പതിവായുള്ള പൂജയും ഹോമവും കഴിച്ച് സാഷ്ട്ടംഗ പ്രണാമം നടത്തി നിവരുമ്പോൾ ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് അസാധാരണമായ ഗൗരവം നിറഞ്ഞിരുന്നു.
നെയ്യ് നിറച്ച് കൊളുത്തി വച്ച വിളക്കുകളിൽ രണ്ടെണ്ണം അണഞ്ഞിരിക്കുന്നു.
ശ്രീപാർവ്വതിയുടെ പടുമരണത്തിന് ഉത്തരവാദികളായ രണ്ട് പേർ മാത്രം മംഗലത്ത് ഇനി അവശേഷിക്കുന്നു.
വാഴൂർ,കിഴ്ശ്ശേരി,പന്തിയൂർ ഇല്ലങ്ങളിൽ നിന്നുള്ള മാന്ത്രികന്മാർ പുലർകാലത്ത് തന്നെ കാളകെട്ടിയിൽ എത്തിച്ചേർന്നിരുന്നു.
കാര്യങ്ങളുടെ ഗൗരവാവസ്ഥ ഏവർക്കും മനസ്സിലായതിനാൽ അന്ന് തന്നെ വേണ്ട ഒരുക്കങ്ങൾ ആരംഭിക്കാൻ അവർ തീരുമാനിച്ചു.
മാന്ത്രികപ്പുരയുടെ വാതിൽ അടച്ച് തിരിഞ്ഞു നടക്കുമ്പോൾ അകത്ത് മൂന്നാമത്തെ നെയ്യ് വിളക്കിന്റെ നാളമുലയുന്നത് തന്ത്രി അറിഞ്ഞില്ല.
ആദിത്യ കിരണങ്ങൾക്ക് അകമ്പടി സേവിച്ച് കിഴക്ക് നിന്നും ആഞ്ഞു വീശിയ തണുത്ത കാറ്റിൽ ഉലയുന്ന മേൽമുണ്ട് ഒന്ന് കൂടി വാരിപ്പുതച്ച് തന്ത്രി ഇല്ലത്തിന്റെ പൂമുഖത്തേക്ക് കാൽ വച്ചതും ഉത്തരത്തിലിരുന്ന ഗൗളി താഴേക്ക് വീണതും ഒന്നിച്ച്.
അപ:ശകുനം,നെറ്റി ചുളിച്ചു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ മന്ത്രിച്ചു. ദേവീ ന്താ ഇപ്പോ ഇങ്ങനൊരു ലക്ഷണം.
പടുമരണം തന്നെ.അകത്ത് നിന്നും താംബൂലത്തിൽ നൂറ് തേച്ചു കൊണ്ട് പുറത്തേക്ക് വന്ന വാഴൂർ മനയിലെ വസുദേവൻ ഭട്ടതിരിയുടെ വാക്കുകൾ ശങ്കര നാരായണ തന്ത്രിയുടെ കാതിൽ വന്നലച്ചു.
ആര്.അങ്ങനെ ചോദിക്കാൻ വാ തുറന്നെങ്കിലും അതിന് പകരം കുമാരൻ എന്ന് തന്ത്രി മനസ്സാ മന്ത്രിച്ചു.പക്ഷേ എങ്ങനെ.
കാളകെട്ടിയിലെ മാന്ത്രികന്മാരുടെ രക്ഷയ്ക്ക് ശക്തി പോരായ്മകൾ വന്നുവോ.
ആ മനസ്സ് വായിച്ചിട്ടെന്നവണ്ണം വസുദേവ ഭട്ടതിരി തന്ത്രിയുടെ സംശയങ്ങൾ നിവാരണം ചെയ്തു.
ഇനിയിപ്പോ എന്ത് ചെയ്യും വസുദേവാ തന്ത്രിയുടെ നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു തുടങ്ങി.
കർമ്മഫലം അനുഭവിക്കുക തന്നെ വേണമല്ലോ തന്ത്രിയദ്ദേഹം.
ഇനിയൊരു രക്ഷയില്ല.അയാളുടെ വിധി.അങ്ങനെ സമാധാനിക്കുക.
നീട്ടിയൊന്ന് മൂളുക മാത്രമായിരുന്നു ശങ്കര നാരായണ തന്ത്രികൾ ചെയ്തത്.
അതേ സമയം രാഘവന്റെ ബെൻസ് കാർ വള്ളക്കടത്ത് പുഴയുടെ ഓരത്ത് കൂടി ചീറിപ്പായുകയായിരുന്നു.
വണ്ടിയുടെ ക്രമാധീതമായ വേഗത ഉള്ളിൽ ഭയത്തിന്റെ വിത്ത് വിതച്ചപ്പോൾ കുമാരൻ രാഘവനെ നോക്കി.അതേ അൽപ്പം വേഗത കുറയ്ക്കാ.
രാഘവനിൽ നിന്നും പ്രതികരണം ഉണ്ടായില്ല.വണ്ടിക്ക് വീണ്ടും വേഗത വർദ്ധിച്ചു.
കുമാരൻ ഭയത്തോടെ ചുറ്റും നോക്കി.കാർ റോഡിൽ നിന്നും വിട്ട് വള്ളക്കടത്ത് ദേവീ ക്ഷേത്രത്തിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞത് അയാളറിഞ്ഞു.
രാഘവാ.വഴി തെറ്റി.ഇതല്ല കാളകെട്ടിയിലേക്കുള്ള വഴി.അയാൾ അൽപ്പം ഒച്ചയുയർത്തി.
ഹാ.കിടന്ന് പിടയ്ക്കാതെടോ എനിക്കറിയാം.രാഘവൻ വെട്ടിത്തിരിഞ്ഞു.
അയാളുടെ മുഖത്ത് കനത്ത ഗൗരവം തിങ്ങി നിറഞ്ഞിരുന്നു. കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കവും ചുവപ്പ് രാശിയും.
രാഘവനിൽ പെട്ടന്നുണ്ടായ ഭാവ മാറ്റം കുമാരനിൽ ഞെട്ടലുളവാക്കി.
അയാൾ മറുത്തൊന്നും പറയാതെ പുറത്തേക്ക് കണ്ണോടിച്ചു.
കാട് മൂടി ഇരുട്ട് തിങ്ങി നിൽക്കുന്ന ക്ഷേത്രത്തിന് മുൻപിൽ കടിഞ്ഞാൺ വലിച്ച കുതിരയെപ്പോലെ വണ്ടി നിന്നു.
ഡോർ തുറന്ന് പുറത്തിറങ്ങിയ കുമാരൻ ജീവൻ തിരിച്ചു കിട്ടിയ പോലെ ശ്വാസം ആഞ്ഞു വലിച്ചു.
അയാൾ ഭയത്തോടെ ചുറ്റും കണ്ണോടിച്ചു.കാട്ടു വള്ളികൾ സർപ്പങ്ങളെപ്പോലെ മരങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
പൊളിഞ്ഞു തുടങ്ങിയ ചുറ്റുമതിലിന് മുകളിലൂടെ സ്വര്യവിഹാരം നടത്തുന്ന ഇണ സർപ്പങ്ങൾ.
കഴിഞ്ഞ കാലത്തെ ചില ഓർമ്മകൾ അയാളുടെ മനസ്സിലെ ഭയത്തിന്റെ ആക്കം കൂട്ടി.
നമുക്ക് പോകാം രാഘവാ.പേടി കൊണ്ട് കുമാരന്റെ ശബ്ദം വിറച്ചു. മറുപടിയില്ലതെ വന്നതും അയാൾ പിന്തിരിഞ്ഞു നോക്കി.
ഇല്ലാ രാഘവൻ പിന്നിലില്ലാ.കുമാരന് എന്ത് ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടിയില്ല.
കൈവശം ഉണ്ടായിരുന്ന രക്ഷ ഊരി അഭിക്ക് കൊടുക്കാൻ തോന്നിയ നിമിഷത്തെ അയാൾ സ്വയം പഴിച്ചു.
പെട്ടന്ന് ഇരുട്ട് തിങ്ങിയ ക്ഷേത്ര വളപ്പിനുള്ളിൽ ആരോ നിൽക്കുന്നത് പോലെ കുമാരന് തോന്നി.അയാൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി.
അതേ രാഘവൻ തന്നെ.താൻ എന്തിനാ അതിന്റെ അകത്ത് കയറിയെ.കഴിഞ്ഞതൊന്നും മറക്കരുത്.ഇങ്ങോട്ട് പോരൂ.
എന്നാൽ അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ രാഘവൻ ഉള്ളിലേക്ക് നടന്നു.
ഹേ.രാഘവാ അവിടെ നിൽക്ക്. അകത്തേക്ക് പോകരുത്.അവിടെ നിൽക്കാൻ.കുമാരൻ രാഘവന് പിന്നാലെ പാഞ്ഞു.
എന്നാൽ കാലിൽ കൂച്ചു വിലങ്ങിട്ട പോലെ കാട്ടുവള്ളി കുരുങ്ങി അയാൾ അടിതെറ്റി തെറിച്ചു വീണു.
കൈകുത്തിയെഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്റെ മുൻപിൽ ആരോ നിൽക്കുന്നത് അയാൾ കണ്ടു.ഇരുട്ടിൽ മുഖം വ്യക്തമല്ല.
രാഘവൻ ആണെന്ന തോന്നലിൽ അയാൾ കൈ നീട്ടി.മുന്നിൽ നിന്നയാൾ കുമാരന്റെ കരം ഗ്രഹിച്ചു.
പെട്ടന്ന് തീയിൽ തൊട്ടത് പോലെ കുമാരൻ കൈ വലിച്ചു.തന്റെ കൈയ്യിലൂടെ രക്തം ഒഴുകിയിറങ്ങുന്നത് കണ്ടതും അയാൾ അലറിക്കൊണ്ട് മുകളിലേക്ക് നോക്കി.
ഒരുനിമിഷം നെഞ്ചിനുള്ളിൽ പ്രാണ വായു നിലച്ച പോലെ തോന്നിപ്പോയി കുമാരന്.
കണ്മുൻപിലെ ആ ആ ഭീകര ദൃശ്യം അയാളുടെ മാനസികനിലയെ പിടിച്ചുലച്ചു.
പടർന്ന് പന്തലിച്ച ഒരു വട വൃക്ഷത്തിന്റെ ശിഖരത്തിൽ കാട്ടുവള്ളിയിൽ തൂങ്ങിയാടുന്ന രാഘവന്റെ മൃതദേഹം.
ചെന്നായ്ക്കൾ കടിച്ചു കീറി വികൃതമാക്കിയ ആ ദേഹത്തിന്റെ ഇടം കൈയ്യിലൂടെ ഒഴുകിയിറങ്ങിയ രക്തം തുള്ളികളായി കുമാരന്റെ മുഖത്ത് പതിച്ചു.
ഭയത്തോടെ അയാൾ സർവ്വശക്തിയുമെടുത്ത് അലറിവിളിച്ചു.പക്ഷേ കലിതുള്ളി പാഞ്ഞു വന്ന തെക്കൻ കാറ്റ് അയാളുടെ ദീന രോധനത്തെ മുക്കിക്കളഞ്ഞു.
എട്ട് ദിക്കും നടുങ്ങുന്ന പോലെ വലിയ ശബ്ദത്തോടെയുള്ള ഇടിമുഴക്കം അവിടേക്ക് കടന്നു വന്നു.തൊട്ട് പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലും
കാറ്റിന്റെ ശക്തികൂടി,ചുറ്റും കൊഴിഞ്ഞുവീണ കരികിലകൾ വായുവിൽ ഉയർന്ന് പൊങ്ങി.
ചടുല താളത്തിൽ വട്ടം ചുറ്റുന്ന കരികിലകൾക്കിടയിലൂടെ തന്റെ അരികിലേക്ക് ഒരു സ്ത്രീ രൂപം നടന്നടുക്കുന്നത് കുമാരൻ ഭയത്തോടെ നോക്കി.
അടുത്ത് വന്ന രൂപത്തിന് ശ്രീപാർവ്വതിയുടെ രൂപമാണെന്ന് തിരിച്ചറിഞ്ഞതും തന്റെ മരണം ആസന്നമായെന്ന് അയാൾക്ക് ഉറപ്പായി.
ഭയത്തിന്റെ കരങ്ങളിൽപ്പെട്ട് വിറച്ചു വിറങ്ങലിച്ച് കിടക്കുന്ന കുമാരനെ നോക്കി ശ്രീപാർവ്വതി ആർത്തട്ടഹസിച്ചു.
ശക്തമായ കാറ്റിൽ അവളുടെ അഴിഞ്ഞുലഞ്ഞ മുടിയിഴകൾ പാറിപ്പറന്നു.അവൾ കുമാരന്റെ അരികിലേക്ക് വായുവിലൂടെ ഒഴുകി അടുത്തു.
ന്നെ ഒന്നും ചെയ്യല്ലേ.അയാൾ കൈകൾ കൂപ്പി അവൾക്ക് മുൻപിൽ യാചിച്ചു.
“ഹ ഹ ഹ …” ന്താ തനിക്ക് ഭയം തോന്നുന്നുണ്ടോ.ജീവിക്കാൻ കൊതി ണ്ട് ല്ല്യേ.
പണ്ടൊരിക്കൽ ഞാനും ഇത് പോലെകരഞ്ഞു പറഞ്ഞിരുന്നില്ല്യേ. അന്നെന്റെ കരച്ചിൽ കണ്ട് രസിച്ചില്ല്യേ.
രോക്ഷം കൊണ്ട് അവളുടെ ഇരുകണ്ണുകളിൽ നിന്നും ചുടുനിണമൊഴുകാൻ തുടങ്ങി.
അവൾ കൈനീട്ടി കുമാരനെ കടന്ന് പിടിച്ച് വലിച്ചെറിഞ്ഞു.ഒരാർത്ത നാദത്തോടെ അയാൾ ക്ഷേത്രത്തിലെ ബലിക്കല്ലിൽ തലയടിച്ചു വീണു.
നിലത്ത് വീണ അയാൾ പതിയെ നിരങ്ങി എഴുന്നേറ്റതും ശ്രീപാർവ്വതിയുടെ കൂർത്ത നഖങ്ങൾ അയാളുടെ കഴുത്തിൽ ആഴ്ന്നിറങ്ങി.
ശ്വാസം തടസപ്പെട്ട അയാളുടെ കണ്ണുകൾ പുറത്തേക്ക് തള്ളി.
ശക്തമായ കാറ്റിൽ ഉറഞ്ഞു തുള്ളുന്ന മരങ്ങൾക്കിടയിലൂടെ കടന്ന് വന്ന കൂറ്റൻ കാട്ടുവള്ളികൾ അയാളുടെ കൈകാലുകളെ ചുറ്റിവരിഞ്ഞു.
ഇടിക്കും കാറ്റിന്റെ ഇരമ്പലിനും മീതെ കുറുനരികളുടെയും തെരുവ് നായ്ക്കളുടെയും ഓരിയിടൽ ഉയർന്ന് തുടങ്ങി.
കാട്ടുവള്ളികളുടെ വരിഞ്ഞു മുറുക്കലിൽപ്പെട്ടു വലഞ്ഞ കുമാരൻ വേദനകൊണ്ട് പുളഞ്ഞു.
ശ്രീപാർവ്വതിയുടെ കടവായിൽ നിന്നും പുറത്തേക്ക് നീണ്ട ദ്രംഷ്ഠകളിൽ നിന്നും ചോര ഇറ്റ് തുടങ്ങി.
അരുത് ന്നെ കൊല്ലരുത്.അവസാന ശ്രമമെന്ന പോലെ കുമാരൻ കരഞ്ഞു പറഞ്ഞു.
അത് കണ്ട് ശ്രീപാർവ്വതി അലറി ചിരിച്ചു കൊണ്ട് അയാളെ വരിഞ്ഞു മുറുക്കിയ വള്ളികളെ സൂക്ഷിച്ചു നോക്കി.
അടുത്ത നിമിഷം അവ കുമാരന്റെ കാലുകൾ രണ്ട് വശത്തേക്ക് വലിച്ചു.
മരണ വേദനയിൽ പുളയുന്ന അയാളെ നോക്കി അവൾ വീണ്ടും വീണ്ടും ചിരിച്ചു.
ഒടുവിൽ ഒരില കീറി മുറിക്കും പോലെ കുമാരൻ രണ്ട് കഷ്ണമായി മാറി വള്ളികളിൽ തൂങ്ങിയാടി.
ഉരുണ്ട് കൂടിയ കാർമേഘം തുള്ളിക്ക് ഒരുകുടം കണക്കെ അവിടേക്ക് പെയ്തിറങ്ങി.
കുമാരന്റെയും രാഘവന്റെയും മൃതദേഹങ്ങൾ മഴ വെള്ളത്തോടൊപ്പം ഊർന്ന് വീണു.
ഒടുവിൽ കുത്തിയൊലിച്ച മല വെള്ളത്തിൽ വള്ളക്കടത്ത് പുഴയുടെ ആഴങ്ങളിലേക്ക് ആ ശരീരങ്ങൾ ആണ്ട് പോയി
**********************************
ആദിത്യൻ ഉച്ചസ്ഥായിയിൽ കത്തി ജ്വലിക്കുമ്പോഴാണ് മംഗലത്ത് പടിപ്പുര കടന്ന് ദേവദത്തൻ എത്തുന്നത്.
പൂമുഖത്തെ ചാരു കസേരയിൽ ഉച്ചയൂണ് കഴിഞ്ഞുള്ള വിശ്രമത്തിലാണ് കൃഷ്ണ മേനോൻ.
ദേവനെ കണ്ടതും അയാൾ കസേര വിട്ടെഴുന്നേറ്റു.മുൻപ് പലപ്പോഴായി അയാളെ കണ്ടിട്ടുള്ളതിനാൽ മേനോന്റെ മുഖത്ത് പരിചയഭാവം തെളിഞ്ഞിരുന്നു.
കടന്ന് വരൂ.മേനോൻ ആദിത്യ മര്യാദയോടെ ദേവനെ അകത്തേക്ക് ക്ഷണിച്ചു.
ഇല്ല്യാ.വീട്ടിലേക്ക് കയറരുത് എന്ന് തിരുമേനി പറഞ്ഞിരുന്നു.വന്ന കാര്യം പറയാം.
ശ്രീപാർവ്വതിയെ ആവാഹിക്കാൻ ഉള്ള ഒരുക്കങ്ങൾ തുടങ്ങണം. ആദ്യപടി എന്ന വണ്ണം വള്ളക്കടത്ത് ഭഗവതീ ക്ഷേത്രം കുറ്റമറ്റതാക്കി ദേവിയുടെ ചൈതന്യം വീണ്ടെടുക്കണം.
വേണ്ട ആളുകളെയും പണിയായുധങ്ങളും കൂട്ടി ക്ഷേത്രവളപ്പിലേക്ക് എത്താൻ അറിയിച്ചിട്ടുണ്ട്.
അറിയാലോ പിടിപ്പത് പണിയുണ്ട്. സമയവും കുറവാണ്.ദിനം പോകും തോറും ആയുസ്സിന്റെ ബലം കുറയും എന്ന് പറയാൻ പറഞ്ഞു.
ദേവദത്തൻ ഒറ്റ ശ്വാസത്തിൽ കാര്യങ്ങൾ അവതരിപ്പിച്ച് തിരിച്ചു നടക്കാൻ തുടങ്ങി.
ഉച്ചയൂണ് കഴിച്ചിട്ടുണ്ടാവില്ല്യ ലോ. ഊണ് കഴിഞ്ഞ് മടങ്ങിയാൽ പോരെ. തറവാട്ടിൽ കയറേണ്ട. പത്തായപ്പുരയിൽ ആവാലോ.
മേനോന്റെ ചോദ്യം കേട്ടില്ല എന്ന് നടിച്ച് പിന്തിരിഞ്ഞു നോക്കാതെ അയാൾ മുൻപോട്ട് നടന്നു.അത് മേനോന് അൽപ്പം മാനസിക വിഷമം ഉളവാക്കി.
ദേവദത്തൻ പടിപ്പുര കടന്നതും മേനോൻ ഉള്ളിലേക്ക് നോക്കി നീട്ടി വിളിച്ചു.കുമാരാ.ടാ കുമാരാ.
പെട്ടന്നാണ് രാഘവനോടൊപ്പം കുമാരനും പോയ കാര്യം അയാൾക്ക് ഓർമ്മ വന്നത്.
അയാളെ അയച്ചത് മണ്ടത്തരം ആയിപ്പോയി എന്ന് മേനോന് തോന്നി.അയാൾ പെട്ടന്ന് തന്നെ വസ്ത്രം മാറി ഇറങ്ങി.
വള്ളക്കടത്ത് ഗ്രാമത്തിലെ ഒട്ടുമിക്ക ആളുകളും ഒന്നിച്ച് കൂടുന്ന ആൽത്തറ ആയിരുന്നു മേനോന്റെ ലക്ഷ്യം.
അയാളുടെ കണക്ക് കൂട്ടൽ തെറ്റിയിരുന്നില്ല.സ്ഥലത്തെ ചെറുപ്പക്കാരും പ്രത്യേകിച്ചു ജോലി ഒന്നുമില്ലാത്ത മറ്റ് ചിലരും ആൽത്തറയിൽ കൂടിയിട്ടുണ്ട്.
മേനോനെ കണ്ടതും അവർ ബഹുമാനപൂർവ്വം എഴുന്നേറ്റു. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം അയാൾ ആൽത്തറയിലേക്ക് കയറി നിന്നു.
ഒരു നാട് വാഴിയുടെ അതേ ഘാംഭീര്യത്തോടെ അയാൾ ആഗമനോദ്ദേശം അറിയിച്ചു.
ആളുകൾക്കിടയിൽ ഒരു മർമ്മരം ഉയർന്നു.മേനോൻ കൈ ഉയർത്തി, മ്മ്മ്.മതി.പറയുന്നത് കേൾക്കുക.
എല്ലാവരും ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് പൊയ്ക്കോളൂ. ആവശ്യത്തിന് ആയുധങ്ങൾ കരുതണം.ബാക്കിയെല്ലാം അവിടുന്ന് പറയും.
കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ച് അയാൾ തറവാട്ടിലേക്ക് തിരിച്ചു.
സമയം ഇഴഞ്ഞു നീങ്ങി.സൂര്യൻ രശ്മികളുടെ കാഠിന്യം കുറച്ച് പടിഞ്ഞാറ് ദിക്ക് നോക്കി യാത്രയാവുന്നു.
മേനോൻ പതിയെ ഇറങ്ങി വള്ളക്കടത്ത് ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
വർഷങ്ങൾക്ക് ശേഷമാണ് അങ്ങോട്ട് പോകുന്നത്.ഉള്ളിൽ ഉരുണ്ട് കൂടിയ ഭയം വിയർപ്പ് കണികകൾ ആയി അയാളുടെ ശരീരം കുതിർത്തു.
ദൂരെ നിന്ന് തന്നെ ക്ഷേത്രവളപ്പിൽ ഒത്ത് കൂടിയ ജനക്കൂട്ടം മേനോന്റെ ദൃഷ്ടിയിൽ പതിഞ്ഞു.
അവസാനമായി ഇത് പോലൊരു ജനസമുദ്രം ഇവിടം മുക്കിയത് ശ്രീപാർവ്വതിയുടെ മൃതദേഹം കാണാൻ ആയിരുന്നു.
അൽപ്പ സമയം അയാൾ ക്ഷേത്രത്തിന്റെ അതിരിൽ സംശയിച്ചു നിന്ന് ചുറ്റും കണ്ണോടിച്ചു.
മേനോൻ… ആരോ നീട്ടി വിളിച്ചത് കേട്ട് അയാൾ മുൻപോട്ട് നോക്കി.
ശങ്കര നാരായണ തന്ത്രികൾ തന്നെ കൈ കാട്ടി വിളിക്കുന്നത് കണ്ടതും അയാൾ അങ്ങോട്ടേക്ക് നടന്നു.
ഒരു നാടിന്റെ സർവ്വൈശ്വര്യങ്ങൾക്കും നാശം വരുത്തിയവന്റെ കാൽപ്പാദം അവിടെ പതിഞ്ഞതും പ്രകൃതിയുടെ ഭാവം മാറി.
ഇളം ചൂടിൽ ജ്വലിച്ചു നിന്ന അരുണനെ കരിമേഘങ്ങൾ വിഴുങ്ങി.അഷ്ട ദിക്കും വിറപ്പിച്ചു കൊണ്ട് മേഘങ്ങൾ കൂട്ടിമുട്ടി ഗർജ്ജിച്ചു.
കല്ലേ പിളർക്കുന്ന ശക്തിയിൽ നാല് ദിക്കിൽ നിന്നും ചീറിയെത്തിയ കാറ്റ് അവിടെയാകെ വട്ടം കറങ്ങി.
കൂടി നിന്ന ആളുകൾക്ക് തങ്ങൾ പറന്ന് പോകും പോലെ തോന്നി. ആരോഗ്യം കൊണ്ടും തടി മിടുക്ക് കൊണ്ടും ദുർബലരായ ചിലർ തെറിച്ചു വീണു.
വന്മരങ്ങൾ കൊമ്പ് കുലുക്കി ഉറഞ്ഞു തുള്ളി.പലരും ഭയത്തോടെ ആദിപരാശക്തിയെ വിളിച്ചു.
കിഴ്ശ്ശേരി ഇല്ലത്തെ പത്മനാഭൻ നമ്പൂതിരി പെട്ടെന്ന് അരയിൽ ബന്ധിച്ചിരുന്ന ചെറിയ കിഴിയിൽ നിന്നും ഒരു പിടി ഭസ്മമെടുത്ത് നെഞ്ചോട് ചേർത്ത് വായു മന്ത്രം ചൊല്ലി.
“ഓം വായോ യേ തേ സഹസ്രിണോ രഥാ സസ്തേഭിരാഗഹി നിത്യുത്വാന സോമ പീതയെ.
ഓം വായവേ നമ:”
മന്ത്ര സംഖ്യാ പ്രകാരം വായു മന്ത്രം ചൊല്ലി ദേവനെ സ്തുതിച്ചുകൊണ്ട് പത്മനാഭൻ തിരുമേനി കൈയ്യിലെ ഭസ്മം അന്തരീക്ഷത്തിലേക്ക് എറിഞ്ഞു,അതോടെ ഹുങ്കാരം മുഴക്കി താണ്ഡവമാടിയ കാറ്റ് ശമിച്ചു.
പ്രകൃതിയുടെ ഭാവമാറ്റം മേനോൻ അടക്കമുള്ളവരിൽ ഭയം ഉളവാക്കിയെങ്കിലും മാന്ത്രികന്മാരുടെ മുഖത്ത് ചിരി മാത്രമായിരുന്നു.
മേനോന്റെ ഒരു സഹായം വേണ്ടി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ അവൾ എന്റെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കളഞ്ഞല്ലോ.
ശങ്കര നാരായണ തന്ത്രി മേനോനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്ത് പറ്റി തിരുമേനി.മേനോൻ ആകാംക്ഷയോടെ തന്ത്രിയുടെ വാക്കുകൾക്ക് ചെവിയോർത്തു.
തന്നെ ഉപയോഗിച്ച് അവളെ ഈ മണ്ണിൽ നിന്നും അകറ്റാൻ ആയിരുന്നു ഞങ്ങൾ പദ്ധതിയിട്ടത്. എന്നാൽ അവൾ ഒരു ചുവട് മുൻപേ ഇവിടെ നിന്നും പോയിരിക്കുന്നു.
ആഹാ.അത് സന്തോഷം നൽകുന്ന കാര്യമല്ലേ തിരുമേനി.നമ്മുടെ കാര്യങ്ങൾ എളുപ്പമായില്ലേ. മേനോന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു.
അതത്ര സന്തോഷമുള്ള കാര്യമല്ല മേനോനെ.അവൾ ഇതിനകം മറ്റൊരു മനുഷ്യ ശരീരത്തിൽ കടന്ന് കൂടിയിരിക്കുന്നു.
മറ്റൊരു ജീവനിൽ ചേർന്ന് നിൽക്കുന്ന അവളെ ബന്ധിക്കുക എന്നത് ശ്രമകരമായ കാര്യമാണ്.
മ്മ്മ്.എന്തായാലും വരുന്നിടത്ത് വച്ച് നേരിടാം.നാളെ കഴിഞ്ഞാൽ സന്ധ്യാ സമയത്തോടെ ആവാഹന കർമ്മങ്ങൾ ആരംഭിക്കാം.വേണ്ട ഒരുക്കങ്ങൾ ചെയ്തോളൂ.
ഊവ്വ്.കുമാരനും രാഘവനും നാളെ എത്തുമെന്ന് കരുതുന്നു.അവർ വന്നാൽ എനിക്ക് പിന്നെ ഒരു വേവലാതി ഇല്ല്യാ.
മേനോന്റെ വാക്കുകൾക്കുള്ള മറുപടി ഒരു മൂളലിൽ ഒതുക്കി തിരിഞ്ഞു നടന്നു തന്ത്രി.
കുമാരനും രാഘവനും ശ്രീപാർവ്വതിയുടെ പ്രതികാരത്തിന് ഇരകളായ വിവരം അദ്ദേഹം ബോധപൂർവം മേനോനിൽ നിന്നും ഒളിച്ചു വച്ചു.
ഇതിനോടകം തന്നെ ക്ഷേത്ര വളപ്പിന്റെ നാല് മൂലയിലും രക്ഷാ തകിടുകൾ കുഴിച്ചിട്ട് ബന്ധനം ചെയ്തിരുന്നു.
കാട് മൂടിയ ക്ഷേത്രത്തിലെ കടന്ന് കയറ്റക്കാരായ നാഗങ്ങളെ സർപ്പ പ്രീതിക്കായുള്ള പൂജകൾ കഴിച്ച് അനുകൂലരാക്കി.
സമയം കുറവാണ്.പണികൾ ആരംഭിക്കാം.വാഴൂർ വസുദേവൻ ഭട്ടതിരിയുടെ ആജ്ഞ ഇടിമുഴക്കം പോലെ ഉയർന്നു.
ആളുകൾ അവരവരുടെ പണിയായുധങ്ങളുമായി തയ്യാറെടുത്തു.
വെളിച്ചപ്പാടും,കൃഷ്ണ മേനോനും തന്ത്രിവര്യന്മാരും മേൽനോട്ടക്കാരായി.
ശാപമോക്ഷത്തിന്റെ ആദ്യ പടിയെന്ന വണ്ണം പണിക്കാരിൽ ആരോ ഒരാൾ ഉയർത്തിയ തൂമ്പ മണ്ണിൽ തൊട്ടതും മൂടി നിന്ന കാർമേഘങ്ങൾ ജലകണങ്ങൾ കോരിച്ചൊരിയാൻ തുടങ്ങി.
അസ്ഥി തുളയ്ക്കുന്ന തണുപ്പ് വിതറിക്കൊണ്ട് കാറ്റ് ആഞ്ഞു വീശി.
പടർന്ന് പന്തലിച്ച വള്ളിപ്പടർപ്പുകളും പാഴ്ച്ചെടികളും വെട്ടിയൊതുക്കി ആളുകൾ മുൻപോട്ട് നീങ്ങി.
തിമിർത്തു പെയ്യുന്ന മഴയോ അസ്ഥി തുളയ്ക്കുന്ന തണുപ്പോ,കാറ്റോ ഒന്നും തന്നെ അവർക്കൊരു വെല്ലുവിളിയായില്ല.
സന്ധ്യാസമയത്തോടെ പൂർണ്ണമായും വെട്ടിത്തെളിക്കപ്പെട്ട കാട്ടിൽ നിന്നും വള്ളക്കടത്ത് ക്ഷേത്രം സ്വതന്ത്രമായി.
വർഷങ്ങൾക്കപ്പുറം നടന്ന അരുംകൊലയുടെ ബാക്കി പത്രമായ ക്ഷേത്രബലിക്കല്ല് മഴയിൽ കുതിർന്ന് തലയുയർത്തി നിന്നു.
യാഥാർഥ്യങ്ങളെ മന:പ്പൂർവ്വം മനസ്സിൽ കുഴിച്ചു മൂടിയ വള്ളക്കടത്ത് ഗ്രാമവാസികൾ അതിനെ നോക്കി നെടുവീർപ്പിട്ടു.
അന്നത്തെ പണികൾ പൂർത്തിയാക്കി ആളുകൾ മടങ്ങി.ശങ്കര നാരായണ തന്ത്രിയും കൂട്ടരും അവിടെ തന്നെ തങ്ങി.
മേനോൻ മടങ്ങിക്കോളൂ. ഞങ്ങൾക്ക് ഇവിടെ കുറച്ച് കർമ്മങ്ങൾ കൂടി ബാക്കിയുണ്ട്. തന്ത്രി ഗൗരവ ഭാവത്തിൽ മേനോനെ നോക്കി.
എന്തൊക്കെയോ ചോദിക്കണമെന്ന് തോന്നിയെങ്കിലും തന്ത്രിയുടെ മുഖത്ത് കണ്ട അസാധാരണമായ ഗൗരവം മേനോനെ അതിൽ നിന്നും വിലക്കി.
അയാൾ പതിയെ തിരിഞ്ഞു നടന്നു.മനസ്സിന് വല്ലാത്ത ഭാരം.മരണ ഭയം തന്നെ പിടികൂടുന്നു എന്ന തോന്നൽ മേനോന്റെ മനസ്സിനെ മഥിച്ചു.
മേനോനെ.ഇനിയുള്ള രാത്രികളിൽ മരണ ഭയം തന്നെ വേട്ടയാടും. ഊണും ഉറക്കവും നഷ്ട്ടമാകും. ചെയ്ത് കൂട്ടിയ കർമ്മങ്ങളുടെ ഫലം അത് അനുഭവിക്കുക തന്നെ വേണം.
ഇത് വിധിയാണ്.കന്യകയായ ഒരു പെണ്ണിന്റെ ശാപത്തിന്റെ ഫലം. അനുഭവിക്കുക.
പിന്നിൽ നിന്നുമുയർന്ന വാഴൂർ വസുദേവൻ ഭട്ടതിരിയുടെ വാക്കുകൾ മേനോന്റെ ഇരു ചെവിയിലും ആർത്തലച്ചു.
കൃഷ്ണ മേനോൻ കണ്ണിൽ നിന്നും മാഞ്ഞതും തന്ത്രി എല്ലാവരെയും ഒന്ന് നോക്കി,ഇനി ആരംഭിക്കാം.
വസുദേവൻ ഭട്ടതിരി ഒരു നുള്ള് അരിയും തുളസിയും എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ജലം നിറച്ച് വച്ചിരുന്ന വാൽക്കിണ്ടിയിൽ നിക്ഷേപിച്ചു.
ശേഷം നെഞ്ചിന് കുറുകെ ജപിച്ചു ബന്ധിച്ച പൂണൂൽ കൈവിരലുകളിൽ കോർത്ത് കിണ്ടിയുടെ വാ അടച്ച് പിടിച്ച് പുണ്യാഹ മന്ത്രം ചൊല്ലി.
“ഓം ആപോ ഹി ഷ്ഠാ മയോഭുവസ്താ ന ഊര്ജേ ദധാതനഃ മഹേ രണായ ചക്ഷസേ
യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേഹ നഃ
ഉശതീരവ മാതരഃ
തസ്മാ അരം ഗമാമ വോ
യസ്യ ക്ഷയായ ജിന്വഥ
ആപോ ജനയഥാ ച നഃ
ശന്നോ ദേവീരഭിഷ്ടയ ആപോ ഭവന്തു പീതയോ ശംയോരഭിസ്രവന്തുനഃ”
എണ്ണിക്കെട്ടിയ ദർഭപ്പുല്ല് കൊണ്ട് തീർത്ഥമെടുത്ത് സ്വയമേയും പരിസരവും സഹായികളെയും തളിച്ചു ശുദ്ധിവരുത്തി.
ശുദ്ധികർമ്മം കഴിഞ്ഞതോടെ ശങ്കര നാരായണ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ
അതി നിഗൂഢമായ പൂജാ കർമ്മങ്ങൾക്ക് തുടക്കമായി.
കുല ദൈവങ്ങളെയും മനയിലെ ചാത്തനേയും മനസ്സാ സ്മരിച്ച് തന്ത്രി ഹോമകുണ്ഡത്തിലെ അഗ്നി ജ്വലിപ്പിച്ചു.
അമ്മേ ദേവീ ആദിപരാശക്തി, മന്ത്ര,തന്ത്ര,കർമ്മ വിധികളിൽ പിഴവ് വരാതെ ലക്ഷ്യം നിറവേറ്റാൻ സഹായിക്കണെ.
കൈകൾകൂപ്പി ആദിപരാശക്തിയെ മനസ്സിലേക്ക് ആവാഹിച്ചുകൊണ്ട് അദ്ദേഹം ഒരു നുള്ള് പുഷ്പം അഗ്നിയിൽ തർപ്പിച്ച് ചണ്ഡികാ മന്ത്രം ഉരുക്കഴിച്ചു.
“അസ്യ ശ്രീ ചണ്ഡികാ ഹൃദയ സ്തോത്ര മഹാമന്ത്രസ്യ…
മാര്ക്കണ്ഡേയ ഋഷിഃ, അനുഷ്ടുപ്ച്ഛന്ദഃ
ശ്രീ ചണ്ഡികാ ദേവതാ ഹ്രാം ബീജം, ഹ്രീം ശക്തിഃ, ഹ്രൂം കീലകം,
അസ്യ ശ്രീ ചണ്ഡികാ പ്രസാദ സിദ്ധ്യര്ഥേ ജപേ വിനിയോഗഃ ഹ്രാം ഇത്യാദി ഷഡംഗ ന്യാസഃ”
വായുവിൽ ഹോമാഗ്നിയിൽ നിന്നുള്ള നെയ്യ് മണമുള്ള പുകയും കർപ്പൂരത്തിന്റെ ഗന്ധവും പടർന്നു.
വഴിയിൽ ഇരുട്ട് പരന്നു തുടങ്ങി.പാട വരമ്പുകളിലെ ചെറിയ പൊത്തുകളിൽ നിന്നും പൊന്തൻ തവളകൾ ശബ്ദമുയർത്തി.
കാലുകൾ വലിച്ചു വച്ച് മേനോൻ ആയത്തിൽ നടന്നു.ഇരുട്ട് വീഴും മുൻപ് തറവാട്ടിൽ കയറേണ്ടതായിരുന്നു.
അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.
പെട്ടന്ന് മേനോന്റെ മുൻപിലൂടെ എന്തോ പാഞ്ഞു.അയാൾ ഞെട്ടി പിന്നോട്ട് മാറി.
അടുത്ത വിതയ്ക്കായി ഉഴുത് മറിച്ച പാടത്തിൽ ചെളി നിറഞ്ഞിരിക്കുന്നു.
അതിൽ വലിയൊരു തവളയെ പിടിക്കാൻ കുത്തിപ്പുളയുന്ന നീർക്കോലി.
കൗശലക്കാരനായ വേട്ടക്കാരനെപ്പോലെ ആ നീർക്കോലി ചെളിയിലൂടെ ഇഴഞ്ഞ് തവളയെ പിടുത്തമിട്ടു.
ഹോ.നാശം പേടിപ്പിച്ചു കളഞ്ഞല്ലോ.കള്ള.$$&&#@#& മോൻ.അവന് തവള പിടിക്കാൻ കണ്ട നേരം.
നീക്കോലിയെ വായിൽ വന്ന അസഭ്യ പദങ്ങൾ കൊണ്ട് കുളിപ്പിച്ച് അയാൾ മുൻപോട്ട് നീങ്ങി.
പെട്ടന്ന് കടിഞ്ഞാൺ വലിച്ച കുതിരയെപ്പോലെ മേനോൻ നടപ്പിന്റെ വേഗത കുറച്ചു.
തന്നെയാരോ പിന്തുടരുന്നതായി അയാൾക്ക് തോന്നി.ഒരു നിമിഷം മേനോൻ അവിടെ നിന്നു.
തോന്നലല്ല പിന്നിലാരോ ഉണ്ട്. നിലാവിന്റെ ചെറു ലാഞ്ചന പോലുമില്ലാത്തത് കൊണ്ട് ഒരു നിഴൽ പോലും കാണാനില്ല.
തനിക്ക് ചുറ്റും അഭൗമമായ എന്തോ ഒരു സുഗന്ധം പരക്കുന്നത് മേനോൻ അറിഞ്ഞു.
അയാൾ മൂക്ക് വിടർത്തി ആഞ്ഞു ശ്വസിച്ചു.ചെമ്പകത്തിന്റെ കടുത്ത ഗന്ധം അയാളുടെ നാസികയിലേക്ക് ഊഴ്ന്ന് കയറി.
എങ്ങു നിന്നോ വന്ന കനത്ത കോട മഞ്ഞ് അയാളുടെ കാഴ്ച്ച മറച്ചു.
പിന്നിലേക്ക് തിരിഞ്ഞു നോക്കാനുള്ള ധൈര്യം മേനോന്റെ മനസ്സിനുണ്ടായില്ല.പിന്നിലാരാ?അയാൾ വിറ പൂണ്ട ശബ്ദത്തിൽ ചോദിച്ചു.
എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക് കിട്ടിയില്ല.
#തുടരും..
രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission