Skip to content

രക്തരക്ഷസ്സ് – ഭാഗം 19

രക്തരക്ഷസ്സ് Novel

എന്നാൽ പൊന്തൻ തവളകളുടെ കരച്ചിൽ അല്ലാതെ മറ്റൊരു മറുപടിയും അയാൾക്ക്‌ കിട്ടിയില്ല.

ആരാ പിന്നിൽ.അയാൾ ചോദ്യം ആവർത്തിച്ചു.മറുപടിയെന്നോണം ഹര ഹര മഹാദേവാ എന്ന മന്ത്രത്തോടെ ഒരു ഡമരു നാദമുയർന്നു.

ഭയം കൊണ്ട് മേനോന്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.പതിയെ അയാൾ തിരിഞ്ഞു നോക്കി.

കനത്ത മൂടൽ മഞ്ഞിനിടയിൽ പ്രാകൃത വേഷധാരിയായ ഒരാൾ. കൈയ്യിൽ നാദ വിസ്മയം തീർക്കുന്ന ഡമരു.

രുദ്രാക്ഷ മാലകൾ അണിഞ്ഞ് മേലാസകലം ഭസ്മം പൂശിയിരിക്കുന്നു.നീണ്ട് വളർന്ന ദീക്ഷ.

തനിക്ക് മുൻപിൽ നിൽക്കുന്നത് സിദ്ധവേദപരമേശെന്ന മഹാ മനുഷ്യനാണെന്ന് മേനോന് മനസ്സിലായില്ല.

ആരാ.മേനോൻ ധൈര്യം സംഭരിച്ച് ആ അഘോരിയെ നോക്കി.

സിദ്ധവേധപരമേശ്‌ മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു. ഞാൻ ആരുമാവട്ടെ.

ചെയ്തു കൂട്ടിയ പാപങ്ങളുടെ പരിണിത ഫലം നിന്റെ ജീവനെടുക്കും കൃഷ്ണ മേനോൻ.

മേനോന്റെ മുഖത്ത് ഒരു പുച്ഛ ഭാവം നിറഞ്ഞു.താൻ ആരാടോ.അയാടെ ഒരു മുടീം താടീം.കൈയ്യിലെ ചെണ്ടയും.ഹും.

മേനോൻ കൂടുതൽ സംസാരിച്ചു നിൽക്കാതെ അവിടെ നിന്നും തിരിഞ്ഞു നടന്നു.

കൃഷ്ണ മേനോൻ,കാളകെട്ടിയിലെ മാന്ത്രികന്മാർ യക്ഷിയെ തളയ്ക്കാം എന്നെ പറഞ്ഞിട്ടുള്ളൂ.നിന്റെ ജീവൻ നിലനിർത്താം എന്ന് പറഞ്ഞിട്ടില്ല.

ഒന്ന് നീ മനസ്സിലാക്കുക തക്ഷകൻ തീണ്ടിയാൽ രക്ഷയില്ല എന്ന് കണ്ട് കടലിനു നടുവിൽ കൊട്ടാരം കെട്ടിയ അഭിമന്യു പുത്രൻ പരീക്ഷിത്തിന്റെ ഗതിയാണ് നിനക്ക്.

രക്ഷപെട്ടു എന്ന് നീ ആശ്വസിക്കുമ്പോൾ മരണം നിന്നെ തേടി വരും.

നീ പോലുമറിയാതെ ഒരു നിഴൽ പോലെ മരണം നിന്റെ കൂടെയുണ്ട്.
കരികാലന്റെ കാലപാശം നിന്നെ വരിഞ്ഞു മുറുക്കും.ഹര ഹര മഹാദേവ.

ത്രികാലങ്ങളേയും കൺമുൻപിൽ കാണുന്ന സിദ്ധവേധപരമേശിന്റെ വാക്കുകൾ അയാളെ പിന്തുടർന്നു.

മംഗലത്ത് എത്തിയ ഉടനെ തന്നെ മേനോൻ തന്റെ മുറിയിൽ കയറി വാതിലടച്ചു.

ലക്ഷ്മി ഒന്ന് രണ്ട് തവണ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വിശപ്പില്ല എന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.

മേനോന്റെ മനസ്സ് നിറയെ വസുദേവൻ ഭട്ടതിരിയും സിദ്ധവേധപരമേശും പറഞ്ഞ കാര്യങ്ങളായിരുന്നു.

മരണ ഭയം തന്നെ ഒരു മനോരോഗി ആക്കുമോ എന്നയാൾ ഭയന്നു. വാതിൽ ശരിക്കും അടച്ചു എന്ന് പലവട്ടം അയാൾ ഉറപ്പ് വരുത്തി.

സമയം ഇഴഞ്ഞു നീങ്ങി.മംഗലത്ത് തറവാട്ടിലെ അവസാന പ്രകാശവും അണച്ച് അമ്മാളുവും കിടന്നു.

തറവാടും പരിസരവും ഇരുട്ടിൽ മുങ്ങി.എല്ലാവരും ഉറക്കം പിടിച്ചപ്പോഴും കൃഷ്ണ മേനോൻ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു.

ഉറങ്ങാൻ കണ്ണടയ്ക്കുമ്പോൾ ശ്രീപാർവ്വതിയുടെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു തുടങ്ങും.

നിദ്രാ ദേവി ഒന്ന് കനിഞ്ഞിരുന്നെങ്കിൽ എന്ന് അയാൾ കൊതിച്ചു.കണ്ണുകൾ ഇറുക്കിയടച്ചു.എപ്പോഴോ അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു.

അതേ സമയം ക്ഷേത്രമണ്ണിൽ താന്ത്രികരുടെ പൂജ അതിന്റെ മൂർത്തിമ ഭാവത്തിൽ എത്തിയിരുന്നു.

നിരത്തി വച്ച തൂശനിലകളുടെ മുകളിൽ വാഴപ്പോളകൾ നിരത്തി നാല് കളങ്ങൾ നിർമ്മിച്ചു.

അതിൽ ആദ്യ മൂന്ന് കളങ്ങളിൽ അരി,പുഷ്പം,അഷ്ടദ്രവ്യവും നാലാമത്തെ കളത്തിനുള്ളിൽ ക്ഷേത്ര ബലിക്കല്ലിൽ നിന്നും ശേഖരിച്ച പൊടിയും നിരത്തി.

കളങ്ങളുടെ നാല് വശങ്ങളിലും നെയ്യ് മുക്കി ചുറ്റിയ കോൽ തിരികൾ കുത്തി നിർത്തി അഗ്നി പകർന്നു.

ശേഷം ശങ്കര നാരായണ തന്ത്രികൾ ദേവദത്തന് കണ്ണ് കൊണ്ട് എന്തോ ആജ്ജ്ഞ നൽകി.

ദേവൻ ഉടനെ ഒരു കൊച്ചുരുളിയിൽ ജലം നിറച്ച് ഹോമകുണ്ഡത്തിനു സമീപം വച്ചു.

ശേഷം അരയിൽ കരുതിയിരുന്ന ചെറിയ പട്ട് കിഴി തുറന്ന് അതിൽ സൂക്ഷിച്ചിരുന്ന മണ്ണ് ആ ജലത്തിലേക്ക് നിക്ഷേപിച്ച് മാറി നിന്നു.

വാഴൂർ വസുദേവൻ ഭട്ടതിരി തളികയിൽ നിന്നും ഒരുപിടി കുങ്കുമം എടുത്ത് നെഞ്ചോട് ചേർത്ത് മന്ത്രം ജപിച്ചു കൊണ്ട് ദേവൻ കൊണ്ട് വച്ച
ജലത്തിലേക്ക് നിക്ഷേപിച്ചു.

അടുത്ത നിമിഷം ജലം ഒന്നിളകി. പിന്നെ പതിയെ തെളിഞ്ഞു വന്നു.ഏവരുടെയും ദൃഷ്ടി അതിലേക്ക് തന്നെയായിരുന്നു.

പതിയെ അതിൽ ഓരോ മുഖങ്ങൾ തെളിയാൻ തുടങ്ങി.അമ്മാളു, ലക്ഷ്മി,അഭിമന്യു.അങ്ങനെ മൂന്ന് പേരുടെയും മുഖം ജലത്തിൽ മാറി മാറി തെളിഞ്ഞു.

മ്മ്മ്.അപ്പോൾ നാം വിചാരിച്ചത് പോലെ തന്നെ.അവൾ സൂത്രത്തിൽ അവിടെ കയറിക്കൂടിയിരിക്കുന്നു. വസുദേവൻ ഭട്ടതിരിയുടെ സ്വരം കടുത്തു.

കതകിലാരോ മുട്ടുന്നത് കേട്ട് മേനോൻ ഞെട്ടിയുണർന്ന് ചെവിയോർത്തു.തോന്നിയാതാവും എന്ന് കരുതി വീണ്ടും കണ്ണടച്ചതും മുട്ടൽ ശബ്ദം വീണ്ടും കേട്ടു.

അടുത്ത നിമിഷം ചുവരിലെ ക്ലോക്ക് മണി പന്ത്രണ്ട് അടിച്ചു.മേനോന്റെ ഉള്ളിൽ ചെറിയ തോതിൽ ഭയം ഉരുണ്ട് കൂടാൻ തുടങ്ങി.

കഴുത്തിൽ രക്ഷയുണ്ട് എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിക്കൊണ്ട് അയാൾ പതിയെ വാതിലിനടുത്തേക്ക് നടന്നു.

വിറയ്ക്കുന്ന കൈകളോടെ അയാൾ കതകിന്റെ കുറ്റി മാറ്റി.ചെറിയൊരു ഞരക്കത്തോടെ വാതിൽ തുറന്നു.

പുറത്ത് അഭിമന്യു നിൽക്കുന്നത് കണ്ടപ്പോഴാണ് മേനോന് ശ്വാസം നേരെ വീണത്.

ന്തേ ഉണ്ണീ,ഈ അസമയത്ത്.ഉണ്ണി ഉറങ്ങിയില്ല്യേ.മേനോൻ മുഖത്ത് ഉരുണ്ട് കൂടിയ വിയർപ്പ് തുടച്ചു കൊണ്ട് അഭിയെ നോക്കി.

കിടന്നിട്ട് ഉറക്കം വന്നില്ല്യ.നിക്ക് ചില കാര്യങ്ങൾ അറിയണം.അഭി അയാളുടെ മുഖത്ത് നോക്കാതെ അകത്തേക്ക് കടന്നു.

ഇവനിത് എന്ത് പറ്റി.മേനോൻ പിറുപിറുത്ത് കൊണ്ട് തിരിഞ്ഞു.

ന്താ ഇപ്പോ അതിനും മാത്രം വല്ല്യ കാര്യം.നമുക്ക് നാളെ സംസാരിച്ചാൽ പോരെ.അയാൾ അൽപ്പം ഈർഷയോടെ അഭിയെ നോക്കി.

പോരാ.പെട്ടെന്ന് അഭി വെട്ടിത്തിരിഞ്ഞു.അവന്റെ മുഖഭാവം കണ്ട് കൃഷ്ണ മേനോൻ അമ്പരന്നു.

അയാൾക്ക്‌ മറുത്തൊന്നും പറയാൻ തോന്നിയില്ല.മ്മ്മ്.ന്താ അറിയേണ്ടത് ചോദിക്ക്.

എനിക്ക് അറിയേണ്ടത് ശ്രീപാർവ്വതിയെക്കുറിച്ചാ.അഭി ശ്രീപാർവ്വതി എന്ന് പറഞ്ഞതും മേനോൻ നടുങ്ങി വിറച്ചു.

അത് ശ്രദ്ധിക്കുക പോലും ചെയ്യാതെ അഭി അടുത്ത ചോദ്യം ഉന്നയിച്ചു. അവളെ എന്തിനാ കൊന്നത്.

കൊല്ലല്ലേ എന്ന് അവൾ കരഞ്ഞിട്ടുണ്ടാവും ല്ല്യേ.എന്നിട്ടും കൊന്നു.തെറ്റല്ലേ ചെയ്തത്. അവന്റെ സ്വരം മാറി വരുന്നത് മേനോൻ ശ്രദ്ധിച്ചു.

പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അഭിയുടെ മുഖം വ്യക്തമല്ല.

പക്ഷേ അത് തന്റെ കൊച്ചു മകൻ തന്നെയാണോ എന്ന സംശയം മേനോന്റെയുള്ളിൽ ഉടലെടുത്തു.

പെട്ടെന്ന് നറു നിലാവ് പൊഴിച്ചു നിന്ന പൂർണ്ണ ചന്ദ്രൻ മേഘപാളികളിൽ മുഖമൊളിപ്പിച്ചു.

മരണത്തിന്റെ സംഗീതം പോലെ എവിടെ നിന്നോ നായ്ക്കൾ കൂട്ടമായി ഓരിയിടാൻ തുടങ്ങി.

രാത്രി സഞ്ചാരിയായ ഒരു വലിയ മൂങ്ങ മുറിയിലെ കഴുക്കോലിന്റെ മുകളിൽ ഇരിപ്പുറപ്പിച്ചു.

അതിന്റെ വലിയ മഞ്ഞക്കണ്ണുകളിൽ അസാധാരണമായ ഒരു തിളക്കമുണ്ടെന്ന് മേനോന് തോന്നി.

ഭയം തന്നെ വരിഞ്ഞു മുറുക്കുന്നത് മേനോനറിഞ്ഞു.അയാൾ പതിയെ അഭിയുടെ തോളിൽ കൈ വച്ചു.

അവൻ പതിയെ അയാൾക്ക്‌ നേരെ തിരിഞ്ഞതും മേനോൻ ഞെട്ടി വിറച്ചു കൊണ്ട് പിന്നോട്ട് മാറി.

കണ്ണ് ചിമ്മിക്കൊണ്ട് കൃഷ്ണ മേനോൻ ഒന്ന് കൂടി അഭിയെ നോക്കി.

അവന്റെ മുഖം പൊട്ടി ചോരയൊലിക്കുന്നു കടവായുടെ വശങ്ങളിൽക്കൂടി രണ്ട് കോമ്പല്ലുകൾ വളർന്ന് നിൽക്കുന്നു.

പതിയെ അഭിയുടെ രൂപം ശ്രീപാർവ്വതിയുടേതാവുന്നത് കണ്ട് മേനോന്റെ തൊണ്ട വരണ്ടു.

കഴുക്കോലിൽ സ്ഥാനമുറപ്പിച്ച മൂങ്ങ മേനോനെ തന്നെ നോക്കിയിരുന്നു. മേനോൻ പതിയെ പിന്നോട്ട് നീങ്ങി ചുവരിൽ ഇടിച്ചു നിന്നു.

കൺമുൻപിൽ കാണുന്നത് സത്യമാവല്ലേ എന്ന് അയാൾ മനമുരുകി പ്രാർത്ഥിച്ചു.

ഭയത്തിന്റെ കാഠിന്യത്തിൽ തൊണ്ട വരണ്ട കൃഷ്ണ മേനോൻ മേശയിൽ വച്ചിരുന്ന കൂജയെടുത്ത്‌ വായിലേക്ക് കമഴ്ത്തി.

വായിൽ നിറഞ്ഞ വെള്ളത്തിന് രക്തത്തിന്റെ ചുവ അനുഭവപ്പെട്ടതും അയാളത് നീട്ടി തുപ്പി.

കൈയ്യിൽനിന്നും കൂജ തെന്നി താഴെ വീണു ചിതറി.അതിൽ നിന്നും രക്തമൊഴുകി പടർന്നു.ഭയം അയാളുടെ മനസ്സിൽ സംഹാര താണ്ഡവമാടി.

പുറത്താരോ ഉറക്കെ വിളിക്കുന്ന ശബ്ദം.ഉണ്ണി..ഉണ്ണി വിളിക്കുന്നു.

മേനോൻ ഞെട്ടി കണ്ണ് തുറന്നു. അൽപ്പ സമയത്തേക്ക് അയാൾക്ക്‌ ഒന്നും വ്യക്തമായില്ല.

കൈയ്യെത്തിച്ച് ലൈറ്റിട്ടു.മുറിയിൽ മങ്ങിയ പ്രകാശം പരന്നു.അയാൾ വിയർത്ത് കുളിച്ചിരുന്നു.എന്താ സംഭവിച്ചത്.ഉണ്ണി,ശ്രീപാർവ്വതി,മൂങ്ങ.രക്തം.

മേനോൻ ഭയപ്പാടോടെ ചുറ്റും നോക്കി.ഇല്ലാ ഒന്നിനും മാറ്റമില്ല.ജലം നിറച്ച മൺകൂജ മേശയിൽ ഇരിക്കുന്നു.വാതിൽ അടഞ്ഞു കിടക്കുന്നു.

താനൊരു ദു:സ്വപ്നം കണ്ടതാണെന്ന് അപ്പോൾ മാത്രമാണ് അയാൾക്ക്‌ ബോധ്യമായത്.

മുണ്ട് മുറുക്കിയുടുത്ത് ദേഹത്തെ വിയർപ്പ് തുടച്ചു കൊണ്ട് മേനോൻ കട്ടിലിൽ നിന്നുമിറങ്ങി.

കൂജയെടുത്ത് വായിലേക്ക് കമഴ്ത്തി. ഒറ്റ വീർപ്പിന്‌ അതിലെ ജലം മുഴുവൻ കുടിച്ചു.

“മേനോനെ.ഇനിയുള്ള രാത്രികളിൽ മരണ ഭയം തന്നെ വേട്ടയാടും.ഊണും ഉറക്കവും നഷ്ട്ടമാകും.”

ക്ഷേത്ര മണ്ണിൽ നിന്നും മടങ്ങുമ്പോൾ വാഴൂർ വസുദേവൻ ഭട്ടതിരി പറഞ്ഞ വാക്കുകൾ സത്യമായിരിക്കുന്നു.

മേശവലിപ്പിൽ നിന്നും രാഘവൻ സമ്മാനിച്ച റഷ്യൻ ചുരുട്ടെടുത്ത് അയാൾ തീയെരിച്ചു.

മുറിയിലെ മങ്ങിയ പ്രകാശത്തിനും മീതെ ആ വിദേശിയുടെ തല ജ്വലിച്ചു നിന്നു.

ചുരുട്ട് ആഞ്ഞു വലിച്ച് പുക പുറത്തേക്ക് തള്ളുമ്പോൾ പാട വരമ്പിൽ കണ്ട പ്രാകൃത മനുഷ്യന്റെ വാക്കുകൾ മേനോൻ ഒരിക്കൽ കൂടി ഓർത്തെടുത്തു.

താൻ പോലുമറിയാതെ തനിക്കൊപ്പമുള്ള മരണം. ആരാണത്.

സ്വപ്നത്തിൽ ശ്രീപാർവ്വതി ഉണ്ണിയുടെ രൂപത്തിൽ വന്നത് എന്ത് കൊണ്ടാവും.ഇനിയിപ്പോൾ ക്ഷേത്രം വിട്ട ആ ദുരാത്മാവ് അവനിൽ കുടിയേറിയോ?

ചുരുട്ടിനേക്കാൾ വേഗത്തിൽ അയാളുടെ ചിന്തകൾ എരിഞ്ഞു തുടങ്ങി.

മേനോൻ ജാലകവാതിൽ മലർക്കെ തുറന്ന് പുറത്തേക്ക് നോക്കി.പുഞ്ചിരിച്ചു നിൽക്കുന്ന തിങ്കൾക്കല.

മരങ്ങളുടെ ഇലച്ചാർത്തുകളിൽ പതിഞ്ഞ മഴത്തുള്ളികൾ നിലാവെളിച്ചം തട്ടി വജ്ജ്ര ശോഭയോടെ വിളങ്ങുന്നു.

ചുരുട്ടിൽ നിന്നും പുറംന്തള്ളപ്പെട്ട കനത്ത പുക ഉരുണ്ട് കൂടി അയാളുടെ കാഴ്ച്ച മറച്ചു.

ശാന്തമായ പ്രകൃതിയുടെ മാസ്മരികതയിൽ തനിക്ക് മേൽ മരണം കരിമ്പടം പുതച്ച് കാത്തിരിക്കുന്നത് അയാളറിഞ്ഞില്ല.

ക്ലോക്കിലെ സൂചികൾ ഇഴഞ്ഞു നീങ്ങി.ബ്രഹ്മയാമത്തിന്റെ ഉണർവറിയിച്ചു കൊണ്ട് ഒരു മയൂരം ഉറക്കെ കരഞ്ഞു.

വള്ളക്കടത്ത് ദേവീ ക്ഷേത്ര മണ്ണിൽ നടന്ന നിഗൂഢ പൂജകൾ അവസാന ഘട്ടത്തിൽ എത്തിയിരുന്നു.

“ഓം സർവ്വ ബാധ ദോഷ നാശയ നാശയ ഹും ഭട്ട് സ്വാഹ.”
മന്ത്ര ധ്വനികളോടെ കറുക, കർപ്പൂരം,കുറും പാലക്കമ്പ് എന്നിവ ഹോമകുണ്ഡത്തിലേക്ക് അർപ്പിച്ചു കൊണ്ട് ശങ്കര നാരായണ തന്ത്രികൾ കണ്ണടച്ച് പ്രാർത്ഥിച്ചു.

പന്തിയൂർ ഇല്ലത്തെ വാമദേവൻ തന്ത്രി രാശിപ്പലകയിൽ കവുടി നിരത്തി.

കൂട്ടിയും കിഴിച്ചും രാശികളിൽ നിന്നും രാശികളിലേക്ക് മാറിയ ലക്ഷണം ഒടുവിൽ ചിങ്ങം രാശിയിൽ ഉറച്ചു.

ചിങ്ങം,ഉത്തമം.പക്ഷേ അവിടെയും ചെറിയൊരു തടസ്സം കാണുന്നല്ലോ. ദേവീ പ്രസാദം കുറവ്.പുന:പ്രതിഷ്ഠ വേണമെന്ന് ലക്ഷണം.

ശങ്കര നാരായണ തന്ത്രിയുടെ നെറ്റി ചുളിഞ്ഞു.പുന:പ്രതിഷ്ഠ നടത്തണമെങ്കിൽ…ഇല്ല്യാ സമയം കുറവ്.ഇനിയും മാസങ്ങൾ കാത്തിരിക്കുക എന്നത് അസാധ്യം.

ശങ്കര നാരായണ തന്ത്രിയുടെ മുഖത്ത് നിരാശ പടർന്ന് കഴിഞ്ഞിരുന്നു.

പുലർ കാലത്ത് ധ്യാനം പൂർത്തിയാക്കി സിദ്ധികൾ വീണ്ടെടുത്ത് രുദ്ര ശങ്കരൻ അറയിൽ നിന്നും പുറത്തിറങ്ങും. ഞാൻ എന്താ ന്റെ ഉണ്ണിയോട് പറയുക.അമ്മേ ദേവീ പരീക്ഷിക്കരുതേ.

ചെയ്ത കർമ്മങ്ങൾ ഫലമില്ലാതെ പോകുമോ എന്ന് ആ വയോവൃദ്ധൻ ആകുലപ്പെട്ടു.

മറ്റൊരു വഴി കാണാതിരിക്കില്ല ഒരിക്കൽ കൂടി നോക്കൂ.വാഴൂർ വസുദേവൻ ഭട്ടതിരി പ്രതീക്ഷ കൈവിട്ടില്ല.

മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ട് കവുടിയുരുട്ടി ഒരു പിടിയെടുത്ത് നെഞ്ചോട് ചേർത്ത് ധ്യാനിച്ചു വാമദേവൻ തന്ത്രി.

ചിങ്ങം രാശിയിൽ തന്നെ വീണ്ടുമെത്തിയതോടെ വസുദേവൻ ഭട്ടതിരിയുടെ മുഖത്തും നിരാശയുടെ കാർമേഘം തിങ്ങി.

എന്നാൽ വാമദേവൻ തന്ത്രിയുടെ മുഖത്ത് അല്പം ആശ്വാസം തെളിഞ്ഞു.ഒരു വഴി തെളിയുന്നു. പുന:പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹം ഈ മണ്ണിൽ തന്നെയുണ്ട് എന്ന് സൂചന.

എവിടെ ശങ്കര നാരായണ തന്ത്രികൾ ആകാംക്ഷയോടെ ഇരുന്നിടത്ത് നിന്നും ചാടിയേറ്റു.

പക്ഷേ.സൂചന മാത്രമേ ഉള്ളൂ.എവിടെയാണ് എന്നത് തെളിയുന്നില്ല്യ.ആരൂഢം തടയുന്നു.

സാരല്ല്യ.അങ്ങനെ ഒന്നുണ്ട് എന്ന് വ്യക്തമായല്ലോ.ഏത് വിധേനയും നമ്മളത് കണ്ടെത്തും.

ഒരു പക്ഷേ നമ്മുടെ ദൃഷ്ടിയിൽ തെളിയാത്ത ആ വിഗ്രഹം മറ്റൊരു കണ്ണിൽ തെളിയും.പ്രതീക്ഷ കൊണ്ട് ശങ്കര നാരായണ തന്ത്രിയുടെ മുഖം പൂർണ്ണ ചന്ദ്രനെപ്പോലെ തിളങ്ങി.

കിഴക്കൻ മലനിരകൾ പൊന്നിൻ പ്രഭയിൽ മുങ്ങിക്കുളിച്ച് ആദിത്യന്റെ വരവറിയിച്ചു.

മംഗലത്ത് കൃഷ്ണ മേനോന്റെ മനസ്സിലും പ്രതീക്ഷയുടെ സൂര്യൻ തെളിഞ്ഞു.

ഈ ഒരു ദിവസം കൂടി കഴിഞ്ഞു കിട്ടിയാൽ ശ്രീപാർവ്വതി എന്ന രക്ഷസ്സിൽ നിന്നും താൻ രക്ഷ നേടും. എന്നിട്ട് വേണം മറഞ്ഞിരിക്കുന്ന ശത്രുവിനെ കണ്ടെത്താൻ.

വല്ല്യച്ഛൻ ന്താ ആലോചിക്കുന്നേ. പിന്നിൽ നിന്നുമുയർന്ന അഭിയുടെ ചോദ്യം മേനോനെ ചിന്തയിൽ നിന്നുമുണർത്തി.

ഹേ.ഒന്നുല്ല്യ.രാഘവനും കുമാരനും എന്തെ വൈകുന്നു എന്ന് ആലോചിക്കുവായിരുന്നു.അയാൾ അഭിയെ തന്നെ ശ്രദ്ധിച്ചു കൊണ്ട് മറുപടി പറഞ്ഞു.

അവനിൽ പ്രത്യേകിച്ചുള്ള മാറ്റങ്ങളൊന്നും അയാൾക്ക്‌ തോന്നിയില്ല.

കുമാരൻ നൽകിയ രക്ഷ കൂടി അഭിയുടെ കഴുത്തിൽ കണ്ടപ്പോൾ മേനോന്റെ സംശയം പാടെ മാറി.

എന്നാൽ ശ്രീപാർവ്വതി അവിടെ തന്നെ മറ്റൊരാളിൽ ആവേശിച്ചിരിക്കുന്നത് അയാളറിഞ്ഞില്ല.

തലേ രാത്രിയിലെ തനിക്കുണ്ടായ അനുഭവം അഭിയോട് പറയണോ വേണ്ടയോ എന്ന ചിന്ത ഒരിക്കൽ കൂടി അയാളുടെ തലയ്ക്ക് ചൂട് പിടിപ്പിച്ചു.

മേനോനിൽ കടന്ന് കൂടിയ മരണ ഭയം കണ്ട് അകത്തളത്തിൽ നിന്ന് ശ്രീപാർവ്വതി നിശബ്ദമായി ചിരിച്ചു.

നീ എന്താ ഇങ്ങനെ ചിരിക്കുന്നെ. പോയി ഒരു കാപ്പി കൊണ്ട് വാ. എന്തോ ആലോചനയിൽ മുഴുകിയിരുന്ന ലക്ഷ്മിയെ മേശയിൽ തട്ടി അഭി ഉണർത്തി.

രസച്ചരട് പൊട്ടിയതിനെ ദേഷ്യത്തിൽ അവന് നേരെ തുറിച്ചു നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.

ഇവൾക്കിത് എന്ത് പറ്റി. മ്.അറിഞ്ഞിട്ട് തന്നെ കാര്യം.അവൻ ചെറിയൊരു ചിരിയോടെ അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ അമ്മാളു രാവിലത്തെ കാപ്പിക്കുള്ള ഇഡ്ഡലി പാകമാക്കുന്ന തിരക്കിലാണ്.

ലക്ഷ്മിയെ അവിടെയെങ്ങും കാണാത്തതിൽ അഭിയിൽ നിരാശയും ആകാംഷയും ഒരുപോലെ ഉദിച്ചു.

ലച്ചു എവിടെ.അവൻ അമ്മാളുവിനെ നോക്കി.ഞാനൊരു കാപ്പി ആക്കാൻ പറഞ്ഞിട്ട് അവളിത് എങ്ങോട്ട് പോയി.

അഭിയുടെ കപട ദേഷ്യം കണ്ട് അമ്മാളുവിന് ചിരി വന്നു. കൊച്ചമ്പ്രാന് കാപ്പി ആണോ വേണ്ടത് അതോ ലക്ഷ്മിയെ കാണണോ.അവൾ ചെറു ചിരിയോടെ അഭിയെ ഇടം കണ്ണിട്ട് നോക്കി.

അഭിക്ക് ചെറിയ ജാള്യത തോന്നാതിരുന്നില്ല.അല്ല,അത് അവളോട്‌ കാപ്പി ഇടാൻ പറഞ്ഞപ്പോ.ഞാൻ വെറുതെ. അവൻ വാക്കുകൾ കിട്ടാതെ പരുങ്ങി.

മ്മ്മ്.മം.കാപ്പി മതിയെങ്കിൽ ഞാൻ ഇട്ട് തരാട്ടോ.ലക്ഷ്മി ഇട്ടാലെ കുടിക്കൂ എന്നാണെങ്കിൽ ഇനിയിപ്പോ ഒരു ഏഴ് ദിവസം കഴിയണം.അവൾ പുറത്ത് ചാടി.

പുറത്ത് ചാടിയോ?ആരുടെ പുറത്ത്.അഭി ആകാംക്ഷ മറച്ചു വച്ചില്ല.പറ അമ്മാളു ന്താ സംഭവം.

യ്യോ.ന്റെ കൊച്ചമ്പ്രാ ആരുടേയും പുറത്ത് ചാടിയെ ഒന്നുമല്ല.ഇനി ഒരു ഏഴ് ദിവസത്തേക്ക് മാറിയിരിക്കണം.അത്രേ ഒള്ളൂ.അതിന് ഞങ്ങള് പെണ്ണുങ്ങൾ ഇങ്ങനെ ഓരോ വാക്കുകൾ പറയും.അത്രന്നെ.

ഓ.ശരി ശരി.കാര്യം മനസ്സിലായ മട്ടിൽ അഭി തല കുലുക്കിക്കൊണ്ട് അമ്മാളു നൽകിയ കാപ്പിയുമായി അടുക്കള വിട്ടു.
**********************************
കാളകെട്ടിയിലെ അറയിൽ ബ്രഹ്മമുഹൂർത്തത്തിൽ തന്നെ രുദ്ര ശങ്കരൻ ഉറക്കം വിട്ടെഴുന്നേറ്റിരുന്നു.

അറയിൽ കൂടി പണി കഴിപ്പിച്ചിരിക്കുന്ന തുരങ്കത്തിലൂടെ ഇല്ലത്തിന്റെ കിഴക്ക് വശത്തുള്ള കുളത്തിൽ നിന്നും ജലം കടന്ന് വരും.

കഴിഞ്ഞ ആറു ദിനവും അവിടെയാണ് രുദ്രൻ കുളിയും മറ്റും കഴിക്കുന്നത്.

തുരങ്കത്തിന്റെ പകുതിയോളം മാത്രമേ ജലമെത്തുകയുള്ളൂ. കുളത്തിൽ ജലനിരപ്പുയർന്നാലും തുരങ്കത്തിൽ ജലത്തിന്റെ അളവ് കൂടില്ല.

തച്ചന്മാരുടെ കുലഗുരുവായ പെരുന്തച്ഛന്റെ തച്ചു ശാസ്ത്രം പിഴയ്ക്കാത്ത മറ്റൊരു വിസ്മയം.

കുളി കഴിച്ചു കയറുമ്പോൾ തനിക്ക് പുത്തൻ ഉന്മേഷം ലഭ്യമായത് പോലെ രുദ്രന് അനുഭവപ്പെട്ടു.

അറയിലേ ദേവീ വിഗ്രഹത്തിന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് പത്മമിട്ട് വിളക്ക് തെളിക്കുമ്പോൾ അടുത്ത ദിനത്തിൽ ശ്രീപാർവ്വതിയെ ആവാഹിക്കേണ്ട കർമ്മങ്ങൾ കണക്ക് കൂട്ടിത്തുടങ്ങി ആ മഹാ മാന്ത്രികൻ.

പീഢത്തിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ നിർമ്മിത സ്ത്രീ രൂപത്തിലേക്ക് രുദ്രൻ സൂക്ഷിച്ചു നോക്കി.

ശ്രീപാർവ്വതി.എന്നെപ്പോലും ചതിച്ച നിന്നെ ഇനിയും അഴിഞ്ഞാടാൻ വിടില്ല്യ.

ഇനിയൊരു മടക്കമില്ലാതെ ആവാഹിക്കും നിന്നെ ഞാൻ.രുദ്രൻ തന്റെ കടപ്പല്ല് ഞെരിച്ചു.

സമയം അതിക്രമിക്കുന്നതിന്റെ സൂചനയെന്നോണം സുവർണ്ണ നാഗം രുദ്രന്റെ കാലുകളിൽ തന്റെ മുഖമുരസി.

സർപ്പ ശ്രേഷ്ഠന്റെ കൃത്യതയ്ക്ക് മനസ്സ് നിറഞ്ഞൊരു ചിരിയോടെ രുദ്രൻ തന്റെ കർമ്മങ്ങൾ ആരംഭിച്ചു.

അതി ശക്തമായ ദുർഗ്ഗാ മന്ത്രങ്ങൾ ആ മാന്ത്രികന്റെ നാവിൽ നിന്നുതിർന്ന് വീണു.

കുരുക്ഷേത്ര യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി ഭഗവാന് ശ്രീ കൃഷ്ണന് അർജുനന് ഉപദേശിച്ച അതേ മന്ത്രം.

ഇരുപത്തൊന്നു തവണ ജപിച്ചു ദുര്ഗാ ദേവിയെ ആരാധിക്കുക വഴി ശത്രു ജയം നിശ്ചയം.

ഇരുപത്തിയൊന്നാം ഉരു പൂർത്തിയായതും രുദ്രന്റെ കർണ്ണങ്ങളെ ഒരു മധുര സ്വരം തഴുകി.

രുദ്രാ മിഴി തുറക്കൂ.നിന്നിൽ ഞാൻ സംപ്രീതനാണ്.മിഴി തുറക്കൂ.

അതി ലോലവും എന്നാൽ ആജ്ഞാ ശക്തിയുള്ളതുമായ ആ സ്വരം കാതുകളിൽ പതിഞ്ഞതും രുദ്ര ശങ്കരൻ പതിയെ മിഴികൾ ചിമ്മിത്തുറന്നു.

തന്റെ മുൻപിലെ ദുർഗ്ഗാ ദേവിയുടെ പൂർണ്ണകായ വിഗ്രഹത്തിന് ചുറ്റും അഭൗമമായ ഒരു പ്രകാശം തെളിഞ്ഞത് കണ്ട് രുദ്രൻ കൈകൾ കൂപ്പി.

രുദ്രാ നിനക്ക് നഷ്ട്ടമായ സിദ്ധികൾ വീണ്ടും ലഭ്യമാകാൻ പോകുന്നു. ഒപ്പം ഈ ഇല്ലത്തെ മുൻതലമുറയിലെ ഏഴാം കണ്ണിയായാ ദേവനാരായണ തന്ത്രികൾ മാത്രം ദർശിച്ച എന്റെ വിശ്വരൂപവും നീ ദർശിക്കും.

നിനക്ക് മുൻപിലെ പീഢത്തിലിരിക്കുന്ന താളിയോല ഗ്രന്ധം കൈക്കൊള്ളുക.ഇനിയുള്ള കർമ്മങ്ങളിൽ നിനക്കവ ഉപകരിക്കും.

രുദ്രൻ മുൻപിലെ പീഢത്തിലേക്ക് കണ്ണോടിച്ചു.അവിടെ കുങ്കുമത്തിൽ അഭിഷേകം ചെയ്തിരിക്കുന്ന ചുവന്ന പട്ടിന്റെ പൊതി.

സംശയിച്ചിരിക്കാതെ എടുത്തുകൊള്ളൂ.വീണ്ടുമാ മഹാമായയുടെ ആജ്ഞാ സ്വരം കേട്ടതും രുദ്ര ശങ്കരൻ പൊതി തൊട്ട് തൊഴുത് കൈയ്യിലെടുത്തു.

അടുത്ത നിമിഷം ദേവിയുടെ കണ്ണുകളിൽ നിന്നും അതി ശക്തമായ പ്രകാശ രശ്മികൾ രുദ്രന്റെ തിരുനെറ്റിയിൽ പതിച്ചു.

ആ ഊർജ്ജത്തിന്റെ പ്രഭാവത്തിൽ ആ ശരീരം വിറ കൊണ്ടു.
നഷ്ട്ടമായ സിദ്ധികളുടെ പുന:രാഗിരണം താങ്ങാൻ സാധിക്കാതെ തന്റെ ബോധമണ്ഡലം മറയുന്നത് അവനറിഞ്ഞു.

#തുടരും..

രക്തരക്ഷസ്സ് മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!