രക്തരക്ഷസ്സ് – ഭാഗം 6

5495 Views

രക്തരക്ഷസ്സ് Novel

നിമിഷ നേരം കൊണ്ട് അവർ ഭയത്തിന്റെ കൈകളിൽ അകപ്പെട്ടു. ആർത്തലയ്ക്കുന്ന മഴയിലും ദേവകിയമ്മയെ വിയർത്തൊഴുകി.

പൊടുന്നനെ കിഴക്കൻ കാറ്റ് ആഞ്ഞു വീശി.മുറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ കനത്ത ശിഖരങ്ങളിലൊന്ന് ദേവകിയമ്മയുടെ മുന്നിലേക്ക് ഒടിഞ്ഞു വീണു.

അവർ പേടിച്ച് നിലവിളിച്ചു കൊണ്ട് പിന്നിലേക്ക് ഒരടി വച്ചു.എന്നാൽ ആരോ പിടിച്ചു നിർത്തിയ പോലെ അവരവിടെ നിന്നു പോയി.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നത് പോലെ ദേവകിയമ്മയ്ക്ക് തോന്നി.എന്നാൽ തിരിഞ്ഞു നോക്കാൻ ഉള്ള ശക്തി അവർക്കില്ലായിരുന്നു.

വല്ല്യമ്പ്രാട്ടി പേടിച്ചോ?പിന്നിൽ നിന്നും ഉയർന്ന ചോദ്യം കേട്ട് ദേവകിയമ്മ ഞെട്ടിത്തിരിഞ്ഞു.

ചുറ്റും പ്രകാശം പരത്തിക്കൊണ്ട് ചിതറി വീണ കൊള്ളിയാൻ വെട്ടത്തിൽ പിന്നിൽ നിന്ന ആളെക്കണ്ട ദേവകിയമ്മയുടെ തൊണ്ട വറ്റി.ഉറക്കെ കരയാൻ അവർ ശ്രമിച്ചു,പക്ഷേ ശബ്ദം പുറത്തേക്ക് വന്നില്ല.

ശ്രീപാർവ്വതി,അവ്യക്തമായ ശബ്ദത്തിൽ അവർ പറഞ്ഞു. അപ്പോൾ വല്ല്യമ്പ്രാട്ടി എന്നെ മറന്നിട്ടില്ല്യ ല്ലേ?ശ്രീപാർവ്വതി ഒന്നുറക്കെ ചിരിച്ചു.

അവളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ തിളക്കം ദേവകിയമ്മ കണ്ടു.

ന്നെ ഒന്നും ചെയ്യല്ലേ.ന്നോട് പൊറുക്കണം.ന്റെ മോളെ ഈ വയസ്സിയേ വെറുതെ വിടണം.അവർ കൈ തൊഴുതു അപേക്ഷിച്ചു.

ഒന്നും ചെയ്യല്ലേ ന്ന്. വെറുതെ വിടണം ല്ല്യെ.ഞാനും കരഞ്ഞില്ല്യെ വല്ല്യമ്പ്രാട്ടി.തൊഴുത് കരഞ്ഞില്ല്യെ. ന്നെ കൊല്ലല്ലേന്ന്.കാല് പിടിച്ചു കരഞ്ഞില്ല്യേ,ന്നിട്ട് കേട്ടോ?ഇല്ല്യാ.

ശ്രീപാർവ്വതിയുടെ കണ്ണുകളിൽ നിന്നും രക്തം ഒഴുകിയിറങ്ങി. ശക്തമായ കാറ്റിൽ അവളുടെ നീണ്ട മുടി പനങ്കുല പോലെ പാറി.

അമ്മേ ദേവീ,മഹാമായേ രക്ഷിക്കണേ.ദേവകിയമ്മ അവസാന ആശ്രയമായി പ്രാർത്ഥിച്ചു.

അത് കേട്ട ശ്രീപാർവ്വതി ഉറക്കെ ചിരിച്ചു. അവളുടെ ചിരിക്ക് അകമ്പടിയെന്ന പോലെ നായ്ക്കൾ ഉച്ചത്തിൽ ഓരിയിട്ട് തുടങ്ങി.

വല്ല്യമ്പ്രാട്ടി എന്നോടും എന്റെ അച്ഛനോടും ചെയ്ത ദ്രോഹത്തിന്റെ ഫലം അത് അനുഭവിക്കുക തന്നെ വേണം.

വർഷങ്ങളോളം ബന്ധനത്തിൽ കഴിഞ്ഞ ഞാൻ ഇനി എന്നേം എന്റെ കുടുംബത്തെയും ഇല്ലാതാക്കിയവരുടെ സർവ്വനാശം കണ്ടേ അടങ്ങൂ.

പ്രതികാര ദാഹത്തോടെ ശ്രീപാർവ്വതി ദേവകിയമ്മയുടെ കഴുത്തിൽ പിടിമുറുക്കി.

തന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകുന്നത് അവർ അറിഞ്ഞു. കൊല്ലല്ലേ…..അവസാനമായി ഒരിക്കൽ കൂടി അവർ അപേക്ഷിച്ചുവെങ്കിലും ആ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.

ശ്രീപാർവ്വതിയുടെ കൈയ്യിലെ കൂർത്ത നഖങ്ങൾ അവരുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.

കർണ്ണ ഞരമ്പുകൾ വലിഞ്ഞു പൊട്ടി.കണ്ണുകൾ പുറത്തേക്ക് തള്ളി.ശ്രീപാർവ്വതിയുടെ കൈകളിൽ കിടന്നവർ പിടഞ്ഞു. പിന്നെ പതിയെ ആ പിടച്ചിൽ നിന്നു.

കഴുത്തിലെ മുറിവിലൂടെ ചോര വാർന്ന്,തുറിച്ച കണ്ണുകളും പുറത്തേക്ക് തള്ളിയ നാവുമായി ദേവകിയമ്മയുടെ ശരീരം ശ്രീപാർവ്വതിയുടെ കൈയ്യിൽ കിടന്നു.

നിശ്ചലമായ ആ ശരീരത്തെ നോക്കി അവൾ പൊട്ടിച്ചിരിച്ചു, പിന്നെ മുരണ്ടുകൊണ്ട് ആ ശരീരം തൊടിയിലേക്ക് വലിച്ചറിഞ്ഞു.

ഒരു പഴന്തുണിക്കെട്ട് പോലെ ദേവകിയമ്മയുടെ മൃതദേഹം തൊടിയിലെ കരിക്കിലകളിൽക്കൂടി നിരങ്ങി നീങ്ങി.

ആർത്തലച്ച് പെയ്യുന്ന മഴയിലൂടെ ലക്ഷ്മിയുടെ ശരീരത്തിൽ പ്രവേശിച്ച ശ്രീപാർവ്വതി ചെളിവെള്ളം ചവിട്ടിത്തെറിപ്പിച്ചുകൊണ്ട് മംഗലത്ത് തറവാട്ടിലേക്ക് നടന്നു.

അതേ സമയം കാളകെട്ടി ഇല്ലത്തെ മാന്ത്രികപ്പുരയിൽ ധ്യാനത്തിലായിരുന്ന ശങ്കര നാരായണ തന്ത്രികൾ എന്തോ ശബ്ദം കേട്ടിട്ടെന്നവണ്ണം കണ്ണുകൾ തുറന്നു.

അൽപ്പം അകലെ നെയ്യൊഴിച്ചു കൊളുത്തി വച്ചിരുന്ന നാല് വിളക്കുകളിൽ ഒന്നിലെ തിരി കെട്ടിരിക്കുന്നത് അദ്ദേഹം കണ്ടു.

ശ്രീപാർവ്വതി തുടങ്ങിക്കഴിഞ്ഞു. തന്ത്രികൾ മന്ത്രിച്ചു.അമ്മേ ആദിപരാശക്തി ന്റെ ഉണ്ണിയെ എത്രയും വേഗം ങ്ങട് എത്തിക്കൂ. ഇനിയുമൊരു ദുർമരണം,അത് സംഭവിക്കാൻ പാടില്ല്യ.

ദേവാ തന്ത്രികൾ പുറത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു. ആ വിളിക്ക് കാതോർത്ത് നിന്ന പോലെ പുറത്ത് നിന്ന ചെറുപ്പക്കാരൻ മാന്ത്രികപ്പുരയിലേക്ക് കടന്നു.

ദേവാ ഉടനെ പുറത്തെ കളം അടിച്ചു ശുദ്ധിയാക്കുക. മഹാകാളിക്ക് ഒരു ഗുരുതിയുണ്ട്. വലിയ വട്ടളത്തിൽ തീർത്ഥജലം നിറച്ചു വയ്ക്കണം.

എല്ലാം കേട്ട് തൊഴുതു നിന്നു ദേവദത്തനെന്ന ദേവൻ. ശങ്കര നാരായണ തന്ത്രികളുടെ മുഖ്യ സഹായിയാണ് ദേവദത്തൻ.

മ്മ്മ് ഒരുക്കങ്ങൾ തുടങ്ങിക്കോളൂ. രാത്രിയുടെ രണ്ടാം യാമത്തിൽ പൂജകൾ ആരംഭിക്കാം.ബ്രഹ്മ യാമത്തിൽ മഹാകാളിക്ക് ഗുരുതി.

തന്ത്രികളുടെ ആഞ്ജ ശിരസ്സാവഹിച്ചു കൊണ്ട് ദേവൻ പുറത്തേക്കിറങ്ങി,തന്നെ ഏൽപ്പിച്ച ജോലിയിൽ വ്യാപ്രിതനായി.

മാന്ത്രികപ്പുരയിലെ വലിയ പീഠത്തിൽ വച്ചിരുന്ന മന്ത്രങ്ങൾ എഴുതിയ താളിയോല കൈയ്യിലെടുത്തു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ പുറത്തേക്കിറങ്ങി.

തന്ത്രിയുടെ സാന്നിധ്യം മനസ്സിലാക്കിയ പ്രകൃതിക്ക് പോലും മാറ്റമുണ്ടായി.

മനയുടെ കൂറ്റൻ മതിൽക്കെട്ടിനപ്പുറം നിലാവ് വെള്ളിവസന്തം പടർത്തി നിന്നു. തിങ്കൾക്കല തന്റെ കരങ്ങൾ മനയുടെ മതിലിനകത്ത് കടത്തിയില്ല.

തൊടിയിലെ മരത്തിൽ ചിറകുരുമി കാത് തുളയ്ക്കുന്ന ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ചീവീടുകൾ പെട്ടെന്ന് ഓടിയൊളിച്ചു,

കൃഷ്ണ മേനോനും കൂട്ടരും മംഗലത്ത് തറവാട്ടിൽ എത്തിയപ്പോൾ സമയം സന്ധ്യയോട് അടുത്തിരുന്നു.

പടിപ്പുര അടഞ്ഞു കിടക്കുന്നത് കണ്ട അഭി കാറിന്റെ ഹോൺ മുഴക്കി.എന്നാൽ ആരും പടിപ്പുര തുറക്കാൻ എത്തിയില്ല.

ഉണ്ണീ നീ ഫോൺ എടുത്ത് വിളിക്കൂ, അവർ തറവാടിന് അകത്ത് ആയോണ്ട് ഹോൺ കേൾക്കില്ല.

അഭിമന്യു ലക്ഷ്മിയുടെ ഫോണിലേക്ക് കാൾ ചെയ്തു. എന്നാൽ ആരും ഫോൺ എടുത്തില്ല.

കൃഷ്ണ മേനോന്റെ നെഞ്ച് അതിശക്തമായി മിടിക്കാൻ തുടങ്ങി.തന്ത്രിയുടെ വാക്കുകൾ അയാളുടെ മനസ്സിലേക്ക് കടന്നു വന്നു.

ഉണ്ണീ,കുമാരാ എനിക്കെന്തോ ഒരു സന്ദേഹം എങ്ങനെയെങ്കിലും പടിപ്പുര തുറക്കാൻ നോക്കു.

കൃഷ്ണ മേനോൻ വേവലാതി പൂണ്ടു.അഭി പടിപ്പുര വാതിൽക്കലേക്ക് നടന്നു.അടുത്ത് എത്തിയപ്പോൾ പടിപ്പുര വാതിൽ ചാരിയിട്ടേ ഉള്ളൂവെന്ന് അയാൾക്ക് മനസ്സിലായി.

അഭി വാതിൽ പതിയെ തള്ളി. ചെറിയൊരു ഞരക്കത്തോടെ അത് തുറന്നു.

ആകത്തേക്ക് കാൽ നീട്ടിയ അഭിമന്യു തീയിൽ ചവിട്ടിയ പോലെ കാൽ പിൻവലിച്ചു.

കണ്ണ് ചിമ്മി ഒരിക്കൽ കൂടി അയാൾ അകത്തേക്ക് നോക്കി,പിന്നെ ബോധം നശിച്ച് പിന്നിലേക്ക് മറിഞ്ഞു.

ഉണ്ണീ,കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു കൊണ്ട് കാറിൽ നിന്നുമിറങ്ങി.

കുമാരൻ അപ്പോഴേക്കും ഓടിയെത്തി അഭിമന്യുവിനെ എടുത്ത് പൊക്കി പടിപ്പുരയുടെ അരികിൽ ചാരിയിരുത്തി.

കുമാരാ അല്പം ജലം എടുക്കൂ. കൃഷ്ണ മേനോന്റെ വാക്ക് കേട്ട പാതി കേൾക്കാത്ത പാതി അയാൾ വണ്ടിയിൽ നിന്നും വെള്ളമെടുത്ത് അഭിയുടെ മുഖത്ത് തളിച്ചു.

ഉണ്ണീ,ഉണ്ണീ,കൃഷ്ണ മേനോൻ അയാളുടെ മുഖത്ത് തട്ടി വിളിച്ചു. ഒരു ഉറക്കത്തിൽ നിന്നെന്നവണ്ണം അഭിമന്യു കണ്ണ് തുറന്ന് ചുറ്റും നോക്കി.

തല പെരുക്കും പോലെ.എന്താണ് താൻ കണ്ടത്.വല്ലാത്തൊരു കാഴ്ച്ച.

എന്താ ഉണ്ണ്യേ എന്താ പറ്റിയെ. കൃഷ്ണ മേനോന്റെ ചോദ്യത്തിന് ഉത്തരം പറയാൻ അഭിമന്യു വാ തുറക്കും മുൻപേ കുമാരന്റെ ആർത്തനാദം അയാളുടെ കാത് തുളച്ചു.

ന്റെ ദേവീ,ചതിച്ചോ.ന്റെ മോളെ, അയ്യോ വല്ല്യമ്പ്രാ.ന്റെ മോള്,ന്റെ ലക്ഷ്മി.കുമാരൻ അകത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ആർത്തലച്ചു കരഞ്ഞു.

കൃഷ്ണ മേനോൻ ചാടിയേറ്റ് അകത്തേക്ക് നോക്കി. ഹേ,കൈകൾ കൊണ്ട് കണ്ണ് പൊത്തിയ അയാൾ വിശ്വാസം വരാതെ ഒരിക്കൽ കൂടി നോക്കി.

അകത്ത് മഴവെള്ളത്തിൽ തളം കെട്ടിക്കിടക്കുന്ന രക്തം.അതിൽ മുങ്ങി കാര്യസ്ഥന്റെ മകൾ ലക്ഷ്മി.

കൃഷ്ണ മേനോന് തന്റെ കാലുകൾക്ക് ബലം നഷ്ടമാവുന്നത് പോലെ തോന്നി. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. തൊണ്ട വറ്റുന്നത് അയാൾ അറിഞ്ഞു.

അയാൾ അഭിമന്യുവിനെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥമറിഞ്ഞിട്ടെന്നോണം അഭി ഉള്ളിൽ കടന്ന് രക്തത്തിൽ കുളിച്ചു കിടന്ന ലക്ഷ്മിയെ എടുത്തുയർത്തി.

കുമാരൻ പൊട്ടിക്കരഞ്ഞു കൊണ്ട് അയാളെ സഹായിക്കാൻ മുൻപോട്ട് വന്നു.

എല്ലാം എന്റെ തെറ്റാ ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷയാ. അയാൾ ഒരു ഭ്രാന്തനെപ്പോലെ പുലമ്പിക്കൊണ്ടിരുന്നു.

മൂവരും ലക്ഷ്മിയെ താങ്ങിയെടുത്ത് മംഗലത്ത് തറവാടിന്റെ പൂമുഖത്ത് കിടത്തി.

പെട്ടെന്ന് ലക്ഷ്മിയുടെ ശരീരം ഒന്ന് വിറച്ചു.കുമാരന്റെ മുഖത്ത് പ്രത്യാശ പ്രകടമായി.മോളെ അയാൾ അവളുടെ കവിളിൽ തട്ടി ഉണർത്താൻ ശ്രമിച്ചു.

മ്മ്മ്,അവ്യക്തമായ ഒരു ഞരക്കം അവളിൽ നിന്നും ഉയർന്നു.പിന്നെ പതിയെ കണ്ണ് തുറന്ന് മൂവരെയും നോക്കി.

ന്റെ ദേവീ കാത്തുലോ നീ.കുമാരൻ നെഞ്ചിൽ കൈവച്ചു.സംഭവിച്ച കാര്യങ്ങൾ അവൾക്ക് ഓർമ്മയില്ല എന്ന് അഭിക്ക് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായി.

എന്താ ന്റെ കുട്ടിക്ക് പറ്റിയെ.കുമാരൻ ചോദിച്ചു.നിക്കൊന്നും ഓർമ്മയില്ല്യ അച്ഛ.

വല്യമ്പ്രാട്ടി പടിപ്പുര അടയ്ക്കാൻ പറഞ്ഞു വിട്ടു.ഞാൻ അടച്ചിട്ട് തിരിച്ചു നടന്നു അത്രേ ഓർമ്മയുള്ളൂ.പിന്നെ ന്താ പറ്റിയെ അറിയില്ല്യ.

അവളുടെ കണ്ണുകൾ പിന്നെയും പിന്നോട്ട് മറിഞ്ഞു ബോധം നഷ്ട്ടമായി.

ഇത്ര നേരം വെള്ളത്തിൽ കിടന്നത് അല്ലേ അതിന്റെയാവും,അഭി പറഞ്ഞു.പക്ഷേ ദേഹത്ത് മുറിവൊന്നുമില്ല.പിന്നെ ആ രക്തം, അതെങ്ങനെ വന്നു.

അഭിയുടെ ചോദ്യം കൃഷ്ണ മേനോനിൽ ഒരു നടുക്കമുണർത്തി. ദേവകീ കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു.

അഭിയും കുമാരനും പോലും അപ്പോൾ മാത്രമാണ് അത് ഓർത്തത്.ദേവകിയമ്മയെ കാണാനില്ല.ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ട് അവർ എവിടെ.

കാളകെട്ടിയിൽ കണ്ട ലക്ഷണങ്ങളും തിരുമേനിയുടെ വാക്കുകളുമെല്ലാം ഒന്നൊന്നായി മൂവരുടെയും മനസ്സിൽ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു.

കുമാരനെ ലക്ഷ്മിയുടെ അടുത്താക്കി അഭിയും കൃഷ്ണ മേനോനും ദേവകിയമ്മയെ അന്വേഷിച്ചു തുടങ്ങി.

തറവാടിന്റെ ഓരോ മുക്കും മൂലയും അവർ അരിച്ചു പെറുക്കി.കൃഷ്ണ മേനോൻ ഒരു ഭ്രാന്തനെപ്പോലെ മുടി വലിച്ചു പറിച്ചു.ദേവകീ അയാൾ അലറിവിളിച്ചു കൊണ്ടിരുന്നു.

അകത്തെ തിരച്ചിൽ മതിയാക്കിയ അഭിമന്യു പുറത്തേക്കിറങ്ങി.ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു.

നറുനിലാ വെട്ടത്തിൽ വല്ല്യമ്മേ എന്ന വിളിയോടെ അയാൾ പറമ്പിലൂടെ നടന്നു.

അൽപ്പം അകലെ ആരോ കിടക്കുന്നത് പോലെ തോന്നിയ അഭിമന്യു അങ്ങോട്ടേക്ക് ഓടിച്ചെന്നു.

ശ്രീപാർവ്വതി വലിച്ചെറിഞ്ഞ ദേവകിയമ്മയുടെ ശരീരം ഒറ്റ നോട്ടത്തിൽ തന്നെ അയാൾ തിരിച്ചറിഞ്ഞു.

അഭിയെ പിന്തുടർന്നെത്തിയ കൃഷ്ണ മേനോൻ ആ കാഴ്ച്ച കണ്ട് നടുങ്ങി.ദേവകീ അയാൾ ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി.

ദേവകിയമ്മയുടെ അടുത്തേക്ക് എത്തും മുൻപേ അഭിമന്യു കൃഷ്ണ മേനോനെ തടഞ്ഞു.വല്ല്യച്ഛൻ ഇവിടെ ഇരിക്കൂ.ഞാൻ നോക്കാം.

അയാൾ മേനോനെ അടുത്ത് മറിഞ്ഞു കിടന്ന ഒരു മരത്തിന്റെ തടിയിൽ ഇരുത്തിയ ശേഷം കമിഴ്ന്നു കിടന്ന ദേവകിയമ്മയുടെ ശരീരത്തിൽ തൊട്ടു.

തീയിൽ തൊട്ട പോലെ അവൻ കൈ വലിച്ചു.അവരുടെ ശരീരം തണുത്ത് മരച്ചിരുന്നു,വിറയാർന്ന കൈകളോടെ അഭി ആ ശരീരം നേരെ കിടത്തി.

പൊടുന്നനെ ഞെട്ടി പിന്നോട്ട് മറിഞ്ഞു.കൃഷ്ണ മേനോൻ ഓടിയെത്തി,ഒരു വട്ടം മാത്രമേ അയാൾ ദേവകിയമ്മയുടെ മുഖത്തേക്ക് നോക്കിയുള്ളൂ.

ആാ…അയാൾ അലറി വിളിച്ചു കൊണ്ട് മേനോൻ മണ്ണിലേക്ക് കുഴഞ്ഞു വീണു.അയാളുടെ ആർത്തനാദം അവിടെയാകെ ഉയർന്നു പൊങ്ങി.

അതേ സമയം കാളകെട്ടി ഇല്ലത്തെ മന്ത്രക്കളത്തിൽ മഹാകാളിക്കുള്ള പൂജയിലായിരുന്നു ശങ്കര നാരായണ തന്ത്രികൾ.

വലിയ ഹോമകുണ്ഡത്തിലേക്ക് നെയ്യ് ഒഴിച്ച് അഗ്നി ജ്വലിപ്പിച്ചു തന്ത്രികൾ. അദ്ദേഹത്തിന്റെ നാവിൽ നിന്നുയരുന്ന മന്ത്രജപങ്ങൾ മാത്രം അവിടെ ഉയർന്നു നിന്നു.

തന്റെ സമീപം വച്ചിരുന്ന വലിയ വട്ടളത്തിലെ ജലത്തിലേക്ക് ജപിച്ച പുഷ്‌വും അരിയുമിട്ട് കണ്ണടച്ച് പ്രാർത്ഥിച്ചു തന്ത്രി.ശേഷം കണ്ണ് തുറന്ന് ആജ്ഞാനുവർത്തിയായ ദേവദത്തനെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അയാൾ അവിടെ നിന്നും പിന്നോട്ട് മാറി.

തന്ത്രികൾ ഒരിക്കൽ കൂടി ജലത്തിലേക്ക് നോക്കി മന്ത്രം ചൊല്ലി.

ഓം ഹ്രീം പ്രത്യക്ഷ പ്രത്യക്ഷ, ശ്രീപാർവ്വതി നാമദേയസ്യ കാർത്തിക നക്ഷത്ര പ്രേത രൂപീ പ്രത്യക്ഷ….

വട്ടളത്തിലെ ജലമൊന്നിളകി.നീണ്ട കോമ്പല്ലുകളും രക്തം കിനിയുന്ന നാവും വികൃതമായ മുഖവുമായി ക്രൂരമായ ചിരിയോടെ ശ്രീപാർവ്വതിയെന്ന രക്തരക്ഷസ്സിന്റെ മുഖം ജലത്തിൽ തെളിഞ്ഞു വന്നു.

തന്റെ ഒരു ശത്രുവിനെ ഇല്ലായ്മ ചെയ്തതിന്റെ സന്തോഷം അവളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

ശ്രീപാർവ്വതീ.അടങ്ങിക്കോളുക. നീ മരിച്ചു കഴിഞ്ഞു.മരിച്ചവർക്ക് ഇഹത്തിൽ സ്ഥാനമില്ല.

എന്റെ ബന്ധനത്തിൽ നിന്നും നീ എങ്ങനെയാണ് രക്ഷപെട്ടത് എന്നൊക്കെ നമുക്കറിയാം.വീണ്ടും ബന്ധനത്തിൽ കഴിയേണ്ടാ എന്നുണ്ടെങ്കിൽ മടങ്ങിക്കോ. തന്ത്രികൾ അവളെ നോക്കി പറഞ്ഞു.

തന്ത്രിയുടെ വാക്കുകൾക്ക് മറുപടി പോലെ ആർത്ത് ചിരിച്ചു ശ്രീപാർവ്വതി.

ഹേ,തന്ത്രികളെ നിങ്ങൾക്ക് ഇനി എന്നെ ഒന്നും ചെയ്യാൻ കഴിയില്ല്യ. കണ്ടില്ലേ എന്റെ ഒരു ശത്രുവിനെ ഞാൻ ഇല്ലാതാക്കി.

അത് പോലെ എന്നെയും എന്റെ കുടുംബത്തെയും ദ്രോഹിച്ച എല്ലാവരെയും ഞാൻ കൊല്ലും. എന്നിട്ടേ അടങ്ങൂ ഈ ശ്രീപാർവ്വതി.

ശങ്കര നാരായണ തന്ത്രികൾ കോപം കൊണ്ട് വിറച്ചു. അടങ്ങിക്കോ നീ,ഇല്ല്യാച്ചാൽ ആവാഹിച്ചു ബന്ധിക്കുകയല്ല ദഹിപ്പിച്ചു കളയും ഞാൻ. നിനക്കറിയാലോ എന്നെ.

ശ്രീപാർവ്വതി പുച്ഛം കലർന്ന മുഖഭാവത്തിൽ തന്ത്രികളെ നോക്കി ചിരിച്ചു.

ശങ്കര നാരായണ താന്ത്രികളെ നിങ്ങളുടെ മന്ത്രങ്ങൾക്ക് എന്നെ അടക്കാൻ കഴിയില്ല.

വെറുമൊരു ആത്മാവല്ല ഞാൻ. അമാവാസിയിലെ മൂന്നാം പാദത്തിൽ തിരുവോണം നക്ഷത്രത്തിൽ ജനിച്ച ആൺ തരിയുടെ കൈ വിരലിലെ രക്തം കൊണ്ടാണ് എന്റെ മോചനം. അതോടെ ഞാൻ രക്തരക്ഷസ്സായി. ഇനിയെന്നെ തളയ്ക്കുക അസാധ്യം.അവൾ രോക്ഷം കൊണ്ട് കിതച്ചു.

മതി,നിർത്തൂ നിന്റെ ജല്പനങ്ങൾ. തന്ത്രി കൈ ഉയർത്തി.നീ പറഞ്ഞത് ശരിയാണ് എനിക്ക് നിന്നെ ബന്ധിക്കാൻ സാധിക്കില്ല.എന്നാൽ എന്റെ ഉണ്ണി നിന്നെ ആവാഹിക്കും.

ഇല്ല്യാ അതിനു മുൻപ് തന്നെ എന്റെ ലക്ഷ്യം ഞാൻ പൂർത്തിയാക്കുക തന്നെ ചെയ്യും. ആർക്കും എന്നെ തടയാൻ കഴിയില്ല.

എന്റെ ലക്ഷ്യത്തിന് തടസ്സം നിന്നാൽ അവരുടെയൊക്കെ സർവ്വനാശമാവും ഫലം.

അവൾ പറഞ്ഞു തീർന്നതും വട്ടളത്തിലെ ജലം അതിശക്തമായി കറങ്ങാൻ തുടങ്ങി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply