Skip to content

രക്തരക്ഷസ്സ് – ഭാഗം 12

രക്തരക്ഷസ്സ് Novel

പടിപ്പുരയോട് ചേർന്നുള്ള ഷെഡിൽ കിടന്ന കാർ കണ്ടപ്പോൾ തന്നെ ആരോ അഥിതിയുണ്ടെന്ന് അഭിമന്യുവിന് മനസ്സിലായി.

തറവാട്ടിലേക്ക് എത്തിയതും മേനോൻ ചോദ്യശരമെത്തി. എവിടെ പോയിരുന്നു.

ഞാൻ വെറുതെ പുറത്ത്.അഭി പതറി. കാളകെട്ടിയിൽ പോയതും അറിഞ്ഞതുമായ കാര്യങ്ങൾ അയാൾ മനപ്പൂർവം മറച്ചു.

മ്മ്മ്.ഇത് എന്റെ കൊച്ചു മകൻ അഭിമന്യു.മേനോൻ അഭിയെ രാഘവന് പരിചയപ്പെടുത്തി.

ഉണ്ണി.ഇത് രാഘവൻ.എന്റെ ബാല്യകാല സുഹൃത്തുക്കളിൽ ഒരാൾ.

മേനോന്റെ വാക്കുകൾ അഭിയുടെ ചെവിയിൽ തുളഞ്ഞിറങ്ങി. രാഘവൻ.ശ്രീപാർവ്വതിയുടെ മരണത്തിന് കാരണക്കാരിൽ ഒരുവൻ.

അഭി അയാളെ തുറിച്ചു നോക്കി.ഹലോ.രാഘവൻ അഭിയെ നോക്കി ചിരിച്ചു.

തിരിച്ചു ചിരിച്ചെന്നു വരുത്തി അഭി വേഗത്തിൽ അകത്തേക്ക് പോയി.രാഘവൻ എന്ന പേര് അയാളുടെ മനസ്സിൽ കല്ലിച്ചു കിടന്നു.

ശങ്കര നാരായണ തന്ത്രികൾ മടങ്ങി വന്നാൽ ഉടനെ ബാക്കി കാര്യങ്ങൾ അറിയണം.അഭി മനസ്സിൽ ഉറപ്പിച്ചു.

അഭി മടങ്ങിയ പിന്നാലെ രുദ്ര ശങ്കരൻ ഇല്ലത്ത് നിന്നുമിറങ്ങിയിരുന്നു.

അയാൾ നേരെ പോയത് വള്ളക്കടത്ത് ഗ്രാമത്തിലെ ദേവീ ക്ഷേത്രത്തിലേക്കാണ്.

ക്ഷേത്രം കാട് മൂടിയിരിക്കുന്നു.
ചെറിയൊരു കാറ്റ് പോലും വീശുന്നില്ല.

ഒരു കാലത്ത് വള്ളക്കടത്ത് ഗ്രാമത്തിന്റെ സർവ്വ ഐശ്വര്യങ്ങൾക്കും ആധാരമായ മഹാ ക്ഷേത്രം കനത്ത ഇരുട്ടിൽ പ്രേത മാളിക പോലെ ഉയർന്ന് നിന്നു.

രുദ്രൻ അൽപ്പ സമയം ആ ശാപമണ്ണിലേക്ക് നോക്കി നിന്നു. എത്രയോ പടയോട്ടങ്ങളെ അതിജീവിച്ച ക്ഷേത്രം.

ടിപ്പുവിന്റെ പട തോറ്റോടിയ മണ്ണ്.ഒരു ദേശത്തിന്റെ മുഴുവൻ ആശ്രയമായിരുന്ന ആദിപരാശക്തിയുടെ മണ്ണ്.

വൻ മരങ്ങളിലും അവയിൽ പടർന്ന് കയറിയ വള്ളിപ്പടർപ്പുകളിലും അത്യുഗ്ര വിഷ സർപ്പങ്ങൾ ചുറ്റിക്കിടക്കുന്നു.

പായൽ മൂടിയ കുളപ്പടവുകളിൽ കരിനാഗങ്ങൾ ചുറ്റി മറിഞ്ഞു ഇണ ചേരുന്നു.അവയുടെ ശീൽക്കാരങ്ങൾ ഒരു പ്രത്യേക താളത്തിൽ അവിടെ മുഴങ്ങി നിന്നു.

മനുഷ്യ മണമടിച്ച നാഗങ്ങൾ ഫണമുയർത്തി ചീറ്റി.

രുദ്രൻ കണ്ണടച്ച് ദുർഗ്ഗാ ഗായത്രി ചൊല്ലി.

മുന്നിൽ വന്നത് നിസ്സാരനല്ല എന്ന് മനസ്സിലാക്കിയ നാഗങ്ങൾ പത്തി താഴ്ത്തി കാട്ടിലേക്ക് ഓടി മറഞ്ഞു.

ഒരു ചെറു ചിരിയോടെ രുദ്രൻ കണ്ണ് തുറന്നു.ശ്രീപാർവ്വതി..അയാൾ ഉറക്കെ വിളിച്ചു.

എനിക്കറിയാം നീ ഇവിടെയുണ്ടെന്ന്.
മുന്നിൽ വാ.മതി നിന്റെ ഒളിച്ചു കളി.

ഉള്ളിൽ എവിടെയോ ഒരു പാവം പെണ്ണിന്റെ തേങ്ങിക്കരച്ചിൽ ഉയർന്ന പോലെ രുദ്രന് തോന്നി.

പിന്നെ അതൊരു ചിരിയായി, പതിയെ പതിയെ പൊട്ടിച്ചിരിയായി.

ദേഷ്യം കൊണ്ട് രുദ്രന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.
അയാൾ കൈയ്യിൽ കരുതിയ ചെറിയ സഞ്ചിയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് മന്ത്രം ചൊല്ലി.

ഇരുൾ മൂടി നിന്ന വനത്തിലേക്ക് അയാൾ കൈയ്യിലെ ഭസ്മം എറിഞ്ഞു.

ഭസ്മം അന്തരീക്ഷത്തിൽ കലർന്നതും അവിടെയാകെ ഒരു പ്രകാശം നിറഞ്ഞു.

നിമിഷങ്ങൾക്കുള്ളിൽ അതിനുള്ളിൽ ശ്രീപാർവ്വതിയുടെ രൂപം പ്രത്യക്ഷമായി.

സൗന്ദര്യത്തിന്റെ അഭൗമ ഭാവത്തോടെ അവൾ അന്തരീക്ഷത്തിൽ ഉയർന്ന് നിന്നു.

വശ്യമായ അവളുടെ ചിരിയിൽ ദേവ യക്ഷ,കിങ്കരന്മാർ പോലും മയങ്ങിപ്പോകുമെന്ന് രുദ്രന് തോന്നി.

പൊടുന്നനെ അവളുടെ വശ്യഭാവം മാറി.നെറ്റി പൊട്ടി രക്തം ധാരയായി ഒഴുകിയിറങ്ങാൻ തുടങ്ങി.കൂർത്ത ദംഷ്ട്രകൾ അടിച്ചുണ്ട് തുളച്ചിറങ്ങി.

കൈകളിലെ നഖങ്ങൾ നീണ്ട് വളഞ്ഞു.മുഖത്തിന്റെ ഒരു വശം ചതഞ്ഞു തൂങ്ങി.കണ്ണുകളിൽ നിന്നും രക്തമൊഴുകി.

കാറ്റ് പോലും ആ രംഗം കണ്ട് വഴി മാറി.നാഗങ്ങൾ പുറ്റിനിടയിൽ പതുങ്ങിയിരുന്നു.

ഇണചേരലിന്റെ അഭൗമ ലോകത്തിൽ ചുറ്റി മറിഞ്ഞ കരിനാഗങ്ങൾ കുളത്തിലെ ഇരുണ്ട ജലത്തിലേക്ക് അന്തർദ്ധാനം ചെയ്തു.

വിശ്വരൂപം കൈക്കൊണ്ട ശ്രീപാർവ്വതി രുദ്രനെ നോക്കി ആർത്തട്ടഹസിച്ചു.

അവളുടെ കൊലച്ചിരിയിൽ ക്ഷേത്രത്തിൽ നിന്ന മരങ്ങൾ ആടിയുലഞ്ഞു.മരക്കൊമ്പിലിരുന്ന കിളികൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.

രുദ്രന്റെ മുഖത്ത് ചിരി നിറഞ്ഞു നിന്നു.നിന്റെ ഈ വേലകൾ കണ്ടാൽ ഭയക്കുന്നവരുണ്ടാവും, പക്ഷേ ഇത് ആള് വേറെയാണ്.

ഹേയ്.നിർത്തൂ മാന്ത്രികാ.ഇന്നേക്ക് എട്ടാം നാൾ എന്നെ ബന്ധിക്കുന്നതും സ്വപ്നം കണ്ട് നടക്കുന്ന മൂഢൻ. ശ്രീപാർവ്വതിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.

ഹേ,മതിയാക്കൂ നിന്റെ ജല്പനങ്ങൾ. നിനക്കെന്റെ ശക്തിയറിയില്ല. ഭസ്മമാക്കും നിന്നെ ഞാൻ.

രുദ്രനാണ് നാം.എന്തിനേയും ഭസ്മമാക്കുന്ന രുദ്രൻ.

കാളകെട്ടിയിലെ തേവാര മൂർത്തികളോട് ഒരു വാക്ക് ചൊല്ലേണ്ട താമസം മാത്രമേ ഈ രുദ്രനുള്ളൂ.രുദ്രശങ്കരന്റെ മുഖം കലി കൊണ്ട് വിറച്ചു.

ഓഹോ എങ്കിൽ കാണട്ടെ നിന്റെ ശൗര്യത്തെ.അവൾ അയാളെ വെല്ലു വിളിച്ചു കൊണ്ട് അവിടെ നിന്നും മറഞ്ഞു.

ശ്രീപാർവ്വതീ.രുദ്രൻ ഉറക്കെ അലറി.അയാളുടെ ശബ്ദം കാട്ടിനുള്ളിൽ പെരുമ്പറ പോലെ മുഴങ്ങി.

തന്റെ ആത്മാഭിമാനത്തിന് കനത്ത ക്ഷതമേറ്റത് പോലെ തോന്നി രുദ്രശങ്കരന്.

അയാൾ വർദ്ധിത വീര്യത്തോടെ കാടുകൾ വകഞ്ഞു മാറ്റി ക്ഷേത്ര മണ്ണിൽ കാല് കുത്തി.

മപെട്ടെന്ന് കാറ്റ് ആഞ്ഞടിച്ചു. മരങ്ങൾ ഭ്രാന്തിളകിയ പോലെ ഉറഞ്ഞു തുള്ളി.കടവാവലുകൾ ഉറക്കെ കരഞ്ഞു കൊണ്ട് പറന്നകന്നു.

പ്രകൃതിയുടെ മാറ്റങ്ങൾ രുദ്രനെ തെല്ലും അലട്ടിയില്ല വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റിക്കൊണ്ട് അയാൾ മുൻപോട്ട് നടന്നു.

എന്നാൽ ഉള്ളിലൊളിഞ്ഞിരിക്കുന്ന ചതി മനസ്സിലാക്കാൻ ആ ത്രികാല ജ്ഞാനിയുടെ അഭിമാന ബോധത്തിന് സാധിച്ചില്ല.

ക്ഷേത്ര ബലിക്കല്ലിന്റെ മുൻപിൽ ഒരു നിമിഷം ആ മഹാമാന്ത്രികൻ തറഞ്ഞു നിന്നു.

തൊട്ട് മുൻപിൽ ശ്രീപാർവ്വതി നിൽക്കുന്നു.രൗദ്രഭാവം അവൾ വെടിഞ്ഞിട്ടില്ല.

ഹേ മഹാ മാന്ത്രികനെന്ന് നടിക്കുന്ന വിഡ്ഡീ കാണട്ടെ നിന്റെ കഴിവ്.അവൾ പരിഹാസം നിറഞ്ഞ ചിരിയോടെ രുദ്രനെ നോക്കി.

രുദ്രശങ്കരൻ കോപം കൊണ്ട് വിറച്ചു.പിരിച്ചു വച്ച മീശ ഒന്നു കൂടി അയാൾ മേല്പോട്ട് തഴുകി.

കഴുത്തിൽ കിടന്ന രുദ്രാക്ഷ മാലയിൽ ചുറ്റിപ്പിടിച്ച് കണ്ണുകൾ അടച്ചു.നാവിൽ അതിശക്തമായ ചണ്ഡികാ മന്ത്രം ഒഴുകിയെത്തി.

പക്ഷേ പൊടുന്നനെ രുദ്രനെ വിയർക്കാൻ തുടങ്ങി.മന്ത്ര സ്വരങ്ങൾ മനസ്സിൽ തെളിയുന്നില്ല.

മന്ത്രാക്ഷരങ്ങൾ പിഴയ്ക്കുന്നു.തന്റെ ശക്തികൾ നഷ്ടമാവുന്നത് പോലെ അയാൾക്ക്‌ തോന്നി.

ശ്രീപാർവ്വതിയുടെ കൊലച്ചിരി ഇരു കർണ്ണങ്ങളിലും ഉച്ചസ്ഥായിൽ മുഴങ്ങി.

അമ്മേ മഹാമായേ,ഗുരു കാരണവന്മാരെ,തേവാര മൂർത്തികളെ അടിയനെന്താണ് പറ്റിയത്.അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ആകെ വിയർത്ത് വിവശനായി രുദ്രൻ കണ്ണ് തുറന്ന് തനിക്ക് മുൻപിൽ നിൽക്കുന്ന ശ്രീപാർവ്വതിയെ നോക്കി.

എന്ത് പറ്റി.മാന്ത്രികാ.സേവാ മൂർത്തികൾ കൈ വിട്ടുവോ.

എവിടെ നിന്റെ ആജ്ഞാനുവർത്തികളായ തേവാര മൂർത്തികൾ.എവിടെ കാള കെട്ടിയുടെ അഭിമാനമായ ചാത്തൻ.

ഇവിടെ ആരും വരില്ല.ആർക്കും നിന്നെ രക്ഷിക്കാൻ സാധിക്കില്ല.ഇത് എന്റെ മണ്ണാണ്.അവൾ അലറിച്ചിരിച്ചു.

നിർത്തൂ നിന്റെയീ കൊലച്ചിരി.നീ നിൽക്കുന്നത് സാക്ഷാൽ ആദിപരാശക്തിയുടെ മണ്ണിലാണ്.ആ മഹാശക്തി നിന്നെ ഭസ്മീകരിക്കും.

രുദ്രന്റെ മറുപടി അവളിൽ ഒരു മാറ്റവുംവരുത്തിയില്ല.

ആദിപരാശക്തിയോ?ഏത് ആദിപരാശക്തി.ഏത് ദേവി.ഇവിടെ ഈ മണ്ണിൽ ഞാൻ മരിച്ചു വീഴുമ്പോൾ ഒരു ദേവിയും വന്നില്ല.ആരും എന്റെ കരച്ചിൽ കേട്ടില്ല.

ഇനിയിത് എന്റെ മണ്ണാണ്.നീ പറയുന്ന ദേവി ഇവിടെ നിന്നും ഒളിച്ചോടി.

ഇന്നിവിടെ നിന്റെ രക്ഷയ്ക്ക് ആരും എത്തില്ല.അവളുടെ കണ്ണുകളിൽ നിന്നും അഗ്നി ചിതറി.

അവൾ സംഹാര ഭാവത്തോടെ രുദ്രശങ്കരന് നേരെ അടുത്തു.

ഒന്നും ചെയ്യാൻ സാധിക്കാതെ തരിച്ചു നിന്നു രുദ്രശങ്കരൻ.മന്ത്രങ്ങൾ ബോധമണ്ഡലത്തിൽ നിന്നും മറഞ്ഞിരിക്കുന്നു.

അമ്മേ,ദേവീ കൈ വിടരുതേ അയാൾ മനമുരുകി പ്രാർത്ഥിച്ചു.ആദ്യമായി രുദ്രൻ പരാജയത്തിന്റെ രുചിയറിഞ്ഞു.

ശ്രീപാർവ്വതിയുടെ കൈകൾ അയാളുടെ കഴുത്തിൽ പിടിമുറുക്കി.നഖങ്ങൾ കർണ്ണ ഞരമ്പിൽ ആഴ്ന്നിറങ്ങി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!