Skip to content

പകർന്നാട്ടം: ഭാഗം-12

പകർന്നാട്ടം Novel

സമയം 10 AM…
IG യുടെ ഓഫീസ്.

ഐജി ബാലമുരളിയുടെ മുൻപിൽ ജീവൻ അക്ഷമനായിരുന്നു.

എന്തായെടോ കേസ് അന്വേഷണം. വല്ല തുമ്പോ തുരുമ്പോ കിട്ടിയോ?

സർ അന്വേഷണം നേരായ വഴിക്ക് തന്നെ നടക്കുന്നു.ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരു സൂരജ് കൃഷ്ണൻ.

ഓഹോ എന്നിട്ട് താനെന്താ എന്നെ അറിയിക്കാതിരുന്നത്.ഐജിയുടെ നെറ്റി ചുളിഞ്ഞു.

സർ,ഇന്ന് രാവിലെയാണ് അവൻ പിടിയിലായത്.പിന്നെ രാവിലെ ഇങ്ങോട്ട് പോരേണ്ടത് കൊണ്ടാണ് ഫോണിൽ കാര്യം പറയാഞ്ഞത്.

നരിമറ്റത്തിൽ ആൽബി പിന്നെ മറ്റൊരാളും അങ്ങനെ രണ്ട് പേരാണ് ഇനി പിടിയിലാവാൻ ഉള്ളത്.

നരിമറ്റം ആൽബിയോ?ജീവൻ പറഞ്ഞത് കേട്ട് ബാലമുരളി ചാടി എഴുന്നേറ്റു.

അതേ സർ അറിഞ്ഞിടത്തോളം അവനാണ് കേസിലെ രണ്ടാം പ്രതി.

താനൊരു കാര്യം മനസ്സിലാക്കണം. ഈ പറയുന്ന ആൽബിയും അവന്റെ അപ്പൻ സ്കറിയയും ഒക്കെ നമ്മൾ കൂട്ടിയാൽ കൂടുന്ന ആളുകൾ അല്ല.

കേരള സർക്കാരിനെ പോലും താഴെയിറക്കാൻ പോന്ന കരുത്തുണ്ട് അവർക്ക്.വെറുതെ തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്.

സർ പറഞ്ഞു വരുന്നത്.ജീവൻ നെറ്റി ചുളിച്ചു.

ടോ ജീവൻ താൻ ചെറുപ്പമാണ്. ഇനിയും ഒരുപാട് കാലം സർവ്വീസ് ബാക്കിയുണ്ട്.

തത്കാലം താനൊരു കാര്യം ചെയ്യ്. ഇപ്പോൾ പിടിയിലായവന്റെ തലയിൽ കുറ്റം മൊത്തം അങ്ങ് ചാർത്ത്.

കേസിൽ ഒരൊറ്റ പ്രതി. ബാക്കിയൊക്കെ തന്റെ ഭാവനയ്ക്ക് അങ്ങ് കൂട്ടി ചേർക്ക്. അല്ലാതെ വെറുതെ സമൂഹത്തിലെ മാന്യന്മാരെ ഒക്കെ കേറി ചൊറിഞ്ഞു വെറുതെ ജീവിതം കളയണ്ട.

ഐജി പറഞ്ഞത് കേട്ട് ജീവന്റെ മുഖം ചുവന്നു.നടക്കില്ല സർ.ഒറ്റ വാക്കിൽ ജീവൻ മറുപടി പറഞ്ഞു.

What you mean?ബാല മുരളിയുടെ നെറ്റി ചുളിഞ്ഞു.

സർ പറഞ്ഞത് നടക്കില്ല എന്ന്. പറഞ്ഞപ്പോൾ എത്ര എളുപ്പം കഴിഞ്ഞു സർ.

ഒരു നിമിഷമൊന്ന് ആലോചിച്ചു നോക്ക്. നമ്മുടെ സ്വന്തം ചോരയ്ക്കാണ് ഇങ്ങനെ ഒരു ഗതിയെങ്കിൽ സഹിക്കോ?

തനിക്ക് അറിയാത്തത് കൊണ്ടാണ്. എടോ ചത്ത പെണ്ണിന് തന്ത മാത്രമേ ഉള്ളൂ.അയാൾക്ക് ആണെങ്കിൽ വലിയ വിദ്യാഭ്യാസം ഒന്നുമില്ല.

തത്കാലം എല്ലാവർക്കും വേണ്ടത് ഒരു പ്രതിയെ ആണ്.അതിപ്പോ തന്റെ കൈയ്യിൽ ഉണ്ട്..

അല്ലെങ്കിലും പാവങ്ങൾക്ക് എന്ത് നീതി അല്ലേ?കഷ്ട്ടമാണ് സർ.

ഹാ,താൻ പറയുന്നത് കേട്ടാൽ തോന്നും ഇതൊക്കെ എന്റെ സ്വന്തം തീരുമാനം ആണെന്ന്.

മുകളിൽ നിന്നുള്ള ഓർഡർ ആണെടോ.അധികം മുൻപോട്ട് പോകേണ്ട എന്ന്.

ജീവന്റെ മുഖത്ത് ഒരു പരിഹാസ ചിരി വിടർന്നു.മുകളിൽ നിന്നുള്ള ഓർഡർ, കൊള്ളാം സർ.

ഇവിടെ പാവപ്പെട്ടവന് ഒരു നിയമം പണക്കാരനും രാഷ്ട്രീയക്കാരനും മറ്റൊരു നിയമം.

പക്ഷേ രണ്ട് വള്ളത്തിൽ കാൽ വയ്ക്കുന്ന ശീലം എനിക്കില്ല സർ.ഈ കേസിലെ അവസാന പ്രതിയെയും അഴിക്കുള്ളിൽ ആക്കിയിട്ടേ ഇനി എനിക്ക് വിശ്രമം ഉള്ളൂ.

Stop it man,താനെന്താ സുരേഷ് ഗോപി കളിക്കുന്നോ?തടി കേടാവാതെ ഇരിക്കാൻ ഒരു മാർഗ്ഗം പറഞ്ഞപ്പോ അവന്റെ ഒരു വേദാന്തം.

വേദാന്തമല്ല സർ,യാഥാർഥ്യം.സർ കാലം മാറി.ആടിനെ പട്ടി ആക്കുന്ന കേരള പൊലീസിന്റെ പഴയ പരിപാടി ഇനി നടക്കില്ല.

സോഷ്യൽ മീഡിയ കാണുന്നുണ്ടല്ലോ. യൂത്ത് വിഷയം ഏറ്റെടുത്താൽ കളി മാറും.

ഈ അടുത്ത് നടന്ന ഇരട്ട കൊലപാതകം അടക്കം സോഷ്യൽ മീഡിയ ഏറ്റെടുത്ത വിഷയങ്ങളിൽ ഡിപ്പാർട്ട്മെന്റ് ആണ് പ്രതിക്കൂട്ടിൽ.

അല്ലെങ്കിലും സംഗതി സത്യം അല്ലേ സർ.കൈ ഒടിഞ്ഞ് ഒരു മാസം പോലും കഴിയാത്ത പ്രതി തുരുമ്പിച്ച വടിവാളുകൊണ്ട് ഒറ്റ വെട്ടിന് ഒരുത്തന്റെ തലയോട്ടി പിളർന്നു.

കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന ആയുധങ്ങൾ കണ്ടാൽ അറിയാം അത് കൊണ്ട് പഴം മുറിക്കാൻ പോലും പറ്റില്ല എന്ന്.

എന്തൊരു വിരോധാഭാസം ആണ് സർ.പൊതുജനങ്ങൾക്ക് പൊലീസിൽ ഉള്ള വിശ്വാസം നഷ്ട്ടപ്പെടുന്നതിൽ കുറ്റം പറയാൻ പറ്റോ?

ഈ നാട്ടിൽ തെരുവ്‌ നായയ്ക്ക് വരെയും നീതി കിട്ടും.എന്തിനേറെ ഒരു കിലോ ബീഫും കൊണ്ട് നടക്കാൻ പറ്റാത്ത നമ്മുടെ രാജ്യത്ത് മനുഷ്യ ജീവന് പുല്ല് വില…കഷ്ട്ടം.

ജീവൻ പറയുന്നതിലും കാര്യമുണ്ടെന്ന് ഐജിക്ക് തോന്നി.

ഞാനിപ്പോ എന്ത് വേണമെന്നാ താൻ പറയുന്നത്.അയാൾ സ്വരം അല്പം മയപ്പെടുത്തി.

കേസിലെ എല്ലാ പ്രതികളെയും കോടതിയിൽ ഹാജരാക്കും വരെ സർ ഒന്ന് കണ്ണടയ്ക്കണം.

It’s my request sir.ഒരു പാവം അച്ഛന് ഞാൻ വാക്ക് കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൾക്ക് നീതി കിട്ടും വരെയും ഞാൻ പോരാടും.

ഇനിയിപ്പോ അതിന്റെ പേരിൽ എന്നെ വീണ്ടും തരംതാഴ്ത്തിക്കളയാൻ ആണ് തീരുമാനം എങ്കിൽ അതും സ്വീകാര്യം ആണ്.

ഇന്നേക്ക് മൂന്ന് ദിവസം… അതിനുള്ളിൽ മുഴുവൻ പ്രതികളെയും അഴിക്കുള്ളിൽ ആക്കിയിട്ടേ ഞാൻ വിശ്രമിക്കൂ.

ഇത് വെറുംവാക്കല്ല സർ.കിരീടവും ചെങ്കോലുമില്ലാത്ത ഒരു രാജകുമാരന്റെ ദൃഢനിശ്ചയം.

ഐജിയുടെ മറുപടിക്ക് കാക്കാതെ സല്യൂട്ട് നൽകി ജീവൻ തിരിച്ചു നടന്നു.

ഐജി ഓഫീസിൽ നിന്ന് ഇറങ്ങിയതും ജീവൻ ജോൺ വർഗ്ഗീസിന്റെ നമ്പറിലേക്ക് കാൾ ചെയ്തു.

ഹലോ സർ,അങ്ങേ തലയ്ക്കൽ നിന്നും ജോണിന്റെ പതിഞ്ഞ ശബ്ദമെത്തി.

ജോൺ എത്രയും പെട്ടന്ന് സ്റ്റേഷനിൽ എത്തുക.ആദ്യം ഓഫീസിൽ പോയി സൂരജ് കൃഷ്ണനെ കൂട്ടിക്കൊണ്ട് വരിക.നമ്മൾ ഇന്ന് തന്നെ അവനെ കോടതിയിൽ ഹാജരാക്കുന്നു.

ഫോൺ കട്ട്‌ ചെയ്ത് ഡാഷ് ബോർഡിലേക്ക് ഇട്ട് കൊണ്ട് ജീവൻ വണ്ടി മുൻപോട്ട് എടുത്തു.

സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ജോൺ വർഗ്ഗീസ്‌ സൂരജുമായി അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

ജീവൻ സൂരജിനെ അടിമുടി ഒന്ന് നോക്കി.മുഖത്ത് അടിയേറ്റതിന്റെ ചെറിയ പാടുകൾ നീലച്ച് കിടക്കുന്നു.പുറമേ മറ്റ് കുഴപ്പങ്ങൾ ഒന്നുമില്ല.

ജീവനെ കണ്ടതും സൂരജിന്റെ മുഖത്ത് ഭയം നിറഞ്ഞു.അവൻ പതിയെ ജോണിന് പിന്നിലേക്ക് മാറി.

ജോണിന്റെ മുഖത്ത് പതിവായുള്ള തെളിച്ചമില്ല എന്നത് ജീവൻ ശ്രദ്ധിച്ചു.പക്ഷേ അതിനെക്കുറിച്ച് അയാൾ ഒന്നും ചോദിക്കാൻ കൂട്ടാക്കിയില്ല.

ജോൺ താൻ എന്റെ കൂടെ പോരൂ.ഇവനെ മറ്റൊരു ജീപ്പിൽ എത്തിച്ചാൽ മതി.

ശരി സർ.ജോൺ വർഗ്ഗീസ്‌ ജീവൻ പറഞ്ഞത് അനുസരിച്ച് സൂരജിനെ മറ്റൊരു ജീപ്പിൽ കയറ്റി.

എ.എസ്.ഐയും മറ്റ് പൊലീസുകാരും കയറിയതോടെ ജീപ്പ് മുൻപോട്ട് നീങ്ങി.

എന്താടോ തന്റെ മുഖത്ത് വല്ലാത്തൊരു ഗൗരവം.ജീവൻ ജോൺ വർഗ്ഗീസിനെ ഏറ് കണ്ണിട്ട് നോക്കി.

ഹേയ്,Nothing sir,ജോൺ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചെങ്കിലും മുഖം കോടിപ്പോയി.

സത്യത്തിൽ ഇവനെ ഒക്കെ കൊന്ന് കളയണം.വെറുതേ കോടതി, ജയിലിൽ എന്നൊക്കെ പറഞ്ഞു കൊണ്ട് നടക്കുന്നതിലും നല്ലത് അതാണ്.

ജീവൻ ആരോടെന്നില്ലാതെ പിറുപിറുത്തു.താൻ ന്ത് പറയുന്നു.അയാൾ ജോണിന്റെ മുഖത്തേക്ക് നോക്കി.

പക്ഷേ ജോൺ മറ്റേതോ ലോകത്ത് ആണെന്ന് കണ്ടതും ജീവൻ ഡ്രൈവിംഗിലേക്ക് ശ്രദ്ധ തിരിച്ചു.

കോടതിയിലേക്ക് കയറും മുൻപ് ജീവൻ സൂരജിനെ ഇരുത്തിയ ജീപ്പിന് അരികിലേക്ക് ചെന്നു.

സൂരജ് തല താഴ്ത്തി ഇരിക്കുകയാണ്.മോനെ സൂരജേ.. ജീവൻ ഈണത്തിൽ വിളിച്ചതും അവൻ തല ഉയർത്തി.

ജഡ്ജി നിന്നോട് പൊലീസ് തല്ലിയോ,ചവിട്ടിയോ നിന്നെ ഉമ്മ വച്ചോ എന്നൊക്കെ ചോദിക്കും.ഇല്ലാ എന്നല്ലാതെ വേറെ എന്തെങ്കിലും നിന്റെ വായിൽ വീണാൽ….

മ്മ്,അറിയാലോ നിനക്ക് എന്നെ.ജീവൻ വലത് കൈ ചുരുട്ടി ഇടത് കൈവെള്ളയിൽ ഇടിച്ചു.

ജഡ്ജി എന്നെ അങ്ങ് തൂക്കാൻ വിധിക്കുവൊന്നും ഇല്ല.കൂടിപ്പോയാൽ ഒരു വാണിംഗ്.

ഇവിടുന്ന് വീണ്ടും നീ എന്റെ കൈയ്യിൽ എത്തും..പിന്നെ നിന്റെ അവസ്ഥ അതീവ ദയനീയം ആയിരിക്കും.

അപ്പോൾ എല്ലാം പറഞ്ഞ പോലെ.സൂരജിന്റെ കവിളിൽ ഒന്ന് തട്ടിയ ശേഷം ജീവൻ തിരിച്ചു നടന്നു.

ഉച്ചയോടെ നടപടികൾ പൂർത്തിയാക്കിയ കോടതി സൂരജ് കൃഷ്ണനെ കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസിന് വിട്ട് നൽകി.

പുറത്ത് കാത്ത് നിന്ന മാധ്യമങ്ങൾ ചോദ്യങ്ങളുടെ നീണ്ട നിരയുമായി ചുറ്റും കൂടിയെങ്കിലും എല്ലാവരെയും തള്ളി മാറ്റി ജീവനും സംഘവും വാഹങ്ങളിലേക്ക് കയറി.

പ്രതിയെ പിടിച്ചതറിഞ്ഞ ജനങ്ങൾ കോടതി വളപ്പിൽ കൂട്ടം കൂടിയിരുന്നു.

ചിലർ ആക്രോശിക്കുകയും മറ്റ് ചിലർ പരിതപിക്കുകയും ചെയ്തു. ഒരരികിൽ എല്ലാത്തിനും മൂക സാക്ഷിയായി രാമൻ പണിക്കർ നിന്നു.

മാധ്യമങ്ങൾ വാർത്ത ചൂടാറാതെ ജനങ്ങളിലേക്ക് എത്തിച്ചു തുടങ്ങി. ഭരണ പ്രതിപക്ഷ അംഗങ്ങൾ വീണ്ടും ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കം കുറിച്ചു.

സൂരജിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം ജോണിനെയും കൂട്ടി ജീവൻ തന്റെ ഓഫീസിലേക്ക് മടങ്ങി.

യാത്രയിലുടനീളം ലോറി ഡ്രൈവർ പറഞ്ഞ വാക്കുകൾ ജീവന്റെയുള്ളിൽ അലയടിച്ചു.

തനിക്ക് ഈ അടുത്ത പ്രദേശത്ത് ഏതെങ്കിലും കാവ് ഉള്ളതായി അറിവുണ്ടോ?

കാവോ?എന്ത് പറ്റി സർ.ജോൺ സംശയരൂപേണ ജീവനെ നോക്കി.

കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സംഭവവികാസങ്ങൾ ജീവൻ ജോണിനെ ധരിപ്പിച്ചു.

ഇല്ല സർ,അങ്ങനെ ഒരു കാവ് എന്റെ ഓർമ്മയിൽ ഇല്ല.

ജോണിന്റെ മറുപടിയിൽ ഒരു ആത്മാർത്ഥത ഉള്ളതായി ജീവന് തോന്നിയില്ല.

മ്മ്,ok.നമുക്ക് നോക്കാം.തന്റെ മൈൻഡ് അത്ര ok അല്ല എന്ന് തോന്നുന്നു.you take rest.

ജോണിന്റെ മറുപടിക്ക് കാക്കാതെ ജീവൻ വണ്ടി അയാളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിച്ചു.

ജോൺ വർഗ്ഗീസിന്റെ മനസ്സിൽ തലേന്ന് രാത്രിയിൽ അനിയന്റെ മൊബൈലിൽ കണ്ട ദൃശ്യങ്ങൾ നീറി പുകയുകയായിരുന്നു.

ജോണിനെ വീട്ടിലാക്കി ജീവൻ ക്വാട്ടേഴ്സിലേക്ക് മടങ്ങി.രാവിലെ മുതലുള്ള അലച്ചിൽ അയാളെയും തളർത്തിയിരുന്നു.

എന്നാ പറ്റി ഇച്ചായ ഇന്ന് നേരത്തെ ആണല്ലോ?ശില്പയുടെ ചോദ്യം ജോൺ കേട്ടില്ലന്ന് നടിച്ചു.

അയാൾ നേരെ വോണിന്റെ മുറിയിലേക്ക് ആണ് പോയത്. അകത്ത് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്ന വോൺ ജോണിനെ കണ്ടതും ഫോൺ കട്ടാക്കി.

എന്നാ ഇച്ചായ ഇന്ന് പതിവില്ലാതെ നേരത്തെ ആണല്ലോ.വോൺ മുഖത്ത് ചിരി വരുത്താൻ ശ്രമിച്ചു.

ഹേയ്,ഒന്നൂല്ലടാ.ആ കൊച്ചിനെ കൊന്ന ഒരുത്തനെ ഇന്ന് കോടതിയിൽ ഹാജരാക്കി. അടുത്തവൻ ഉടനെ പിടിയിലാകും.

വോണിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു.ചെന്നിയിലൂടെ വിയർപ്പ് പൊടിഞ്ഞു തുടങ്ങി.

ജോൺ വർഗ്ഗീസിന് മുഖം കൊടുക്കാതെ അവൻ തിരിഞ്ഞു നിന്നു.

എന്നാലും ന്റെ സ്വന്തം മകനെ പോലെ കണ്ട നിന്നിൽ നിന്നും ഞാനിത് പ്രതീക്ഷിച്ചില്ല.

ആ പാവം കൊച്ചിനെ കടിച്ച് കീറിയിട്ട് നീ എന്നാ നേടി…നായിന്റെ മോനെ..

ജോൺ വർഗ്ഗീസിന്റെ വാക്കുകൾ വോണിന്റെ ചെവികളിൽ തുളഞ്ഞു കയറി.

ഞാൻ…ഞാനെന്ന ചെയ്തെന്നാ… ഇച്ചായൻ എന്നാ ഈ പറയുന്നേ. ധൈര്യം സംഭരിക്കാൻ ശ്രമിച്ചു കൊണ്ട് വോൺ പതിയെ തിരിഞ്ഞു.

കണ്ണും മൂക്കുമടച്ചുള്ള അടിയായിരുന്നു ജോണിന്റെ മറുപടി.നായെ…ഇനി മേലിൽ നീ എന്നെ ഇച്ചായാ എന്ന് വിളിക്കരുത്.

നാളെ ഇവിടെ നിന്നിറങ്ങുമ്പോൾ എന്റെ കൂടെ നീയും ഉണ്ടാകും. ചേട്ടനും അനിയനും ആയിട്ട് അല്ല.

എസ്.ഐ ജോൺ വർഗ്ഗീസും പീഡനക്കൊലപാതക കേസിലെ പ്രതിയും ആയിട്ട്.

ജോൺ വർഗ്ഗീസ്‌ വെട്ടിത്തിരിഞ്ഞു പുറത്തേക്കിറങ്ങി,വാതിൽ പൂട്ടി താക്കോൽ പോക്കറ്റിലിട്ട് അയാൾ തന്റെ മുറിയിലേക്ക് നടന്നു.

സ്റ്റെപ്പ് ഇറങ്ങുമ്പോൾ കാലുകൾക്ക് ബലം കുറയുന്നുണ്ട് എന്ന് അയാൾക്ക് തോന്നി.

കണ്ണുകളിൽ ഉരുണ്ട് കൂടിയ നീർമുത്തുകൾ കാഴ്ച്ച മറച്ചു.ഇടറിയ കാലടികളോടെ അയാൾ തന്റെ റൂമിലേക്ക് കയറി വാതിലടച്ചു.

അണപൊട്ടിയൊഴുകിയ സങ്കടം കണ്ണീർ കടലായി.പുറത്താരും കേൾക്കാതെ തലയിണയിൽ മുഖം അമർത്തി ഒരു പിഞ്ച് കുഞ്ഞിനെപ്പോലെ ജോൺ പൊട്ടിക്കരഞ്ഞു.

സമയം ഇഴഞ്ഞു നീങ്ങി.ഒന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ജോൺ വർഗ്ഗീസ്‌ ആഗ്രഹിച്ചു.

കണ്ണടയ്ക്കുമ്പോൾ മനസ്സിലേക്ക് ആ വീഡിയോ ദൃശ്യം കടന്ന് വരും.

പരിപൂർണ്ണ നഗ്നയായി മാനത്തിന് വേണ്ടി കേഴുന്ന ഒരു പാവം പെൺകുട്ടി.അവളുടെ കൈകൾ പിന്നിലേക്ക് തിരിച്ചു ചവുട്ടി പിടിച്ചിരിക്കുന്നു.

അവളുടെ ചെറുത്ത് നില്പുകളെ തകർത്ത് കൊണ്ട് ആ ശരീരത്തിലേക്ക് പടർന്ന് കയറി ആടി തളരുന്ന തന്റെ അനിയൻ.

ജോൺ കണ്ണുകൾ ഇറുക്കി അടച്ചു. നാളെ ഒറ്റ ദിവസം കൊണ്ട് താൻ ആരുമല്ലാതെ ആവുന്നു.

എസ്.ഐ ജോൺ വർഗ്ഗീസിന്റെ അനിയൻ പീഡനക്കേസിലെ പ്രതി എന്ന് പത്രങ്ങൾ അച്ചടിക്കും. മാധ്യമങ്ങൾ നിരന്തരം വേട്ടയാടും.

ഭ്രാന്ത് പിടിച്ചവനെപ്പോലെ അയാൾ മുറിയിലൂടെ ഉഴറി നടന്നു,പിന്നെ എന്തോ തീരുമാനിച്ച് ഉറപ്പിച്ചത് പോലെ വാതിൽ തുറന്ന് പുറത്തിറങ്ങി.
****************
ഫോൺ നിരന്തരം റിംഗ് ചെയ്യുന്നത് കേട്ടാണ് ജീവൻ കണ്ണ് തുറന്നത്. ഉറക്കം നഷ്ട്ടപ്പെട്ടതിന്റെ ദേഷ്യത്തോടെ അയാൾ പുതപ്പ് വലിച്ചെറിഞ്ഞു കൊണ്ട് എഴുന്നേറ്റു.

സമയം 2:30 Am.ഏതവനാ ഈ സമയത്ത്?പിറുപിറുത്തു കൊണ്ട് ജീവൻ മൊബൈൽ കൈയ്യിലെടുത്തു.

ഹലോ,സി.ഐ ജീവൻ…

ഹലോ ഇത് ട്രാഫിക് സ്റ്റേഷനിലെ എസ്.ഐ സഞ്ജീവ് ആണ് സർ.

ആ സഞ്ജീവ്…എന്താണ് ഈ രാത്രിയിൽ.

സർ ഞങ്ങൾ ചന്ദ്രശ്ശേരി ഭാഗത്ത് പട്രോളിങ്ങ് നടത്തുകയായിരുന്നു.. അപ്പോൾ….

അങ്ങേ തലയ്ക്കൽ നിന്നും ബാക്കി കേട്ടതും ജീവന്റെ ശ്വാസം വിലങ്ങി.നോ….അയാൾ അലറിക്കൊണ്ട് ഫോൺ വലിച്ചെറിഞ്ഞു.

#തുടരും

പകർന്നാട്ടം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!