രക്തരക്ഷസ്സ് – ഭാഗം 8

5367 Views

രക്തരക്ഷസ്സ് Novel

ഇരുവരും കയറിയ വണ്ടി വന്ന വഴിയേ തിരിഞ്ഞതും മരക്കൊമ്പിൽ ഇരുന്ന പുള്ള് ശ്രീപാർവ്വതിയായി രൂപം മാറി.

വണ്ടിയുടെ കണ്ണാടിയിലൂടെ ആ രംഗം കണ്ട ദേവദത്തന്റെ കൈയ്യും കാലും വിറച്ചു.

ദേവാ പിന്നിൽ പലതും കാണും. അത് നോക്കണ്ടാ.കാര്യം മനസ്സിലായ തന്ത്രി അയാളെ നോക്കിപ്പറഞ്ഞു.

ഉണ്ണീ നീ എങ്ങനെ മനസ്സിലാക്കി നാലാമനെ അവൾ ഇവിടെ എത്തിക്കുമെന്ന്?

ചെറിയൊരു ചിരിയോടെ ഉണ്ണിത്തിരുമേനി തന്ത്രിയെ നോക്കി.ലക്ഷങ്ങൾ അത് സൂചിപ്പിച്ചു.

തറവാട്ടിലേക്ക് പോയ കുമാരൻ തിരിച്ചു വന്നത് കണ്ടില്ലേ.
മാത്രമല്ല പുള്ളിന്റെ രൂപത്തിൽ ശ്രീപാർവ്വതി നമ്മുടെ അടുത്തേക്ക് വന്നതും ഒരു ലക്ഷണം തന്നെ.

അയാൾ ഇവിടെ വരും അല്ല അവൾ വരുത്തും.മ്മ്മ്.വരട്ടെ നോക്കാം.തന്ത്രികൾ ആലോചനയോടെ ഒന്നിരുത്തി മൂളി.

ദിവസങ്ങൾ കടന്നു പോയി ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.

കൃഷ്ണ മേനോന്റെ മനസ്സിൽ ദിവസം ചെല്ലും തോറും ഭയം കൂടി വന്നു.

അഭിമന്യുവിന്റെ മനസ്സിൽ കൂടുതൽ സംശയങ്ങൾ മുളപൊട്ടി.

രാവിലെ പുറത്ത് കൂടിയുള്ള കറക്കം കഴിഞ്ഞു വന്ന അഭിമന്യു ഡയറി എഴുത്തിൽ മുഴുകി.

എന്തൊക്കെയോ രഹസ്യങ്ങൾ ബാക്കിയാക്കി വല്ല്യമ്മ പോയി.

വല്ല്യച്ഛനിൽ നിന്നോ കുമാരേട്ടനിൽ നിന്നോ ഒന്നും അറിയാൻ സാധിക്കില്ല എന്നെന്റെ മനസ്സ് പറയുന്നു.

ശ്രീപാർവ്വതി മരിച്ചതിൽ വല്ല്യമ്മയ്ക്ക് എന്താണ് പങ്ക്. ആരിൽ നിന്നാണ് സത്യമറിയുക.

പെട്ടന്ന് കറന്റ് പോയി.റൂമിൽ കനത്ത ഇരുട്ട് പരന്നു.ആഞ്ഞു വീശുന്ന കിഴക്കൻ കാറ്റ് ജാലക വാതിലുകൾ ഇളക്കി അടിച്ചു.

അഭി തീപ്പെട്ടി തപ്പിയെടുത്ത് മെഴുകുതിരി തെളിച്ചു.തിരിയുമായി മേശയുടെ അടുത്തേക്ക് എത്തിയ അയാൾ ഞെട്ടി വിറച്ചു.

താൻ എഴുതി വച്ച വരികൾ ആരോ വെട്ടിയിരിക്കുന്നു.ശ്രീപാർവ്വതി മരിച്ചതിൽ എന്നത് വെട്ടി ശ്രീപാർവ്വതിയെ കൊന്നതിൽ എന്നാക്കിയിരിക്കുന്നു.

അയാളുടെ മനസ്സിൽ ഭയം പെരുമ്പറ മുഴക്കി.ദൂരെ എവിടെയോ നായ്ക്കൾ ഓരിയിടുന്ന ശബ്ദം ജാലകത്തിലൂടെ കടന്ന് അയാളുടെ കാത് തുളച്ചു.

മങ്ങിക്കത്തുന്ന മെഴുകുതിരി നാളത്തിൽ അയാൾ ഭിത്തിയിൽ ആ കാഴ്ച്ച കണ്ടു.

തനിക്ക് പിന്നിൽ ആരോ നിൽക്കുന്നു. അഴിഞ്ഞു കിടക്കുന്ന മുടി.ഒരു സ്ത്രീ ആണെന്ന് ഉറപ്പ്.

അഭി വെട്ടിത്തിരിഞ്ഞു.എന്നാൽ പിന്നിൽ ആരെയും കണ്ടില്ല.കാറ്റിന് അസ്ഥി തുളയ്ക്കുന്ന തണുപ്പുണ്ടായിട്ടും അഭിമന്യു വിയപ്പിൽ കുളിച്ചു.

ആരാ,ആരാ ഇവിടെ. എനിക്കറിയാം ആരോ ഈ റൂമിലുണ്ട്.ആരാണെന്നാ ചോദിച്ചേ. അയാൾ ഒച്ച ഉയർത്തി.

മറുപടിയെന്നോണം ഒരു പൊട്ടിച്ചിരി മുഴങ്ങി.അഭി ചുറ്റും നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.

ന്തേ ഭയം തോന്നുണ്ടോ.മാഷിനെ ഞാൻ ഒന്നും ചെയ്യില്ല്യ.ഇങ്ങനെ വെറുതെ നോക്കിയാൽ എന്നെ കാണാനും സാധിക്കില്ല്യ.

ആരാണെന്നു പറ.അഭിയുടെ ശബ്ദം പതറി.പെട്ടന്നാണ് അയാൾ അലമാരയുടെ മുകളിൽ ഇരുന്ന് ഒരു കരിമ്പൂച്ച തന്നെ നോക്കുന്നത് കണ്ടത്.

അതിന്റെ കണ്ണുകൾ മെഴുകുതിരി നാളത്തിൽ രത്നം പോലെ തിളങ്ങി.പല്ലുകൾക്ക് പോലും ഒരു പ്രത്യേക തിളക്കമുണ്ടെന്ന് അഭിക്ക് തോന്നി.

അയാൾ നോക്കിയിരിക്കെ അതിന്റെ രൂപം മാറി.അഭിയുടെ കണ്ണുകൾ ഭയം തളം കെട്ടി.

പൂച്ചയുടെ സ്ഥാനത്ത് ശ്രീപാർവ്വതിയെ കണ്ടതും അഭി ഞെട്ടി പിന്നോട്ട് മാറി.

ന്തിനാ മാഷേ പേടിക്കുന്നെ.ഞാൻ ഒന്നും ചെയ്യില്ല്യ പറഞ്ഞില്ലേ.ചില സത്യങ്ങൾ മാഷ് അറിയണം.അത് പറയാൻ ആണ് ഞാൻ വന്നത്.

എന്ത് സത്യം.നീ എന്തിനാണ് എന്റെ പിന്നാലെ വരുന്നത്.എന്തിനാ വല്ല്യമ്മയെ നീ കൊന്നത്.നീ എന്നെയും കൊല്ലില്ലെന്ന് എന്താ ഉറപ്പ്.അഭി വിറച്ചു കൊണ്ട് ചോദിച്ചു.

എല്ലാം പറയാം മാഷേ.എല്ലാം വിധിയാണ്.അല്ലെങ്കിൽ കാളകെട്ടിയിലെ മഹാമാന്ത്രികന്റെ ബന്ധനത്തിൽ നിന്നും മാഷിന്റെ കൈയ്യാൽ എനിക്ക് മോചനം കിട്ടുമായിരുന്നോ?

സത്യത്തിൽ എന്റെ കഥ അറിയുമ്പോൾ മാഷ് തന്നെ പറയും ഞാൻ ചെയ്തത് തെറ്റല്ല എന്ന്.

ശരിക്കും കഥ അല്ല യാഥാർഥ്യം. ശ്രീപാർവ്വതി തന്റെ ജീവിതകഥ പറയാൻ തുടങ്ങി.

അന്ന് മാഷിനെ ഞാൻ കാണിച്ചു തന്ന ക്ഷേത്രമില്ലേ അതിന്റെ അടുത്തായിരുന്നു എന്റെ വീട്.

ഞാനും അച്ഛനും അമ്മയും അടങ്ങുന്ന കൊച്ച് കുടുംബം.

അച്ഛൻ ക്ഷേത്രത്തിൽ കണക്കെഴുത്തും കാര്യങ്ങളുമായി കൂടും.അമ്മ അടിച്ചു തളി,മാല കെട്ടൽ അങ്ങനെ.

പഠിക്കാൻ മിടുക്കി ആയിരുന്നോണ്ട് ഞാൻ പഠനത്തിൽ ശ്രദ്ധ കൊടുത്തു.അങ്ങനെ സന്തോഷത്തോടെയുള്ള ജീവിതം.

കൃഷ്ണ മേനോൻ എന്ന മാഷിന്റെ വല്ല്യച്ഛനായിരുന്നു ഈ നാടിന്റെ ജന്മി.എല്ലാരും തമ്പുരാൻ എന്നാ മേനോനെ വിളിച്ചിരുന്നെ.

അച്ഛനും അമ്മയ്ക്കും മേനോൻ അദ്ദേഹം എന്ന് പറഞ്ഞാൽ ജീവനായിരുന്നു.

അങ്ങനെ ഒരിക്കൽ ക്ഷേത്രത്തിലെ ഉത്സവം ഒക്കെ കഴിഞ്ഞു കണക്കെടുപ്പ് നടത്തിയപ്പോൾ വല്ല്യൊരു തുക കുറവ് കണ്ടു.

എല്ലാരും പാവം എന്റെ അച്ഛനെ സംശയിച്ചു.പക്ഷേ അച്ഛൻ ദേവീടെ സ്വത്ത് മനസ്സിൽ പോലും ആഗ്രഹിച്ചിട്ടില്ല്യ.

ശ്രീപാർവ്വതി പറയുന്നത് കേട്ട് അഭിമന്യു മിണ്ടാതെയിരുന്നു.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മേനോൻ അദ്ദേഹം തന്നെ അവിശ്വസിക്കില്ല എന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നു.

പക്ഷേ….. അവൾ ഒന്ന് നിർത്തി.
പക്ഷേ..പറയൂ എന്നിട്ട് എന്താണ് സംഭവിച്ചത്.

അഭിക്ക് ആകാംക്ഷ അടക്കാൻ സാധിച്ചില്ല.

പക്ഷേ അച്ഛന്റെ കണക്ക് കൂട്ടലുകൾ എല്ലാം തെറ്റായിപ്പോയിരുന്നു.കൃഷ്ണ മേനോൻ അച്ഛന്റെ നേരെ തിരിഞ്ഞു.അവർ അച്ഛനെ കുറ്റവിചാരണ ചെയ്തു.

ദേവീടെ നടയിൽ വച്ച് അച്ഛൻ അയാളുടെ കാല് പിടിച്ചു പറഞ്ഞു അച്ഛൻ കട്ടിട്ടില്ലാ എന്ന്.

പക്ഷേ ആരും അച്ഛൻ പറഞ്ഞത് കേട്ടില്ല്യ.സത്യത്തിൽ പണം കട്ടത് മേനോനും അയാളുടെ ശിങ്കിടികളും കൂടിയായിരുന്നു. എന്നിട്ട് അവരത് അച്ഛന്റെ തലയിൽ ചാർത്തി.

അഭിക്ക് അതൊരു പുതിയ അറിവായിരുന്നതിനാൽ അത് അയാളിൽ ഞെട്ടലുളവാക്കി.

പക്ഷേ വല്ല്യച്ഛൻ വലിയ ദേവീ ഭക്തനാണല്ലോ.അഭി അവളെ നോക്കി.

ഭക്തനോ ആ നീചൻ കപട ഭക്തനാണ്‌.പാർവ്വതി പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.

അയാൾ ഒരിക്കൽ അച്ഛനോട് സംസാരിക്കാൻ വീട്ടിൽ വന്നു.

പ്രശ്നങ്ങളിൽ നിന്നും രക്ഷിക്കാം. വേറെ എവിടെയെങ്കിലും പോയി ജീവിച്ചോ എന്നൊക്കെ പറഞ്ഞു.

അതിന് പ്രതിഫലമായി അയാൾ ചോദിച്ചത് കേട്ട് അച്ഛൻ അന്നാദ്യമായി അയാളോട് ദേഷ്യപ്പെട്ടു.വീട്ടിൽ നിന്നും ഇറക്കി വിട്ടു.

പക്ഷേ അതോടെ അയാളുടെ ദേഷ്യം ഇരട്ടിച്ചു.അച്ഛനെ അവർ ക്ഷേത്രത്തിൽ കയറ്റാതെ പുറത്താക്കി.

കടയിൽ നിന്നും സാധനങ്ങൾ കൊടുക്കരുത് എന്ന് മേനോൻ ഉത്തരവിട്ടു.

ആരും മേനോന്റെ വാക്കുകൾ തെറ്റിച്ചില്ല.കുടുംബം പട്ടിണിയിലായി.എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തി.

അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണീരിന് പകരം രക്തം ഒഴുകിയിറങ്ങി.അഭി വിട്ട് മാറാത്ത ഭയത്തോടെ അവളെ നോക്കിയിരുന്നു.

വല്ല്യച്ഛൻ തന്റെ അച്ഛനെ രക്ഷിക്കുന്നതിന് എന്താണ് പ്രതിഫലം ചോദിച്ചത്.

അത് അവൾ പറയാൻ തുടങ്ങിയതും ആരോ വാതിലിൽ ശക്തിയായി മുട്ടി.തൊട്ട് പുറകെ കൃഷ്ണ മേനോന്റെ ശബ്ദവും വന്നു.

ഉണ്ണീ ഈ ഇരുട്ടിൽ നീ ആരോടാ ഒറ്റയ്ക്ക് സംസാരിക്കുന്നെ.പെട്ടന്ന് റൂമിൽ അഭിമന്യു തെളിയിച്ചു വച്ചിരുന്ന മെഴുകുതിരി അണഞ്ഞു.

റൂമിൽ അന്ധകാരം നിറഞ്ഞു.ഒരു ഇളം കാറ്റ് ജാലകത്തിലൂടെ പുറത്തേക്ക് പോയത് അഭി അറിഞ്ഞു.തൊട്ട് പുറകെ ജാലക വാതിൽ അടഞ്ഞു.

ശ്രീപാർവ്വതി പോയിക്കഴിഞ്ഞുവെന്ന് അഭിക്ക് മനസ്സിലായി.അയാൾക്ക്‌ നിരാശയും ദേഷ്യവും ഒരുപോലെ വന്നു.

നാശം എന്ന് പിറുപിറുത്തു കൊണ്ട് അയാൾ വാതിൽ തുറന്നു.പക്ഷേ പുറത്ത് കൃഷ്ണ മേനോൻ ഉണ്ടായിരുന്നില്ല.അഭി ആകെ അമ്പരന്നു നിന്നു.

വല്ല്യച്ഛന്റെ ശബ്ദം താൻ വ്യക്തമായി കേട്ടതാണല്ലോ എന്നിട്ടിപ്പോ എവിടെ പോയി.അയാൾ സ്വയം ചോദിച്ചു.

സംശയം തീർക്കാൻ അഭി കൃഷ്ണ മേനോന്റെ മുറിയിൽ ചെന്ന് നോക്കി.

മേനോൻ കട്ടിലിൽ ഗാഢനിദ്രയിലായിരിക്കുന്നത് കണ്ടതോടെ അഭിയുടെ പേടി വർദ്ധിച്ചു.

അയാൾ തന്റെ റൂമിലേക്ക്‌ ഓടി.പെട്ടന്നാണ് ഒരു അശരീരി പോലെ ആ വാക്കുകൾ അയാളുടെ ചെവികളിലേക്ക് ഒഴുകിയെത്തിയത്.

അഭിമന്യു.അവൾ പലതും പറഞ്ഞു കൊണ്ട് അടുത്ത് കൂടും.അത് നല്ലതല്ല.നിന്നിലൂടെ പ്രതികാരം ചെയ്യാനുള്ള അവളുടെ തന്ത്രമാണത്.

ഈ ശബ്ദം ഇതെനിക്ക് നല്ല പരിചയം ഉണ്ട്.ആരാ ആരാത്.അഭി ചോദിച്ചു.

സമയമായില്ല കുട്ടീ ആവുമ്പോൾ സത്യം നിന്നെ തേടിയെത്തും അത് വരെ കാത്തിരിക്കുക.

അഭിയുടെ ബോധമണ്ഡലം പതിയെ മറഞ്ഞു.ഒരു പാവയെപ്പോലെ അയാൾ മുറിയിലേക്ക് മടങ്ങി.

രാവിലെ കാര്യസ്ഥനാണ് അഭിമന്യുവിനെ വിളിച്ചുണർത്തിയത്.

തല വെട്ടിപ്പൊളിക്കും പോലെ അയാൾക്ക്‌ തോന്നി.തലയ്ക്കു ആകെ ഒരു പെരുപ്പ്.

എന്തൊക്കെയാണ് രാത്രിയിൽ സംഭവിച്ചത്.അയാൾ തലേന്ന് സംഭവിച്ച കാര്യങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.

എന്നാൽ അവയൊന്നും അയാൾ ആരോടും പറഞ്ഞില്ല.കുമാരേട്ടാ നല്ല കടുപ്പത്തിൽ ഒരു കാപ്പി ഇട്ട് തരാമോ.അയാൾ കാര്യസ്ഥനെ നോക്കി.

കുമാരൻ കാപ്പി തയ്യാറാക്കാൻ അടുക്കളയിലേക്ക് നടന്നു.മാസമുറ ആയത് കൊണ്ട് ലക്ഷ്മി അടുക്കളയിൽ കയറാതെ മാറിയിരിക്കുകയാണ്.

കുമാരൻ നൽകിയ ചൂട് കാപ്പിയുമായി അഭി പൂമുഖത്തേക്ക് നടന്നു.

കാപ്പി കപ്പ് ചുണ്ടോട് ചേർക്കുമ്പോഴേക്കും ആരോ പടിപ്പുര കയറിവരുന്നത് അഭി കണ്ടു.

അയാൾ കപ്പ് താഴ്ത്തി വച്ച് ആഗതനെ നോക്കി.വെള്ള മുണ്ടും ഇളം റോസ് നിറത്തിലുള്ള കുർത്തയുമാണ് വേഷം.

നെറ്റിയിൽ ചന്ദനവും കുങ്കുമവും ഭസ്മവും മേൽക്ക് മേലെ ഒരേ ക്രമത്തിൽ തൊട്ടിരിക്കുന്നു.ഇടം കാതിൽ തിളങ്ങുന്ന ഒറ്റക്കടുക്കൻ.

ചെറിയ കുറ്റിത്താടിയും പിരിച്ചു വച്ച മീശയും അയാളുടെ പൗരുഷത്തിന്റെ മാറ്റ് കൂട്ടുന്നതായി അഭിക്ക് തോന്നി.

സൂര്യതേജസ്സ് തുടിക്കുന്ന മുഖത്ത് ചെറിയൊരു പുഞ്ചിരിയുമായി ആഗതൻ അഭിയെ നോക്കി.

എന്താണ് സുഹൃത്തേ ഇങ്ങനെ ചിന്തിതനായി നിൽക്കുന്നത്.എന്നെ മുൻപ് കണ്ടിട്ടുണ്ടാവില്ല.ഊവ്വോ?

ഈ ശബ്ദം താൻ മുൻപെവിടെയോ കേട്ട് മറന്നത് പോലെ അയാൾക്ക്‌ തോന്നി. പക്ഷേ എവിടെ.

എന്താണ് അഭിമന്യു ചോദ്യം കെട്ടില്ല്യേ.വേറെ ഏതോ ലോകത്തിൽ ആണെന്ന് തോന്നുന്നു.

ഒരു ഞെട്ടലോടെ അഭി ആ ശബ്ദം തിരിച്ചറിഞ്ഞു.അതേ ഇന്നലെ രാത്രിയിൽ താൻ കേട്ട അതേ ശബ്ദം.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply