ജീവന്റെ ഓഫീസ് മുറിയിലേക്ക് കടക്കുമ്പോൾ ജോൺ വർഗ്ഗീസിന്റെയുള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു.
സർ,പതിഞ്ഞ ശബ്ദത്തിൽ ജോൺ വർഗ്ഗീസ് ജീവനെ വിളിച്ചു.
പറയൂ ജോൺ,ജീവൻ തല ഉയർത്തിയില്ല.കൈയ്യിലിരുന്ന് എരിഞ്ഞു തീരാറായ ലൈറ്റ്‌സ് ആഷ് ട്രേയിലേക്ക് കുത്തി ഞെരിച്ചു കൊണ്ട് ജീവൻ കണ്ണടച്ചു.
ക്ഷമിക്കണം സർ,ഞാൻ ആളറിയാതെ.സർ,IPS ആണെങ്കിൽ പിന്നെ എങ്ങനെ ഈ സി.ഐ.പോസ്റ്റിൽ.
തന്റെ മനസ്സിൽ ഇപ്പോൾ ഒരുപാട് ചോദ്യങ്ങൾ ഉത്തരമില്ലാതെ കുമിഞ്ഞു കൂടുന്നുണ്ടെന്ന് എനിക്കറിയാം ജോൺ.
തനിക്ക് ഈ ജോലി വെറുമൊരു ജീവനോപാധി മാത്രമായിരുന്നപ്പോൾ എനിക്ക് ജീവശ്വാസമായിരുന്നു.
വിദ്യാഭ്യാസ കാലത്ത് തന്നെ മനസ്സിൽ കയറിക്കൂടിയ കാക്കിയോടുള്ള പ്രണയം ഹൈദരാബാദിലേക്ക് എന്നെ പറിച്ച് നട്ടു.
ഹൈദരാബാദിലെ ഉന്നത വിദ്യാഭ്യാസത്തിന് ശേഷം സർദാർ വല്ലഭായ് പട്ടേൽ നാഷ്ണൽ പോലീസ് അക്കാദമിയിൽ IPS ട്രെയിനിങ്.
ചിരകാലസ്വപ്നം പൂവണിഞ്ഞപ്പോൾ ആദ്യ പോസ്റ്റിങ്ങ് മുംബൈയിൽ. എന്റെ ലൈഫിലെ Turning point അവിടെയായിരുന്നു.
കസേരയിലേക്ക് ചാരി മുകളിലേക്ക് നോക്കിയിരുന്ന ജീവന്റെ മനസ്സ് വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചു.
മുംബൈ…….
ദാവൂദ് ഇബ്രാഹിമും ട്ടാ രാജനുമൊക്കെ അടക്കി വാഴുന്ന മുംബൈ നഗരത്തിൽ പകൽ പോലും വിറച്ച് നിന്നു.
കൊള്ളയും കൊള്ളിവയ്പ്പും ഗുണ്ടാ സംഘങ്ങളുടെ തേർ വിളയാട്ടവും കൊണ്ട് അശാന്തി പരന്ന സമയം.
അന്ധേരിയിലെ മാർക്കറ്റിൽ ചോട്ടാ രാജിന്റെയും ഖാലിദ് മുസ്തഫയുടെയും സംഘങ്ങളുടെ തമ്മിൽ തല്ലും കൊലവിളിയും ശക്തി പ്രാപിച്ചിരിക്കുന്നു.
അക്രമം അടിച്ചമർത്താൻ കളക്ടർ ആന്റി ഗുണ്ടാ സ്ക്വാഡിന് രൂപം നൽകി.
അനുഭപാടവമുള്ള IPS മേലാളന്മാർ ബുദ്ധിപൂർവ്വം പിന്നോട്ട് പോയിടത്ത് ചോരത്തിളപ്പിന്റെ ബലത്തിൽ ഞാൻ മുൻപോട്ട് നിന്നു.
ടൈംസ് ഓഫ് ഇന്ത്യയും AIN ഉം വിസ്തരിച്ചെഴുതി.മുംബൈയിൽ പുതിയ സിംഹക്കുട്ടിയുടെ ആവിർഭാവം.കൂടെ എന്റെ ഫോട്ടോയും പേരും.
ജോൺ വർഗ്ഗീസ് അടുത്ത് കിടന്ന കസേര നീക്കിയിട്ട് ഇരുന്നു.
ജീവൻ പതിയെ അടുത്ത ലൈറ്റ്സിന് തീ പകർന്ന് ആഞ്ഞു വലിച്ചു.
ഒരെണ്ണം ജോണിന് നീട്ടിയെങ്കിലും അയാൾ നന്ദിപൂർവ്വം നിരസിച്ചു.
പുകച്ചുരുളുകൾ പുറത്തേക്ക് തള്ളിക്കൊണ്ട് ജീവൻ പതിയെ നിവർന്നിരുന്നു.
കളക്ടറുടെ പ്രത്യേക ഓർഡർ പ്രകാരം മുംബൈയെ വിറപ്പിച്ച കുറ്റവാളികളുടെ ലിസ്റ്റ് തയ്യാറാക്കി.
ലിസ്റ്റിൽ മൊത്തം 12 പേർ,സർക്കാർ ഷൂട്ട് അറ്റ് സൈറ്റ്ന് ഓർഡർ തന്നു.
IPS പട്ടവുമായി നാട് നന്നാക്കാൻ ഇറങ്ങി തിരിക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നെടോ പകരം നൽകേണ്ടി വരുന്നത് എന്റെ പലതുമാണെന്ന്.
ജീവന്റെ കണ്ണുകളിൽ നിന്നും കണ്ണീർ അണപൊട്ടി.ലൈറ്റ്‌സ് ആഞ്ഞു വലിച്ചു കൊണ്ട് അയാൾ തല കുമ്പിട്ടിരുന്നു.
പോലീസ് ലിസ്റ്റിൽ ഉൾപ്പെട്ട നാല് പേർ തോക്കിന് ഇരയായതും ഭീഷണി സ്വരങ്ങൾ ഉയർന്ന് തുടങ്ങി.പക്ഷേ ഞാൻ അതൊന്നും വക വച്ചില്ല്യ.
തെക്കുംകൂർ രാജവംശത്തിലെ ഇളമുറക്കാരന്റെ ക്ഷത്രിയ വീര്യം ആർക്ക് മുൻപിലും അടിയറവ് വയ്ക്കാൻ മനസ്സ് വന്നില്ല.
മനസ്സ് നിറയെ അച്ഛൻ ദേവരാജവർമ്മയുടെ വാക്കുകളായിരുന്നു.
“ജീവൻ പോയാലും സത്യത്തിന്റെ പാത വെടിയരുത്.നീതിക്ക് നിരക്കാത്തത് ചെയ്യരുത്”
എന്റെ നേരെയുള്ള വധ ഭീഷണികൾ ക്രമേണ ഭാര്യയെ കൊല്ലും വീട്ടുകാരെ പച്ചയ്ക്ക് കത്തിക്കും അങ്ങനെ നീണ്ടു.
പക്ഷേ എന്തിനും മീതെ ജോലിയോടുള്ള തികഞ്ഞ ആത്മാർത്ഥത പുലർത്തിയ എനിക്ക് പൂർണ്ണ പിന്തുണയായിരുന്നു ഭാര്യ അശ്വനി.
നാട്ടിലെ പ്രബല നായർ തറവാട്ടിലെ ഏക മകളായിരുന്നു അശ്വനി. എന്റെ വാമഭാഗമായി വന്നപ്പോൾ അവൾ അറിഞ്ഞു കാണില്ല പടുമരണത്തിലേക്കുള്ള പാതയാണ് ഞാനെന്ന്.
ലിസ്റ്റിൽ ഉൾപ്പെട്ട അഞ്ചാമൻ ഖാലിദ് മുസ്തഫയുടെ വലംകൈയ്യായ കേല അഹമ്മദ് ആയിരുന്നു.
