോഹിച്ചവരെ എല്ലാം അവൾ നശിപ്പിക്കാൻ തുടങ്ങി. പിന്നെ ഈ നാട്ടിൽ ദുരന്തങ്ങൾ വിളയാടി. അന്ന് ഈ ശങ്കര നാരായണ തന്ത്രി അവളെ ആവാഹിച്ച് ബന്ധിച്ചു. എന്നാൽ ഇപ്പോൾ… അയാൾ പകുതിയിൽ നിർത്തി.
ആരാണ് ആ കന്യക,എങ്ങനെ,ആര് കൊന്നു,എന്തിന് വേണ്ടി.അഭിയുടെ സംശയങ്ങൾ ബലപ്പെട്ടു.
ഉണ്ണീ,നീ അറിയേണ്ടതും അറിയേണ്ടാത്തതുമായ കാര്യങ്ങളുണ്ട് അത്ര മാത്രം ഇപ്പൊ മനസ്സിലാക്കുക.
എന്റെ വല്ല്യച്ഛാ ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ.ചുമ്മാ യക്ഷി ഗന്ധർവ്വൻ എന്നൊക്കെ പറഞ്ഞു വെറുതെ മനുഷ്യനെ പറ്റിക്കാൻ ഓരോന്ന്.
അഭിമന്യു അത് പറഞ്ഞു തീരും മുൻപേ കുമാരൻ അലറി വിളിച്ചു കുഞ്ഞേ വണ്ടി.
ഒരു നിമിഷം അഭി ഞെട്ടി റോഡിന്റെ നടുവിൽ ഒരു സ്ത്രീ അയാൾ വണ്ടി വെട്ടിച്ചു തിരിച്ചു.അത് സമീപത്തെ കാട്ടിലേക്ക് കടന്ന് നിന്നു.
പിന്നിലെ സീറ്റിൽ ആയിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് കൃഷ്ണ മേനോന് വ്യക്തമായില്ല. അഭിമന്യുവിന് ശ്വാസം നിലച്ചു പോകും പോലെ തോന്നി.കുമാരൻ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്നു.
അഭിമന്യു പെട്ടന്ന് തന്നെ ഡോർ തുറന്നിറങ്ങി.എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് മനസ്സിലായില്ല.
ചുറ്റും നോക്കിയ അഭി ശരിക്കും ഭയന്നു. സമീപത്തെങ്ങും ഒരാളെപ്പോലും കാണുന്നില്ല.വണ്ടി നിൽക്കുന്നതിന്റെ എതിർ വശം അഗാധമായ കൊക്ക.
ശരിക്കും ഒരു സ്ത്രീ നിൽക്കുന്നത് താൻ കണ്ടിരുന്നു.പക്ഷെ എവിടെ പോയി.
കുഞ്ഞേ,പിന്നിൽ നിന്നും കാര്യസ്ഥന്റെ ഭീതി നിറഞ്ഞ ശബ്ദം. അഭി തിരിഞ്ഞു നോക്കി.കുമാരേട്ടാ ഇവിടെങ്ങും ആരെയും കാണുന്നില്ല. ശരിക്കും എന്തായിരുന്നു അത്.ആ സ്ത്രീ എങ്ങോട്ട് പോയി.
ഞാനും അതാണ് കുഞ്ഞേ ചിന്തിക്കുന്നത്.എന്തായാലും നമുക്ക് ഇവിടിങ്ങനെ നിൽക്കണ്ട,പോകാം.
അല്ല എന്നാലും ആ സ്ത്രീ.അഭി പിന്നെയും തിരിഞ്ഞു നിന്നു.
ഉണ്ണീ.ദുർനിമിത്തങ്ങൾ ഇനിയുമുണ്ടാ വും,വരിക ഇരുട്ടും മുൻപേ ലക്ഷ്യം കാണണം.
കൃഷ്ണ മേനോന്റെ വാക്കുകളിലെ ഭയത്തിന്റെ കാണികകൾ അഭിമന്യു തിരിച്ചറിഞ്ഞു.
വണ്ടി മുൻപോട്ട് എടുക്കുമ്പോഴും അഭിയുടെ കണ്ണുകൾ സൈഡിലെ കണ്ണാടിയിൽ ആയിരുന്നു.
വല്ല്യച്ഛൻ ഇതിലൊക്കെ വിശ്വസിക്കുന്നുണ്ടോ.ഈ മന്ത്രവാദത്തിലൊക്കെ.കഴിഞ്ഞ സംഭവത്തിൽ നിന്നും ശ്രദ്ധ മാറ്റാൻ വേണ്ടി അഭി വീണ്ടും പറഞ്ഞു വന്ന കാര്യത്തിലേക്കെത്തി.
ഉണ്ട്.പക്ഷേ ഇപ്പോഴത്തെ തലമുറയ്ക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.ഇപ്പോൾ തന്നെ കണ്ടില്ലേ അനുഭവം.
എന്ത് ആ സ്ത്രീയെ കണ്ടതോ. അതോ വണ്ടി കാട്ടിൽ കയറിയതോ.അഭി ചിരിച്ചു കൊണ്ട് ചോദിച്ചു.
എന്റെ വല്ല്യച്ഛാ ഈ മന്ത്രവാദികൾ ഒക്കെ വലിയ ഫ്രോഡ് ആണ്. പണം ഉണ്ടാക്കാൻ ഓരോ തട്ടിപ്പ്.
വല്ല്യച്ഛനേയും വല്ല്യമ്മയേയും പിന്നെ ഈ കുമാരേട്ടനേം പോലുള്ളവർ ഇതൊക്കെ വിശ്വസിക്കും.കഷ്ടം.
ഉണ്ണീ. വിവരക്കേട് പറയാതിരിക്കാ. നീ വല്ല്യ പഠിപ്പും വിവരോം ഒക്കെ ഉള്ളവൻ തന്നെ.എന്ന് കരുതി സത്യമായ കാര്യങ്ങളെ തിരുത്താൻ ശ്രമിക്കരുത്.
കാളകെട്ടിയിലെ തന്ത്രിമാരേക്കുറിച്ച് ഉണ്ണിക്ക് അറിവില്ലായ്മ കൊണ്ടാണ്.നമ്മൾ ഇവിടെ പറയുന്ന ഓരോ കാര്യവും അവർക്ക് അറിയാം.
ദുർഗ്ഗ ദേവിയുടെ കടുത്ത ഉപാസകരാണ്.കൂടാതെ ചാത്തൻ സേവയും.
ഏത് കൊടിയ ബാധയും അവർക്ക് മുൻപിൽ മുട്ട് മടക്കും.കൃഷ്ണ മേനോൻ പറഞ്ഞു.
കുഞ്ഞേ,പലതും വിശ്വസിക്കാൻ പ്രയാസമുള്ള കാര്യങ്ങൾ തന്നെ. എന്നാൽ സത്യം വിശ്വസിക്കുക തന്നെ വേണം.
കുമാരൻ കാര്യസ്ഥന്റെ വാക്കുകളിൽ കാളകെട്ടിക്കാരോടുള്ള ഭയ ഭക്തി ബഹുമാനങ്ങൾ നിറഞ്ഞു നിന്നിരുന്നു.
ഉണ്ണീ,കാളകെട്ടിയിലെ ബ്രഹ്മ്മദത്തൻ തന്ത്രി അതായത് ശങ്കര നാരായണ തന്ത്രിയുടെ വല്ല്യച്ഛൻ,അദ്ദേഹം ഒരിക്കൽ ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ ഒരാൾ ദേ കാള പോകുന്നു എന്ന് പറഞ്ഞു.ആ നിമിഷം തന്നെ ഒറ്റ നോട്ടത്തിൽ അയാളുടെ വീട് കത്തിച്ചു ബ്രഹ്മ്മദത്തൻ തന്ത്രി.
അതീവ ശക്തി മൂർത്തിയായ മൂവാളൻ കുഴി ചാമുണ്ഡിയെ ആവാഹിച്ചു ബന്ധിച്ചവരാണ് കാളകെട്ടി ഇല്ലക്കാർ
അത്രയ്ക്ക് ശക്തിശാലികളും മഹാമാന്ത്രികന്മാരുമാണ് അവർ. അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. .
അഭിമന്യു പിന്നെ ഒന്നും മിണ്ടിയില്ല. വല്ല്യച്ഛന്റെയും കാര്യസ്ഥന്റെയും വാക്കുകളിൽ കാളകെട്ടി ഇല്ലക്കാരോടുള്ള ഭക്തി നിറഞ്ഞു നിൽക്കുന്നത് അയാൾക്ക് വ്യക്തമായി.
അയാൾ വണ്ടിയുടെ വേഗത വർദ്ധിപ്പിച്ചു.ചെറിയ ചാറ്റൽ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.
കൃഷ്ണ മേനോൻ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു. കലുക്ഷിതമായിരുന്ന അയാളുടെ മനസ്സിലേക്ക് ഒരു ദീന രോദനം ഒഴുകിയെത്തി.
ഇല്ല്യാ,ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ.ഒരിക്കലുമില്ല.എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ.ഞാൻ ചെയ്തിട്ടില്ല.
മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല.ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം.
ഹയ്,ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ.
മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും.
പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങി, മേനോൻ ഞെട്ടി കണ്ണ് തുറന്നു.വണ്ടി ഒരു വലിയ പടിപ്പുരയ്ക്ക് മുൻപിൽ നിൽക്കുന്നു.
പടിപ്പുരയുടെ മുകളിൽ വലിയ അക്ഷരങ്ങളിൽ കാളകെട്ടി എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
അഭി അകത്തേക്ക് നോക്കി ആകെ കാട് പിടിച്ചു കിടക്കുന്നു.ഉണ്ണീ ഇറങ്ങാം.ഇങ്ങട് ആരും വരില്ല.നമ്മൾ അങ്ങോട്ട് ചെല്ലണം.
മൂവരും പടിപ്പുര കടന്ന് അകത്തേക്ക് നടന്നു.അതാണ് മാന്ത്രികപ്പുര.അവിടെ നിന്നാണ് കൈകര ഭഗവതി എന്ന മൂർത്തിയെ ഇവിടുത്തെ വല്ല്യ തിരുമേനി എടുത്തെറിഞ്ഞത്.
അഭി കൃഷ്ണ മേനോൻ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി.ചുറ്റി പിണഞ്ഞു കിടക്കുന്ന കാട്ടു വള്ളികൾക്കിടയിൽ മാന്ത്രികപ്പുര.
മൂർത്തിയെ എടുത്തെറിയുകേ, എന്താപ്പോ അങ്ങനെ.അഭി ആകാംക്ഷയോടെ മേനോനെ നോക്കി.
അതൊരു വല്ല്യ കഥയാണ് കുട്ടീ. നിന്റെ അറിവിലേക്ക് ചുരുക്കി പറയാ.
പണ്ട്,പണ്ട് എന്നു വച്ചാല് വളരെപ്പണ്ട്.ഒരു ദിവസം തിരുമേനി കുളി കഴിഞ്ഞു പൂജ ചെയ്യുന്ന സമയം തിരുമേനിയുടെ കുഞ്ഞുണര്ന്നു കരഞ്ഞു.
അകത്തുള്ളവരൊക്കെ എന്തോ തിരിക്കിലാവണം.കുഞ്ഞു നിര്ത്താതെ കരഞ്ഞിട്ടും ആരും കരച്ചിലടക്കാനെത്തിയില്ല. നമ്പൂതിരിക്ക് ദേഷ്യം വന്നു.
അതിനെ അടക്കാനാരുമില്ലേ എന്ന് തന്ത്രി ഉച്ചത്തില് വിളിച്ചു ചോദിച്ചു. ഏതാനും നിമിഷങ്ങള്ക്കകം കുഞ്ഞിന്റെ കരച്ചില്നിന്നു.
പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ നമ്പൂതിരി നടുങ്ങിപ്പോയി. ഇല്ലപ്പറമ്പിലെ കാഞ്ഞിര മരത്തില് കൊന്നു കെട്ടിത്തൂക്കിയ നിലയില് കുഞ്ഞിന്റെ ശരീരം.
കൈകര ഭഗവതിയുടെ സ്ഥാനത്തെ പള്ളിവാളില് നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള് കണ്ട തന്ത്രികൾക്ക് കാര്യം മനസ്സിലായി.
അടക്കാനാരുമില്ലേ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ഭഗവതി നടപ്പിലാക്കിയിരിക്കുന്നു.കുഞ്ഞിനെ കൊന്ന് കരച്ചില്അടക്കിയിരിക്കുന്നു.
കോപത്താല് സമനില തെറ്റിയ നമ്പൂതിരി ഭഗവതിയുടെ ശക്തി കുടിയിരിക്കുന്ന വാളു വലിച്ചെടുത്ത് തൊട്ടരിരികലെ പുഴയിലേക്കെറിഞ്ഞു.
അഭി പിന്നെ ഒന്നും മിണ്ടിയില്ല. എത്തിച്ചേർന്ന സ്ഥലം അത്ര കണ്ട് നിസ്സാരമല്ല എന്ന് അയാൾക്ക് തോന്നി.
അവർ ഇല്ലത്തിന്റെ മുറ്റത്തെത്തി. കാടും വള്ളികളും നിറഞ്ഞ മുറ്റം നിറയെ കരികിലകൾ വീണു കിടക്കുന്നു.ചുറ്റും ഇരുട്ട് പരന്നത് പോലെ.ഒറ്റ നോട്ടത്തിൽ ആൾപ്പാർപ്പില്ലാ എന്ന് തോന്നും.
ഇതൊരു ഭാർഗ്ഗവീ നിലയം പോലുണ്ടല്ലോ.അഭി പറഞ്ഞു തീർക്കും മുൻപേ കിഴക്കൻ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.
ഇല്ലത്തിന്റെ സമീപം നിന്ന മരങ്ങൾ ബാധ ആവേശിച്ചത് പോലെ ഉറഞ്ഞു തുള്ളി.കരികിലകൾ പറന്നുയർന്നു.അഭിക്ക് ഒന്നും കാണാൻ സാധിച്ചില്ല.
താൻ പറന്നു പോകും പോലെ അയാൾക്ക് തോന്നി.പെട്ടന്ന് ആരോ പിടിച്ചു നിർത്തിയത് പോലെ കാറ്റ് ശമിച്ചു.
കണ്ണ് തിരുമി മുന്നോട്ടു നോക്കിയ അഭി ഇല്ലത്തിന്റെ പൂമുഖത്തെ ചാരു കസേരയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു.
ആദ്യം അങ്ങനെ ഒരാൾ അവിടെ ഉണ്ടായിരുന്നില്ല,ഇപ്പോൾ എവിടെ നിന്നും വന്നു.അഭിയുടെ മനസ്സ് ചിന്തിതമായി.
ആ മനുഷ്യൻ തങ്ങളെ തന്നെയാണ് നോക്കുന്നത് എന്ന് അഅയാൾക്ക് മനസ്സിലായി.
കൃഷ്ണ മേനോനും കുമാരനും വേഗം ചെന്ന് ആ മനുഷ്യന്റെ കാല് തൊട്ട് നമസ്കരിച്ചു.അഭിമന്യുവിന് ഒന്നും മനസിലായില്ല.അവൻ അയാളെ ആകെ ഒന്ന് നോക്കി.
പ്രായം 80- 85 തോന്നിക്കും. നീണ്ട മുടി ഒതുക്കി ഒരു സൈഡിൽ കെട്ടിയിരിക്കുന്നു.ഒതുങ്ങിയ താടി. മീശ പിരിച്ചു വച്ചിരിക്കുന്നു.
വെള്ള മുണ്ടാണ് വേഷം, അതിനു മുകളിൽ ചുവന്ന പട്ടുടുത്തിരിക്കുന്നു.കഴുത്തിൽ രുദ്രാക്ഷ മാല.
കൈയ്യിൽ എന്തൊക്കെയോ ജപിച്ചു കെട്ടിയിട്ടുണ്ട്. ഇടം കൈയ്യിൽ നാഗമുദ്രയുള്ള മോതിരം.
നെറ്റിൽ നീട്ടി വരച്ച ഭസ്മക്കുറി, നടുവിൽ ചന്ദനവും കുങ്കുമവും.
കസേരയിൽ ഇരുന്ന ആൾ പതിയെ എഴുന്നേറ്റു.കൃഷ്ണ മേനോനും കാര്യസ്ഥനും ഭയ ഭക്തി ബഹുമാന പൂർവ്വം ഒതുങ്ങി നിന്നു.അയാൾ അഭിയെ കൈ കാട്ടി വിളിച്ചു. അഭി പതിയെ അകത്തേക്ക് കയറി.
അഭിമന്യു,അമാവാസിയിലെ മൂന്നാം പാദത്തിൽ ജനനം. തിരുവോണം നക്ഷത്രം. ഒന്നിനെയും വകവയ്ക്കാത്ത പ്രകൃതം.തന്നെക്കുറിച്ച് അയാൾ പറഞ്ഞത് കേട്ട് അഭി ഞെട്ടി.
മിണ്ടാതെ നിന്ന കൃഷ്ണ മേനോൻ അഭിയുടെ മുഖത്തെ പകപ്പ് കണ്ട് ചിരിക്കുക മാത്രം ചെയ്തു.
ഇങ്ങോട്ടുള്ള യാത്രാ മദ്ധ്യേ താൻ പറഞ്ഞ ഫ്രോഡ്കളിൽ ഒരാൾ ഞാനാണ്.പേര് ശങ്കര നാരായണ തന്ത്രി.എങ്ങനെയുണ്ട് എന്റെ ഭാർഗ്ഗവീ നിലയം?.
തന്ത്രികളുടെ മുൻപിൽ താൻ ഉരുകിപ്പോകും പോലെ അഭിക്ക് തോന്നി.ഒന്നും മിണ്ടാതെ അയാൾ തല താഴ്ത്തി നിന്നു.
കൃഷ്ണ മേനോന്റെ വാക്കുകൾ അഭിയുടെ മനസ്സിലേക്ക് കടന്നു വന്നു. വല്ല്യച്ഛൻ പറഞ്ഞത് എത്രയോ ശരിയാണ്.
മ്മ് മൂവരും കൈ കാൽ കഴുകി വരിക. യാത്ര കഴിഞ്ഞു വന്നതല്ലേ സംഭാരം കുടിച്ചു ക്ഷീണം മാറ്റിയതിന് ശേഷം അറയിലേക്ക് വന്നോളൂ.തന്ത്രി അകത്തേക്ക് കടന്നു.
ദാഹമകറ്റി തന്ത്രിയുടെ അറയിലേക്ക് നടക്കുമ്പോൾ അഭിമന്യുവിന്റെ കണ്ണുകൾ കൃഷ്ണ മേനോൻ പറഞ്ഞ ദേവീ വിഗ്രഹം തേടുകയായിരുന്നു.
എങ്ങനെയെങ്കിലും ഇവിടുത്തെ ചാത്തനെ ഒന്ന് കാണണം. മേനോൻ അറിഞ്ഞാൽ അനുവദിക്കില്ല എന്ന് അഭിക്ക് ഉറപ്പായിരുന്നു.
അത് കൊണ്ട് അവരിരുവരെയും ഒഴിവാക്കാൻ അഭി ഒരു വഴി കണ്ടെത്തി.
ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വരാം,കൃഷ്ണ മേനോനോട് അങ്ങനെയൊരു കള്ളം പറഞ്ഞ് അഭി അവിടെ നിന്നും മാറി.
ഒടുവിൽ പടിഞ്ഞാറ്റയോട് ചേർന്നുള്ള മറ്റൊരു ഇടനാഴി അയാളുടെ കണ്ണിൽപ്പെട്ടു.
അവിടെ ദുർഗ്ഗ ദേവിയുടെ പൂർണ്ണകായ വിഗ്രഹം, ദേവിയുടെ കൈകൾക്കിടയിലൂടെ അകത്തേക്ക് അരിച്ചിറങ്ങുന്ന നെയ്യ് വിളക്കിന്റെ ചെറിയ പ്രകാശം.
അഭി അങ്ങോട്ടേക്ക് സൂക്ഷിച്ചു നോക്കി, ദേവിയുടെ പിന്നിൽ നിന്നും ആരോ തന്നെ തുറിച്ചു നോക്കുന്നത് പോലെ അയാൾക്ക് തോന്നി.
അൽപ്പം കൂടി അടുത്തേക്ക് നീങ്ങി അയാൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി. തോന്നലല്ല ആരോ അവിടെ നിന്നും തന്നെ തുറിച്ചു നോക്കുന്നുണ്ട് എന്ന് അഭിക്ക് ഉറപ്പായി.
ആരാ അത്, ഉള്ളിൽ അൽപ്പം ധൈര്യത്തോടെ അഭി വിളിച്ചു ചോദിച്ചു.
ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു.പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.
#തുടരും..
രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission