രക്തരക്ഷസ്സ് – ഭാഗം 15

5550 Views

രക്തരക്ഷസ്സ് Novel

എന്നാൽ മറ്റൊരാളുടെ കണ്ണുകൾ തങ്ങളെ കാണുന്നത് അവർ അറിഞ്ഞില്ല.
************************************
അത്താഴം കഴിക്കാൻ എല്ലാവരും ഇരുന്നു.താഴേക്ക് വരാൻ വല്ല്യമ്പ്രാൻ പറഞ്ഞു.

ലക്ഷ്മിയുടെ സ്വരം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്.അയാൾ ചുവരിലെ ക്ലോക്കിലേക്ക് കണ്ണോടിച്ചു.

സമയം ഒൻപത് കഴിഞ്ഞിരിക്കുന്നു.
മ്മ്മ്.അയാൾ നീട്ടി മൂളി.

ലക്ഷ്മി തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്നും രാഘവന്റെ ഒച്ചയുയർന്നു.

കുളക്കടവിലെ ലീലാവിലാസങ്ങൾ ആരും കണ്ടില്ല എന്ന് ധരിക്കണ്ടാ.
പുളിക്കൊമ്പിൽ ആണല്ലോ പിടിച്ചത്.

ലക്ഷ്മി ഞെട്ടിത്തരിച്ചു.പകച്ച മുഖത്തോടെ അവൾ അയാളെ തുറിച്ചു നോക്കി.

യ്യോ ഇങ്ങനെ നോക്കല്ലേ.ഞാനങ്ങ് പേടിച്ചു പോകും.അയാൾ ഭയം അഭിനയിച്ചു.

ടീ പുല്ലേ.നീ എന്താ ഈ രാഘവനെപ്പറ്റി കരുതിയെ.മര്യാദ ആണെങ്കിൽ ഞാനും മര്യാദ അല്ലെങ്കിൽ.
മ്മ്മ്.നിനക്കറിയില്ല എന്നെ.

പൊയ്ക്കോ.ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല.മേലാൽ എന്റെ കാര്യങ്ങളിൽ ഇടപെടരുത്.

ലക്ഷ്മി ഒന്നും മിണ്ടാതെ തല കുനിച്ച് പടികൾ ഓടിയിറങ്ങി.

പെട്ടന്ന് അടുത്ത റൂമിൽ നിന്നും ഒരു കൈ അവളെ ഉള്ളിലേക്ക് വലിച്ചു.

തന്നെ ആരോ വട്ടം പിടിച്ചതാണെന്ന് അവൾക്ക് മനസ്സിലായി.ഹേയ്.ന്താ ഇത്.അവൾ കുതറി മാറാൻ ശ്രമിച്ചു.

പിടയ്ക്കാതെടീ പെണ്ണേ.ഇത് ഞാനാ.അഭിയുടെ താഴ്ന്ന ശബ്ദം അവളുടെ കാതിൽ പതിഞ്ഞു.

ന്ത് പറ്റി ന്റെ കാന്താരിക്ക്.അഭി അവളെ ചേർത്ത് പിടിച്ച് കാതിൽ മുഖമുരസി.

ഉണ്ണ്യേട്ടാ,അയാൾ ആ രാഘവൻ നമ്മളെ കുളപ്പുരയിൽ കണ്ടു.എനിക്ക് പേടിയാ.അയാൾ ആരോടെങ്കിലും പറയും.വല്ല്യമ്പ്രാൻ എന്നെ കൊല്ലും.

അവളുടെ നെഞ്ചിടിപ്പ് ക്രമാധീതമായി ഉയരുന്നത് അഭിമന്യു അറിഞ്ഞു.

അവൻ അവളെ ഒന്ന് കൂടി ചുറ്റി മുറുക്കി തന്നിലേക്ക് ചേർത്ത് നിർത്തി.

ആരും ഒന്നും അറിയില്ല്യ.എനിക്ക് ചില ലക്ഷ്യങ്ങൾ ണ്ട്.അത് കഴിഞ്ഞാൽ പിന്നെ ന്റെ ലച്ചൂനെ കൂട്ടി ഞാൻ ഇവിടുന്ന് പോകും.

അത് പറയുമ്പോൾ അഭിയുടെ കൈകളുടെ ബലം വർദ്ധിക്കുന്നത് അവളറിഞ്ഞു.

ലച്ചൂ.കുമാരന്റെ നീട്ടിയുള്ള വിളി കേട്ടതും അഭിയുടെ കൈ വിടുവിച്ച് അവൾ അവിടെ നിന്നും പുറത്തിറങ്ങി.പിന്നാലെ അഭിയും.

മേനോനും കുമാരനും രാഘവനും ഊണ് കഴിക്കാൻ ഇരുന്ന് കഴിഞ്ഞു.

എവിടെ പോയി കുട്ട്യേ.ത്ര ന്ന് വച്ചാ നോക്കിയിരിക്കേണ്ടത്.വേഗം വിളമ്പൂ.കുമാരൻ മകളെ ശകാരിച്ചു.

അഭിമന്യു അടുത്ത് കിടന്ന കസേര വലിച്ച് മേനോന്റെ അടുത്തിരുന്നു.

രാഘവൻ അർഥം വച്ചുള്ള ഒരു ചിരിയോടെ തന്നെ നോക്കുന്നത് അവൻ കണ്ടു.

അത് ശ്രദ്ധിക്കാതെ അവന് വേഗത്തിൽ കഴിച്ചെഴുന്നേറ്റു.തൊട്ട് പിന്നാലെ രാഘവനും ഊണ് മതിയാക്കി എഴുന്നേറ്റു.

കൈ കഴുകി തിരിയുമ്പോൾ പിന്നിൽ നിന്ന രാഘവനെ അഭി തറപ്പിച്ചൊന്ന് നോക്കി.

രാഘവൻ മാമ മേലാൽ ന്റെ പെണ്ണിനോട് മിണ്ടാൻ നിൽക്കരുത്.

അവൻ അയാൾ കേൾക്കാൻ ശബ്ദത്തിൽ സ്വരം കടുപ്പിച്ച് പറഞ്ഞു.

ഓഹോ.മിണ്ടിയാൽ നീ എന്ത് ചെയ്യും.അയാൾ അവനെ വെല്ലു വിളിക്കും പോലെ ചോദിച്ചു.

മോനെ നീ മേനോന്റെ കൊച്ചുമോനാണ് എന്നത് ശരി.എന്നും വച്ച് രാഘവനിട്ട് ഉണ്ടാക്കരുത്.

നിനക്കറിയില്ല ഞാൻ ആരാണെന്ന്.
അയാൾ തന്റെ മുഷ്ടി ചുരുട്ടി അഭിയെ നോക്കി.

അഭിമന്യു ചിറി കോട്ടി ചിരിച്ചു.
രാഘവൻ മാമേ നിങ്ങളെക്കുറിച്ച് എനിക്ക് നന്നായി അറിയാം.

ഒരു പാവം വാര്യരെ കൊന്ന് താഴ്ത്തിയ കൈകൾക്ക് എന്നെ കൊല്ലാനുള്ള കരുത്തുണ്ടോ ഇപ്പോ.

രാഘവൻ വെള്ളിടി വെട്ടിയവനെപ്പോലെ തരിച്ചു നിന്നു. നീ.. നീ എങ്ങനെയറിഞ്ഞു അത്.

അത് മാത്രം അല്ല എല്ലാം അറിഞ്ഞു. താനും വല്ല്യച്ഛനും കുമാരേട്ടനും കൂടി ചെയ്തു കൂട്ടിയ മുഴുവൻ കൊള്ളരുതായ്മകളും അറിഞ്ഞു.

അഭി വെട്ടിത്തിരിഞ്ഞു നടന്നു. രാഘവൻ ഇനിയൊരു ഭീഷണിയാവില്ല എന്ന് അവന് ഉറപ്പായി.

റൂമിലെത്തിയ അഭി കട്ടിലിൽ ചാരി കിടന്ന് കണ്ണടച്ചു.ഉറക്കം വരുന്നില്ല.
മനസ്സ് നിറയെ ലക്ഷ്മിയുടെ വാക്കുകളാണ്.

വല്ല്യച്ഛൻ അറിഞ്ഞാൽ മരണം ഉറപ്പ്.അത് ആരുടേതാവും എന്നത് മാത്രം സംശയം.

എപ്പോഴാണ് അവളോടുള്ള ഇഷ്ട്ടം പൊട്ടിമുളച്ചത് എന്നറിയില്ല.
ആദ്യമൊക്കെ അവൾ അകന്ന് മാറി.

വല്ല്യച്ഛൻ അറിഞ്ഞാൽ ഉണ്ടാവാൻ പോകുന്ന ഭവിഷ്യത്തുകൾ അവളെ വല്ലാതെ അലട്ടിയിരുന്നു.

അഗാധമായ പ്രണയം കത്തിപ്പടർന്ന് ഒരിക്കലും പിരിയാൻ പറ്റാത്ത അവസ്ഥയിൽ ആയിരിക്കുന്നു.അത് കൊണ്ടാണ് അവളോട്‌ മനസ്സ് തുറന്നത്.

കാളകെട്ടിയിൽ നിന്നും അറിഞ്ഞ കാര്യങ്ങളും പിന്നെ ഇവിടെ മറ്റാർക്കും അറിയാത്ത പലതും ഇന്ന് അവൾക്കറിയാം.

ചിന്തകൾക്ക് ഭാരം കൂടിയപ്പോൾ കണ്ണുകളിൽ നിദ്രാദേവി നടനം ചെയ്യുന്നത് അവനറിഞ്ഞു.പതിയെ അഭി ഉറക്കത്തിലേക്ക് വഴുതി വീണു.

മംഗലത്ത് എല്ലാവരും ഉറക്കം പിടിച്ചപ്പോൾ രാഘവൻ മാത്രം ഉറങ്ങാതെ കണ്ണ് തുറന്ന് കിടന്നു.

അയാൾ പതിയെ തല ചെരിച്ച് സമയം നോക്കി.ഒന്ന് ഇരുപത്.പുറത്ത് നല്ല നിലാവുണ്ട്.

ചെറിയ കാറ്റിന്റെ അകമ്പടിയോടെ ഇലകൾ വീശി നിൽക്കുന്ന മരങ്ങൾ.

എന്തോ സംഭവിക്കാൻ പോകുന്നത് പോലെ കനത്ത നിശബ്ദത തളം കെട്ടി നിൽക്കുന്നു.

അയാൾ പതിയെ കട്ടിലിൽ നിന്നുമിറങ്ങി.പെട്ടി തുറന്ന് ലോഡ് ചെയ്ത് വച്ച ജർമ്മൻ നിർമ്മിത പിസ്റ്റൾ കൈയ്യിലെടുത്തു.

പെട്ടിയുടെ ചെറിയ അറയിൽ നിന്നും സൈലൻസർ എടുത്ത് പിസ്റ്റളിൽ ഘടിപ്പിച്ചതിന് ശേഷം അരയിൽ തിരുകിക്കൊണ്ട് വാതിൽ തുറന്ന് ചുറ്റും നോക്കി.

ചുവരിൽ തൂക്കിയിട്ട ചെറിയ റാന്തലിൽ നിന്നുള്ള മങ്ങിയ പ്രകാശം അവിടെ തളം കെട്ടി നിൽക്കുന്നു.

അടുത്ത മുറിയിൽ നിന്നും മേനോൻ കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കാം.

പോത്തിന്റെ മുക്രയ്ക്ക് ഒച്ച കൂടിയോ.രാഘവൻ പിറുപിറുത്തു.

തളത്തിലെ വലിയ സോഫയിൽ കുമാരൻ നീണ്ട് നിവർന്ന് കിടക്കുന്നു.

എല്ലാം നിരീക്ഷിച്ച് ഉറപ്പ് വരുത്തിയ രാഘവൻ പതിയെ അടുക്കള ലക്ഷ്യമാക്കി നടന്നു.

അടുക്കളയുടെ വാതിൽ തുറന്ന് പുറത്തിറങ്ങി അതിനോട് ചേർന്നുള്ള ഇടനാഴിയിലൂടെ പതിയെ നടന്നു.

അമ്മാളുവിന്റെ അഭൗമ സൗന്ദര്യം അയാളെ മത്ത് പിടിപ്പിച്ചിരുന്നു.

അഭി കാര്യങ്ങൾ ഒക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനിയും ഇവിടെ നിൽക്കുന്നത് ആപത്താണ്.അതിനും മുൻപ് അവളെ അനുഭവിക്കണം.

ഇടനാഴിയുടെ അറ്റത്തുള്ള മുറിയിലാണ് അമ്മാളു കിടക്കുന്നതെന്ന് അയാൾ നേരത്തെ മനസ്സിലാക്കിയിരുന്നു.

രാഘവൻ ചുറ്റും നോക്കിക്കൊണ്ട് മുറിയിലേക്ക് കയറി.തോക്ക് അരയിലുണ്ടെന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തി.

മുറിയിലെ ചെറിയ കട്ടിലിൽ കിടക്കുന്ന അമ്മാളുവിനെ അയാൾ അടിമുടി നോക്കി.

ജനലഴിയുടെ ഇടയിലൂടെ കടന്ന് വന്ന നിലാവെളിച്ചം അമ്മാളുവിന്റെ മുഖത്തിന് ഇരട്ടി സൗന്ദര്യം സമ്മാനിച്ചു.

ശ്വാസ ഗതിക്കനുസരിച്ച് ഉയർന്ന് പൊങ്ങുന്ന മാറിടം.സ്ഥാനം തെറ്റിക്കിടക്കുന്ന ഹാഫ് സാരിയുടെ ഇടയിലൂടെ അവളുടെ ആലില വയർ കാണാമായിരുന്നു.

വെളുത്ത് തുടുത്ത കാലിലെ നനുത്ത രോമങ്ങൾക്കിടയിൽ വെള്ളി സർപ്പങ്ങളെപ്പോലെ പാദസരം ചുറ്റി കിടക്കുന്നു.

രാഘവൻ നാവ് നീട്ടി ചുണ്ട് നനച്ചുകൊണ്ട് പതിയെ കട്ടിലിന്റെ അരികിലിരുന്നു.

വലത് കൈ കൊണ്ട് അയാൾ പതിയെ അവളുടെ കവിളിൽ തലോടി.

മ്മ്മ്ഹ്,ചെറിയൊരു മൂളലോടെ അമ്മാളു തിരിഞ്ഞു കിടന്നു.

അനുസരണയില്ലാത്ത കുട്ടിയെപ്പോലെ ഹാഫ് സാരി മാറിടത്തിൽ നിന്നും പൂർണ്ണമായും വിട്ടകന്നു.

രാഘവന്റെ സിരകളിൽ രക്തയോട്ടം വർദ്ധിച്ചു.കഴുകൻ കണ്ണുകൾ വിടർന്നു.

അർദ്ധ നഗ്നയായി ഒരു സർപ്പ സുന്ദരിയെപ്പോലെ കിടക്കുന്ന അവളുടെ നേരെ അയാളുടെ കൈകൾ നീണ്ടു.

പെട്ടെന്ന് അമ്മാളു ഞെട്ടി കണ്ണ് തുറന്നു.തന്റെ അരികിലിരിക്കുന്ന രാഘവനെ കണ്ടതും അവൾ ഞെട്ടി.

ഊർന്ന് പോയ സാരിയുടെ തല വലിച്ച് മാറ് മറച്ചു കൊണ്ട് അവൾ പിന്നോട്ട് നിരങ്ങി നീങ്ങി.
************************************
കാളകെട്ടിയിലെ അറയിൽ ഗാഢനിദ്രയിലായിരുന്ന രുദ്ര ശങ്കരൻ ആരോ വിളിച്ചുണർത്തിയത് പോലെ ഞെട്ടിയെഴുന്നേറ്റു.

അറയിലെ ദേവീ വിഗ്രത്തിന് മുൻപിൽ തെളിച്ചു വച്ചിരിക്കുന്ന നെയ്യ് വിളക്കിന്റെ നാളം അതി ശക്തമായി ഉലയുന്നു.

രുദ്രന്റെ കണ്ണുകൾ ചുരുങ്ങി.അയാൾ ചുറ്റും നോക്കി.കാറ്റിന്റെ നേർത്ത കണികകൾ ഉള്ളിൽ കടക്കുന്നുണ്ടെങ്കിലും ദീപനാളത്തെ ഉലയ്ക്കാൻ മാത്രം ശക്തിയതിനില്ല.

തന്റെ യജമാനന്റെ മുഖത്ത് തെളിഞ്ഞ ചിന്താ ഭാവത്തിൽ ആശങ്ക പൂണ്ട സുവർണ്ണ നാഗം ഫണം വിടർത്തി ചുറ്റും നോക്കി.

അമ്മേ ആദിപരാശക്തി എന്താ ഇപ്പോ ഇങ്ങനൊരു ലക്ഷണം.
അടിയന് എവിടെയെങ്കിലും പിഴച്ചുവോ.

അയാളുടെ ചോദ്യത്തിന് ഉത്തരമെന്നോണം ചുവരിൽ ഇരുന്ന ഗൗളി മൂന്ന് വട്ടം ചിലച്ചു കൊണ്ട് ഉത്തര ദിശയിലേക്ക് ഓടി മറഞ്ഞു.

ഗൗളിയുടെ അതിവേഗത്തിലുള്ള സഞ്ചാരം രുദ്രന്റെ മനസ്സിലൊരു വിസ്ഫോടനം സൃഷ്ടിച്ചു.

കാര്യങ്ങൾ പകൽ പോലെ വ്യതമായ ആ മഹാമാന്ത്രികന്റെ മനസ്സ് മന്ത്രിച്ചു.ചതി.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply