“ഹൊ! ആ അസുര ദേവൻ കാരണം എന്റെ ഇന്നത്തെ ദിവസം പോയിക്കിട്ടി “ഒന്നു നെടുവീർപ്പെട്ട് കാർത്തു ഓടി ബാത്തു റൂമിൽക്കയറി. ഒരു പത്തു മിനിട്ട് കഴിഞ്ഞതേ ഉള്ളൂ കുളിയും പല്ലുതേപ്പും എല്ലാം പൂർത്തിയായി
ആ കാര്യത്തിലൊക്കെ അല്ലേലും ഞാൻ പണ്ടേ ഫാസ്റ്റാ
കയ്യിൽ കിട്ടിയ ഡ്രെസ്സും എടുത്തിട്ട് താഴേക്കു ചെന്നു – പകുതി സ്റ്റെപ്പ് ഇറങ്ങിക്കഴിഞ്ഞപ്പോഴേ ഉപ്പുമാവിന്റെ മണം മൂക്കിലടിച്ചു കയറി
“ഓ ശ്രീരാമചന്ദ്രൻ രാവിലെ തന്നെ ലാൻഡ് ചെയ്തെന്നു തോന്നുന്നു ” (കാർത്തിയേട്ടന് ഞാനിട്ടിരിക്കുന്ന പേരാണ് ശ്രീരാമചന്ദ്രൻ എന്ന് – നേരം വെളുത്താൽ ഇരുട്ടുന്നതു വരെ മോന്റെ ഗുണവിശേഷങ്ങൾ പറയാനേ അമ്മയ്ക്ക് നേരമുള്ളൂ. അല്ല അതങ്ങനേ വരൂ കാർത്തിയേട്ടനെ പഠിപ്പിച്ച അധ്യാപകരാകട്ടെ, അമ്മയുടെ കൂട്ടുകാരികളാകട്ടെ എല്ലാവർക്കും ഏട്ടനെ കുറിച്ച് നല്ലതേ പറയാനുള്ളൂ. അതിന്റേ അഹങ്കാരം അമ്മയ്ക്കും ഉണ്ട്.ആ അഹങ്കാരം ഒരുപാടങ്ങ് കൂടാതിരിക്കാനാ ദൈവം എന്നെ മകളായിട്ട് കൊടുത്തേക്കുന്നേ ) ഏട്ടന്റെ ഇഷ്ട ഭക്ഷണമാണ് ഉപ്പുമാവ്. അതു കൊണ്ടു തന്നെ ജോലി ആവശ്യത്തിനോ മറ്റോ ഏട്ടൻ വീട്ടിൽ നിന്ന് മാറി നിന്നാൽ മടങ്ങി വരുന്ന ദിവസം വീട്ടിലെ പ്രഭാത ഭക്ഷണം ഉപ്പുമാവായിരിക്കും
താഴേക്കു ചെന്നപ്പോൾ കണ്ടു ഡൈനിംഗ് ടേബിളിൽ ശ്രീരാമചന്ദ്രന് അമ്മ സ്നേഹത്തോടെ ഉപ്പുമാവ് ഊടുന്നു. എന്നെ കണ്ടതും അമ്മ തുടങ്ങി “അയ്യോ കൊച്ചു തമ്പുരാട്ടി എഴുന്നേറ്റോ? എന്തിനാണാവോ ഇത്ര കഷ്ടപ്പെട്ട് താഴേക്കിറങ്ങി വന്നത് ഒന്നു വിളിച്ചു പറഞ്ഞിരുന്നേൽ ഞാനിതെല്ലാം റൂമിൽ കൊണ്ടുവന്നു തരുമായിരുന്നല്ലോ?”
“വോ വേണ്ട റൂമിലായാലും ഇവിടിരുന്നായാലും കഴിക്കുന്നത് ഈ ഉപ്പുമാവ് തന്നെയല്ലേ .ജയിലിൽ പോലും ഇപ്പോൾ ഇതില്ല ” ഞാനും വിട്ടുകൊടുത്തില്ല
അമ്മ പല്ലു റു മുന്നത് കണ്ട് കാർത്തിയേട്ടൻ ചിരിച്ചോണ്ട് ചോദിച്ചു “എന്റെ മോളേ എന്തൊരു കോലമാണിത്? നിനക്ക് വല്ല ചുരിദാറോ മറ്റോ ധരിച്ചാൽ പോരേ? ഈ ആണും പെണ്ണും കെട്ട വേഷത്തിൽ നടക്കണോ? വല്യ പെണ്ണായില്ലേ — ”
“ഓ നമ്മള് ശ്രീരാമചന്ദ്രനൊന്നും അല്ലല്ലോ ശൂർപ്പണഖയല്ലേ നമ്മളെക്കൊണ്ട് ഇങ്ങനെയൊക്കയേ പറ്റൂ ചേട്ടൻ ക്ഷമി” ഞാൻ കൈകൂപ്പി നിൽക്കുന്നതു കണ്ട് കാർത്തിയേട്ടൻ ചിരിച്ചു
” എന്റീശ്വരാ ഇങ്ങനെയൊരു പെണ്ണ് എന്റെ വയറ്റിൽ തന്നെ… ” അമ്മ പറഞ്ഞു മുഴുമിപ്പിച്ചില്ല അതിനു മുന്നേ കേട്ടു കാർത്തു എന്ന വിളി
നോക്കുമ്പോൾ എന്റെ ദേവൂസ്
പിങ്ക് കളർ ചുരുദാറൊക്കെ ഇട്ട് നീളൻ മുടിയൊക്കെ വിടർത്തി നെറ്റിയിൽ ചന്ദനക്കുറിയൊക്കെ ആയി അഡാർ ലുക്കിൽ നിൽക്കുന്നു. ആരായാലും നോക്കി നിന്നു പോകും എന്തൊരു ഐശ്വര്യം!
ഞാൻ പതുക്കെ ശ്രീരാമചന്ദ്രനെ ഒന്നു പാളി നോക്കി ” എവിടെ! അവിടെ മുഴുവൻ ശ്രദ്ധയും ഉപ്പുമാവിൽ കേന്ദ്രീകരിച്ച് തീറ്റയോട് തീറ്റ .ഒരു പിടി മണലുവാരി ആ ഉപ്പുമാവിലോട്ട് ഇട്ടാലോ എന്നു വരെ ആലോചിച്ചു പോയി. ഇങ്ങനെ ഒരു നിർഗുണൻ! ഹും തോറ്റു വേറെ വല്ല ആമ്പിള്ളേരുമായിരുന്നേൽ അവളുടെ പിള്ളേരിപ്പോൾ അപ്പച്ചീ എന്നും വിളിച്ച് ഓടിക്കളിച്ച് നടന്നേനേ
ഞാനിങ്ങനെ ചിന്തിച്ചു വണ്ടറടിച്ച് നിൽക്കുമ്പോഴാ ദേവൂ വന്നെന്റെ തോളിൽ തട്ടിയെ “ഹലോ കാർത്തു നീയിത് ഏത് ലോകത്താ “? അവളുടെ ആ ചോദ്യമാണ് എന്നെ തിരിച്ചു കൊണ്ടുവന്നത്
ഒന്നുമില്ലെടീ നിന്റെ ഒടുക്കത്തെ ഗ്ലാമർ കണ്ട് നോക്കി നിന്നു പോയതാ എന്താ ഐശ്വര്യം പറഞ്ഞു കഴിഞ്ഞ് ശ്രീരാമനെ ഒന്നൂടൊന്നു നോക്കി ഊഹും ഒരു കുലുക്കവുമില്ല കുറച്ചു മുമ്പ് ചുരിദാറിനെക്കുറിച്ചും മുടിയെക്കുറിച്ചും വാ തോരാതെ പ്രസംഗിച്ചോണ്ടിരുന്ന മഹാനാ ഇതൊക്കെയിട്ട് ഒരു പെണ്ണ് വന്ന് മുന്നിൽ നിന്നപ്പോൾ ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിലിരുന്ന് ഉപ്പുമാവ് തള്ളി അണ്ണാക്കിലോട്ട് കയറ്റുന്നത്
“നീ വേഗം ബാഗുമെടുത്ത് വന്നേ അമ്മ ദേ നിനക്ക് ഇടിയപ്പം ഉണ്ടാക്കി വച്ചിട്ടുണ്ട് ” അതും പറഞ്ഞ് ദേവു എന്റെ കയ്യിൽ പിടിച്ചു വലിച്ചു.
“അല്ലേലും ജീനയാന്റി പൊളിയാണ്. ആന്റി ഉള്ളതുകൊണ്ടാ എന്റെ ഇഷ്ടങ്ങളൊക്കെ സാധിച്ചു പോകുന്നത് ” അതും പറഞ്ഞ് ഞാൻ ബാഗെടുക്കാൻ മുകളിലേക്ക് ഓടി
ബാഗും എടുത്ത് വരുമ്പോൾ കണ്ടു അമ്മയുമായി ദേവു എന്തോ പറഞ്ഞ് ചിരിക്കുന്നത്. അമ്മയുടെ കണ്ണിലും കാണാം നിറഞ്ഞ വാത്സല്യം -ശ്രീരാമൻ അപ്പോഴും തീറ്റ തന്നെ .ഹൊ! ഇത് ഇതുവരെ കഴിഞ്ഞില്ലേ
വാ പോകാം അവളുടെ കൈ പിടിച്ച് ഞാൻ പറഞ്ഞു ‘എന്റെ ദേവു മോളേ നിന്റെ കൂടെ ഇരുപത്തിനാലു മണിക്കൂറും നടന്നിട്ടും ഇതിങ്ങനെ തലതിരിഞ്ഞു പോയല്ലോ” അമ്മയുടെ വകയാ
മറുപടി കൊടുക്കാൻ ഞാൻ തിരിഞ്ഞതും “പോട്ടെ ആന്റീ ” എന്നു പറഞ്ഞു എന്റെ കയ്യും പിടിച്ച് വലിച്ച് നടന്നു കഴിഞ്ഞു
ജീനയാന്റീ എന്ന് ഉറക്കെ വിളിച്ചോണ്ടാണ് ഞാൻ ഹാളിലേക്ക് ഓടിക്കയറി ചെന്നത് ഡൈനിംഗ് ടേബിളിൽ മുട്ടക്കറി അടച്ചു വെച്ചിരിക്കുന്നു തൊട്ടടുത്ത് കാസ റോളും പിന്നൊന്നും ആലോചിച്ചില്ല വേഗം ഒരു പ്ളേറ്റെടുത്ത് ഇടിയപ്പവും മുട്ടക്കറിയും എടുത്ത് അടുക്കള വാതിലിൽ ചാരി നിന്ന് തീറ്റ തുടങ്ങി. “ദേവു വേഗം ചായയിടാൻ ആന്റി യോടൊപ്പം കൂടി ”
:എന്റെ കർത്തൂട്ടാ മോളാടേബിളിലോട്ട് ഇരിക്ക്.ജീനയാന്റി പറഞ്ഞു
“വോ വേണ്ട ഇതാ അതിന്റെയൊരു സുഖം”
“എനിക്ക് തോന്നി ഇന്നവിടെ ഉപ്പുമാവ് ആയിരിക്കുമെന്ന് രാവിലെ കാർത്തി വരുന്നത് ഞാൻ കണ്ടു അതാ ഇവളെപ്പറഞ്ഞ് വിട്ട് മോളെ ഇങ്ങോട്ട് വിളിച്ചത് ”
“ഓ അവിടെപ്പിന്നെ ശ്രീരാമചന്ദ്രൻ വന്നാൽ നമ്മളെയൊന്നും കണ്ണിൽ പിടിക്കില്ലല്ലോ” എന്റെ മറുപടി കേട്ട് ആന്റി ചിരിച്ചു
“അല്ല കാർത്തു സേ ഇന്നെന്തിയിരുന്നു ബഹളം രാവിലെ മുതലെ ഒച്ചപ്പാടായിരുന്നല്ലോ”
ഓ അപ്പോൾ രാവിലെ തുടങ്ങിയായിരുന്നല്ലേ ഞാൻ കുറച്ച് മുമ്പാണ് കേൾക്കാൻ തുടങ്ങിയത്. എന്റെ പൊന്നാന്റി ഇന്നലെ രാത്രി മൂന്നു മണിയെങ്കിലും ആയിക്കാണും ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ രാവിലെ എഴുന്നേറ്റപ്പോൾ താമസിച്ചു അതിന്റെ ബഹളമാണ് കേട്ടത് “. ഞാൻ പറഞ്ഞു നിർത്തിയതും ദേവു അതിശയത്തോടെ ചോദിച്ചു “മൂന്നു മണി വരെ നീ യി രു ന്നു പഠിച്ചോ ?”
ആ മാതിരി ദുഃസ്വഭാവങ്ങളൊന്നും എനിക്കില്ലെന്ന് അവൾക്കറിയാം അതാ അവൾ ഞെട്ടിയത്.
”പിന്നേ പഠിപ്പ് ഒന്നു പോയേ നിന്റെ ചേട്ടൻ ആ അസുര ദേവന്റെ മുറിയിലെ ശിങ്കാരിമേളം ഒന്നു നിർത്തിയാലല്ലേ ബാക്കിയുള്ളവർക്ക് കിടന്നുറങ്ങാൻ പറ്റൂ ”
ഞാനതു പറഞ്ഞതും ജീനയാന്റി ചിരിയോടെ “അസുര ദേവനോ? ” എന്ന് ചോദിച്ചു
” ഏട്ടന് അവൾ ഇട്ടിരിക്കുന്ന പേരാണമ്മേ. എന്തായാലും ഞാനിവളോട് പറഞ്ഞിട്ടുണ്ട് ഏട്ടൻ കേൾക്കണ്ട കേട്ടാൽ അന്നത്തോടെ ഇവളുടെ കാര്യത്തിൽ ഒരു തീരുമാനമാകും’
ഓ പിന്നേ കേട്ടാലിപ്പോഴെന്തുവാ ഒന്നു പോടി നിന്നെപ്പോലെ ആൺകുട്ടികളെ കാണുമ്പോൾ മുഖം കുനിച്ച് നടക്കണ ടൈപ്പല്ല ഞാൻ എന്നോട് മുട്ടാൻ വന്നാലേ അസുരൻ വിവരമറിയും”
അത്രയും പറഞ്ഞപ്പോഴാ ദേവു ചായ കൊണ്ടു തന്നത് ചായ കയ്യിൽ വാങ്ങി കഴിച്ചോണ്ടിരുന്ന പ്ളേറ്റ് ഡൈനിംഗ് ടേബിളിന് മുകളിലേക്ക് വയ്ക്കാൻ തിരിഞ്ഞ ഞാൻ ഇടിവെട്ടേറ്റ പോലെയായിപ്പോയി
അസുരൻ ദേ അവിടിരുന്നു ആഹാരം കഴിക്കുന്നു. കഴിക്കയല്ല ഏതാണ്ട് കഴിച്ച് കഴിഞ്ഞിരിക്കുന്നു എന്നു വെച്ചാൽ പുളളി ഇവിടെ വന്നിരുന്നിട്ട് കുറച്ചു നേരമായിരിക്കുന്നു പുറം തിരിഞ്ഞു നിന്നതു കൊണ്ട് ഞാനറിയാഞ്ഞതാണ് ” എന്റമ്മേ കഴിഞ്ഞു ദേവു പറഞ്ഞ പോലെ മിക്കവാറും ഇന്നെന്റെ കാര്യത്തിലൊരു തീരുമാനമാകും”
പ്ളേറ്റും പിടിച്ചുള്ള എന്റെ പന്തം കണ്ട പെരുച്ചാഴിയെപ്പോലെയുള്ള നിൽപ്പുകണ്ടാണ് ദേവു അടുക്കളയിൽ നിന്ന് പുറത്തോട്ട് വന്ന് നോക്കിയത്.ദേവേട്ടനെ കണ്ടപ്പോൾ അവളും ഞെട്ടി.
പക്ഷേ അസുരൻ യാതൊരു ഭാവഭേദവും കാണിക്കാതെ ഭക്ഷണം കഴിച്ചെഴുന്നേറ്റ് കൈ കഴുകി മുകളിലേക്ക് കയറിപ്പോയി. സത്യം പറഞ്ഞാൽ അപ്പോഴാ ഞങ്ങൾ രണ്ടാളുടേയും ശ്വാസം നേരെ വീണത്.
ഉള്ളതു പറയാലോ എന്റെ ഏതൊക്കെയോ ഫ്യൂസ് പുളളിയെക്കണ്ടപ്പോൾ അടിച്ചു പോയിരുന്നു – “ഇറങ്ങാറായില്ലേ രണ്ടാളും “ബാലനങ്കിളാണ്. അങ്കിൾ കമ്പനിയിലേക്ക് പോകും വഴി ഞങ്ങളെ കോളേജിലാക്കാറാണ് പതിവ്. പിന്നൊന്നും നോക്കില്ല ദേവൂ ന്റെ കൈ പിടിച്ച് പോകാം എന്ന് പറഞ്ഞ് ഞാൻ നടന്നു. ചായ കുടിച്ചില്ലല്ലോ എന്ന് ജീനയാന്റി ചോദിച്ചപ്പോഴും വേണ്ട എന്ന മറുപടി മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ
കോളേജിലെത്തും വരെ ആരും ഒന്നും മിണ്ടിയില്ല. ബാലനങ്കിൾ എന്തൊക്കെയോ ഫയലുമായി മൽപ്പിടുത്തത്തിലാണ് ആരെയൊക്കെയോ ഫോൺ ചെയ്യുന്നുണ്ട്. ഞാൻ വേറേതോ ലോകത്തായ പോലയാണ് കുറച്ചു നേരമായി.കോളേജ് ഗേറ്റ് എത്തിയപ്പോഴാണ് ശരിക്കും എനിക്ക് ലെവൽ വന്നത്. നോക്കുമ്പോൾ ദേവു ചിരിയടക്കാൻ പാടുപെടുന്നുണ്ട്. അവളുടെ മുഖമൊക്കെ ചുവന്നു തുടുത്തു –
കോളേജിൽ ഞങ്ങളെ ഇറക്കി ബാലനങ്കിൾ പോയി. അപ്പോഴും ദേവു ചിരിയടക്കുന്നുണ്ടായിരുന്നു: എന്താടീ “സഹികെട്ട് ഞാൻ ചോദിച്ചു. അവൾ പെട്ടെന്ന് ഒന്നുമില്ല എന്ന് ചുമൽ കുലുക്കി കാണിച്ചു
“വല്യമുത്തശ്ശീ – .. ” പെട്ടെന്ന് അവിടെ ഉച്ചത്തിലൊരു വിളി മുഴങ്ങി
അതു കേട്ടതോടെ എന്റെ സർവ്വനിയന്ത്രണവും വിട്ടു. കോളേജിലെ തല്ലിപ്പൊളി രാഹുലും ഗ്യാങ്ങുമാണ്. അവൻ ഒറ്റ ഒരുത്തനാണ് എനിക്ക് കോളേജിൽ വല്യ മുത്തശ്ശി എന്ന ഇരട്ടപേര് വരാൻ കാരണക്കാരൻ. എന്റെ കാർത്ത്യായനി എന്ന പേരിനെ കളിയാക്കി ഇട്ടതാണ്. കോളേജ് മുഴുവൻ അവനത് പാട്ടാക്കി.ഒരുപാട് തവണ വാണിംഗ് കൊടുത്തതാണ്. ഞാൻ ദേഷ്യം കൊണ്ടു വിറച്ചു. എന്റെ മുഖം മാറുന്നത് കണ്ടിട്ടാവണം ദേവു എന്റെ കയ്യിൽ പിടിച്ച് വലിച്ച് പോകാം പോകാം എന്ന് പറയുന്നുണ്ട്
വല്യ മുത്തശ്ശീ ” ദേ വീണ്ടും അവൻ വിളിച്ചു
ഞാൻ തുള്ളിയുറഞ്ഞ് അവന്റെ അടുത്തേക്ക് ചെന്നു ” ചുണയുണ്ടേൽ ഒന്നൂടെ വിളിയെടാ” ഞാൻ അലറി. “പിന്നെന്താ ഒന്നോ രണ്ടോ എത്ര വേണേലും വിളിക്കാലോ ” എന്നു പറഞ്ഞ് അവൻ വീണ്ടും വല്യ മുത്തശ്ശീ എന്ന് നീട്ടി വിളിച്ചു. പിന്നെന്നും ആലോചിച്ചില്ല
പ്ടേ” കൊടുത്തു കരണം പുകയ്കയ്ക്കെ ഒരെണ്ണം അവനിട്ട്….
(തുടരും….)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission