Skip to content

രക്തരക്ഷസ്സ് – ഭാഗം 5

രക്തരക്ഷസ്സ് Novel

ചോദ്യത്തിന് ഉത്തരമെന്നോണം ഒരു ചിരി ഉയർന്നു.പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി.

അഭി ഞെട്ടി പിന്നോട്ട് മാറി.എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക്‌ വ്യക്തമായില്ല.അഭി വിയർത്തു കുളിച്ചു.

പെട്ടന്ന് പിടിച്ചു നിർത്തിയത് പോലെ ചിരി നിന്നു.അയാൾ തിരിഞ്ഞു നോക്കി.പിന്നിൽ തീഷ്ണതയേറിയ കണ്ണുകളുമായി ശങ്കര നാരായണ തന്ത്രി.

ഉണ്ണീ നിന്നോട് ഞാൻ പറഞ്ഞിട്ടില്ല്യെ ഇടനാഴിയുടെ അകത്തു കടന്നുള്ള കുസൃതികൾ വേണ്ട എന്ന്.

അഭിക്ക് ഒന്നും വ്യക്തമായില്ല, അൽപ്പം പകപ്പോടെ അയാൾ തിരിഞ്ഞു നോക്കി.

പിന്നിൽ ഒരു കുട്ടി ചിരിച്ചു കൊണ്ട് നിൽക്കുന്നു.അവന്റെ കൈയ്യിൽ കുടം പോലെ എന്തോ ഒന്ന്.

ന്താ താൻ ഭയന്നു ല്ലേ,തന്ത്രി അഭിയെ നോക്കി. അനുജന്റെ പുത്രനാണ്.കുസൃതി ശ്ശി കൂടുതലാ.

ഇല്ലത്ത് ആദ്യമായി വരുന്നവരെ ഇങ്ങനെ ഭയപ്പെടുത്തുകയാണ് പ്രധാന പണി.

അഭിക്ക് നല്ല ദേഷ്യം വന്നു. ചെക്കന്റെ മോന്തയ്ക്ക് ഒന്ന് കൊടുക്കണം. അയാൾ മനസ്സിൽ പറഞ്ഞു.

മ്മ്,താൻ വന്നോളൂ. അവർ അറയിൽ കാത്തിരിക്കുന്നു.അഭി തന്ത്രികൾക്കൊപ്പം നടന്നു.പോകും വഴി ഉണ്ണി നമ്പൂതിരിയെ നോക്കി പേടിപ്പിക്കാനും അയാൾ മറന്നില്ല.

ഇരുവരും അറയിലേക്ക് കടന്നു.അഭി ചുറ്റും ഒന്ന് കണ്ണോടിച്ചു.അറയുടെ മധ്യത്തിൽ അഗ്നി എരിയുന്ന ഒരു ഹോമകുണ്ഡം,ചുറ്റും കത്തിച്ചു വച്ചിരിക്കുന്ന നിലവിളക്കുകൾ. തറയിൽ എന്തൊക്കെയോ കളങ്ങളും രൂപങ്ങളും വരച്ചിരിക്കുന്നു.

പിന്നിൽ ദുർഗ്ഗാ ദേവിയുടെ വലിയ വിഗ്രഹം.സമീപം വിരിച്ച പായിൽ കൃഷ്ണ മേനോനും കാര്യസ്ഥനും ഇരിക്കുന്നു.

അഭി അവർക്കൊപ്പം ഇരുന്നു. തന്ത്രി ഹോമകുണ്ഡത്തിന് പിന്നിലുള്ള ആവണിപ്പലകയിൽ ഇരുന്ന് സമീപത്തെ വിളക്കിലേക്ക് അൽപ്പം എണ്ണ പകർന്നു.ശേഷം അതിന്റെ തിരിയിലേക്ക് സൂക്ഷിച്ചു നോക്കി.

കൃഷ്ണ മേനോൻ തന്ത്രിയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു. എന്തൊക്കെയോ വ്യക്തമായ ശങ്കര നാരായണ തന്ത്രി അഭിയുടെ മുഖത്തേക്ക് നോക്കി.

താൻ എന്തെങ്കിലും അസാധാരണമായ കാഴ്ചകൾ കാണുകയോ,എന്തെങ്കിലും കേൾക്കുകയോ ചെയ്തോ.

അഭി അൽപ്പം ആലോചനയോട് കൂടി പൂജയും വിളക്ക് വയ്പ്പും ഇല്ല എന്ന് എല്ലാവരും പറയുന്ന വള്ളക്കടത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിൽ കണ്ട സംഭവം തന്ത്രിയെ അറിയിച്ചു.

ശ്രീപാർവ്വതിയുടെ കാര്യം അയാൾ ബോധപൂർവം മറച്ചു വച്ചു. മറ്റൊന്നും അനുഭവപ്പെട്ടില്ല?തന്ത്രി അഭിയെ സൂക്ഷിച്ചു നോക്കി.

തന്ത്രികളുടെ കണ്ണുകളിലെ തീഷ്ണത മൂലം അഭിക്ക് ആ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല. അയാൾ തല കുനിച്ചു.

അപ്പൊ സന്ധ്യാ സമയത്ത് പുഴയിൽ നിന്നും പൊങ്ങി വന്ന, പിറ്റേന്ന് തൂശനിലയിൽ തനിക്ക് പ്രസാദം നൽകിയ ശ്രീപാർവ്വതിയെ മറന്നുവോ.?

തന്ത്രിയുടെ ചോദ്യം അഭിമന്യുവിനോട് ആയിരുന്നുവെങ്കിലു ഞെട്ടിയത് കൃഷ്ണ മേനോനും കുമാരനുമായിരുന്നു.

എന്താ, ചോദ്യം കേട്ടില്ല എന്നുണ്ടോ, തന്ത്രി ശബ്ദമുയർത്തി. ക്ഷമിക്കണം,അഭി ഞെട്ടലോടെ അത്രയും പറഞ്ഞു.

അവൾ ആരാണെന്ന് അറിയോ തനിക്ക്.ആ ഗ്രാമത്തിന്റ സർവ്വ നാശം കാണാൻ വേണ്ടി കാത്തിരിക്കുന്ന ഒരു യക്ഷി.

പണ്ട് തന്റെ ഈ വല്ല്യച്ഛനും കൂട്ടരും കൂടി കുറ്റ വിചാരണ നടത്തിയ ഒരു പാവം വാര്യരുടെ മകൾ.

അഭി ഞെട്ടിത്തരിച്ചു. അയാൾ കൃഷ്ണ മേനോനെയും കാര്യസ്ഥനേയും നോക്കി. ഇരുവരും തല കുനിച്ചിരിക്കുന്നു.

തന്റെ പല സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ ലഭ്യമാവാൻ തുടങ്ങി എന്ന് അയാൾക്ക്‌ വ്യക്തമായി.

പക്ഷേ,തിരുമേനി അവിടുന്ന് ആവാഹിച്ചു ബന്ധിച്ച അവളെങ്ങനെ.കൃഷ്ണ മേനോൻ പകുതിയിൽ നിർത്തി.

അതാണ്‌ എനിക്കും വ്യക്തമാവാത്തത്.മ്മ്മ് നോക്കട്ടെ. തന്ത്രി ഹോമകുണ്ഡത്തിലേക്ക് നെയ്യ് ഒഴിച്ച് അഗ്നി ജ്വലിപ്പിച്ചു.

ആളിക്കത്തിയ അഗ്നിയിൽ ശങ്കര നാരായണ തന്ത്രി ആ സത്യം തിരിച്ചറിഞ്ഞു.ശ്രീപാർവ്വതിയെ സ്വതന്ത്രയാക്കിയത് അഭിമന്യുവാണ്.

തന്ത്രി അഭിയുടെ നേരെ ദൃഷ്ടി തിരിച്ചു. മൂവർക്കും കാര്യങ്ങൾ വ്യക്തമായില്ല.പക്ഷേ തന്ത്രികൾ ഗൗരവമേറിയ എന്തോ മനസ്സിലാക്കിയെന്ന് അവർക്ക് ഉറപ്പായി.

തന്റെ കൊച്ചുമകനാണ് അവളെ അഴിച്ചു വിട്ടത്.തന്ത്രികൾ പറഞ്ഞത് കേട്ട് കൃഷ്ണ മേനോൻ ഞെട്ടി.

വിശ്വാസം വരാതെ മേനോനും കാര്യസ്ഥനും തന്ത്രിയേയും അഭിമന്യുവിനെയും മാറി മാറി നോക്കി.

അഭിയും പകച്ചു പോയിരുന്നു. കാര്യങ്ങൾ കറങ്ങി തിരിഞ്ഞു തന്നെ പ്രതിക്കൂട്ടിലാക്കി എന്ന് അയാൾക്ക്‌ ഉറപ്പായി. തിരുമേനി അതിനു ഞാൻ…ഞാനൊന്നും. അഭിക്ക് വാക്കുകൾ കിട്ടിയില്ല.

തന്ത്രി കൈ ഉയർത്തി. താൻ അറിഞ്ഞു കൊണ്ട് ഒന്നും ചെയ്തിട്ടില്ല.എന്താണ് സംഭവിച്ചത് എന്ന് അറിയണ്ടേ.കണ്ടോളൂ.

തന്ത്രി അല്പം പുഷ്പമെടുത്ത് ദുർഗ്ഗ സ്തോത്രം ചൊല്ലി മുൻപിൽ വച്ചിരുന്ന ഉരുളിയിലെ ജലത്തിലേക്കിട്ടു.

എല്ലാവരും അതിലേക്കു തന്നെ സൂക്ഷിച്ചു നോക്കി.മംഗലത്ത് തറവാട്ടിൽ എത്തിയ അഭിമന്യു ആദ്യമായി പുഴയിലേക്ക് പോയപ്പോൾ സംഭവിച്ച കാര്യങ്ങൾ അതിൽ തെളിഞ്ഞു വന്നു.

അഭി പാടവരമ്പിലൂടെ പുഴയിലേക്ക് നടക്കുന്നു. അപ്പോഴാണ് അയാൾ സമീപമുള്ള ഒരു ചെമ്പകം ശ്രദ്ധിച്ചത്.അഭി അങ്ങോട്ട്‌ നടന്നു.

ചെമ്പകം നിറഞ്ഞു പൂത്തിരിക്കുന്നു.ചുറ്റും നറുമണം. അയാൾ അതിനു ചുറ്റും ഒന്ന് നടന്നു.അതിന്റെ തടിയിലൂടെ കൈ ഓടിച്ചു.

എന്തോ കൈയ്യിൽ തറച്ചത് പോലെ അഭിക്ക് തോന്നി,പെട്ടന്ന് കൈ വലിച്ചു.കൈവിരൽ ചെറുതായി മുറിഞ്ഞു രക്തം പൊടിഞ്ഞിരിക്കുന്നു.

അയാൾ മരത്തിലേക്ക് സൂക്ഷിച്ചു നോക്കി.മരത്തിൽ തറച്ചിരിക്കുന്ന ആണിയിൽ വിരൽ കൊണ്ടതാണ്.

ഓ, സമയം വൈകുന്നു, സ്വയം പറഞ്ഞു കൊണ്ട് അഭി മുറിഞ്ഞ വിരൽ ഒന്നുകൂടി നോക്കി.

ചെറിയ മുറിവാണ്.കാണാൻ മാത്രമില്ല.അഭി പതിയെ അവിടെ നിന്നും പുഴയിലേക്ക് നടന്നു.

തനിക്ക് പിന്നിലെ മരത്തിൽ തറച്ച ആണി പതിയെ ഊരി വരുന്നത് അയാൾ കണ്ടില്ല.

ഊരിത്തെറിച്ച ആണിത്തുളയിൽ നിന്നും പുകച്ചുരുളുകൾ പുറത്ത് വന്നു.ക്രമേണ അതൊരു യുവതിയായി മാറി പിന്നെ അവിടെ നിന്നും മറഞ്ഞു.

അഭിക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റിയില്ല.കൃഷ്ണ മേനോനും കുമാരനും ഭയന്ന് വിറച്ചു.

പെട്ടെന്ന് കൃഷ്ണ മേനോന്റെ ഇടത് വശത്തിരുന്ന നിലവിളക്കിലെ തിരി ആരോ വീശി അണച്ചത് പോലെ കെട്ടു.

ശങ്കര നാരായണ തന്ത്രിയുടെ നെറ്റി ചുളിഞ്ഞു. കണ്ണുകൾ ചുരുങ്ങി. അദ്ദേഹത്തെ വിയർക്കാൻ തുടങ്ങി.

അമ്മേ മഹാമായേ എന്താ ഈ അശുഭ ലക്ഷണം.തന്ത്രി പിന്നിലെ ദേവീ വിഗ്രഹത്തിലേക്ക് നോക്കി.

തന്ത്രിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം പുറത്തൊരു ചിറകടി ശബ്ദം കേട്ടു. എല്ലാവരുടെയും കണ്ണുകൾ ജനാലയിലൂടെ പുറത്തേക്ക് നീണ്ടു.

പുറത്ത് കണ്ട കാഴ്ച്ച ശങ്കര നാരായണ തന്ത്രിയെ ഞെട്ടിച്ചു. ദേവീ ചതിച്ചുവോ.അയാൾ നെഞ്ചിൽ കൈ അമർത്തി.

പുറത്ത് ഒരു ബലിക്കാക്ക ചിറകടിച്ചു പറക്കുന്നു.മേനോനെ ഈ നിമിത്തങ്ങൾ സൂചിപ്പിക്കുന്നത് ശ്രീപാർവ്വതി അതീവ ശക്തയായി എന്നാണ്.അത് എങ്ങനെ എന്നാണ് ഇനി അറിയേണ്ടത്. മ്മ്മ് നോക്കാം.

തന്ത്രി ഒരു നുള്ള് ഭസ്മം കൈയ്യിലെടുത്ത് മന്ത്രം ചൊല്ലി.

“സിന്ദുരാരുണ വിഗ്രഹാം ത്രിണയനാം
മാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂര്ണ്ണരത്നചഷകം
രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം”.ശേഷം ഭസ്മം അഗ്നിയിൽ അർപ്പിച്ചു. അഗ്നി ആളി ഉയർന്നു.

കത്തി ജ്വലിക്കുന്ന ഹോമകുണ്ഡത്തിലെ അഗ്നിയിൽ ശങ്കര നാരായണ തന്ത്രി ശ്രീപാർവ്വതിയുടെ വിശ്വരൂപം കണ്ടു.

ഇടതൂർന്ന മുടി,തിരുനെറ്റി മുറിഞ്ഞു രക്തം മുഖത്താകെ പടർന്നിരിക്കുന്നു.

നീണ്ട ദംഷ്ട്രകൾ കീഴ്ച്ചുണ്ട് തുളച്ചിറങ്ങിയിരിക്കുന്നു. കണ്ണുകളിൽ രക്തവർണ്ണം. ചുണ്ടുകൾക്കിടയിലൂടെ രക്തം ഒഴുകിയിറങ്ങുന്നു.

ഒരു നിമിഷം ശ്വാസം നിലച്ചിരുന്നുപോയി ആ മഹാ മാന്ത്രികൻ.

തന്ത്രികൾ തന്റെ വാക്കുകൾക്കായി ചെവിയോർത്തിരുന്ന കൃഷ്ണ മേനോന്റെ മുഖത്തേക്ക് നോക്കി.

മേനോനെ അവൾ നോം ഉദേശിച്ചത്‌ പോലെ അല്ല.ഉഗ്ര രൂപത്തിൽ ആയിരിക്കുന്നു.

കൃഷ്ണ മേനോന്റെ തൊണ്ട വരണ്ടു.അയാൾ വിയർത്തു തുടങ്ങി.ഉഗ്രരൂപത്തിൽ എന്ന് പറയുമ്പോൾ.

കാര്യസ്ഥന്റെ ചോദ്യത്തിന് തന്ത്രി നൽകിയ മറുപടി വെള്ളിടി പോലെയാണ് മേനോനും കുമാരനും കേട്ടത്.

അവളിപ്പോൾ വെറുമൊരു യക്ഷിയല്ല രക്ഷസ്സാണ് രക്തരക്ഷസ്സ്.ഇയാളുടെ രക്തത്തിന്റെ അംശം ഞാൻ അവളെ ആവാഹിച്ചു ബന്ധിച്ച ആണിയിൽ പറ്റിയതാണ് എല്ലാം മേൽ കീഴ് മറിഞ്ഞത്.

മേനോനെ യൗവ്വനത്തിൽ തന്നെ പടുമരണം സംഭവിച്ച ശ്രീപാർവ്വതി രക്തരക്ഷസ്സ് ആയ സ്ഥിതിക്ക് താനും തന്റെ ഈ കൈയ്യാളും പിന്നെ ആരൊക്കെ അവളെ കൊല്ലാൻ കൂട്ട് നിന്നോ അവരൊക്കെ സൂക്ഷിച്ചോളൂ.. നിങ്ങളുടെ സർവ്വ നാശം.അതൊന്ന് മാത്രമാണ് അവളുടെ ലക്ഷ്യം.

തന്ത്രിയുടെ വാക്കുകൾ ഇടി നാദം പോലെ മേനോന്റെ മനസ്സിൽ പെരുംമ്പറ മുഴക്കി.

ഇനിയിപ്പോ അവളെ ബന്ധിക്കുക എന്നത് എന്നാൽ ആവുന്ന ഒന്നല്ല. തിരുമേനി അങ്ങനെ പറയരുത്. മേനോന്റെ ശബ്ദത്തിൽ ഭയത്തിന്റെ പതർച്ച ഉയർന്നു നിന്നു.

അങ്ങയെക്കൊണ്ട് അല്ലാതെ മറ്റാരാണ് അവളെ ബന്ധിക്കുവാൻ. ഞങ്ങളെ കൈവിടരുത്.കൃഷ്ണ മേനോന്റെ കണ്ണുകൾ നിറഞ്ഞു.

ആദ്യമായാണ് മേനോന്റെ കണ്ണുകൾ നിറഞ്ഞു കാണുന്നതെന്ന് കുമാരൻ ഓർത്തു.

അയാൾ കത്തുന്ന ഒരു നോട്ടം അഭിക്ക് നേരെ അയച്ചു.നിനക്ക് ഏത് നേരത്താണ് ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് എന്ന് അയാൾ മനസ്സിൽ ചോദിച്ചു.

കുമാരന്റെ നോട്ടം കണ്ട അഭിമന്യു തല താഴ്ത്തി.ചെമ്പകച്ചോട്ടിലേക്ക് പോകാൻ തോന്നിയ നിമിഷത്തെ അയാൾ സ്വയം പഴിച്ചു.

മേനോൻ തന്ത്രികളുടെ കാൽക്കൽ സാഷ്ടംഗം വീണ് തൊഴുതു. തന്ത്രികൾ മേനോനെ പിടിച്ചെഴുന്നേൽപ്പിച്ചു കൊണ്ട് തന്റെ പിന്നിലെ ദേവീ വിഗ്രഹത്തിലേക്ക് നോക്കി.

അമ്മേ മഹാമായേ എന്റെ ഉണ്ണിയെ വിളിക്കേണ്ട സമയം ആയി ല്ലേ.

തന്ത്രിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം ഉത്തരത്തിൽ ഇരുന്ന ഗൗളി മൂന്ന് വട്ടം ചിലച്ചു.

മേനോൻ പ്രത്യാശായോടെ ശങ്കര നാരായണ തന്ത്രിയുടെ മുഖത്തേക്ക് നോക്കി.

താൻ ഭയക്കണ്ടാ. എന്നേക്കാൾ കേമനായ എന്റെ ഉണ്ണി വരും. അവളെ അവൻ ബന്ധിക്കും. എന്നേക്കാൾ ഏറെ പഠിച്ചവനാണ് ന്റെ ഉണ്ണി.

ത്രികാലഞ്ജാനി.സകല വേദത്തിലും മന്ത്ര തന്ത്രത്തിലും അഗ്രഗണ്യൻ. ഇപ്പോൾ ഒരു യാത്രയിലാണ് ഹിമാലയത്തിൽ എവിടെയോ ഉണ്ട്.

രക്ഷസ്സായി മാറിയ ശ്രീപാർവ്വതിക്ക് അവന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ സാധിക്കില്ല്യ.

തന്ത്രികൾ അത് പറഞ്ഞു തീർക്കും മുൻപേ പുറത്ത് ചിറകടിച്ചു പറന്ന ബലിക്കാക്ക പിടഞ്ഞു വീണു.

അദ്ദേഹം വെട്ടിത്തിരിഞ്ഞു ഉരുളിയിലെ ജലത്തിലേക്ക് നോക്കി.അത് ചുവന്ന് രക്തവർണ്ണമായിരുന്നു.അപകടം. തന്ത്രിയുടെ ചുണ്ടുകൾ മന്ത്രിച്ചു.

മേനോനെ നിങ്ങൾ കഴിയുന്നതും വേഗം മടങ്ങിക്കോളു,തന്റെ തറവാട്ടിൽ മരണം കരിനിഴൽ പതിക്കുന്നതായി പ്രതീതമാവുന്നു.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന പോലെയുള്ള തന്ത്രിയുടെ പ്രവചനങ്ങൾ മേനോനെയും കൂട്ടരെയും തെല്ലൊന്നുമല്ല അസ്വസ്ഥമാക്കിയിരുന്നത്.

മൂവരും അതിവേഗം തന്നെ അവിടെ നിന്നുമിറങ്ങി.തന്ത്രി പറഞ്ഞ വാക്കുകൾ മേനോന്റെ മനസ്സിനെ അലട്ടുന്നുണ്ട് എന്ന് അഭിക്ക് മനസ്സിലായി.

ഞാൻ കാരണം വല്ല്യച്ഛന്റെ ജീവൻ അപകടത്തിൽ ആയി ല്ലേ.അയാൾ മേനോനെ നോക്കി.പക്ഷേ എത്രയും വേഗം തറവാട്ടിൽ എത്തണം എന്ന് മാത്രമാണ് അയാൾ മറുപടി പറഞ്ഞത്.

നിമിഷ നേരം കൊണ്ട് പ്രകൃതിക്ക് മാറ്റം സംഭവിച്ചു.മാനം കറുത്തു കൊള്ളിയാന്റെ അകമ്പടിയോടെ മഴ ആർത്തിരമ്പി.

മംഗലത്ത് തറവാടിന്റെ പൂമുഖത്ത് ദേവീമാഹാത്മ്യം വായിച്ചു കൊണ്ടിരുന്ന ദേവകിയമ്മ ഇടിയും മഴയും കണ്ട മാത്രയിൽ ലക്ഷ്മിയെ വിളിച്ചു.

കുട്ടീ മഴ കനത്തു എന്ന് തോന്നുന്നു. അവർ ഇനിയും എത്തിയിട്ടില്യലൊ. മഴ കണ്ടോണ്ട് കാളകെട്ടിയിൽ തങ്ങിട്ടുണ്ടാവും തമ്പ്രാട്ടി.ലക്ഷ്മി മറുപടി പറഞ്ഞു.

ഹാ.അമ്മേ ദേവീ നീയേ തുണ ദേവകിയമ്മ ദേവീമാഹാത്മ്യം തൊട്ട് തൊഴുതു.

കുട്ടീ മഴ വീഴും മുന്നേ പടിപ്പുര അടച്ചേക്കൂ.ദേവകിയമ്മ ലക്ഷ്മിയെ നോക്കി.അവൾ പടിപ്പുര ലക്ഷ്യമാക്കി നടന്നു.

നിമിഷ നേരം കൊണ്ട് മഴ തിമർത്ത് പെയ്തു തുടങ്ങി.ദേവകിയമ്മയ്ക്ക് മുന്നിൽ ഉള്ളതൊന്നും കാണാൻ സാധിച്ചില്ല.

കുട്ടീ ഇങ്ങട് പോന്നോളൂ മഴ വീഴണ കണ്ടില്ലേ.അവർ ലക്ഷ്മിയെ തിരിച്ചു വിളിച്ചു.എന്നാൽ അവരുടെ ശബ്ദം മഴയുടെ രുദ്രതാളത്തിൽ അലിഞ്ഞു പോയി.

കുട്ടി നനയൂലോ ന്റെ ദേവീ, അവർ ചുവരിൽ തൂക്കിയ കുടയുമായി പടിപ്പുരയിലേക്ക് നടന്നു.

മഴത്തുള്ളികൾ അനുസരണയില്ലാത്ത കുട്ടിയെപ്പോലെ അവരുടെ മേലെ പടർന്നു കയറി.

മുഖത്തേക്ക് തെറിച്ചു വീണ മഴ വെള്ളം തുടച്ചു കൊണ്ട് അവർ മുന്നോട്ട് നോക്കി.

പടിപ്പുര അടച്ചിരിക്കുന്നു.എന്നാൽ ലക്ഷ്മിയെ കാണാനില്ല.ഈ കുട്ടി ഇതെങ്ങോട്ടാ പോയെ.മഴയത്താ കുട്ടിക്കളി.

ലക്ഷ്മി,ലക്ഷ്മി.അവർ ഉറക്കെ വിളിച്ചു.എന്നാൽ പ്രതികരണമുണ്ടായില്ല.

അഭിയുടെ വാക്കുകൾ പെട്ടന്ന് ദേവകിയമ്മയുടെ മനസ്സിലേക്ക് ഓടിയെത്തി.കൂടെ ലക്ഷ്മിക്ക് ഉണ്ടായ അനുഭവവും.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ അവർക്ക് തോന്നി.ഒരു ഞെട്ടലോടെ അവർ തിരിഞ്ഞു നോക്കി.ലക്ഷ്മി പുറകിൽ നിൽക്കുന്നു.

ഹോ, ഭയപ്പെടുത്തി കളഞ്ഞൂലോ കുട്ട്യേ.എവിടെ പോയതായിരുന്നു ഈ മഴയിൽ.നനഞ്ഞു കുളിച്ചു നിൽക്കണ കണ്ടില്ല്യേ.

ഇനിയിപ്പോ അസുഖം വരുത്തി വയ്ക്കാനാ ഭാവം.അവർ അവളെ ശകാരിച്ചുകൊണ്ട് അടുത്തേക്ക് നീങ്ങി.

പെട്ടെന്ന് അതിശക്തമായ ഒരു കൊള്ളിയാൻ ദേവകിയമ്മയുടെ കാഴ്ച മറച്ചു.

കണ്ണ് ചിമ്മി മുന്നോട്ട് നോക്കിയ അവർ ഞെട്ടി.ലക്ഷ്മി നിന്നിടം ശൂന്യം.

നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു.ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മ വിയർത്തൊഴുകി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!