കേലയ്ക്കുള്ള വല ഒരുക്കി കാത്തിരുന്ന എനിക്ക് അധികം താമസം നേരിടാതെ അവനെ വീഴ്ത്താൻ സാധിച്ചു.
കേല വീണതോടെ ഞാനവരുടെ കടുത്ത ശത്രുവായി.കേലയുടെ ചോരയ്ക്ക് പകരം എനിക്ക് നഷ്ട്ടമായത് ന്റെ അശ്വനിയെ ആയിരുന്നു.
ജോൺ വർഗ്ഗീസിന്റെ മുഖത്ത് ആകെ അമ്പരപ്പ് പടർന്നു.
സിനിമകളിൽ മാത്രം കാണാറുള്ള കാര്യങ്ങൾ ഒരാൾ തന്റെ അനുഭവം ആയി പറയുന്നു.
ഒരു ദിവസം മാർക്കറ്റിൽ പോയ അശ്വനി പിന്നെ തിരിച്ചു വന്നില്ല.
പോലീസ് മുംബൈയുടെ മുക്കും മൂലയും അരിച്ചു പെറുക്കി.ഒരു സൂചനയുമില്ല.
ഒടുവിൽ മൂന്നാംപക്കം അന്ധേരിയിലെ ചേരിയോട് ചേർന്നുള്ള ഓടയിൽ നിന്നും എനിക്കവളെ കിട്ടി.
കൊന്നവനും കൊല്ലിച്ചവനും പിന്നെയും സ്വര്യവിഹാരം നടത്തി. ഓർഡർ ഇട്ട കളക്ടറെ സ്ഥലം മാറ്റിയ രാഷ്ട്രീയ കോമരങ്ങൾ അവരുടെ ഭാഗം ഭംഗിയായി അവതരിപ്പിച്ചു.
ആരൊക്കെയോ ചേർന്ന് പിച്ചിച്ചീന്തിയ അവളുടെ മുഖം അതിപ്പോഴും ന്നെ കൊത്തി വലിക്കുവാ.
ജീവന്റെ കണ്ണിൽ നിന്നും അഗ്നി തെറിക്കുന്നത് പോലെ തോന്നി ജോൺ വർഗ്ഗീസിന്.
കുടുംബത്തേക്കാൾ പ്രാധാന്യം ജോലിക്ക് നൽകിയ എനിക്ക് കിട്ടിയ സമ്മാനം അവിടം കൊണ്ടും തീർന്നില്ല.
മുംബൈയിൽ നിന്നും കോട്ടയത്തേക്ക് സ്ഥലം മാറ്റം വാങ്ങി വന്ന എനിക്ക് മുൻപിൽ ആദ്യമെത്തിയത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യ കേസ് ആയിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ സംഭവം കൊലപാതകമാണെന്ന് വ്യക്തമായി.
ഒരാഴ്ച്ച കൊണ്ട് പ്രതികളെ പിടിച്ചു.പിന്നെ കോടതി,റിമാന്റ് അങ്ങനെ.
പക്ഷേ നാട്ടിലെ പ്രബല രാഷ്ട്രീയ നേതാവിന്റെ മകൻ കൂടി ഉൾപ്പെട്ട കേസിലെ മുഖ്യപ്രതി ലോക്കപ്പിൽ വച്ച് മരിച്ചു.
ലോക്കപ്പ് മർദ്ദനത്തിന്റെ സകല ഉത്തരവാദിത്വവും എന്റെ തലയിൽ കെട്ടിവച്ച ഗവണ്മെന്റ് SP സ്ഥാനത്ത് നിന്നും എന്നെ തരം താഴ്ത്തി.
ജോൺ വർഗ്ഗീസിന്റെ തല താഴ്ന്നു. ജീവന് മുൻപിൽ താൻ വളരെ ചെറുതാണെന്ന് അയാൾക്ക് വ്യക്തമായി.
ഹാ,അത് പോട്ടെ കഴിഞ്ഞത് ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല.ആ ചെക്കന് ഇപ്പോൾ എങ്ങനെയുണ്ട്.
കുഴപ്പമില്ല സർ,വെള്ളം കൊടുത്തു. പക്ഷേ ഇനിയും ഇങ്ങനെ വച്ചോണ്ടിരിക്കാൻ പറ്റോ?നിയമം അനുസരിച്ചു കോടതിയിൽ ഹാജരാക്കണ്ടേ.
മ്മ്,വരട്ടെ.സൂരജ് കൃഷ്ണൻ എന്നൊരാൾ ഇത് വരെയും നമ്മുടെ കസ്റ്റഡിയിൽ ഇല്ല.ആര് ചോദിച്ചാലും അങ്ങനെ പറഞ്ഞാൽ മതി.ok.
Ok,സർ.ജീവന്റെയുള്ളിൽ പുതിയ എന്തോ പദ്ധതി രൂപം കൊള്ളുന്നുണ്ടെന്ന് ജോൺ വർഗ്ഗീസിന് ഉറപ്പായി.
നരിമറ്റം ആൽബി.ഇനി അവനാണ് നമ്മുടെ ലക്ഷ്യം.നിലവിലെ അവസ്ഥയിൽ സൂരജിൽ നിന്നും കൂടുതൽ അറിയാൻ ശ്രമിക്കുന്നതിൽ കാര്യമില്ല.
താനൊരു കാര്യം ചെയ്യ്,ഈ ആൽബി എന്ന് പറയുന്നവന്റെ സർവ്വ ബന്ധങ്ങളുടെയും ഡീറ്റയിൽസ് കളക്ട് ചെയ്യ്.
ജോൺ വർഗ്ഗീസ് ശ്രദ്ധയോടെ എല്ലാം കേട്ട് നിന്നു.
ഇവിടെ ഇന്ന് എത്ര പേരാണ് ഡ്യൂട്ടിയിൽ ഉള്ളത്.
സർ,നാല്.രണ്ട് പാറാവ്.രണ്ട് ഓഫീസ് ഡ്യൂട്ടിക്കാർ.
മ്മ്,ok.അവരാരും തന്നെ “കൂളിംഗ് റൂമി”ലേക്ക് പോകാൻ പാടില്ല. അഥവാ ആ പരിസരത്ത് എത്തിയാൽ അകത്ത് കയറാൻ പാടില്ല.അതിന് വേണ്ടത് ചെയ്യുക.
Sure sir,റൂം പുറത്ത് നിന്നും ലോക്ക് ചെയ്യാം.അവനുള്ള ഫുഡ് മേടിച്ച് അകത്ത് വയ്ക്കാം.
Ok.അത് വേണ്ടത് പോലെ താൻ ചെയ്‌താൽ മതി.അല്ലെങ്കിൽ ഒരു കാര്യം ചെയ്യ് എല്ലാം ഇപ്പോൾ തന്നെ സെറ്റ് ചെയ്തോ.
ചെയ്യാം സർ,ജോൺ വർഗ്ഗീസ് ജീവനെ സല്യൂട്ട് ചെയ്ത് തിരിഞ്ഞു നടന്നു.
ആ ജോൺ ഒരു കാര്യം കൂടി..
പറയൂ സർ,ജോൺ തിരിഞ്ഞു നിന്നു.
ആൽബിയുടെ കാര്യങ്ങൾ i mean personal details അവനോട് ചോദിച്ചാൽ അറിയാൻ സാധിക്കും.
അവന്റെ അടുത്ത സുഹൃത്ത് ആണെന്നല്ലേ പറഞ്ഞത്.അപ്പോൾ അവനറിയാത്ത വിഷയങ്ങൾ ഉണ്ടാവില്ല.
അവന്റെ വീട്ടിൽ അറിഞ്ഞാൽ ഒരുപക്ഷെ അതവന് രക്ഷപെടാൻ അവസരം ഉണ്ടാക്കും.
ചോദിക്കാം സർ,ജീവന്റെ കൂർമ്മ ബുദ്ധിയെ മനസ്സാ അഭിനന്ദിച്ചു കൊണ്ട് ജോൺ വർഗ്ഗീസ് പുറത്തേക്ക് പോയി.
സൈബർ സെൽ അയച്ച റിപ്പോർട്ട് എടുത്ത് ജീവൻ ചില നമ്പറുകൾ റൗണ്ട് ചെയ്തു.
മനസ്സ് വീണ്ടും കൈവിട്ട് പോകുന്നത് പോലെ അയാൾക്ക് തോന്നി.വീണ്ടും കസേരയിലേക്ക് ചാരി കണ്ണടച്ചു.
എത്ര നേരം അങ്ങനെ കിടന്നെന്ന് അറിയില്ല,ഫോണിൽ ലളിതാസഹസ്ര നാമം ഉയർന്നപ്പോഴാണ് ജീവൻ കണ്ണ് തുറന്നത്.
ഡിസ്പ്ലേയിൽ SP കാളിങ് എന്ന് കണ്ടതും ചാടിയെടുത്തു.
ഹലോ ജീവൻ,എന്തായടോ കേസ് അന്വേഷണം.പറയത്തക്ക പുരോഗതി വല്ലതും ഉണ്ടോ.
സർ ചില സുപ്രധാന തെളിവുകൾ കിട്ടിയിട്ടുണ്ട്.എല്ലാം ഒന്ന് കൂടി ക്ലിയർ ചെയ്തതിനു ശേഷം ഞാൻ റിപ്പോർട്ട് നൽകാം.
Ok.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക.തന്റെ പഴയ സ്വഭാവം ഇവിടെ കാണിക്കരുത്.
Ok.സർ,ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല്യ.പല്ല് കടിച്ചു കൊണ്ട് ജീവൻ മറുപടി പറഞ്ഞു.
മറുവശത്ത് കാൾ കട്ട് ആയതും അയാൾ ഫോൺ മേശയിലേക്ക് വലിച്ചെറിഞ്ഞു കൊണ്ട് തന്റെ ദേഷ്യം തീർത്തു.
പിന്നിൽ ബൂട്ട് അമരുന്ന സൗണ്ട് കേട്ടതും ജീവൻ വെട്ടിത്തിരിഞ്ഞു.
ആ ജോൺ എന്തായി.കാര്യങ്ങൾ.
സർ,ഫുഡ് വാങ്ങി കൊടുത്തു. ആൽബിയുടെ പ്രധാന വീക്ക് നെസ്സ് പെണ്ണ് തന്നെ.പിന്നെ “ഗോൾഡ് ബെൽറ്റ്” ലൈറ്റ്സ് മാത്രമേ വലിക്കൂ.
ഒളിവിൽ പോകുന്നതിന് മുൻപ് നേരിൽ കണ്ടിരുന്നു.എങ്ങോട്ട് പോകുന്നു എന്ന് പറഞ്ഞില്ല എന്നാണ് അവൻ പറയുന്നത്.
ആൽബിയുടെ ബന്ധുക്കൾ കോട്ടയം കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിൽ ആണ്.
അപ്പോൾ അവന്റെ വീട്ടിൽ പോവാതെ കാര്യം നടക്കില്ല.ജീവൻ കൈകൾ കൂട്ടി തിരുമി.
സമയം 1:30 നോട് അടുത്തതും ജീവനും ജോൺ വർഗ്ഗീസും ഓഫീസിൽ നിന്നിറങ്ങി.
എങ്ങോട്ടാണ് സർ,വണ്ടി എടുക്കുമ്പോൾ ജോൺ വർഗ്ഗീസ് ചോദ്യഭാവത്തിൽ ജീവനെ നോക്കി.
നരിമറ്റം.അവന്റെ അപ്പൻ പറയും മകൻ എവിടെ ഉണ്ടെന്ന്.
************
മല്ലിയോടാൻ കാവിലെ സ്ഥിര താമസക്കാരായ കടവാവലുകൾ ബംഗ്ലാവിന് പുറത്തും അധിനിവേശത്തിന്റെ ലക്ഷങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു.
വോൺ പതിയെ സിറ്റ്ഔട്ടിലേക്ക് കയറി.ഒന്ന് കൂടി ചുറ്റും നോക്കിയ ശേഷം വാതിലിൽ രണ്ട് തവണ മുട്ടി.
പക്ഷേ അകത്ത് നിന്നും പ്രതികരണം ഒന്നുമുണ്ടായില്ല.അല്പം സംശയിച്ചു നിന്ന ശേഷം വോൺ വാതിൽ പതിയെ തള്ളി നോക്കി.
കര കര ശബ്ദത്തോടെ ആ കൂറ്റൻ വാതിൽ അകത്തേക്ക് തുറക്കപ്പെട്ടു.പുറമേ കാണുന്ന ഭീകരത അകത്തില്ല.
ആൽബി,ഡാ ആൽബി,അകത്ത് കയറിയ വോൺ ശബ്ദം താഴ്ത്തി വിളിച്ചു.എന്നിട്ടും മറുപടി ഉണ്ടായില്ല.
നായിന്റെ മോൻ എവിടെ പോയി ചത്തു.തല ചൊറിഞ്ഞു കൊണ്ട് വോൺ ചുറ്റും നോക്കി.
തിരിച്ചു പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആണ് അകത്തെ മുറിയിൽ നിന്നും ഒരു ചിണുക്കം കേട്ടത്.
സ്റ്റെയറിനോട് ചേർന്നുള്ള മുറിയുടെ ഉള്ളിൽ നിന്നാണ് ശബ്ദമെന്ന് അവന് മനസ്സിലായി. വോൺ പതിയെ അങ്ങോട്ടേക്ക് ചെന്നു.
അകത്ത് ഏതോ പെണ്ണിന്റെ കിണുക്കം കേൾക്കാം.
മതി ആൽബിച്ചായ.ശ്ശോ വിടന്നെ.. രാവിലെ തുടങ്ങിയെ അല്ലേ.
തികട്ടി വന്ന രോഷം കടിച്ചമർത്തിക്കൊണ്ട് വോൺ വാതിലിൽ ആഞ്ഞു തട്ടി. ടാ,വാതിൽ തുറക്ക് ഇത് ഞാനാ.
അല്പം കഴിഞ്ഞതും വാതിൽ പകുതി തുറന്ന് ആൽബി തല പുറത്തേക്ക് നീട്ടി.
ആൽബിയുടെ തോളിന് മുകളിലൂടെ വോൺ ഒന്ന് പാളി നോക്കി.
ഏറിയാൽ ഒരു 18-20 വയസ്സ് പ്രായമുള്ള ഒരു പെണ്ണ് ബെഡ്ഷീറ്റും വാരിച്ചുറ്റി ബാത്ത്റൂമിലേക്ക് നടക്കുന്നു.
ന്തിനാടാ കിടന്ന് അലറുന്നത്, മനുഷ്യൻ ഒന്ന് രസം പിടിച്ചു വന്നപ്പോ അവന്റെ…..
നിന്റെ രസം മിക്കവാറും സാമ്പാർ ആകും.സൂരജിനെ ആ സി.ഐ പൊക്കി.
ഇടിവെട്ടേറ്റത് പോലെ ആൽബി വിറച്ചു.കാര്യങ്ങൾ കൈ വിട്ടു തുടങ്ങിയെന്ന് അവന് മനസ്സിലായി.
നീ പൊയ്ക്കോ.എന്ത് വേണമെന്ന് ഞാൻ ഒന്ന് നോക്കട്ടെ. ചിന്താഭാവത്തിൽ ആൽബി വോണിനെ നോക്കി.
നീ നോക്കുവോ നോക്കാതെ ഇരിക്കുവോ ചെയ്തോ,ഒന്ന് ഞാൻ പറയാം നമ്മുടെ സമയം അടുത്തു.
*************
നരിമറ്റത്തേക്ക് ഉള്ള യാത്രയിൽ ഉടനീളം ജീവൻ നിശ്ശബ്ദനായിരുന്നു.
ജോൺ വർഗ്ഗീസും ഒന്നും ചോദിക്കാൻ തുനിഞ്ഞില്ല.രാവിലെ ഉണ്ടായ സംഭവങ്ങൾ അയാളെ അസ്വസ്ഥനാക്കിയിരുന്നു.
ഹൈവേയിൽ നിന്നും ഇടത്തേക്ക് തിരിയുമ്പോഴാണ് ജീവന്റെ ഫോൺ ശബ്‌ദിച്ചത്.
വണ്ടി സൈഡൊതുക്കി ജീവൻ കാൾ അറ്റൻഡ് ചെയ്തു. മറുവശത്ത് നിന്നും SP യുടെ ശബ്ദം ഒഴുകിയെത്തി.
ജീവൻ ഹോം മിനിസ്റ്റർ ഗസ്റ്റ് ഹൗസിൽ വന്നിട്ടുണ്ട്.തന്നെ കാണണം എന്ന് പറയുന്നു. എത്രയും വേഗം എത്തുക.
Ok.സർ,കാൾ കട്ട് ചെയ്ത് ഫോൺ ഡാഷ് ബോർഡിലേക്ക് ഇട്ടു കൊണ്ട് ജീവൻ പല്ല് കടിച്ചു പൊട്ടിച്ചു.
മന്ത്രിവര്യന്റെ ആഗമനോദ്ദേശം വേറെ ഒന്നുമല്ല.എന്നെയും തന്നെയും കൂടി മൊത്തത്തിൽ അങ്ങ് ഉണ്ടാക്കാൻ വേണ്ടിയാണ്.
യൂ ടേൺ തിരിഞ്ഞ ജീവന്റെ കാർ അതിവേഗം മന്ത്രിയുടെ ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി കുതിച്ചു.
************
മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ജീവനും ജോൺ വർഗ്ഗീസും മടങ്ങുമ്പോൾ സമയം ഒൻപത് മണിയോട് അടുത്തു.
ജോൺ വർഗ്ഗീസിനെ വീട്ടിൽ ഇറക്കിയ ശേഷം ജീവൻ ക്വാട്ടേഴ്സിലേക്ക് തിരിച്ചു.
ആൽബിയെ പിടികൂടുന്നതിൽ ഇനിയും താമസിക്കുന്നത് നല്ലതല്ല.
മന്ത്രിയുടെ വാക്കുകളിൽ ഒളിഞ്ഞിരുന്ന നീരസം താൻ ഗൗരവപൂർവ്വം കാണേണ്ടതാണ്.
കണ്ണിലേക്ക് കുത്തിക്കയറുന്ന ഉറക്കത്തെ തല കുടഞ്ഞു അകറ്റിക്കൊണ്ട് ജീവൻ ആക്സിലേറ്റർ ഞെരിച്ചു.
ചിന്തകൾക്ക് ചൂട് പിടിക്കുന്നതിനനുസരിച്ച് ജീവൻ വണ്ടിയുടെ വേഗത വർദ്ധിപ്പിച്ചു.
പെട്ടന്നാണ് ഇടറോഡിൽ നിന്നും കയറി വന്ന നാഷ്ണൽ പെർമിറ്റ് ലോറിയുടെ ലൈറ്റ് ജീവന്റെ കണ്ണിൽ തുളഞ്ഞിറങ്ങിയത്.
ഒരു നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് ജീവന് മനസ്സിലായില്ല.
നീട്ടി ഹോൺ മുഴക്കിക്കൊണ്ട് ലോറി ജീവന്റെ കാറിന് നേരെ പാഞ്ഞടുത്തു.
#തുടരും
പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission