Skip to content

രക്തരക്ഷസ്സ് – ഭാഗം 7

രക്തരക്ഷസ്സ് Novel

ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ചു ധ്യാനത്തിൽ മുഴുകി. പൊടുന്നനെ ജലം നിശ്ചലമായി. ശ്രീപാർവ്വതി പോയ്ക്കഴിഞ്ഞുവെന്ന് അദ്ദേഹത്തിന് മനസ്സിലായി.

മൂന്നാം യാമത്തിന്റെ തുടക്കം അറിയിച്ചു കൊണ്ട് എവിടെയോ ഒരു പാതിരാക്കോഴി കൂവി.

തന്ത്രിയുടെ മാന്ത്രികപ്പുരയിൽ മന്ത്രോച്ചാരണങ്ങൾ ഉയർന്നു.
എല്ലാത്തിനും സാക്ഷിയായി ദേവദത്തനും പ്രകൃതിയും മാത്രം.

മഹാകാളിക്കുള്ള ഗുരുതിയും മറ്റ് കർമ്മങ്ങളും കഴിച്ച് കഴിഞ്ഞപ്പോൾ സമയം ബ്രഹ്മയാമം പൂർണ്ണമായി.

ശങ്കര നാരായണ തന്ത്രികൾ വിയർപ്പിൽ മുങ്ങിക്കുളിച്ചു.അമ്മേ ആദിപരാശക്തി കാത്ത് രക്ഷിക്കണേ.

അദ്ദേഹം ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാഗം പ്രണമിച്ചു. ദേവാ മടങ്ങാം.ശിരസ്സ് കുലുക്കിക്കൊണ്ട് ആജ്ഞാനുവർത്തിയായ ദേവദത്തൻ കുത്ത് വിളക്കെടുത്ത് വഴി കാട്ടി.

മാന്ത്രികപ്പുരയ്ക്ക് പുറത്ത് കടന്നതും തന്ത്രിയുടെ മേൽമുണ്ട് ആരോ തള്ളി ഇട്ടത് പോലെ താഴേക്ക് വീണു.

ദേവദത്തൻ മേൽമുണ്ടെടുക്കാൻ കുഞ്ഞിഞ്ഞതും തന്ത്രികൾ അയാളെ പിന്നോട്ട് വലിച്ചു.

അരുത് കുട്ടീ,അതിൽ തൊടരുത്. ദേവദത്തന് ഒന്നും വ്യക്തമായില്ല. അതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കുക.അദ്ദേഹം ദേവനോട് നിർദ്ദേശിച്ചു.

അയാൾ സൂക്ഷിച്ചു നോക്കിയതും മേൽമുണ്ട് ഒരു വലിയ കരിനാഗമായി മാറി.ഞെട്ടി പിന്നോട്ട് മാറി ദേവദത്തൻ.

അയാൾ ആശ്ചര്യത്തോടെ അതിലുപരി ഭയത്തോടെ താന്ത്രികളെ നോക്കി.

കരിനാഗം തലയുയർത്തി പത്തി വിരിച്ചുകൊണ്ട് എഴുന്നേറ്റു.അതിന്റെ ശീല്ക്കാരം രാത്രിയുടെ നിശബ്ദതയെ തുളച്ചിറങ്ങി.

ഒന്നും മിണ്ടാതെ ചെറിയൊരു ചിരിയോടെ ചുറ്റും കണ്ണോടിച്ചു മഹാമാന്ത്രികനായ ശങ്കര നാരായണ തന്ത്രികൾ.

ഇല്ലത്തിന്റെ പടുകൂറ്റൻ മതിലിന് മുകളിൽക്കൂടി ഒരു കടവാവൽ ചാഞ്ഞു പറന്നു.

അടുത്ത് നിന്ന വലിയ അരയാലിന്റെ മുകളിരുന്ന രാത്രിയുടെ കാവൽക്കാരായി മൂങ്ങകൾ ഒരു പ്രത്യേക ശബ്ദത്തിൽ മൂളാൻ തുടങ്ങി.

അവ തല തോളിന് മുകളിലൂടെ തിരിച്ച് താഴെ നടക്കുന്ന സംഭവങ്ങൾ വീക്ഷിച്ചു കൊണ്ടിരുന്നു.

വന്നു ല്ല്യേ.കളിച്ചു കളിച്ചു എന്നോട് ആയി കളി.മ്മ്മ് നടക്കട്ടെ.ദേവാ പകൽ ഭക്ഷണത്തിന് ഒരില അധികം ആവാം.

അഥിതി അല്ല എന്നുള്ളത് പ്രത്യേകം ഓർക്കുക.അയാൾ സഹായിയെ നോക്കി.

കാര്യമൊന്നും തിരിയാതെ കണ്ണ് മിഴിച്ചു നിന്നു ദേവൻ.അയാളുടെ കണ്ണും ചിന്തയും കരി നാഗത്തിലായിരുന്നു.

കൊടിയ മാന്ത്രികന്മാരായ കാളകെട്ടി ഇല്ലക്കാരോട് ആരാണ് എതിർ നിൽക്കാൻ.അയാളുടെ മനസ്സ് അസ്വസ്ഥമായി.

ആരുടെ കാര്യമാണ് തിരുമേനി പറഞ്ഞത്,എനിക്കങ്ങോട്ട് അയാൾ താന്ത്രികളെ നോക്കി.

വഴിയേ മനസ്സിലാവും.അദ്ദേഹം അത്രയും പറഞ്ഞു കൊണ്ട് വീണ്ടും നാഗത്തിന് നേരെ തിരിഞ്ഞു.

നാഗം അപ്പോഴും അവരെ നോക്കി ചീറ്റിക്കൊണ്ടിരുന്നു.

ഹൈ.ഇതിപ്പോ ന്താ ചെയ്യാ.ന്റെ മേൽമുണ്ട് ഇല്ല്യാണ്ട് ഞാൻ പോവില്ല്യ. മ്മ്മ് അപ്പോ പിന്നെ ഇവനെ അങ്ങട് എടുക്കാം.ല്ലേ ദേവാ.തന്ത്രി ദേവനെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു.

ഉത്തരമില്ലാതെ പകച്ചു നിന്നു ദേവദത്തൻ.തന്ത്രികൾ ചെറു ചിരിയോടെ ആ ഉഗ്രസർപ്പത്തെ കടന്നു പിടിച്ചു.

കരിനാഗം തന്ത്രിയുടെ കൈയ്യിൽ കിടന്ന് ചീറ്റി പിടഞ്ഞു.അദ്ദേഹം അതിന്റെ നടുവിൽ പിടിച്ചു അന്തരീക്ഷത്തിൽ ഒന്ന് കുടഞ്ഞിട്ട് തോളിലേക്കിട്ടു.

ദേവദത്തന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല.

ഉഗ്രവിഷമുള്ള കരിനാഗം തന്ത്രിയുടെ തോളിൽ നിന്നും ഊർന്ന് വീണ മേൽമുണ്ടായി മാറിയിരിക്കുന്നു.

യാതൊരു ഭാവഭേദവും കൂടാതെ ഇല്ലത്തേക്ക് നടന്നു.കൺ മുൻപിൽ കണ്ടത് സത്യമോ മിഥ്യയോ എന്നറിയാതെ ദേവദത്തൻ തന്ത്രിയെ അനുഗമിച്ചു.

ഇടയ്ക്കിടെ അയാൾ അൽപ്പം ഭയത്തോടെ തന്ത്രിയുടെ മേൽമുണ്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു.

നടക്കും വഴി മംഗലത്ത് തറവാട്ടിൽ ഉണ്ടായ അനിഷ്ട സംഭവങ്ങളും ദേവകിയമ്മയുടെ പടുമരണവുമൊക്കെ തന്ത്രികൾ ദേവനെ അറിയിച്ചു.

അപ്പോൾ ഇനി…..ദേവദത്തൻ പകുതിക്ക് നിർത്തി.ആ.വരട്ടെ നോക്കാം. ശ്രീപാർവ്വതി അതീവ ശക്തിശാലിയാണ്.

അപ്പോൾ ഉണ്ണിത്തിരുമേനിക്ക് അവൾ എന്തെങ്കിലും ഉപദ്രവം വരുത്തുമോ. ദേവന്റെ സന്ദേഹം വർദ്ധിച്ചു.

ഒരിക്കലുമില്ല.ഉണ്ണിയെ എന്നല്ല എന്നെയോ തന്നെയോ ഉപദ്രവിക്കണം എന്ന് അവൾക്കില്ല.

ഇനിയിപ്പോ അങ്ങനെയുണ്ടെങ്കിലും അവൾക്കതിനുള്ള ശക്തിയുമില്ല. ഇനിയാരെയും കൊല്ലാൻ അവളെ അനുവദിക്കില്ല.

തന്ത്രികൾ അത് പറഞ്ഞതും ഒരു പല്ലി എങ്ങു നിന്നോ അവർക്ക് മുൻപിലേക്ക് വീണു.

തന്ത്രിയുടെ മുഖം വലിഞ്ഞു മുറുകി. താഴെ വീണ പല്ലി തെക്കേ തൊടിയിലേക്ക് പാഞ്ഞു പോകുന്നത് അദ്ദേഹം ശ്രദ്ധിച്ചു.

അമ്മേ ദേവീ അടിയന് നാവ് പിഴ വന്നുവോ.എന്തെ ഇപ്പോൾ ഇങ്ങനൊരു ദുർനിമിത്തം.

അയാൾ മുകളിലേക്ക് നോക്കി കണ്ണടച്ചു.ശേഷം കണ്ണ് തുറന്ന് ദേവനോട് പത്തായപ്പുരയിലേക്ക് മടങ്ങിക്കൊള്ളാൻ അറിയിച്ചു.

ദേവദത്തൻ പത്തായപ്പുരയുടെ അകത്ത് പ്രവേശിച്ച ശേഷമാണ് തന്ത്രി ഇല്ലത്തിലേക്ക് മടങ്ങിയത്.

പൂമുഖത്തേക്ക് കാൽ എടുത്ത് വയ്ക്കാൻ തുടങ്ങിയിട്ട് അദ്ദേഹം അവിടെ നിന്നു.

പിന്നിൽ ഒരു കാൽപ്പെരുമാറ്റം.മ്മ്മ്. ദേഹശുദ്ധി വരുത്തിയിട്ട് അകത്തേക്ക് വന്നോളൂ.തന്ത്രി തിരിഞ്ഞു നോക്കാതെ പറഞ്ഞു.

കാൽപ്പെരുമാറ്റം കുളപ്പുരയിലേക്ക് നീങ്ങുന്നത് അദ്ദേഹമറിഞ്ഞു.

അകത്ത് കടന്ന ശങ്കര നാരായണ തന്ത്രികൾ പൂജാമുറിയിലെ വിളക്കുകൾ തെളിച്ചു.

കെടാ വിളക്കിൽ എണ്ണ പകർന്നു തൊഴുതു നിന്നു അദ്ദേഹം. തന്ത്രിയുടെ പുറകിലായി മറ്റൊരാൾ കൂടി അപ്പോൾ സ്ഥാനം പിടിച്ചു. പതിയെ ഒരു കൈ തന്ത്രിയുടെ തോളിന് നേരെ ഉയർന്നു.

ന്താ ദേവാ തന്റെ ഭയം ഇത് വരെ മാറിയില്ലേ.തന്ത്രി തിരിഞ്ഞു നോക്കാതെ ചോദിച്ചു.

അല്ല തിരുമേനി അത് പിന്നെ.ഏത് പിന്നെ തന്ത്രി പതിയെ തല തിരിച്ചു ദേവനെ നോക്കി.

തിരുമേനി ആ മേൽമുണ്ട് നാഗം ആവുന്നേ കണ്ടു,പിന്നെ തിരുമേനി അതിനെ വീണ്ടും പഴയ പോലെ ആക്കി.

അത് കൊണ്ട് തന്ത്രികൾ അടുത്ത ചോദ്യം ഉന്നയിച്ചു.അല്ല,എനിക്ക് അവിടെ ഇരുന്നിട്ട് ഒരു വല്ലായ്ക. അതാണ്‌ ഒന്നുടെ നോക്കാം ന്ന് കരുതിയെ.

മ്മ്മ്.ഇപ്പോൾ സന്ദേഹം മാറിയോ?. തന്ത്രി ചോദിച്ചു തീരും മുൻപേ പിന്നിൽ നിന്ന് മറ്റൊരു ചോദ്യമുയർന്നു.

എന്താ ദേവേട്ടാ സന്ദേഹം.
പിന്തിരിഞ്ഞു നോക്കിയ ദേവദത്തന്റെ കണ്ണുകളിൽ ആശ്ചര്യം മിന്നിമാഞ്ഞു.

ഉണ്ണിത്തിരുമേനി.അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു.അപ്പൊ ഇതാണ് അങ്ങ് പറഞ്ഞ ആ അഥിതി അല്ലാത്ത വിരുന്നുകാരൻ ല്ലേ.

ദേവദത്തന് സന്തോഷം അടക്കാൻ കഴിഞ്ഞില്ല.തന്ത്രികൾ ചിരിക്കുക മാത്രം ചെയ്തു.

ഉണ്ണിത്തിരുമേനി ശങ്കര നാരായണ തന്ത്രിയുടെ കാൽ തൊട്ട് തൊഴുതു.പിന്നെ ദേവിയെയും.

അടുത്തിരുന്ന തട്ടത്തിൽ നിന്ന് ഒരു നുള്ള് കുങ്കുമമെടുത്ത് മകന്റെ നെറ്റിയിൽ ചാർത്തി അദ്ദേഹം.

എന്തേ വരാത്തെ എന്ന് സന്ദേഹം ഉണ്ടായിരുന്നു.ന്നാൽ വരവ് തന്നെ അച്ഛനെ പരീക്ഷിച്ചു കൊണ്ടാവും വിചാരിച്ചില്ല്യ.ദേവൻ ഒരു ചെറു ചിരിയോടെ പറഞ്ഞു.

ഹ ഹ പടിപ്പുരയിൽ എത്തിയപ്പോഴേ കണ്ടു അച്ഛനും ദേവേട്ടനും മാന്ത്രികപ്പുരയുടെ അടുത്ത് നിൽക്കുന്നത്. അപ്പോൾ ചുമ്മാ ഒരു കുസൃതി.അത്ര ന്നെ.

ഊവ ഞാൻ ശരിക്കും ഭയന്നു. ഇനിയിപ്പോ രക്ഷസ്സിന്റെ കളി ആണോ എന്നാരുന്നു ചിന്ത.

എല്ലാം കേട്ട് മിണ്ടാതെ നിന്ന ശങ്കര നാരായണ തന്ത്രികൾക്ക് മകന്റെ കഴിവുകളിൽ നിറഞ്ഞ സന്തോഷമായിരുന്നു.

ദേവീ എന്നെക്കാൾ വലിയവനായി എന്റെ ഉണ്ണി മാറണം.ഇല്ലത്തിന്റെ മഹിമ വാനോളം ഉയർത്താൻ അവനെ പ്രാപ്തനാക്കണം.തന്ത്രി മനമുരുകി പ്രാർത്ഥിച്ചു.

ആ ഇനി വിശേഷങ്ങളൊക്കെ പിന്നീട് സംസാരിക്കാം.ദേവാ രാവിലെ ഒരു യാത്രയുണ്ട്.വേണ്ട ഒരുക്കങ്ങൾ നടത്തുക.

ദേവദത്തൻ മടങ്ങിയതോടെ തന്ത്രി മകനെ നോക്കി.ഉണ്ണീ നിന്നെ ഇങ്ങോട്ട് വരുത്തിയത് എന്തിനാണ് എന്ന് നിശ്ചയമുണ്ടോ?

ഊവ്.അച്ഛൻ ബന്ധിച്ച ആ ദുരാത്മാവ് മോചനം നേടി.അതും രക്തരക്ഷസ്സായിട്ട്.

മ്മ്മ്.അതന്നെ ഇനി അവളെ ബന്ധിക്കാൻ ഉണ്ണിക്കേ സാധിക്കൂ.

അറിയാലോ അഭയം ചോദിച്ചു ഈ പടിക്കൽ വന്ന ആരെയും ഇന്നേ വരെ നിരാശരാക്കി അയച്ച പാരമ്പര്യമില്ല.

അറിയാമച്ഛാ.പക്ഷേ ഒരാൾ കൊല്ലപ്പെട്ടു ല്ലേ.

അതേ.ലക്ഷണങ്ങൾ കണ്ടിരുന്നു.പക്ഷേ ഞാൻ നിസ്സഹായനായിപ്പോയി.
ഇന്നത്തെ പൂജയിൽ അവളുടെ വിശ്വരൂപം ഞാൻ കണ്ടു.

ഇനി 45 നാൾ അത് കഴിഞ്ഞാൽ അവളെ ബന്ധിക്കണം.മരണം നടന്നത് കൊണ്ട് മംഗലത്ത് പൂജ നടത്തണമെങ്കിൽ 45 നാൾ കഴിഞ്ഞേ സാധിക്കൂ.

അത് വരെ അവരുടെ രക്ഷയ്ക്ക് വേണ്ടത് ഉണ്ണി ചെയ്തു കൊടുക്കണം.എല്ലാം കേട്ട് ശിരസ്സാ വഹിച്ചു ഉണ്ണി.

അതേ സമയം വള്ളക്കടത്ത് ഗ്രാമത്തിൽ കാട്ടുതീ പോലെ ദേവകിയമ്മയുടെ മരണ വാർത്ത പരന്നു.

അറിഞ്ഞവർ അറിഞ്ഞവർ മംഗലത്തേക്ക് കുതിച്ചു.പലരും പലതും പറഞ്ഞു.

കഴുത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ട് പോലും.സംശയം വേണ്ട പുലി തന്നെ.

ചായക്കടയിലെ അപ്പുനായർ ചർച്ചയ്ക്ക് തുടക്കമിട്ടു.

ഒന്ന് പോ ന്റെ അപ്പുവേട്ടാ.ഇത് അതൊന്നും അല്ലാന്നു,യക്ഷി പിടിച്ചൂന്ന് ഒരു ശ്രുതിണ്ട്.

അപ്പുനായരുടെ വാദത്തിന് മൊയ്തു ഹാജി മറുവാദം ഉന്നയിച്ചു.എന്തായാലും കഷ്ട്ടം ണ്ട്.

കഷ്ട്ടമൊന്നും ഇല്ല്യാ.ആയ കാലത്ത് കുറേ ചെയ്തില്ലേ. അതിന്റെ ഫലം അനുഭവിക്കാതെ പോകോ?അപ്പു നായർ ഏറ്റു പിടിച്ചു.

അതേ അതന്നെ കേൾവിക്കാർ അപ്പു നായരെ അനുകൂലിച്ചു.

ജനസമുദ്രം കൊണ്ട് മംഗലത്ത് തറവാടും പരിസരവും നിറഞ്ഞു.

ദേവകിയമ്മയുടെ ശരീരം പൂമുഖത്ത് കിടത്തിയിരിക്കുന്നു. അഭിയും മറ്റ് ബന്ധുക്കളും അടുത്തിരുന്നു.

കൃഷ്ണ മേനോൻ ചാരു കസേരയിൽ തളർന്നിരുന്നു. കുമാരൻ അടുത്ത് തന്നെ നിലയുറപ്പിച്ചു.

ആളുകൾ വന്നും പോയുമിരുന്നു. ബലി കർമ്മാദികൾ കഴിക്കാൻ മക്കളാരും തന്നെ ഇല്ലാതിരുന്നതിനാൽ അഭിമന്യുവാണ് അത് ചെയ്തത്.

വല്ല്യച്ഛാ.എടുക്കാൻ ആയി.അഭി കൃഷ്ണ മേനോന്റെ ചുമലിൽ തൊട്ടു.അയാൾ അഭിയുടെ മുഖത്തേക്ക് നോക്കി.

പിന്നെ പതിയെ എഴുന്നേറ്റു. മുന്നോട്ട് നടക്കുമ്പോൾ തന്റെ കാലുകൾക്ക് ബലം നഷ്ട്ടപ്പെടുന്നത് അയാൾ അറിഞ്ഞു.

ഒരു ബലത്തിനെന്ന പോലെ മേനോൻ കുമാരന്റെ കൈയ്യിൽ പിടിച്ചു. തിരുമേനി പറഞ്ഞത് സത്യായി ല്ലേ കുമാരാ.

മുന്നോട്ട് നടക്കുമ്പോൾ ഇടറിയ ശബ്ദത്തിൽ അയാൾ കാര്യസ്ഥനോട് ചോദിച്ചു.ഒന്നും മിണ്ടാൻ കഴിഞ്ഞില്ല കുമാരന്.

മരണ വീടായത് കൊണ്ട് കാളകെട്ടിയിൽ നിന്ന് ദേവദത്തൻ മാത്രം മംഗലത്തെത്തി അനുശോചനം അറിയിച്ചു മടങ്ങി.

ദേവകിയമ്മയുടെ ചിതയ്ക്ക് തീ പിടിച്ചു തുടങ്ങിയതോടെ ആളുകൾ മടങ്ങി.

വല്ല്യച്ഛാ,അഭിമന്യു കൃഷ്ണ മേനോനെ നോക്കി.ആ.മടങ്ങാം എല്ലാരും പോയില്ലേ.

മ്മ്മ്.കുമാരാ ഉണ്ണിയേം ലക്ഷ്മിയേം കൂട്ടി മടങ്ങിക്കോളൂ.ഞാൻ അല്പ സമയം ഇവിടെ നിൽക്കട്ടെ.

അയാളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല എന്ന് അഭിക്ക് മനസ്സിലായി.അവർ തറവാട്ടിലേക്ക് മടങ്ങി.

ആളിക്കത്തുന്ന ചിത നോക്കി നിൽക്കെ കൃഷ്ണ മേനോന്റെ മനസ്സ് മറ്റൊരു ചിത എരിയുന്ന ഒരു കാലത്തിലേക്ക് മടങ്ങി.

അച്ഛാ ന്റെ അച്ഛാ.പൊട്ടിക്കരയുന്ന ഒരു പെൺകുട്ടി,ഏകദേശം 18 വയസ്സ് കാണും.

മരിച്ച ആളിന്റെ ഭാര്യ മകളെ ചേർത്ത് പിടിച്ചു വിങ്ങിപ്പൊട്ടുന്നു.

പെട്ടന്ന് ആ പെണ്ണ് കൃഷ്ണ മേനോന്റെ നേരെ ചീറിയടുത്തു.

ന്തിനാ നിക്കണേ കൊന്നില്ലേ ന്റെ അച്ഛനെ.ഇനിയെന്താ തനിക്ക് വേണ്ടേ ദാ കത്തുന്നു.എടുത്ത് തിന്നോ.

അലറിക്കൊണ്ട് അവൾ അയാളുടെ ഷർട്ടിൽ പിടിച്ചുലച്ചു.

പടക്കം പൊട്ടുന്ന പോലെ ഒരൊച്ച ഉയർന്നു.കൃഷ്ണ മേനോൻ കൈ കുടയുന്നത് കണ്ടപ്പോൾ അടി പൊട്ടിയതാണെന്ന് എല്ലാവർക്കും മനസ്സിലായി.

പിടിച്ചോണ്ട് പൊയ്ക്കോ ഇല്ലെങ്കിൽ തന്ത പോയ വഴിക്ക് മോളും പോകും.അയാൾ അലറി.

ആരൊക്കെയോ ചേർന്ന് അവളെ പിടിച്ചു മാറ്റി.മോളെ പാറുട്ട്യേ അവളുടെ അമ്മ ഓടിയെത്തി മോളെ ചേർത്ത് നിർത്തി അടിയേറ്റ് വീങ്ങിയ അവളുടെ കവിളിൽ തലോടി.

കൃഷ്ണ മേനോൻ കോപം കൊണ്ട് വിറയ്ക്കുകയായിരുന്നു.

കണ്ടു നിന്നവർ പാവം എന്ന് പരിതപിച്ചതല്ലാതെ ആരും അയാളെ ചോദ്യം ചെയ്തില്ല.

അനുഭവിക്കും താനും തന്റെ ആളുകളും എല്ലാം അനുഭവിക്കും.
പാറു മേനോന് നേരെ കൈ ചൂണ്ടി ശപിച്ചു.

എന്ത് തെറ്റാ ന്റെ അച്ഛൻ ചെയ്തേ. കാലു പിടിച്ചു പറഞ്ഞേ അല്ലേ അച്ഛൻ ഒന്നും കട്ടില്ല്യാ ന്ന്.

കൊന്നതാ ഇയാളും ഇയാളുടെ ആളുകളും കൂടി കൊന്നതാ ന്റെ അച്ഛനെ.

ആരോ അവളുടെ വാ പൊത്തി. പിന്നെ അവൾ പറഞ്ഞത് ആർക്കും വ്യക്തമായില്ല.

ചിറി കൊട്ടി പുച്ഛം നിറഞ്ഞ ചിരിയോടെ കൃഷ്ണ മേനോൻ അവിടെ നിന്നും മടങ്ങി.

വല്ല്യമ്പ്രാ.കാര്യസ്ഥന്റെ ശബ്ദം അയാളെ ഉണർത്തി.വാ വല്ല്യമ്പ്രാ. മതി ഇവിടിങ്ങനെ നിന്നത്.

മേനോൻ കലങ്ങി വീർത്ത കണ്ണുകളോടെ അയാളെ നോക്കി.

അവളുടെ ശാപം അത് ഫലിച്ചു തുടങ്ങി ല്ലേ കുമാരാ. വേണ്ടായിരുന്നു ഒന്നും വേണ്ടായിരുന്നു.

മേനോൻ സ്വയം പഴിച്ചു.ഇനി അതൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ.കഴിഞ്ഞത് കഴിഞ്ഞു. വേണ്ട പരിഹാരങ്ങൾ ഉടനെ ചെയ്യണം.

തന്ത്രിയുടെ മകൻ വരട്ടെ. അല്ലാതെ ഇപ്പോൾ ന്താ ചെയ്ക.
ഇടറിയ ശബ്ദത്തിൽ മേനോൻ പറഞ്ഞൊപ്പിച്ചു.

അതേ സമയം ദൂരെ മാറി ഒരു കാറിൽ ചാരി ശങ്കര നാരായണ തന്ത്രിയും മകനും നിൽക്കുന്നത് അവർ അറിഞ്ഞില്ല.

ഉണ്ണീ അതാണ്‌ കൃഷ്ണ മേനോൻ. തന്ത്രി മേനോന്റെ നേരെ വിരൽ ചൂണ്ടി.കൂടെ ഉള്ളത് കാര്യസ്ഥൻ കുമാരൻ.

മ്മ്മ്.അപ്പൊ ഇവരാണ് ശ്രീപാർവ്വതിയുടെ ജീവിതം തകർത്തവരിൽ ബാക്കിയുള്ളത് ല്ലേ.അയാൾ തന്ത്രിയെ നോക്കി.

ഇവർ മാത്രമല്ല ഇനി ഒരാൾ കൂടിയുണ്ട് ഈ മേനോന്റെ ഒരു സുഹൃത്ത്‌.അയാൾ മറുനാട്ടിൽ എവിടെയോ ആണ്.

തന്ത്രികൾ അത് പറഞ്ഞതും എവിടെ നിന്നോ ഒരു പുള്ള് ഉറക്കെ ചിലച്ചുകൊണ്ട് അവർക്കരികിൽ നിന്ന മരത്തിൽ വന്നിരുന്നു.

തന്ത്രിയുടെ മകൻ അത് നോക്കി ചിരിച്ചു.പക്ഷേ അയാളിവിടെ വരുമച്ഛാ.അവൾ കൊണ്ട് വരും.

നോക്കട്ടെ അവളുടെ ഉദ്ദേശം എന്താ എന്ന്.നമുക്ക് മടങ്ങാം.അയാൾ തന്ത്രിയെ നോക്കി.

ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!